Tuesday, February 28, 2023

കൺഫെഷണൽ – 03

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലോകത്തിലെ ഏറ്റവും ബൃഹത്തും സങ്കീർണ്ണവുമായ ഇന്റലിജൻസ് സർവീസാണ് KGB യുടേത്. സോവിയറ്റ് യൂണിയനിലെ ലക്ഷക്കണക്കിന് ജീവിതങ്ങളെ തങ്ങളുടെ നിയന്ത്രണ പരിധിക്ക് കീഴിലാക്കിയ അതിന്റെ വേരുകൾ മറ്റു രാഷ്ട്രങ്ങളിലേക്കും നീണ്ടിരുന്നു. KGB യുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് ഡിപ്പാർട്ട്മെന്റ്-13. രഹസ്യസ്വഭാവമായിരുന്നു അതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദേശ രാജ്യങ്ങളിലെ നേതാക്കൾ, തലവന്മാർ എന്നിവരെ വധിക്കുക, ഭരണകൂടത്തെ അട്ടിമറിക്കുക എന്നിവയൊക്കെയായിരുന്നു ആ ഡിപ്പാർട്ട്മെന്റിന്റെ മുഖ്യ ചുമതല.

 

ഡിപ്പാർട്ട്മെന്റ്-13 നെ അഞ്ചു വർഷം നയിച്ചിട്ടുള്ളയാളാണ് കേണൽ ഇവാൻ മസ്‌ലോവ്സ്കി.  കുടുംബ പശ്ചാത്തലവുമായി ഒരു തരത്തിലും യോജിക്കാത്ത ബാഹ്യരൂപമായിരുന്നു അയാളുടേത്. തടിച്ചു കുറുകി ഒരു ക്രൂരന്റെ സകല ലക്ഷണവും അയാളിൽ സന്നിവേശിച്ചിരിക്കുന്നു. ഒരു ഡോക്ടറുടെ മകനായി 1919 ൽ ലെനിൻഗ്രാഡിൽ ജനിച്ച അയാൾ അവിടുത്തെ ലോ കോളേജിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത് ജർമ്മനിയുടെ റഷ്യൻ അധിനിവേശത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു. യുദ്ധത്തിന്റെ ആദ്യനാളുകളിൽ പാർട്ടിപ്രവർത്തകരോടൊപ്പം പിൻനിരയിലായിരുന്നു അയാളുടെ പ്രവർത്തനം. വിദ്യാഭ്യാസ പശ്ചാത്തലവും വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും തിരിച്ചറിഞ്ഞ മേലധികാരികൾ അയാളെ അക്കാലത്ത് രൂപം കൊണ്ട SMERSH എന്ന കൗണ്ടർ-ഇന്റലിജൻസ് വിഭാഗത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു. അവിടുന്നങ്ങോട്ട് അയാളുടെ തേരോട്ടമായിരുന്നു. യുദ്ധം അവസാനിച്ചിട്ടും ഇന്റലിജൻസ് വിഭാഗത്തിൽ ജോലി തുടർന്ന അയാൾ പിന്നീടൊരിക്കലും തന്റെ മേഖലയായ അഭിഭാഷകവൃത്തിയിലേക്ക് മടങ്ങിയെത്തിയില്ല.

 

ചാരപ്രവർത്തനത്തിൽ പരിശീലനം നൽകുന്നതിനുള്ള സ്കൂളുകൾ രൂപീകരിച്ച് നടത്തിക്കൊണ്ടു പോകുക എന്നതായിരുന്നു അയാളുടെ മുഖ്യ ചുമതല. ഇംഗ്ലീഷ് സംസാരിക്കുന്ന രാഷ്ട്രങ്ങളിലേക്ക് ചാരപ്രവർത്തനത്തിന് അയയ്ക്കുവാൻ വേണ്ടി ഗാക്സിന പോലുള്ള സ്ഥലങ്ങളിൽ ഏജന്റുമാരെ പരിശീലിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ജീവിതശൈലിയുമായി താദാത്മ്യം പ്രാപിക്കുവാനായി ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ പട്ടണങ്ങളുടെ ഒരു ശരിപ്പകർപ്പ് തന്നെ SMERSH സൃഷ്ടിച്ചിരുന്നു. ഫ്രഞ്ച് ഇന്റലിജൻസ് വിഭാഗത്തിനുള്ളിൽ വിജയകരമായി നുഴഞ്ഞു കയറാൻ KGB യ്ക്ക് കഴിഞ്ഞത് അത്തരം സ്കൂളുകളിലെ പരിശീലനം കൊണ്ടായിരുന്നു. അതിനായി ഒരു ചെറിയ ഫ്രഞ്ച് പട്ടണം തന്നെ അവർ ഗ്രോസ്‌നിയയിൽ നിർമ്മിച്ചു. സകലതും ഫ്രഞ്ചിലായിരുന്നു അവിടെ. രൂപഭാവങ്ങൾ, സംസ്കാരം, ഭക്ഷണം എന്നു വേണ്ട, വസ്ത്രങ്ങൾ പോലും ഫ്രഞ്ച് രീതിയിലുള്ളതായിരുന്നു.

 

മേലധികാരികൾക്ക് അതിരറ്റ വിശ്വാസമായിരുന്നു കേണൽ മസ്‌ലോവ്സ്കിയിൽ. വിദേശ രാജ്യങ്ങളിലെ ചാരപ്രവർത്തനം വിപുലീകരിക്കുന്നതിനായി അവർ അയാൾക്ക് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി. അതിന്റെ ഉല്പന്നമായിരുന്നു ഉക്രെയിനിന്റെ ഉൾപ്രദേശത്ത് രൂപം കൊണ്ട ഡ്രമോർ എന്ന ചെറിയ അൾസ്റ്റർ മാർക്കറ്റ് ടൗൺ.

 

                                                         ***

മോസ്കോയിൽ നിന്ന് സന്ദർശനത്തിന് എത്തുമ്പോൾ കേണൽ മസ്‌ലോവ്സ്കി ഉപയോഗിച്ചിരുന്നത് തികച്ചും സാധാരണമായ ഒരു ഓഫീസ് ആയിരുന്നു. ഒരു ഡെസ്കും കസേരയും ഫയലിങ്ങ് ക്യാബിനറ്റും, പിന്നെ ചുവരിൽ ഡ്രമോർ പട്ടണത്തിന്റെ ഒരു വലിയ ഭൂപടവും. കൈയിൽ കട്ടൻ കാപ്പിയിൽ മിക്സ് ചെയ്ത വോഡ്കയുടെ കപ്പുമായി നെരിപ്പോടിൽ എരിയുന്ന വിറകുകൊള്ളിയുടെ ചൂട് ആസ്വദിച്ചു കൊണ്ട് അയാൾ നിന്നു. വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ച ആ ലെതർകോട്ട് ധരിച്ച ആൾ തണുത്തു വിറച്ചുകൊണ്ട് നേരെ നെരിപ്പോടിനരികിലേക്ക് ചെന്നു.

 

“ദൈവമേ, എന്തൊരു തണുപ്പാണ് വെളിയിൽ” അയാൾ പറഞ്ഞു.

 

ഡെസ്കിന് മുകളിലെ ട്രേയിൽ നിന്നും കോഫിയും വോഡ്കയും എടുത്ത് അയാൾ വീണ്ടും നെരിപ്പോടിനരികിലെത്തി. പോൾ ചെർണി എന്നായിരുന്നു അയാളുടെ പേര്. എക്സ്പെരിമെന്റൽ സൈക്കോളജിയിൽ സോവിയറ്റ് യൂണിയനിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും പ്രശസ്തനായിരുന്നു സുമുഖനും നർമ്മപ്രിയനുമായ ആ മുപ്പത്തിനാലുകാരൻ. ഉക്രെയിനിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഒരു കൊല്ലന്റെ മകനായി പിറന്ന ഒരാൾക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന സ്ഥാനമാനം. യുദ്ധസമയത്ത് വെറും പതിനാറ് വയസ്സ് മാത്രം പ്രായമായിരുന്ന അയാൾ പാർട്ടിയിൽ ചേർന്ന് യുദ്ധത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. മോസ്കോ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ലെക്ചറർ ആയി ജോലി നോക്കിയിട്ടുള്ള ഒരു വ്യക്തിയായിരുന്നു അയാളുടെ ഗ്രൂപ്പ് ലീഡർ. അദ്ദേഹമാണ് പോൾ ചെർണിയുടെ ബുദ്ധിവൈഭവവും കഴിവുകളും തിരിച്ചറിഞ്ഞത്.

 

1945ൽ ആണ് ചെർണി യൂണിവേഴ്സിറ്റിയിൽ ചേരുന്നത്. സൈക്കോളജിയിൽ ബിരുദം നേടിയ അയാൾ 1951ൽ ഡ്രെസ്ഡെൻ യൂണിവേഴ്സിറ്റിയുടെ എക്സ്പെർമെന്റൽ സൈക്യാട്രി വിഭാഗത്തിൽ നിന്നും ഡോക്ടറേറ്റ് നേടി. ബിഹേവിയറിസ്റ്റ് സൈക്കോളജിയിലുള്ള താല്പര്യം അയാളെ പീക്കിങ്ങ് യൂണിവേഴ്സിറ്റിയിൽ എത്തിച്ചു. കൊറിയൻ യുദ്ധത്തിൽ പിടികൂടപ്പെട്ട ബ്രിട്ടീഷ്, അമേരിക്കൻ സൈനികരെ ചോദ്യം ചെയ്യുവാനും മസ്തിക്ക പ്രക്ഷാളനം നടത്തുവാനും മിടുക്കനായിരുന്ന പ്രശസ്ത ചൈനീസ് മനഃശാസ്ത്രജ്ഞനായ പിൻ ചൗവിനോടൊപ്പം പ്രവർത്തിക്കുവാൻ ചെർണിയ്ക്ക് അവസരം ലഭിച്ചു.

 

പീക്കിങ്ങിൽ നിന്നും മോസ്കോയിലേക്ക് മടങ്ങേണ്ട സമയമായപ്പോഴേക്കും പാവ്‌ലോവിയൻ ടെക്നിക്കുകൾ ഉപയോഗിച്ച് മനുഷ്യരുടെ പെരുമാറ്റ രീതികളെ പുനഃക്രമീകരിക്കുന്നതിൽ സമർത്ഥനായിക്കഴിഞ്ഞിരുന്നു ചെർണി. ഇക്കാര്യം KGB യുടെ, പ്രത്യേകിച്ച് കേണൽ മസ്‌ലോവ്സ്കിയുടെ ശ്രദ്ധയിൽപ്പെടുകയും അയാളെ മോസ്കോ യൂണിവേഴ്സിറ്റിയിൽ എക്സ്പെരിമെന്റൽ സൈക്കോളജി വിഭാഗത്തിൽ പ്രൊഫസറായി നിയമിക്കുകയും ചെയ്തു.

 

                                                    ***

“ഒരു നിഷേധിയാണയാൾ” മസ്‌ലോവ്സ്കിയുടെ രോഷം ശമിച്ചിരുന്നില്ല. “മേലധികാരികളോട് ഒട്ടും ബഹുമാനമില്ലാത്തവൻ ആജ്ഞകൾ അനുസരിക്കാത്തവൻ തോക്ക് കൈവശം വയ്ക്കരുതെന്ന് പറഞ്ഞിരുന്നു അയാളോട് ശരിയല്ലേ?”

 

“അതെ, കോമ്രേഡ് കേണൽ” ചെർണി പറഞ്ഞു.

 

“അങ്ങനെ, തികച്ചും സാധാരണഗതിയിൽ നടന്നു പോകുമായിരുന്ന ഒരു പതിവ് പരിശീലന പരിപാടി, നിർദ്ദേശങ്ങൾ അനുസരിക്കാതെ അയാൾ രക്തക്കളമാക്കി മാറ്റി നാം ഇവിടെ ഉപയോഗപ്പെടുത്തുന്ന ആ നശിച്ച വിമതരെക്കുറിച്ചല്ല എന്റെ വിഷമം അവരെ ഒടുവിൽ അവരുടെ നാട്ടിലേക്ക് തന്നെ തീവ്രവാദപ്രവർത്തനത്തിന് പറഞ്ഞു വിടുമല്ലോ പക്ഷേ, ആ കൊല്ലപ്പെട്ട പോലീസുകാർ  ആരായിരുന്നു അവർ?”

 

“എനിക്കറിയില്ല, ഒരു നിമിഷം കേണൽ” ചെർണി ടെലിഫോൺ റിസീവർ എടുത്തു. “ലെവിൻ, ഉള്ളിലേക്ക് വരൂ

 

“ഈ ലെവിൻ ആരാണ്?” മസ്‌ലോവ്സ്കി ആരാഞ്ഞു.

 

“കഴിഞ്ഞ മൂന്നു മാസമായി അയാളിവിടെയുണ്ട് ഒരു ജൂത വിമതനാണ് ഇസ്രായേലിലെ ബന്ധുക്കളുമായി രഹസ്യമായി ബന്ധപ്പെട്ടതിന്റെ പേരിൽ അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്പക്ഷേ, വളരെ കാര്യക്ഷമതയോടെയാണ് അയാളെ ഏൽപ്പിച്ച കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്

 

“എന്തായിരുന്നു അയാളുടെ തൊഴിൽ?”

 

“ഊർജ്ജതന്ത്രജ്ഞനാണ് സ്ട്രക്ച്ചറൽ എഞ്ചിനീയർ എയർക്രാഫ്റ്റ് ഡിസൈനുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്നവൻ താൻ ചെയ്ത തെറ്റിനെയോർത്ത് ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നാണ് അയാൾ പറഞ്ഞത്

 

“അവരെല്ലാവരും അതുതന്നെയാണ് പറയാറുള്ളത്” മസ്‌ലോവ്സ്കി പറഞ്ഞു.

 

വാതിലിൽ മുട്ടിയിട്ട് വിക്ടർ ലെവിൻ ഉള്ളിൽ പ്രവേശിച്ചു. ധരിച്ചിരിക്കുന്ന കനം കൂടിയ ജാക്കറ്റിന്റെയും പാന്റ്സിന്റെയും ആകാരം കൊണ്ട് മാത്രം വലിപ്പം തോന്നിക്കുന്ന ഒരു ചെറിയ മനുഷ്യൻ. ചാരനിറമുള്ള തലമുടി. ആ നാല്പത്തിയഞ്ചുകാരന്റെ സ്റ്റീൽ കണ്ണടയുടെ ഉടഞ്ഞ ഫ്രെയിം ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ചിട്ടുണ്ട്. വേട്ടയാടപ്പെട്ടവന്റെ മുഖഭാവം. എപ്പോൾ വേണമെങ്കിലും തന്നെ KGB പുറത്തേക്ക് അയയ്ക്കുമെന്ന അയാളുടെ ഭയം അസ്ഥാനത്തായിരുന്നില്ല എന്നു വേണം പറയാൻ.

 

“ആ മൂന്ന് പോലീസുകാർ ആരൊക്കെയായിരുന്നു?” ചെർണി ചോദിച്ചു.

 

“ആ സെർജന്റിന്റെ പേര് വൊറോണിൻ എന്നാണ് കോമ്രേഡ്” ലെവിൻ പറഞ്ഞു. “മുമ്പ് മോസ്കോ ആർട്ട്സ് തീയേറ്ററിലെ ഒരു നടൻ ആയിരുന്നു ഭാര്യയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ വർഷം പാശ്ചാത്യരാജ്യങ്ങളിലെങ്ങോട്ടോ കൂറുമാറാൻ ശ്രമിക്കവെ പിടിക്കപ്പെട്ട് പത്ത് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു

 

“ആ പെൺകുട്ടി?”

 

“താന്യാ വൊറോണിനോവ അയാളുടെ മകളാണ് മറ്റു രണ്ടു പേർ ആരൊക്കയാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു

 

“ഇപ്പോൾ വേണ്ട നിങ്ങൾക്ക് പോകാം

 

ലെവിൻ പുറത്തു പോയതും മസ്‌ലോവ്സ്കി തിരിഞ്ഞു. “നമുക്ക് കെല്ലിയിലേക്ക് തിരികെയെത്താം ബാറിന് വെളിയിൽ നിന്നിരുന്ന ആ മനുഷ്യന് നേർക്ക് നിറയൊഴിച്ച അയാളുടെ പ്രവൃത്തി ഒട്ടും ദഹിക്കുന്നില്ല എനിക്ക് ഞാൻ നൽകിയ ഓർഡറുകളുടെ നഗ്നമായ ലംഘനം” രോഷത്തോടെ അയാൾ പറഞ്ഞു. “എങ്കിലും അയാളുടെ ഉന്നം ഗംഭീരം തന്നെ

 

“അതെ അക്കാര്യത്തിൽ മിടുക്കനാണയാൾ

 

“ശരി, അയാളുടെ പശ്ചാത്തലം ഒന്നു കൂടി വിശദമാക്കൂ

 

ഗ്ലാസ്സിലേക്ക് അല്പം കൂടി കോഫിയും വോഡ്കയും പകർന്നിട്ട് മസ്‌ലോവ്സ്കി നെരിപ്പോടിനരികിലെ കസേരയിൽ ചെന്ന് ഇരുന്നു. ചെർണി, ഡെസ്കിന്റെ ഡ്രോയറിൽ നിന്നും ഒരു ഫയൽ എടുത്ത് തുറന്നു. “മിഖായേൽ കെല്ലി 1938ൽ കെറിയിൽ ഉള്ള ബല്ലിഗറിൽ ജനനംഅതായത് ഐറിഷ് റിപ്പബ്ലിക്കിൽ പിതാവ് ഷോൺ കെല്ലി ഒരു IRA ആക്ടിവിസ്റ്റായിരുന്നു സ്പാനിഷ് സിവിൽ വാറിന്റെ സമയത്ത് മാഡ്രിഡിൽ വച്ചാണ് അയാൾ പയ്യന്റെ അമ്മയെ കണ്ടുമുട്ടുന്നത് മാർത്താ വ്രോൺസ്കി എന്ന സോവിയറ്റ് യുവതിയെ

 

“എന്റെ ഓർമ്മ ശരിയാണെങ്കിൽ മിഖായേൽ കെല്ലിയുടെ പിതാവിനെ ബ്രിട്ടീഷുകാർ തൂക്കിക്കൊല്ലുകയാണുണ്ടായത്?”

 

“അതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യമാസങ്ങളിൽ IRA ലണ്ടനിൽ നിരന്തരം ബോംബിങ്ങ് നടത്തിയിരുന്നു അതിൽ പിടക്കപ്പെട്ട അയാളെ വിചാരണയ്ക്ക് ശേഷം അവർ തൂക്കിക്കൊന്നു

 

“മറ്റൊരു ഐറിഷ് രക്തസാക്ഷി എന്തായാലും ഈ രക്തസാക്ഷികളെക്കൊണ്ട് അവർ കാര്യമായ രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നുണ്ട്

 

“ഭർത്താവിന്റെ മരണത്തെത്തുടർന്ന് മാർത്താ വ്രോൺസ്കി ഐറിഷ് പൗരത്വത്തിന് അർഹയായി ഒരു ജേർണലിസ്റ്റിന്റെ ജോലിയുമായി അവർ ഡബ്ലിനിൽത്തന്നെ ജീവിതം തുടർന്നു അവിടെയുള്ള ഒരു ജെസ്യൂട്ട് സ്കൂളിലായിരുന്നു മകന്റെ പഠനം

 

“ഒരു കത്തോലിക്കനായി അവൻ വളർന്നു?”

 

“തീർച്ചയായും ആ അമ്മയുടെയും മകന്റെയും പ്രത്യേക സാഹചര്യം ശ്രദ്ധയിൽപ്പെട്ട ഡബ്ലിനിലെ നമ്മുടെ ഏജന്റ് അക്കാര്യം മോസ്കോയിലേക്ക് റിപ്പോർട്ട് ചെയ്തു പയ്യന്റെ കഴിവുകൾ തിരിച്ചറിഞ്ഞ നമ്മുടെ ആൾക്കാർ അവർ ഇരുവരെയും 1953ൽ റഷ്യയിലേക്ക് മടക്കിയെത്തിച്ചു രണ്ട് വർഷങ്ങൾക്ക് ശേഷം ക്യാൻസർ ബാധിച്ച് മാർത്ത മരണമടഞ്ഞു

 

“അപ്പോൾ, ഇന്ന് അയാൾക്ക് വയസ്സ് ഇരുപത് കേട്ടിടത്തോളം മിടുക്കനാണല്ലോ അയാൾ

 

“തീർച്ചയായും വിവിധ ഭാഷകളിലുള്ള പ്രാവീണ്യം എടുത്തു പറയേണ്ടത് തന്നെ” ചെർണി തന്റെ കൈയിലെ ഫയലിലേക്ക് ഒന്നു കൂടി നോക്കി. “അഭിനയത്തിലുള്ള അയാളുടെ കഴിവാണ് അതിനെക്കാളൊക്കെ മുന്നിട്ട് നിൽക്കുന്നത് അക്കാര്യത്തിൽ ഒരു ജീനിയസ് എന്ന് തന്നെ വിശേഷിപ്പിക്കാം

 

“സാഹചര്യത്തിന് അവശ്യം വേണ്ടുന്ന കഴിവ് തന്നെ

 

“മറ്റൊരു രീതിയിൽ ആയിരുന്നുവെങ്കിൽ ഒരു അഭിനയ ചക്രവർത്തി ആകേണ്ടിയിരുന്നവൻ” ചെർണി പറഞ്ഞു.

 

“അതെയതെ അതൊക്കെ മറക്കാം അയാൾക്കിനി...” അത്ര താല്പര്യമില്ലാത്ത മട്ടിൽ മസ്‌ലോവ്സ്കി പറഞ്ഞു. “മറിച്ച്, ആളുകളെ കൊല്ലുവാനുള്ള കഴിവാണ് അയാൾ നന്നായി പരിപോഷിപ്പിച്ചിരിക്കുന്നത്

 

“ഇത്തരം കാര്യങ്ങളിൽ ഗുണ്ടായിസം എന്നത് ഒരു വിഷയമേയല്ല” ചെർണി പറഞ്ഞു. “കേണൽ കോമ്രേഡിന് അറിയാമല്ലോ പരിശീലനം കൊടുത്താൽ ആരെ വേണമെങ്കിലും ഒരു കൊലയാളിയായി വാർത്തെടുക്കാനാവുമെന്ന് അതുകൊണ്ട് തന്നെ, റിക്രൂട്ട്മെന്റ് സമയത്ത് അവരുടെ ബുദ്ധിശക്തിയ്ക്കാണ് നാം പ്രാധാന്യം കൊടുക്കുന്നത് കൈത്തോക്ക് ഉപയോഗിക്കുന്നതിൽ ഒരു പ്രത്യേക കഴിവു തന്നെയാണ് കെല്ലിയ്ക്ക് തികച്ചും അനന്യം എന്ന് പറയാം

 

“അതെയതെ ഞാനത് ശ്രദ്ധിക്കുകയുണ്ടായി” മസ്‌ലോവ്സ്കി പറഞ്ഞു. “ആ രീതിയിൽ കൊല്ലണമെങ്കിൽ, അത്രയും ദാക്ഷിണ്യരഹിതമായി കൊല്ലണമെങ്കിൽ ഒരു മനോരോഗി തന്നെ ഉണ്ടായിരിക്കണം അയാളുടെയുള്ളിൽ

 

“അയാളുടെ കാര്യത്തിൽ അങ്ങനെയല്ല, കോമ്രേഡ് കേണൽ അത് മനസ്സിലാക്കുവാൻ ചിലപ്പോൾ നമുക്ക് ബുദ്ധിമുട്ടായിരിക്കും ഞാൻ പറഞ്ഞിരുന്നല്ലോ, കെല്ലിയിൽ നല്ലൊരു നടൻ ഉണ്ടെന്ന് തന്നെ ഏൽപ്പിച്ച IRA ഗൺമാന്റെ റോൾ ഒരു സിനിമയിൽ എന്ന പോലെ ഗംഭീരമായി അയാൾ അഭിനയിച്ചു തീർത്തു

 

“പക്ഷേ, കട്ട് പറയുവാൻ ഒരു ഡയറക്ടർ ഉണ്ടായില്ലെന്ന് മാത്രം...” മസ്‌ലോവ്സ്കി പറഞ്ഞു. “ക്യാമറ റോളിങ്ങ് നിന്ന് കഴിയുമ്പോൾ മരിച്ചു കിടക്കുന്നവർ എഴുന്നേറ്റ് നടന്നകന്നതുമില്ല

 

“ശരിയാണ്” ചെർണി പറഞ്ഞു. “പക്ഷേ, ആയുധം കൈയിൽ വയ്ക്കരുതെന്ന നിർദ്ദേശമുണ്ടായിരുന്നിട്ടും മൂന്നു പേരെ കൊല്ലുകയും മർഫിയുടെ ചെവി തെറിപ്പിക്കുകയും ചെയ്ത അയാളുടെ മാനസികാവസ്ഥ നമുക്ക് കാണാതിരിക്കാനാവില്ല മർഫി ഒരു ഇൻഫോർമർ ആയിരുന്നു അങ്ങനെയൊരാൾ മാപ്പർഹിക്കുന്നില്ല തന്നെ കെല്ലി അഭിനയിച്ചുകൊണ്ടിരുന്ന റോളിൽ അങ്ങനെയല്ലാതെ പ്രവർത്തിക്കാൻ അയാൾക്കാവുമായിരുന്നില്ല നാം നൽകുന്ന ട്രെയിനിങ്ങിന്റെ ഉദ്ദേശ്യവും അതു തന്നെയാണ്

 

“ഓൾറൈറ്റ് നിങ്ങളുടെ വിശദീകരണം ഞാൻ സ്വീകരിക്കുന്നു അപ്പോൾ അയാളെ അയർലണ്ടിലേക്ക് പറഞ്ഞയയ്ക്കുവാൻ സമയമായി എന്നാണോ നിങ്ങൾ പറയുന്നത്?”

 

“എന്നാണ് എനിക്ക് തോന്നുന്നത്, കോമ്രേഡ് കേണൽ

 

“ഓൾറൈറ്റ്, എങ്കിൽ അയാളോട് വരാൻ പറയൂ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


16 comments:

  1. “ക്യാമറ റോളിങ്ങ് നിന്ന് കഴിയുമ്പോൾ മരിച്ചു കിടക്കുന്നവർ എഴുന്നേറ്റ് നടന്നകന്നതുമില്ല…”

    ReplyDelete
    Replies
    1. അതെ... കളി കാര്യമായിപ്പോയി...

      Delete
  2. തുടക്കം തന്നെ കെല്ലി ഞെട്ടിക്കുകയാണല്ലോ

    ReplyDelete
    Replies
    1. മിഖായേൽ കെല്ലി ആള് നിസ്സാരനല്ല...

      Delete
  3. കെല്ലി നല്ലൊരു നടൻ

    ReplyDelete
    Replies
    1. പക്ഷേ, രണ്ടുപേരുടെ ജീവനാണ് എടുത്തത്...

      Delete
  4. പരിശീലനം കൊടുത്താൽ ആരെ വേണമെങ്കിൽ കൊലയാളിയായി വാർത്തെടുക്കാം. എന്തൊരു തിയറി. എന്തായാലും ആ കുഞ്ഞു പെൺകുട്ടി അനാഥയായി

    ReplyDelete
    Replies
    1. സത്യം... ഇങ്ങനെയാണ് ലോകത്തെല്ലായിടത്തും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നത്...

      Delete
  5. ഈ പരിശീലനം എവിടെ കിട്ടും വിനുവെട്ടാ എനിക്ക് കുറച്ചു ആൾക്കാരെ ശേരിയാക്കാൻ ഉണ്ടാരുന്നു.

    ReplyDelete
    Replies
    1. ഓഹോ... അപ്പോൾ പേടിക്കണമല്ലോ... 😛

      Delete
  6. കെല്ലിയെപ്പോലുള്ള ദുഷ്ഠന്മാരെ വാർത്തെടുത്ത് ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുകയോ, കൊന്ന് കൊലവിളിക്കുകയോ ചെയ്യുക. രാഷ്ട്രങ്ങൾ എത്ര പൈശാചികമായാണ് ചിന്തിക്കുന്നത്....!?

    ReplyDelete
    Replies
    1. അതാണ് യാഥാർത്ഥ്യം അശോകേട്ടാ...

      Delete
  7. കെല്ലിയുടെ കഴിവ് വിനിയോഗിക്കുന്നത് കൊലയ്ക്കു വേണ്ടിയാണല്ലോ .

    ReplyDelete
    Replies
    1. അതെ... അങ്ങനെയും ഒരു കാലമുണ്ടായിരുന്നു... ഇപ്പോഴും തുടരുന്നു...

      Delete
  8. ഒരു അഭിനയ ചക്രവർത്തി ആകേണ്ടിയിരുന്നവൻ..
    കെല്ലി ഒരു സംഭവം ആണല്ലോ .. ഫിദാ
    വെറുതെ അല്ലെ അണ്ണൻ ഇപ്പോഴും ആൾക്കാരെ പറ്റിച്ചു നടക്കുന്നത്

    ReplyDelete