Monday, February 20, 2023

കൺഫെഷണൽ – 02

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


“അതെ നമ്പർ വൺ ഡാർക്ക് ഹീറോ” കെല്ലി പറഞ്ഞു.

 

“ജീസസ് ക്രൈസ്റ്റ്” മർഫി പറഞ്ഞു. “നിങ്ങൾ ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അതിഭാവുകത്വം കുറച്ച് കൂടുതലാണല്ലോ ശനിയാഴ്ച്ച രാത്രിയിലെ ടെലിവിഷൻ സീരിയൽ പോലെ നിങ്ങളോട് ആയുധങ്ങളൊന്നും കൈവശം വയ്ക്കരുതെന്ന് പറഞ്ഞിരുന്നതല്ലേ?”

 

“കാരണം?” കെല്ലി ആരാഞ്ഞു.

 

“പോലീസുകാരുടെ സാന്നിദ്ധ്യം കൂടുതലാണിവിടെ അവർ ദേഹപരിശോധന നടത്തുന്നുണ്ട് തീർച്ചയായും നിങ്ങളെ പിടികൂടുക തന്നെ ചെയ്യും

 

“അതിന് എന്റെ കൈയിൽ ആയുധങ്ങളൊന്നും ഇല്ലല്ലോ

 

“ഗുഡ്” ബാർ കൗണ്ടറിനടിയിൽ നിന്നും ബ്രൗൺ നിറമുള്ള ഒരു വലിയ സഞ്ചി എടുത്തിട്ട് മർഫി തുടർന്നു. “ആ ചത്വരം കടന്ന് നേരെ പോയാൽ പോലീസ് ബാരക്കുകളാണ് എല്ലാ ദിവസവും കൃത്യം പന്ത്രണ്ടു മണിയ്ക്കാണ് സാധനങ്ങൾ കൊണ്ടുവരുന്ന ലോക്കൽ ട്രക്ക് അതിന്റെ ഗേറ്റിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുക ഇപ്പോൾ അതിനകത്തുള്ള ആ ട്രക്കിന്റെ പിൻഭാഗത്ത് ഈ സഞ്ചി കൊളുത്തിയിടുക ആ ബാരക്കുകളുടെ പകുതിയും നാമാവശേഷമാക്കാൻ ഇത് ധാരാളം” അയാൾ ആ സഞ്ചിയുടെ ഉള്ളിലേക്ക് കൈ കടത്തി എന്തിലോ അമർത്തിയപ്പോൾ ഒരു ക്ലിക്ക് ശബ്ദം കേട്ടു. “അപ്പോൾ ശരി, അഞ്ചു മിനിറ്റ് സമയമുണ്ട് നിങ്ങൾക്ക്

 

ആ സഞ്ചിയുമെടുത്ത് കെല്ലി വാതിലിന് നേർക്ക് നീങ്ങി. വാതിൽക്കൽ എത്തിയതും മർഫി വിളിച്ചു. “ഹേയ്, ഡാർക്ക് ഹീറോ, കുഖോളിൻ” അയാൾക്ക് നേരെ തിരിഞ്ഞ കെല്ലിയെ നോക്കി മർഫി കൈയിലെ ഗ്ലാസ് ഉയർത്തി. “ഇവിടെ ഒരു ചൊല്ലുണ്ട് അയർലണ്ടിൽ വച്ച് മരിക്കാൻ ഭാഗ്യം വേണമെന്ന്

 

അയാളുടെ കണ്ണുകളിലെ പരിഹാസഭാവം അസ്വാഭാവികമായി കെല്ലിയ്ക്ക് തോന്നി. എങ്കിലും അത് അവഗണിച്ച് അയാൾ ആ ചത്വരത്തിന് നേർക്ക് നടന്നു. പുതിയൊരു ഈണം ആലപിക്കാൻ തുടങ്ങിയിരിക്കുന്നു ആ ബാൻഡ് സംഘം. ഇടമുറിയാതെ പെയ്യുന്ന മഴ കാര്യമാക്കാതെ അവർക്കൊപ്പം പാടുകയാണ് ചുറ്റും കൂടിയിരിക്കുന്നവർ. കെല്ലി തിരിഞ്ഞു നോക്കി. പബ്ബിനുള്ളിൽ നിന്നും പുറത്ത് വന്ന് മുകളിലെ പടിക്കെട്ടിൽ നിൽക്കുകയാണ് മർഫി. വിചിത്രമെന്ന് പറയട്ടെ, അടുത്ത നിമിഷം ആർക്കോ അടയാളം നൽകുന്നത് പോലെ അയാൾ കൈ ഉയർത്തി പല തവണ വീശുന്നത് കെല്ലിയുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്നാണ് ഒരു പോക്കറ്റ് റോഡിൽ നിന്നും പോലീസ് സേനയുടെ ആ ലാൻഡ് റോവർ ചത്വരത്തിലേക്ക് കുതിച്ചെത്തി ബ്രേക്ക് ചെയ്തത്.

 

അപകടം തിരിച്ചറിഞ്ഞ് ഓടുവാൻ തുടങ്ങിയ കെല്ലി കാൽ വഴുതി മുട്ടുകുത്തി വീണു. സ്റ്റെർലിങ്ങ് ഗണ്ണിന്റെ ബാരൽ തന്റെ അടിവയറ്റിൽ അമരുന്നതിന്റെ വേദന അയാളറിഞ്ഞു. ഡ്രൈവർസീറ്റിൽ നിന്നും ഇറങ്ങി വന്ന സെർജന്റ്, വീണു കിടക്കുന്ന അയാളുടെ കൈയിൽ ചവിട്ടിപ്പിടിച്ച് ആ ബ്രൗൺ നിറമുള്ള സഞ്ചി എടുത്തു. അത് തല കീഴായി കുടഞ്ഞതും ഒരു പഴയ ക്ലോക്ക് താഴെ വീണു. ഒരു ഫുട്ബോളിനെയെന്ന പോലെ അയാളത് ആ ആൾക്കൂട്ടത്തിന് നേർക്ക് തട്ടിവിട്ടു. അതുകണ്ട് ഭയന്ന ആൾക്കൂട്ടം പലവഴി ചിതറിത്തെറിച്ചു.

 

“നിങ്ങൾ പേടിക്കേണ്ട” ആ സെർജന്റ് ഉറക്കെ വിളിച്ചു പറഞ്ഞു. “അതൊരു വ്യാജ ബോംബാണ് പൊട്ടില്ല” അയാൾ കുനിഞ്ഞ് കെല്ലിയുടെ കഴുത്തിന് പിറകിൽ നീണ്ട മുടിയിൽ പിടിച്ച് ഉയർത്തി. “ഒരിക്കലും പഠിക്കില്ല അല്ലേ നിങ്ങൾ? ആരെയും വിശ്വസിക്കാൻ പാടില്ല മകനേ അവരത് പഠിപ്പിക്കേണ്ടതായിരുന്നു നിങ്ങളെ

 

കെല്ലി വീണ്ടും അങ്ങോട്ട് നോക്കി. പബ്ബിന് വെളിയിൽ ആ പടിക്കെട്ടിൽ നിൽക്കുന്നുണ്ടായിരുന്നു മർഫി. അപ്പോൾ ഒരു ഇൻഫോർമർ ആയിരുന്നു അയാൾ ഇതുതന്നെയാണ് അയർലണ്ടിന്റെ ശാപവും രോഷമൊന്നും തോന്നിയില്ല കെല്ലിയ്ക്ക്. നിസ്സംഗത മാത്രം.

 

ആ സെർജന്റ് കെല്ലിയുടെ കഴുത്തിന് പിന്നിൽ കുത്തിപ്പിടിച്ച് അയാളെ മുട്ടുകുത്തി ഇരുത്തി. ശേഷം കുനിഞ്ഞ് കൈകൾ കൊണ്ട് അയാളുടെ കക്ഷങ്ങൾക്കടിയിലും ദേഹമാസകലവും എന്തെങ്കിലും ആയുധം ഉണ്ടോയെന്ന് പരതി. പിന്നെ ശക്തിയായി മുന്നോട്ട് തള്ളി ലാൻഡ് റോവറിനോട് ചേർത്ത് മുട്ടുകുത്തിത്തന്നെ നിർത്തി.

 

“ഓൾറൈറ്റ് കൈകൾ പിറകിൽ കെട്ടി അനങ്ങാതെ ഇരുന്നോണം നിനക്കൊക്കെ നിന്റെ നാട്ടിലെ ആ ചെളിക്കുണ്ടിൽത്തന്നെ കിടക്കുകയായിരുന്നില്ലേ നല്ലത്?”

 

കെല്ലി പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. ഇടതു കണങ്കാലിന് മുകളിൽ ഭദ്രമായി ടേപ്പ് കൊണ്ട് ചുറ്റി വച്ചിരുന്ന ബ്രൗണിങ്ങ് കൈത്തോക്കിന്റെ പിടിയിൽ ആയിരുന്നു അയാളുടെ ഇരുകൈകളും. ആ തോക്ക് വലിച്ചൂരിയെടുത്ത് ആ സെർജന്റിന്റെ ഹൃദയത്തിലൂടെ വെടിയുണ്ട പായിക്കാൻ അയാൾക്ക് ഞൊടിയിടയേ വേണ്ടി വന്നുള്ളൂ. വെടിയുണ്ടയേറ്റതിന്റെ ആഘാതത്തിൽ ഉയർന്നു പൊങ്ങിയ അയാൾ തൊട്ടടുത്ത് നിന്നിരുന്ന കോൺസ്റ്റബിളിന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. അടി തെറ്റി തിരിഞ്ഞ ആ കോൺസ്റ്റബിളിന്റെ ചുമലിന് പിൻഭാഗത്താണ് കെല്ലിയുടെ അടുത്ത വെടിയുണ്ട തുളഞ്ഞു കയറിയത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളിൽ അമ്പരന്ന് വാഹനത്തിന്  മറുഭാഗത്ത് നിന്നിരുന്ന മൂന്നാമത്തെ പോലീസുകാരൻ തന്റെ മെഷീൻഗൺ ഉയർത്തിയെങ്കിലും വൈകിപ്പോയിരുന്നു. കെല്ലിയുടെ മൂന്നാമത്തെ വെടിയുണ്ട കഴുത്തിലൂടെ തുളഞ്ഞു കയറിയ അയാൾ പിറകോട്ട് തെറിച്ച് മതിലിൽ ചെന്ന് വീണു.

 

ആൾക്കൂട്ടം നാനാഭാഗത്തേയ്ക്കും ചിതറിയോടിത്തുടങ്ങിയിരുന്നു. സ്ത്രീകൾ അലമുറയിട്ടു കരഞ്ഞു. ബാൻഡ് സംഘത്തിലെ ചിലർ തങ്ങളുടെ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി. ഇതെല്ലാം കണ്ട് അക്ഷോഭ്യനായി അവിടെത്തന്നെ നിന്ന കെല്ലി ചത്വരത്തിനപ്പുറം പബ്ബിന്റെ പടിക്കെട്ടിൽ നിൽക്കുന്ന മർഫിയെ നോക്കി. അമ്പരന്ന് മരവിച്ചു നിൽക്കുകയായിരുന്നു അയാൾ.

 

കെല്ലി തന്റെ കൈയിലെ ബ്രൗണിങ്ങ് ഉയർത്തി അയാൾക്ക് നേരെ ഉന്നം പിടിക്കവെ ലൗഡ്സ്പീക്കറിലൂടെ ഉയർന്നു വന്ന റഷ്യൻ ഭാഷയിലുള്ള ആ ശബ്ദം മഴയുടെ ഇരമ്പലിനിടയിലും മുഴങ്ങിക്കേട്ടു. “അരുത് കെല്ലീ…! മതി…!

 

കെല്ലി തിരിഞ്ഞ് നോക്കിയിട്ട് തോക്ക് താഴ്ത്തി. ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറഞ്ഞ ആ മനുഷ്യൻ കെല്ലിയുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഒരു KGB കേണലിന്റെ യൂണിഫോം ധരിച്ച അയാളുടെ ചുമലിൽ ഒരു മിലിട്ടറി റെയിൻകോട്ട് തൂങ്ങിക്കിടക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം മെലിഞ്ഞ് ഉയരമുള്ള ഒരാൾ കൂടിയുണ്ടായിരുന്നു. ചാരനിറമുള്ള മുടിയായിരുന്നു അയാൾക്ക്. ലെതർ ട്രെഞ്ച്കോട്ടും  സ്റ്റീൽ ഫ്രെയിമുള്ള കണ്ണടയും ധരിച്ച അയാളുടെ പ്രായം മുപ്പതുകളുടെ ആരംഭത്തിലാണെന്ന് അനുമാനിക്കാം. അവർക്ക് പിന്നിൽ നീട്ടിപ്പിടിച്ച റൈഫിളുകളുമായി ഒരു സംഘം റഷ്യൻ സൈനികർ ആ ചത്വരത്തിലേക്ക് മാർച്ച് ചെയ്തു വന്നു. യുദ്ധനിരയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള അവരുടെ യൂണിഫോമിൽ സ്പെഷ്യൽ ഫോഴ്സസ് കമാൻഡിന് കീഴിലുള്ള അയേൺ ഹാമർ ബ്രിഗേഡിന്റെ ബാഡ്ജുകൾ ഉണ്ടായിരുന്നു.

 

“അങ്ങനെ നല്ല കുട്ടിയായി, ആ തോക്ക് താഴെയിടൂ!” കേണൽ വിളിച്ചു പറഞ്ഞു. അടുത്ത നിമിഷം  കെല്ലിയുടെ വലതുകൈ ഉയർന്നു. തോക്കിൽ നിന്നും ഉതിർന്ന വെടിയുണ്ട ദൂരെ നിൽക്കുന്ന മർഫിയുടെ ഇടതുചെവിയുടെ ഭൂരിഭാഗവും തെറിപ്പിച്ചുകൊണ്ടാണ് കടന്നു പോയത്. അലറി വിളിച്ചു കൊണ്ട് ചെവി പൊത്തിപ്പിടിച്ച അയാളുടെ കൈവിരലുകൾക്കിടയിലൂടെ രക്തം പുറത്തേക്ക് ചീറ്റി.

 

“വേണ്ട മിഖായേൽ! മതി!” ലെതർ ഓവർകോട്ട് ധരിച്ച മനുഷ്യൻ വിളിച്ചുപറഞ്ഞു. അയാളുടെ നേർക്ക് തിരിഞ്ഞ് കെല്ലി പുഞ്ചിരിച്ചിട്ട് റഷ്യൻ ഭാഷയിൽ പറഞ്ഞു. “തീർച്ചയായും പ്രൊഫസ്സർ താങ്കൾ പറഞ്ഞാൽ പിന്നെ അനുസരിക്കാതിരിക്കുന്ന പ്രശ്നമില്ല” ശേഷം തന്റെ ബ്രൗണിങ്ങ് തോക്ക് ലാൻഡ് റോവറിന്റെ ബോണറ്റിൽ ശ്രദ്ധാപൂർവ്വം വച്ചു.

 

“നിർദ്ദേശങ്ങൾ അതുപോലെ അനുസരിക്കുവാനുള്ള ട്രെയിനിങ്ങാണ് ഇയാൾക്ക് നിങ്ങൾ കൊടുത്തിട്ടുള്ളതെന്നല്ലേ പറഞ്ഞത്?” കേണൽ ആ കോട്ട്ധാരിയോട് ചോദിച്ചു.

 

ഒരു ആർമി ലെഫ്റ്റനന്റ് മുന്നോട്ട് വന്ന് സല്യൂട്ട് ചെയ്തു. “കേണൽ മസ്‌ലോവ്സ്കി, അവരിൽ ഒരാൾക്ക് ജീവനുണ്ട് രണ്ടുപേർ മരിച്ചിരിക്കുന്നു എന്താണിനി ചെയ്യേണ്ടത്?”

 

അയാളെ അവഗണിച്ചു കൊണ്ട് മസ്‌ലോവ്സ്കി കെല്ലിയുടെ നേർക്ക് തിരിഞ്ഞു. “നിങ്ങൾക്ക് തോക്ക് കൈവശം വയ്ക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല

 

“എനിക്കറിയാം” കെല്ലി പറഞ്ഞു. “പക്ഷേ, അതിനൊരു മറുവശം കൂടിയുണ്ട് കളിയുടെ നിയമാവലി പ്രകാരം, മർഫി ഒരു ഇൻഫോർമർ ആയിരിക്കാനും പാടില്ലായിരുന്നു ഒരു IRA അംഗമാണ് അയാളെന്നായിരുന്നു എന്നെ ധരിപ്പിച്ചിരുന്നത്

 

“അപ്പോൾ, കേട്ടതെല്ലാം വിശ്വസിക്കുന്ന കൂട്ടത്തിലാണോ നിങ്ങൾ?”

 

“വിശ്വസിക്കണമെന്നാണ് പാർട്ടി എന്നോട് പറഞ്ഞിരിക്കുന്നത്, കേണൽ സഖാവേ അതല്ല, ഇനി എനിക്ക് വേണ്ടി പ്രത്യേക നിയമപുസ്തകം വല്ലതുമുണ്ടോ നിങ്ങളുടെ കൈവശം?” മസ്‌ലോവ്സ്കിയുടെ മുഖം ദ്വേഷ്യം കൊണ്ട് ചുവന്നു. കാരണം അത്തരം പെരുമാറ്റം ഒരിക്കലും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല, അത് ആരിൽ നിന്നായാലും. കെല്ലിയെ ശകാരിക്കുവാനായി വായ് തുറന്ന സമയത്താണ് ഒരു പെൺകുട്ടിയുടെ നിലവിളി ഉയർന്നു കേട്ടത്. കെല്ലിയ്ക്ക് പൂക്കളുടെ ട്രേ നൽകിയ അതേ പെൺകുട്ടി ആൾക്കൂട്ടത്തിനിടയിൽ നിന്നും നിലവിളിച്ചു കൊണ്ട് ഓടി വന്ന് പോലീസ് സെർജന്റിന്റെ മൃതശരീരത്തിനരികിൽ മുട്ടുകുത്തി വീണു.

 

“പാപ്പാ” റഷ്യൻ ഭാഷയിൽ അവൾ നിലവിളിച്ചു. “പാപ്പാ” പിന്നെ തലയുയർത്തി കെല്ലിയെ നോക്കി. അവളുടെ മുഖം വിളറിയിരുന്നു. “നിങ്ങൾ കൊന്നു! നിങ്ങളെന്റെ അച്ഛനെ കൊന്നു!”

 

അവൾ ഒരു പുലിയെപ്പോലെ കെല്ലിയുടെ ദേഹത്തേക്ക് ചാടി വീണ് ഹിസ്റ്റീരിയ പിടിച്ചവളെപ്പോലെ അയാളുടെ മുഖത്ത് മാന്തി. അവളുടെ കൈകൾ ബലമായി പിടിച്ചു വച്ചതും ശക്തിയെല്ലാം ചോർന്ന് അവൾ അയാളുടെ ദേഹത്തേക്ക് കുഴഞ്ഞു വീണു. കെല്ലി അവളെ തന്നോട് ചേർത്തു പിടിച്ച് മുടിയിഴകളിൽ തലോടി കാതിൽ എന്തോ മന്ത്രിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

 

ആ നിമിഷമാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നും ആ വൃദ്ധവൈദികൻ പുറത്ത് വന്നത്. “അവളെ ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം” അവളുടെ ചുമലിൽ മൃദുവായി തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

 

നടന്നു തുടങ്ങിയ അവർക്ക് വേണ്ടി ആൾക്കൂട്ടം വഴിമാറി. “ശരി, ഈ ചത്വരം പെട്ടെന്ന് തന്നെ ക്ലിയർ ചെയ്യൂ” ലെഫ്റ്റനന്റിന് നിർദ്ദേശം നൽകിയിട്ട് കേണൽ മസ്‌ലോവ്സ്കി ലെതർകോട്ട് ധരിച്ച മനുഷ്യന്റെ നേർക്ക് തിരിഞ്ഞു. “ഈ നശിച്ച ഉക്രേനിയൻ മഴയെക്കൊണ്ട് ഞാൻ മടുത്തു വരൂ, നമുക്ക് തിരിച്ചു പോകാം നിങ്ങളുടെ ഈ ആശ്രിതനെയും കൂട്ടിക്കോളൂ ഒപ്പം കുറച്ച് സംസാരിക്കാനുണ്ട്

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

14 comments:

  1. പൂക്കാരിപ്പെണ്കുട്ടി വീണ്ടും നൊമ്പരമായി.

    ReplyDelete
  2. കെല്ലി ആള് മോശമില്ലല്ലോ

    ReplyDelete
    Replies
    1. തീവ്രവാദ പ്രവർത്തനങ്ങൾക്കായി KGB യുടെ പരിശീലനത്തിലാണ് കുഖോളിൻ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന മിഖായേൽ കെല്ലി...

      Delete
  3. കെല്ലിയുടെ സമർത്ഥമായ നീക്കങ്ങൾ.

    ReplyDelete
    Replies
    1. കൊടും ഭീകരൻ എന്ന് വിശേഷിപ്പിക്കാം സുകന്യാജീ...

      Delete
  4. വീണ്ടും ആ പെൺകുട്ടി മനസ്സിൽ വേദനയായി .

    ReplyDelete
  5. ശെടാ തുടക്കം തന്നെ വെടിയും പുകയും മരണവും ഒക്കെ ആണല്ലോ. എന്തായാലും വരട്ടെ നോക്കാം

    ReplyDelete
    Replies
    1. നമ്മുടെ ലിയാം ഡെവ്‌ലിനും വരുന്നുണ്ട് കേട്ടോ ഇതിൽ... പൊരിയ്ക്കും...

      Delete
  6. മൂന്നാമത്തെ ലക്കം വന്നോന്ന് നോക്കാൻ വന്നതാ

    ReplyDelete
  7. അപ്പൊ കുഖോലിനെ ആ പെൺകുട്ടിക്ക് നന്നായി അറിയാം..
    കുഞ്ഞുമനസ്സിലെ പകയോളം വരില്ല ഒന്നും

    ReplyDelete
    Replies
    1. അതെ... അവൾക്ക് നല്ല ഓർമ്മയുണ്ട്...

      Delete