Wednesday, May 1, 2024

കൺഫെഷണൽ – 62

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗ്ലാസ്ഗോ എയർപോർട്ടിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും ആ പോലീസ് വാഹനം പുറത്തേക്ക് കടന്നു. “എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ മുപ്പത്തിയഞ്ച് മിനിറ്റിനുള്ളിൽ നമുക്ക് അവിടെയെത്തണം അതുകൊണ്ട് ചവിട്ടി വിട്ടോളൂ” ചീഫ് ഇൻസ്പെക്ടർ ട്രെന്റ് കാറിന്റെ ഡ്രൈവറോട് പറഞ്ഞു. ഡെവ്‌ലിനും ഹാരി ഫോക്സും പിൻസീറ്റിൽ ആണ് ഇരുന്നിരുന്നത്. ട്രെന്റ് അവർക്ക് നേരെ തിരിഞ്ഞു. “യാത്ര എങ്ങനെയുണ്ടായിരുന്നു?”

 

“പെട്ടെന്ന് തന്നെ എത്താൻ പറ്റി എന്നതാണ് മുഖ്യം” ഫോക്സ് പറഞ്ഞു. “എന്താണ് ഏറ്റവും പുതിയ വിവരങ്ങൾ?”

 

“ക്യുസെയ്ൻ വീണ്ടും തല പൊക്കിയിയിരുന്നു ഗാലോവേ കുന്നുകളിലെ ഒരു ജിപ്സി ക്യാമ്പിൽ നിങ്ങൾ ലാന്റ് ചെയ്യുന്നതിന് അല്പം മുമ്പ് കാറിലെ റേഡിയോയിൽ കേട്ടതാണ്

 

“എന്നിട്ട് പിന്നെയും രക്ഷപെട്ടു കാണും?” ഡെവ്‌ലിൻ ചോദിച്ചു.

 

“അതെ, നിർഭാഗ്യവശാൽ

 

“അങ്ങനെയൊരു ദുഃസ്വഭാവമുണ്ട് അയാൾക്ക്

 

“ഡൺഹില്ലിലേക്കാണ് നിങ്ങൾക്ക് പോകേണ്ടതെന്നല്ലേ പറഞ്ഞത്? നമ്മളിപ്പോൾ നേരെ ഗ്ലാസ്ഗോ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കാണ് പോകുന്നത് മെയിൻ റോഡ് ഇപ്പോഴും വെള്ളത്തിനടിയിലാണ് ഗ്ലാസ്ഗോയിൽ നിന്നുള്ള ലണ്ടൻ എക്സ്പ്രസ്സിൽ നമുക്ക് കയറാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് ഞാൻ അവർ നമ്മെ ഡൺഹില്ലിൽ ഇറക്കും ക്യുസെയ്നെ പിടികൂടിയ ആ പോലീസ് സെർജന്റ് ബ്രോഡിയെയും അവിടെ നിന്ന് നമുക്ക് ഒപ്പം കൂട്ടാം അയാളുടെ കസ്റ്റഡിയിൽ നിന്നാണ് ക്യുസെയ്ൻ ചാടിപ്പോയതെങ്കിലും ആ പ്രദേശത്തൊക്കെ നല്ല പരിചയമുണ്ട് അയാൾക്ക് അത് നമുക്ക് പ്രയോജനപ്പെടുത്താനാകും

 

“ഫൈൻ” ഡെവ്‌ലിൻ പറഞ്ഞു. “അപ്പോൾ അക്കാര്യത്തിൽ ഇനി തലപുകയേണ്ട കാര്യമില്ലെന്ന് തോന്നുന്നു പിന്നെ, നിങ്ങളുടെ കൈയിൽ ആയുധമൊക്കെ ഉണ്ടല്ലോ അല്ലേ?”

 

“യെസ് ശരിയ്ക്കും നാം എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ അറിയുന്നതിൽ വിരോധമുണ്ടോ?” ട്രെന്റ് ചോദിച്ചു.

 

“ഡൺഹില്ലിൽ നിന്നും അധികം ദൂരെയല്ലാത്ത ലാർവിക്ക് എന്ന ഗ്രാമത്തിലേക്ക്” ഫോക്സ് പറഞ്ഞു. “അവിടെ ഒരു ഫാം ഉണ്ട് കുറ്റവാളികൾക്ക് സുരക്ഷിതമായി ഒളിവിൽ കഴിയാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന ഒരു അധോലോകം തന്നെ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം നമ്മുടെ ക്യുസെയ്ൻ അവിടെത്തന്നെയുണ്ടാകുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ

 

“അങ്ങനെയാണെങ്കിൽ ഞാൻ ലോക്കൽ പോലീസിന്റെ സഹായം കൂടി ഏർപ്പാടാക്കട്ടെ?”

 

“നോ  ഡെവ്‌ലിൻ പറഞ്ഞു. “നാം സംശയിക്കുന്ന ആ ഫാം ഒരു ഒറ്റപ്പെട്ട പ്രദേശത്താണ് കൂടുതൽ ആളുകളുടെ നീക്കം – അത് യൂണിഫോമിലായാലും അല്ലെങ്കിലും അവരുടെ ശ്രദ്ധയിൽ പെടും നാം തേടുന്നയാൾ അവിടെയുണ്ടെങ്കിൽ അയാൾക്ക് രക്ഷപെടാൻ ഒരിക്കൽക്കൂടി അവസരമൊരുക്കുകയേ ഉള്ളൂ അത്

 

“അങ്ങനെ നാം അയാളെ പിടികൂടാൻ പോകുന്നു” ട്രെന്റ് പറഞ്ഞു.

 

തല കുലുക്കിയ ഫോക്സിന് നേരെ ഒന്ന് നോക്കിയിട്ട് ഡെവ്‌ലിൻ ട്രെന്റിന് നേർക്ക് തിരിഞ്ഞു. “മിനിഞ്ഞാന്ന് രാത്രി അയർലണ്ടിന്റെ സമുദ്രാതിർത്തിയിൽ വച്ച് മൂന്ന് പ്രൊവിഷണൽ IRA പ്രവർത്തകർ ഇയാളെ വകവരുത്താൻ ശ്രമിച്ചിരുന്നു എന്നാൽ ആ മൂന്നു പേരും യാത്രയായി, പരലോകത്തേക്ക്

 

“ഗുഡ് ഗോഡ്!”

 

“എക്സാക്റ്റ്‌ലി പിടികൂടുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ കുറച്ച് സഹപ്രവർത്തകരെയും അയാൾ അങ്ങോട്ട് അയയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല അതുകൊണ്ട്, ഞങ്ങൾ പറയുന്നത് പോലെ നീങ്ങുന്നതായിരിക്കും ബുദ്ധി, ചീഫ് ഇൻസ്പെക്ടർ” ഹാരി ഫോക്സ് പറഞ്ഞു. “ബിലീവ് മീ

 

                                                      ***

 

ഗ്ലെൻഡുവിന് സമീപമുള്ള കുന്നിൻമുകളിലെ നനഞ്ഞ പുൽമേട്ടിൽ ഇരുന്നുകൊണ്ട് ക്യുസെയ്നും മൊറാഗും താഴ്‌വാരത്തിലേക്ക് നോക്കി. അങ്ങോട്ട് എത്തുവാനുള്ള കാട്ടുപാത പലയിടത്തും കാടുകയറി അപ്രത്യക്ഷമായിട്ടുണ്ട്. അത് എന്തുതന്നെയായാലും ശരി, ജീപ്പ് ഇവിടെ എവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിട്ട് നടന്നു പോകുന്നതായിരിക്കും ബുദ്ധി എന്ന് ക്യുസെയ്ന് തോന്നി. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ രക്ഷപെടാൻ എളുപ്പമാകും. മൺഗോ സഹോദരന്മാർ ഈ ജീപ്പിനെക്കുറിച്ച് അറിയാതിരിക്കുന്നത് തന്നെയാണ് നല്ലത്.

 

“അവിടം കണ്ടിട്ട് ഞങ്ങളെക്കാൾ ദാരിദ്ര്യം ആണെന്ന് തോന്നുന്നല്ലോ” മൊറാഗ് അത്ഭുതപ്പെട്ടു.

 

അവൾ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ല. മേൽക്കൂരയില്ലാത്ത ഒരു ധാന്യപ്പുര. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ ഭൂരിഭാഗവും കാണാനില്ല. കെട്ടിടത്തിനു ചുറ്റുമുള്ള പരിസരം എമ്പാടും മഴവെള്ളം കെട്ടിക്കിടക്കുന്ന ചെറുകുഴികൾ. ടയറുകൾ ഇല്ലാത്ത ഒരു ട്രക്കും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രാക്ടറും ഒരു മൂലയ്ക്ക് അനാഥമായി കിടക്കുന്നുണ്ട്.

 

ഭയം ഗ്രസിച്ചത് പോലെ ആ പെൺകുട്ടി പൊടുന്നനെ ഞെട്ടി വിറച്ചു. “എന്തോ, എനിക്ക് അപകടം മണക്കുന്നു ആ പ്രദേശം അത്ര ശരിയല്ല

 

ക്യുസെയ്ൻ എഴുന്നേറ്റ് തന്റെ ബാഗ് കൈയിലെടുത്തു. പിന്നെ പോക്കറ്റിൽ നിനും സ്റ്റെച്ച്കിൻ പിസ്റ്റൾ പുറത്തെടുത്തു. “ഇത് നീ കണ്ടില്ലേ? ഭയപ്പെടാനൊന്നുമില്ല എന്നെ വിശ്വസിക്കൂ

 

“തീർച്ചയായും” അവൾക്ക് ആത്മവിശ്വാസം കൈവന്നത് പോലെ തോന്നി. “തീർച്ചയായും നിങ്ങളിലെനിക്ക് വിശ്വാസമുണ്ട്

 

അയാളുടെ കൈമുട്ടിന് മുകളിൽ മുറുകെ പിടിച്ച് കൊണ്ട് അയാൾക്കൊപ്പം ആ ഫാം ലക്ഷ്യമാക്കി അവൾ കുന്നിറങ്ങുവാൻ തുടങ്ങി.

 

                                                  ***

 

ഹെക്ടർ മൺഗോ അന്ന് രാവിലെ തന്നെ വാഹനവുമായി ലാർവിക്കിലേക്ക് പോയിരുന്നു. മിക്കവാറും എല്ലാ സാധനങ്ങളുടെയും സ്റ്റോക്ക് തീർന്നിരുന്നുവെങ്കിലും ഒറ്റ സിഗരറ്റ് പോലും ഇല്ലാതായപ്പോഴാണ് അയാൾ മാർക്കറ്റിൽ പോകാൻ തീരുമാനിച്ചത്. പന്നിയിറച്ചി, കോഴിമുട്ട, ടിന്നിലടച്ച വിവിധ തരം ഭക്ഷണ പദാർത്ഥങ്ങൾ, ഒരു കാർട്ടൻ സിഗരറ്റ്, ഒരു ബോട്ട്‌ൽ സ്കോച്ച് എന്നിവ വാങ്ങിയതിന് ശേഷം ഷോപ്പ് ഉടമയായ വൃദ്ധയോട് അതിന്റെയെല്ലാം കണക്ക് എഴുതി വച്ചുകൊള്ളാൻ പറഞ്ഞു. മൺഗോ സഹോദരന്മാരെ ഭയമായിരുന്നത് കൊണ്ട് അയാളെ അനുസരിക്കുക മാത്രമേ അവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ. അവർക്ക് മാത്രമല്ല, ആ നാട്ടിലെ സകലർക്കും ഭയമായിരുന്നു മൺഗോ സഹോദരന്മാരെ. ന്യൂസ്പേപ്പർ സ്റ്റാൻഡിൽ നിന്നും ഒരു പത്രവും വലിച്ചെടുത്ത് അയാൾ തന്റെ പഴയ വാനിൽ കയറി സ്വന്തം താവളത്തിലേക്ക് തിരിച്ചു.

 

ഒരു പഴയ ഫ്ലൈയിങ്ങ്  ജാക്കറ്റും തുണിത്തൊപ്പിയുമായിരുന്നു പരുക്കൻ മുഖമുള്ള ആ അറുപത്തിരണ്ടുകാരൻ ധരിച്ചിരുന്നത്. കുറ്റിരോമങ്ങൾ വളർന്നു നിൽക്കുന്ന ആ ഇരുണ്ട മുഖത്ത് ക്രൂരഭാവമാണ് മുന്നിട്ട് നിൽക്കുന്നത്. വാൻ മുറ്റത്ത് പാർക്ക് ചെയ്തിട്ട് സാധനങ്ങൾ വച്ചിരിക്കുന്ന കാർട്ടൺ എടുത്ത് അപ്പോഴും തോർന്നിട്ടില്ലാത്ത മഴയത്തു കൂടി ഓടിച്ചെന്ന് വാതിൽ ചവിട്ടിത്തുറന്നു.

 

ഒട്ടും അടുക്കും ചിട്ടയുമില്ലാതെ വൃത്തിഹീനമായിരുന്നു അടുക്കള. എച്ചിൽ നിറഞ്ഞ പാത്രങ്ങൾ സിങ്കിനുള്ളിൽ കുമിഞ്ഞു കൂടിക്കിടക്കുന്നു. അടുക്കളയിലെ മേശയ്ക്കരികിൽ തലയ്ക്ക് പിന്നിൽ കൈകൾ കെട്ടി വിജനതയിലേക്ക് കണ്ണും നട്ട് ചാരി ഇരിക്കുന്നുണ്ട് അയാളുടെ സഹോദരനായ ആംഗസ്. മുടി പറ്റെ വെട്ടിയ അയാളുടെ മുഖത്തെ വെളുത്ത മുറിപ്പാട് വലതുകണ്ണിന് മദ്ധ്യത്തിലൂടെ നെറ്റിയിലേക്ക് നീണ്ടിരിക്കുന്നു. ഹെക്ടറിനെപ്പോലെ തന്നെ ആരിലും ഭീതി ജനിപ്പിക്കുന്ന മുഖമായിരുന്നു ആ നാല്പത്തിയഞ്ചുകാരന്റേത്.

 

“നിങ്ങൾ പോയ വഴിയ്ക്ക് തുലഞ്ഞുപോയെന്നാണ് ഞാൻ കരുതിയത്” തന്റെ ജ്യേഷ്ഠൻ കൊണ്ടു വന്ന കാർട്ടണുള്ളിൽ പരതിയ അയാൾ വിസ്കി ബോട്ട്‌ൽ പുറത്തെടുത്ത് തുറന്ന് വലിയൊരു കവിൾ അകത്താക്കി. പിന്നെയാണ് അയാളുടെ കണ്ണുകൾ സിഗരറ്റ് കാർട്ടണിൽ പതിഞ്ഞത്.

 

“ബാസ്റ്റർഡ് കുഴിമടിയൻ” ഹെക്ടർ അവനെ ശകാരിച്ചു. “നിനക്ക് ആ സ്റ്റവ് എങ്കിലും ഒന്ന് കത്തിച്ചു കൂടേ?”

 

ജ്യേഷ്ഠനെ അവഗണിച്ച ആംഗസ് കുപ്പിയിൽ നിന്നും ഒരു കവിൾ കൂടി അകത്താക്കിയിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി ന്യൂസ്പേപ്പർ എടുത്ത് നിവർത്തി. സിങ്കിന് സമീപത്ത് നിന്നും തീപ്പെട്ടിയെടുത്ത് ഗ്യാസ് സ്റ്റവിൽ തീ കൊളുത്തിയ ഹെക്ടർ ഒരു നിമിഷം പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് അങ്ങോട്ട് നടന്നടുക്കുന്ന ക്യുസെയ്നെയും മൊറാഗിനെയുമാണ്.

 

“നമുക്ക് വിരുന്നുകാരുണ്ടല്ലോ” ഹെക്ടർ പറഞ്ഞു.

 

ആംഗസ് അയാളുടെ അരികിൽ വന്ന് പുറത്തേക്ക് നോക്കി. അയാളുടെ മുഖം പെട്ടെന്ന് വലിഞ്ഞു മുറുകി. “ഒരു മിനിറ്റ്” അയാൾ ആ ന്യൂസ്പേപ്പർ ഡ്രൈയിൻ ബോർഡിന് മേൽ നിവർത്തിയിട്ടു. “അയാളെ കണ്ടാൽ ഈ പത്രത്തിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിലേത് പോലെയില്ലേ?”

 

പത്രത്തിലെ ഫോട്ടോയും വാർത്തയും നിമിഷനേരം കൊണ്ട് പരിശോധിച്ച ഹെക്ടർ പറഞ്ഞു. “ജീസസ്! ഇവൻ ശരിയ്ക്കും പ്രശ്നക്കാരൻ തന്നെ നല്ലൊരു ഇരയെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്

 

“മാളത്തിൽ നിന്നും പുറത്ത് വന്ന മറ്റൊരു ചുണ്ടെലി” പുച്ഛത്തോടെ ആംഗസ് പറഞ്ഞു. “ഇവിടെ വന്ന മറ്റു പലരെയും പോലെ കാര്യം കഴിഞ്ഞിട്ട് ഇവനെയും നമുക്ക് തട്ടാം

 

“അത് ശരിയാണ്” ഹെക്ടർ തല കുലുക്കി.

 

“പക്ഷേ, ആ പെൺകുട്ടിയെ കൊല്ലണ്ട” കൈയുടെ പിൻഭാഗം കൊണ്ട് ആംഗസ് ചുണ്ട് തുടച്ചു. “അവളെ മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു അവൾ എനിക്കുള്ളതാണ് കിഴവാ അതോർമ്മ വേണം വരൂ, അവരെ നമുക്ക് ഉള്ളിലേക്ക് ക്ഷണിയ്ക്കാം” ആംഗസ് പറഞ്ഞു.

 

അടുത്ത നിമിഷം വാതിൽക്കൽ മുട്ടുന്ന ശബ്ദം കേൾക്കാറായി.

 

(തുടരും)


Wednesday, April 24, 2024

കൺഫെഷണൽ – 61

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 13

 

രണ്ട് കുന്നുകൾക്കിടയിലൂടെയുള്ള ആ ചുരം ദേശീയ വനം‌വകുപ്പിന്റെ ഭാഗമായിരുന്നു. റോഡിൽ നിന്നും അവർ പൈൻ മരങ്ങൾക്കിടയിലൂടെയുള്ള കാട്ടുപാതയിലേക്ക് ഇറങ്ങി. കനത്ത മഴയാൽ നിറഞ്ഞൊഴുകുന്ന അരുവിയുടെ ഓരത്തു കൂടി ആ ജീപ്പ് മല കയറുവാൻ തുടങ്ങി. ഒടുവിൽ അവർ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്തു കടന്ന് കുന്നിൻ മുകളിലെ നിരപ്പായ പ്രതലത്തിലെത്തി.

 

ക്യുസെയ്ൻ അവളുടെ ചുമലിൽ തട്ടി. “ഇവിടെയൊന്ന് നിർത്തൂ” എഞ്ചിന്റെ ഇരമ്പൽ കാരണം ഉച്ചത്തിൽ അയാൾ വിളിച്ചു പറഞ്ഞു.

 

അവൾ ജീപ്പ് നിർത്തി എഞ്ചിൻ ഓഫ് ചെയ്തു. ഇരുവശത്തും നീണ്ടുകിടക്കുന്ന മലനിരകൾ മഞ്ഞിലും മഴയിലും ദൂരെ കാഴ്ച്ചയിൽ നിന്ന് മറയുന്നു. ഓർഡ്‌നൻസ് മാപ്പ് പുറത്തെടുത്ത് അയാൾ ജീപ്പിൽ നിന്നും ഇറങ്ങി ഏതാനും അടി മുന്നോട്ട് നടന്നു. വളരെ കൃത്യതയുള്ള ഭൂപടമായിരുന്നുവത്. യാതൊരു ബുദ്ധിമുട്ടും കൂടാതെ അയാൾ ലാർവിക്ക് ഗ്രാമം കണ്ടുപിടിച്ചു. ആ ഗ്രാമത്തിൽ നിന്നും ഏതാനും മൈൽ അകലെ ഗ്ലെൻഡു എന്ന സ്ഥലത്താണ് മൺഗോ സഹോദരന്മാരുടെ ഫാം എന്നാണ് ഡാനി മാലൺ പറഞ്ഞിരുന്നത്. ബ്ലാക്ക് ഗ്ലെൻ എന്ന് ഗെയ്ലിക് ഭാഷയിൽ ഭൂപടത്തിൽ പറയുന്ന ആ പ്രദേശത്ത് ഒരേയൊരു ഫാം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുതന്നെ ആയിരിക്കണം മൺഗോ ഫാം. അല്പനേരം കൂടി ആ ഭൂപടത്തിലേക്കും പിന്നെ ദൂരെ താഴ്‌വാരത്തിലേക്കും നോക്കി വിലയിരുത്തിയതിന് ശേഷം അയാൾ ജീപ്പിനരികിലേക്ക് തിരിച്ചു വന്നു.

 

വായിച്ചുകൊണ്ടിരുന്ന ന്യൂസ്പേപ്പറിൽ നിന്നും മൊറാഗ് തലയുയർത്തി. “നിങ്ങളെക്കുറിച്ചും IRA യെക്കുറിച്ചും ഇതിൽ പറയുന്നതെല്ലാം സത്യമാണോ?”

 

പുറത്തെ മഴയത്ത് നിന്നും ക്യുസെയ്ൻ ജീപ്പിനുള്ളിലേക്ക് കയറി. “നിനക്കെന്ത് തോന്നുന്നു?”

 

“ഇതിൽ പറയുന്നത്, വൈദിക വേഷത്തിലാണ് പലപ്പോഴും നിങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത് എന്നാണ് എന്ന് വച്ചാൽ നിങ്ങളൊരു വൈദികനല്ലെന്നാണോ?”

 

ക്യുസെയ്ൻ പുഞ്ചിരിച്ചു. “പത്രക്കാർ പറയുന്നതല്ലേ അത് ശരിയായിരിക്കണമല്ലോ എന്താ, എന്നെപ്പോലെ ഒരുവന്റെ കൂടെ ഇറങ്ങിത്തിരിച്ചത് മണ്ടത്തരമായെന്ന് തോന്നുന്നുണ്ടോ നിനക്കിപ്പോൾ?”

 

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഡോണളിന്റെ ജീവൻ നിങ്ങൾ രക്ഷിച്ചു പിന്നെ എന്നെ സഹായിച്ചു മറേയുടെ കൈകളിൽ നിന്നും എന്നെ രക്ഷപെടുത്തിക്കൊണ്ട്” പത്രം മടക്കി ജീപ്പിന്റെ പിൻസീറ്റിലേക്കിട്ട് തിരിയുമ്പോൾ അവളുടെ മുഖത്ത് ആശ്ചര്യമായിരുന്നു. “പത്രത്തിൽ കാണുന്ന ആ നിങ്ങളും പിന്നെ എന്റെ മുന്നിൽ ഇരിക്കുന്ന ഈ നിങ്ങളും രണ്ടും വെവ്വേറെ വ്യക്തികളെപ്പോലെ തോന്നുന്നു

 

“നമ്മളിൽ ഭൂരിഭാഗം പേർക്കും ചുരുങ്ങിയത് മൂന്ന് വ്യക്തിത്വങ്ങളെങ്കിലും ഉണ്ടാവും” ക്യുസെയ്ൻ പറഞ്ഞു. “ഒന്ന്, എന്റെ വീക്ഷണത്തിലുള്ള ഞാൻ രണ്ട്, നിന്റെ വീക്ഷണത്തിലുള്ള ഞാൻ

 

“പിന്നെ മൂന്നാമതായി യഥാർത്ഥത്തിലുള്ള നിങ്ങളും” അവൾ ഇടയിൽ കയറി പറഞ്ഞു.

 

“സത്യം  എന്നാൽ ചിലർക്കാവട്ടെ, നിരന്തരമായി മാറിക്കൊണ്ടിരുന്നാൽ മാത്രമേ അതിജീവനം സാദ്ധ്യമാകൂ അവർ നിരവധി വ്യക്തിത്വങ്ങളായി മാറുന്നു പക്ഷേ, വിജയിക്കണമെങ്കിൽ ഓരോ വേഷത്തിനുള്ളിലും കയറിക്കൂടി അതുമായി അവർ താദാത്മ്യം പ്രാപിക്കണമെന്ന് മാത്രം

 

“ഒരു നടനെപ്പോലെ?” അവൾ ചോദിച്ചു.

 

“അതുതന്നെ ഏതൊരു നല്ല നടനെയും പോലെ, ആ കഥാപാത്രത്തിൽ നൂറ് ശതമാനവും വിശ്വാസവുമുണ്ടായിരിക്കണം

 

അയാൾക്ക് നേരെ പാതി തിരിഞ്ഞ് സീറ്റിൽ പിറകോട്ട് ചാരിക്കിടന്നു കൊണ്ട് അയാളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുകയായിരുന്നു അവൾ. അയാൾ അത് ശ്രദ്ധിക്കുകയും ചെയ്തു. വളരെ ശോചനീയമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന, ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്ത അവളുടെ അവസ്ഥയെക്കുറിച്ചോർക്കുകയായിരുന്നു അയാൾ. അതീവ ബുദ്ധിമതി തന്നെ ഇവൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

 

“അതുശരി” അവൾ പറഞ്ഞു. “എന്ന് വച്ചാൽ ഒരു വൈദികനായി നിങ്ങൾ വേഷം കെട്ടുമ്പോൾ ശരിയ്ക്കും നിങ്ങളൊരു വൈദികനായി മാറുകയാണെന്ന്

 

അവളുടെ ഋജുവായ സംസാരരീതി അയാളെ തെല്ല് അലോസരപ്പെടുത്തി. “ഉം, ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ” അല്പനേരത്തെ മൗനത്തിന് ശേഷം അയാൾ പതിഞ്ഞ സ്വരത്തിൽ തുടർന്നു. “അവിടെ നിന്നും എന്നെ രക്ഷിച്ചത് നീയാണ് നീയല്ലാതെ മറ്റു വല്ലവരും ആയിരുന്നെങ്കിൽ എന്റെ കൈകളിൽ വീണ്ടും വിലങ്ങ് വീണേനെ

 

“വീണ്ടുമോ? എന്ന് വച്ചാൽ?” അവൾ അത്ഭുതം കൊണ്ടു.

 

“ഇന്നലെയാണ് എന്നെ പോലീസ് പിടികൂടിയത് ഗ്ലാസ്ഗോയിലേക്ക് കൊണ്ടുപോകുന്ന വഴി ട്രെയിനിൽ നിന്നും ചാടി ഞാൻ രക്ഷപെട്ടു അവിടെ നിന്ന് മല കയറി വരുന്ന വഴിയാണ് നിന്നെ കണ്ടുമുട്ടുന്നത്

 

“ഡോണളിന്റെ ഭാഗ്യം” അവൾ പറഞ്ഞു. “അതുപോലെ തന്നെ എന്റെയും

 

“മറേയുടെ കാര്യമാണോ നീ പറഞ്ഞു വരുന്നത്? കുറേ കാലമായോ അവന്റെ ശല്യം തുടങ്ങിയിട്ട്?”

 

“എനിക്ക് ഏതാണ്ട് പതിമൂന്ന് വയസ്സ് ആയത് മുതൽ” ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു. “എന്റെ അമ്മ കൂടെയുണ്ടായിരുന്നപ്പോൾ അത്ര ശല്യമില്ലായിരുന്നു അവരുടെ ഒരു കണ്ണ് എപ്പോഴും അയാളുടെ മേൽ ഉണ്ടായിരുന്നു പക്ഷേ, അവർ പോയതിന് ശേഷം…………..” അവൾ ചുമൽ വെട്ടിച്ചു. “അതിന് ശേഷം അയാളുടെ ശല്യം തുടങ്ങി ഈ അടുത്ത കാലത്തായി തീരെ സഹിക്കാൻ പറ്റാതായി ഇവിടം വിട്ട് പോകുന്നതിനെക്കുറിച്ച് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്

 

“ഇവിടെ നിന്നും ഓടിപ്പോകാനോ? എങ്ങോട്ട്?”

 

“എന്റെ മുത്തശ്ശിയുടെ അടുത്തേക്ക് എന്റെ അമ്മയുടെ അമ്മ അവർ ഒരു ഒറിജിനൽ ജിപ്സിയാണ് പേര് ബ്രാനാ ബ്രാനാ സ്മിത്ത് പക്ഷേ, അവർ സ്വയം വിളിക്കുന്നത് ജിപ്സി റോസ് എന്നാണ്

 

“ഇതുപോലൊരു പേര് മുമ്പ് ഞാൻ കേട്ടിട്ടുള്ളത് പോലെ” ക്യുസെയ്ൻ പുഞ്ചിരിച്ചു.

 

“അവർക്കൊരു പ്രത്യേക സിദ്ധിയുണ്ട്” തികഞ്ഞ ഗൗരവത്തോടെ അവൾ പറഞ്ഞു. “അതീന്ദ്രിയ ജ്ഞാനം ഹസ്തരേഖ നോക്കി ഭാവി പ്രവചിക്കും പിന്നെ ക്രിസ്റ്റൽ, ടററ്റ് കാർഡ് എന്നിവ ഉപയോഗിച്ചും ലണ്ടനിലെ വാപ്പിങ്ങിൽ നദീതീരത്താണ് അവരുടെ വീട് മേളകളോ സഞ്ചരിച്ചുകൊണ്ടുള്ള പ്രദർശനങ്ങളോ ഒന്നും ഇല്ലാത്ത സമയത്ത് അവർ ആ വീട്ടിലാണ് താമസിക്കുന്നത്

 

“അപ്പോൾ അവരുടെ അടുത്തേക്ക് പോകണമെന്നാണോ നിന്റെ ആഗ്രഹം?”

 

“മുത്തശ്ശി എപ്പോഴും പറയുമായിരുന്നു, ഞാൻ വലുതായിക്കഴിഞ്ഞാൽ അങ്ങോട്ട് ചെല്ലണമെന്ന്” അവൾ ഒന്ന് ഇളകി ഇരുന്നു. “നിങ്ങളുടെ കാര്യം എങ്ങനെയാണ്? ലണ്ടനിലേക്ക് പോകാനുള്ള പ്ലാനുണ്ടോ?”

 

“ചിലപ്പോൾ” പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു.

 

“എങ്കിൽ നമുക്ക് ഒരുമിച്ച് പോകാം” തികച്ചും സ്വാഭാവികതയോടെയായിരുന്നു അവളുടെ പ്രതികരണം.

 

“ഇല്ല” മുഖത്തടിച്ചത് പോലെ അയാൾ പറഞ്ഞു. “അതിന് സാധിക്കുമെന്ന് തോന്നുന്നില്ല കാരണം, അത് നിന്നെ കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടിക്കുകയേയുള്ളൂ “മാത്രവുമല്ല, എന്റെ യാത്രയിൽ അമിത ബാഗേജ് കൊണ്ടുപോകാൻ ബുദ്ധിമുട്ടുമുണ്ട് ഓടേണ്ടി വരുമ്പോൾ ഇടംവലം നോക്കാതെ ഓടേണ്ടി വരും എനിക്ക് സ്വന്തം കാര്യമല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാൻ പോലും സമയം ഉണ്ടാവില്ല

 

ആ പറഞ്ഞത് അവളെ വേദനപ്പിച്ചുവെന്ന് ആ കണ്ണുകളിൽ നിന്നും അയാൾ മനസ്സിലാക്കി. എങ്കിലും അതവൾ മുഖത്ത് കാണിച്ചില്ല. ജീപ്പിൽ നിന്നും പുറത്തിറങ്ങി ആ കാട്ടുപാതയുടെ ഓരത്ത് ഇരുകൈകളും പോക്കറ്റിൽ തിരുകിക്കൊണ്ട് അവൾ നിന്നു. “എനിക്ക് മനസ്സിലാവുന്നു നിങ്ങൾ ജീപ്പുമായി പൊയ്ക്കോളൂ ഞാൻ തിരികെ നടന്ന് പൊയ്ക്കോളാം

 

ആ ക്യാമ്പിലെ അവസ്ഥ ഒരു നിമിഷം അയാളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു പോയി. വർഷങ്ങളായി അവൾ അവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം... ഏത് നിമിഷവും അവളെ കാത്തിരിക്കുന്ന കൊടുംപീഡനം ഇല്ല, അത് സംഭവിക്കാൻ പാടില്ല

 

“നിനക്കെന്താ ഭ്രാന്തുണ്ടോ?” ക്യുസെയ്ൻ ചോദിച്ചു. “നീ വണ്ടിയിൽ കയറൂ

 

“എന്തിന്?”

 

“ഞാൻ ഈ മാപ്പ് നോക്കിക്കൊണ്ടിരിക്കുമ്പോൾ പിന്നെ ജീപ്പ് ആരോടിക്കും? ഈ കുന്നിറങ്ങി ആ കാണുന്ന മലയും കടന്ന് അപ്പുറത്ത് ലാർവിക്ക് ഗ്രാമത്തിന് വെളിയിൽ ഗ്ലെൻഡു എന്നൊരു ഫാം ഉണ്ട്

 

ഡ്രൈവിങ്ങ് സീറ്റിൽ ചാടിക്കയറിയിരുന്ന് അവൾ പുഞ്ചിരിച്ചു. “നിങ്ങൾക്കവിടെ പരിചയക്കാരുണ്ടോ?”

 

“എന്ന് പറയാൻ പറ്റില്ല” തന്റെ ബാഗ് എത്തിയെടുത്ത് തുറന്ന് ക്യുസെയ്ൻ അതിനടിയിലെ രഹസ്യ അറയുടെ സിബ്ബ് വലിച്ചു തുറന്നു. അതിനുള്ളിൽ നിന്നും ഒരു കെട്ട് കറൻസി നോട്ട് പുറത്തെടുത്തിട്ട് അയാൾ പറഞ്ഞു. “ഈ സാധനം അവിടെയുള്ളവർക്ക് ഇഷ്ടപ്പെടാതിരിക്കില്ല നോട്ടുകെട്ടുകൾ കണ്ടാൽ ആരാണ് വേണ്ടെന്ന് പറയുക” കുറേക്കൂടി നോട്ടുകൾ വലിച്ചെടുത്തിട്ട് അയാൾ അവളുടെ റീഫർകോട്ടിന്റെ നെഞ്ചിലെ പോക്കറ്റിൽ തിരുകി. “നിന്റെ മുത്തശ്ശിയുടെ അടുത്ത് എത്തുന്നത് വരെയുള്ള ചെലവിന് ഇത് ഉപകരിക്കും

 

അവളുടെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. “ഇല്ല എനിക്കിത് വാങ്ങാനാവില്ല

 

“ഇത് വാങ്ങുന്നതിൽ ഒരു തെറ്റുമില്ല നീ വണ്ടി എടുക്ക്

 

ജീപ്പ് സ്റ്റാർട്ട് ചെയ്ത് ലോ ഗിയറിൽ ശ്രദ്ധാപൂർവ്വം അവൾ കുന്നിറങ്ങുവാൻ തുടങ്ങി. “നിങ്ങൾ പറഞ്ഞ ആ ഫാമിൽ എത്തിയിട്ട് പിന്നെന്ത് സംഭവിക്കും? എന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്

 

“അതവിടെ ചെന്നതിന് ശേഷം നോക്കാം ലണ്ടനിലേക്കുള്ള ട്രെയിൻ പിടിക്കുന്നതായിരിക്കും ഉചിതം നീ ഒറ്റയ്ക്ക് നിന്നെക്കൊണ്ടതിന് കഴിയും അവർക്ക് എന്നെയാണ് വേണ്ടത് എന്നോടൊപ്പം വരുന്നത് നിന്നെ അപകടത്തിലാക്കുകയേ ഉള്ളൂ

 

അവൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ക്യുസെയ്ൻ തന്റെ കൈയിലെ ഭൂപടത്തിൽ വീണ്ടും മുഴുകി. അല്പസമയം കഴിഞ്ഞ് അവൾ മൗനം ഭഞ്ജിച്ചു. “ഞാനും മറേയും തമ്മിലുള്ള പ്രശ്നം അത് നിങ്ങളുടെ മനഃസമാധാനം കെടുത്തുന്നുണ്ടോ? അയാളുടെ ദുഷ്ടതയുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്

 

“ദുഷ്ടത?” ക്യുസെയ്ൻ ചെറുതായൊന്ന് പുഞ്ചിരിച്ചു. “മൈ ഡിയർ ഗേൾ, ദുഷ്ടത എന്നാൽ ശരിയ്ക്കും എന്താണന്ന് നിനക്കറിയില്ല മറേയുടെ മുന്നിൽ മൃഗങ്ങൾ തോറ്റു പോകുമെങ്കിലും ശരിയ്ക്കുള്ള ദുഷ്ടത ഇതിലും എത്രയോ ക്രൂരമാണ് അധികം പേരും അവരുടെ ആയുഷ്ക്കാലത്ത് അനുഭവിച്ചു തീർക്കുന്നതിനേക്കാൾ ദുഷ്ടത ഒരാഴ്ച്ചത്തെ കുമ്പസാരത്തിലൂടെ ഒരു വൈദികന് കേൾക്കാൻ കഴിയും

 

മുഖം തിരിച്ച് ഒരു നിമിഷം അവൾ അയാളെ നോക്കി. “നിങ്ങൾ ഒരു വൈദികനായി അഭിനയിക്കുകയാണെന്നല്ലേ പറഞ്ഞത്?”

 

“അങ്ങനെ പറഞ്ഞോ ഞാൻ?” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് പിറകോട്ട് ചാരിയിരുന്ന് അയാൾ കണ്ണുകളടച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Wednesday, April 17, 2024

കൺഫെഷണൽ – 60

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വനത്തിലൂടെ പാഞ്ഞെത്തിയ ക്യുസെയ്ൻ ബിർച്ച് മരങ്ങൾക്കിടയിൽ കാട് വെട്ടിത്തെളിച്ചയിടത്ത് അവളെ കണ്ടെത്തി. മലർന്ന് കിടക്കുന്ന മൊറാഗിന് മുകളിൽ കയറിയിരുന്ന് ബലപ്രയോഗം നടത്തുന്ന മറേയുടെ കണ്ണുകളിൽ കാമം മാത്രമേയുണ്ടായിരുന്നുള്ളൂ. അവളുടെ മാറിടത്തിൽ കടന്നു പിടിച്ച അയാളെ തള്ളി നീക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. അരികിലെത്തിയ ക്യുസെയ്ൻ അയാളുടെ നീണ്ട തലമുടിയിൽ കടന്നുപിടിച്ച് ചുഴറ്റി ശക്തിയായി വലിച്ചു. ഇത്തവണ വേദന കൊണ്ട് അലറി വിളിച്ചത് മറേയായിരുന്നു. മുടിയിൽ പിടിച്ച് എഴുന്നേൽപ്പിച്ച മറേയെ ഒന്ന് വട്ടം കറക്കി ഒരു നിമിഷം നിർത്തിയിട്ട് ക്യുസെയ്ൻ ശക്തിയായി ദൂരേയ്ക്ക് പിടിച്ചു തള്ളി.

 

“ഇനി അവളെ തൊട്ടുപോകരുത്!” ക്യുസെയ്ൻ അലറി.

 

അപ്പോഴേക്കും കൈയിൽ ഷോട്ട്ഗണ്ണുമായി ഹാമിഷ് ഫിൻലേയും എത്തി. “മറേ, നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്

 

എന്നാൽ ആ വൃദ്ധനെ അവഗണിച്ചുകൊണ്ട് രൗദ്രതയോടെ മറേ ക്യുസെയ്ന് നേരെ പാഞ്ഞടുത്തു. “നിന്നെ ഞാനിന്ന് ശരിയാക്കുന്നുണ്ട്, കീടമേ…!

 

അടിക്കുവാനായി കൈയുയർത്തി മറേ പാഞ്ഞെത്തിയതും ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ക്യുസെയ്ൻ ഇടതുകൈയുടെ മുഷ്ടി ചുരുട്ടി അയാളുടെ കിഡ്നി ഉന്നം വച്ച് പ്രഹരിച്ചു. മുട്ടുകുത്തി വീണ മറേ ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നുപോയി. പിന്നെ ചാടിയെഴുന്നേറ്റ അയാൾ ആക്രമിക്കുവാനായി പൂർവ്വാധികം ശക്തിയോടെ വീണ്ടും മുന്നോട്ടാഞ്ഞു. ക്യുസെയ്ന്റെ ഇടതു മുഷ്ടി അയാളുടെ വാരിയെല്ലുകൾക്ക് താഴെ പതിച്ചു. തൊട്ടുപിന്നാലെ അയാളുടെ മുഖത്ത് പതിഞ്ഞ വലതു മുഷ്ടിയുടെ ശക്തിയിൽ കവിളിൽ ആഴത്തിൽ മുറിവേറ്റു.

 

“മറേ, ആവശ്യനേരത്ത് എന്റെ ദൈവം ഉഗ്രകോപിയാണ്” രണ്ടാമതൊരു പ്രഹരം കൂടി അയാളുടെ മുഖത്തേൽപ്പിച്ചിട്ട് ക്യുസെയ്ൻ പറഞ്ഞു. “ഇനി നീ ഇവളെ തൊട്ടാൽ നിന്റെ അന്ത്യമാണ് മനസ്സിലായോ?”

 

മറേയുടെ കാൽമുട്ടിന് തൊട്ടുതാഴെ ക്യുസെയ്ൻ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ആജാനുബാഹുവായ അയാൾ മുട്ടുകുത്തി വീണു.

 

വയസ്സൻ ഫിൻലേ മുന്നോട്ട് വന്നു. “ബാസ്റ്റർഡ്, നിനക്ക് അവസാനത്തെ വാണിങ്ങ് തന്നിരുന്നു ഞാൻ” തോക്കിന്റെ ബാരൽ കൊണ്ട് അയാൾ മറേയെ കുത്തി. “ഈ നിമിഷം നീ ഞങ്ങളുടെ ക്യാമ്പ് വിട്ട് പോകുന്നു നിനക്ക് ഇനി നിന്റെ വഴി

 

വേദനയോടെ എഴുന്നേറ്റ മറേ മുടന്തിക്കൊണ്ട് ക്യാമ്പിന് നേർക്ക് നടന്നു. “എന്റെ ദൈവമേ, നിങ്ങൾ ഒരു ജോലിയും പാതിയാക്കി നിർത്തില്ല അല്ലേ?” ഫിൻലേ ക്യുസെയ്നോട് ചോദിച്ചു.

 

“അതിലെന്താണൊരു രസം?” ക്യുസെയ്ൻ മറുചോദ്യമെയ്തു.

 

ചൂണ്ടക്കോലും മീൻകൂടയും എടുത്ത മൊറാഗ് ഒരു നിമിഷം ക്യുസെയ്നെയും നോക്കിക്കൊണ്ട് അന്തംവിട്ട് നിന്നു. അവിശ്വസനീയതയും അത്ഭുതവുമായിരുന്നു അവളുടെ മുഖത്ത്. പിന്നെ തിരിഞ്ഞു. “ഞാൻ പോയി പ്രാതൽ ശരിയാക്കട്ടെ” പതിഞ്ഞ സ്വരത്തിൽ പറഞ്ഞിട്ട് അവൾ ക്യാമ്പിന് നേർക്ക് ഓടിപ്പോയി.

 

ക്യാമ്പിന് സമീപത്ത് നിന്നും ജീപ്പിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കാറായി. “അയാൾ എന്റെ സമയം മെനക്കെടുത്തിയില്ല” ക്യുസെയ്ൻ പറഞ്ഞു.

 

“അങ്ങനെ അക്കാര്യത്തിന് ഒരു പരിഹാരമായി വരൂ, നമുക്ക് ചെന്ന് പ്രാതൽ കഴിക്കാം” ഫിൻലേ പറഞ്ഞു.

 

                                                     ***

 

വൈറ്റ്ചാപ്പലിലെ ഒരു ന്യൂസ്പേപ്പർ സ്റ്റാളിന് മുന്നിൽ ജീപ്പ് നിർത്തിയ മറേ ഫിൻലേ എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് അല്പനേരം സീറ്റിൽത്തന്നെയിരുന്നു. മകൻ ഡോണൾ തൊട്ടരികിൽത്തന്നെ ഇരിക്കുന്നുണ്ട്. തന്റെ പിതാവിനെ ഭയവും വെറുപ്പുമായിരുന്നു അവന്. കൂടെ വരാൻ ഒട്ടും താല്പര്യമില്ലായിരുന്നുവെങ്കിലും അയാൾ ഭീഷണിപ്പെടുത്തി കൊണ്ടുവരികയായിരുന്നു അവനെ.

 

“ഇവിടെത്തന്നെ ഇരുന്നോണം ഞാൻ പുകയില വാങ്ങിയിട്ടു വരാം” അയാൾ പറഞ്ഞു.

 

ന്യൂസ്പേപ്പർ ഷോപ്പിന്റെ കവാടത്തിന് മുന്നിൽ ചെന്ന് അയാൾ ഡോർ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് ഷോപ്പ് ഇനിയും തുറന്നിട്ടില്ലെന്ന്. ശപിച്ചുകൊണ്ട് പിന്തിരിയാൻ തുനിഞ്ഞ അയാൾ പൊടുന്നനെ നിന്നു. ഷോപ്പിന്റെ മുന്നിൽ അടുക്കി വച്ചിരിക്കുന്ന അന്നത്തെ പത്രക്കെട്ടിന്റെ ഫ്രണ്ട് പേജിലെ ഫോട്ടോയാണ് അയാളുടെ കണ്ണിലുടക്കിയത്. പോക്കറ്റിൽ നിന്നും കത്തിയെടുത്ത് കെട്ട് പൊട്ടിച്ച് അതിൽ നിന്നും ഒരു പത്രം അയാൾ വലിച്ചെടുത്തു.

 

“അത് ശരി, അപ്പോൾ അങ്ങനെയാണല്ലേ ബാസ്റ്റർഡ് നീ ഇനി രക്ഷപെടുന്നതൊന്ന് കാണണം” അയാൾ തിരിഞ്ഞ് തെരുവിന്റെയറ്റത്തുള്ള പോലീസ് കോട്ടേജിന് നേർക്ക് തിടുക്കത്തിൽ ചെന്ന് അതിന്റെ ഗേറ്റ് തുറന്നു.

 

എന്താണ് സംഭവമെന്നറിയാതെ അമ്പരന്ന ഡോണൾ ജീപ്പിൽ നിന്നും ഇറങ്ങി ആ പത്രക്കെട്ടിനുള്ളിൽ നിന്നും ഒരെണ്ണം എടുത്ത് നോക്കി. ക്യുസെയ്ന്റെ തരക്കേടില്ലാത്ത ഒരു ഫോട്ടോ ആയിരുന്നു അതിന്റെ ഫ്രണ്ട് പേജിൽ അവൻ കണ്ടത്. തന്റെ ജീവൻ രക്ഷിച്ച ആ മനുഷ്യന്റെ ഫോട്ടോയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഒരു നിമിഷം നിന്ന അവൻ തിരിഞ്ഞ് വന്ന വഴിയേ പരമാവധി വേഗത്തിൽ ഓടി.

 

                                                         ***

 

പ്രാതൽ കഴിഞ്ഞ് തകരപ്പാത്രങ്ങൾ കഴുകി അടുക്കിവച്ചുകൊണ്ടിരിക്കുകയാണ് മൊറാഗ്. അപ്പോഴാണ് ഡോണൾ ഓടിക്കിതച്ച് അവിടെയെത്തിയത്.

 

“എന്ത് പറ്റി നിനക്ക്?” അവന്റെ വെപ്രാളം കണ്ട് അവൾ വിളിച്ചു ചോദിച്ചു.

 

“ആ ഫാദർ എവിടെ?”

 

“മുത്തശ്ശന്റെ കൂടെ വനത്തിൽ നടക്കാൻ പോയിരിക്കുകയാണ് കാര്യമെന്താണ്?”

 

അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്ന ജീപ്പിന്റെ സ്വരം അപ്പോഴേക്കും കേൾക്കാറായി. ഡോണൾ ആ ന്യൂസ്പേപ്പർ നിവർത്തിക്കാണിച്ചു. “ഇത് നോക്ക് അദ്ദേഹത്തിന്റെ ചിത്രം

 

ശരിയായിരുന്നു. ഫെർഗൂസൺ നൽകിയ വിവരങ്ങളെല്ലാം ആ വാർത്തയിലുണ്ടായിരുന്നു. പുരോഹിതന്റെ വേഷത്തിൽ നടക്കുന്ന അയാൾ ഒരു IRA പ്രവർത്തകൻ മാത്രമല്ല, അത്യന്തം അപകടകാരിയായ ഒരു കൊലയാളിയുമാണത്രെ.

 

കുതിച്ചെത്തിയ ജീപ്പിൽ നിന്നും ഷോട്ട്ഗണ്ണുമായി ചാടിയിറങ്ങിയ മറേയോടൊപ്പം ആ ഗ്രാമത്തിലെ പോലീസ് കോൺസ്റ്റബിളും ഉണ്ടായിരുന്നു. യൂണിഫോമിൽ ആയിരുന്ന അയാൾക്ക് താടിരോമങ്ങൾ ഷേവ് ചെയ്യാൻ സമയം ലഭിച്ചിരുന്നില്ല.

 

“എവിടെ അവൻ?” മറേ തന്റെ മകന്റെ തലമുടിയിൽ പിടിച്ച് ശക്തിയായി ഉലച്ചു. “പറയെടാ വൃത്തികെട്ടവനേ…!  അയാൾ അലറി.

 

“വനത്തിനുള്ളിൽ” ഡോണൾ വേദനകൊണ്ട് പുളഞ്ഞു.

 

അവനെ ദൂരേയ്ക്ക് തള്ളി മാറ്റിയിട്ട് മറേ പോലീസ് കോൺസ്റ്റബിളിനെ നോക്കി തല വെട്ടിച്ചു. “വരൂ, നമുക്കയാളെ പിടികൂടാം” അയാൾ തിരിഞ്ഞ് കോൺസ്റ്റബിളിനോടൊപ്പം വനത്തിനുള്ളിലേക്ക് തിടുക്കത്തിൽ നടന്നു.

 

മൊറാഗിന് ഒട്ടും ആലോചിക്കാനേ ഉണ്ടായിരുന്നില്ല. വാഗണിനുള്ളിൽ ചെന്ന് ക്യുസെയ്ന്റെ ബാഗെടുത്ത് ജീപ്പിനുള്ളിലേക്ക് എറിഞ്ഞു. എന്നിട്ട് ഡ്രൈവിങ്ങ് സീറ്റിൽ ചാടിക്കയറി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. മുമ്പ് പലപ്പോഴും വാഹനം ഓടിച്ചിട്ടുള്ളത് കൊണ്ട് എന്താണ് താൻ ചെയ്യുന്നതെന്ന് നന്നായിട്ടറിയാമായിരുന്നു അവൾക്ക്. ഇരമ്പിച്ചുകൊണ്ട് അവൾ ജീപ്പ് മുന്നോട്ടെടുത്തു. പാഞ്ഞു വരുന്ന ജീപ്പ് കണ്ട് രോഷാകുലനായ മറേ തന്റെ ഷോട്ട്ഗണ്ണിന്റെ പാത്തി കൊണ്ട് അവളെ അടിക്കുവാൻ തുനിഞ്ഞെങ്കിലും സ്റ്റിയറിങ്ങ് വെട്ടിച്ച് അയാളെ ഒരു വശത്തേക്ക് വീഴ്ത്തിയിട്ട് അവൾ വനത്തിനുള്ളിലേക്ക് പായിച്ചു. ബഹളം കേട്ട് ക്യാമ്പിന് നേർക്ക് ഓടി വന്നുകൊണ്ടിരുന്ന ക്യുസെയ്ന്റെയും ഹാമിഷ് ഫിൻലേയുടെയും അരികിൽ അവൾ സഡൻ ബ്രേക്ക് ചെയ്ത് ജീപ്പ് നിർത്തി.

 

“എന്താണിത് കുട്ടീ?” ഫിൻലേ പരിഭ്രമത്തോടെ ചോദിച്ചു.

 

“മറേ പോലീസിനെയും കൊണ്ട് വരുന്നുണ്ട് ജീപ്പിൽ കയറൂ പെട്ടെന്ന്!” അവൾ ക്യുസെയ്നോട് പറഞ്ഞു.

 

ക്യുസെയ്ൻ തർക്കിക്കാനൊന്നും നിന്നില്ല. അയാൾ ജീപ്പിൽ ചാടിക്കയറി അവൾക്കരികിൽ ഇരുന്നു. മരങ്ങൾക്കിടയിലൂടെ വട്ടം കറക്കി ജീപ്പ് മുന്നോട്ട് വീശിയെടുത്തപ്പോഴേക്കും മറേയും പോലീസ് കോൺസ്റ്റബിളും എത്തിക്കഴിഞ്ഞിരുന്നു. തങ്ങളുടെ നേർക്ക് പാഞ്ഞു വരുന്ന ജീപ്പ് കണ്ട് അവർ ഇരുവരും വശങ്ങളിലേക്ക് ചാടി ഒഴിഞ്ഞു മാറി. വനത്തിലെ പരുക്കൻ പ്രതലത്തിലൂടെ കുതിച്ച് ചാടി പുറത്തു കടന്ന ജീപ്പ് റോഡിലേക്ക് തിരിഞ്ഞു.

 

റോഡിലെത്തിയതും അവൾ ബ്രേക്ക് ചെയ്ത് ജീപ്പ് നിർത്തി. “വൈറ്റ്ചാപ്പലിലേക്ക് പോകുന്നത് ബുദ്ധിയല്ല അവർ റോഡ് ബ്ലോക്ക് ചെയ്യാൻ സാദ്ധ്യതയില്ലേ?”

 

“ഒരു സംശയവും വേണ്ട സകല റോഡുകളും അവർ ബ്ലോക്ക് ചെയ്യും” ക്യുസെയ്ൻ പറഞ്ഞു.

 

“അപ്പോൾ പിന്നെ എങ്ങോട്ട് പോകും നമ്മൾ?”

 

നമ്മളോ?” ക്യുസെയ്ൻ ചോദിച്ചു.

 

“തർക്കിക്കാൻ നിൽക്കണ്ട, മിസ്റ്റർ ക്യുസെയ്ൻ ഇവിടെ നിന്നാൽ നിങ്ങളെ സഹായിച്ചതിന് എന്നെയും അവർ അറസ്റ്റ് ചെയ്യും

 

ഡോണൾ കൊണ്ടുവന്ന ന്യൂസ്പേപ്പർ അവൾ അയാൾക്ക് നേരെ നീട്ടി. തന്റെ ചിത്രം സഹിതമുള്ള വാർത്ത അയാൾ നിമിഷനേരം കൊണ്ട് വായിച്ചു തീർത്തു. ചുണ്ട് കോട്ടിക്കൊണ്ട് ക്യുസെയ്ൻ ഒന്ന് ചിരിച്ചു. താൻ കരുതിയതിനെക്കാൾ വേഗത്തിൽ അവർ തന്റെ പിന്നാലെയുണ്ട്

 

“പറയൂ, എങ്ങോട്ട് പോകും?” അക്ഷമയോടെ അവൾ ചോദിച്ചു.

 

ദ്രുതഗതിയിലായിരുന്നു ക്യുസെയ്ന്റെ തീരുമാനം. “ഇടത്തോട്ട് തിരിഞ്ഞ് കുന്നിൻ‌മുകളിലേക്ക് കയറിക്കോളൂ ലാർവിക്ക് ഗ്രാമത്തിന് വെളിയിലുള്ള ഒരു ഫാമിലേക്ക് പോകാൻ പറ്റുമോയെന്ന് നമുക്ക് നോക്കാം ആ കുന്നുകളുടെ അപ്പുറത്താണത് ഏത് കാട്ടിലൂടെയും മലയിലൂടെയും കയറിപ്പോകാൻ ഈ ജീപ്പിന് കഴിയുമെന്നല്ലേ അവർ അവകാശപ്പെടുന്നത് അപ്പോൾ പിന്നെ റോഡിന്റെ ആവശ്യമെന്താണ്? നിന്നെക്കൊണ്ട് സാധിക്കുമോ അതിന്?”

 

“സാധിക്കുമോയെന്നോ? നോക്കിക്കോളൂ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന്” അവൾ ജീപ്പ് മുന്നോട്ടെടുത്തു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Wednesday, April 10, 2024

കൺഫെഷണൽ – 59

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


താഴ്‌ന്ന പ്രദേശത്ത്, തീർത്തും ദയനീയമായ അവസ്ഥയിലായിരുന്നു അവരുടെ വാസസ്ഥലം. തുന്നിക്കൂട്ടിയ ക്യാൻവാസ് മേൽക്കൂരയുള്ള പഴക്കമേറിയ മൂന്ന് വാഗണുകളിലായിരുന്നു അവർ താമസിച്ചിരുന്നത്. അപ്പോൾ അവിടെ കാണാനുണ്ടായിരുന്ന ഏക മോട്ടോർ വാഹനം കാക്കിപ്പച്ച പെയിന്റടിച്ച, രണ്ടാം ലോകമഹായുദ്ധകാലത്തെ വിന്റേജ് മോഡൽ ജീപ്പ് മാത്രമായിരുന്നു. എവിടെ നോക്കിയാലും ദാരിദ്ര്യത്തിന്റെ ബാക്കിപത്രം മാത്രം. തുറസ്സായ സ്ഥലത്ത് കൂട്ടിയിരിക്കുന്ന അടുപ്പിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്ന മൂന്ന് സ്ത്രീകളുടെയും വസ്ത്രങ്ങൾ പലയിടത്തും പിഞ്ഞിക്കീറിയിട്ടുണ്ട്. അരുവിയുടെ സമീപത്തായി മേഞ്ഞു നടക്കുന്ന അര ഡസനോളം കുതിരകൾക്കിടയിലൂടെ നഗ്നപാദരായി ഓടിക്കളിക്കുന്ന കൊച്ചുകുട്ടികൾ.

 

സ്വപ്നങ്ങളേതുമില്ലാത്ത സുഖകരമായ ഗാഢനിദ്രയിലായിരുന്ന ക്യുസെയ്ൻ കണ്ണ് തുറന്നപ്പോൾ കണ്ടത് എതിർവശത്തെ ബങ്കിൽ തന്നെയും നോക്കിക്കൊണ്ടിരിക്കുന്ന മൊറാഗ് എന്ന ആ പെൺകുട്ടിയെയാണ്.

 

“ഹലോ” ക്യുസെയ്ൻ പുഞ്ചിരിച്ചു.

 

“ഇതേതായാലും രസകരമായിരിക്കുന്നു” അവൾ പറഞ്ഞു. “ഒരു നിമിഷം കൊണ്ട് നിങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീണു പിന്നെ പെട്ടെന്നൊരു നിമിഷത്തിൽ ഉറക്കമുണർന്ന് കണ്ണും മിഴിച്ച് തികച്ചും ഊർജ്ജസ്വലനായിരിക്കുന്നു എങ്ങനെ പഠിച്ചെടുത്തു ഈ വിദ്യ?”

 

“ജീവിതം പഠിപ്പിച്ചതാണ്” അയാൾ വാച്ചിലേക്ക് നോക്കി. “ആറര ആയിട്ടേയുള്ളല്ലോ

 

“ഇവിടെ ഞങ്ങൾ നേരത്തേ എഴുന്നേൽക്കും” അവൾ വാഗണിന്റെ പുറത്തേക്ക് ചൂണ്ടിക്കാണിച്ചു. പുറത്ത് നിന്ന് ആൾപ്പെരുമാറ്റത്തിന്റെ ശബ്ദവും മൊരിഞ്ഞ പന്നിയിറച്ചിയുടെ ഗന്ധവും വരുന്നുണ്ടായിരുന്നു.

 

“ഞാൻ നിങ്ങളുടെ വസ്ത്രങ്ങളെല്ലാം കഴുകിയുണക്കിയിട്ടുണ്ട്” അവൾ പറഞ്ഞു. “ഞാൻ അല്പം ചായ എടുക്കട്ടെ?”

 

അവളുടെ ഓരോ പ്രവൃത്തിയിലും വല്ലാത്തൊരു തിടുക്കവും ആകാംക്ഷയും ഉള്ളത് പോലെ തോന്നി. തന്നെ പ്രീതിപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് പോലെ. അത് അയാളുടെ മനസ്സിൽ തട്ടുകയും ചെയ്തു. അയാൾ മുന്നോട്ടാഞ്ഞ് കൈയെത്തി അവളുടെ ടാം ഓ’ഷാന്റർ തൊപ്പി ഒരു ചെവിയുടെ വശത്തേക്ക് കുറച്ചുകൂടി ഇറക്കി വച്ചു കൊടുത്തു. “ഇപ്പോഴാണ് കാണാൻ ഒന്നുകൂടി ഭംഗി

 

“എന്റെ അമ്മ തയ്ച്ചു തന്നതാണിത്” തൊപ്പി തലയിൽ നിന്നും എടുത്ത് ദുഃഖത്തോടെ അവൾ അതിലേക്ക് നോക്കി.

 

“നന്നായിട്ടുണ്ട് അവർ ഇവിടെത്തന്നെയുണ്ടോ?”

 

“ഇല്ല” ടാം ഓ’ഷാന്റർ തിരികെ തലയിൽ വച്ചിട്ട് അവൾ പറഞ്ഞു. “മക് ടാവിഷ് എന്നൊരു മനുഷ്യന്റെയൊപ്പം കഴിഞ്ഞ വർഷം ഓടിപ്പോയി പിന്നീട് ഇരുവരും ആസ്ട്രേലിയയിലേക്ക് കടന്നു

 

“അപ്പോൾ നിന്റെ അച്ഛനോ?”

 

“ഞാൻ ഒരു കൈക്കുഞ്ഞായിരുന്ന സമയത്ത് തന്നെ ഞങ്ങളെ ഉപേക്ഷിച്ച് പോയി” അവൾ ചുമൽ വെട്ടിച്ചു. “പക്ഷേ, എനിക്കതിൽ വിഷമമൊന്നുമില്ല

 

“ആ കൊച്ചു പയ്യൻ ഡോണൾ നിന്റെ സഹോദരനാണോ അവൻ?”

 

“അല്ല അവന്റെ പിതാവ് എന്റെ കസിനാണ് മറേ ഇന്നലെ നിങ്ങൾ അയാളെ കണ്ടിരുന്നു ഓർമ്മയില്ലേ?”

 

“ആഹ്, ഓർമ്മയുണ്ട് നിനക്കയാളെ വെറുപ്പാണല്ലേ?”

 

അവളുടെ ദേഹം ദ്വേഷ്യം കൊണ്ട് വിറച്ചു. “ഒട്ടും ശരിയല്ല അയാൾ

 

തലേദിവസം നടന്ന സംഭവത്തിന്റെ ഓർമ്മയിൽ ക്യുസെയ്ന്റെയുള്ളിലും രോഷം തിളച്ചു കയറുന്നുണ്ടായിരുന്നു. എങ്കിലും അത് നിയന്ത്രിച്ചിട്ട് പറഞ്ഞു. “നീ നേരത്തെ പറഞ്ഞ ആ ചായ കിട്ടുമോ? പിന്നെ, എന്റെ ഡ്രെസ്സ് കിട്ടിയാൽ വസ്ത്രം ധരിക്കുകയും ചെയ്യാമായിരുന്നു

 

ഒരു പതിനാറ് വയസ്സുകാരിയുടെ മറുപടി ആയിരുന്നില്ല അവളുടെ വായിൽ നിന്നും വന്നത്. അത് അയാളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. “അതെന്താ ഫാദർ, എന്റെ മുന്നിൽ ഇങ്ങനെയിരുന്നാൽ ആത്മനിയന്ത്രണം കൈവിട്ടു പോകുമോയെന്ന ഭയമാണോ?” അവൾ കണ്ണിറുക്കിക്കൊണ്ട് ചിരിച്ചു. “ഞാൻ പോയി ചായ എടുത്തുകൊണ്ടുവരാം” ചാടിത്തുള്ളി അവൾ പുറത്തേക്ക് പോയി.

 

അയാളുടെ സ്യൂട്ട് നന്നായി കഴുകി ഉണക്കിയിട്ടുണ്ടായിരുന്നു. ക്ലെറിക്കൽ കോളറും വെസ്റ്റും ഒഴിവാക്കി ബാക്കി വസ്ത്രങ്ങൾ പെട്ടെന്ന് തന്നെ അയാൾ അണിഞ്ഞു. അതിന് പകരം കനം കുറഞ്ഞ ഒരു പോളോ നെക്ക് സ്വെറ്റർ ആണ് ധരിച്ചത്. എന്നിട്ട് റെയിൻകോട്ട് എടുത്തണിഞ്ഞ് ക്യുസെയ്ൻ പുറത്തിറങ്ങി. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

 

ചുണ്ടിൽ എരിയുന്ന പൈപ്പുമായി ഒരു വാഗണിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു മറേ ഫിൻലേ. മകൻ ഡോണൾ അയാളുടെ കാൽചുവട്ടിൽ ഇരിക്കുന്നുണ്ട്.

 

“ഗുഡ് മോണിങ്ങ്” ക്യുസെയ്ൻ അഭിവാദ്യം ചെയ്തു. എന്നാൽ നീരസത്തോട് അയാളെ ഒന്ന് നോക്കുക മാത്രമാണ് മറേ ചെയ്തത്.

 

അടുപ്പിനരികിൽ നിന്നും ഒരു ഇനാമൽ കപ്പിൽ ക്യുസെയ്നുള്ള ചായയുമായി മൊറാഗ് എത്തി. “എനിക്ക് ചായയില്ലേ?” മറേ അവളോട് ചോദിച്ചു.

 

അവൾ ആ ചോദ്യം കേട്ടതായി നടിച്ചില്ല. “നിന്റെ മുത്തശ്ശൻ എവിടെ?” ക്യുസെയ്ൻ ചോദിച്ചു.

 

“തടാകത്തിൽ മീൻ പിടിക്കാൻ പോയിരിക്കുകയാണ് ഞാൻ കാണിച്ചു തരാം ചായയുമെടുത്ത് വന്നോളൂ

 

തലയിൽ വച്ചിരിക്കുന്ന ടാം ഓ’ഷാന്റർ അവൾക്ക് വല്ലാത്തൊരു ആകർഷണം നൽകുന്നതായി തോന്നി. പിഞ്ഞിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിലും അതിന്റെ ചമ്മലൊന്നും ഉണ്ടായിരുന്നില്ല അവൾക്ക്. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഈ ലോകത്തോട് മല്ലിട്ടു കൊണ്ട് നടക്കുന്ന പ്രകൃതം. മറേയെപ്പോലുള്ള ദുഷ്ടന്മാരുടെ ഇടയിൽ വരും വർഷങ്ങളിൽ എങ്ങനെ ഇവൾ ജീവിക്കും എന്നോർത്തപ്പോൾ ക്യുസെയ്ന് വിഷമം തോന്നാതിരുന്നില്ല.

 

അല്പം ഉയർന്ന പ്രദേശത്തിനപ്പുറമുള്ള ആ തടാകത്തിനരികിൽ അവരെത്തി. തടാകതീരം വരെ പൂത്തു നിൽക്കുന്ന കുറ്റിച്ചെടികൾ. മുട്ടിന് മേൽ വെള്ളത്തിൽ ചൂണ്ടക്കോലുമായി ഹാമിഷ് ഫിൻലേ നിൽക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നെത്തിയ ഇളംകാറ്റ് വെള്ളത്തിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചു. ഏതാനും മത്സ്യങ്ങൾ അവിടവിടെയായി പ്രത്യക്ഷപ്പെട്ടത് അയാൾ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് അല്പമകലെ ഒരു വലിയ മത്സ്യം ഉയർന്ന് പൊങ്ങി ചാടി വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷമായി.

 

ക്യുസെയ്നെ നോക്കി ആ വൃദ്ധൻ പുഞ്ചിരിച്ചു. “നോക്കണേ അപ്രതീക്ഷിതമായാണ് നല്ല കാര്യങ്ങൾ പലതും സംഭവിക്കുന്നത് പക്ഷേ, നമുക്ക് പ്രയോജനപ്പെടുത്താൻ പറ്റാത്ത സമയത്തായിരിക്കുമെന്ന് മാത്രം ശ്രദ്ധിച്ചിട്ടുണ്ടോ അത്?”

 

“പലപ്പോഴും

 

ചൂണ്ടക്കോൽ അയാൾ മൊറാഗിനെ ഏല്പിച്ചു. “ആ ബാസ്കറ്റിൽ മൂന്ന് വലിയ മീനുകളുണ്ട് കൊണ്ടുപോയി പ്രാതൽ തയ്യാറാക്കാൻ നോക്കൂ

 

അവൾ ക്യാമ്പിലേക്ക് തിരിച്ചു പോയി. ക്യുസെയ്ൻ ആ വൃദ്ധന് ഒരു സിഗരറ്റ് നൽകി. “അവളൊരു മിടുക്കിക്കുട്ടി തന്നെ

 

“തീർച്ചയായും

 

ക്യുസെയ്ൻ അയാളുടെ സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തു. “നിങ്ങളുടെ ഈ ജീവിതം ഏറെ വിചിത്രമായിത്തോന്നുന്നു എനിയ്ക്ക് പക്ഷേ, നിങ്ങൾ ജിപ്സികൾ അല്ല താനുംശരിയല്ലേ..?”

 

“തെരുവിന്റെ സന്തതികൾ എന്ന് പറയാം ആളുകൾ ഞങ്ങളെ പല പേരുകളും വിളിയ്ക്കും പലപ്പോഴും ഞങ്ങളോടുള്ള പെരുമാറ്റം ദാക്ഷിണ്യരഹിതമായിരിക്കും കളോഡൻ ഗ്രാമത്തിൽ പണ്ട് പ്രശസ്തമായിരുന്ന ഒരു ഗോത്രത്തിന്റെ അവസാന കണ്ണികളാണ് ഞങ്ങൾ ഇതുപോലെ തെരുവിൽ കഴിയുന്ന വേറെയും സംഘങ്ങളുണ്ട് അവരിൽ പലരുമായും ഞങ്ങൾക്ക് ഇപ്പോഴും ബന്ധമുണ്ട് മൊറാഗിന്റെ അമ്മ ഒരു ഇംഗ്ലീഷ് ജിപ്സി ആയിരുന്നു

 

“സ്ഥിരമായൊരു വാസസ്ഥലം ഇല്ലേ നിങ്ങൾക്ക്?” ക്യുസെയ്ൻ ചോദിച്ചു.

 

“ഇല്ല ഒരിടത്തും സ്ഥിരമായി തങ്ങുവാൻ ആരും ഞങ്ങളെ അനുവദിക്കില്ല വൈറ്റ്ചാപ്പൽ ഗ്രാമത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ ഉണ്ട് മിക്കവാറും നാളെ അയാളിവിടെയെത്തും മൂന്ന് ദിവസമാണ് ഇവിടെ തങ്ങാൻ ഞങ്ങൾക്ക് അനുമതി തന്നിട്ടുള്ളത് വേറെയെങ്ങോട്ടെങ്കിലും പോകേണ്ടി വരും ഇനി ആട്ടെ, നിങ്ങൾ എന്തു ചെയ്യും?”

 

“പ്രാതൽ കഴിഞ്ഞയുടൻ ഞാൻ എന്റെ യാത്ര തുടരുകയാണ്

 

ആ വൃദ്ധൻ തല കുലുക്കി. “ഇന്നലെ നിങ്ങൾ ധരിച്ചിരുന്ന ആ ക്ലെറിക്കൽ കോളറിനെക്കുറിച്ച് ഞാൻ ചോദിക്കുന്നില്ല അത് നിങ്ങളുടെ സ്വകാര്യ വിഷയം എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായം ഇനി ആവശ്യമുണ്ടോ?”

 

“ഇല്ല എന്നെ സഹായിച്ച് കുടുക്കിൽ പെടാതിരിക്കുന്നതായിരിക്കും നല്ലത്” ക്യുസെയ്ൻ പറഞ്ഞു.

 

“അങ്ങനെയാണല്ലേ? എനിക്ക് തോന്നിയിരുന്നു” ഫിൻലേ ഒരു ദീർഘശ്വാസമെടുത്തു. ആ നിമിഷം അകലെയെവിടെയോ മൊറാഗിന്റെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Wednesday, April 3, 2024

കൺഫെഷണൽ – 58

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


പാറക്കൂട്ടങ്ങൾക്കിടയിലൂടെ പൊട്ടിച്ചിരിച്ചുകൊണ്ട് ഒഴുകുന്ന ഒരു അരുവിയുടെ ഓരം പറ്റി ബിർച്ച് മരങ്ങൾക്കിടയിലൂടെ ക്യുസെയ്ൻ കുന്നിറങ്ങുവാൻ തുടങ്ങി. താഴോട്ടാണ് നടക്കുന്നതെങ്കിലും അയാൾക്ക് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

 

അതുവരെ ഒപ്പമുണ്ടായിരുന്ന ആ കുഞ്ഞരുവി ഒരു പാറക്കെട്ടിന്റെ തുമ്പിൽ വച്ച് അപ്രത്യക്ഷമായി. ഇതിന് മുമ്പും പലയിടത്തും സംഭവിച്ചത് പോലെ താഴെ ആഴമുള്ള ഒരു കുളത്തിലേക്ക് പതിച്ച് അവിടെ നിന്നും വീണ്ടും യാത്ര തുടരുകയാണ് ആ അരുവി. സൂര്യാസ്തമയം താൻ പ്രതീക്ഷിച്ചതിലും നേരത്തെയാണെന്ന് തോന്നുന്നു. ഇരുട്ട് വീഴും മുമ്പ് ലക്ഷ്യത്തിലെത്തുവാനായി ബിർച്ച് മരങ്ങൾക്കിടയിലൂടെ തിടുക്കത്തിൽ നടന്ന അയാൾ കാൽ തെന്നി താഴേക്ക് ഊർന്ന് ഒരു മൺകൂനയിൽ ചെന്നു വീണു. അപ്പോഴും തന്റെ ബാഗ് കൈവിട്ടിരുന്നില്ല ക്യുസെയ്ൻ.

 

ആരുടെയോ പതിഞ്ഞ സ്വരം കേട്ട് മുട്ടുകുത്തിയെഴുന്നേറ്റ ക്യുസെയ്ൻ കണ്ടത് ആ കുളത്തിന്റെ കരയിൽ ഭീതിനിറഞ്ഞ മുഖവുമായി തന്നെയും നോക്കി ഇരിക്കുന്ന രണ്ട് കുട്ടികളെയാണ്. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. രണ്ടാമതൊന്ന് കൂടി നോക്കിയപ്പോഴാണ് ആ പെൺകുട്ടിയ്ക്ക് ചുരുങ്ങിയത് ഒരു പതിനാറ് വയസെങ്കിലും പ്രായം മതിക്കുമെന്ന് അയാൾക്ക് മനസ്സിലായത്. റബ്ബർ ബൂട്ട്സും ജീൻസും അവൾക്ക് യോജിക്കാത്ത അത്ര വലിയ ഒരു പഴഞ്ചൻ റീഫർകോട്ടുമാണ് വേഷം. കൂർത്ത മുഖവും വിടർന്ന ഇരുണ്ട കണ്ണുകളും കറുത്ത മുടിയും ഉള്ള അവൾ ഒരു ടാം ഓ’ഷാന്റർ തൊപ്പി ധരിച്ചിരുന്നു.

 

ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയ്ക്ക് ഏറിയാൽ പത്ത് വയസ്സ് പ്രായമേ വരൂ. പിഞ്ഞിത്തുടങ്ങിയ ഷർട്ടും നീളം വെട്ടിക്കുറച്ച ട്രൗസേഴ്സും കാലപ്പഴക്കാത്താൽ തേഞ്ഞ് തീരാറായ ക്യാൻവാസ് ഷൂവുമാണ് ധരിച്ചിരിക്കുന്നത്. കുളത്തിൽ ഇട്ടിരുന്ന ചൂണ്ട വലിച്ചെടുക്കുന്നതിനുള്ള തിരക്കിലായിരുന്നു അവൻ. ചൂണ്ടയുടെ അറ്റത്ത് ഒരു സാൽമൺ മത്സ്യം പിടയ്ക്കുന്നുണ്ടായിരുന്നു.

 

ക്യുസെയ്ൻ പുഞ്ചിരിച്ചു. “ഞാൻ എവിടെ നിന്നാണ് വരുന്നതെന്നറിയുമോ നിങ്ങൾക്ക്…?

 

“മൊറാഗ്, ഓടിയ്ക്കോ!” കൂടെയുള്ള പെൺകുട്ടിയോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് അവൻ തന്റെ കൈയിലെ ചൂണ്ടക്കോൽ കൊണ്ട് അയാളെ കുത്തുവാൻ ഓങ്ങി. അതിന്റെയറ്റത്തുള്ള നൂലിൽ ആ സാൽമൺ അപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

 

ആ നിമിഷമാണ് കാൽക്കീഴിലെ മണ്ണിടിഞ്ഞ് അവൻ ആ കുളത്തിലേക്ക് പതിച്ചത്. വെള്ളത്തിൽ നിന്നും പൊങ്ങി വന്ന അവന്റെ കൈയിൽ അപ്പോഴും ആ ചൂണ്ടക്കോൽ ഉണ്ടായിരുന്നു. കുന്നിൻമുകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ഒഴുകിയെത്തിയ ജലപ്രവാഹം അവനെയും കൊണ്ട് മുന്നോട്ടൊഴുകി.

 

“ഡോണൾ!” നിലവിളിച്ചു കൊണ്ട് ആ പെൺകുട്ടി അവൻ വീണ ഭാഗത്തേയ്ക്കോടി.

 

കൃത്യസമയത്തായിരുന്നു ക്യുസെയ്ൻ അവളുടെ ചുമലിൽ പിടിച്ച് പിറകോട്ട് വലിച്ച് മാറ്റിയത്. തൊട്ടടുത്ത നിമിഷം അവൾ നിന്നിരുന്നതിന് സമീപത്തെ മണ്ണിടിഞ്ഞ് കുളത്തിലേക്ക് വീണു. “മണ്ടത്തരം കാണിക്കല്ലേ അവനെപ്പോലെ നീയും ഇപ്പോൾ കുളത്തിൽ വീണേനെ

 

അയാളുടെ പിടിയിൽ നിന്നും രക്ഷപെടാനായി അവൾ കുതറി. തന്റെ ബാഗ് താഴെയിട്ട് അവളെ തള്ളിമാറ്റി ക്യുസെയ്ൻ കുളത്തിന്റെ കരയിലൂടെ അവനെ രക്ഷിക്കാനായി ഓടി. കുളത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളം കനാൽ പോലെയുള്ള ഇടുങ്ങിയ പാറയിടുക്കുകൾക്കിടയിലൂടെ കടന്ന് വീണ്ടും താഴോട്ട് പതിക്കുകയാണ്.  അങ്ങോട്ടാണ് ആ കുട്ടി ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്നത്.

 

ക്യുസെയ്ന്റെ തൊട്ടു പിന്നിൽ ആ പെൺകുട്ടിയും ഉണ്ടായിരുന്നു. തന്റെ റെയിൻകോട്ട് ഊരിയെറിഞ്ഞിട്ട് അയാൾ ആ പാറയിടുക്കിനരികിലേക്ക് ഓടി. അവിടെ നിന്നും താഴേക്ക് പതിക്കുന്നതിന് മുമ്പ് അവനെ വലിച്ചെടുക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. അവന്റെ കൈയിൽ അപ്പോഴുമുണ്ടായിരുന്ന ആ ചൂണ്ടക്കോലിന്റെ അറ്റത്ത് എത്തിപ്പിടിക്കുന്നതിൽ ക്യുസെയ്ൻ വിജയിച്ചെങ്കിലും അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്തു.

 

ശക്തമായ ഒഴുക്കിനൊപ്പം നീങ്ങിക്കൊണ്ടിരുന്ന ആ കുട്ടിയോടൊപ്പം അയാളും തല കുത്തി താഴെയുള്ള കുളത്തിലേക്ക് പതിച്ചു. വെള്ളത്തിൽ നിന്നും പൊങ്ങി വന്ന ക്യുസെയ്ൻ കണ്ടത് ഒരു വാര അകലെ ഒഴുകിപ്പോകുന്ന കുട്ടിയെയാണ്. ഒരു നിമിഷം പോലും വൈകാതെ അയാൾ മുന്നോട്ട് കുതിച്ച് അവന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. അടുത്ത നിമിഷം ജലപ്രവാഹം അവർ ഇരുവരെയും കുളത്തിലെ ഒരു ചരൽത്തിട്ടയിൽ എത്തിച്ചു. കുളത്തിന്റെ കരയിൽക്കൂടി ആ പെൺകുട്ടി അവർ നിന്ന ഭാഗത്ത് ഓടിയെത്തി. വെള്ളത്തിൽ വീണ ചെന്നായയെപ്പോലെ ശരീരം ഒന്ന് കുടഞ്ഞിട്ട് അവൻ കരയിൽ കയറി അവളുടെ അടുത്തേക്ക് ചെന്നു.

 

അപ്പോഴാണ് തന്റെ കറുത്ത ഹാറ്റ് വെള്ളത്തിലൂടെ ഒഴുകി വരുന്നത് ക്യുസെയ്ൻ കണ്ടത്. അത് കൈയെത്തിയെടുത്ത് പരിശോധിച്ചിട്ട് അയാൾ പൊട്ടിച്ചിരിച്ചു. “ഇനി ഇതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല” അയാളത് വെള്ളത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞു.

 

തിരിഞ്ഞ് കരയിൽ കയറാൻ വേണ്ടി നോക്കിയപ്പോഴാണ് ക്യുസെയ്ൻ ഞെട്ടിപ്പോയത്. ചുരുങ്ങിയത്, ഏതാണ്ട് എഴുപത് വയസെങ്കിലും തോന്നിക്കുന്ന ഒരു വൃദ്ധന്റെ നീട്ടിപ്പിടിച്ച ഷോട്ട്‌ഗണ്ണിന്റെ മുന്നിലേക്കാണ് താൻ കയറിച്ചെല്ലാൻ തുനിയുന്നത്. ബിർച്ച് മരങ്ങൾക്കിടയിൽ നിൽക്കുന്ന അയാളുടെ ഇരുവശത്തുമായി മൊറാഗ് എന്ന ആ പെൺകുട്ടിയും ഡോണൾ എന്ന ആ കൊച്ചുപയ്യനും നിൽക്കുന്നുണ്ട്. ചെളി പുരണ്ട കോട്ടും ആ പെൺകുട്ടിയുടേത് പോലത്തെ ഒരു തൊപ്പിയുമാണ് അയാളുടെ വേഷം. താടിരോമങ്ങൾ ഷേവ് ചെയ്തിട്ട് നാളേറെയായിട്ടുണ്ടെന്നത് വ്യക്തം.

 

“ആരാണിയാൾ മുത്തശ്ശാ?” ആ പെൺകുട്ടി ചോദിച്ചു. “എന്തായാലും ജലവകുപ്പ് ഉദ്യോഗസ്ഥനല്ല

 

“അയാളുടെ കുപ്പായത്തിന്റെ കോളർ ശ്രദ്ധിച്ചില്ലേ അതിനുള്ള ഒരു സാദ്ധ്യതയുമില്ല” സ്കോട്ടിഷ് മലനിരകളിൽ വസിക്കുന്ന ജനതയുടെ സംസാര രീതിയിലായിരുന്നു ആ വൃദ്ധന്റെ വാക്കുകൾ. “നിങ്ങൾ ഒരു വൈദികനാണോ?”

 

“എന്റെ പേര് ഫാളൻ” ക്യുസെയ്ൻ പറഞ്ഞു. “ഫാദർ മൈക്കൽ ഫാളൻ” ഓർഡ്‌നൻസ് മാപ്പ് പരിശോധിച്ചുകൊണ്ടിരുന്ന വേളയിൽ ശ്രദ്ധയിൽപ്പെട്ട ഒരു സ്ഥലനാമം അയാളുടെ ഓർമ്മയിലെത്തി. “വൈറ്റ്ചാപ്പലിലേക്കാണ് എനിക്ക് പോകേണ്ടത് പക്ഷേ, ബസ്സ് മിസ്സായി എന്നാൽ പിന്നെ എളുപ്പവഴിയ്ക്ക് ഈ കുന്നു കയറി നടന്നു പോകാമെന്ന് വിചാരിച്ചു

 

അയാളുടെ റെയിൻകോട്ട് എടുക്കുവാനായി പോയിരുന്ന പെൺകുട്ടി തിരികെ അതുമായി തിരികെ വന്നു. ആ വൃദ്ധൻ അവളുടെ കൈയിൽ നിന്നും അത് വാങ്ങി. “ഡോണൾ, നീ പോയി ഇദ്ദേഹത്തിന്റെ ആ ബാഗ് എടുത്തുകൊണ്ടു വരൂ

 

അപ്പോൾ, തുടക്കം മുതലേ ഇയാൾ എല്ലാം കാണുന്നുണ്ടായിരുന്നുവെന്ന് വേണം അനുമാനിക്കാൻ. ആ കൊച്ചുപയ്യൻ ബാഗ് എടുക്കുവാനായി ഓടിപ്പോയി. തന്റെ കൈയിലെ റെയിൻകോട്ടിന്റെ ഭാരക്കൂടുതൽ ശ്രദ്ധിച്ച വൃദ്ധൻ അതിന്റെ പോക്കറ്റിനുള്ളിൽ പരിശോധിച്ചു. അതിനുള്ളിൽ നിന്നും പുറത്തെടുത്ത സ്റ്റെച്ച്കിൻ പിസ്റ്റൾ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. “മൊറാഗ്, നീയിതു കണ്ടോ? ജലവകുപ്പ് ഉദ്യോഗസ്ഥനല്ല അത് തീർച്ച പക്ഷേ, ഒരു വൈദികനാണ് ഇയാളെന്ന് നീ വിശ്വസിക്കുന്നുണ്ടോ? തീർത്തും വിചിത്രം തന്നെ

 

“പക്ഷേ, ഇയാൾ നമ്മുടെ ഡോണളിനെ രക്ഷിച്ചില്ലേ മുത്തശ്ശാ?” പെൺകുട്ടി മുത്തശ്ശന്റെ കൈത്തണ്ടയിൽ പിടിച്ചു.

 

പതുക്കെ പുഞ്ചിരിച്ചുകൊണ്ട് ആ വൃദ്ധൻ അവളെ നോക്കി. “അത് ശരി തന്നെ എന്നാൽപ്പിന്നെ നീ നമ്മുടെ ക്യാമ്പിലേക്ക് ചെല്ല് നമുക്കൊരു അതിഥിയുണ്ടെന്ന് പറയൂ അടുപ്പത്ത് വെള്ളവും വച്ചോളൂ

 

ആ പിസ്റ്റൾ തിരികെ നിക്ഷേപിച്ചിട്ട് അയാൾ റെയിൻകോട്ട് ക്യുസെയ്ന് കൊടുത്തു. ആ പെൺകുട്ടി തിരിഞ്ഞ് മരക്കൂട്ടങ്ങൾക്കിടയിലൂടെ ഓടിപ്പോയി. അപ്പോഴേക്കും ക്യുസെയ്ന്റെ ബാഗുമായി ആ കൊച്ചുപയ്യൻ തിരികെയെത്തിയിരുന്നു.

 

“എന്റെ പേര് ഹാമിഷ് ഫിൻലേ നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു” ആ ആൺകുട്ടിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് വൃദ്ധൻ പറഞ്ഞു. “ഞങ്ങൾക്കുള്ളതിന്റയെല്ലാം ഒരു പങ്ക് നിങ്ങൾക്കും കൂടിയുള്ളതാണ് ആർക്കും അതിന് എതിര് പറയാനാവില്ല

 

വനത്തിലൂടെ കുറച്ച് ദൂരം നടന്ന് അവർ ഒരു കൃഷിത്തോട്ടത്തിനരികിലെത്തി. “വല്ലാത്തൊരു ഗ്രാമം തന്നെ ഇത്” ക്യുസെയ്ൻ പറഞ്ഞു.

 

തന്റെ ഷോട്ട്ഗൺ കക്ഷത്തിനടിയിൽ വച്ചിട്ട് ആ വൃദ്ധൻ ഒരു പഴയ കവറിനുള്ളിൽ നിന്നും പുകയിലയെടുത്ത് പൈപ്പിനുള്ളിൽ നിറച്ചു.  “ഏയ്, ആ കാണുന്നതാണ് ഗാലോവേ എത്രകാലം വേണമെങ്കിലും പുറംലോകം അറിയാതെ ഒളിച്ചു താമസിക്കാൻ കഴിയും ഇവിടെമനസ്സിലായോ?”

 

“ഓ, മനസ്സിലായി” ക്യുസെയ്ൻ പറഞ്ഞു. “എപ്പോഴെങ്കിലും ആവശ്യം വരും ആർക്കായാലും

 

പെട്ടെന്നാണ് അല്പം അകലെ നിന്നും ആ പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ ഫിൻലേ തന്റെ ഷോട്ട്ഗണ്ണുമായി മുന്നോട്ട് കുതിച്ചു. സാമാന്യത്തിലധികം ഉയരവും ഒത്ത ശരീരവുമുള്ള ഒരുവന്റെ കൈയിൽ കിടന്ന് പിടയുന്ന ആ പെൺകുട്ടിയെയാണ് അവർ കണ്ടത്. ഫിൻലേയുടെ പോലെ തന്നെ അയാളുടെ കൈയിലും ഒരു ഷോട്ട്ഗൺ ഉണ്ടായിരുന്നു. തുന്നിക്കൂട്ടിയ ഒരു പഴയ കോട്ട് ധരിച്ച അയാളുടെ പരുക്കൻ മുഖം ക്ഷൗരം ചെയ്യാത്തതിനാൽ വികൃതമായിരുന്നു. മഞ്ഞ നിറമുള്ള വൃത്തിഹീനമായ തലമുടി തൊപ്പിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് നീണ്ട് കിടക്കുന്നു. ഭയന്ന് വിറച്ച് നിൽക്കുന്ന ആ പെൺകുട്ടിയുടെ വെപ്രാളം ആസ്വദിക്കുകയായിരുന്നു അയാൾ. തന്റെയുള്ളിൽ രോഷം തിളച്ചു വരുന്നത് ക്യുസെയ്ൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ ഫിൻലേ ശബ്ദമുയർത്തി.

 

“അവളെ വിടൂ, മറേ…!

 

നീരസം പ്രകടിപ്പിച്ച ആ മനുഷ്യൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചിട്ട് ഒരു കൃത്രിമച്ചിരിയോടെ അടുത്ത നിമിഷം തള്ളിമാറ്റി. “ഞാനൊരു തമാശ കാണിച്ചതല്ലേ” അയാളുടെ പിടിയിൽ നിന്നും മോചിതയായ അവൾ ഓടിപ്പോയി. “ആരാണിയാൾ?” അയാൾ വൃദ്ധനോട് ചോദിച്ചു.

 

“മരിച്ചുപോയ എന്റെ സഹോദരന്റെ മകനാണ് നീയെന്ന കാര്യം മറക്കരുത് മറേ എന്നെ അനുസരിക്കേണ്ട ഉത്തരവാദിത്തം നിനക്കുണ്ട് നിന്റെ സ്വഭാവം ശരിയല്ല എന്ന് പല തവണ ഞാൻ പറഞ്ഞിട്ടില്ലേ?”

 

മറേയുടെ കണ്ണുകളിൽ രോഷം തിളയ്ക്കുന്നത് കാണാമായിരുന്നു. അയാളുടെ കൈയിലെ ഷോട്ട്ഗൺ അല്പമൊന്ന് ഉയർന്നത് പോലെ തോന്നി. ക്യുസെയ്ൻ തന്റെ പോക്കറ്റിലേക്ക് കൈയിട്ട് സ്റ്റെച്ച്കിൻ പിസ്റ്റളിൽ സ്പർശിച്ചു. എന്നാൽ തികഞ്ഞ ശാന്തതയോടെ ഫിൻലേ തന്റെ പൈപ്പിന് തീ കൊളുത്തിയിട്ട് പുച്ഛത്തോടെ മറേയെ നോക്കി. എന്തോ പിറുപിറുത്തുകൊണ്ട് അയാൾ തിരിഞ്ഞ് നടന്നു പോയി.

 

“എന്റെ സ്വന്തം അനന്തരവനാണ്, എന്തു ചെയ്യാം” ഫിൻലേ ദുഃഖത്തോടെ തലയാട്ടി. “ഒരു പഴഞ്ചൊല്ലുണ്ട് നമുക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കാനാവും എന്നാൽ ബന്ധുക്കളെ തെരഞ്ഞെടുക്കാനാവില്ല അത് നമ്മുടെ അനുവാദമില്ലാതെ തന്നെ സംഭവിക്കുന്നതാണ്

 

“സത്യം” വീണ്ടും നടന്നു തുടങ്ങവെ ക്യുസെയ്ൻ പറഞ്ഞു.

 

“ഏയ്, ആ പിസ്റ്റളിന്റെ കാഞ്ചിയിൽ നിന്നും കൈയെടുത്തോളൂ ഫാദർ ഇനി അതിന്റെ ആവശ്യമില്ല ഫാദറല്ല, നിങ്ങളിനി ആരായാലും ശരി

 

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...