Wednesday, January 31, 2024

കൺഫെഷണൽ – 49

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

സ്ഫോടനം നടന്ന സ്ഥലത്ത് ആദ്യം എത്തിയത് ബല്ലിവാൾട്ടറിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഡബ്ലിൻ ടൗൺ എന്ന ബോട്ടായിരുന്നു. ഏതാണ്ട് ഒരു മൈൽ അകലെ വല വിരിച്ചുകൊണ്ടിരിക്കവെയാണ് ആ സ്ഫോടനം അവർ കാണുന്നത്. മേരി മർഫി മുങ്ങിയ ഇടത്ത് എത്തിയപ്പോഴേക്കും അര മണിക്കൂർ കടന്നു പോയിരുന്നു. കടലിൽ എമ്പാടും പരന്ന് കിടക്കുന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ. ഒഴുകി നടക്കുന്ന ഒരു ലൈഫ് ജാക്കറ്റിൽ ബോട്ടിന്റെ പേർ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവിടെ നടന്ന ദുരന്തത്തെക്കുറിച്ച് കോസ്റ്റ് ഗാർഡിന് റേഡിയോ സന്ദേശം അയച്ചിട്ട് അവർ ജീവനോടെ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ അല്ലെങ്കിൽ അവരുടെ മൃതദേഹങ്ങളെങ്കിലും ലഭിക്കുമോ എന്നറിയാൻ തെരച്ചിൽ ആരംഭിച്ചു. എന്നാൽ കനം കൂടി വരുന്ന മൂടൽമഞ്ഞിൽ അവരുടെ ശ്രമം വിഫലമാകുകയാണുണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെ ഡൺഡാൽക്കിൽ നിന്നുള്ള കോസ്റ്റ് ഗാർഡിന്റെ ബോട്ട് അപകടസ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴേക്കും ആ പരിസരത്ത് എത്തിച്ചേർന്നിരുന്ന മറ്റു മത്സ്യബന്ധന ബോട്ടുകൾക്കൊപ്പം അവർ തെരച്ചിൽ തുടരവെ ചക്രവാളത്തിൽ അരുണോദയമായി.

 

                                                     ***

 

പുലർച്ചെ നാലു മണിയ്ക്കാണ് ആ ദുരന്തവാർത്ത മക്ഗിനസിനെ തേടിയെത്തിയത്. ഉടൻ തന്നെ അയാൾ ഡെവ്‌ലിന് ഫോൺ ചെയ്തു.

 

“എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമേ അറിയൂ” മക്ഗിനസ് പറഞ്ഞു. “വലിയൊരു സ്ഫോടനം നടന്നു ഉടൻ തന്നെ മുങ്ങുകയും ചെയ്തു

 

“മൃതശരീരങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നല്ലേ പറഞ്ഞത്?”

 

“ചിലപ്പോൾ മുങ്ങിയ ബോട്ടിനുള്ളിൽത്തന്നെയുണ്ടായിരിക്കാം നിർഭാഗ്യവശാൽ ഈ സമയത്ത് ശക്തമായ ഒഴുക്കുമുണ്ടെന്നാണ് പറയുന്നത് മൃതശരീരങ്ങൾ വളരെ ദൂരേയ്ക്ക് ഒഴുകിപ്പോകാൻ സാദ്ധ്യതയേറെയാണ് എന്താണ് സംഭവിച്ചതെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു പാവം ഷോൺ ഡീഗൻ നല്ലൊരു മനുഷ്യനായിരുന്നു

 

“വിവരം ലഭിക്കുമ്പോൾ എന്നെ അറിയിക്കൂ” ഡെവ്‌ലിൻ പറഞ്ഞു.

 

“ആ ബാസ്റ്റർഡ് ക്യുസെയ്നും കൊല്ലപ്പെട്ടു എന്നതാണ് ഏക ആശ്വാസം വിവരം താങ്കൾ ഫെർഗൂസനെ അറിയിക്കില്ലേ?”

 

“അക്കാര്യം എനിക്ക് വിട്ടേക്കൂ

 

ഒരു ഡ്രെസ്സിങ്ങ് ഗൗൺ എടുത്തണിഞ്ഞ് താഴെ ചെന്ന് ഡെവ്‌ലിൻ ചായയുണ്ടാക്കി. ക്യുസെയ്ൻ കൊല്ലപ്പെട്ടിരിക്കുന്നു ഇരുപതു വർഷത്തിലധികമായി തന്റെ സുഹൃത്തായിരുന്ന അയാൾ യഥാർത്ഥത്തിൽ ആരായിരുന്നാലും ശരി, അതിൽ ഒരു വേദനയും അനുഭവപ്പെട്ടില്ല അദ്ദേഹത്തിന്. തെല്ലും ദുഃഖം തോന്നുന്നില്ല.

 

ഫോൺ എടുത്ത് അദ്ദേഹം ലണ്ടനിലെ കവൻഡിഷ് സ്ക്വയറിലേക്ക് ഡയൽ ചെയ്തു. കുറേയേറെ നേരം റിങ്ങ് ചെയ്തതിന് ശേഷമാണ് മറുഭാഗത്ത് റിസീവർ എടുത്തത്. ഫെർഗൂസന്റെ ഉറക്കച്ചടവുള്ള സ്വരം ഡെവ്‌ലിന്റെ കാതിലെത്തി. വാർത്തയറിഞ്ഞതും ഫെർഗൂസന്റെ ഉറക്കമെല്ലാം ഓടിയൊളിച്ചു.

 

“ഉറപ്പാണോ നിങ്ങൾക്ക്?”

 

“അങ്ങനെയാണ് മനസ്സിലാവുന്നത് എന്താണ് ആ ബോട്ടിൽ സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമേ അറിയൂ

 

“വെൽ” ഫെർഗൂസൺ പറഞ്ഞു. “എന്തായാലും ക്യുസെയ്ൻ എന്ന ആ തലവേദന എന്നെന്നേയ്ക്കുമായി ഒഴിഞ്ഞു കിട്ടിയല്ലോ അയാളുടെ അന്ത്യമായിരുന്നു എനിക്ക് വേണ്ടിയിരുന്നത് പോപ്പിനെ വധിക്കണം പോലും അയാൾക്ക്

 

“താന്യയുടെ കാര്യം എങ്ങനെയാണിനി?”

 

“അവൾ നാളെത്തന്നെ തിരിച്ചു വരട്ടെ ഫ്ലൈറ്റിൽ കയറ്റി വിട്ടോളൂ എയർപോർട്ടിൽ ഞാനുണ്ടാവും ഹാരി പാരീസിലായിരിക്കും ആ എക്സോസെറ്റ് മിസൈലിന്റെ കാര്യവുമായി ബന്ധപ്പെട്ട് ടോണി വില്ലേഴ്സിനെ സന്ധിക്കാൻ

 

“റൈറ്റ്” ഡെവ്‌ലിൻ പറഞ്ഞു. “എന്നാൽ പിന്നെ അങ്ങനെ തന്നെ

 

“എന്തു പറ്റി ലിയാം? ഒട്ടും സന്തോഷമില്ലാത്തത് പോലെ?”

 

“ഒറ്റ വാചകത്തിൽ പറയാം അയാളുടെ മൃതശരീരം നേരിൽ കണ്ടെങ്കിൽ മാത്രമേ എനിക്ക് വിശ്വാസമാകൂ” ഡെവ്‌ലിൻ ഫോൺ കട്ട് ചെയ്തു.

 

                                                          ***

 

ഐറിഷ് റിപ്പബ്ലിക്കിനെയും ബ്രിട്ടനെയും വേർതിരിക്കുന്ന അൾസ്റ്റർ അതിർത്തിയിലെ റോഡുകളിൽ പോലീസിന്റെയും  ബ്രിട്ടീഷ് ആർമിയുടെയും കനത്ത സാന്നിദ്ധ്യവും നിറയെ ബാരിക്കേഡുകളും ഒക്കെയുണ്ടെങ്കിലും വഴിയറിയുന്നവർക്ക് അതിർത്തി കടക്കുവാൻ ധാരാളം മാർഗ്ഗങ്ങളുണ്ടായിരുന്നു. പലയിടത്തും പാടശേഖരങ്ങൾക്കിടയിലൂടെ ഒരു സാങ്കല്പിക രേഖ മാത്രമായിരുന്നു അതിർത്തി എന്നത്. നൂറുകണക്കിന് നാട്ടുവഴികളും ഒറ്റയടിപ്പാതകളും ഒക്കെ ഇടകലർന്ന് കിടക്കുന്ന പ്രദേശം.

 

പുലർച്ചെ നാലുമണിയോടെ തന്നെ ക്യുസെയ്ൻ സുരക്ഷിതമായി അൾസ്റ്ററിൽ എത്തിയിരുന്നു. നേരം വെളുക്കുന്നതിനു മുമ്പ് റോഡിലൂടെയുള്ള വാഹനനീക്കം ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അങ്ങനെയൊരു റിസ്കെടുക്കേണ്ട എന്നയാൾ തീരുമാനിച്ചു. അതുകൊണ്ട് മെയിൻ റോഡിനരികിലുള്ള മരക്കൂട്ടങ്ങൾക്കിടയിൽ കണ്ട ഉപയോഗശൂന്യമായ ഒരു ധാന്യപ്പുരയിൽ അയാൾ അഭയം പ്രാപിച്ചു.

 

ഉറങ്ങാനൊന്നും അയാൾ ശ്രമിച്ചില്ല. സൗകര്യപ്രദമായി ചുമരിൽ ചാരിയിരുന്നുകൊണ്ട് സിഗരറ്റ് പുകയ്ക്കവെ സ്റ്റെച്ച്കിൻ റിവോൾവർ വലതുകൈയിൽത്തന്നെയുണ്ടായിരുന്നു. ആറുമണി കഴിഞ്ഞതോടെ മോണിങ്ങ് ഷിഫ്റ്റിന് ജോലിയ്ക്ക് പോകുന്നവരുടെ തിരക്ക് റോഡിൽ കണ്ടു തുടങ്ങി. ഇനി പുറത്തിറങ്ങിയാൽ ആർക്കും സംശയമൊന്നും തോന്നില്ല. ബാൻബ്രിഡ്ജ് വഴി ലിസ്ബേണിലേക്ക് പോകുന്ന റോഡിലൂടെ ക്യുസെയ്ൻ മോട്ടോർസൈക്കിൾ പായിച്ചു.

 

ആൽഡർഗ്രോവ് എയർപോർട്ടിന്റെ കാർപാർക്കിങ്ങിൽ എത്തുമ്പോൾ സമയം ഏഴേകാൽ ആയിരുന്നു. മോട്ടോർസൈക്കിൾ അവിടെ പാർക്ക് ചെയ്തിട്ട് സ്റ്റെച്ച്കിൻ റിവോൾവർ തന്റെ ഹോൾഡോളിന്റെ അടിത്തട്ടിലെ രഹസ്യ അറയിൽ വാൾട്ടർ റിവോൾവറിനൊപ്പം ഒളിപ്പിച്ചു വച്ചു. ഒഴിവുകാലം തുടങ്ങിയതിനാൽ വിമാന സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എട്ടേകാലിന് മാൻ ഐലന്റിലേക്ക് ഒരു ഫ്ലൈറ്റുണ്ട്. അഥവാ അതിന് ടിക്കറ്റ് കിട്ടാൻ വിഷമം നേരിടുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഗ്ലാസ്ഗോ, എഡിൻബർഗ്, ന്യൂകാസിൽ എന്നിവിടങ്ങളിലേക്കും ഫ്ലൈറ്റുകളുണ്ട്. എങ്കിലും മാൻ ഐലന്റ് തന്നെയായിരുന്നു അയാളുടെ പ്രഥമ പരിഗണനയിൽ. ധാരാളം വിനോദസഞ്ചാരികൾ പോകുന്ന ഒരു സോഫ്റ്റ് റൂട്ടാണ് അതെന്നത് തന്നെയായിരുന്നു കാരണം. ഭാഗ്യവശാൽ ആ വിമാനത്തിനുള്ള ടിക്കറ്റ് ലഭിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല അയാൾക്ക്.

 

ഭൂരിഭാഗം ഇന്റർനാഷണൽ എയർപോർട്ടുകളിലും ഈയിടെയായി ഹാൻഡ് ബാഗേജുകൾ എക്സ്റേ പരിശോധനയ്ക്ക് വിധേയമാകാറുണ്ട്. എന്നാൽ ഹോളിഡേ സീസണിൽ സോഫ്റ്റ് റൂട്ടുകളിൽ അത്ര കർശനമായിരുന്നില്ല അത്. എന്തായാലും ശരി, തന്റെ ബാഗിന്റെ അടിഭാഗത്തെ മൂന്നിഞ്ച് ഉയരമുള്ള രഹസ്യ അറയുടെ പാളികളിൽ ഈയത്തിന്റെ കോട്ടിങ്ങ് ഉള്ളതുകൊണ്ട് അതിന്റെ ഉള്ളടക്കം എക്സ്റേയിൽ കാണാൻ സാധിക്കില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് മാൻ ഐലന്റിലെ കസ്റ്റംസിൽ ചെല്ലുമ്പോൾ മാത്രമായിരിക്കും.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 


Thursday, January 25, 2024

കൺഫെഷണൽ – 48

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അതിന് ശേഷം ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു കാണണം, അവർ ബോട്ടിന്റെ എഞ്ചിൻ ഓഫ് ചെയ്തു. കാറ്റിന്റെ ഗതിയ്ക്കൊപ്പം സാവധാനം ഒഴുകുകയാണ് ബോട്ട് ഇപ്പോൾ. ബങ്കിൽ കിടക്കുകയായിരുന്ന ഹാരി ക്യുസെയ്ൻ എഴുന്നേറ്റ് ഇരുന്നു.

 

“ഡെക്കിലേക്കൊന്ന് വരാമോ ഫാദർ?” താഴെ ഇടനാഴിയിലേക്ക് നോക്കി ഡീഗൻ വിളിച്ചു ചോദിച്ചു.

 

ഹാറ്റ് എടുത്ത് തലയിൽ വച്ച് അതിന്റെ ആംഗിൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ട് ക്യുസെയ്ൻ ലാഡർ വഴി മുകളിലേക്ക് ചെന്നു. എഞ്ചിൻ ഗാർഡിന് മുകളിൽ ഇരിക്കുകയാണ് ഈഗൻ. മെക്കറ്റീർ വീൽഹൗസിന്റെ ജാലകത്തിലൂടെ തലയിട്ട് പുറത്തേക്ക് നോക്കുന്നുണ്ട്. രണ്ടോ മൂന്നോ മൈലുകൾ അകലെ, തങ്ങൾ യാത്ര തുടങ്ങി വച്ച ഐറിഷ് തീരത്തേക്ക് വീക്ഷിച്ചുകൊണ്ട് ഒരു സിഗരറ്റ് ആസ്വദിക്കുകയാണ് ബോട്ടിന്റെ പിൻഭാഗത്തെ റെയിലിന് സമീപം നിൽക്കുന്ന ഷോൺ ഡീഗൻ.

 

“എന്താണ്? എന്തിനാണ് വിളിച്ചത്?” ക്യുസെയ്ൻ ആരാഞ്ഞു.

 

“എല്ലാം വെളിച്ചത്തായിരിക്കുന്നു!” വലതുകൈയിൽ സ്റ്റെച്ച്കിൻ റിവോൾവറുമായി ഡീഗൻ തിരിഞ്ഞു. “നിങ്ങൾ ആരാണെന്ന് ഞങ്ങൾക്ക് മനസ്സിലായി മകനേ നിങ്ങളെക്കുറിച്ചുള്ള സകല വിവരങ്ങളും ഞങ്ങൾക്കറിയാം

 

“മാത്രമല്ല, നിങ്ങളുടെ ദുരുദ്ദേശ്യം എന്താണെന്നും” മെക്കറ്റീർ വിളിച്ചു പറഞ്ഞു.

 

ഒരു നീണ്ട ചങ്ങലയും ചുഴറ്റിക്കൊണ്ട് ഈഗൻ എഴുന്നേറ്റു. അത് അവഗണിച്ച് ക്യുസെയ്ൻ ഡീഗന് നേർക്ക് തിരിഞ്ഞു. തന്റെ തലയിൽ നിന്നും ഊരിമാറ്റിയ ഹാറ്റ് അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. “അപ്പോൾ നമുക്കിടയിൽ ഒരു ചർച്ചയ്ക്കുള്ള അവസരമില്ലെന്നാണോ?”

 

“ഒട്ടും തന്നെയില്ല” ഡീഗൻ പറഞ്ഞു. ഹാരി ക്യുസെയ്ന്റെ വലതുകൈയിലെ ഹാറ്റിനുള്ളിലൂടെ പുറത്തുവന്ന വെടിയുണ്ട ഷോൺ ഡീഗന്റെ നെഞ്ചിലാണ് തുളഞ്ഞു കയറിയത്. വെടിയേറ്റ ആഘാതത്തിൽ പിറകിലെ കൈവരിയിലേക്ക് തെറിച്ചു വീണ ഡീഗന്റെ കൈയിലുണ്ടായിരുന്ന സ്റ്റെച്ച്കിൻ റിവോൾവർ താഴെ വീണു. അടി തെറ്റി കൈവരിയിൽ പിടിക്കുവാൻ ശ്രമിച്ചുവെങ്കിലും അത് വിഫലമായി കൈവരികൾക്ക് മുകളിലൂടെ അയാൾ താഴെ കടലിലേക്ക് പതിച്ചു. അതേ മാത്രയിൽത്തന്നെ തിരിഞ്ഞ ക്യുസെയ്ൻ വീൽഹൗസിനുള്ളിൽ നിൽക്കുന്ന മെക്കറ്റീറിന് നേർക്ക് നിറയൊഴിച്ചു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും ആജാനുബാഹുവായ ആ മനുഷ്യന്റെ വലതു കണ്ണിന് തൊട്ടുമുകളിലായി വെടിയുണ്ട തുളഞ്ഞു കയറി. ചങ്ങലയും ചുഴറ്റി ഈഗൻ മുന്നോട്ട് വന്നുവെങ്കിലും അതിവിദഗ്ദ്ധമായി ക്യുസെയ്ൻ ഒഴിഞ്ഞു മാറി.

 

“ബാസ്റ്റർഡ്!” ഈഗൻ അലറി.

 

ഒരു നിമിഷം ശ്രദ്ധയോടെ ഉന്നം പിടിച്ച് ക്യുസെയ്ൻ കാഞ്ചി വലിച്ചു. ഈഗന്റെ ഹൃദയത്തിലാണ് വെടിയുണ്ട തറച്ചത്.

 

പിന്നെ ക്യുസെയ്ന്റെ നീക്കങ്ങളെല്ലാം ചടുലമായിരുന്നു. ഡീഗന്റെ കൈയിൽ നിന്നും താഴെ വീണു കിടന്നിരുന്ന തന്റെ സ്റ്റെച്ച്കിൻ റിവോൾവർ എടുത്ത് പോക്കറ്റിൽ നിക്ഷേപിച്ച ശേഷം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഔട്ട്ബോർഡ് മോട്ടോറോടു കൂടിയ ഇൻഫ്ലേറ്റബിൾ ഡിങ്കി എടുത്തുകൊണ്ടുവന്ന് കൈവരിയിൽ കെട്ടി. എന്നിട്ട് വീൽഹൗസിൽ ചെന്ന് മെക്കറ്റീറിന്റെ മൃതശരീരത്തെ മറികടന്ന് തന്റെ ക്യാൻവാസ് ഹോൾഡോൾ എടുത്തു. അതിന്റെ അടിഭാഗത്തെ രഹസ്യ അറ തുറന്ന് സ്ഫോടകവസ്തുക്കളിൽ ഒരെണ്ണമെടുത്ത് ഒരു ഡിറ്റണേറ്റർ അതിൽ ഘടിപ്പിച്ചു. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ സ്ഫോടനം നടക്കുന്നത് പോലെ സെറ്റ് ചെയ്തിട്ട് എഞ്ചിൻ റൂമിനുള്ളിൽ നിക്ഷേപിച്ച ശേഷം ക്യുസെയ്ൻ ഇൻഫ്ലേറ്റബിൾ ഡിങ്കിയിലേക്കിറങ്ങി മോട്ടോർ സ്റ്റാർട്ട് ചെയ്ത് അതിവേഗം തീരം ലക്ഷ്യമാക്കി നീങ്ങി. നെഞ്ചിൽ വെടിയേറ്റ് കടലിൽ വീണുകിടക്കുന്ന ഷോൺ ഡീഗൻ ആ കാഴ്ച്ചയും കണ്ട് കാൽ കൊണ്ട് സാവധാനം തുഴഞ്ഞ് വെള്ളത്തിൽ പൊന്തിക്കിടക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു.

 

ആ സ്ഫോടനം രാത്രിയെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ക്യുസെയ്ൻ നല്ലൊരു ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ തീജ്വാലകൾ മുകളിലേക്കുയർന്നു. അയാൾ തിരിഞ്ഞൊന്നു നോക്കി. കാര്യങ്ങൾ ഇതിൽക്കൂടുതൽ എങ്ങനെ ഭംഗിയാവനാണ്? താൻ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു മക്ഗിനസും ഫെർഗൂസനും ഇനി അവരുടെ വേട്ടപ്പട്ടികളെ തിരിച്ചു വിളിക്കും എങ്കിലും ഒടുവിൽ എല്ലാം സംഭവിച്ചു കഴിഞ്ഞ് സത്യാവസ്ഥ പുറത്തുവരുമ്പോൾ ഡെവ്‌ലിന്റെ പ്രതികരണം എന്തായിരിക്കുമെന്നോർത്ത് ക്യുസെയ്ൻ ഊറിച്ചിരിച്ചു.

 

ബല്ലിവാൾട്ടറിന് സമീപമുള്ള ചെറിയൊരു ബീച്ചിൽ ചെന്നു കയറിയ അയാൾ അവിടെക്കണ്ട ചെറിയ ഷെഡ്ഡിനുള്ളിലേക്ക് ആ ഡിങ്കി വലിച്ചു കയറ്റിയിട്ടു. എന്നിട്ട് തന്റെ മോട്ടോർസൈക്കിൾ ഉപേക്ഷിച്ച സ്ഥലം ലക്ഷ്യമാക്കി ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ കുന്നിൻമുകളിലേക്ക് നടന്നു. അവിടെയെത്തിയതും ബാഗ് പിൻസീറ്റിൽ വരിഞ്ഞു കെട്ടി ഹെൽമറ്റും എടുത്തണിഞ്ഞ് മോട്ടോർ‌സൈക്കിൾ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Friday, January 19, 2024

കൺഫെഷണൽ – 47

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മക്ഗിനസിന്റെ ഫോൺ വരുമ്പോൾ ഡെവ്‌ലിൻ ഉറങ്ങാൻ കിടക്കുകയായിരുന്നു. “അയാളെ പിടികൂടിയിട്ടുണ്ട്” മക്ഗിനസ് പറഞ്ഞു.

 

“എവിടെ വച്ച്?”

 

“ബല്ലിവാൾട്ടറിൽ വച്ച് ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരു ഷോൺ ഡീഗൻ ആണ് വിവരം തന്നത് ഡാനി മാലണിന്റെ ഒരു സുഹൃത്താണ് താനെന്ന് പറഞ്ഞ് ക്യുസെയ്ൻ അയാളുടെ അടുത്തെത്തിയത്രെ മാൻ ഐലണ്ടിലേക്ക് ഒളിച്ചു കടക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത ചിലതെല്ലാം ഡാനി അയാളോട് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു

 

“മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന മനുഷ്യനാണ് ഡാനി താനെന്താണ് പറയുന്നതെന്ന ബോധം പോലും ഉണ്ടാകില്ല അദ്ദേഹത്തിന് മിക്കപ്പോഴും” ഡെവ്‌ലിൻ പറഞ്ഞു.

 

“എന്തായാലും ശരി, ഇപ്പോൾ ഫാദർ ഡാലി എന്ന് പേര് മാറ്റിയിരിക്കുന്ന ക്യുസെയ്നെ കാത്തിരിക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഷോക്കായിരിക്കും തീരത്ത് നിന്നും രണ്ടോ മൂന്നോ മൈൽ അകലെയെത്തുന്നതോടെ അയാളെ വകവരുത്തി കടലിലെറിഞ്ഞിരിക്കും ഡീഗനും അയാളുടെ കൂട്ടുകാരും ഞാൻ പറഞ്ഞില്ലേ, ആ പന്നിയെ ഞങ്ങൾ പിടികൂടിയിരിക്കും എന്ന്

 

“പറഞ്ഞത് പോലെ തന്നെ നിങ്ങൾ ചെയ്തു

 

“ശരി, വിവരങ്ങൾ ഞാൻ അറിയിച്ചുകൊണ്ടിരിക്കാം ലിയാം

 

ക്യുസെയ്നെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഡെവ്‌ലിൻ അല്പനേരം ഇരുന്നു. താൻ കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഡീഗൻ അനധികൃതമായി മാൻ ഐലണ്ടിലേക്ക് ആളുകളെ കടത്തുന്നുണ്ടെന്ന വിവരം ഡാനി മാലണിന്റെയടുത്ത് നിന്നും ക്യുസെയ്ൻ ചോർത്തിയെടുത്തിട്ടുണ്ടാവാമെന്നത് ശരി പക്ഷേ, ഒരു വേഷപ്പകർച്ചയും ഇല്ലാതെ വെറും പേര് മാത്രം മാറ്റിക്കൊണ്ട് അയാൾ അവിടെ പ്രത്യക്ഷപ്പെട്ടു എന്നത് വിശ്വസിക്കാനാവുന്നില്ല ഒരു പക്ഷേ, ബന്ധിക്കപ്പെട്ട അവസ്ഥയിലുള്ള തന്നെയും താന്യയെയും പുറംലോകം കണ്ടെത്തുമ്പോഴേക്കും ചുരുങ്ങിയത് നാളെ പ്രഭാതമെങ്കിലുമാവും എന്ന് അയാൾ കരുതിയിരിക്കാം എന്നാലും ഹാരി ക്യുസെയ്ൻ അങ്ങനെ പ്രവർത്തിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കാം? ഒരു പിടിയും കിട്ടുന്നില്ലല്ലോ

 

                                                   ***

 

ഹാർബറിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ കടലിൽ ചെറിയ തോതിൽ മൂടൽമഞ്ഞുണ്ടായിരുന്നു. എങ്കിലും ആകാശം തെളിഞ്ഞിരുന്നതിനാൽ നിലാവെട്ടത്തിന്റെ തിളക്കമേറ്റ് അലൗകികമായ ഒരു പ്രതീതിയായിരുന്നു അവിടെങ്ങും. ഡെക്കിലെ ജോലികളുമായി തിരക്കിലാണ് മെക്കറ്റീർ. ഈഗൻ ആകട്ടെ, താഴെ എഞ്ചിൻ റൂമിലും. വീൽ നിയന്ത്രിക്കുന്ന ഷോൺ ഡീഗനരികിൽ നിന്നുകൊണ്ട് ക്യുസെയ്ൻ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.

 

“നല്ലൊരു രാത്രി” ഡീഗൻ പറഞ്ഞു.

 

“തീർച്ചയായും എത്ര സമയമെടുക്കും നാം അവിടെയെത്താൻ?”

 

“പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നാല് മണിക്കൂർ രാത്രിയിലെ മത്സ്യബന്ധനം കഴിഞ്ഞ് ദ്വീപിലേക്ക് മടങ്ങുന്ന ബോട്ടുകളും ആ സമയത്ത് കടലിലുണ്ടാവും ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരിക്കും നാം അടുക്കുന്നത് പീൽ എന്ന ചെറിയൊരു ഹാർബർ തലസ്ഥാനമായ ഡഗ്ലസിലേക്ക് അവിടെ നിന്നും ബസ് ലഭിക്കും അവിടെത്തന്നെയാണ് റൊണാൾഡ്സ്‌വേ എയർപോർട്ടും അവിടെ നിന്നും ലണ്ടനിലേക്ക് ഫ്ലൈറ്റുണ്ട് ബ്ലാക്ക്പൂൾ ആണ് ഏറ്റവുമടുത്തുള്ള ഇംഗ്ലീഷ് തീരം

 

“അതെ, എനിക്കറിയാം” ക്യുസെയ്ൻ പറഞ്ഞു.

 

“വേണമെങ്കിൽ താഴെ ചെന്ന് അല്പം തല ചായ്ച്ചോളൂ” ഡീഗൻ അഭിപ്രായപ്പെട്ടു.

 

ആ ക്യാബിനിൽ നാല് ബങ്കുകളും അവയ്ക്ക് നടുവിലായി തറയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു മേശയും ഉണ്ടായിരുന്നു. ഒരറ്റത്തായി ചെറിയൊരു കിച്ചൺ. അലങ്കോലമായി കിടക്കുന്ന ആ ക്യാബിനുള്ളിൽ ഡീസലിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ട്. എങ്കിലും ചൂടുള്ള അന്തരീക്ഷം സുഖകരമായി തോന്നി ക്യുസെയ്ന്. ഒരു മഗ്ഗിൽ അല്പം ചായ തയ്യാറാക്കി മേശയ്ക്കരികിൽ വന്നിരുന്ന് സിഗരറ്റ് പുകച്ചു കൊണ്ട്  അല്പാല്പമായി ഇറക്കി. പിന്നെ ബങ്കിൽ ചെന്ന് കിടന്ന് കണ്ണുകൾ അടച്ചു. തന്റെ ഹാറ്റ് തൊട്ടരികിൽത്തന്നെ ഊരി വച്ചിരുന്നു അയാൾ. അല്പം കഴിഞ്ഞപ്പോൾ മെക്കറ്റീറും ഈഗനും ഇടനാഴിയിലൂടെ താഴെയെത്തി.

 

“കുഴപ്പമൊന്നുമില്ലല്ലോ ഫാദർ?” മെക്കറ്റീർ ചോദിച്ചു. “ചായയോ മറ്റോ വേണോ?”

 

“വേണ്ട, ഇപ്പോൾ കുടിച്ചതേയുള്ളൂ താങ്ക്സ് ഇനി അല്പം ഉറങ്ങാൻ പറ്റുമോയെന്ന് നോക്കട്ടെ” ക്യുസെയ്ൻ പറഞ്ഞു.

 

കണ്ണുകളടച്ച് ഉറങ്ങാനെന്ന പോലെ കിടന്ന അയാളുടെ വലതുകൈ അരികിൽ വച്ചിരിക്കുന്ന ഹാറ്റിനുള്ളിലേക്ക് അലക്ഷ്യമായെന്നോണം നീണ്ടിരുന്നു. പുഞ്ചിരിച്ചു കൊണ്ട് മെക്കറ്റീർ ഈഗനെ നോക്കി കണ്ണിറുക്കി. ഈഗൻ മൂന്ന് മഗ്ഗുകളെടുത്ത് അതിലേക്ക് കോഫി പൗഡർ ഇട്ട ശേഷം ചൂടുവെള്ളവും കൺഡൻസ്ഡ് മിൽക്കും ഒഴിച്ചു. പിന്നെ പുറത്തേക്ക് നടന്നു. ഡെക്കിന് മുകളിൽ എത്തിയ അവരുടെ കാലടിശബ്ദവും സംഭാഷണവും ഉറക്കെയുള്ള ചിരിയും ക്യുസെയ്ന് കേൾക്കാമായിരുന്നു. വരാനിരിക്കുന്ന ആക്രമണവും പ്രതീക്ഷിച്ചുകൊണ്ട് അയാൾ ബങ്കിൽ മലർന്നു കിടന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...