Monday, February 13, 2023

കൺഫെഷണൽ – 01

ആമുഖം

1959

 

തെരുവിന്റെ അറ്റത്തെ മൂലയിൽ ആ ലാൻഡ് റോവർ എത്തുമ്പോൾ ഹോളി നെയിം ദേവാലയത്തിനരികിലേക്ക് നടക്കുകയായിരുന്നു കെല്ലി. പെട്ടെന്ന് പോർച്ചിലേക്ക് നീങ്ങിയ അയാൾ ഉള്ളിൽ കയറി, പുറത്തെ സംഭവ വികാസങ്ങൾ കാണാനാവും വിധം വാതിൽ പാതി ചാരി.

 

റൂഫ് അഴിച്ചുമാറ്റിയ തുറന്ന വാഹനമായിരുന്നതിനാൽ ഡ്രൈവറെയും പിന്നിലിരിക്കുന്ന രണ്ട് പോലീസുകാരെയും വ്യക്തമായി കാണാമായിരുന്നു. റോയൽ അൾസ്റ്റർ കോൺസ്റ്റാബുലറിയുടെ പ്രത്യേകതയായ കടുംപച്ച യൂണിഫോം ധരിച്ച അവർ നീട്ടിപ്പിടിച്ച സ്റ്റെർലിങ്ങ് സബ്മെഷീൻ ഗണ്ണുമായി എന്തിനും തയ്യാറായിട്ടാണ് ഇരിക്കുന്നത്. ദേവാലയം താണ്ടി ഇടുങ്ങിയ തെരുവിലൂടെ ഡ്രമോർ പട്ടണത്തിന്റെ ഹൃദയഭാഗത്തേക്ക് നീങ്ങി ആ വാഹനം അപ്രത്യക്ഷമായി. പാതി ഇരുളിൽ ഏതാനും നിമിഷം അവിടെത്തന്നെ നിന്ന കെല്ലി പൊടുന്നനെ ചിരപരിചിതമായ ആ ഗന്ധത്തെക്കുറിച്ച് ബോധവാനായി.

 

“കുന്തിരിക്കവും മെഴുക് തിരിയും വിശുദ്ധജലവും” മന്ത്രിച്ചുകൊണ്ട് വാതിലിന് സമീപത്തെ കൽത്തൊട്ടിയിൽ വിരലുകൾ മുക്കുവാനായി അയാൾ കൈ നീട്ടി.

 

“ഞാൻ എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ മകനേ?”

 

പതിഞ്ഞ സ്വരം കേട്ട് തിരിഞ്ഞ കെല്ലി കണ്ടത് ഇരുട്ടിൽ നിന്നും പുറത്തു വന്ന ഒരു വൃദ്ധവൈദികനെയാണ്. മുഷിഞ്ഞ ളോഹ ധരിച്ച അയാളുടെ തലമുടി മുഴുവനും നരച്ചിരുന്നു. മെഴുകുതിരി വെട്ടത്തിൽ തിളങ്ങുന്ന കണ്ണുകൾ. അദ്ദേഹത്തിന്റെ കൈവശം ഒരു കുടയുണ്ടായിരുന്നു.

 

“മഴ കൊള്ളാതെ കയറി നിന്നതാണ് ഫാദർ” കെല്ലി പറഞ്ഞു.

 

അല്പം മുന്നോട്ട് കുനിഞ്ഞ ചുമലുമായി പഴയ റെയിൻകോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി കെല്ലി നിന്നു. ഏറിയാൽ അഞ്ചടി അഞ്ചിഞ്ച് ഉയരം മതിക്കുന്ന അയാളെ കണ്ടാൽ അത്രയൊന്നും പ്രായം തോന്നിക്കില്ല. എങ്കിലും ആ തുണിത്തൊപ്പിയ്ക്ക് താഴെ പിശാചിനെ ഓർമ്മിപ്പിക്കുന്ന വെളുത്ത മുഖവും ദൂരെ അനന്തതയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന ഇരുണ്ട കണ്ണുകളും അയാൾക്ക് ഒരു ദുരൂഹ പരിവേഷം നൽകി.

 

ഒറ്റനോട്ടത്തിൽത്തന്നെ അത് മനസ്സിലാക്കിയ ആ വൃദ്ധവൈദികൻ സൗമ്യഭാവത്തിൽ പുഞ്ചിരിച്ചു. “നിങ്ങൾ ഡ്രമോർ സ്വദേശി അല്ലെന്ന് തോന്നുന്നു?”

 

“അല്ല ഫാദർ ഒരു സുഹൃത്തിനെ കാണാനായി എത്തിയതാണ് മർഫീസ് എന്നൊരു പബ്ബിൽ വച്ച് സന്ധിക്കാമെന്നാണ് അവൻ പറഞ്ഞിരുന്നത്

 

ഒരു അൾസ്റ്റർകാരന്റെ ഉച്ചാരണമല്ല അയാളുടേതെന്ന കാര്യം ആ വൈദികൻ ശ്രദ്ധിച്ചു. “ഐറിഷ് റിപ്പബ്ലിക്കിൽ നിന്നാണോ നിങ്ങൾ?”

 

“ഡബ്ലിനിൽ നിന്നാണ് ഫാദർ ഈ മർഫീസ് പബ്ബ് എവിടെയാണെന്ന് അറിയുമോ? ബെൽഫാസ്റ്റിലേക്ക് ഒരു ലിഫ്റ്റ് തരാമെന്ന് അവൻ ഏറ്റിരുന്നു മിക്കവാറും എനിക്കവിടെ ഒരു ജോലി തരപ്പെടാനുള്ള സാദ്ധ്യതയുണ്ട്

 

വൈദികൻ തല കുലുക്കി. “ഞാൻ കാണിച്ചു തരാം ആ വഴിയാണ് ഞാൻ പോകുന്നത്

 

കെല്ലി തുറന്നു കൊടുത്ത വാതിലിലൂടെ വൈദികൻ പുറത്തേക്കിറങ്ങി. മഴ തകർത്തു പെയ്യുന്നുണ്ട്. അദ്ദേഹം കുട നിവർത്തി. ആ കുടക്കീഴിലേക്ക് കയറിയ കെല്ലി അദ്ദേഹത്തോടൊപ്പം മുന്നോട്ട് നടന്നു. മഴയുടെ ഇരമ്പലിനിടയിൽ അടുത്തെവിടെ നിന്നോ ഉയർന്നുകേട്ട ബാൻഡ് മേളം Abide with me എന്നൊരു പഴയ ഗാനത്തിന്റേതായിരുന്നു. അവർ ഇരുവരും ആ ബാൻഡ് മേളത്തിന്റെ ഉറവിടമായ ടൗൺ സ്ക്വയറിലേക്ക് കണ്ണോടിച്ചു. അവിടെ ഗ്രാനൈറ്റിൽ തീർത്ത ഒരു യുദ്ധ സ്മാരകത്തിന്റെ ചുവട്ടിൽ ഏതാനും റീത്തുകൾ സമർപ്പിച്ചിരിക്കുന്നു. അതിനു ചുറ്റും കുറച്ചു പേർ കൂടിനിൽക്കുന്നുണ്ട്. ഒരു വശത്തായി ബാൻഡ് സംഘവും. ഐറിഷ് ചർച്ചിന്റെ ഒരു പുരോഹിതനാണ് ആ ചടങ്ങിന് നേതൃത്വം വഹിക്കുന്നത്. പതാകകളുമേന്തി അഭിമാനപൂർവ്വം നാല് വൃദ്ധന്മാർ ആ മഴയത്ത് നിൽക്കുന്നുണ്ട്. ആ പതാകയിലെ യൂണിയൻ ജാക്ക് ചിഹ്നം മാത്രമേ കെല്ലിയ്ക്ക് പരിചിതമായിരുന്നുള്ളൂ.

 

“എന്താണിവിടെ നടക്കുന്നത് ഫാദർ?” കെല്ലി ആരാഞ്ഞു.

 

“രണ്ട് ലോകമഹായുദ്ധങ്ങളിലുമായി മരണമടഞ്ഞവരെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ് ബ്രിട്ടീഷ് ലെജിയന്റെ ലോക്കൽ ബ്രാഞ്ചാണത് നമ്മുടെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കൾക്ക് അവർ അവകാശപ്പെടുന്ന പാരമ്പര്യം പാലിക്കണമെന്ന കാര്യത്തിൽ നിർബ്ബന്ധമാണ്

 

“ഓ, അങ്ങനെയാണോ?” കെല്ലി ചോദിച്ചു.

 

അവർ നടത്തം  തുടർന്നു. ആ തെരുവിന്റെ ഒരു മൂലയിൽ ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ഒരു പഴയ തൊപ്പി ധരിച്ചിരുന്ന അവളുടെ കോട്ട് അവൾക്ക് ചേരാത്തവിധം വലുതായിരുന്നു. അങ്ങിങ്ങായി ദ്വാരം വീണ സോക്സും പഴകിത്തേഞ്ഞ ഷൂസുമാണ് അവളുടെ കാലുകളിൽ. ഉയർന്ന കവിളെല്ലുകളോടു കൂടിയ വിളറിയ മുഖം. എങ്കിലും ബ്രൗൺ നിറമുള്ള ആ കണ്ണുകൾ സദാ ജാഗരൂകമായിരുന്നു. തണുപ്പുകൊണ്ട് നീലിച്ച ആ കൈകളിൽ ഒരു ട്രേ പൂക്കളുമായി നിൽക്കുന്ന അവൾ അവരെ നോക്കി മന്ദഹസിച്ചു.

 

“ഹലോ ഫാദർ ഒരു പൂ വാങ്ങുമോ?” അവൾ ചോദിച്ചു.

 

“എന്റെ കുട്ടീ, ഈ തണുപ്പത്ത് വീട്ടിൽ അല്ലേ നീ ഇരിക്കേണ്ടത്?” പോക്കറ്റിൽ നിന്നും ഒരു നാണയം എടുത്ത് അവളുടെ കൈവശമുള്ള ടിന്നിൽ നിക്ഷേപിച്ചിട്ട് അദ്ദേഹം ഒരു സ്കാർലറ്റ് നിറമുള്ള പൂ എടുത്തു. “യുദ്ധത്തിൽ മരണമടഞ്ഞ വീരയോദ്ധാക്കളുടെ ഓർമ്മയ്ക്കായി” കെല്ലിയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

“ശരിയ്ക്കും?” നിസ്സംഗതയോടെ പറഞ്ഞിട്ട് തിരിഞ്ഞ കെല്ലി കണ്ടത് തന്റെ നേർക്ക് ഒരു പൂ നീട്ടിക്കൊണ്ട് നിൽക്കുന്ന ആ കൊച്ചുപെൺകുട്ടിയെയാണ്. “ഒരു  പൂ വാങ്ങൂ സർ

 

“ഓ, ആവാമല്ലോ

 

അവൾ അയാളുടെ റെയിൻകോട്ടിൽ ആ പൂവ് പിൻ ചെയ്തു കൊടുത്തു. കെല്ലി തല താഴ്ത്തി ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി. ക്ഷീണിതമായ ആ മുഖത്തെ ദൈന്യത നിറഞ്ഞ കണ്ണുകൾ അയാളുടെ മനസ്സലിയിച്ചു. കോട്ടിന്റെ പോക്കറ്റിൽ നിന്നും തന്റെ ലെതർ വാലറ്റ് പുറത്തെടുത്ത് അയാൾ രണ്ട് പൗണ്ടിന്റെ നോട്ടുകൾ വലിച്ചെടുത്തു. അതു കണ്ട് ആശ്ചര്യത്തോടെ ആ പെൺകുട്ടി നിൽക്കവെ ആ നോട്ടുകൾ ചുരുട്ടി ടിന്നിൽ നിക്ഷേപിച്ചിട്ട് അവളുടെ കൈയിൽ നിന്നും ആ പൂക്കളുടെ ട്രേ ഒന്നായി വാങ്ങി.

 

“വീട്ടിൽ പോകൂ കുട്ടീ” സൗമ്യമായി അയാൾ പറഞ്ഞു. “തണുപ്പ് കൊള്ളാതെ വീട്ടിൽ പോയി ഇരിക്കൂ ഈ ലോകം ഇതിലും തണുക്കാനിരിക്കുന്നതേയുള്ളൂ കുട്ടീ

 

അവൾക്ക് ഒന്നും മനസ്സിലായില്ല. ആ അമ്പരപ്പോടെ തന്നെ അവൾ ഓടിപ്പോയി.

 

“ഞാൻ സോം യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് പക്ഷേ, ഇവിടെയുള്ളവരെ കാണുമ്പോൾ അതൊക്കെ മറന്നു പോകുന്നു” പാതയോരത്തെ ജനക്കൂട്ടത്തെ വീക്ഷിച്ചിട്ട് ആ വൈദികൻ തലയാട്ടി. “എത്രയോ പേർ മരണമടഞ്ഞിരിക്കുന്നു അവരെല്ലാം കത്തോലിക്കരാണോ പ്രൊട്ടസ്റ്റന്റ്സ് ആണോ എന്ന് പോലും അന്വേഷിക്കാൻ സമയം ലഭിച്ചിട്ടില്ല എനിയ്ക്ക്

 

ഒരു നിമിഷം നിന്നിട്ട് അദ്ദേഹം റോഡിനപ്പുറത്തേക്ക് കണ്ണോടിച്ചു. ഒരു കെട്ടിടത്തിന്റെ മുന്നിലെ നിറം മങ്ങിയ ബോർഡിൽ ഇപ്രകാരം എഴുതിയിരുന്നു. Murphy’s Select Bar.  “അതാണ് നിങ്ങൾ അന്വേഷിച്ച ഇടം ആട്ടെ, ഈ പൂക്കൾ കൊണ്ട് എന്ത് ചെയ്യാൻ പോകുന്നു നിങ്ങൾ?”

 

കെല്ലി തന്റെ കൈയിലെ ട്രേയിലേക്ക് നോക്കി. “ദൈവത്തിന് മാത്രം അറിയാം

 

“അതെ ദൈവത്തിന് മാത്രമേ അറിയൂ പലപ്പോഴും എനിക്ക് അനുഭവമുള്ളതാണ് അക്കാര്യം” പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്ന് ഒരെണ്ണം ചുണ്ടിൽ തിരുകി അദ്ദേഹം തീ കൊളുത്തി. പുക പുറത്തേക്ക് ഊതിവിട്ട് ചുമച്ചു കൊണ്ട് അദ്ദേഹം തുടർന്നു. “ചെറുപ്പകാലത്ത് വൈദികവൃത്തിയുടെ ആരംഭത്തിൽ ഞാൻ നോർഫോക്കിലെ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ ഉള്ള ഒരു കത്തോലിക്കാ ദേവാലയം സന്ദർശിച്ചിട്ടുണ്ട് മദ്ധ്യകാലഘട്ടത്തിൽ ആരോ വരച്ച ഒരു ചുവർചിത്രമുണ്ട് അതിനുള്ളിൽ കറുത്ത ളോഹയും മേലങ്കിയും ധരിച്ച മൃത്യുദേവൻ തന്റെ വിളവ് കൊയ്യുവാനായി എത്തുന്ന രംഗം ആ മൃത്യുദേവനെ ഞാനിന്ന് വീണ്ടും കണ്ടു, എന്റെ സ്വന്തം ദേവാലയത്തിൽപക്ഷേ, ഒരേയൊരു വ്യത്യാസം അയാൾ ധരിച്ചിരിക്കുന്നത് തുണിത്തൊപ്പിയും പഴയൊരു റെയിൻകോട്ടുമാണെന്ന് മാത്രം” അദ്ദേഹത്തിന്റെ ദേഹമാസകലം ഒരു വിറയൽ ബാധിച്ചത് പോലെ തോന്നി.

 

“വീട്ടിൽ പോകാൻ നോക്കൂ ഫാദർ” മൃദുസ്വരത്തിൽ കെല്ലി പറഞ്ഞു. “നിങ്ങളുടെ ശരീരത്തിന് താങ്ങാനാവുന്നതിലും അധികമാണ് ഈ തണുപ്പ്

 

“അതെ വല്ലാത്ത തണുപ്പ് തന്നെ” അദ്ദേഹം പറഞ്ഞു.

 

ആ വൈദികൻ തിടുക്കത്തിൽ നടന്നകന്നു. ബാൻഡ് സംഘം പുതിയൊരു ഗാനം വായിക്കാൻ തുടങ്ങവെ കെല്ലി തിരിഞ്ഞ് ആ പബ്ബിലേക്കുള്ള പടികൾ കയറി വാതിൽ തള്ളിത്തുറന്നു. ഇടുങ്ങിയ നീളമേറിയ ഒരു ഇടനാഴി പോലുള്ള ഒരു മുറിയിലേക്കാണ് അയാൾ പ്രവേശിച്ചത്. മുറിയുടെ അറ്റത്തുള്ള നെരിപ്പോടിൽ കൽക്കരി കനലുകൾ എരിയുന്നുണ്ട്. കുറേ ഇരുമ്പ് മേശകളും അവയ്ക്ക് ചുറ്റും കസേരകളും പിന്നെ ചുവരിനോട് ചേർന്ന് ഏതാനും ബെഞ്ചുകളും ഇട്ടിരിക്കുന്നു. ബാർ കൗണ്ടർ തീർത്തിരിക്കുന്നത് മഹാഗണി ഫ്രെയിമിന് മുകളിൽ മാർബിൾ സ്ലാബുകൾ കൊണ്ടാണ്. ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ കണ്ണാടിയ്ക്ക് മുന്നിൽ നിരനിരയായി വച്ചിരിക്കുന്ന മദ്യക്കുപ്പികൾ. അവിടവിടെയായി പൊളിഞ്ഞു തുടങ്ങിയതിൽ നിന്നും ചുവരിലെ പ്ലാസ്റ്ററിങ്ങിന് അത്ര ഗുണനിലവാരമൊന്നും ഇല്ലെന്നത് വ്യക്തം. കസ്റ്റമേഴ്സ് ആരും തന്നെ എത്തിയിട്ടില്ല. സ്‌ഥൂലഗാത്രനായ ബാർ നടത്തിപ്പുകാരൻ ചുവരിലേക്ക് ചാരി അലസനായി ഇരിക്കുന്നുണ്ട്. കൊഴുപ്പു നിറഞ്ഞ് വീങ്ങിയ മുഖവും കഷണ്ടിത്തലയുമുള്ള അയാൾ ധരിച്ചിരിക്കുന്ന കോളറില്ലാത്ത ഷർട്ടിന്റെ കഴുത്തിൽ അഴുക്ക് പുരണ്ടിരിക്കുന്നു.

 

തല ഉയർത്തി കെല്ലിയെ ഒന്ന് വീക്ഷിച്ചിട്ട് അയാൾ കൈയിലെ ട്രേയിലുള്ള പൂക്കളിലേക്ക് നോക്കി. “വേണ്ട, ഞാൻ നേരത്തെ തന്നെ വാങ്ങി

 

“ആയിക്കോട്ടെ” കൈയിലെ ട്രേ മേശപ്പുറത്ത് വച്ചിട്ട് കെല്ലി ബാർ കൗണ്ടറിനടുത്ത് ചെന്ന് മുന്നോട്ട് ചാരി നിന്നു. “എവിടെപ്പോയി എല്ലാവരും?”

 

“അവിടെ, ആ ചത്വരത്തിൽ നടക്കുന്ന ചടങ്ങുകൾ കണ്ടില്ലേ? ഇതൊരു പ്രൊട്ടസ്റ്റന്റ് പ്രദേശമാണ് മകനേ

 

“ഞാനൊരു പ്രൊട്ടസ്റ്റന്റ് അല്ലെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?”

 

“കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഇവിടെ പബ്ബ് നടത്തുന്ന എന്നോടാണോ ചോദിക്കുന്നത്? കാര്യത്തിലേക്ക് വാ, നിങ്ങൾക്കിപ്പോൾ എന്താണ് വേണ്ടത്?”

 

“ബുഷ്മിൽസ്

 

തല കുലുക്കിക്കൊണ്ട് ആ തടിയൻ തിരിഞ്ഞ് ഒരു ബോട്ട്‌ൽ എടുത്തു. “ആഹാ, നല്ല സാധനം ഏതാണെന്നറിയാമല്ലോ നിങ്ങൾക്ക്

 

“ഈ മർഫി എന്ന് പറയുന്നയാൾ നിങ്ങളാണോ?”

 

“അതെ” അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങൾ ഈ പ്രദേശത്തുള്ള ആളല്ലെന്ന് തോന്നുന്നു?”

 

“അല്ല ഒരു സുഹൃത്തിനെ കാണാൻ വേണ്ടി എത്തിയതാണ് ഞാൻ ഒരു പക്ഷേ, നിങ്ങൾ അറിയുമായിരിക്കും

 

“എന്താണയാളുടെ പേര്…?

 

“കുഖോളിൻ

 

മർഫിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞത് പൊടുന്നനെയായിരുന്നു. “കുഖോളിൻ” അയാൾ മന്ത്രിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. വീണ്ടും മഴയും തണുപ്പുമുള്ള ഒരു തുടക്കം... 👍👍👍

    ReplyDelete
    Replies
    1. അതെ... മഴ ഇല്ലാത്ത ഒരു പരിപാടിയുമില്ല നമ്മുടെ ജാക്കേട്ടന്...

      Delete
  2. ജാക്കേട്ടനും മഴയും ബുഷ്മിൽസും.. ആഹാ, അന്തസ്സ് 💪

    തുടക്കം ഗംഭീരം..

    ReplyDelete
    Replies
    1. ബുഷ്മിൽസ് എന്ന് പറഞ്ഞപ്പോഴേക്കും എന്താ ഒരു ആക്രാന്തം... :p

      Delete
  3. Replies
    1. വളരെ സന്തോഷം... ഇനിയങ്ങോട്ട് എല്ലാ ലക്കങ്ങളിലും ഹാജരും കമന്റും വേണം ട്ടോ...

      Delete
  4. ബുഷ്മിൽസ്, മഴ, പബ് എല്ലാം മുന്നിൽ കാണുന്നതുപോലെ. ഗംഭീരം
    നോർഫോക്കിലെ സ്റ്റഡികോൺസ്റ്റബിളിൽ ഉള്ള ദേവാലയം നമ്മളും കണ്ടിട്ടുണ്ടല്ലോ😁😁😁

    ReplyDelete
    Replies
    1. അതെ ജസ്റ്റിൻ... നോർഫോക്കിലെ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ ഉള്ള ആ ദേവാലയം... ഫാദർ വെറേക്കറുടെ ദേവാലയം... എങ്ങനെ മറക്കാനാവും നമുക്ക്...? അത് നോട്ട് ചെയ്ത ജസ്റ്റിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...

      Delete
  5. പൂവിൽക്കാൻ നിന്ന പെൺകുട്ടി അവളാണ് കഥ വായിച്ചു തീർന്നിട്ടും മനസ്സിൽ തങ്ങി നിൽക്കുന്നത് .

    ReplyDelete
    Replies
    1. ആ പെൺകുട്ടിയ്ക്ക് വലിയൊരു റോളുണ്ട് ഈ നോവലിൽ...

      Delete
  6. ഈ ബുഷ്മിൽ ഡൽഹി ഡ്യൂട്ടി ഫ്രീയിൽ ഉണ്ട് കേട്ടോ. 2450 രൂപ.

    ReplyDelete
    Replies
    1. ആഹാ... ലംബൻ എത്തീല്ലോ... സ്വാഗതം സ്വാഗതം... സന്തോഷായീ...

      Delete
  7. അയ്യോ ഞാൻ കമന്റ് ഇട്ടില്ലായിരുന്നോ..
    പുനർവായന തുടങ്ങി .. 31 ലക്കങ്ങൾക്കു ശേഷം
    ഇപ്പോഴല്ലേ കാര്യം മനസ്സിലായെ..
    അപ്പൊ ആ പെൺകുട്ടി ആണ് ഈ പെൺകുട്ടി ..

    ReplyDelete
    Replies
    1. അതെ... അവൾ തന്നെ നമ്മുടെ താന്യാ വൊറോണിനോവ...

      Delete