Wednesday, November 29, 2023

കൺഫെഷണൽ – 40

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വളരെ പ്രധാനപ്പെട്ട സംഭവങ്ങൾക്കാണ് അന്നു രാവിലെ മോസ്കോ സാക്ഷ്യം വഹിച്ചത്. സോവിയറ്റ് യൂണിയനെയും ലോക രാഷ്ട്രീയത്തെത്തന്നെയും ബാധിക്കുന്ന ചില തീരുമാനങ്ങൾ. 1967 മുതൽ KGB യുടെ തലവനായിരുന്ന യൂറി ആന്ദ്രപ്പോവ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജെർജിൻസ്കി സ്ക്വയറിലെ KGB ഓഫീസിൽത്തന്നെയായിരുന്നു അന്നും അദ്ദേഹം ചെലവഴിച്ചത്. അന്ന് ഉച്ചതിരിഞ്ഞാണ് അദ്ദേഹം ജനറൽ മസ്‌ലോവ്സ്കിയെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചത്. വരാനിരിക്കുന്ന വിപത്തിനെ മുന്നിൽക്കണ്ടുകൊണ്ട് ജനറൽ മസ്‌ലോവ്സ്കി അദ്ദേഹത്തിന്റെ മുന്നിൽ നിന്നു. കാരണം, ആന്ദ്രപ്പോവിനെ മാത്രമായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിൽ അയാൾ ഭയന്നിരുന്നത്. ഫയലിൽ തിരക്കിട്ട് എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയാണ് യൂറി ആന്ദ്രപ്പോവ്. മസ്‌ലോവ്സ്കിയെ ഗൗനിക്കാതെ തന്റെ ജോലി തുടർന്ന അദ്ദേഹം ഏതാനും നിമിഷങ്ങൾക്ക് ശേഷം, തലയുയർത്താതെ തന്നെ സംസാരം ആരംഭിച്ചു.

 

“കുഖോളിൻ വിഷയത്തിൽ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിന് സംഭവിച്ച വീഴ്ച്ചകളെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല

 

“കോമ്രേഡ്” തന്റെ ഭാഗം പ്രതിരോധിക്കാൻ മസ്‌‌ലോവ്സ്കി തുനിഞ്ഞില്ല.

 

“അയാളോടൊപ്പം ചെർണിയെയും വകവരുത്തുന്നതിനുള്ള ഓർഡർ നിങ്ങൾ കൊടുത്തുവോ?”

 

“കൊടുത്തു, കോമ്രേഡ്

 

“അത് എത്രയും പെട്ടെന്നായാൽ അത്രയും നല്ലത്” കണ്ണട ഊരി മാറ്റി നെറ്റിത്തടത്തിലൂടെ ഒന്ന് വിരലോടിച്ചിട്ട് അദ്ദേഹം തുടർന്നു. “പിന്നെ, നിങ്ങളുടെ ആ വളർത്തുമകളുടെ കാര്യം നിങ്ങളുടെ ആൾക്കാരുടെ കഴിവുകേട് കൊണ്ട് അവൾ സുരക്ഷിതമായി ലണ്ടനിൽ എത്തിച്ചേർന്നിരിക്കുന്നു

 

“അതെ, കോമ്രേഡ്

 

“അവിടെ നിന്നും അവളെ ഡബ്ലിനിലേക്ക് അയയ്ക്കാനാണ് ബ്രിഗേഡിയർ ഫെർഗൂസന്റെ തീരുമാനമെന്നറിയുന്നു IRA യുടെ പക്കലുള്ള ചിത്രങ്ങളിൽ നിന്നും അവളെ ഉപയോഗിച്ച് കുഖോളിനെ തിരിച്ചറിയാനുള്ള വഴിയാണോ അദ്ദേഹം തേടുന്നത്…?

 

“അങ്ങനെയാണ് തോന്നുന്നത്” ക്ഷീണിത സ്വരത്തിൽ മസ്‌ലോവ്സ്കി പറഞ്ഞു.

 

“പ്രൊവിഷണൽ IRA എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഫാസിസ്റ്റ് സംഘടനയാണ് കാത്തലിക്ക് ചർച്ചുമായുള്ള ബന്ധവും കൂടി ആയപ്പോൾ പിന്നെ പറയാനുമില്ല അവരുമായി സഹകരിക്കുക വഴി രാജ്യദ്രോഹിയായി മാറിയിരിക്കുകയാണ് താന്യാ വൊറോണിനോവ സ്വന്തം രാജ്യത്തിനും പാർട്ടിയ്ക്കും വർഗ്ഗത്തിനും എതിരെ പ്രവർത്തിച്ചവൾ ഡബ്ലിൻ എംബസിയിലെ ലുബോവിന് ഇപ്പോൾത്തന്നെ ഒരു അടിയന്തര സന്ദേശം അയയ്ക്കുക ചെർണിയ്ക്കും കുഖോളിനുമൊപ്പം അവളെയും വകവരുത്തിയേക്കുക എന്ന്

 

കണ്ണടയെടുത്ത് മുഖത്ത് വച്ച് അദ്ദേഹം വീണ്ടും എഴുതുവാനാരംഭിച്ചു. വിറയ്ക്കുന്ന സ്വരത്തിൽ മസ്‌ലോവ്സ്കി പറഞ്ഞു. “പ്ലീസ് കോമ്രേഡ്, ഒരു പക്ഷേ അവൾ……………

 

ആന്ദ്രപ്പോവ് അത്ഭുതത്തോടെ തലയുയർത്തി. “എന്റെ ഓർഡർ കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ നിങ്ങൾക്ക്, കോമ്രേഡ് ജനറൽ?”

 

യൂറി ആന്ദ്രപ്പോവിന്റെ കണ്ണുകളിലെ തീക്ഷ്ണത കണ്ട മസ്‌ലോവ്സ്കി തളർച്ചയോടെ തലയാട്ടി. “ഇല്ല കോമ്രേഡ്, തീർച്ചയായും ഇല്ല” തിരിഞ്ഞ് പുറത്തേയ്ക്ക് നടക്കവെ അയാളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

                                                            ***

 

താന്യാ വൊറോണിനോവ തങ്ങളുടെ വലയിൽ നിന്നും രക്ഷപെട്ടു എന്ന സന്ദേശം പാരീസിൽ നിന്നും ഡബ്ലിനിലെ സോവിയറ്റ് എംബസിയിലുള്ള ലുബോവിന് ലഭിച്ചു കഴിഞ്ഞിരുന്നു. ആ വാർത്ത വിശ്വസിക്കാനാവാതെ റേഡിയോ റൂമിൽ ഇരിക്കവെയാണ് രണ്ടാമത്തെ സന്ദേശം എത്തുന്നത്. മോസ്കോയിൽ നിന്നും മസ്‌ലോവ്സ്കിയുടേതായിരുന്നു അത്. ഓപ്പറേറ്റർ അത് റെക്കോർഡ് ചെയ്തിട്ട് ടേപ്പ് എടുത്ത് റീഡിങ്ങ് മെഷീനിൽ ഇട്ടു. ലുബോവ് തന്റെ പേഴ്സണൽ കീ എന്റർ ചെയ്തു. ആ സന്ദേശം വായിച്ചു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ദേഹമാസകലം വിറയൽ അനുഭവപ്പെട്ടു. തന്റെ ഓഫീസിൽ ചെന്ന് വാതിൽ അടച്ചിട്ട് അദ്ദേഹം കബോർഡിൽ നിന്നും സ്കോച്ചിന്റെ ബോട്ട്‌ൽ എടുത്ത് ഒന്നിനു പിറകെ ഒന്നായി രണ്ട് കവിൾ അകത്താക്കി. പിന്നെ എന്തോ ആലോചിച്ചുറപ്പിച്ചതു പോലെ ഫോൺ എടുത്ത് ചെർണിയ്ക്ക് ഡയൽ ചെയ്തു.

 

“കോസ്റ്റെലോ ഹിയർ” ഇതുപോലുള്ള അടിയന്തര സന്ദർഭങ്ങളിൽ ലുബോവ് ഉപയോഗിക്കുന്ന കോഡ് നെയിം ആയിരുന്നുവത്. “ആർ യൂ ബിസി?”

 

“അല്ല” ചെർണി പറഞ്ഞു.

 

“അത്യാവശ്യമായി നമുക്ക് ഒന്ന് കാണേണ്ടതുണ്ട്

 

“പതിവ് സ്ഥലത്തു തന്നെയാണോ?”

 

“അതെ ആദ്യം നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് വെരി ഇമ്പോർട്ടന്റ് അതിന് ശേഷം നമ്മുടെ പൊതുസുഹൃത്തിനെയും ഒന്ന് കാണണം ഇന്ന് വൈകിട്ട് ഡൺ സ്ട്രീറ്റിൽ വച്ച് അതിനുള്ള ഏർപ്പാടുകൾ ചെയ്യാമോ?”

 

“അസാധാരണമായിരിക്കുന്നല്ലോ

 

“ഞാൻ പറഞ്ഞില്ലേ, വളരെ ഗൗരവമുള്ള വിഷയമാണ് വൈകുന്നേരത്തെ മീറ്റിങ്ങ് കൺഫേം ചെയ്തിട്ട് എന്നെ തിരികെ വിളിക്കൂ

 

ചെർണി ശരിയ്ക്കും വിരണ്ടു പോയിരുന്നു. സിറ്റി ക്വേയിലുള്ള ഉപയോഗശൂന്യമായ ഒരു വെയർഹൗസിന്റെ കോഡ് നെയിം ആയിരുന്നു ഡൺ സ്ട്രീറ്റ് എന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു കമ്പനിയുടെ പേരിൽ അയാൾ വാടകയ്ക്കെടുത്തതായിരുന്നു ആ കെട്ടിടം. പക്ഷേ, വിഷയം അതല്ല. താനും ഹാരി ക്യുസെയ്നും ലുബോവും ഒരുമിച്ച് ആ സ്ഥലത്ത് വച്ച് ഇതുവരെ ഒത്തുകൂടിയിട്ടില്ല. അയാൾ ക്യുസെയ്ന്റെ കോട്ടേജിലേക്ക് ഫോൺ ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. അതിനാൽ ഡബ്ലിനിലെ കാത്തലിക്ക് സെക്രട്ടേറിയറ്റിന്റെ ഓഫീസിലേക്ക് ഡയൽ ചെയ്തു. ക്യുസെയ്ൻ ആയിരുന്നു ഫോൺ എടുത്തത്.

 

“താങ്ക് ഗോഡ്” ചെർണി പറഞ്ഞു. “ഞാൻ കോട്ടേജിലേക്ക് വിളിച്ചിരുന്നു

 

“ഞാൻ ഓഫീസിൽ എത്തിയതേയുള്ളൂ” ക്യുസെയ്ൻ പറഞ്ഞു. “എന്തെങ്കിലും പ്രശ്നമുണ്ടോ?”

 

“എനിക്കുറപ്പില്ല പക്ഷേ, എന്തോ അസ്വാഭാവികത തോന്നുന്നു  മറയില്ലാതെ സംസാരിക്കാമോ ഈ ഫോണിൽ?”

 

“ഈ ലൈനിൽ നിങ്ങൾ സംസാരിക്കാറുണ്ടല്ലോ

 

“നമ്മുടെ സുഹൃത്ത് കോസ്റ്റെലോ വിളിച്ചിരുന്നു ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് എന്നെ കാണണമത്രെ

 

“പതിവ് സ്ഥലത്തു തന്നെയാണോ?”

 

“അതെ അത് മാത്രമല്ല, ഇന്ന് രാത്രി ഡൺ സ്ട്രീറ്റിൽ നാം മൂവരും ചേർന്നൊരു മീറ്റിങ്ങ് അറേഞ്ച് ചെയ്യുവാനും പറഞ്ഞു

 

“അത് അസാധാരണമായിരിക്കുന്നല്ലോ

 

“അതെ എന്തോ കുഴപ്പം മണക്കുന്നു

 

“ചിലപ്പോൾ നമ്മളെ അയർലണ്ടിൽ നിന്നും പിൻ‌വലിക്കുവാനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടാകാം അദ്ദേഹത്തിന്” ക്യുസെയ്ൻ പറഞ്ഞു. “ആ പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ അദ്ദേഹം?”

 

“ഇല്ല എന്തേ ചോദിക്കാൻ?”

 

“അല്ല, അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാനുള്ളൊരു ആഗ്രഹം അത്ര മാത്രം വൈകിട്ട് ആറരയ്ക്ക് ഡൺ സ്ട്രീറ്റിൽ കാണാമെന്ന് അദ്ദേഹത്തോട് പറഞ്ഞേക്കൂ വിഷമിക്കണ്ട പോൾ ഈ വിഷയം ഞാൻ കൈകാര്യം ചെയ്തോളാം

 

ക്യുസെയ്ൻ ഫോൺ കട്ട് ചെയ്തു. ചെർണി ഉടൻ തന്നെ ലുബോവിനെ വിളിച്ചു. “വൈകിട്ട് ആറര സമയം ഓകെയാണോ?”

 

“ഫൈൻ” ലുബോവ് പറഞ്ഞു.

 

“പാരീസിലുള്ള ആ പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ എന്ന് ക്യുസെയ്ൻ ചോദിച്ചു

 

“ഇല്ല, ഒരു വിവരവുമില്ല” ലുബോവ് ഒരു നുണ പറഞ്ഞു. “ശരി, അപ്പോൾ മൂന്നരയ്ക്ക് കാണാം” ഫോൺ കട്ട് ചെയ്തിട്ട് അദ്ദേഹം ഗ്ലാസിൽ ഒരു ഡ്രിങ്ക് പകർന്നു. പിന്നെ മേശവലിപ്പിനുള്ളിൽ നിന്നും ഒരു കെയ്സ് പുറത്തെടുത്ത് തുറന്നു. ഒരു സ്റ്റെച്ച്കിൻ ഓട്ടോമാറ്റിക്ക് പിസ്റ്റളും സൈലൻസറുമായിരുന്നു അതിനുള്ളിൽ. സാവധാനം, വളരെ ജാഗ്രതയോടെ അദ്ദേഹം അവ കൂട്ടിയോജിപ്പിക്കുവാൻ തുടങ്ങി.

 

                                                        ***

 

കാത്തലിക്ക് സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ, ജാലകത്തിനരികിൽ നിന്ന് ഹാരി ക്യുസെയ്ൻ താഴെ തെരുവിലേക്ക് നോക്കി. കോട്ടേജിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഡെവ്‌ലിനും ഫെർഗൂസണും തമ്മിലുള്ള ഫോൺ സംഭാഷണം താൻ കേട്ടതാണ്. ഇന്ന് വൈകിട്ട് താന്യാ വൊറോണിനോവ ഡബ്ലിനിൽ ലാന്റ് ചെയ്യുമെന്നാണ് ഫെർഗൂസൺ പറഞ്ഞത്. മോസ്കോയിൽ നിന്നോ പാാരീസിൽ നിന്നോ ആ വിവരം തീർച്ചയായും ലുബോവ് അറിഞ്ഞിട്ടുണ്ടാവും. പിന്നെന്തു കൊണ്ട് അദ്ദേഹം അത് മറച്ചു വയ്ക്കുന്നു?

 

ഇന്ന് വൈകിട്ട് ഡൺ സ്ട്രീറ്റിൽ വച്ച് സന്ധിക്കണമെന്ന് പറഞ്ഞതിൽത്തന്നെ എന്തോ അസ്വാഭാവികതയുണ്ട്. മാത്രമല്ല, തന്നെ കാണുന്നതിന് മുമ്പ് എന്തിനാണ് അദ്ദേഹം ചെർണിയുമായി പതിവ് ഇടമായ സിനിമാ തീയേറ്ററിലെ പിൻനിരയിൽ സന്ധിക്കുന്നത്? എന്തായിരിക്കും അതിന് പിന്നിലുള്ള ഉദ്ദേശ്യം? ഒന്നും അങ്ങോട്ട് ചേരുന്നില്ല എന്തൊക്കെയോ ഗൂഢോദ്ദേശ്യം ഉള്ളത് പോലെ ഇത്രയും കാലത്തെ തന്റെ ജീവിതാനുഭവത്തിൽ നിന്നും മനസ്സിലാകുന്നത് അതാണ് എന്തായാലും തങ്ങളെ ഇരുവരെയും സന്ധിക്കണമെന്ന് ലുബോവ് പറഞ്ഞത് വെറുമൊരു സംഭാഷണത്തിന് വേണ്ടിയല്ല എന്നതുറപ്പാണ്.

 

(തുടരും)

Wednesday, November 22, 2023

കൺഫെഷണൽ – 39

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 9

 

കവൻഡിഷ് സ്ക്വയറിലെ ഓഫീസിൽ, അപ്പോൾ എത്തിയ ടെലിഫോൺ കോൾ അറ്റൻഡ് ചെയ്തുകൊണ്ട് തെല്ല് അസ്വസ്ഥതയോടെ ഇരിക്കുകയാണ് ഫെർഗൂസൺ. ഒരു ടെലക്സ് മെസേജുമായി ഹാരി ഫോക്സ് സ്റ്റഡീ റൂമിൽ നിന്നും അങ്ങോട്ടെത്തി. വെയ്റ്റ് ചെയ്യുവാൻ ആംഗ്യം കാണിച്ചിട്ട് ഫെർഗൂസൺ പറഞ്ഞു. “താങ്ക് യൂ മിനിസ്റ്റർ” അദ്ദേഹം ഫോൺ താഴെ വച്ചു.

 

“പ്രശ്നമാണോ സർ?” ഫോക്സ് ആരാഞ്ഞു.

 

“ആണോയെന്ന് ചോദിച്ചാൽ അതെ പോപ്പിന്റെ സന്ദർശനം ഉണ്ടാവുമെന്നു തന്നെയാണ് ഫോറിൻ ഓഫീസ് ഇപ്പോൾ അറിയിച്ചത് വരുന്ന ഏതാനും മണിക്കൂറുകളിൽ വത്തിക്കാൻ ഔദ്യോഗിക അറിയിപ്പ് പുറത്തു വിടുമത്രെ ആട്ടെ, എന്താണ് കൈയിൽ?”

 

“ടെലക്സാണ് സർ ടാസ്ക് ഫോഴ്സിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ദുഃഖവാർത്ത എന്താണെന്ന് വച്ചാൽ, HMS Antelope മുങ്ങിയെന്നതിന് സ്ഥിരീകരണമായി ഇന്നലെയാണ് സ്കൈഹോക്കുകളുടെ ബോംബിങ്ങിൽ ആ ദുരന്തം സംഭവിച്ചത് പിന്നെ, ആകെക്കൂടിയുള്ള സന്തോഷ വാർത്ത ഏഴ് അർജന്റീനിയൻ ജെറ്റുകളെ നാം വെടിവച്ചിട്ടു എന്നതാണ്

 

“അവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഞാൻ വിശ്വസിക്കൂ ഹാരീ ആ പറഞ്ഞതിന്റെ പകുതി മാത്രമേ ചിലപ്പോൾ സത്യമാവാൻ വഴിയുള്ളൂ ബാറ്റ്‌ൽ ഓഫ് ബ്രിട്ടൻ വീണ്ടും ആവർത്തിക്കപ്പെടുന്നു

 

“താങ്കൾ പറഞ്ഞത് ശരിയായിരിക്കാം സർ കാര്യങ്ങൾ ചൂടുപിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ ആരും മോശക്കാരല്ല ഒന്നും മുഴുവനായി വിശ്വസിക്കാനാവില്ല

 

ഫെർഗൂസൺ എഴുന്നേറ്റ് ഒരു ഷെറൂട്ടിന് തീ കൊളുത്തി. “എനിക്കറിയില്ല, ചില നേരത്ത് നാശങ്ങൾ എല്ലാം കൂടി ഒന്നിച്ചായിരിക്കും എത്തുന്നത് ഇപ്പോൾ ഇതാ, പോപ്പിന്റെ സന്ദർശനം ശ്രമിച്ചിരുന്നുവെങ്കിൽ നമുക്കത് ഒഴിവാക്കാമായിരുന്നു കുഖോളിൻ ആണെങ്കിൽ ഇനിയും പിടി തരാതെ അവിടെ വിലസുന്നു അതിനിടയിലാണ് പാരീസിലെ ബ്ലാക്ക് മാർക്കറ്റിൽ നിന്നും എക്സോസെറ്റ് മിസൈലുകൾ വാങ്ങുവാൻ അർജന്റീന ശ്രമിക്കുന്നു എന്ന വാർത്ത വരുന്നത് ഫാക്‌ലണ്ടിലെ നാവികയുദ്ധനിരയിൽ നിന്നും മേജർ ടോണി വില്ലേഴ്സിനെ തിരിച്ചു കൊണ്ടുവരാനുള്ള ഓർഡർ അയയ്ക്കുവാൻ പറഞ്ഞിട്ട് എന്തായി?”

 

“അക്കാര്യത്തിൽ പ്രശ്നമില്ല സർ സബ്മറീനിൽ നിന്നും അദ്ദേഹത്തെ ഉറൂഗ്വേയിൽ ഓഫ്‌ലോഡ് ചെയ്തിട്ടുണ്ട് മോണ്ടെവിഡിയോവിൽ നിന്നും എയർ ഫ്രാൻസിൽ നേരെ പാരീസിലേക്ക് പോകാനുള്ള ഏർപ്പാടാക്കിയിട്ടുണ്ട് നാളെ അവിടെയെത്തും

 

“ഗുഡ് നാളത്തെ ഷട്ടിലിൽ നിങ്ങളും അങ്ങോട്ട് പോകുക അദ്ദേഹത്തെ കണ്ട് കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെടുത്തിയിട്ട് എത്രയും പെട്ടെന്ന് തിരിച്ചെത്തുക

 

“അത്രയും മതിയോ സർ?”

 

“ഗുഡ് ഗോഡ്, മതി നിങ്ങൾക്ക് ടോണിയെ നന്നായി അറിയാവുന്നതല്ലേ ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ പിന്നെ ആരുപിടിച്ചാലും കിട്ടില്ല ഹെൽ ഓൺ വീൽസ് അദ്ദേഹം അവിടുത്തെ പ്രതിപക്ഷ നേതാക്കളെ കണ്ട് കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കിക്കോളും ഐ നീഡ് യൂ ഹിയർ, ഹാരീ. ആ വൊറോണിനോവയുടെ കാര്യം എന്തായി?”

 

“ഞാൻ നേരത്തെ പറഞ്ഞല്ലോ സർ, ഹീത്രൂവിൽ നിന്നും വരുന്ന വഴി കുറച്ച് സാധനങ്ങൾ വാങ്ങാനായി ഹാരോഡ്സിൽ നിർത്തിയിരുന്നു ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും തന്നെ ഇല്ലായിരുന്നു അവളുടെ കൈവശം

 

“ശരിയാണ്, പണമൊന്നും ഉണ്ടാകില്ല കൈയിൽ” ഫെർഗൂസൺ പറഞ്ഞു. “അത്യാവശ്യത്തിന് കുറച്ച് ഫണ്ട് അറേഞ്ച് ചെയ്യണം അവൾക്ക്

 

“അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല സർ അവൾക്ക് ഇവിടെയുള്ള ബാങ്ക് അക്കൗണ്ടിൽ തരക്കേടില്ലാത്ത നീക്കിയിരുപ്പ് ഉണ്ടെന്നാണ് മനസ്സിലാക്കാനായത് റെക്കോർഡ്സിന്റെ റോയൽറ്റിയും മറ്റുമായി പിന്നെ, ജീവിതച്ചെലവുകൾക്കായി അവൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല ഇവിടെയുണ്ടെന്നറിഞ്ഞാൽ പ്രോഗ്രാമുകൾക്ക് വിളിക്കാൻ ധാരാളം പേരുണ്ടാകും

 

“അതു വേണ്ട അവൾ ബ്രിട്ടനിലുള്ള കാര്യം തൽക്കാലം രഹസ്യമായിത്തന്നെ ഇരിക്കട്ടെ സമയമാകുമ്പോൾ ഞാൻ പറയാം എവിടെയാണ് അവൾ ഇപ്പോൾ?”

 

“സുഖമായിരിക്കുന്നു നമ്മുടെ ആ സ്പെയർ റൂം അവൾക്ക് കൊടുത്തു ഇപ്പോൾ കുളിക്കാൻ പോയിരിക്കുകയാണ്

 

“ശരി, എങ്കിലും എല്ലാ സുഖസൗകര്യങ്ങളും അങ്ങനെ കൊടുക്കാറായിട്ടില്ല ഹാരീ അവളെ ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം മറന്നു കൂടാ ഡെവ്‌ലിന്റെ ഫോൺ ഉണ്ടായിരുന്നു ചെർണിയെ നിരീക്ഷിക്കാൻ മക്ഗിനസ് ഏല്പിച്ചിരുന്ന ആളുടെ മൃതദേഹം ലിഫീ നദിയിൽ നിന്നും ലഭിച്ചുവത്രെ ഒരു നിമിഷം പോലും പാഴാക്കുന്നില്ല നമ്മുടെ ആ സുഹൃത്ത് കുഖോളിൻ

 

“അങ്ങനെയോ! നാം എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്, സർ?” ഫോക്സ് ചോദിച്ചു.

 

“അവളെ ഡബ്ലിനിലേക്ക് അയയ്ക്കണം ഇന്ന് തന്നെ അവളോടൊപ്പം നിങ്ങളും പോകുക ഡബ്ലിൻ എയർപോർട്ടിൽ അവളെ ഡെവ്‌ലിനെ ഏല്പിച്ചതിന് ശേഷം തിരികെ വരിക എന്നിട്ട് നാളത്തെ മോണിങ്ങ് ഷട്ടിലിൽ പാരീസിലേക്ക് പോകണം

 

“അവൾക്കൊന്ന് ഇരിക്കാനെങ്കിലും സമയം കൊടുക്കണ്ടേ സർ?” ഫോക്സ് ചോദിച്ചു. “ഒന്ന് ശ്വാസമെടുക്കാനുള്ള സമയമെങ്കിലും

 

“നമ്മളുടെ അവസ്ഥയും വ്യത്യസ്തമല്ലല്ലോ ഹാരീ? പിന്നെ, ഈ പറഞ്ഞത് നിങ്ങളുടെ സ്വന്തം അഭിപ്രായമാണെങ്കിൽ അമ്മാവൻ തരാമെന്ന പറഞ്ഞ ആ മർച്ചന്റ് ബാങ്കിലെ ജോലി സ്വീകരിക്കാമായിരുന്നല്ലോ നിങ്ങൾക്ക് പത്തു മണി മുതൽ നാലു മണി വരെ

 

“ഓ, അത് വല്ലാത്ത ബോറിങ്ങ് ആയിരുന്നേനെ സർ

 

കിം വാതിൽ തുറന്ന് താന്യാ വൊറോണിനോവയെ അങ്ങോട്ട് ആനയിച്ചു. കണ്ണുകളിൽ ക്ഷീണം നിഴലിച്ചിരുന്നുവെങ്കിലും ഹാരോഡ്സിൽ നിന്നും വാങ്ങിയ നീലനിറമുള്ള കാശ്മീരി സ്വെറ്ററും സ്കെർട്ടും അവളെ ആകർഷവതിയാക്കി. ബ്രിഗേഡിയർ ഫെർഗൂസണെ ഫോക്സ് അവൾക്ക് പരിചയപ്പെടുത്തി.

 

“മിസ് വൊറോണിനോവ എ ഗ്രേറ്റ് പ്ലെഷർ” ഫെർഗൂസൺ പറഞ്ഞു. “തിരക്ക് പിടിച്ച ഏതാനും മണിക്കൂറുകളായിരുന്നു അല്ലേ? പ്ലീസ് സിറ്റ് ഡൗൺ

 

നെരിപ്പോടിനരികിലെ സോഫയിൽ അവൾ ഇരുന്നു. “പാരീസിലെ വിവരങ്ങൾ എന്തെങ്കിലുമുണ്ടോ?” അവൾ ചോദിച്ചു.

 

“ഇതുവരെ ഒന്നുമില്ല” ഫോക്സ് പറഞ്ഞു. “പതുക്കെ അന്വേഷിക്കാം നമുക്ക് KGBയെ സംബന്ധിച്ചിടത്തോളം പരാജയമൊന്നും അവർക്കൊരു പ്രശ്നമല്ല തന്നെ പിന്നെ, നിങ്ങളുടെ വളർത്തച്ഛന് ഈ വിഷയത്തിലുള്ള പ്രത്യേക താല്പര്യം കണക്കിലെടുത്താൽ.” അയാൾ ചുമൽ ഒന്ന് വെട്ടിച്ചു. “ടർക്കിന്റെയും ഷെപ്പിലോവിന്റെയും കാര്യത്തിൽ ഒരു തീരുമാനമായി എന്ന് പറയുന്നതായിരിക്കും ശരി

 

“എന്തിനധികം, അത്രയും സീനിയറായ നിക്കോളായ് ബെലോവിന് പോലും ഇത് തരണം ചെയ്യുകയെന്നത് അത്ര എളുപ്പമായിരിക്കില്ല” ഫെർഗൂസൺ പറഞ്ഞു.

 

“അപ്പോൾ, എന്താണിനി അടുത്ത പരിപാടി?” അവൾ ആരാഞ്ഞു. “പ്രൊഫസർ ഡെവ്‌ലിനെ കാണുകയെന്നതാണോ?”

 

“അതെ പക്ഷേ, അതിന് ഡബ്ലിനിലേക്ക് പറക്കേണ്ടതുണ്ട് എനിക്കറിയാം, നിങ്ങൾ ഇന്ന് നിലത്ത് കാൽ കുത്തിയിട്ടേയില്ലെന്ന് പക്ഷേ, സമയം അമൂല്യമാണ് വിരോധമില്ലെങ്കിൽ ഇന്ന് ഉച്ചതിരിഞ്ഞുള്ള ഫ്ലൈറ്റിൽ പോകാമോ നിങ്ങൾക്ക്…? ക്യാപ്റ്റൻ ഫോക്സും ഉണ്ടാകും നിങ്ങളോടൊപ്പം ഡബ്ലിൻ എയർപോർട്ടിൽ നിങ്ങളെ സ്വീകരിക്കാൻ ഡെവ്‌ലിനെ ഏർപ്പാടാക്കാം

 

അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. “എപ്പോഴാണ് നാം പുറപ്പെടുന്നത്?”

 

                                              ***

 

“വൈകിട്ടത്തെ പ്ലെയിനിനോ?” ഡെവ്‌ലിൻ ചോദിച്ചു. “തീർച്ചയായും ഞാൻ എയർപോർട്ടിൽ എത്തിക്കോളാം നോ പ്രോബ്ലം

 

“തിരിച്ചറിയലിനു വേണ്ടിയുള്ള ഫോട്ടോസും മറ്റു രേഖകളും എല്ലാം അവളെ കാണിക്കുവാൻ വേണ്ടി മക്ഗിനസുമായുള്ള മീറ്റിങ്ങ് നിങ്ങൾ ഏർപ്പാടാക്കില്ലേ?”

 

“ഐ വിൽ ടേക്ക് കെയർ ഓഫ് ഇറ്റ്” ഡെവ്‌ലിൻ പറഞ്ഞു.

 

“സമയം കളയാതെ എല്ലാം പെട്ടെന്നായിക്കോട്ടെ” ഫെർഗൂസൺ ഡെവ്‌ലിനോട് പറഞ്ഞു.

 

“അത്ഭുതവിളക്കിലെ ഈ ജീനി എല്ലാം കേൾക്കുന്നു, മനസ്സിലാക്കുന്നു, അനുസരിക്കുന്നു” ഡെവ്‌ലിൻ ചിരിച്ചുകൊണ്ടു പറഞ്ഞു. “നൗ ലെറ്റ് മീ ടോക്ക് റ്റു ഹെർ

 

ഫെർഗൂസൺ ഫോൺ അവൾക്ക് കൈമാറി. “പ്രൊഫസർ ഡെവ്‌ലിൻ, എന്തൊക്കെയാണ് സംഭവിക്കുന്നത്?” അവൾ ചോദിച്ചു.

 

“അല്പം മുമ്പ് പാരീസിൽ നിന്നും ഒരു വാർത്ത കേട്ടു മൊണാലിസ മനം നിറഞ്ഞ് മന്ദഹസിക്കുന്നുവത്രെ സീ യൂ സൂൺ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...