Thursday, February 29, 2024

കൺഫെഷണൽ – 53

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹോം സെക്രട്ടറി, C13 ന്റെ കമാൻഡർ, സ്കോട്ട്ലണ്ട് യാർഡിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ്, സെക്യൂരിറ്റി സർവീസസിന്റെ ഡയറക്ടർ ജനറൽ എന്നിവരോടൊപ്പമുള്ള മീറ്റിങ്ങ് കഴിഞ്ഞപ്പോഴേക്കും വളരെ ക്ഷീണിതനായിരുന്നു ചാൾസ് ഫെർഗൂസൻ. തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ കണ്ടത് നെരിപ്പോടിനരികിലിരുന്ന് ‘ദി ടൈംസ്’ വായിച്ചുകൊണ്ടിരിക്കുന്ന ഡെവ്‌ലിനെയാണ്.

 

“ഫാക്ക്‌ലണ്ട് വിഷയത്തിൽ പോപ്പിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് തോന്നുന്നത്” പത്രം മടക്കിവച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

 

“യെസ്, അങ്ങനെയാണ് എനിക്കും തോന്നുന്നത്” ഫെർഗൂസൻ പറഞ്ഞു. “എന്തായാലും പെട്ടെന്ന് അദ്ദേഹം തിരിച്ചു പോകാൻ വഴിയില്ല ഇന്നത്തെ മീറ്റിങ്ങിൽ നിങ്ങളും കൂടി പങ്കെടുക്കേണ്ടതായിരുന്നു ഹോം സെക്രട്ടറി, സ്കോട്ട്‌ലണ്ട് യാർഡ്, സെക്യൂരിറ്റി സർവീസസ് ഡയറക്ടർ നിങ്ങൾക്കറിയുമോ ലിയാം?” നെരിപ്പോടിനരികിലേക്ക് അല്പം ചാഞ്ഞിരുന്നു കൊണ്ട് ഫെർഗൂസൻ പറഞ്ഞു. “അവർ അത്രയ്ക്കങ്ങോട്ട് ഗൗരവത്തിലെടുത്തിട്ടില്ല

 

“ക്യുസെയ്ന്റെ കാര്യമാണോ?”

 

“അതെ എന്തായാലും, അങ്ങനെയൊരാൾ ഉണ്ടെന്ന കാര്യം അവർ അംഗീകരിക്കുന്നുണ്ട്അയാളുടെ ചരിത്രവും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡബ്ലിനിൽ അയാൾ ചെയ്തുകൂട്ടിയ അതിക്രമങ്ങളും ഞാനവർക്ക് മുന്നിൽ നിരത്തി. ലെവിൻ, ലുബോവ്, ചെർണി, ആ രണ്ട് IRA ഗൺമാന്മാർ കണ്ണിൽ ചോരയില്ലാത്ത കാപാലികനാണയാൾ

 

“നോ” ഡെവ്‌ലിൻ പറഞ്ഞു. “ഐ ഡോണ്ട് തിങ്ക് സോ അത് അയാളുടെ ജോലിയുടെ ഭാഗം മാത്രമാണ് അയാൾ ചെയ്തു തീർക്കേണ്ട ടാസ്കുകൾ മാത്രം അതയാൾ വൃത്തിയായി, സമയബന്ധിതമായി ചെയ്യുന്നു എന്നാൽ ചിലരെയൊക്കെ ഉപദ്രവിക്കാതിരിക്കാനും അയാൾ ശ്രദ്ധിച്ചിട്ടുണ്ട് ഉദാഹരണത്തിന് താന്യയെയും എന്നെയും തന്റെ ടാർഗറ്റ് മാത്രമാണ് അയാളുടെ ലക്ഷ്യം

 

“അതൊന്നും എന്നെ ഓർമ്മിപ്പിക്കല്ലേ” ഫെർഗൂസൻ ചെറുതായൊന്ന് ഞെട്ടി വിറച്ചു. അപ്പോഴാണ് വാതിൽ തുറന്ന് ഹാരി ഫോക്സ് പ്രവേശിച്ചത്.

 

“ഹലോ സർ ഹലോ ലിയാം ഞാൻ ഇവിടെ ഇല്ലാതിരുന്നപ്പോൾ പല സംഭവവികാസങ്ങളും ഉണ്ടായെന്ന് തോന്നുന്നു?”

 

“എന്ന് പറയാം” ഫെർഗൂസൻ പറഞ്ഞു. “പാരീസിലെ കാര്യങ്ങളൊക്ക് ഭംഗിയായി നടന്നുവോ?”

 

“യെസ് ടോണിയെ ഞാൻ കണ്ടു ഇനിയുള്ള കാര്യങ്ങൾ അദ്ദേഹം നോക്കിക്കൊള്ളും

 

“ഓകെ, അതേക്കുറിച്ച് പിന്നീട് സംസാരിക്കാം ഇവിടുത്തെ കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു

 

അതുവരെയുള്ള സംഭവവികാസങ്ങൾ ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം വിവരിച്ചു കൊടുത്തു. ചിലപ്പോഴെല്ലാം ഡെവ്‌ലിൻ ഇടയിൽ കയറി കൂടുതൽ വ്യക്തത വരുത്തുന്നുണ്ടായിരുന്നു. എല്ലാം കേട്ടു കഴിഞ്ഞതും ഫോക്സ് പറഞ്ഞു. “വല്ലാത്തൊരു മനുഷ്യൻ തന്നെ വിശ്വസിക്കാനാവുന്നില്ല” അയാൾ തലയാട്ടി.

 

“അതെന്താ?”

 

“അവിടെ വച്ച് പരിചയപ്പെട്ടപ്പോൾ വാസ്തവത്തിൽ വളരെ മതിപ്പാണ് അയാളോട് എനിക്ക് തോന്നിയത് സർ

 

“അങ്ങനെയൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ മിടുക്കനാണയാൾ” ഡെവ്‌ലിൻ പറഞ്ഞു.

 

ഫെർഗൂസൻ പുരികം ചുളിച്ചു. “ഇനിയും അയാളെ പുകഴ്ത്തി നാം സമയം കളയേണ്ടതുണ്ടോ?” വാതിൽ തുറന്ന് ടേയിൽ ചായയും ബ്രെഡ് ടോസ്റ്റുമായി കിം പ്രവേശിച്ചു. “എക്സലന്റ്” ഫെഗൂസൻ പറഞ്ഞു. “ഞാൻ വിശന്നിരിക്കുകയായിരുന്നു

 

“താന്യാ വൊറോണിനോവയുടെ കാര്യം എങ്ങനെയാണ്?” ഫോക്സ് ചോദിച്ചു.

 

“അവൾക്ക് താമസിക്കാൻ സുരക്ഷിതമായ ഒരിടം ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്

 

“എവിടെയാണ് സർ?”

 

“ചെൽസാ പ്ലേസ് അപ്പാർട്ട്മെന്റ് എല്ലാം ഒന്ന് ശരിയാവുന്നത് വരെ അവൾക്ക് കൂട്ടിനായി ഡയറക്ടറേറ്റ് ഒരു സ്ത്രീയെയും ഏർപ്പാടാക്കിയിട്ടുണ്ട്

 

കിം എല്ലാവർക്കും ഓരോ കപ്പ് ചായ വിതരണം ചെയ്തു. “അപ്പോൾ, എന്താണിനി അടുത്ത നീക്കം?” ഡെവ്‌ലിൻ ആരാഞ്ഞു.

 

“ഹോം സെക്രട്ടറിയും ഡയറക്ടറും പറഞ്ഞത് ഈ വിഷയത്തിന് തൽക്കാലം അത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല എന്നാണ് ഞാനും അതിനോട് യോജിച്ചു പോപ്പിന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യം തന്നെ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കുക എന്നതാണ് സൗത്ത് അറ്റ്‌ലാന്റിക്കിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാർത്ഥ ശ്രമം ഒന്നോലോചിച്ചു നോക്കൂ, ദേശീയ പത്രങ്ങളുടെ മുൻപേജിൽ ഭീതി നിറയ്ക്കുന്ന ആ വാർത്ത വരുന്ന കാര്യം ആദ്യമായിട്ടാണ് പോപ്പ് ഇംഗ്ലണ്ടിലേക്ക് വരുന്നത് അദ്ദേഹത്തെ വധിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഭ്രാന്തൻ ഇപ്പോഴും ഒളിവിലാണെന്ന വാർത്ത

 

“അത് മാത്രമല്ല, അയാളൊരു വൈദികനും കൂടിയാണ് സർ

 

“യെസ് വെൽ, അക്കാര്യം നമുക്ക് ഒഴിവാക്കാം യഥാർത്ഥത്തിൽ അയാൾ ആരാണെന്ന് നാം മനസ്സിലാക്കിയ സ്ഥിതിയ്ക്ക്

 

“ഒരു ഒഴിവാക്കലുമില്ല” ഡെവ്‌ലിൻ പറഞ്ഞു. “ഞാൻ തികഞ്ഞ ഒരു കാത്തലിക്ക് ഒന്നുമല്ലെങ്കിലും ചില കാര്യങ്ങൾ പറയാം സഭയെ സംബന്ധിച്ചിടത്തോളം ഇരുപത് വർഷം മുമ്പ് കണക്റ്റിക്കട്ടിലെ വൈൻ ലാൻഡിങ്ങിൽ നിന്നും വൈദികപട്ടം സ്വീകരിച്ചയാളാണ് ഹാരി ക്യുസെയ്ൻ അയാൾ ഇപ്പോഴും ഒരു വൈദികൻ തന്നെയാണ്

 

“ഓൾറൈറ്റ്” തെല്ല് കോപത്തോടെ ഫെർഗൂസൻ പറഞ്ഞു. “അതെന്തെങ്കിലുമായിക്കോട്ടെ ഹാരി ക്യുസെയ്ന് പത്രങ്ങളുടെ മുൻപേജിൽ പബ്ലിസിറ്റി കൊടുക്കുന്നതിനോട് പ്രധാനമന്ത്രിയ്ക്ക് ഒട്ടും താല്പര്യമില്ല നമുക്ക് ഒരു ഗുണവും ചെയ്യില്ല അത്

 

“പക്ഷേ, അയാളെ പെട്ടെന്ന് പിടികൂടാൻ അത് സഹായിച്ചേക്കും” ഫോക്സ് പതുക്കെ പറഞ്ഞു.

 

“യെസ് എങ്ങനെയെങ്കിലും അയാളെ പിടികൂടണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം ഡബ്ലിനിലെ സ്പെഷ്യൽ ബ്രാഞ്ച് അയാളുടെ കോട്ടേജിൽ നിന്നും വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട് അവരത് ഡബ്ലിനിലെ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു കഴിഞ്ഞു. എന്നു വച്ചാൽ അത് ലിസ്ബേണിലെ സെക്യുരിറ്റി സർവീസിന്റെ കമ്പ്യൂട്ടറിലും എത്തിയെന്നർത്ഥം നമ്മുടെ സ്കോട്ട്ലണ്ട് യാർഡിലെ സെൻട്രൽ റെക്കോർഡ്സ് ഡിവിഷനിലെ കമ്പ്യൂട്ടർ അതുമായി ലിങ്ക് ചെയ്തിട്ടുണ്ട്

 

“ഇത്തരത്തിലൊരു നെറ്റ്‌വർക്ക് ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു” ഡെവ്‌ലിൻ പറഞ്ഞു.

 

“മൈക്രോ ചിപ്പുകളുടെ അത്ഭുതം” ഫെർഗൂസൻ പറഞ്ഞു. “പതിനൊന്ന് മില്യൻ ആളുകളുടെ രേഖകളാണ് അതിലുള്ളത് ക്രിമിനൽ റെക്കോർഡ്സ്, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ, ലൈംഗിക താല്പര്യങ്ങൾ തുടങ്ങിയവ മാത്രമല്ല, അവരുടെ സ്വകാര്യ സ്വഭാവങ്ങൾ ഉദാഹരണത്തിന് എവിടെ നിന്നാണ് അവർ സാധനങ്ങൾ വാങ്ങുന്നത് തുടങ്ങിയവ

 

“നിങ്ങളെന്താ, തമാശ പറയുകയാണോ?” ഡെവ്‌ലിന് വിശ്വാസം വന്നില്ല.

 

“അല്ല കഴിഞ്ഞ വർഷം നിങ്ങളുടെ IRA സംഘത്തിലെ ഒരുവനെ ഞങ്ങൾ ഇവിടെ പിടികൂടിയിരുന്നു വളരെ വിദഗ്ദ്ധമായി ഒളിച്ചു കഴിയുകയായിരുന്നു പക്ഷേ, അയാൾക്ക് തന്റെ ഒരു പ്രത്യേക സ്വഭാവം മാറ്റാൻ കഴിഞ്ഞില്ല അടുത്തുള്ള ഒരു കോ-ഓപ്പറേറ്റിവ് ഷോപ്പിൽ നിന്നുമായിരുന്നു സ്ഥിരമായി അയാൾ സാധനങ്ങൾ വാങ്ങിയിരുന്നത് ഇപ്പോൾ ക്യുസെയ്ൻ ഇവിടെയാണുള്ളത് അയാളുടെ വിരലടയാളങ്ങൾ മാത്രമല്ല, സകല വിവരങ്ങളും നമ്മുടെ കൈവശമുണ്ട് നമ്മുടെ പോലീസിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ വിഷ്വൽ ഡിസ്പ്ലേ ക്യാരക്ടറസ്റ്റിക്സ് എന്നൊരു സംവിധാനമുണ്ട് വിശദവിവരങ്ങൾ ഫീഡ് ചെയ്താൽ അയാളുടെ ഫോട്ടോയുടെ പ്രിന്റ് പോലും എടുക്കാൻ സാധിക്കും

 

“ദൈവമേ!”

 

“വാസ്തവത്തിൽ നിങ്ങളുടെ ഫോട്ടോയും അത്തരത്തിൽ അവർക്ക് എടുക്കാനാകും ക്യുസെയ്ന്റെ കാര്യത്തിൽ അയാളുടെ KGB ബന്ധത്തെക്കുറിച്ചുള്ള രേഖകൾ ഒഴിവാക്കുവാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഒരു വൈദികൻ എന്ന വ്യാജേന സമൂഹത്തിൽ നടക്കുന്നു  IRA യുമായി അടുത്ത ബന്ധം അങ്ങേയറ്റം ആക്രമണകാരിയായ ഒരു പിടികിട്ടാപ്പുള്ളി ഇത്രയും മതി അയാളുടെ ഫോട്ടോ ലഭിക്കുവാൻ

 

“അത്ഭുതം തന്നെ

 

“ഈ വിവരങ്ങൾ വച്ചുള്ള ഫോട്ടോയും വിവരണവും ഇന്നത്തെ ചില സായാഹ്ന പത്രങ്ങളിൽ കൊടുക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് കൂടാതെ, ദേശീയ പത്രങ്ങളുടെ നാളത്തെ സകല എഡിഷനുകളിലും ഉണ്ടാവും

 

“അത്രയും മതിയെന്നാണോ താങ്കൾ കരുതുന്നത് സർ?” ഫോക്സ് ചോദിച്ചു.

 

“എന്നാണെന്റെ വിശ്വാസം നമുക്ക് കാത്തിരുന്നല്ലേ പറ്റൂ? എന്തായാലും ഒരു കാര്യം തീർച്ചയാണ്” ഫെർഗൂസൻ ജാലകത്തിനരികിൽ ചെന്ന് പുറത്തേക്ക് നോക്കി. “അയാൾ നമ്മുടെ മണ്ണിൽ എവിടെയോ ഉണ്ട്

 

“അതെ പക്ഷേ, കാര്യമെന്താണെന്ന് വച്ചാൽ, അയാൾ തല വെളിയിൽ കാണിക്കുന്നത് വരെയും ആർക്കും ഒന്നും ചെയ്യാനില്ല എന്നതാണ്” ഡെവ്‌ലിൻ പറഞ്ഞു.

 

“എക്സാക്റ്റ്‌ലി” ജാലകത്തിനരികിൽ നിന്നും തിരിച്ചു വന്ന ഫെർഗൂസൻ ചായപ്പാത്രമെടുത്തു. “ഈ ചായയുടെ രുചി ഒന്ന് വേറെ തന്നെയാണ് ആർക്കെങ്കിലും വേണോ ഒരു കപ്പ് കൂടി?”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Thursday, February 22, 2024

കൺഫെഷണൽ – 52

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 11

 

ലണ്ടനിലെ റഷ്യൻ എംബസിയിൽ പബ്ലിക്ക് റിലേഷൻസ് സീനിയർ അറ്റാഷെ ഇൻ‌ചാർജ് ആണ് ജോർജി റൊമാനോവ്. ഉയരമുള്ള സൗമ്യനായ ഒരു അമ്പതുകാരൻ. തന്റെ കുലീന നാമത്തിൽ രഹസ്യമായി അഭിമാനം കൊണ്ടിരുന്നു അയാൾ. പതിനൊന്ന് വർഷമായി KGBയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അയാൾക്ക് ലെഫ്റ്റനന്റ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത് കഴിഞ്ഞ വർഷമാണ്. ചാൾസ് ഫെർഗൂസന് വളരെ ഇഷ്ടമായിരുന്നു അയാളെ. അതുപോലെ തന്നെ തിരിച്ചും. ഡെവ്‌ലിന്റെ ഏറ്റവുമൊടുവിലെ ഫോൺ കോൾ വന്നതിന് പിന്നാലെ ഒരു മീറ്റിങ്ങിന് വേണ്ടി ഫെർഗൂസൻ അയാളെ വിളിച്ചിരുന്നു. റൊമാനോവ് അപ്പോൾത്തന്നെ അതിന് സമ്മതിക്കുകയും ചെയ്തു.

 

എംബസിയുടെ തൊട്ടടുത്തു തന്നെ റൗണ്ട് പോണ്ടിന് സമീപമുള്ള കെൻസിങ്ങ്ടൺ ഗാർഡൻസ് ആയിരുന്നു മീറ്റിങ്ങിനായി അവർ തെരഞ്ഞെടുത്ത സ്ഥലം. നടക്കുവാനുള്ള ദൂരമേ ഉള്ളൂ എന്നതിനാൽ റൊമാനോവിന് വളരെ സൗകര്യമായിരുന്നു ആ രഹസ്യ സങ്കേതം. ‘ദി ടൈംസ്’ ദിനപത്രം വായിച്ചുകൊണ്ട് ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഫെർഗൂസനരികിലേക്ക് റൊമാനോവ് എത്തി.

 

“ഹലോ ജോർജി” ഫെർഗൂസൻ അഭിവാദ്യം ചെയ്തു.

 

“ചാൾസ്, താങ്കളുമായുള്ള ഈ കൂടിക്കാഴ്ച്ച എനിക്കൊരു ബഹുമതി തന്നെ

 

“നേരെ കാര്യത്തിലേക്ക് കടക്കാം ജോർജി ഒട്ടും നല്ല വാർത്തയല്ല എനിക്ക് പറയാനുള്ളത് ഇരുപത് വർഷം മുമ്പ് കുഖോളിൻ എന്ന കോഡ് നാമത്തിൽ വിധ്വംസന പ്രവർത്തനങ്ങൾക്കായി അയർലണ്ടിലേക്ക് അയയ്ക്കപ്പെട്ട ഒരു KGB ഏജന്റിനെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും അറിവുണ്ടോ?”

 

“സത്യം പറഞ്ഞാൽ, യാതൊന്നുമറിയില്ല എനിക്ക്” റൊമാനോവ് പറഞ്ഞു.

 

“എങ്കിൽ ഞാൻ പറഞ്ഞു തരാം” ഫെർഗൂസൻ കഥയുടെ കെട്ടഴിച്ചു.

 

എല്ലാം കേട്ടു കഴിഞ്ഞതും റൊമാനോവിന്റെ മുഖം വലിഞ്ഞു മുറുകി. “ദിസ് റിയലി ഈസ് ബാഡ്

 

“എന്ന് മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് ഈ ഭ്രാന്തൻ ഇപ്പോൾ ബ്രിട്ടനിൽ എവിടെയോ ആണുള്ളത് ശനിയാഴ്ച്ച കാന്റർബറിയിലെത്തുന്ന പോപ്പിനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ അയാളുടെ ഇതുവരെയുള്ള ചരിത്രം വച്ചു നോക്കിയാൽ തീർച്ചയായും ഈ വിഷയം നാം ഗൗരവത്തിലെടുക്കേണ്ടതാണ് വെറുമൊരു വട്ടനല്ല അയാൾ

 

“ഞാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്?”

 

“മോസ്കോയുമായി ഉടൻ തന്നെ ബന്ധപ്പെടുക ഉന്നതതലത്തിൽ തന്നെ ഒരു KGB ഏജന്റിന്റെ കൈയാൽ പോപ്പ് കൊല്ലപ്പെടുക എന്നത് അവർക്ക് ഒട്ടും താല്പര്യമുള്ള കാര്യമായിരിക്കില്ല അതാണ് ക്യുസെയ്ന് വേണ്ടതും ഇതിനു മുമ്പ് റോമിൽ വച്ച് ഒരു വധശ്രമം നടന്നിട്ടുള്ള കാര്യം അറിയാമല്ലോ അതേക്കുറിച്ച് അവരെ ധരിപ്പിക്കുക ഈ വിഷയത്തിൽ ഒരു അലംഭാവവും പാടില്ല അഥവാ ഇനി അയാൾ നിങ്ങളുമായി ബന്ധപ്പെടുകയോ മറ്റോ ചെയ്താൽ ഉടൻ എന്നെ വിവരമറിയിക്കണം ജോർജീ ആ ബാസ്റ്റർഡിനെ പിടികൂടി വകവരുത്തുക എന്നതിൽ കുറഞ്ഞ യാതൊന്നും ഇനിയില്ല കോടതി, വിചാരണ തുടങ്ങിയ അസംബന്ധങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല അയാളുടെ മരണ വാർത്ത കേൾക്കാനായിരിക്കും മോസ്കോയിലുള്ളവർക്കും താല്പര്യമെന്നെനിക്കുറപ്പുണ്ട്

 

“യാതൊരു സംശയവുമില്ല” റൊമാനോവ് എഴുന്നേറ്റു. “എന്നാൽ ഞാൻ പോയി ഉടൻ തന്നെ സന്ദേശം അയക്കാൻ നോക്കട്ടെ

 

“ഈ വയസ്സന്റെ ഒരു ഉപദേശമാണെന്ന് കരുതിക്കോളൂ മസ്‌ലോവ്സ്കിയുടെയും മുകളിൽ ഉള്ളവർക്ക് വേണം സന്ദേശമയക്കാൻ” ഫെർഗൂസൻ പറഞ്ഞു.

 

                                                        ***

 

സംഗതിയുടെ ഗൗരവം പരിഗണിച്ച് ഫെർഗൂസൻ ഉടൻ തന്നെ ഡയറക്ടർ ജനറലുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം അപ്പോൾത്തന്നെ ആ വിവരം ഹോം സെക്രട്ടറിയെ അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ഫെർഗൂസന് ടെലിഫോൺ വന്നത്. അടിയന്തരമായി പ്രധാനമന്ത്രിയുടെ വസതിയായ നമ്പർ 10 ഡൗണിങ്ങ് സ്ട്രീറ്റിൽ എത്തുവാനായിരുന്നു നിർദ്ദേശം. ഉടൻ തന്നെ അദ്ദേഹം തന്റെ കാർ കൊണ്ടുവരാൻ ഏർപ്പാടാക്കി. പത്തു മിനിറ്റിനകം കാർ എത്തി. തെരുവിന്റെ അറ്റത്ത് എത്തിയപ്പോഴാണ് ബാരിക്കേഡിനപ്പുറം പതിവില്ലാത്ത ഒരു ജനക്കൂട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവിടെ നിന്നിരുന്ന പോലീസുകാരൻ അദ്ദേഹത്തെ കണ്ടതും സല്യൂട്ട് ചെയ്തു. ഫെർഗൂസൻ കൈ ഉയർത്തിയ ഉടൻ അവർ ബാരിക്കേഡ് തുറന്നു കൊടുത്തു.

 

ഡൗണിങ്ങ് സ്ട്രീറ്റിൽ പതിവിലുമധികം സുരക്ഷാ സന്നാഹങ്ങൾ കാണാമായിരുന്നു. ഫാക്ക്‌ലണ്ട് പ്രശ്നത്തിൽ അർജന്റീനയുമായുള്ള യുദ്ധം ചൂടുപിടിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. അതുമായി ബന്ധപ്പെട്ടായിരിക്കണം. തന്നെ നേരിട്ട് കാണണമെന്ന് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ആവശ്യപ്പെട്ടതിൽ അദ്ദേഹത്തിന് അത്ഭുതം തോന്നാതിരുന്നില്ല. കാറിൽ നിന്ന് പുറത്തിറങ്ങിയ ഫെർഗൂസനെ അവിടെയുണ്ടായിരുന്ന ഓഫീസർ പ്രധാന സ്റ്റെയർകെയ്സ് വഴി ഒന്നാം നിലയിലേക്ക് നയിച്ചു. മുകളിലത്തെ നിലയിലെ ഒരു റൂമിന്റെ വാതിലിൽ തട്ടിയിട്ട് ആ ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു.

 

“ബ്രിഗേഡിയർ ഫെർഗൂസൻ എത്തിയിട്ടുണ്ട്, പ്രൈം മിനിസ്റ്റർ

 

അവർ തലയുയർത്തി നോക്കി. ഗ്രേ നിറമുള്ള വസ്ത്രവും ഭംഗിയായി ചീകി വച്ചിരിക്കുന്ന നരച്ച മുടിയുമായി പൊതുവേദികളിൽ കാണാറുള്ള അതേ കുലീന രൂപം. അവർ പേന ഡെസ്കിൽ വച്ചു. “മൈ ടൈം ഈസ് ലിമിറ്റഡ്, ബ്രിഗേഡിയർ അയാം ഷുവർ യൂ അണ്ടർസ്റ്റാൻഡ്

 

“തീർച്ചയായും മാഡം

 

“ഹോം സെക്രട്ടറി കാര്യങ്ങളൊക്കെ എന്നെ ധരിപ്പിച്ചിരുന്നു ഈ പറയുന്ന മനുഷ്യനെ അതിനനുവദിക്കില്ല എന്ന ഉറപ്പിൽ കുറഞ്ഞതൊന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല” പ്രധാനമന്ത്രി പറഞ്ഞു.

 

“ഒരു സംശയവും വേണ്ട, അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു, പ്രൈം മിനിസ്റ്റർ

 

“ഇവിടെ വച്ച് പോപ്പിന് നേരെ ഒരു വധശ്രമം ഉണ്ടാവുകയാണെങ്കിൽ, അതൊരു വിഫലശ്രമം ആണെങ്കിൽ പോലും, അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമായിരിക്കും

 

“മനസ്സിലാവുന്നു മാഡം

 

“ഗ്രൂപ്പ് ഫോറിന്റെ മേധാവി എന്ന നിലയിൽ നിങ്ങൾക്ക് ഞാൻ നൽകിയ ചില പ്രത്യേക അധികാരങ്ങൾ ഉണ്ട് അവ ഉപയോഗിക്കൂ, ബ്രിഗേഡിയർ വേറെന്തെങ്കിലും ഇനി ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്

 

“തീർച്ചയായും, പ്രൈം മിനിസ്റ്റർ

 

പേനയെടുത്ത് അവർ വീണ്ടും തന്റെ ജോലിയിൽ മുഴുകി. പുറത്ത് തന്നെ കാത്തു നിൽക്കുന്ന ആ ചെറുപ്പക്കാരനായ ഓഫീസറുടെ അടുത്തേക്ക് ഫെർഗൂസൻ നടന്നു. അയാൾക്കൊപ്പം സ്റ്റെയർകെയ്സ് വഴി താഴേക്ക് ഇറങ്ങവെ തികച്ചും അസ്വസ്ഥനായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിൽ ഇതാദ്യമായിട്ടല്ല, ഇത്രയും ഭാരിച്ച ഉത്തരവാദിത്തം തന്റെ തലയിൽ വരുന്നത്. പക്ഷേ, ഇതിപ്പോൾ ക്യുസെയ്നെപ്പോലെ തന്നെ തനിയ്ക്കും സ്വസ്ഥത നഷ്ടപ്പെട്ടതു പോലെ

 

                                                     ***

 

അതേ സമയത്താണ് മോസ്കോയിൽ, ആഭ്യന്തര സുരക്ഷാ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പന കേണൽ ഇവാൻ മസ്‌ലോവ്സ്കി കൈപ്പറ്റിയത്. അവിടെയെത്തിയ മസ്‌ലോവ്സ്കി കണ്ടത് തന്റെ മുന്നിലുള്ള ഒരു റിപ്പോർട്ട് സശ്രദ്ധം പഠിച്ചു കൊണ്ടിരിക്കുന്ന യൂറി ആന്ദ്രപ്പോവിനെയാണ്.

 

അദ്ദേഹം അത് മസ്‌ലോവ്സ്കിയുടെ നേർക്ക് നീട്ടി. “ഇതൊന്ന് വായിച്ചു നോക്കൂ, കോമ്രേഡ്

 

അത് വാങ്ങി വായിക്കവെ മസ്‌ലോവ്സ്കിയുടെ നെഞ്ചിൽ ഭാരമേറുന്നത് പോലെ തോന്നി. മുഴുവനും വായിച്ചു കഴിഞ്ഞ് തിരികെയേല്പിക്കുമ്പോൾ അയാളുടെ കൈകൾക്ക് വിറയലുണ്ടായിരുന്നു.

 

“മസ്‌ലോവ്സ്കി, നിങ്ങളുടെ ആ ഏജന്റ് കുഖോളിൻ ഇപ്പോൾ ഇംഗ്ലണ്ടിലാണുള്ളത് ഒളിവിൽ കഴിയുന്ന അയാളുടെ ലക്ഷ്യം പോപ്പിനെ വധിക്കുക എന്നതാണ് നമ്മളെ ലോകത്തിന് മുന്നിൽ അപഹാസ്യരാക്കുക എന്നത് മാത്രമാണ് അതുകൊണ്ട് അയാൾ ഉദ്ദേശിക്കുന്നത് നിർഭാഗ്യവശാൽ ഈ വിഷയത്തിൽ നാം നിസ്സഹായരാണ് ബ്രിട്ടീഷ് ഇന്റലിജൻസ് അവരുടെ ജോലി നൂറ് ശതമാനവും കാര്യക്ഷമതയോടെ ചെയ്യുമെന്ന പ്രതീക്ഷ മാത്രമേ നമുക്കൊരു ആശ്വാസമായുള്ളൂ

 

“കോമ്രേഡ്, ഞാനിപ്പോൾ എന്ത് പറയാനാണ്?”

 

“ഒന്നും പറയേണ്ടതില്ല, മസ്‌ലോവ്സ്കി കുഖോളിനെ അയർലണ്ടിലേക്ക് അയയ്ക്കുക എന്നത് തെറ്റായ ഒരു തീരുമാനമായിരുന്നുവെന്ന് മാത്രമല്ല, തികഞ്ഞ മണ്ടത്തരവും അതിസാഹസികതയും കൂടി ആയിരുന്നു” ആന്ദ്രപോവ് ഡെസ്കിലെ ഒരു ബട്ടൺ അമർത്തി. അദ്ദേഹത്തിന്റെ പിന്നിലെ വാതിൽ തുറന്ന് യൂണിഫോം ധരിച്ച ചെറുപ്പക്കാരായ രണ്ട് KGB ക്യാപ്റ്റന്മാർ പ്രവേശിച്ചു. “മസ്‌ലോവ്സ്കി, നിങ്ങളുടെ ഓഫീസ് ഇപ്പോൾത്തന്നെ ഒഴിഞ്ഞു കൊടുക്കുക എല്ലാ ഫയലുകളും താക്കോലുകളും ഞാൻ അധികാരപ്പെടുത്തുന്ന ആളെ ഏല്പിക്കുക അതിന് ശേഷം നിങ്ങളെ ലുബിയാങ്കയിലേക്ക് കൊണ്ടുപോകുന്നതായിരിക്കും രാജ്യദ്രോഹക്കുറ്റങ്ങൾക്കുള്ള വിചാരണ നേരിടുന്നതിനായി

 

ലുബിയാങ്ക…! താൻ തന്നെ എത്രയോ മനുഷ്യരെ അങ്ങോട്ടയച്ചിരിക്കുന്നു! പൊടുന്നനെ ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് പോലെ തോന്നി അയാൾക്ക്. ഇരുകൈകളിലൂടെയും മുകളിലേക്ക് അരിച്ചു കയറുന്ന വേദന നെഞ്ചിലേക്ക് പടരുന്നു മറിഞ്ഞു വീഴുവാൻ പോയ അയാൾ വെപ്രാളത്തോടെ തന്റെ മുന്നിലെ ഡെസ്കിൽ ചാടിപ്പിടിച്ചു. അതു കണ്ട് പരിഭ്രാന്തനായ ആന്ദ്രപ്പോവ് അല്പം പിറകോട്ട് മാറി. പെട്ടെന്ന് മുന്നോട്ട് കുതിച്ച ആ രണ്ട് KGB ഓഫീസർമാർ മസ്‌ലോവ്സ്കിയുടെ കൈകളിൽ കയറിപ്പിടിച്ചു. അവരെ തടയുവാനോ പ്രതിഷേധിക്കുവാനോ ഒന്നും അയാൾ തുനിഞ്ഞില്ല. അതിനുള്ള ശക്തിയൊന്നും ഉണ്ടായിരുന്നില്ല അയാൾക്ക്. എങ്കിലും, കഠിനമായിക്കൊണ്ടിരിക്കുന്ന വേദനയ്ക്കിടയിലും ആന്ദ്രപ്പോവിനോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു അയാൾ. ലുബിയാങ്കയിൽ സെല്ലുകളും ഇല്ല, വിചാരണയും ഇല്ല എന്നിങ്ങനെ പരസ്പര ബന്ധമില്ലാതെ പലതും. അവസാനം അയാളുടെ മനസ്സിലെത്തിയ ചിത്രം താന്യയുടേതായിരുന്നു. പിയാനോയുടെ മുന്നിലിരുന്ന് തന്റെ ഇഷ്ടഗാനമായ ഡെബ്യൂസിയുടെ ലാ മെർ വായിക്കുന്ന തന്റെ പ്രീയപ്പെട്ട താന്യപതിയെ പതിയെ ശബ്ദം കുറഞ്ഞ് ആ ഗാനവീചികൾ അകന്നു പോകുന്നത് പോലെ തോന്നി. പിന്നെ പൂർണ്ണമായ അന്ധകാരം മാത്രം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Wednesday, February 14, 2024

കൺഫെഷണൽ – 51

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


റൊണാൾഡ്സ്‌വേയിലെ പോലെ തന്നെ അത്യന്തം മര്യാദയോടെയും ബഹുമാനത്തോടെയുമാണ് ബ്ലാക്ക്പൂൾ കസ്റ്റംസിലുള്ളവരും പെരുമാറിയത്. യാത്രക്കാരുടെ ക്യൂവിൽ ഒരു പുഞ്ചിരിയോടെ ക്യുസെയ്ൻ തന്റെ ബാഗ് പരിശോധനയ്ക്കായി അവർക്ക് നൽകി.

 

“ഡിക്ലയർ ചെയ്യാൻ എന്തെങ്കിലുമുണ്ടോ ഫാദർ?” കസ്റ്റംസ് ഓഫീസർ ആരാഞ്ഞു.

 

ക്യുസെയ്ൻ തന്റെ ബാഗ് തുറന്നു. “സ്കോച്ചിന്റെ ഒരു ബോട്ട്‌ലും ഇരുനൂറ് സിഗരറ്റും

 

കസ്റ്റംസ് ഓഫീസർ പുഞ്ചിരിച്ചു. “ഒരു ലിറ്റർ വൈനും കൂടി കൊണ്ടുവരാമായിരുന്നല്ലോ ഇന്ന് നിങ്ങളുടെ ദിവസമല്ലെന്ന് തോന്നുന്നു ഫാദർ

 

“തീർച്ചയായും അല്ല” ബാഗിന്റെ സിബ്ബ്  അടച്ച് ചുമലിലിട്ട് അയാൾ നടന്നകന്നു.

 

ആ ചെറിയ എയർപോർട്ടിന്റെ കവാടത്തിന് മുന്നിൽ ഒരു നിമിഷം അയാൾ സംശയിച്ചു നിന്നു. ധാരാളം ടാക്സി ക്യാബുകൾ കാത്തു കിടക്കുന്നുണ്ടെങ്കിലും അവയെ ആശ്രയിക്കേണ്ട എന്ന് തീരുമാനിച്ച അയാൾ മെയിൻ റോഡിലൂടെ മുന്നോട്ട് നടന്നു. സമയമാണെങ്കിൽ ധാരാളമുണ്ട്. റോഡിന് മറുഭാഗത്ത് ന്യൂസ് പേപ്പറുകൾ വിൽക്കുന്ന കട കണ്ട് അയാൾ അങ്ങോട്ട് നടന്നു. ഒരു പത്രം വാങ്ങി പുറത്തു വന്നപ്പോഴാണ് ഏതാനും അടി മുന്നിലുള്ള സ്റ്റോപ്പിലേക്ക് ഒരു ബസ്സ് വന്നു നിന്നത്. മോർകാംബ് എന്നായിരുന്നു അതിന്റെ ബോർഡിൽ എഴുതിയിരുന്നത്. ഏതാനും മൈൽ അകലെയുള്ള ഒരു തീരദേശ വിനോദസഞ്ചാര കേന്ദ്രമാണതെന്ന് അയാൾക്ക് അറിയാമായിരുന്നു. പെട്ടെന്നുള്ള ഒരു തോന്നലിൽ അയാൾ ഓടിച്ചെന്ന്, നീങ്ങിത്തുടങ്ങിയിരുന്ന ആ ബസ്സിൽ ചാടിക്കയറി.

 

ടിക്കറ്റ് വാങ്ങി അയാൾ മുകൾത്തട്ടിലേക്ക് കയറി. ശാന്തവും പ്രസന്നവുമായ അന്തരീക്ഷം. വളരെ ഉന്മേഷം  തോന്നുന്നു. സീറ്റിൽ ഇരുന്നിട്ട് അയാൾ പത്രം തുറന്നു. സൗത്ത് അറ്റ്‌ലാന്റിക്കിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. HMS Coventry ബോംബ് ചെയ്ത് തകർക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, Atlantic Conveyor എന്ന കണ്ടെയ്നർ ഷിപ്പിന് നേരെ എക്സോസെറ്റ് മിസൈൽ ആക്രമണവും നടന്നിരിക്കുന്നു. ഒരു സിഗരറ്റിന് തീ കൊളുത്തി, വിശദവിവരങ്ങളറിയാൻ അയാൾ പത്രത്തിലേക്ക് മുഖം താഴ്ത്തി.

 

                                                            ***

 

ഡെവ്‌ലിൻ ആതുരാലയത്തിലെ വാർഡിലേക്ക് കയറിച്ചെല്ലുമ്പോൾ ഡാനി മാലണിന്റെ കട്ടിലിനരികിൽ സിസ്റ്റർ ആൻ മേരി നിൽക്കുന്നുണ്ടായിരുന്നു. ഒപ്പമുള്ള നേഴ്സിന്റെ കാതിൽ എന്തോ മന്ത്രിച്ചിട്ട് തിരിഞ്ഞപ്പോഴാണ് അവർ ഡെവ്‌ലിനെ ശ്രദ്ധിച്ചത്. “എന്ത് വേണം?”

 

“ഡാനിയോട് സംസാരിക്കണമായിരുന്നു” ഡെവ്‌ലിൻ പറഞ്ഞു.

 

“അതിനു പറ്റിയ അവസ്ഥയിലല്ല അദ്ദേഹമിപ്പോൾ

 

“വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്

 

നീരസത്തോടെ അവർ നെറ്റി ചുളിച്ചു. “എപ്പോഴും നിങ്ങൾ ഇങ്ങനെ തന്നെയാണ് ഓൾ റൈറ്റ് പത്ത് മിനിറ്റ് മാത്രം” നടന്നു തുടങ്ങിയ അവർ തിരിഞ്ഞു നിന്നു. “കഴിഞ്ഞ രാത്രി ഫാദർ ക്യുസെയ്നെ കണ്ടില്ലല്ലോ വല്ല വിവരവുമുണ്ടോ?”

 

“ഇല്ല” ഡെവ്‌ലിൻ പറഞ്ഞു. “ഞാനും കണ്ടില്ല അയാളെ

 

അവർ നടന്നകന്നതും ഡെവ്‌ലിൻ കസേര വലിച്ച് കട്ടിലിനരികിലേക്കിട്ടു. “ഡാനി, എങ്ങനെയുണ്ടിപ്പോൾ?”

 

കണ്ണു തുറന്ന മാലൺ പരുക്കൻ സ്വരത്തിൽ ചോദിച്ചു. “ആരാ അത്, ലിയാം ആണോ ? ഫാദർ ക്യുസെയ്ൻ വന്നില്ലല്ലോ

 

“പറയൂ ഡാനീ, ബല്ലിവാൾട്ടറിൽ നിന്നും മാൻ ഐലണ്ടിലേക്ക് ആളെ കടത്തുന്ന ഷോൺ ഡീഗനെക്കുറിച്ച് നിങ്ങൾ അയാളോട് പറഞ്ഞിരുന്നുവല്ലേ?”

 

മാലൺ നെറ്റി ചുളിച്ചു. “തീർച്ചയായും പല കാര്യങ്ങളെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്

 

“പ്രധാനമായും IRA യെ സംബന്ധിച്ച വിഷയങ്ങളായിരുന്നിരിക്കും…?

 

“അതെ എങ്ങനെയായിരുന്നു അക്കാലത്ത് ഒളിവിലിരുന്നു കൊണ്ട് ഞാൻ പ്രവർത്തിച്ചിരുന്നത് എന്നൊക്കെ അറിയാനായിരുന്നു അദ്ദേഹത്തിന് താല്പര്യം

 

“പ്രത്യേകിച്ചും ബ്രിട്ടനിലെ ഒളിവു ജീവിതം?” ഡെവ്‌ലിൻ ചോദിച്ചു.

 

“അതെ നിങ്ങൾക്കറിയുമോ ലിയാം, പിടിക്കപ്പെടാതെ എത്ര കാലം ഞാൻ ബ്രിട്ടനിൽ കഴിഞ്ഞുവെന്ന്? അതെങ്ങനെ സാധിച്ചുവെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്” ഡാനി പുരികം ചുളിച്ചു. “എന്താണ് ലിയാം, എന്തെങ്കിലും പ്രശ്നമുണ്ടോ?”

 

“ഡാനി, നിങ്ങളൊരു ഉരുക്കുമനുഷ്യനാണ് ആ മനക്കരുത്ത് ഇപ്പോഴും കാണിക്കണം ഫാദർ ക്യുസെയ്ൻ നമ്മുടെ ആളായിരുന്നില്ല

 

മാലണിന്റെ കണ്ണുകൾ വികസിച്ചു. “നിങ്ങളെന്താ, തമാശ പറയുകയാണോ ലിയാം?”

 

“ഷോൺ ഡീഗൻ വെടിയേറ്റ് ആശുപത്രിയിലാണ് മാത്രമല്ല, അയാളുടെയൊപ്പം ജോലി ചെയ്തിരുന്നവർ കൊല്ലപ്പെടുകയും ചെയ്തു

 

അവിശ്വസനീയതയോടെ ഇരുന്നുപോയി ഡാനി. “എന്താണുണ്ടായതെന്ന് പറയൂ

 

എല്ലാം കേട്ടു കഴിഞ്ഞതും ഡാനി മാലൺ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ബാസ്റ്റർഡ്…!

 

“പറയൂ ഡാനീ, ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ അയാൾ താല്പര്യം പ്രകടിപ്പിച്ചതായി ഓർമ്മയുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

 

മാലൺ എന്തൊക്കെയോ ഓർത്തെടുക്കുവാൻ ശ്രമിക്കുന്നത് പോലെ തോന്നി. “യെസ് ബ്രിട്ടീഷ് ഇന്റലിജൻസിനും സ്പെഷ്യൽ ബ്രാഞ്ചിനും പിടികൊടുക്കാതെ നീണ്ട കാലം എങ്ങനെ ഞാൻ അവിടെ കഴിച്ചു കൂട്ടി എന്ന് അവിടെ താമസിച്ചിരുന്നപ്പോൾ നമ്മുടെ IRA ബന്ധങ്ങൾ ഒരിക്കലും ഞാൻ പ്രയോജനപ്പെടുത്തിയിരുന്നില്ല എന്ന കാര്യം അയാളോട് ഞാൻ പറഞ്ഞു ഒരു തരത്തിലും വിശ്വസനീയമായിരുന്നില്ല നമ്മുടെ നെറ്റ്‌വർക്ക് നിങ്ങൾക്കതറിയാവുന്നതാണല്ലോ ലിയാം

 

“ശരിയാണ്

 

“ഞാൻ എപ്പോഴും ആശ്രയിച്ചിരുന്നത് അധോലോകത്തെയായിരുന്നു ആത്മാർത്ഥതയുള്ള ഒരുത്തനെ കിട്ടിയാൽ മതി അത്തരത്തിലുള്ള നിരവധി പേരെ എനിക്കറിയാമായിരുന്നു

 

“എങ്കിൽ അവരെക്കുറിച്ച് പറയൂ” ഡെവ്‌ലിൻ പറഞ്ഞു.

 

                                                     ***

 

കടലോര പട്ടണങ്ങളെ എന്നും ഇഷ്ടമായിരുന്നു ഹാരി ക്യുസെയ്ന്. അദ്ധ്വാനികളായ മനുഷ്യർ ഉല്ലാസത്തിനായി എത്തുന്നയിടം. ധാരാളം കഫേകളും അമ്യൂസ്മെന്റ് പാർക്കുകളും ഉല്ലാസ കേന്ദ്രങ്ങളും കടൽക്കാറ്റും ഒക്കെയായി ഉന്മേഷഭരിതമായ അന്തരീക്ഷം. മോർകാംബ് എന്ന ആ ചെറുപട്ടണത്തിൽ ഇതെല്ലാം ഉണ്ടായിരുന്നു. തീരത്തേക്ക് അലതല്ലിയെത്തി മടങ്ങുന്ന തിരമാലകൾ. മറുഭാഗത്ത് ലെയ്ക്ക് ഡിസ്ട്രിക്ടിലെ മലനിരകൾ.

 

കാഴ്ച്ചകളും കണ്ട് അലസമായി അയാൾ റോഡിലൂടെ നടന്നു. സീസൺ ആയിട്ടില്ലെങ്കിലും ധാരാളം വിനോദസഞ്ചാരികളെ കാണാം തെരുവിൽ. ഇടുങ്ങിയ ചെറിയ തെരുവുകളിലൂടെ മുന്നോട്ട് നീങ്ങിയ ക്യുസെയ്ൻ ഒടുവിൽ ബസ് സ്റ്റേഷനിൽ എത്തി.

 

പ്രധാനപ്പെട്ട സിറ്റികളിലേക്കെല്ലാം എക്സ്പ്രസ് ഹൈവേകൾ വഴി പോകുന്ന ഹൈസ്പീഡ് ബസ്സുകൾ ലഭ്യമായിരുന്നു. സമയവിവരപ്പട്ടിക പരിശോധിച്ച് തനിക്കാവശ്യമുള്ളത് അയാൾ കണ്ടെത്തി. കാർലൈൽ, ഡംഫ്രീസ് വഴി ഗ്ലാസ്ഗോയിലേക്ക് പോകുന്ന ബസ്സ്. ഒരു മണിക്കൂറിനുള്ളിൽ അത് പുറപ്പെടും. അതിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്തിട്ട് കഴിക്കാൻ എന്തെങ്കിലും കിട്ടുമോയെന്നന്വേഷിച്ച് അയാൾ മുന്നോട്ട് നീങ്ങി.

 

(തുടരും)

 

അടുത്ത ലക്കം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...