Wednesday, March 27, 2024

കൺഫെഷണൽ – 57

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലണ്ടനിലുള്ള ഫെർഗൂസണ് ഫോൺ ചെയ്യാനുള്ള ആവേശം തടഞ്ഞു നിർത്താനായില്ല ട്രെന്റിന്. ഡയറക്ടറേറ്റ് ജനറൽ അദ്ദേഹത്തിന്റെ ഫോൺ കവൻഡിഷ് സ്ക്വയറിലേക്ക് കണക്റ്റ് ചെയ്തു. ഫോക്സും ഡെവ്‌ലിനും പുറത്തു പോയിരുന്നതിനാൽ ഫെർഗൂസൺ തന്നെയാണ് ഫോൺ എടുത്തത്.

 

“ചീഫ് ഇൻസ്പെക്ടർ ട്രെന്റ് ഹിയർ സർ സ്പെഷ്യൽ ബ്രാഞ്ച്, ഗ്ലാസ്ഗോ താങ്കൾ തേടുന്ന ആ മനുഷ്യൻ ക്യുസെയ്ൻ ഞങ്ങളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്

 

“ദൈവമേ.! ശരിയ്ക്കും?” ഫെർഗൂസണ് അത്ഭുതം അടക്കാനായില്ല. “എന്താണയാളുടെ അവസ്ഥ?”

 

“വെൽ, ഞാനയാളെ നേരിട്ട് കണ്ടില്ല സർ ഇവിടെ നിന്നും ഏതാനും മൈൽ തെക്ക് ഒരു ഗ്രാമത്തിൽ നിന്നാണ് പിടികൂടിയിരിക്കുന്നത് ഗ്ലാസ്ഗോ ട്രെയിനിൽ ഒരു മണിക്കൂറിനുള്ളിൽ ഇവിടെ എത്തും ഞാൻ നേരിട്ട് പോയി പിക്ക് ചെയ്യുന്നതായിരിക്കും

 

“അയാൾ ജീവനോടെയുണ്ടല്ലോ എന്നോർക്കുമ്പോഴാണ് വിഷമം” ഫെർഗൂസൺ പറഞ്ഞു. “സാരമില്ല, നാം വിചാരിക്കുന്നത് പോലെ എല്ലാം നടക്കില്ലല്ലോ ചീഫ് ഇൻസ്പെക്ടർ, നാളെ രാവിലെ ലഭ്യമായ ആദ്യ ഫ്ലൈറ്റിൽത്തന്നെ അയാളെ ഇവിടെ എത്തിക്കണം ബ്രിങ്ങ് ഹിം യുവേഴ്സെൽഫ് അത്യന്തം പ്രധാനപ്പെട്ട വിഷയമാണ് ഒരു വീഴ്ച്ചയും സംഭവിക്കാൻ പാടില്ല

 

“തീർച്ചയായും സർ” ട്രെന്റ് പറഞ്ഞു.

 

റിസീവർ ക്രാഡിലിൽ വച്ചിട്ട് ഫെർഗൂസൺ അതിന് സമീപമുള്ള ചുവന്ന ഫോൺ എടുക്കാനായാഞ്ഞു. എന്നാൽ ഒരു നിമിഷം, പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ ആ ശ്രമം അദ്ദേഹം ഉപേക്ഷിച്ചു. ആ മത്സ്യം ശരിയ്ക്കും വലയ്ക്കുള്ളിൽ ആയി എന്ന് ഉറപ്പു വരുത്തിയിട്ടു മതി ഹോം സെക്രട്ടറിയെ വിളിക്കുന്നത്

 

                                                      ***

 

ഒരു സിഗരറ്റിന് തീ കൊളുത്തി ബ്രോഡി മെയിൽ‌വാനിന്റെ മൂലയിലെ സ്റ്റൂളിൽ പിറകോട്ട് ചാഞ്ഞിരുന്നുകൊണ്ട് ക്യുസെയ്നെ വീക്ഷിച്ചു. തന്റെ ഡെസ്കിന്മേലുള്ള ലിസ്റ്റ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഗാർഡ്. എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ പേന താഴെ വച്ചു. “ഞാൻ റൗണ്ടിന് പോയിട്ട് വരാം സീ യൂ ലേറ്റർ

 

ഡോർ തുറന്ന് അയാൾ മുന്നിലെ ബോഗിയിലേക്ക് കയറി അപ്രത്യക്ഷനായി. ബ്രോഡി തന്റെ സ്റ്റൂൾ ക്യുസെയ്ന്റെ അരികിലേക്ക് വലിച്ചിട്ടു. “എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല ളോഹ ധരിച്ച മനുഷ്യരെ മനസ്സിലാവുമെന്ന് തോന്നുന്നുമില്ല” അയാൾ ഒന്നു കൂടി മുന്നോട്ടാഞ്ഞു. “പറയൂ, നിങ്ങൾ വൈദികർ ആ ഒരു കാര്യത്തിന് എന്തു ചെയ്യും?”

 

“ഏത് കാര്യത്തിന്?” ക്യുസെയ്ൻ ആരാഞ്ഞു.

 

“ഓ, അറിയാത്തത് പോലെ ഗായക സംഘത്തിലെ ബാലന്മാരെയായിരിക്കും അതിന് ഉപയോഗിക്കുന്നത്” ആ ആജാനുബാഹുവിന്റെ നെറ്റിത്തടത്തിൽ വിയർപ്പുകണങ്ങൾ കാണാമായിരുന്നു.

 

“വലിയ മീശ വച്ച് നടന്നിട്ടൊന്നും കാര്യമില്ല” ക്യുസെയ്ൻ പറഞ്ഞു. “അല്പം മര്യാദയും വായിൽ തോന്നുന്ന മണ്ടത്തരങ്ങൾ വിളിച്ചു പറയാതിരിക്കാനുള്ള വിവേകവും കൂടി വേണം

 

ബ്രോഡി രോഷം കൊണ്ട് തിളച്ചു. “ബാസ്റ്റർഡ് നിനക്ക് ഞാൻ കാണിച്ചു തരാം

 

അയാൾ മുന്നോട്ട് കുനിഞ്ഞ് എരിയുന്ന സിഗരറ്റിന്റെ അറ്റം ക്യുസെയ്ന്റെ കൈത്തണ്ടയുടെ പിന്നിൽ കുത്തി. അലറിക്കൊണ്ട് ക്യുസെയ്ൻ പിറകോട്ട് മറിഞ്ഞ് മെയിൽ ബാഗുകളുടെ മുകളിലേക്ക് വീണു.

 

പൊട്ടിച്ചിരിച്ചു കൊണ്ട് ബ്രോഡി എഴുന്നേറ്റു. “നിനക്ക് അതിഷ്ടപ്പെടുമെന്നാണ് ഞാൻ കരുതിയത്” ക്യുസെയ്ന്റെ മുന്നിൽ ചെന്നു നിന്ന് സിഗരറ്റ് കൊണ്ട് വീണ്ടും കൈയിൽ കുത്തുവാനായി അയാൾ കുനിഞ്ഞു. അപ്രതീക്ഷിതമായാണ് ക്യുസെയ്ൻ കാലുയർത്തി അയാളുടെ കാലുകൾക്കിടയിൽ മർമ്മസ്ഥാനത്ത് ഒരു ചവിട്ട് കൊടുത്തത്. അസഹ്യമായ വേദനയാൽ ആ ഭാഗം പൊത്തിപ്പിടിച്ചു കൊണ്ട് അയാൾ പിറകോട്ട് മാറി. ചാടിയെഴുന്നേറ്റ ക്യുസെയ്ൻ അയാളുടെ വലതു കാൽമുട്ടിന്റെ ചിരട്ട നോക്കി ആഞ്ഞ് ചവിട്ടി. മുന്നോട്ട് വീഴാൻ തുടങ്ങിയ അയാളുടെ മുഖത്തേക്ക് ക്യുസെയ്ൻ തന്റെ കാൽമുട്ട് ഉയർത്തി.

 

വേദനയാൽ പുളഞ്ഞ് ഞരങ്ങിക്കൊണ്ട് ആ പോലീസ് സെർജന്റ് മലർന്ന് വീണു. ക്യുസെയ്ൻ അയാളുടെ പോക്കറ്റുകൾ പരതി താക്കോൽ കണ്ടെടുത്ത് തന്റെ കൈവിലങ്ങ് അഴിച്ചു. ശേഷം തന്റെ ബാഗ് എടുത്ത് എല്ലാ സാധനങ്ങളും അതിലുണ്ടെന്ന് ഉറപ്പു വരുത്തി. എന്നിട്ട് സ്റ്റെച്ച്കിൻ റിവോൾവർ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. മെയിൽവാനിന്റെ സ്ലൈഡിങ്ങ് ഡോർ പിറകോട്ട് വലിച്ചതും മഴത്തുള്ളികൾ ഉള്ളിലേക്കടിച്ചു കയറി.

 

ഒരു നിമിഷം കഴിഞ്ഞു കാണും. മെയിൽവാനിന്റെ ഡോർ തുറന്ന് ഉള്ളിലേക്കെത്തിയ ഗാർഡ് ഒരു മിന്നായം പോലെ കണ്ടത് റെയിൽവേ ട്രാക്കിന്റെ സൈഡിലുള്ള കുറ്റിക്കാട്ടിലേക്ക് പതിച്ച് താഴ്‌വാരത്തിലേക്ക് ഉരുണ്ടു  പോകുന്ന ക്യുസെയ്നെയാണ്. പിന്നൊന്നും കാണാനുണ്ടായിരുന്നില്ല. മൂടൽ മഞ്ഞും മഴയും മാത്രം.

 

                                                         ***

 

ട്രെയിൻ ഗ്ലാസ്ഗോ സെൻട്രലിലേക്ക് കിതച്ചുകൊണ്ട് പ്രവേശിക്കവെ ചീഫ് ഇൻസ്പെക്ടർ ട്രെന്റും യൂണിഫോമണിഞ്ഞ അര ഡസൻ കോൺസ്റ്റബിൾമാരും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മെയിൽ‌വാനിന്റെ സ്ലൈഡിങ്ങ് ഡോർ തുറന്ന് ഗാർഡ് മുഖം കാണിച്ചു.

 

“ഇവിടെ

 

ഉള്ളിലേക്കെത്തി നോക്കിയ ട്രെന്റ് ഒരു നിമിഷം ശങ്കിച്ചു നിന്നു. ചോര പുരണ്ട് വീങ്ങിയ മുഖവുമായി ഗാർഡിന്റെ സ്റ്റൂളിൽ ഇരിക്കുന്ന സെർജന്റ് ലാക്ലൻ ബ്രോഡിയെ മാത്രമേ ഉള്ളിൽ കാണാനുണ്ടായിരുന്നുള്ളൂ. ട്രെന്റിന്റെ ഹൃദയം തകർന്നു പോയി. “എന്താണുണ്ടായത്, പറയൂ” തളർന്ന സ്വരത്തിൽ അദ്ദേഹം ചോദിച്ചു. തന്നാലാവുന്ന വിധം ബ്രോഡി കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ട്രെന്റ് ചോദിച്ചു. “അയാളെ കൈവിലങ്ങ് അണിയിച്ചിരുന്നുവെന്നല്ലേ നിങ്ങൾ പറഞ്ഞത്? എന്നിട്ടും അയാൾ നിങ്ങളെ ആക്രമിച്ച് കടന്നു കളഞ്ഞു?”

 

“വിചാരിച്ചത് പോലെയല്ലായിരുന്നു സർ അയാൾ” ബ്രോഡി ന്യായീകരിക്കാൻ ശ്രമിച്ചു.

 

“യൂ സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ് മാൻ” ട്രെന്റ് രോഷാകുലനായി. “അന്വേഷണമൊന്ന് കഴിഞ്ഞോട്ടെ പബ്ലിക്ക് ടോയ്‌ലറ്റിന്റെയെങ്കിലും ഇൻ ചാർജ്ജായി ട്രാൻസ്ഫർ ലഭിച്ചാൽ അത് ഭാഗ്യമെന്ന് കൂട്ടിക്കോളൂ 

 

നിരാശയോടെ, ഫെർഗൂസണ് ഫോൺ ചെയ്യുവാനായി അദ്ദേഹം തിരിഞ്ഞു നടന്നു.

                                                    ***

 

ഡൺഹില്ലിന് വടക്ക് ഭാഗത്തുള്ള കുന്നിൻമുകളിലെ ഒരു വലിയ പാറക്കെട്ടിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു ഹാരി ക്യുസെയ്ൻ. മോയ്റ ഗ്രിഗോറിന്റെ കടയിൽ നിന്നും വാങ്ങിയ ഓർഡ്‌നൻസ് മാപ്പ് എടുത്ത് അയാൾ നിവർത്തി. ലാർവിക്ക് പ്രദേശം ആ ഭൂപടത്തിൽ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അതിന് സമീപം തന്നെയായിരുന്നു മൺഗോ സഹോദരന്മാരുടെ ഫാം. ഏതാണ്ട് പതിനഞ്ച് മൈൽ ദൂരം. അതിൽ അധികദൂരവും കുന്നിൻപ്രദേശത്തു കൂടിയാണ് താണ്ടേണ്ടത്. എങ്കിലും അയാൾ ആഹ്ലാദവാനായിരുന്നു. ഭൂപടം മടക്കി ബാഗിനുള്ളിൽ വച്ചിട്ട് അയാൾ വീണ്ടും നടക്കുവാനാരംഭിച്ചു.

 

തന്നെ ആവരണം ചെയ്തിരിക്കുന്ന മൂടൽമഞ്ഞും കനത്ത മൂടൽമഞ്ഞും ഒരു പ്രത്യേക സുരക്ഷിതത്വ ബോധം നൽകി അയാൾക്ക്. പുറംലോകത്തു നിന്നും ഒറ്റപ്പെട്ട്, അളവറ്റ സ്വാതന്ത്ര്യം. ബിർച്ച് മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നീങ്ങവെ തഴച്ച് വളർന്ന് നിൽക്കുന്ന പൊന്തക്കാടുകളിലെ ജലകണങ്ങളാൽ ട്രൗസേഴ്സിന്റെ കാലുകൾ നനഞ്ഞു കുതിർന്നു. ഇടയ്ക്കൊക്കെ തന്റെ സാമീപ്യത്താൽ അലോസരം കൊണ്ട കാട്ടുകോഴികൾ ആ പൊന്തക്കാട്ടിൽ നിന്നും പറന്നുയരുന്നത് കാണാമായിരുന്നു. തന്റെ ളോഹയും റെയിൻകോട്ടും ഇതിനോടകം നനഞ്ഞു കുതിർന്നിരിക്കുന്നു. ആൾത്താമസമില്ലാത്ത ഈ കുന്നിൻപ്രദേശത്ത് ഈ വേഷത്തിൽ സഞ്ചരിക്കുന്നതിലെ അസ്വാഭാവികതയെയും അപകടത്തെയും കുറിച്ചുള്ള ചിന്ത അയാളെ തെല്ല് അലട്ടാതിരുന്നില്ല.

 

ട്രെയിനിൽ നിന്നും പുറത്തുചാടിയിട്ട് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. നടന്ന് നടന്ന് എത്തിപ്പെട്ട കിഴുക്കാംതൂക്കായ ഒരു പാറക്കെട്ടിന് മുകളിൽ നിന്നു കൊണ്ട് ക്യുസെയ്ൻ പരന്ന് കിടക്കുന്ന താഴ്‌വാരത്തേക്ക് നോക്കി. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. എങ്കിലും ഏതാനും വാര അകലെ മനുഷ്യ നിർമ്മിതമായ ഒരു പാത തുടങ്ങുന്നത് വ്യക്തമായി കാണാമായിരുന്നു. അത് തന്നെ ധാരാളമായിരുന്നു അയാൾക്ക്. വർദ്ധിത വീര്യത്തോടെ ക്യുസെയ്ൻ ആ പാത ലക്ഷ്യമാക്കി കുന്നിറങ്ങുവാൻ തുടങ്ങി.

 

                                                       ***

 

സ്കോട്ടിഷ് സമതലത്തിന്റെ വലിയൊരു ഓർഡ്‌നൻസ് സർവ്വേ മാപ്പ് സസൂക്ഷ്മം പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഫെർഗൂസൺ. “മോർകാംബിൽ നിന്നുമാണ് അയാൾ ബസ്സിൽ കയറിയിരിക്കുന്നത് അക്കാര്യത്തിൽ സ്ഥിരീകരണമായി” അദ്ദേഹം പറഞ്ഞു.

 

“ഗ്ലാസ്ഗോയിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം” ഫോക്സ് പറഞ്ഞു.

 

“നോ” ഫെഗൂസൺ പറഞ്ഞു. “ഡൺഹിൽ എന്ന സ്ഥലത്തേക്കാണ് അയാൾ ടിക്കറ്റ് എടുത്തിരുന്നത് അവിടെ ചെന്നിട്ട് എന്തായിരുന്നിരിക്കും അയാളുടെ ഉദ്ദേശ്യം?”

 

“ആ പ്രദേശം പരിചയമുണ്ടോ താങ്കൾക്ക്?” ഡെവ്‌ലിൻ ചോദിച്ചു.

 

“എതാണ്ട് ഇരുപത് വർഷം മുമ്പ് അവിടെയുള്ള ഏതോ ഒരു എസ്റ്റേറ്റിൽ ഏതാനും ദിവസം ഷൂട്ടിങ്ങ് പരിശീലനത്തിന് പോയിട്ടുണ്ട് രസകരമായ സ്ഥലമാണ് ഗാലോവേ കുന്നുകൾ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന വനങ്ങൾ റിഡ്ജ്ബാക്ക് ഇനത്തിൽപ്പെട്ട നായകൾ, ധാരാളം ചെറുതടാകങ്ങൾ എന്നിങ്ങനെ

 

“ഗാലോവേ എന്നല്ലേ പറഞ്ഞത്?” ഡെവ്‌ലിൻ മാപ്പിലേക്ക് സൂക്ഷിച്ചു നോക്കി. “അപ്പോൾ ഗാലോവേ എന്ന് പറയുന്ന സ്ഥലം ഇവിടെയാണല്ലേ?”

 

“അതെ സോ വാട്ട്?” ഫെർഗൂസൺ നെറ്റി ചുളിച്ചു.

 

“എനിക്ക് തോന്നുന്നത് അയാൾ പോയിരിക്കുന്നത് അങ്ങോട്ടാണെന്നാണ്” ഡെവ്‌ലിൻ പറഞ്ഞു. “അങ്ങോട്ട് പോകാൻ തന്നെയായിരുന്നിരിക്കണം തുടക്കം മുതലേ അയാളുടെ പ്ലാൻ

 

“അങ്ങനെയൊരു നിഗമനത്തിൽ എത്താൻ കാരണം?”

 

ഡാനി മാലണെക്കുറിച്ചുള്ള കഥകളെല്ലാം ഡെവ്‌ലിൻ അദ്ദേഹത്തോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും ഫെർഗൂസൺ പറഞ്ഞു. “നിങ്ങളുടെ കണക്കുകൂട്ടലുകൾ തികച്ചും ശരിയാണെന്ന് തോന്നുന്നു

 

ഡെവ്‌ലിൻ തല കുലുക്കി. “നാട്ടിൻപുറങ്ങളിൽ സുരക്ഷിതമായി തങ്ങുവാൻ അധോലോകം ഉപയോഗിക്കുന്ന നിരവധി താവളങ്ങളെക്കുറിച്ച് ഡാനി പറഞ്ഞിരുന്നു ഗാലോവേ പ്രദേശത്താണ് അയാളെങ്കിൽ തീർച്ചയായും അയാൾക്ക് മൺഗോ സഹോദരന്മാരുടെ അധോലോക സാമ്രാജ്യവുമായി ബന്ധമുണ്ടായിരിക്കണം

 

“നമ്മളിപ്പോൾ എന്തു ചെയ്യണം സർ?” ഫോക്സ് ചോദിച്ചു. “ഗ്ലാസ്ഗോയിലെ സ്പെഷ്യൽ ബ്രാഞ്ചിനോട് ഈ മൺഗോ സഹോദരന്മാരുടെ താവളത്തിൽ ഒരു റെയ്ഡ് നടത്തുവാൻ ആവശ്യപ്പെട്ടാലോ?”

 

“നോ ഹെൽ വിത്ത് ദാറ്റ്” ഫെർഗൂസൺ പറഞ്ഞു. “ലോക്കൽ പോലീസിന്റെ കാര്യക്ഷമത എന്താണെന്ന് ഇപ്പോൾ നാം കണ്ടതേയുള്ളൂ അവരുടെ കൈയിൽ കിട്ടിയിട്ടും പിടിപ്പുകേട് കൊണ്ട് അയാൾ വഴുതിപ്പോയില്ലേ” ജാലകത്തിനടുത്ത് ചെന്ന് അദ്ദേഹം പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി. “ഇത്രയും വൈകിയ ഈ രാത്രിയിൽ പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ല അയാളുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരിക്കില്ല ആ മലമ്പ്രദേശത്ത് കാൽനടയായിത്തന്നെ സഞ്ചരിക്കുകയായിരിക്കും ഇപ്പോഴും അയാൾ

 

“മിക്കവാറും അതിന് തന്നെയാണ് സാദ്ധ്യത” ഡെവ്‌ലിൻ പറഞ്ഞു.

 

“സോ യൂ ആന്റ് ഹാരി ഫ്ലൈ അപ് റ്റു ഗ്ലാസ്ഗോ റ്റുമോറോ എന്നിട്ട് ഈ മൺഗോ സഹോദരന്മാരുടെ താവളത്തിൽ ചെന്ന് നേരിട്ട് അന്വേഷിക്കുക നിങ്ങൾക്ക് പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ടുള്ള ഓർഡർ ഞാൻ ഇപ്പോൾത്തന്നെ തയ്യാറാക്കുന്നുണ്ട് നിങ്ങൾക്കാവശ്യമുള്ള എന്ത് സഹായവും സ്പെഷ്യൽ ബ്രാഞ്ച് ചെയ്തു തരുന്നതായിരിക്കും

 

അദ്ദേഹം പുറത്തേക്ക് പോയി. ഡെവ്‌ലിന് ഒരു സിഗരറ്റ് നൽകിയിട്ട് ഫോക്സ് ചോദിച്ചു. “എന്താണ് നിങ്ങളുടെ മനസ്സിൽ?”

 

“അവരുടെ പിടിയിലായിരുന്നു അയാൾ, ഹാരീ അതും കൈവിലങ്ങോടു കൂടി” ഡെവ്‌ലിൻ പറഞ്ഞു. “എന്നിട്ടും അയാൾ രക്ഷപെട്ടു അക്കാര്യത്തെക്കുറിച്ചാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത് ഇനി ആ ലൈറ്റർ ഒന്ന് തരൂ

 

(തുടരും)


അടുത്ത ലക്കത്തിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക...



Wednesday, March 20, 2024

കൺഫെഷണൽ – 56

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 12

 

സാവധാനം കണ്ണ് തുറന്നപ്പോൾ ക്യുസെയ്ൻ കണ്ടത് തനിയ്ക്കരികിൽ ഇരിക്കുന്ന ന്യൂസ്പേപ്പർ സ്റ്റാളിലെ ആ യുവതിയെയാണ്. നെരിപ്പോടിനരികിൽ നിവർത്തിയിട്ട കമ്പളത്തിൽ കിടക്കുന്ന തന്റെ മുഖം തുടച്ചുകൊണ്ടിരിക്കുകയാണവൾ.

 

“സാരമില്ല” അവൾ പറഞ്ഞു. “പെട്ടെന്ന് ശരിയാവും എന്നെ ഓർമ്മയുണ്ടോ? ഞാൻ മോയ്റ മക്ഗ്രിഗോർ എന്റെ ഷോപ്പിലാണ് താങ്കൾ ഇപ്പോൾ

 

“ആ ഇറ്റാലിയനും അയാളുടെ സഹപ്രവർത്തകൻ ഹാർഡിയും എവിടെ?”

 

“അവർ മുകളിലത്തെ നിലയിലുണ്ട് ഡോക്ടറെ വിളിക്കാൻ ആളെ വിട്ടിട്ടുണ്ട്

 

തെല്ല് ചിന്താക്കുഴപ്പത്തിലായിരുന്നു ക്യുസെയ്ൻ അപ്പോഴും. കഴിഞ്ഞതെല്ലാം കൃത്യമായി ഓർത്തെടുക്കാൻ പറ്റുന്നില്ല “എന്റെ ബാഗ് അതെവിടെ?” പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.

 

ആജാനുബാഹുവായ ആ പോലീസുകാരൻ ബ്രോഡി അരികിലെത്തി. “ജീവൻ തിരിച്ചു കിട്ടിയല്ലേ?” അയാളുടെ സ്വരത്തിൽ വിദ്വേഷം കലർന്നിരുന്നത് പോലെ തോന്നി. ഒരു തൃപ്തിയില്ലായ്മ പോലെ. “കന്യാമറിയത്തിന് കുറച്ച് മെഴുകുതിരികൾ കത്തിക്കേണ്ടി വരും അല്ലേ?”

 

അയാൾ പുറത്തേക്കിറങ്ങി. മോയ്റ മക്ഗ്രിഗോർ ക്യുസെയ്നെ നോക്കി പുഞ്ചിരിച്ചു. “അത് കാര്യമാക്കണ്ട നിങ്ങൾ ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചില്ലേ നിങ്ങളും ഹാർഡിയും കൂടി ഞാൻ ഒരു കപ്പ് ചായ എടുത്തുകൊണ്ട് വരാം

 

കിച്ചണിലേക്ക് ചെന്ന അവൾ കണ്ടത് മേശയ്ക്കരികിൽ നിൽക്കുന്ന ബ്രോഡിയെയാണ്. “ഹോട്ട് ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടെങ്കിൽ നന്നായിരുന്നു” അയാൾ പറഞ്ഞു.

 

ഒന്നും ഉരിയാടാതെ അവൾ കബോഡിൽ നിന്നും ഒരു ബോട്ട്‌ൽ സ്കോച്ചും ഗ്ലാസും എടുത്ത് മേശപ്പുറത്ത് വച്ചു. ഇരിക്കാനായി അവിടെ കണ്ട ഒരു കസേര അയാൾ മേശയ്ക്കരികിലേക്ക് വലിച്ചിട്ടു. ക്യുസെയ്ന്റെ ബാഗ് ആ കസേരയിൽ വച്ചിരുന്നത് അയാൾ കണ്ടിരുന്നില്ല. നിലത്ത് വീണ ആ ബാഗിന്റെ സിപ്പർ തുറന്ന് കുറേ സാധനങ്ങൾ പുറത്തേക്ക് തെറിച്ചു. വിശുദ്ധ അപ്പം സൂക്ഷിച്ചിരുന്ന പാത്രവും വയലറ്റ് നിറമുള്ള അങ്കിയും ഏതാനും ഷർട്ടുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

 

“ഇത് അയാളുടെ ബാഗാണോ?” ബ്രോഡി ചോദിച്ചു.

 

സ്റ്റൗവിൽ നിന്നും എടുത്ത ചായപ്പാത്രവുമായി അവൾ തിരിഞ്ഞു. “അതെ അത് അദ്ദേഹത്തിന്റെയാണ്

 

മുട്ടു കുത്തിയിരുന്ന് ചിതറിക്കിടന്ന സാധനങ്ങൾ തിരികെ ബാഗിലേക്ക് വയ്ക്കവെ അയാൾ നെറ്റി ചുളിച്ചു. “ഇതെന്താണ്?”

 

നിർഭാഗ്യവശാൽ ആ ബാഗിന്റെ അടിഭാഗത്തെ രഹസ്യ അറയ്ക്ക് വീഴ്ച്ചയിൽ ഇളക്കം തട്ടിയിരുന്നു. ബ്രോഡി ആദ്യം കണ്ടത് ഒരു ബ്രിട്ടീഷ് പാസ്പോർട്ടാണ്. അയാൾ അതിന്റെ പേജുകൾ മറിച്ചു നോക്കി. “തന്റെ പേര് ഫാളൻ എന്നാണല്ലോ അയാൾ എന്നോട് പറഞ്ഞത്

 

“അതിന്?” മോയ്റ ചോദിച്ചു.

 

“പിന്നെങ്ങനെയാണ് അയാളുടെ പാസ്പോർട്ടിൽ ഫാദർ ഷോൺ ഡാലി എന്ന് പേര് വരുന്നത്? അയാൾ ബാഗിനുള്ളിലേക്ക് കൈ കടത്തി വിശദമായി പരതി. കൈയിൽ തടഞ്ഞ സ്റ്റെച്ച്കിൻ തോക്ക് പുറത്തേക്കെടുത്ത് അയാൾ അത്ഭുതം കൂറി. “ദൈവമേ!”

 

മോയ്റ മക്ഗ്രിഗോറിന് തെല്ല് അസ്വസ്ഥയായത് പോലെ തോന്നി. “എന്താണിതിന്റെയൊക്കെ അർത്ഥം?”

 

“അതു നമുക്ക് കണ്ടുപിടിക്കാം

 

ബ്രോഡി തിരികെ റൂമിലേക്ക് ചെന്ന് ആ ബാഗ് ഒരു കസേരയിൽ വച്ചു. തറയിൽ കണ്ണടച്ച് കിടക്കുകയാണ് ഹാരി ക്യുസെയ്ൻ. അയാൾക്കരികിൽ ചെന്ന് മുട്ടുകുത്തിയിരുന്ന ബ്രോഡി കൈവിലങ്ങെടുത്ത് പതുക്കെ ക്യുസെയ്ന്റെ ഇടതു കൈയിൽ ബന്ധിച്ചു. കണ്ണു തുറന്ന ക്യുസെയ്ന്റെ വലതുകൈത്തണ്ടയിൽ വിലങ്ങിന്റെ മറുതല പെട്ടെന്ന് ലോക്ക് ചെയ്തു. ശേഷം ആ വൈദികനെ വലിച്ചെഴുന്നേൽപ്പിച്ച് അടുത്തു കണ്ട കസേരയിലേക്ക് തള്ളിയിട്ടു.

 

“എന്താണിതെല്ലാം?” ബാഗിന്റെ രഹസ്യ അറയിലെ സാധനങ്ങളെല്ലാം ബ്രോഡി പുറത്തെടുത്തിട്ടു. “മൂന്ന് കൈത്തോക്കുകൾ, ഒന്നിലേറെ പാസ്പോർട്ടുകൾ, നോട്ടുകെട്ടുകൾ വൈദികനാണത്രെ എന്താണിതിന്റെയൊക്കെ അർത്ഥം?”

 

“നിങ്ങളല്ലേ പോലീസുകാരൻ ഞാനല്ലല്ലോ” ക്യുസെയ്ൻ പറഞ്ഞു.

 

ബ്രോഡി അയാളുടെ തലയുടെ ഒരു വശത്ത് ആഞ്ഞൊരടി കൊടുത്തു. “മനുഷ്യാ, സൂക്ഷിച്ച് സംസാരിക്കണം നിങ്ങളെ മര്യാദ പഠിപ്പിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ

 

“അദ്ദേഹത്തെ ഉപദ്രവിക്കരുത്” വാതിൽക്കൽ നിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മോയ്റ മക്ഗ്രിഗോർ വിളിച്ചു പറഞ്ഞു.

 

പുച്ഛഭാവത്തിൽ ബ്രോഡി ഒന്ന് പുഞ്ചിരിച്ചു. “ഈ പെണ്ണുങ്ങളുടെ ഒരു കാര്യം അവിടെ ഹീറോ വേഷം കെട്ടിയതിന്റെ ആരാധനയായിരിക്കും ഇയാളോട് അല്ലേ?”

 

അയാൾ പുറത്തേക്ക് നടന്നു. “യഥാർത്ഥത്തിൽ നിങ്ങൾ ആരാണ്?” നിരാശ നിറഞ്ഞ സ്വരത്തിൽ അവൾ ക്യുസെയ്നോട് ചോദിച്ചു.

 

ക്യുസെയ്ൻ പുഞ്ചിരിച്ചു. “തൽക്കാലം അതോർത്ത് തല പുകയ്ക്കണ്ട ആ തടിയൻ തിരിച്ചു വരുന്നതിന് മുമ്പ് ഒരു സിഗരറ്റ് തരാൻ പറ്റുമോ?”

 

                    ***

 

അഞ്ച് വർഷം മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ലാക്ലൻ ബ്രോഡി പോലീസ് ഡിപ്പാർട്ട്മെന്റിലേക്ക് വരുന്നത്. പറയത്തക്ക അംഗീകാരങ്ങൾ ഒന്നും തന്നെയില്ലാത്ത ഇരുപത് വർഷങ്ങൾ. പരുക്കനും ക്രൂരനുമായ ഒരു മനുഷ്യൻ. യൂണിഫോമിന്റെ ബലത്തിൽ അയാൾ കുറേക്കൂടി മുരടനായി മാറി എന്നു പറയുന്നതായിരിക്കും ശരി. കത്തോലിക്കർക്കെതിരെ തന്റെ മതഭ്രാന്ത് പ്രകടിപ്പിക്കാനും അതയാൾ ഉപയോഗിച്ചു. സാധാരണഗതിയിൽ ഡംഫ്രീസിലെ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് ഇത്തരം വിവരങ്ങൾ അറിയിക്കേണ്ടത്. എന്നാൽ ഈ വൈദികന്റെ കാര്യത്തിൽ എന്തൊക്കെയോ ദൂരൂഹതകൾ ചുറ്റിപ്പറ്റി നിൽക്കുന്നതായി അയാളുടെ മനസ്സ് പറഞ്ഞു. അതുകൊണ്ടു തന്നെ, ഗ്ലാസ്ഗോ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് അയാൾ ഫോൺ ചെയ്തത്.

 

                                                        ***

 

ഹാരി ക്യുസെയ്നെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളും ഫോട്ടോയും ഗ്ലാസ്ഗോ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയിട്ട് ഒരു മണിക്കൂർ ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ലണ്ടനിലുള്ള ഗ്രൂപ്പ് ഫോറിൽ നിന്നും ലഭിച്ച ആ ഫയൽ പ്രിയോറിറ്റി വൺ ആയി അടയാളപ്പെടുത്തി മാറ്റി വയ്ക്കവെയാണ് ബ്രോഡിയുടെ ഫോൺ കോൾ വരുന്നത്. ഉടൻ തന്നെ ആ ഫോൺ കോൾ അവർ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തു. രണ്ടേ രണ്ട് മിനിറ്റിനുള്ളിൽ ചീഫ് ഇൻസ്പെക്ടർ ട്രെന്റ് ലൈനിൽ എത്തി.

 

“എന്താണുണ്ടായതെന്ന് പറയൂ” ട്രെന്റ് ബ്രോഡിയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും ട്രെന്റ് പറഞ്ഞു. “എനിക്കറിയില്ല, നിങ്ങൾക്ക് എത്ര സമയം ലഭിക്കുമെന്ന് ഒരു കാര്യം പറയാം, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് നിങ്ങളുടെ മുന്നിൽ വന്നെത്തിയിരിക്കുന്നത് ക്യുസെയ്ൻ എന്ന് പറയുന്ന ആ മനുഷ്യൻ IRA യുടെ ഒരു വമ്പൻ സ്രാവാണ് അയാൾ വന്ന ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ട്രെയിനിലേക്ക് മാറ്റുകയാണെന്നാണോ പറഞ്ഞത്?”

 

“അതെ സർ റോഡിൽ വെള്ളം ഉയർന്നിരിക്കുകയാണ് ഈ സ്റ്റേഷൻ വെറുമൊരു മിൽക്ക് സ്റ്റോപ്പ് മാത്രമാണ് എന്നിരുന്നാലും ഗ്ലാസ്ഗോ എക്സ്പ്രസ് ഇവിടെ നിർത്താനുള്ള ഏർപ്പാട് ചെയ്യുകയാണവർ

 

“എപ്പോഴാണ് ട്രെയിൻ അവിടെയെത്തുന്നത്?”

 

“ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ സർ

 

“ഗെറ്റ് ഓൺ ഇറ്റ്, ബ്രോഡീ അയാളെ നേരെ ഇങ്ങോട്ട് കൊണ്ടുവരൂ വീ വിൽ മീറ്റ് യൂ ഇൻ ഗ്ലാസ്ഗോ

 

ഫോൺ താഴെ വയ്ക്കുമ്പോൾ അത്യന്തം ആവേശത്തിലായിരുന്നു ബ്രോഡി. അയാൾ സിറ്റിങ്ങ് റൂമിലേക്ക് ചെന്നു.

 

                                                      ***

 

ഒരു കൈയാൽ ക്യുസെയ്ന്റെ ചുമലിൽ പിടിച്ച് മറുകൈയിൽ അയാളുടെ ബാഗുമായി ലാക്ലൻ ബ്രോഡി പ്ലാറ്റ്ഫോമിലൂടെ നടന്നു. കൈവിലങ്ങിനാൽ ഇരുകൈകളും ബന്ധിക്കപ്പെട്ട നിലയിൽ നീങ്ങുന്ന വൈദികനെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ജനം ഉദ്വേഗത്തോടെ വീക്ഷിച്ചു. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ഗാർഡ്സ് വാനിന് സമീപം അവരെത്തി.

 

“എന്താണ് സംഭവം?” തുറന്ന വാതിലിനരികെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ഗാർഡ് അവരെ കണ്ടതും ചോദിച്ചു.

 

“ഗ്ലാസ്ഗോയിലേക്കുള്ള സ്പെഷ്യൽ തടവുപുള്ളിയാണ്” ബ്രോഡി ക്യുസെയ്നെ ഉള്ളിലേക്ക് പിടിച്ചു തള്ളി. ഗാർഡ് വാനിന്റെ മൂലയിൽ ഏതാനും മെയിൽ ബാഗുകൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. അതിന് മുകളിലേക്ക് അയാളെ തള്ളിയിട്ടു കൊണ്ട് ബ്രോഡി പറഞ്ഞു. “നല്ല കുട്ടിയായി അനങ്ങാതെ അവിടെ കിടന്നോണം

 

പുറത്ത് ബഹളം കേട്ട് തിരിഞ്ഞു നോക്കിയ അവർ കണ്ടത് ഗാർഡ് വാനിന്റെ ഡോറിനരികിലേക്ക് ഓടിയെത്തിയ ഹാർഡിയെയാണ്. തൊട്ടു പിന്നിൽ മോയ്റ മക്ഗ്രിഗോറും ഉണ്ടായിരുന്നു. “വിവരം അറിഞ്ഞതും ഞാൻ ഓടി വരികയായിരുന്നു” ആ ഫോർമാൻ പറഞ്ഞു.

 

“നിങ്ങൾക്ക് ഇങ്ങോട്ട് പ്രവേശനമില്ല” ബ്രോഡി അയാളോട് പറഞ്ഞു.

 

ഹാർഡി അയാളെ അവഗണിച്ച് ഉള്ളിലേക്ക് കയറി. “നോക്കൂ, എന്താണ് താങ്കളുടെ പ്രശ്നമെന്ന് എനിക്കറിയില്ല എന്നെക്കൊണ്ട് എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം” അയാൾ ക്യുസെയ്നോട് പറഞ്ഞു.

 

പ്ലാറ്റ്ഫോമിൽ നിന്നിരുന്ന ഗാർഡ് വിസിൽ മുഴക്കി. “ആർക്കും ഒന്നും ചെയ്യാനാവില്ല” ക്യുസെയ്ൻ പറഞ്ഞു. “ടിസിനിയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”

 

“ഒരു കാലിൽ ഒടിവുണ്ടെന്ന് തോന്നുന്നു

 

“എന്തായാലും ഭാഗ്യം അയാളോടൊപ്പമുണ്ടെന്ന് പറഞ്ഞേക്കൂ

 

ചെറിയൊരു ഇളക്കത്തോടെ ട്രെയിൻ മുന്നോട്ട് നീങ്ങി. “സഹായത്തിനായി ഞാൻ വിളിച്ചില്ലായിരുന്നെങ്കിൽ താങ്കൾക്ക് ഈ ഗതി വരില്ലായിരുന്നു” ഹാർഡി പറഞ്ഞു.

 

ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ ഹാർഡി പ്ലാറ്റ്ഫോമിൽ നിൽക്കുന്ന മോയ്റയുടെ അരികിലേക്ക് ചെന്നു. ഗാർഡ് വണ്ടിയ്ക്കുള്ളിലേക്ക് ചാടിക്കയറി. “എന്നെക്കുറിച്ചോർത്ത് വിഷമിക്കണ്ട” ഹാർഡിയെ നോക്കി ക്യുസെയ്ൻ വിളിച്ചു പറഞ്ഞു.

 

ഹാർഡിയും ആ യുവതിയും ക്യുസെയ്ന്റെ കണ്മുന്നിൽ നിന്നും പിറകോട്ട് മറഞ്ഞു. വാനിന്റെ സ്ലൈഡിങ്ങ് ഡോർ ഗാർഡ് വലിച്ചടച്ചു. വേഗതയാർജ്ജിച്ച ട്രെയിൻ മുന്നോട്ട് കുതിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Wednesday, March 13, 2024

കൺഫെഷണൽ – 55

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാരി ക്യുസെയ്നെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്ലാനുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ശനിയാഴ്ച്ച കാന്റർബെറിയിൽ വച്ച് നടക്കാൻ പോകുന്ന ആ അന്ത്യരംഗം വ്യക്തമാണ്. അതിനിനി മൂന്ന് പകലുകളും മൂന്ന് രാത്രികളും മാത്രം. അതുവരെ എവിടെയെങ്കിലും ഒരു ഒളിത്താവളം കണ്ടെത്തേണ്ടിയിരിക്കുന്നു. ചോദിക്കുന്ന പണം നൽകിയാൽ സഹായിക്കാൻ തയ്യാറുള്ള ഒട്ടേറെ അധോലോക കുറ്റവാളികളെക്കുറിച്ച് ഡാനി മാലൺ സൂചിപ്പിച്ചിരുന്നു. ലണ്ടനിലും ലീഡ്സിലും മാഞ്ചസ്റ്ററിലും എല്ലാം എന്നാൽ ഗാലോവേയിലെ മൺ‌ഗോ സഹോദരന്മാരും അവരുടെ ഫാമും ആണ് ക്യുസെയ്നെ ആകർഷിച്ചത്. വിദൂരമായ ഇടം. തന്നെ തേടിക്കൊണ്ടിരിക്കുന്നവരുടെ ചിന്തയിൽ പോലും എത്തില്ല സ്കോട്ട്‌ലണ്ടിലെ ആ പ്രദേശം. ഗ്ലാസ്ഗോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സിന്റെ ഷട്ടിൽ സർവീസ് പിടിച്ചാൽ ഒന്നേകാൽ മണിക്കൂർ കൊണ്ട് ലണ്ടനിൽ എത്താനും സാധിക്കും. 

 

സമയം എങ്ങനെ ചെലവഴിക്കും എന്നത് മാത്രമാണ് ഒരേയൊരു പ്രശ്നം. അവസാന നിമിഷം മാത്രമേ കാന്റർബെറിയിൽ എത്തേണ്ട ആവശ്യമുള്ളൂ. ഒരു തരത്തിലുള്ള തയ്യാറെടുപ്പും നടത്താനില്ല. ആ ചിന്ത മോട്ടോർവേയിലൂടെ കാർലൈലിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബസ്സിൽ ഇരിക്കുന്ന ക്യുസെയ്നെ രസിപ്പിച്ചു. കാന്റർബെറി കത്തീഡ്രലിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അയാൾ ചിന്തിച്ചു നോക്കി. എല്ലാ പ്രവേശകവാടങ്ങളിലും സെക്യൂരിറ്റി ഗാർഡുമാർ സകലയിടത്തും വിന്യസിച്ചിരിക്കുന്ന പോലീസുകാർ ജനക്കൂട്ടത്തിനിടയിൽ വേഷം മാറി നടക്കുന്ന SAS ഉദ്യോഗസ്ഥന്മാർ പക്ഷേ, എല്ലാം വെറുതെയാണ് ഇത് ചെസ്സ് കളി പോലെയാണ് താൻ കണ്ട ഏറ്റവും മോശം കളിക്കാരനായ ഡെവ്‌ലിനോട് പറയാറുള്ളത് പോലെ, ഇപ്പോഴത്തെ നീക്കമല്ല കണക്കിലെടുക്കേണ്ടത് ഏറ്റവും ഒടുവിലത്തെ നീക്കം സ്റ്റേജിലെ മാന്ത്രികനെപ്പോലെ നമ്മൾ വിചാരിക്കും വലതുകൈ കൊണ്ട് അയാൾ ചെയ്യുന്നതാണ് കാണുന്നതെന്ന് പക്ഷേ, യഥാർത്ഥത്തിൽ നമ്മൾ കാണാതെ ഇടതുകൈ കൊണ്ട് അയാൾ ചെയ്യുന്ന പ്രവൃത്തിയാണ് ജാലവിദ്യയായി നമ്മുടെ മുന്നിലെത്തുന്നത്.

 

നല്ലൊരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ക്യുസെയ്ൻ കണ്ടത് റോഡിന്റെ ഇടതുവശത്ത് ഉച്ച തിരിഞ്ഞുള്ള വെയിലിൽ വെട്ടിത്തിളങ്ങുന്ന കടലിന്റെ ദൃശ്യമാണ്. മുൻസീറ്റിൽ ഇരിക്കുന്ന വൃദ്ധയോട് അല്പം മുന്നോട്ടാഞ്ഞ് അയാൾ ചോദിച്ചു. “ഇത് ഏതാണ് സ്ഥലം?”

 

“ആനൻ കഴിഞ്ഞതേയുള്ളൂ” ഗ്ലാസ്ഗോ ചുവയുള്ള ഇംഗ്ലീഷിൽ അവർ പറഞ്ഞു. “അടുത്തത് ഡംഫ്രീസ് ആണ് താങ്കളൊരു കാത്തലിക്ക് ആണോ?”

 

“അതെ” തെല്ല് കരുതലോടെ ക്യുസെയ്ൻ പറഞ്ഞു. സ്കോട്ടിഷ് താഴ്വാരങ്ങളിലുള്ളവർ പൊതുവേ പ്രൊട്ടസ്റ്റന്റുകളാണെന്നത് ഒരു വസ്തുതയാണ്.

 

“അത് നന്നായി ഞാനുമൊരു കാത്തലിക്ക് ആണ് ഫാദർ ഗ്ലാസ്ഗോ ഐറിഷ് വംശജ” അദ്ദേഹത്തിന്റെ കൈപ്പടത്തിൽ അവർ ചുംബിച്ചു. “എന്നെ അനുഗ്രഹിച്ചാലും ഫാദർ താങ്കൾ എന്റെ രാജ്യക്കാരനാണല്ലോ

 

“അതെ, തീർച്ചയായും

 

അവർ ഒരു ശല്യമായി മാറിയേക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു ക്യുസെയെന്. എന്നാൽ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ തല തിരിച്ച് തന്റെ സീറ്റിൽ സ്വന്തം ലോകത്തേക്ക് ഒതുങ്ങിക്കൂടി. ഇരുണ്ടുകൂടിയ ആകാശത്ത് നിന്നും മഴ ആർത്തലച്ചെത്തിയത് പെട്ടെന്നായിരുന്നു. ചക്രവാളത്തിൽ മിന്നൽപ്പിണരുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മൺസൂൺ കാലത്തെ ഓർമ്മിപ്പിക്കുന്ന ശക്തിയാർജ്ജിച്ച മഴത്തുള്ളികൾ ബസ്സിന്റെ മേൽക്കൂരയിൽ ചരൽ കണക്കെ വന്നു പതിച്ചുകൊണ്ടിരുന്നു. ഡംഫ്രീസിൽ രണ്ട് യാത്രക്കാരെ ഇറക്കിയതിനു ശേഷം മഴ മൂലം വിജനമായ തെരുവുകളിലൂടെ നീങ്ങി ബസ്സ് വീണ്ടും നഗരത്തിന് വെളിയിലേക്ക് കടന്നു.

 

ഇനി അധിക ദൂരമില്ല. ഡൺഹില്ലിൽ തനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്താൻ ഏറിയാൽ ഇനി പതിനഞ്ച് മൈൽ മാത്രം. സർവീസ് റോഡിലൂടെ തിരിഞ്ഞ് ഏതാനും മൈൽ പോയാൽ ലാർവിക്ക് എന്ന കുഗ്രമാമായി. അവിടെ നിന്നും ഒന്നോ രണ്ടോ മൈൽ അകലെ കുന്നിൻമുകളിലാണ് മൺഗോ സഹോദരന്മാരുടെ താവളം.

 

കുറച്ചു നേരമായി റേഡിയോ സെറ്റിലൂടെ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവർ അത് നിർത്തിയിട്ട് ബസ്സിന്റെ ലൗഡ് സ്പീക്കർ സിസ്റ്റം ഓൺ ചെയ്തു. “അറ്റൻഷൻ ലേഡീസ് & ജെന്റിൽമെൻ ഒരു പ്രശ്നമുണ്ട് കനത്ത മഴ മൂലം ഡൺഹിൽ എത്തുന്നതിന് തൊട്ടുമുമ്പായി റോഡിൽ വെള്ളം കയറിയിരിക്കുന്നു കുറേ വാഹനങ്ങൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്

 

ക്യുസെയ്ന് മുന്നിലെ സീറ്റിൽ ഇരുന്ന ആ വൃദ്ധ വിളിച്ചു ചോദിച്ചു. “ഞങ്ങൾ യാത്രക്കാർ എന്തു ചെയ്യണമെന്നാണ് പറഞ്ഞു വരുന്നത്? ഒരു രാത്രി മുഴുവൻ ഈ ബസ്സിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടേണ്ടി വരുമെന്നോ?”

 

“ഏതാനും നിമിഷങ്ങൾക്കകം നാം കോർബ്രിഡ്ജിൽ എത്തും അത്ര അറിയപ്പെടുന്ന സ്ഥലമൊന്നുമല്ല റെയിൽവേ ലൈനിൽ അവിടെയൊരു മിൽക്ക് സ്റ്റോപ്പ് ഉണ്ട് ഗ്ലാസ്ഗോയിലേക്കുള്ള അടുത്ത ട്രെയിൻ അവിടെ നിർത്താനുള്ള ഏർപ്പാട് ചെയ്യുന്നുണ്ടവർ

 

“പക്ഷേ, റെയിൽവേയിൽ ബസ്സിന്റെ മൂന്നിരട്ടിയാണ് യാത്രാക്കൂലി” ആ വൃദ്ധ വിളിച്ചു പറഞ്ഞു.

 

“അതോർത്ത് വിഷമിക്കണ്ട ടിക്കറ്റ് ചാർജ്ജ് കമ്പനിയാണ് കൊടുക്കുന്നത്” ഡ്രൈവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ആ ട്രെയിനിന് ഡൺഹില്ലിൽ സ്റ്റോപ്പുണ്ടോ?” ക്യുസെയ്ൻ ആരാഞ്ഞു.

 

“എന്ന് തോന്നുന്നു പക്ഷേ, എനിക്കുറപ്പില്ല നമുക്ക് ചോദിച്ചു നോക്കാം” ഡ്രൈവർ പറഞ്ഞു.

 

എന്തൊക്കെയുണ്ടെങ്കിലും ഭാഗ്യം എന്നൊന്ന് വേണം ഡാനി മാലൺ മുമ്പൊരിക്കൽ തന്നോട് പറഞ്ഞ വാക്കുകളാണ്. നാം എന്തൊക്കെ പ്ലാൻ ചെയ്താലും അപ്രതീക്ഷിതമായ എന്തെങ്കിലുമൊന്ന് സകലതും തകിടം മറിയ്ക്കും അതേക്കുറിച്ചോർത്ത് വെറുതെ സമയം കളഞ്ഞിട്ട് കാര്യമല്ല്ല പകരം മറ്റൊരു മാർഗ്ഗം കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്

 

കറുത്ത അക്ഷരങ്ങളിൽ കോർബ്രിഡ്ജ് എന്നെഴുതിയ ഒരു വെളുത്ത ബോർഡ് റോഡിന്റെ ഇടതുവശത്ത് പ്രത്യക്ഷപ്പെട്ടു. ഒപ്പം ഏതാനും ചില കെട്ടിടങ്ങളും മഴയുടെ തിരശ്ശീലയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് കാണാറായി. ഒരു ജനറൽ സ്റ്റോർ, ഒരു ന്യൂസ്പേപ്പർ സ്റ്റാൾ, ഒരു പബ്ബ് എന്നിവയും പിന്നെ എതിർവശത്ത് ഒരു ചെറിയ റെയിൽവേ സ്റ്റേഷനും. ഡ്രൈവർ ബസ്സ് അതിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തി.

 

“നിങ്ങൾ ഇവിടെയിരിക്കൂ ഞാൻ പോയി അന്വേഷിച്ചിട്ട് വരാം” ഡ്രൈവർ റെയിൽവേ സ്റ്റേഷന്റെയുള്ളിലേക്ക് കയറിപ്പോയി.

 

മഴ കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുകയാണ്. ആ പബ്ബിന്റെയും ജനറൽ സ്റ്റോറിന്റെയും ഇടയിൽ മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന തൂണുകളുള്ള ഒഴിഞ്ഞയിടം കാണാനുണ്ട്. അവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചു കളഞ്ഞതാണെന്ന് തോന്നുന്നു. ചെറിയൊരു ആൾക്കൂട്ടം അവിടെ കൂടി നിൽക്കുന്നുണ്ട്. അവരെ നോക്കിക്കൊണ്ട് നിസ്സംഗതയോടെ ക്യുസെയ്ൻ സിഗരറ്റ് പായ്ക്കറ്റിനായി തന്റെ പോക്കറ്റ് തപ്പി. എന്നാൽ അത് കാലിയായിരുന്നു. ഒന്ന് സംശയിച്ചിട്ട് അയാൾ തന്റെ ബാഗുമെടുത്ത് പുറത്തിറങ്ങി ആ ന്യൂസ്പേപ്പർ സ്റ്റാളിനടുത്തേക്ക് ഓടി. അതിന്റെ കവാടത്തിൽ നിന്നിരുന്ന യുവതിയോട് ക്യുസെയ്ൻ ഏതാനും പായ്ക്കറ്റ് സിഗരറ്റും ആ പ്രദേശത്തിന്റെ ഒരു ഓർഡിനൻസ് സർവേ മാപ്പ് ഉണ്ടെങ്കിൽ അതും ആവശ്യപ്പെട്ടു. അവരുടെ കൈവശം അത് ഉണ്ടായിരുന്നു.

 

“എന്താണിവിടെയൊരു ആൾക്കൂട്ടം?” അയാൾ ആരാഞ്ഞു.

“ഇവിടെയുണ്ടായിരുന്ന ഒരു പഴയ ധാന്യപ്പുര പൊളിക്കുന്ന ജോലിയിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി അവർ മഴ തുടങ്ങുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു താഴെയുള്ള അറയിൽ എന്തോ അപകടം പിണഞ്ഞു അതിന്റെ മേൽത്തട്ട് ഇടിഞ്ഞ് വീഴുകയോ മറ്റോ ചെയ്തുവെന്ന് തോന്നുന്നു

 

അല്പം പുറത്തേക്ക് ഇറങ്ങി നിന്ന് അവർ ഇരുവരും ആ ആൾക്കൂട്ടത്തിന്റെ പ്രവൃത്തി വീക്ഷിച്ചു. അപ്പോഴാണ് ദൂരെ നിന്നും ഒരു പോലീസ് കാർ വന്ന് അവിടെ ബ്രേക്ക് ചെയ്തത്. സെർജന്റ് സ്ട്രൈപ്പ് ഉള്ള നേവി ബ്ലൂ യൂണിഫോം ധരിച്ച ആജാനുബാഹുവായ ഒരു പോലീസുകാരൻ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങി. ആൾക്കൂട്ടത്തെ തള്ളിമാറ്റി അയാൾ അപകടം നടന്നയിടത്തേക്ക് അപ്രത്യക്ഷനായി.

 

“പോലീസെത്തി” ആ യുവതി പറഞ്ഞു.

 

“അയാൾ ഇവിടെ അടുത്തുള്ളയാളല്ലേ?” ക്യുസെയ്ൻ ചോദിച്ചു.

 

“കോർബ്രിഡ്ജിൽ പോലീസ് സ്റ്റേഷൻ ഇല്ല ഡൺഹില്ലിൽ നിന്നാണ് അയാൾ വരുന്നത് സെർജന്റ് ബ്രോഡി ലാക്ലൻ ബ്രോഡി” അവളുടെ സ്വരത്തിൽ നീരസം കലർന്നിരുന്നു.

 

“അത്ര നല്ല അഭിപ്രായമല്ലെന്ന് തോന്നുന്നു അയാളെക്കുറിച്ച്?”

 

“നിസ്സാര കാര്യങ്ങൾക്ക് പോലും ആളുകളെ പിടികൂടി മർദ്ദിക്കുന്നവൻ മൂന്ന് പേർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടാൽ മതി, അയാളുടെ ഉരുക്കുമുഷ്ടി പതിയാൻ അയാളുടെ ശരീരം കണ്ടില്ലേ കരിങ്കല്ല് പോലെ എന്തായാലും താങ്കളൊരു കാത്തലിക്ക് ഒന്നുമല്ലല്ലോ?”

 

“അതെന്താ? ഞാനൊരു കാത്തലിക്ക് ആണല്ലോ

 

“ലാക്ലനെ സംബന്ധിച്ചിടത്തോളം കാത്തലിക്ക് എന്നാൽ അന്തിക്രിസ്തു ആണ് സംഗീതം ഒരു പാപമാണെന്ന് വിശ്വസിക്കുന്നവൻ മാത്രമല്ല ഒരു ഉപദേശിയുമാണ്

 

ഓറഞ്ച് നിറമുള്ള സേഫ്റ്റി ജാക്കറ്റും ഹെൽമറ്റും ധരിച്ച ഒരാൾ ആ ആൾക്കൂട്ടത്തിനുള്ളിൽ നിന്നും പുറത്ത് വന്നു. അയാളുടെ മുഖത്ത് ചെളി പുരണ്ടിരുന്നു. ചുമരിൽ ചാരി നിന്നുകൊണ്ട് അയാൾ പറഞ്ഞു. “ചെളിക്കുഴിയാണവിടെ

 

“അത്രയ്ക്കും മോശമാണോ?” യുവതി ചോദിച്ചു.

 

“എന്റെ സംഘത്തിലെ ഒരാൾ അവിടെ കുടുങ്ങിക്കിടക്കുകയാണ് ഒരു ചുമരിടിഞ്ഞു വീണു അയാളെ പുറത്തെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഞങ്ങൾപക്ഷേ, നിന്ന് ജോലി ചെയ്യാനുള്ള സ്ഥലമില്ല അവിടെ മാത്രവുമല്ല, വെള്ളം ഉയരുകയുമാണ്” ക്യുസെയ്നെ കണ്ടതും പുരികം ചുളിച്ച് അയാൾ ചോദിച്ചു. “കാത്തലിക്ക് ആണോ താങ്കൾ?”

 

“അതെ

 

അയാൾ ക്യുസെയ്ന്റെ കരം കവർന്നു. “എന്റെ പേര് ഹാർഡി ഫോർമാനാണ് അവിടെ കുടുങ്ങിക്കിടക്കുന്നത് എന്നെപ്പോലെ ഗ്ലാസ്ഗോയിൽ നിന്നുള്ളയാളാണ് പക്ഷേ, ഇറ്റാലിയൻ പൗരൻ ജിനോ ടിസിനി രക്ഷപെടാൻ സാദ്ധ്യതയില്ല എന്നാണ് അയാൾ കരുതിയിരിക്കുന്നത് പറ്റുമെങ്കിൽ ഒരു വൈദികനെ കൊണ്ടുവരാമോ എന്ന് അയാൾ യാചിച്ചു താങ്കൾക്കൊന്ന് വരാമോ ഫാദർ?”

 

“തീർച്ചയായും” ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞിട്ട് ക്യുസെയ്ൻ തന്റെ ബാഗ് ആ യുവതിയുടെ കൈയിൽ കൊടുത്തു. “ഈ ബാഗൊന്ന് സൂക്ഷിക്കുമോ?”

 

“തീർച്ചായായും ഫാദർ

 

അപകടം നടന്നയിടത്തേക്ക് നീങ്ങിയ ഹാർഡിയെ ആൾക്കൂട്ടത്തിനിടയിലൂടെ ക്യുസെയ്ൻ അനുഗമിച്ചു. വളരെ ഇടുങ്ങിയ ഒരു വിടവിലൂടെയാണ് താഴത്തെ അറയിലിലേക്ക് ഇറങ്ങുവാനുള്ള പടവുകൾ ഉണ്ടായിരുന്നത്. അതിന് ചുറ്റും കൂടിയ ആൾക്കാരെ തടഞ്ഞു നിർത്തിക്കൊണ്ട് പോലീസ് സെർജന്റ് ബ്രോഡി നിൽക്കുന്നുണ്ട്. താഴേക്ക് ഇറങ്ങുന്ന ഹാർഡിയെ അനുഗമിച്ച ക്യുസെയ്ന്റെ കൈയിൽ അയാൾ കയറിപ്പിടിച്ചു. “നിങ്ങളെങ്ങോട്ടാണീ പോകുന്നത്?”

 

“അദ്ദേഹം വന്നോട്ടെ” താഴെ നിന്നും ഹാർഡി വിളിച്ചു പറഞ്ഞു. “അദ്ദേഹമൊരു വൈദികനാണ്

 

ബ്രോഡിയുടെ കണ്ണുകളിൽ ശത്രുതയുടെ തീക്കനലുകൾ തെളിഞ്ഞത് പെട്ടെന്നായിരുന്നു. ബെൽഫാസ്റ്റിലെ തെരുവുകളിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് ആ മുഖം കണ്ടപ്പോൾ ക്യുസെയ്ന് ഓർമ്മ വന്നത്.

 

“നിങ്ങളെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ” ബ്രോഡി പറഞ്ഞു.

 

“എന്റെ പേര് ഫാളൻ ഗ്ലാസ്ഗോയിലേക്കുള്ള ബസ്സിലെ യാത്രക്കാരനാണ്” ശാന്തസ്വരത്തിൽ ക്യുസെയ്ൻ പറഞ്ഞു.

 

തന്റെ കൈത്തണ്ടയിൽ മുറുകിയ ബ്രോഡിയുടെ കരം ബലമായി പിടിച്ചു മാറ്റി അയാളെ ഒരു വശത്തേക്ക് തള്ളി മാറ്റിയിട്ട് ക്യുസെയ്ൻ താഴേക്കിറങ്ങി. ആ കൈകളുടെ ശക്തി അറിഞ്ഞ ബ്രോഡി തെല്ല് അമ്പരക്കാതിരുന്നില്ല. മുട്ടറ്റം വെള്ളത്തിൽ ഇറങ്ങിയ ക്യുസെയ്ൻ തകർന്ന് വീണു കിടക്കുന്ന മേൽത്തട്ടിനടിയിലൂടെ കുനിഞ്ഞു കൊണ്ട് ഹാർഡിയുടെ പിന്നാലെ നീങ്ങി. അതൊരു ഇടനാഴി ആയിരുന്നുവെന്ന് തോന്നുന്നു. അവിടെ വീണു കിടക്കുന്ന പലകകളുടെയും ഇഷ്ടികകളുടെയും ദൃശ്യം അവിടെ ഘടിപ്പിച്ച എക്സ്റ്റൻഷൻ ലാമ്പിന്റെ പരിമിതമായ വെട്ടത്തിൽ കാണാമായിരുന്നു. അവിടെയുള്ള ഇടുങ്ങിയ കവാടത്തിന് സമീപം അവർ എത്തി. ശരീരമാസകലം ചെളി പുരണ്ട് നനഞ്ഞ് കുതിർന്ന രണ്ട് പേർ അതിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു. വല്ലാതെ ക്ഷീണിതരായിരുന്നു അവർ.

 

“വളരെ മോശമാണ് സ്ഥിതി” അതിലൊരുവൻ പറഞ്ഞു. “ഏതാനും നിമിഷങ്ങൾക്കകം അയാളുടെ തലയും വെള്ളത്തിനടിയിലാകും

 

അവരോടൊപ്പം ഹാർഡി ആ ഇടുങ്ങിയ കവാടത്തിനുള്ളിലേക്ക് കടന്നു. തൊട്ടു പിന്നാലെ ക്യുസെയ്നും. സാവധാനം മുന്നോട്ട് നീങ്ങവെ ജിനോ ടിസിനിയുടെ വെളുത്ത മുഖം ഇരുട്ടിൽ നിന്നും തെളിഞ്ഞു വന്നു. ചെറുതായൊന്ന് അടി തെറ്റിയ ക്യുസെയ്ൻ അരികിൽ കണ്ട പലകയിൽ കയറിപ്പിടിച്ചു. അതോടെ ആ പലകയോടൊപ്പം ഏതാനും ഇഷ്ടികകളും താഴേക്ക് അടർന്നു വീണു.

 

“സൂക്ഷിച്ച്!” ഹാർഡി പറഞ്ഞു. “എല്ലാം കൂടി ഒരു ചീട്ടുകൊട്ടാരം പോലെ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാം

 

പുറമെ നിന്നും ഒഴുകെയെത്തുന്ന വെള്ളത്തിന്റെ ശബ്ദം ഇടതടവില്ലാതെ കേൾക്കാം. ടിസിനി ദയനീയമായ ഒരു പുഞ്ചിരി മുഖത്ത് വരുത്തി. “എന്റെ കുമ്പസാരം കേൾക്കാൻ അരികിൽ വരാമോ ഫാദർ? ഒരു വർഷമെടുത്തേക്കും അത് തീരാൻ

 

“തൽക്കാലം അത്രയും സമയമൊന്നുമില്ല നമ്മുടെ പക്കൽ നിങ്ങളെ പുറത്ത് എത്തിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ” ക്യുസെയ്ൻ പറഞ്ഞു.

 

പെട്ടെന്നാണ് കുറെയധികം വെള്ളം ഒരുമിച്ചൊഴുകിയെത്തിയത്. ടിസിനിയുടെ മുഖത്ത് കൂടി അത് കുത്തിയൊലിച്ച് കടന്നു പോയി. പരിഭ്രാന്തനായ അയാളുടെ അരികിലേക്ക് ചെന്ന ക്യുസെയ്ൻ വെള്ളത്തിന്റെ ഒഴുക്കിനെ തടയും വിധം നിലയുറപ്പിച്ചിട്ട് അയാളുടെ തല വെള്ളത്തിന് മുകളിൽ വരും പോലെ താങ്ങിപ്പിടിച്ചു.

 

ഹാർഡി വെള്ളത്തിനടിയിൽ മൊത്തത്തിൽ ഒന്ന് പരതി. “ഇവിടെ അടിഭാഗം ഇളകിയിട്ടുണ്ട്” അയാൾ പറഞ്ഞു. “അതുകൊണ്ട് വെള്ളം താഴേയ്ക്ക് പോകുന്നുണ്ട് ഒരു ബീമിനടിയിൽ കാൽ കുടുങ്ങിയതാണ് പ്രശ്നം ആ ബീമിന്റെ അറ്റം ചുമരിനുള്ളിലാണ് എന്തെങ്കിലും ബലപ്രയോഗം നാം നടത്തിയാൽ എല്ലാം കൂടി ഇടിഞ്ഞു വീഴും

 

“ബലപ്രയോഗം നടത്തിയില്ലെങ്കിലോ? ഏതാനും നിമിഷങ്ങൾക്കകം ഇയാൾ മുങ്ങി മരിക്കും” ക്യുസെയ്ൻ പറഞ്ഞു. 

 

“പക്ഷേ, ഇടിഞ്ഞു വീഴുകയാണെങ്കിൽ താങ്കളുടെ ജീവനും അപകടത്തിലാവും ഫാദർ

 

“എന്റെ മാത്രമല്ല, നിങ്ങളുടെയും” ക്യുസെയ്ൻ പറഞ്ഞു. “സോ, ഗെറ്റ് ഓൺ വിത്ത് ഇറ്റ്

 

“ഫാദർ!” ടിസിനി നിലവിളിച്ചു. “ദൈവത്തെയോർത്ത്, എനിയ്ക്ക് പാപമോചനം തരൂ

 

ഉറച്ചതും വ്യക്തവുമായ സ്വരത്തിൽ ക്യുസെയ്ൻ ചൊല്ലുവാനാരംഭിച്ചു. “മേ അവർ ലോർഡ് ജീസസ് ക്രൈസ്റ്റ് അബ്സോ‌ൾവ് യൂ ആന്റ് ഐ, ബൈ ഹിസ് അതോറിറ്റി, അബ്സോ‌ൾവ് യൂ ഫ്രം യുവർ സിൻസ് ഇൻ ദ് നെയിം ഓഫ് ദ് ഫാദർ ആന്റ് ദ് സൺ ആന്റ് ഓഫ് ദ് ഹോളി സ്പിരിറ്റ്”അയാൾ ഹാർഡിയുടെ നേർക്ക് നോക്കി. “ഇനി ഒന്ന് ശ്രമിച്ചു നോക്കൂ

 

ആ ഫോർമാൻ ദീർഘമായി ഒന്ന് ശ്വാസമെടുത്തിട്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി. എന്നിട്ട് സകല ശക്തിയുമെടുത്ത് ആ ബീമിന്റെ അറ്റം പിടിച്ചുയർത്തി. തന്റെ ചുമലിൽ നിന്നും കൈകൾ പറിഞ്ഞു പോരുമോ എന്ന് പോലും അയാൾക്ക് തോന്നി. അടുത്ത നിമിഷം ആ ബീമുമായി അയാൾ വെള്ളത്തിന് മുകളിലെത്തി. ഒരു അലർച്ചയോടെ ടിസിനി വെള്ളത്തിനടിയിൽ നിന്നും ക്യുസെയ്ന്റെ കൈകളിലേക്ക് പൊന്തി വന്നു. അപ്പോഴേക്കും ചുമർ ഇടിയാനുള്ള ലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു. ഒട്ടും സമയം കളയാതെ ഹാർഡി അയാളെ ആ ഇടുങ്ങിയ കവാടത്തിനരികിലേക്ക് വലിച്ചുകൊണ്ടുപോയി. ക്യുസെയ്ൻ പിന്നിൽ നിന്ന് തള്ളിക്കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവർക്ക് ചുറ്റും ചുമർ ഇടിഞ്ഞു വീഴുവാൻ തുടങ്ങിയത്. ഒരു കൈയാൽ തന്റെ തലയ്ക്കും ചുമലിനും കവചം തീർത്തുകൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. അപ്പോഴേക്കും അവർ മുകളിലേക്കുള്ള പടവുകളിൽ എത്തി. മുകളിൽ നിന്നും ഏതാനും കൈകൾ സഹായത്തിനായി അവർക്ക് നേരെ നീണ്ടു വന്നു. അപ്രതീക്ഷിതമായാണ് അടർന്നു വീണ ഒരു ഇഷ്ടിക ക്യുസെയ്ന്റെ തലയിൽ പതിച്ചത്. പടികൾ ചവിട്ടി മുകളിലേക്ക് കയറുവാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ അയാൾ മുട്ടുകുത്തി വീണുപോയി. പിന്നൊന്നും കാണാനുണ്ടായിരുന്നില്ല. അന്ധകാരം മാത്രം...

 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, March 6, 2024

കൺഫെഷണൽ – 54

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അന്നേ ദിവസം ഉച്ച തിരിഞ്ഞ്, തന്റെ ബെഡ്റൂമിനോട് തൊട്ടു ചേർന്ന ചെറിയ ഓഫീസിൽ അല്പം മുമ്പ് ലഭിച്ച റിപ്പോർട്ട് സശ്രദ്ധം വായിച്ചുകൊണ്ടിരിക്കുകയാണ് പോപ്പ് ജോൺ പോൾ രണ്ടാമൻ. ലളിതമായ ഒരു കറുത്ത ളോഹ ധരിച്ച് അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടാൽ ഒരു സാധാരണ വൈദികനാണെന്നേ ആർക്കും തോന്നൂ. എന്നാൽ അദ്ദേഹമായിരുന്നു സൊസൈറ്റി ഓഫ് ജീസസിന്റെ ഫാദർ ജനറൽ. കത്തോലിക്കാ സഭയുടെ തലപ്പത്തെ രണ്ടാമൻ. ക്രിസ്തുവിന്റെ പടയാളികൾ എന്നറിയപ്പെടുന്നതിൽ ജെസ്യൂട്ടുകൾക്ക് അഭിമാനമേയുള്ളൂ. നൂറ്റാണ്ടുകളായി പോപ്പിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത് ജെസ്യൂട്ടുകളാണ്. അതുകൊണ്ട് തന്നെയാണ് പോപ്പിനെ മുഖം കാണിക്കുവാൻ ഫാദർ ജനറൽ തന്റെ ഓഫീസിൽ നിന്നും തിരക്കിട്ടെത്തിയത്.

 

റിപ്പോർട്ട് മേശപ്പുറത്ത് വച്ചിട്ട് പോപ്പ് മുഖമുയർത്തി. പോളിഷ് ചുവയോടെയാണെങ്കിലും അദ്ദേഹം ഇറ്റാലിയൻ ഭാഷ ഭംഗിയായി സംസാരിക്കുമായിരുന്നു. “എപ്പോഴാണിത് ലഭിച്ചത്?”

 

“ഡബ്ലിനിലെ സെക്രട്ടേറിയറ്റിൽ നിന്നുമുള്ള ആദ്യ റിപ്പോർട്ട് എത്തിയത് മൂന്നു മണിക്കൂർ മുമ്പാണ് അത് കഴിഞ്ഞ് അല്പസമയത്തിനുള്ളിൽത്തന്നെ ലണ്ടനിൽ നിന്നുള്ള വാർത്തയും ബ്രിട്ടീഷ് ഹോം സെക്രട്ടറിയുമായി ഞാൻ സംസാരിച്ചിരുന്നു താങ്കളുടെ സുരക്ഷയെക്കുറിച്ച് നൂറു ശതമാനം ഉറപ്പ് തന്നിട്ടുണ്ട് അവർ ആ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ബ്രിഗേഡിയർ ഫെർഗൂസൺ ആണ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തിരിക്കുന്നത്

 

“പിന്നെന്തിനാണ് നിങ്ങൾ ഇത്ര പരിഭ്രാന്തനാകുന്നത്?”

 

“ഒറ്റയാനായ ഒരു ഘാതകനെ തടയുക എന്നത് അസാദ്ധ്യം എന്ന് തന്നെ പറയേണ്ടി വരും പ്രത്യേകിച്ചും സ്വന്തം ജീവന് വില കൽപ്പിക്കാത്തവനാകുമ്പോൾ ക്യുസെയ്ൻ എന്ന ഈ മനുഷ്യന്റെ ചരിത്രം നോക്കിയാൽ പലവട്ടം അയാളത് തെളിയിച്ചിട്ടുള്ളതുമാണ്

 

“ഫാദർ ക്യുസെയ്ൻ” പോപ്പ് എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. “ഘാതകൻ ആയിരുന്നിരിക്കാം ഒരു പക്ഷേ, ഇപ്പോഴും ആയിരിക്കാം എങ്കിലും അയാളൊരു വൈദികൻ കൂടിയാണ് സുഹൃത്തേ അത് മറക്കാൻ ദൈവം അയാളെ അനുവദിക്കില്ല

 

ഫാദർ ജനറൽ തന്റെ മുന്നിൽ നിൽക്കുന്ന പോപ്പിന്റെ പരുപരുത്ത മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആയിരക്കണക്കിന് സാധാരണ തൊഴിലാളികളിൽ ഒരുവന്റെ മുഖവുമായി യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല അതിന്. തികഞ്ഞ ലാളിത്യവും നിശ്ചയദാർഢ്യവും ആ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. ഇതിന് മുമ്പും പലവട്ടം സംഭവിച്ചിട്ടുള്ളത് പോലെ ഫാദർ ജനറൽ എന്ന പദവിയുടെ അധികാരങ്ങൾ അദ്ദേഹത്തിന് മുന്നിൽ അലിഞ്ഞു പോകുന്നത് പോലെ തോന്നി.

 

“അപ്പോൾ പരിശുദ്ധ പിതാവ് ഇംഗ്ലണ്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചുവോ?”

 

“കാന്റർബെറിയിലേക്ക് സുഹൃത്തേ അനുഗൃഹീതനായ തോമസ് ബെക്കെറ്റ് ജീവൻ വെടിഞ്ഞ ആ മണ്ണിലേക്ക്

 

അദ്ദേഹത്തിനരികിലെത്തിയ ഫാദർ ജനറൽ, പോപ്പ് നീട്ടിയ കൈവിരലിലെ മോതിരത്തിൽ മുത്തമിട്ടു. “എങ്കിൽ എന്നെ പോകാൻ അനുവദിക്കണം ധാരാളം ജോലികളുണ്ട് അതിന് മുന്നോടിയായി ചെയ്തു തീർക്കുവാൻ

 

അയാൾ പുറത്തേക്ക് നടന്നു. കുറച്ചു നേരം ജാലകത്തിനരികിൽത്തന്നെ നിന്ന ജോൺ പോൾ മാർപ്പാപ്പ പിന്നെ തിരിഞ്ഞ് ആ ചെറിയ വാതിൽ തുറന്ന് തന്റെ സ്വകാര്യ ചാപ്പലിനുള്ളിലേക്ക് കയറി. കൈപ്പടങ്ങൾ ചേർത്തു പിടിച്ച് അൾത്താരയിൽ മുട്ടു കുത്തി നിൽക്കവേ അദ്ദേഹത്തിന്റെയുള്ളിൽ ചെറിയൊരു ഭീതി കടന്നു കൂടിയിരുന്നു. ഒരു ഘാതകന്റെ വെടിയുണ്ടയേറ്റ് മരണത്തിന്റെ തൊട്ടരികിൽ വരെ എത്തിയതിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തി. മാസങ്ങളോളമാണ് അതിന്റെ വേദന താൻ അനുഭവിച്ചത്. എന്നാൽ പെട്ടെന്ന് തന്നെ ആ ചിന്തകളെയെല്ലാം ആട്ടിപ്പായിച്ച് അതിലും പ്രാധാന്യമുള്ള കാര്യത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാർത്ഥനയിൽ ഫാദർ ഹാരി ക്യുസെയ്ന്റെ ആത്മാവിനു വേണ്ടി അയാളെപ്പോലെ തങ്ങളുടെ ദുഷ്ചെയ്തികളാൽ ദൈവത്തിന്റെ അളവറ്റ സ്നേഹവും അനുഗ്രഹവും അന്യമായിപ്പോയ സകല പാപികളുടെയും അനശ്വരമായ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ

 

                                                       ***

 

ഫോൺ ക്രാഡിലിൽ വച്ചിട്ട് ഫെർഗൂസൺ ഡെവ്‌ലിന്റെയും ഫോക്സിന്റെയും നേർക്ക് തിരിഞ്ഞു. “ഡയറക്ടർ ജനറൽ ആയിരുന്നു ഫോണിൽ ക്യുസെയ്നെക്കുറിച്ചുള്ള സകല വിവരങ്ങളും പോപ്പിനെ ധരിപ്പിച്ചിട്ടുണ്ട് അയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചും പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ തയ്യാറല്ലത്രെ

 

“വെൽ, അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നും മാറിയെങ്കിലേ അത്ഭുതമുള്ളൂ” ഡെവ്‌ലിൻ പറഞ്ഞു. “പോളണ്ടിൽ ഒളിവിലിരുന്നു കൊണ്ട് വർഷങ്ങളോളം നാസികൾക്കെതിരെ പ്രവർത്തിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്നോർക്കണം

 

“ഓൾറൈറ്റ്” ഫെർഗൂസൺ പറഞ്ഞു. “എന്തായാലും നിങ്ങൾ എല്ലാവിധ തയ്യാറെടുപ്പുകളും എടുക്കുന്നത് നന്നായിരിക്കും ഇദ്ദേഹത്തെ ഡയറക്ടറേറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകൂ ഹാരീ എന്നിട്ട് ഒരു Grade A സെക്യൂരിറ്റി പാസ് അറേഞ്ച് ചെയ്യണം” അദ്ദേഹം ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ ഫോട്ടോ പതിച്ച ഒരു സാധാരണ പ്ലാസ്റ്റിക്ക് കാർഡല്ല വളരെ കുറച്ചു പേർക്ക് മാത്രമേ ഈ പാസ് നൽകാറുള്ളൂ എവിടെയും കയറിച്ചെല്ലാൻ അധികാരമുള്ള പാസ്

 

അദ്ദേഹം തന്റെ ഡെസ്കിനരികിലേക്ക് നീങ്ങവെ ഡെവ്‌ലിൻ ചോദിച്ചു. “ഒരു പിസ്റ്റൾ കൈവശം വയ്ക്കാനുള്ള അധികാരം നൽകുമോ ആ പാസ് എനിയ്ക്ക്? വാൾട്ടർ PPK ആണെങ്കിൽ നന്നായേനെ

 

“ഞങ്ങളുടെ ആൾക്കാർ ഒട്ടും താല്പര്യപ്പെടുന്ന ഒന്നല്ല വാൾട്ടർ PPK ആൻ രാജകുമാരിയ്ക്ക് നേരെ വധശ്രമമുണ്ടായ സമയത്ത് അവരുടെ ബോഡിഗാർഡിന്റെ കൈവശമുണ്ടായിരുന്ന വാൾട്ടർ PPK ജാം ആയി പ്രവർത്തന രഹിതമായിപ്പോയത്രെ റിവോവൾവർ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല ടേക്ക് മൈ അഡ്‌വൈസ്

 

അദ്ദേഹം ചില പേപ്പറുകൾ കൈയിലെടുത്തു. പിന്നെ എല്ലാവരും കൂടി സ്റ്റഡീറൂമിലേക്ക് ചെന്ന് തങ്ങളുടെ കോട്ടുകൾ എടുത്തു. “അങ്ങനെയൊക്കെയാണെങ്കിലും എനിക്കിഷ്ടം വാൾട്ടർ തന്നെ” ഡെവ്‌ലിൻ പറഞ്ഞു.

 

“ഒരേയൊരു പ്രാർത്ഥന മാത്രം” ഫോക്സ് പറഞ്ഞു. “ആവശ്യസമയത്ത് അത് ജാം ആകാതിരിക്കട്ടെ പ്രത്യേകിച്ചും നിങ്ങൾ നേരിടാൻ പോകുന്നത് ഹാരി ക്യുസെയ്നെ ആയ സ്ഥിതിയ്ക്ക്” വാതിൽ തുറന്ന് പുറത്തിറങ്ങി അവർ ലിഫ്റ്റിന് നേർക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...