Wednesday, October 25, 2023

കൺഫെഷണൽ – 35

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഒരു കൺട്രോൾ ടവറും രണ്ട് ഹാങ്കറുകളും ആർച്ച് രൂപത്തിലുള്ള മൂന്ന് താൽക്കാലിക മെറ്റൽ ഷെഡ്ഡുകളുമുള്ള ചെറിയൊരു എയർഫീൽഡ് ആയിരുന്നു ക്രോക്സ്. ഒരു എയറോക്ലബ്ബിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയ ആ എയർഫീൽഡാണ് തന്റെ എയർടാക്സി സർവീസ് ഓപ്പറേറ്റ് ചെയ്യുവാനായി പിയർ ലെബെൽ ഉപയോഗിച്ചിരുന്നത്. ചോദിക്കുന്ന പ്രതിഫലം നൽകുവാൻ തയ്യാറുള്ള ആർക്കും മറുചോദ്യം കൂടാതെ തന്റെ സേവനം നൽകുന്ന ഒരു മിതഭാഷിയായിരുന്നു പിയർ ലെബെൽ. ബെലോവിന് വേണ്ടി നിരവധി തവണ പറന്നിട്ടുള്ളതിനാൽ അയാൾക്ക് ടർക്കിനെയും ഷെപ്പിലോവിനെയും നല്ല പരിചയമുണ്ടായിരുന്നു. അവരെല്ലാം റഷ്യക്കാരാണെന്ന വസ്തുത അയാൾക്ക് അറിയില്ലായിരുന്നു. നിയമവിരുദ്ധമായ എന്തൊക്കെയോ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്ന് മനസ്സിലായെങ്കിലും മയക്കുമരുന്നുമായി ബന്ധമില്ലാത്തതിനാലും പറഞ്ഞ വാടക തരുന്നതിനാലും അയാൾക്കതൊരു പ്രശ്നമേ ആയിരുന്നില്ല. ഇരുവരെയും കാത്ത് എയർഫീൽഡിൽ നിൽക്കുകയായിരുന്ന അയാൾ അവർ എത്തിയതും മെയിൻ ഹാങ്കറിന്റെ വാതിൽ തുറന്നു. അവർ തങ്ങളുടെ കാർ അതിനുള്ളിലേക്ക് കയറ്റി നിർത്തി.

 

“ഏതാണ് വിമാനം?” ടർക്കിൻ ചോദിച്ചു.

 

“ചീഫ്‌റ്റീന സെസ്‌നയെക്കാൾ വേഗതയുണ്ടാകും മാത്രവുമല്ല, സെന്റ് മാലോ എത്തുന്നത് വരെയും ഹെഡ്‌വിൻഡ് ഉണ്ടാകുമെന്നതുകൊണ്ട് എന്തുകൊണ്ടും ചീഫ്‌റ്റീന തന്നെയാണ് നല്ലത്

 

“എപ്പോഴാണ് നാം പുറപ്പെടുന്നത്?”

 

“നിങ്ങൾ റെഡിയാണെങ്കിൽ എപ്പോൾ വേണമെങ്കിലും പോകാം

 

“പക്ഷേ, ജെഴ്സി എയർപോർട്ട് ഏഴുമണിയ്ക്ക് മുമ്പ് തുറക്കില്ലെന്നാണല്ലോ ഞാൻ കേട്ടത്

 

“അത് പറഞ്ഞവർക്ക് അതേക്കുറിച്ച് വ്യക്തമായി അറിവില്ലെന്നതാണ് വസ്തുത എയർടാക്സികൾക്കായി ജെഴ്സി എയർപോർട്ട് ഓപ്പണാവുന്നത് ഏഴരയ്ക്കാണ് എന്നിരുന്നാലും പേപ്പർ പ്ലെയിനിന് വേണ്ടി രാവിലെ അഞ്ചരയ്ക്ക് തന്നെ എയർപോർട്ട് തുറക്കും

 

“പേപ്പർ പ്ലെയിൻ?”

 

“ഇംഗ്ലണ്ടിൽ നിന്ന് ന്യൂസ്പേപ്പറുകളും തപാൽ ഉരുപ്പടികളുമൊക്കെയായി വരുന്ന വിമാനം ഏർലി ലാൻഡിങ്ങിനുള്ള അഭ്യർത്ഥനയോട് പൊതുവേ അനുഭാവപൂർവ്വമായ നിലപാടാണ് അവർ സ്വീകരിക്കാറുള്ളത് പ്രത്യേകിച്ചും അവർക്ക് നമ്മെ അറിയാമെങ്കിൽ വളരെ അത്യാവശ്യമായ കാര്യത്തിനാണ് ഈ യാത്ര എന്നല്ലേ പറഞ്ഞത്?”

 

“അതെ, തീർച്ചയായും” ടർക്കിൻ പറഞ്ഞു.

 

“ഗുഡ് എങ്കിൽ നമുക്ക് ഓഫീസിലേക്ക് പോകാം വാടകയുടെ കാര്യങ്ങൾ തീരുമാനിക്കണ്ടേ

 

അത്രയൊന്നും ഉറപ്പില്ലാത്ത കോണിപ്പടികൾ കയറി അവർ ആ ഓഫീസ് റൂമിലെത്തി. ചെറുതും വൃത്തിയില്ലാത്തതുമായ ആ ഓഫീസിലെ മേശപ്പുറത്ത് അലങ്കോലമായി കിടക്കുന്ന പേപ്പറുകൾ. എല്ലാത്തിനും കൂടി വെളിച്ചം പകരാൻ മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരേയൊരു ബൾബ്. ടർക്കിൻ പോക്കറ്റിൽ നിന്നും ഒരു എൻവലപ്പ് എടുത്ത് ലെബെലിന് കൈമാറി. “എണ്ണി നോക്കൂ

 

“അതുപിന്നെ പറയാനുണ്ടോ” ആ ഫ്രഞ്ചുകാരൻ പറഞ്ഞു. അപ്പോഴാണ് മേശപ്പുറത്തെ ഫോൺ ശബ്ദിച്ചത്. റിസീവർ എടുത്ത് മറുപടി പറഞ്ഞ അയാൾ അത് ടർക്കിന് നേരെ നീട്ടി. “നിങ്ങൾക്കുള്ളതാണ്

 

ബെലോവ് ആയിരുന്നുവത്. “റെനിസിൽ നിന്നും അവൾ ഡെവ്‌ലിനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് പുതിയൊരു പ്രശ്നം ഉടലെടുത്തിരിക്കുന്നു ഹൈഡ്രോഫോയിലിൽ ജെഴ്സിയിലെത്തുന്ന അവളെ സ്വീകരിക്കുവാൻ അലക്സാണ്ടർ മാർട്ടിൻ എന്നൊരാൾ എത്തുമത്രെ

 

“അയാളൊരു പ്രൊഫഷണൽ ആണോ?” ടർക്കിൻ ചോദിച്ചു.

 

“അതെക്കുറിച്ച് ഒരു വിവരവുമില്ല ജെഴ്സി പോലൊരു സ്ഥലത്ത് അവരുടെ ഏജന്റുമാർ ഉണ്ടാകുമെന്ന് ആരും ചിന്തിക്കുക പോലും ചെയ്യില്ല എന്നിട്ടും……….. ”

 

“സാരമില്ല” ടർക്കിൻ പറഞ്ഞു. “ഞങ്ങൾ കൈകാര്യം ചെയ്തോളാം

 

“ഗുഡ് ലക്ക്

 

ലൈൻ ഡിസ്കണക്റ്റ് ആയതും ടർക്കിൻ ലെബെലിന് നേർക്ക് തിരിഞ്ഞു. “ശരി, സുഹൃത്തേ ഞങ്ങൾ റെഡിയാണ് ഇനിയെല്ലാം നിങ്ങളുടെ സൗകര്യം പോലെ

 

                                                ***

 

അവർ ജെഴ്സി എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ ആറു മണി ആയതേ ഉണ്ടായിരുന്നുള്ളൂ. അരുണകിരണങ്ങൾ കിഴക്കൻ ചക്രവാളത്തിൽ ചിത്രമെഴുതിത്തുടങ്ങിയിരിക്കുന്നു. സൂര്യൻ ഉദിച്ചുയർന്നതോടെ ചക്രവാളമെങ്ങും ഓറഞ്ച് നിറമായി മാറി. ഡ്യൂട്ടിയിലുള്ള കസ്റ്റംസ് & ഇമിഗ്രേഷൻ ഓഫീസർ പ്രസന്നതയോടെയും ബഹുമാനത്തോടെയും ആയിരുന്നു അവരോട് പെരുമാറിയത്. അങ്ങനെയല്ലാതിരിക്കാൻ തരമില്ലല്ലോ. അവർ ഇരുവരുടെയും പേപ്പറുകളെല്ലാം കൃത്യമായിരുന്നു എന്നത് തന്നെ കാരണം. വർഷം തോറും ആയിരക്കണക്കിന് ഫ്രഞ്ച് സന്ദർശകർ വന്നു പോകുന്ന ഇടമാണ് ജെഴ്സി. അത്രയും പേരെ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് ഇമിഗ്രേഷൻ ഓഫീസർമാർ.

 

“സ്റ്റോപ്പ് ഓവർ ഉണ്ടോ? അയാൾ ലെബെലിനോട് ആരാഞ്ഞു.

 

“ഇല്ല നേരെ പാരീസിലേക്ക് തിരിച്ചു പറക്കുകയാണ്” ലെബെൽ പറഞ്ഞു.

 

“ആന്റ് യൂ, ജെന്റിൽമെൻ?”

 

“മൂന്നോ നാലോ ദിവസം ബിസിനസ് ആന്റ് പ്ലെഷർ” ടർക്കിൻ പറഞ്ഞു.

 

“നോട്ടീസ് വായിച്ചുവല്ലോ അല്ലേ? ഡിക്ലയർ ചെയ്യാൻ എന്തെങ്കിലും ഉണ്ടോ?”

 

“ഒന്നും തന്നെയില്ല” ടർക്കിൻ തന്റെ ബാഗ് അയാൾക്ക് നേരെ നീട്ടി.

 

ആ ഓഫീസർ തല കുലുക്കി. “ഓൾറൈറ്റ് ജെന്റിൽമെൻ ഹാവ് എ നൈസ് ഡേ

 

ലെബെലിന് ഹസ്തദാനം നൽകിയിട്ട് അവർ ഇരുവരും വിജനമായ അറൈവൽ ഹാളിലേക്ക് നടന്നു. പുറത്ത് ഒന്നോ രണ്ടോ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിലും ടാക്സി സ്റ്റാന്റിൽ കാറുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ചുമരിലെ ടെലിഫോൺ ഉപയോഗിക്കാനായി ടർക്കിൻ നീങ്ങവെ അയാളുടെ ചുമലിൽ തട്ടിയിട്ട് ഷെപ്പിലോവ് എയർപോർട്ടിന്റെ കവാടത്തിന് നേരെ കൈ ചൂണ്ടി. ഒരു ടാക്സി ആ കവാടം കടന്ന് അങ്ങോട്ട് വരുന്നുണ്ടായിരുന്നു. ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ വന്നു നിന്ന ആ കാറിൽ നിന്നും രണ്ട് എയർഹോസ്റ്റസുമാർ ഇറങ്ങി ഉള്ളിലേക്ക് പോയി. മുന്നോട്ടെടുത്ത കാർ അവിടെ കാത്തു നിൽക്കുകയായിരുന്ന അവർക്കരികിൽ വന്നു നിന്നു.

 

“ജെന്റിൽമെൻ, ഇത്ര നേരത്തെയോ?  ഡ്രൈവർ ചോദിച്ചു.

 

“അതെ ഞങ്ങൾ പാരീസിൽ നിന്നാണ്” ടർക്കിൻ പറഞ്ഞു. “പ്രൈവറ്റ് ഫ്ലൈറ്റിലാണ് എത്തിയത്

 

“അതുശരി എങ്ങോട്ടാണ് പോകേണ്ടത്?”

 

ഇറാനാ വ്രോൺസ്കി നൽകിയിരുന്ന ജെഴ്സി ഗൈഡ്ബുക്കിലെ സെന്റ് ഹെലിയർ ടൗണിന്റെ മാപ്പ് പരിശോധിക്കുകയായിരുന്നു ടർക്കിൻ വിമാനയാത്രയിൽ അധികനേരവും. അതുകൊണ്ടു തന്നെ പെട്ടെന്നൊരു ഉത്തരം പറയാൻ അയാൾക്ക് ചിന്തിക്കേണ്ടി വന്നില്ല. “വെയ്‌ബ്രിഡ്ജ് അവിടെയല്ലേ ഹാർബർ സ്ഥിതി ചെയ്യുന്നത്?”

 

ടാക്സി മുന്നോട്ട് നീങ്ങി. “അപ്പോൾ നിങ്ങൾക്ക് ഹോട്ടൽ ആവശ്യമില്ലേ?” ഡ്രൈവർ ചോദിച്ചു.

 

“ഇല്ല അല്പം കഴിഞ്ഞ് ചില സുഹൃത്തുക്കളെ കാണാനുണ്ട് താമസ സൗകര്യമെല്ലാം അവരാണ് ഏർപ്പാടാക്കുന്നത് തൽക്കാലം ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും കഴിക്കാമെന്ന് വിചാരിച്ചു

 

“എന്നാൽ പിന്നെ അതു തന്നെ നല്ലത് വെയ്‌ബ്രിഡ്ജിന് സമീപം ഒരു കഫേയുണ്ട് അതിരാവിലെ തന്നെ തുറക്കും ഞാൻ കാണിച്ചു തരാം

 

പുലർകാലമായതു കൊണ്ട് റോഡിൽ ഒട്ടും തന്നെ തിരക്കുണ്ടായിരുന്നില്ല. വിക്ടോറിയ അവന്യൂവിലൂടെ ബെൽ റോയലിലേക്കുള്ള ആ യാത്ര പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ എടുത്തുള്ളൂ. സെന്റ് ഓബിൻസ് ഉൾക്കടലിൽ നിന്നും സൂര്യൻ ഉദിച്ചുവരുന്ന ദൃശ്യം നയനമനോഹരമായിരുന്നു. വേലിയേറ്റ സമയമായതിനാൽ ബീച്ചിലെ പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന എലിസബത്ത് കൊട്ടാരം വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. ആ കാഴ്ച്ചകളെല്ലാം കണ്ട് അവർ ആ കൊച്ചുപട്ടണം ലക്ഷ്യമാക്കി നീങ്ങി.  മാനം മുട്ടെ ഉയർന്നു നിൽക്കുന്ന ക്രെയിനുകളും ഹാർബറിന് ചുറ്റുമുള്ള പുലിമുട്ടുകളും ക്രമേണ കാണാറായി.

 

ഹാർബറിന് മുന്നിലുള്ള പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപം കാർ നിർത്തിയിട്ട് ഡ്രൈവർ പറഞ്ഞു. “ജെന്റിൽമെൻ, ഇതാണ് നിങ്ങൾ പറഞ്ഞ വെയ്ബ്രിഡ്ജ് അതാ അവിടെയാണ് ടൂറിസ്റ്റ് ഓഫീസ് കുറച്ചു കഴിഞ്ഞേ തുറക്കൂ എന്തെങ്കിലും ഇൻഫർമേഷൻ വേണമെന്നുണ്ടെങ്കിൽ അവിടെ നിന്നും ലഭിക്കും കുറച്ചു കൂടി മുന്നോട്ട് പോയാൽ കാണുന്ന കോർണറിന് സമീപമാണ് കഫേ അപ്പോൾ ശരി, ഒരു മൂന്ന് പൗണ്ട് തന്നേക്കൂ

 

ടർക്കിൻ തന്റെ പേഴ്സ് തുറന്ന്, ഇറാനാ വ്രോൺസ്കി നൽകിയ ബ്രിട്ടീഷ് കറൻസികൾക്കിടയിൽ നിന്നും ഒരു അഞ്ച് പൗണ്ടിന്റെ നോട്ട് വലിച്ചെടുത്ത് അയാൾക്ക് നൽകി. “ഇത് വച്ചോളൂ നിങ്ങളെ കണ്ടത് എന്തായാലും വളരെ ഉപകാരമായി ആട്ടെ, മറീന എവിടെയാണ്?”

 

ഡ്രൈവർ വിരൽ ചൂണ്ടി. “ഹാർബറിന്റെ അങ്ങേയറ്റത്താണ് നടക്കാനുള്ള ദൂരമേയുള്ളൂ

 

ഉൾക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന പുലിമുട്ടിന് നേർക്ക് ദൃഷ്ടി പായിച്ചിട്ട് ടർക്കിൻ ചോദിച്ചു. “മറീനയിലല്ലേ ബോട്ടുകൾ വരുന്നത്?”

 

“അതെ ആൽബർട്ട് ക്വേയിലാണ് എത്തുക കാറുകൾക്കുള്ള ഫെറി റാമ്പ് അവിടെ കാണാം അതിന് തൊട്ടപ്പുറത്താണ് ഹൈഡ്രോഫോയിൽ ബെർത്ത്

 

“ഗുഡ് മെനി താങ്ക്സ്” ടർക്കിൻ പറഞ്ഞു.

 

അവർ പുറത്തിറങ്ങിയതും അയാൾ കാർ ഓടിച്ചു പോയി. ഏതാനും വാര ദൂരെ ഒരു പബ്ലിക്ക് ടോയ്‌ലറ്റ് ഉണ്ടായിരുന്നു. ഒരക്ഷരം പോലും ഉരിയാടാതെ അതിനുള്ളിലേക്ക് കയറിയ ടർക്കിനെ ഷെപ്പിലോവ് അനുഗമിച്ചു. തന്റെ ബാഗ് തുറന്ന് വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നതിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ ഒളിപ്പിച്ചു വച്ചിരുന്ന രണ്ട് കൈത്തോക്കുകൾ ടർക്കിൻ പുറത്തെടുത്തു. ഒന്ന് തന്റെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് മറ്റേത് അയാൾ ഷെപ്പിലോവിന് നൽകി. സൈലൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക്ക് തോക്കുകളായിരുന്നു അവ.

 

ബാഗ് അടച്ചുകൊണ്ട് ടർക്കിൻ പറഞ്ഞു. “ഇതുവരെ എല്ലാം വളരെ ഭംഗിയായി നടന്നു ഇനി നമുക്ക് ആ മറീനയിൽ പോയി ഒന്നു ചുറ്റിനടന്ന് കാണാം

 

                                                 ***

 

യാട്ടുകൾ, മോട്ടോർ ക്രൂയ്സറുകൾ, സ്പീഡ്ബോട്ടുകൾ തുടങ്ങി പല തരത്തിലും വലിപ്പത്തിലുമുള്ള നൂറു കണക്കിന് ബോട്ടുകൾ അവിടെ നങ്കൂരമിട്ട് കിടക്കുന്നുണ്ടായിരുന്നു. ബോട്ട് വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനം എളുപ്പംതന്നെ അവർ കണ്ടുപിടിച്ചുവെങ്കിലും അപ്പോൾ അത് തുറന്നിട്ടില്ലായിരുന്നു.

 

“നമ്മൾ വളരെ നേരത്തെയല്ലേ തുറക്കാൻ ഇനിയും സമയമുണ്ട്” ടർക്കിൻ പറഞ്ഞു. “വരൂ, നമുക്ക് ചുറ്റിനടന്ന് എല്ലാം ഒന്ന് കണ്ടിട്ടു വരാം

 

ഇരുവശവും ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്ന കടൽപ്പാലത്തിലൂടെ അവർ അല്പദൂരം മുന്നോട്ട് നടന്നു. പിന്നെ തിരിച്ചുവന്ന് അടുത്ത പാലത്തിലേക്ക് കയറി. ടർക്കിനെ സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ഭാഗ്യം തുണച്ചിരുന്നുവെന്ന് വേണം പറയാൻ. ദൈവനിശ്ചയത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നവനായിരുന്നു അയാൾ. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ മുന്നേറ്റത്തിന് വിരാമമിടുന്ന നിർഭാഗ്യകരമായ ഒരു സംഭവമായിരുന്നു താന്യാ വൊറോണിനോവയുടെ കാര്യത്തിൽ സംഭവിച്ച വീഴ്ച്ച. എങ്കിലും എങ്ങനെയും അത് തിരിച്ചുപിടിക്കാൻ തനിയ്ക്ക് കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു അയാൾ. ഇപ്പോഴിതാ അതിനുള്ള അവസരമൊരുക്കിക്കൊണ്ട് വിധി തന്റെ തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

 

കടൽപ്പാലത്തിന്റെ അറ്റത്തായി ഒരു മോട്ടോർ ക്രൂയ്സർ നങ്കൂരമിട്ടിരിക്കുന്നു. കണ്ണഞ്ചിക്കുന്ന വെള്ള നിറവും വാട്ടർമാർക്കിന് മുകളിലായി നീല നിറത്തിൽ ബാൻഡുമുള്ള അതിന്റെ പിൻഭാഗത്ത് L’Alouette എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു. ഗ്രാൻവിലായിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബോട്ടാണ്. സെന്റ് മാലോയിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരു തുറമുഖ നഗരമാണ് ഗ്രാൻവിലാ എന്ന് ടർക്കിൻ മനസ്സിലോർത്തു. അപ്പോഴാണ് ഫ്രഞ്ച് ഭാഷ സംസാരിച്ചുകൊണ്ട് ഒരു സ്ത്രീയും പുരുഷനും കൂടി ആ ബോട്ടിന്റെയുള്ളിൽ നിന്നും ഡെക്കിലേക്ക് വന്നത്. താടി വച്ച് ഉയരം കൂടിയ അയാൾ കടും നിറത്തിലുള്ള ഒരു റീഫർകോട്ടാണ് ധരിച്ചിരിക്കുന്നത്. സമാനമായ ഒരു കോട്ടും ജീൻസും ധരിച്ചിരിക്കുന്ന ആ വനിത തലയിൽ ഒരു സ്കാർഫ് ചുറ്റിയിട്ടുണ്ട്.

 

ബോട്ടിൽ നിന്നും താഴെയിറങ്ങുവാൻ ആ സ്ത്രീയെ സഹായിക്കുന്ന അയാളുടെ സംസാരം ടർക്കിൻ ശ്രദ്ധിച്ചു. “നമുക്ക് ബസ് സ്റ്റേഷൻ വരെ നടന്നു പോകാം അവിടെ നിന്നും എയർപോർട്ടിലേക്ക് ടാക്സി ലഭിക്കും ഗ്വെൺസിയിലേക്കുള്ള ഫ്ലൈറ്റ് പുറപ്പെടുന്നത് എട്ടു മണിക്കാണ്

 

“നമ്മുടെ റിട്ടേൺ ഫ്ലൈറ്റ് എപ്പോഴാണ്?” അവൾ ആരാഞ്ഞു.

 

“വൈകിട്ട് നാലു മണിയ്ക്ക് വേഗം വരൂ, ബ്രേക്ക്ഫാസ്റ്റ് നമുക്ക് എയർപോർട്ടിൽ നിന്നും കഴിക്കാം

 

അവർ നടന്നകന്നു. “ഗ്വെൺസി എന്ന് പറയുന്നത് എവിടെയാണ്?” ഷെപ്പിലോവ് ചോദിച്ചു.

 

“തൊട്ടടുത്ത ദ്വീപ്” ടർക്കിൻ പറഞ്ഞു. “ഗൈഡ്ബുക്കിൽ നിന്നും വായിച്ചറിഞ്ഞതാണ് ദിവസത്തിൽ നിരവധി തവണ ദ്വീപുകൾക്കിടയിൽ ഫ്ലൈറ്റ് സർവീസുണ്ട് പതിനഞ്ച് മിനിറ്റ് യാത്രയേയുള്ളൂ ഒരു ദിവസത്തെ ഔട്ടിങ്ങിന് ടൂറിസ്റ്റുകൾ തെരഞ്ഞെടുക്കുന്ന സ്ഥലമാണ്

 

“ഞാനിപ്പോൾ ചിന്തിക്കുന്ന കാര്യം തന്നെയാണോ നിങ്ങളുടെ മനസ്സിലും? ഷെപ്പിലോവ് ചോദിച്ചു.

 

“നല്ലൊരു ബോട്ടാണ്” ടർക്കിൻ പറഞ്ഞു. “ആ പോയ രണ്ടുപേരും വൈകിട്ട് തിരിച്ചെത്തുന്നതിന് മുമ്പ് ഈ ബോട്ടുമായി നമുക്ക് സെന്റ് മാലോയിൽ എത്താൻ കഴിയും” പോക്കറ്റിൽ നിന്നും ഫ്രഞ്ച് സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം അയാൾ കൂട്ടുകാരന് കൊടുത്തു. “അവർ ഇവിടുന്ന് പുറത്ത് കടന്നതിന് ശേഷം നമുക്ക് ബോട്ടിനുള്ളിൽ കയറി പരിശോധിക്കാം

 

മറ്റ് കടൽപ്പാലങ്ങളിലൂടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങിയതിന് ശേഷം തിരിച്ചെത്തി അവർ ആ ബോട്ടിൽ കയറി. താഴേക്ക് പോകുന്നതിനുള്ള ഇടനാഴിയുടെ വാതിൽ പൂട്ടിയിരിക്കുകയാണ്. ഷെപ്പിലോവ് പോക്കറ്റിൽ നിന്നും സ്പ്രിങ്ങ് നൈഫ് എടുത്ത് അതിന്റെ ബ്ലേഡ് കൊണ്ട് ആ ലോക്ക് വിദഗ്ദ്ധമായി തുറന്നു. ഭംഗിയായി സജ്ജീകരിച്ച രണ്ട് ക്യാബിനുകൾ. കൂടാതെ ഒരു സലൂണും കിച്ചണും ഉണ്ട്. തിരികെ വന്ന് അവർ ഡെക്കിൽ കയറി. വീൽ‌ഹൗസിന്റെ ഡോർ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല.

 

“ഇഗ്നീഷൻ കീ ഇല്ലല്ലോ” ഷെപ്പിലോവ് പറഞ്ഞു.

 

“അത് സാരമില്ല നിങ്ങളുടെ ആ കത്തി ഇങ്ങു തരൂ” കൺട്രോൾ പാനലിന്റെ പിറകിലേക്ക് കടന്ന ടർക്കിൻ അവിടെയുള്ള അസംഖ്യം വയറുകൾ പരിശോധിച്ചു. സ്റ്റാർട്ടറിലേക്കുള്ള കണക്ഷൻ കണ്ടുപിടിക്കാൻ ഏതാനും നിമിഷങ്ങളേ അയാൾക്ക് വേണ്ടി വന്നുള്ളൂ. ആ വയറുകൾ കൂട്ടി യോജിപ്പിച്ചതിന് ശേഷം അയാൾ സ്റ്റാർട്ടർ ബട്ടൺ അമർത്തി. അടുത്ത നിമിഷം എഞ്ചിൻ ഓണായി. പിന്നെ അയാൾ പരിശോധിച്ചത് ഫ്യൂവൽ ഗേജാണ്. “ടാങ്കിൽ മുക്കാൽ ഭാഗം ഇന്ധനമുണ്ട്” അയാൾ സ്റ്റാർട്ടർ വയറുകൾ വേർപെടുത്തി. “കണ്ടില്ലേ ഇവാൻ, ഇന്ന് നമ്മുടെ ദിവസമാണ്” അയാൾ ഷെപ്പിലോവിനോട് പറഞ്ഞു.

 

ബോട്ടിൽ നിന്നും പുറത്തിറങ്ങി അവർ ഹാർബറിന്റെ മറുഭാഗത്തേക്ക് നടന്നു. ആൽബർട്ട് ക്വേയിൽ ചെന്ന് നിന്ന് അവർ തൊട്ടു താഴെയുള്ള ഹൈഡ്രോഫോയിൽ ബെർത്തിലേക്ക് നോക്കി.

 

“എക്സലന്റ്” ടർക്കിൻ തന്റെ വാച്ചിലേക്ക് നോക്കി. “ഇനി നമുക്ക് ചെയ്യാനുള്ളത് ഹൈഡ്രോഫോയിൽ വരുന്നതു വരെ കാത്തിരിക്കുക എന്നതാണ് അതിന് മുമ്പ് നമുക്ക് ആ കഫേ കണ്ടുപിടിച്ച് ബ്രേക്ഫാസ്റ്റ് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം

 

(തുടരും)

 

Wednesday, October 18, 2023

കൺഫെഷണൽ – 34

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ശരാശരിയെക്കാൾ ഉയരമുള്ള, മോഹജനകമായ അലസഭാവം സ്ഫുരിയ്ക്കുന്ന ഒരു സുമുഖനായിരുന്നു മുപ്പത്തിയേഴുകാരനായ അലക്സാണ്ടർ മാർട്ടിൻ. ഒരു ഇൻവെസ്റ്റ്മെന്റ് ബ്രോക്കർ എന്ന ജോലിയ്ക്ക് അവശ്യം വേണ്ടുന്ന മൃദുഹാസം സദാസമയവും അയാളുടെ മുഖത്ത് കാണാമായിരുന്നു. ഒന്നര വർഷം മുമ്പാണ് അയാൾ ജെഴ്സിയിലേക്ക് താമസം മാറ്റിയതും ഈ ജോലിയിൽ പ്രവേശിച്ചതും. പ്രവർത്തന മേഖല ഇൻവെസ്റ്റ്മെന്റ് ബിസിനസ് ആയതുകൊണ്ടു തന്നെ സമൂഹത്തിലെ ധനികരുമായിട്ടാണ് അയാൾക്ക് എപ്പോഴും ഇടപഴകേണ്ടി വന്നിരുന്നത്. പക്ഷേ, അക്കാര്യത്തിൽ ഒട്ടും സന്തോഷവാനായിരുന്നില്ല അയാൾ എന്നതാണ് വാസ്തവം. ഈ വിഷയം പലതവണ അയാൾ തന്റെ ഭാര്യ ജോവാനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

 

എങ്കിലും ആശ്വാസം നൽകുന്ന ചിലതെല്ലാം അപ്പോഴും അയാളുടെ ജീവിതത്തിൽ അവശേഷിച്ചിരുന്നു. പ്രശസ്ത കലാകാരൻ എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും അത്യാവശ്യം നല്ലൊരു പിയാനിസ്റ്റ് ആയിരുന്നു അലക്സ് മാർട്ടിൻ. ഒരു പക്ഷേ, പേരു കേട്ടൊരു കലാകാരനായിരുന്നുവെങ്കിൽ അയാളുടെ ജീവിതം തന്നെ മറ്റൊരു തലത്തിലായേനെ. സെന്റ് ഓബിനിൽ തന്റെ വസതിയിലെ ലിവിങ്ങ് റൂമിൽ, ദൂരെ കടലിലേക്ക് നോക്കിയിരുന്ന് തികഞ്ഞ ഏകാഗ്രതയോടെ ജോഹാൻ സെബാസ്റ്റ്യൻ ബാച്ചിന്റെ മഹത്തായ ഒരു കമ്പോസിഷൻ വായിക്കുകയാണയാൾ. ഡിന്നർ ജാക്കറ്റും അയഞ്ഞ നെക്ക് ടൈയും ആയിരുന്നു അയാളുടെ വേഷം. നിർത്താതെ അടിച്ചുകൊണ്ടിരുന്ന ടെലിഫോൺ മണിനാദം അയാളുടെ ശ്രദ്ധയിൽപ്പെട്ടത് അല്പനേരം കഴിഞ്ഞിട്ടായിരുന്നു. രാത്രിയിൽ ഇത്രയും വൈകിയ വേളയിൽ ആരായിരിക്കും തന്നെ വിളിക്കുന്നതെന്ന അത്ഭുതത്തോടെ പുരികം ചുളിച്ച് അയാൾ റിസീവർ എടുത്തു.

 

“മാർട്ടിൻ ഹിയർ

 

“അലക്സ്? ദിസ് ഈസ് ഹാരി ഹാരി ഫോക്സ്

 

“ഡിയർ ഗോഡ്!” അലക്സ് മാർട്ടിൻ അത്ഭുതം കൊണ്ടു.

 

“ജോവാനും കുട്ടികളും എന്തു പറയുന്നു?”

 

“ജർമ്മനിയിൽ പോയിരിക്കുകയാണ് ഒരാഴ്ച്ചയായി അവളുടെ സഹോദരിയുടെ കൂടെയാണ് അവളുടെ ഭർത്താവ് ഡെട്മോൾഡിലെ നിങ്ങളുടെ ആ പഴയ സംഘത്തിലെ ഒരു മേജർ ആയിരുന്നു

 

“അപ്പോൾ തൽക്കാലം നിങ്ങൾ ഒറ്റയ്ക്കാണ് ഉറങ്ങിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്

 

“ഒരു ഫംഗ്ഷൻ കഴിഞ്ഞ് എത്തിയപ്പോൾ കുറച്ച് ലേറ്റായി” മാർട്ടിൻ ഇതിനോടകം ജാഗരൂകനായിക്കഴിഞ്ഞിരുന്നു. ഇതുവരെയുള്ള അനുഭവം വച്ചു നോക്കിയാൽ സുഖവിവരം അറിയാനുള്ള വെറുമൊരു കോൾ അല്ല ഇതെന്ന് ഉറപ്പാണ് “ഓകെ ഹാരീ എന്താണ് സംഭവം?”

 

“വീ നീഡ് യൂ അലക്സ് അത്യാവശ്യമായിട്ട് പക്ഷേ, പണ്ടത്തെപ്പോലെയല്ല ഇത്തവണ അവിടെ ജെഴ്സിയിൽത്തന്നെ

 

“വിശ്വസിക്കാനാവാതെ അലക്സ് പൊട്ടിച്ചിരിച്ചുപോയി. “ജെഴ്സിയിലോ? നിങ്ങളെന്താ തമാശ പറയുകയാണോ?”

 

“താന്യാ വൊറോണിനോവ എന്നൊരു യുവതിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?”

 

“ഉണ്ടോയെന്നോ…? തീർച്ചയായും” മാർട്ടിൻ പറഞ്ഞു. “കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഗീതരംഗത്തെ ഏറ്റവും മികച്ച പിയാനിസ്റ്റുകളിൽ ഒരാൾ കഴിഞ്ഞ വർഷം ആൽബർട്ട് ഹാളിൽ വച്ച് നടന്ന ഒരു കൺസെർട്ടിൽ അവളുടെ പ്രകടനം ഞാൻ കണ്ടിരുന്നു പാരീസിൽ നിന്നുള്ള ദിനപത്രങ്ങൾ ഞങ്ങളുടെ ഓഫീസിൽ എത്തുന്നുണ്ട് ഒരു കൺസെർട്ട് ടൂറുമായി അവൾ ഇപ്പോൾ അവിടെയാണുള്ളത്

 

“അല്ല ഈ നിമിഷം അവൾ പാരീസിൽ അല്ല ഉള്ളത്” ഫോക്സ് പറഞ്ഞു. “മിക്കവാറും ഇപ്പോൾ റെനിസിലേക്കുള്ള രാത്രിവണ്ടിയിൽ പാതിവഴി താണ്ടിയിട്ടുണ്ടാവും അവൾ ബ്രിട്ടനിലേക്ക് കൂറു മാറുകയാണ് അലക്സ്

 

“എന്ത്?!!!”

 

“ഭാഗ്യമുണ്ടെങ്കിൽ അവൾ സെന്റ് മാലോയിൽ നിന്നുള്ള ഹൈഡ്രോഫോയിലിൽ നാളെ രാവിലെ എട്ട് ഇരുപതിന് ജെഴ്സിയിലെത്തും ജോവന്നാ ഫ്രാങ്ക് എന്ന പേരിൽ ബ്രിട്ടീഷ് പാസ്പോർട്ടുമായി

 

മാർട്ടിന് കാര്യങ്ങൾ ഒരുവിധം പിടികിട്ടിക്കഴിഞ്ഞിരുന്നു. “ഞാൻ പോയി അവളെ സ്വീകരിക്കണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“എക്സാക്റ്റ്‌ലി അവിടെ നിന്നും നേരെ എയർപോർട്ടിൽ ചെന്ന് പത്ത് പത്തിനുള്ള ഹീത്രൂ ഫ്ലൈറ്റിൽ അവളെ കയറ്റി വിടുക അത്ര മാത്രം ഇവിടെ അവളെ സ്വീകരിക്കാൻ ഞങ്ങളുണ്ടാകും ഇത്രയും ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”

 

“ബുദ്ധിമുട്ടോ? ഒരിക്കലുമില്ല അവളെ കണ്ടാൽ എനിക്ക് തിരിച്ചറിയാനാകും മുമ്പ് നടന്ന ഒരു പ്രോഗ്രാമിന്റെ പ്രൊമോ ഇപ്പോഴും എന്റെ കൈവശമുണ്ട് അതിൽ അവളുടെ ഫോട്ടോയുണ്ട്

 

“ഫൈൻ” ഫോക്സ് പറഞ്ഞു. “റെനിസിൽ എത്തിയ ഉടൻ അവൾ ഞങ്ങളുടെ ഒരു ഏജന്റിന് ഫോൺ ചെയ്യും ഹാർബറിൽ നിങ്ങളെ പ്രതീക്ഷിച്ചുകൊള്ളുവാൻ ഞങ്ങൾ അവളോട് പറയാം

 

“ആ ഫോൺ ഇങ്ങ് തരൂ” ഫെർഗൂസൺ ഫോക്സിനോട് പറഞ്ഞു. അയാൾ ഫോൺ കൈമാറി.

 

“ഫെർഗൂസൺ ഹിയർ

 

“ഹലോ സർ” മാർട്ടിൻ പറഞ്ഞു.

 

“വീ ആർ വെരി ഗ്രേറ്റ്ഫുൾ

 

“നത്തിങ്ങ് റ്റു ഇറ്റ് സർ ഒരു കാര്യം മാത്രം എതിരാളികളെക്കുറിച്ച് ഒന്നും പറഞ്ഞില്ല?”

 

“അങ്ങനെ ആരും തന്നെ ഉണ്ടാവാൻ സാദ്ധ്യതയില്ല മറ്റിടങ്ങളിലായിരിക്കും KGB അവളെ പ്രതീക്ഷിക്കുക ചാൾസ് ഡിഗോൾ എയർപോർട്ട് പിന്നെ, കലൈസ്, ബൂലോൺ എന്നീ ഹാർബറുകളിലും ഞാൻ ഫോൺ ഹാരിയ്ക്ക് കൊടുക്കാം

 

“എന്തായാലും ഞങ്ങൾ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാം അലക്സ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തിരികെ വിളിക്കാനായി ഈ നമ്പർ ഞാൻ തരാം” ഫോക്സ് പറഞ്ഞു.

 

മാർട്ടിൻ നമ്പർ എഴുതിയെടുത്തു. “ഇത് നിസ്സാര സംഗതിയായിരിക്കും ഇൻവെസ്റ്റ്മെന്റ് ബിസിനസിൽ നിന്നും എനിക്കൊരു ചെയ്ഞ്ച് ഐ വിൽ ബീ ഇൻ ടച്ച്

 

പൂർണ്ണമായും ഉർജ്ജസ്വലനായിക്കഴിഞ്ഞിരുന്നു അലക്സ് മാർട്ടിൻ. ഇനിയിപ്പോൾ ഉറങ്ങാമെന്ന പ്രതീക്ഷയില്ല കാര്യങ്ങൾ ചൂടായി വരുന്നു ഗ്ലാസിൽ വോഡ്കയും ടോണിക്കും പകർന്നെടുത്ത് അയാൾ പിയാനോയുടെ നേർക്ക് നടന്നു.

 

                                            ***

 

പാരീസിലുള്ള സോവിയറ്റ് എംബസിയിലെ ഒരു സെക്ഷൻ ആയിരുന്നു ബ്യൂറോ ഫൈവ്. ഫ്രാൻസിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ ട്രേഡ് യൂണിയനുകളിൽ തങ്ങളുടെ ചാരന്മാരെ നുഴഞ്ഞു കയറാൻ സഹായിക്കുക പോലുള്ള  ജോലികൾ ചെയ്തു വന്നു. സെന്റ് മാലോയെയും പരിസരപ്രദേശങ്ങളെയും കുറിച്ചുള്ള ഫയലുകളിൽ ഏറെ നേരം പരതിയെങ്കിലും യാതൊരു വിവരവും ടർക്കിന് ലഭിച്ചില്ല.

 

“കോമ്രേഡ്, പ്രശ്നമെന്താണെന്ന് വച്ചാൽ.” തിരിച്ച് ഓഫീസിലെത്തിയ ടർക്കിൻ ബെലോവിനോട് പറഞ്ഞു. “ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയെ ഒട്ടും തന്നെ വിശ്വസിക്കാൻ പറ്റില്ല ഒരു പ്രശ്നം വരുമ്പോൾ പാർട്ടിയെക്കാളുപരി ഫ്രഞ്ച് ദേശീയതയ്ക്കാണ് ജനങ്ങൾ മുൻതൂക്കം നൽകുന്നത്

 

“അതെനിക്കറിയാം” ബെലോവ് പറഞ്ഞു. “ജന്മനായുള്ള ഇവരുടെ ശ്രേഷ്ഠ ചിന്താഗതിയിൽ നിന്നും ഉരുത്തിരിയുന്നതാണത്” മേശപ്പുറത്ത് നിവർത്തിയിട്ടിരിക്കുന്ന ഏതാനും കടലാസുകൾ അയാൾ ചൂണ്ടിക്കാണിച്ചു. “ജെഴ്സിയെക്കുറിച്ച് ആഴത്തിലുള്ള ഒരു പഠനം നടത്തുകയായിരുന്നു ഞാൻ നമ്മുടെ പ്രശ്നത്തിനുള്ള പരിഹാരം വളരെ ലളിതമാണ് പാരീസിന് വെളിയിലുള്ള ആ ചെറിയ എയർഫീൽഡ് ഓർമ്മയുണ്ടോ നിങ്ങൾക്ക്? നാം മുമ്പ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്?”

 

“ക്രോക്സ് അല്ലേ?” ടർക്കിൻ ചോദിച്ചു. “ല്യൂബെൽ എയർ ടാക്സിയുടെ കാര്യമാണോ?”

 

“അതെ ജെഴ്സി എയർപോർട്ട് അതിരാവിലെ തന്നെ തുറക്കും ഏഴുമണിയോടെ നിങ്ങൾക്കവിടെ ലാന്റ് ചെയ്യാനാവും ഹാർബറിൽ എത്തുന്ന അവളെ സന്ധിക്കാൻ ധാരാളം സമയമുണ്ടാകും പതിവ് പോലെ ഇഷ്ടമുള്ള പാസ്പോർട്ട് തെരഞ്ഞെടുത്തോളൂ ഒരു ഫ്രഞ്ച് ബിസിനസ്മാൻ എന്ന വ്യാജേന പോകുന്നതായിരിക്കും നല്ലത്

 

 

“പക്ഷേ, എങ്ങനെയാണ് അവളെ തിരികെ കൊണ്ടുവരിക?” ടർക്കിൻ ചോദിച്ചു. “ജെഴ്സി എയർപോർട്ടിൽ നിന്നും റിട്ടേൺ ഫ്ലൈറ്റ് പിടിക്കണമെങ്കിൽ കസ്റ്റംസ് & എമിഗ്രേഷൻ പരിശോധന എന്ന കടമ്പ കടന്നേ പറ്റൂ അത് നടക്കുന്ന കാര്യമല്ല അവിടെ വച്ച് ബഹളമുണ്ടാക്കാൻ അവൾക്ക് എളുപ്പമായിരിക്കും

 

“ക്ഷമിക്കണം, കോമ്രേഡ് കേണൽ” ഷെപ്പിലോവ് ഇടയിൽ കയറി. “ഈ വിഷയത്തിൽ അവളുടെ മൗനമാണ് നമുക്ക് മുഖ്യം എന്നതിനാൽ അവളെ തിരികെ കൊണ്ടുവരേണ്ട ആവശ്യം തന്നെ എന്താണ്? അതോ, എന്റെ ചിന്താഗതിയിൽ എന്തെങ്കിലും തെറ്റുണ്ടോ?”

 

“തീർച്ചയായും തെറ്റുണ്ട്” തണുപ്പൻ മട്ടിൽ ബെലോവ് പറഞ്ഞു. “ഏത് സാഹചര്യത്തിലായാലും, എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും ജനറൽ മസ്‌ലോവ്സ്കിയ്ക്ക് അവളെ തിരികെ വേണം അവളെ വെടിവച്ചു കൊല്ലേണ്ടി വന്നു എന്ന് റിപ്പോർട്ട് ചെയ്യാനായിരുന്നു നിങ്ങളുടെ പ്ലാൻ എങ്കിൽ അതിനോട് യോജിക്കാനാവില്ല എനിക്ക് ഒരു എളുപ്പമാർഗ്ഗമുണ്ട് ജെഴ്സി ടൂറിസത്തിന്റെ ചില ലഘുലേഖകൾ പ്രകാരം ജെഴ്സിയിലെ സെന്റ് ഹെലിയർ ഹാർബറിൽ ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്നുണ്ട് നാട്ടിൽ കടൽ യാത്ര നിങ്ങൾക്ക് ഒരു ഹോബി ആയിരുന്നില്ലേ ടർക്കിൻ?”

 

“അതെ കോമ്രേഡ്

 

“നല്ലത് എങ്കിൽ പിന്നെ ഒരു മോട്ടോർ ലോഞ്ച് വാടകയ്ക്കെടുത്ത് ജെഴ്സിയിൽ നിന്നും സെന്റ് മാലോയിലേക്ക് കടൽയാത്ര നടത്തുക എന്നത് നിങ്ങളുടെ കഴിവുകൾ വച്ചു നോക്കിയാൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല അവിടെ നിന്നും ഒരു കാർ വാടകയ്ക്കെടുത്ത് റോഡ് മാർഗ്ഗം അവളെ ഇവിടെയെത്തിക്കുക

 

“വളരെ നല്ല ആശയം കേണൽ

 

ഒരു ട്രേയിൽ കോഫിയുമായി ഇറാനാ വ്രോൺസ്കി മുറിയ്ക്കുള്ളിലെത്തി. “എക്സലന്റ് ഇനി വേണ്ടത് ആ ല്യൂബെലിനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തുക എന്നതാണ് കൃത്യ സമയത്ത് തന്നെ പുറപ്പെടുക എന്നതാണ് മുഖ്യം” ബെലോവ് പറഞ്ഞു.

 

                                                    ***

 

ട്രെയിൻ യാത്രയിൽ ഏതാണ്ട് മുഴുവൻ സമയവും ഉറങ്ങുവാൻ കഴിഞ്ഞു എന്നത് താന്യയ്ക്ക് അത്ഭുതമായിരുന്നു. പാരീസ് മുതൽ ഒപ്പം യാത്ര ചെയ്തിരുന്ന രണ്ട് വിദ്യാർത്ഥിനികളാണ് റെനിസിൽ എത്തിയപ്പോൾ അവളെ വിളിച്ചുണർത്തിയത്. പുലർച്ചെ മൂന്നര ആയിരിക്കുന്നു. മഴ ശമിച്ചുവെങ്കിലും പ്ലാറ്റ്ഫോമിൽ നല്ല തണുപ്പുണ്ട്. സ്റ്റേഷന് വെളിയിൽ, രാത്രി മുഴുവൻ പ്രവർത്തിക്കുന്ന ഒരു കഫേയെക്കുറിച്ച് ആ വിദ്യാർത്ഥിനികൾക്ക് അറിയാമായിരുന്നു. അവർ അവൾക്ക് അങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തു. അധികം കസ്റ്റമേഴ്സൊന്നും ഇല്ലാത്ത അവിടെ വളരെ ഊഷ്മളമായ പെരുമാറ്റമാണ് അവൾക്ക് ലഭിച്ചത്. കോഫിയും ഓംലെറ്റും ഓർഡർ ചെയ്തിട്ട് ഡെവ്‌ലിനെ വിളിക്കുവാനായി അവൾ തൊട്ടടുത്തുള്ള പബ്ലിക്ക് ടെലിഫോൺ ബൂത്തിലേക്ക് കയറി.

 

                                                                ***

 

“ആർ യൂ ഓൾറൈറ്റ്?” ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്ന ഡെവ്‌ലിൻ ചോദിച്ചു.

 

“ഫൈൻ” അവൾ പറഞ്ഞു. “ട്രെയിനിൽ ഞാൻ സുഖമായി ഉറങ്ങി ഡോണ്ട് വറി ഞാൻ എവിടെയാണെന്ന് ഒരു പിടിയുമുണ്ടാവില്ല അവർക്ക് എപ്പോഴാണ് നമുക്ക് തമ്മിൽ കാണാനാവുക?”

 

“പെട്ടെന്ന് തന്നെ” ഡെവ്‌ലിൻ പറഞ്ഞു. “ഞങ്ങൾക്ക് ആദ്യം നിന്നെ സുരക്ഷിതമായി ലണ്ടനിൽ എത്തിക്കേണ്ടതുണ്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ഹൈഡ്രോഫോയിലിൽ ജെഴ്സിയിൽ എത്തുന്ന നിന്നെ സ്വീകരിക്കാനായി മാർട്ടിൻ എന്നൊരാൾ ഹാർബറിൽ ഉണ്ടാകും അലക്സാണ്ടർ മാർട്ടിൻ നിന്റെ ഒരു ആരാധാകനും കൂടിയാണെന്ന് കൂട്ടിക്കോളൂ അതുകൊണ്ട് നിന്നെ തിരിച്ചറിയാൻ അയാൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല

 

“ഐ സീ എനിതിങ്ങ് എൽസ്?”

 

“നോട്ട് റിയലി

 

“ഗുഡ് എന്നാൽ പിന്നെ ഞാനെന്റെ ഓംലെറ്റ് കഴിക്കാൻ നോക്കട്ടെ, പ്രൊഫസർ

 

അവൾ ലൈൻ കട്ട് ചെയ്തതും ഡെവ്‌ലിൻ റിസീവർ താഴെ വച്ചു. “മിടുക്കിക്കുട്ടി തന്നെ” കിച്ചണിലേക്ക് നടക്കവെ അദ്ദേഹം മന്ത്രിച്ചു.

 

ഇതേ സമയം, തന്റെ കോട്ടേജിൽ, ഈ വിവരങ്ങളെല്ലാം പോൾ ചെർണിയെ അറിയിക്കുവാനായി ഫോൺ ചെയ്യുകയായിരുന്നു ഹാരി ക്യുസെയ്ൻ.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...