ആറു മണിയായിരിക്കുന്നു.
പെയ്യാൻ വിങ്ങി നിൽക്കുന്ന വാനം. ആകെപ്പാടെ ഒരു നരച്ച പ്രഭാതം. ഹൈഗേറ്റിലെ സെന്റ് ജോസഫ്
കാത്തലിക്ക് സെമിത്തേരിയുടെ കവാടത്തിലൂടെ സൂസൻ കാൾഡർ തന്റെ കാർ ഉള്ളിലേക്കെടുത്തു.
വളരെ ശോചനീയമായിരുന്നു ആ സെമിത്തേരിയുടെ അവസ്ഥ. ഗോഥിക് ശൈലിയിലുള്ള ധാരാളം സ്മാരകശിലകൾ
ആ സെമിത്തേരിയുടെ പൂർവ്വകാല പ്രതാപം വെളിവാക്കുന്നുവെങ്കിലും അനാസ്ഥയുടെ പ്രതീകമെന്നോണം
കാടുപിടിച്ച് പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ.
യൂണിഫോമിൽ ആയിരുന്നില്ല
അവൾ. നീലനിറത്തിലുള്ള കോട്ടും ലെതർ ബൂട്ട്സും കടുംനിറത്തിലുള്ള ഒരു സ്കാർഫുമാണ് അവളുടെ
വേഷം. സൂപ്രണ്ടിന്റെ ലോഡ്ജിന് സമീപം കാർ നിർത്തിയ അവൾ കണ്ടത് ഒരു ടാക്സിയുടെ സമീപം
നിൽക്കുന്ന ഡെവ്‌ലിനെയാണ്. പതിവ് വേഷമായ ബർബെറി ട്രെഞ്ച്കോട്ടും കറുത്ത ഫെൽറ്റ് ഹാറ്റുമാണ്
അദ്ദേഹം ധരിച്ചിരുന്നത്. വെടിയേറ്റ വലതുകൈയിൽ സ്ലിങ്ങ് ഇട്ടിരിക്കുന്നു. കാറിൽ നിന്നും
പുറത്തിറങ്ങിയ അവളുടെ അടുത്തേക്ക് അദ്ദേഹം നടന്നെത്തി.
“സോറി, ട്രാഫിക്കിൽ പെട്ട്
അല്പം വൈകി…” അവൾ പറഞ്ഞു. “ചടങ്ങുകൾ ആരംഭിച്ചുവോ…?”
“യെസ്…” അദ്ദേഹം പുഞ്ചിരിച്ചു. “ഒരു പക്ഷേ, ഹാരി ഇതിനെ അഭിനന്ദിച്ചേനെ… ഒരു രണ്ടാംകിട ചലച്ചിത്രത്തിലെന്ന പോലെ… ഇപ്പോഴിതാ മഴയും കൂടി ആയപ്പോൾ എല്ലാം ഒത്തു…” പൊടുന്നനെ കോരിച്ചൊരിയാൻ തുടങ്ങിയ മഴയെ നോക്കി അദ്ദേഹം പറഞ്ഞു.
ടാക്സി ഡ്രൈവറോട് വെയ്റ്റ്
ചെയ്യുവാൻ പറഞ്ഞിട്ട് സ്മാരകശിലകൾക്കിടയിലെ പാതയിലൂടെ അവളെയും കൂട്ടി അദ്ദേഹം മുന്നോട്ട്
നടന്നു. “അത്ര നല്ല സെമിത്തേരി എന്ന് പറയാനാവില്ല…” അവൾ അഭിപ്രായപ്പെട്ടു.
“പബ്ലിസിറ്റി കൊടുക്കാതെ
ദൂരെയെവിടെയെങ്കിലും അടക്കുവാനാണ് അവർ തീരുമാനിച്ചത്…” ഇടതുകൈ കൊണ്ട് ഒരു സിഗരറ്റെടുത്ത് അദ്ദേഹം തീ കൊളുത്തി. “ഫെർഗൂസനും
ആഭ്യന്തര വകുപ്പിലെ ഉന്നതരും നിങ്ങൾക്ക് ഒരു ഗാലൻട്രി അവാർഡ് നൽകുന്നതിനെക്കുറിച്ച്
ചർച്ച നടത്തിയിരുന്നു…”
“മെഡൽ ആയിരിക്കും…?” അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട അനിഷ്ടം തികച്ചും യഥാർത്ഥമായിരുന്നു.
“അത് അവർ തന്നെ കൈയിൽ വച്ചോട്ടെ… പോപ്പിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ
എന്റെ മനസ്സിൽ… അതിനർത്ഥം അയാളെ കൊല്ലുവാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നുവെന്നല്ല…”
“എന്തായാലും അവാർഡൊന്നും
നൽകേണ്ടതില്ല എന്നതാണ് അവരുടെ അന്തിമ തീരുമാനം. പൊതുസമൂഹത്തിൽ ഈ സംഭവം ഒരു ചർച്ചാവിഷയമാകും
എന്നത് തന്നെ കാരണം. പലയിടത്തും വിശദീകരണങ്ങൾ നൽകേണ്ടി വരും. തൃപ്തികരമായ ഒരു വിശദീകരണം
അവരുടെ പക്കൽ ഇല്ല താനും… കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും
KGB യുടെ മേൽ ആരോപിക്കപ്പെടുകയും ചെയ്യുമായിരുന്നു…”
ഹാരി ക്യുസെയ്ന് വേണ്ടി
തയ്യാറാക്കിയ കുഴിയുടെ അല്പമകലെ ഒരു മരത്തിന് ചുവട്ടിൽ അവർ നടത്തം നിർത്തി. രണ്ട് കുഴിവെട്ടികളും
ഒരു വൈദികനും കറുത്ത കോട്ട് ധരിച്ച ഒരു സ്ത്രീയും പിന്നെ ഒരു പെൺകുട്ടിയും ആ കുഴിയുടെ
സമീപം നിൽക്കുന്നുണ്ടായിരുന്നു.
“താന്യാ വൊറോണിനോവയാണോ
അത്…?” സൂസൻ ചോദിച്ചു.
“അതെ… ഒപ്പമുള്ള ആ പെൺകുട്ടിയാണ് മൊറാഗ് ഫിൻലേ…” ഡെവ്‌ലിൻ പറഞ്ഞു. “ഹാരി ക്യുസെയ്ന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകൾ… അയാളുടെ അന്ത്യവിശ്രമത്തിന് സാക്ഷ്യം വഹിക്കുവാൻ അവർ മൂവരും ഒത്തുചേർന്നിരിക്കുന്നു… ഒന്നാമത്തെയാൾ താന്യ… അന്നത്തെ ആ കൊച്ചുപെൺകുട്ടിയെ ശരിയ്ക്ക് മനസ്സിലാക്കുന്നതിൽ
അയാൾ പരാജയപ്പെട്ടു… രണ്ടാമത്, തന്റെ ദുരവസ്ഥയിലും അയാൾ രക്ഷപെടുത്തിക്കൊണ്ടുവന്ന പെൺകുട്ടി മൊറാഗ് ഫിൻലേ… പരസ്പര വൈരുദ്ധ്യമായി എനിക്ക് തോന്നുന്നു… ഹാരി എന്ന വിമോചകൻ…”
“മൂന്നാമതായി ഞാനും…” അവൾ പറഞ്ഞു. “അയാളുടെ ജീവനെടുത്തവൾ… ഒരിക്കൽപ്പോലും അയാളെ കണ്ടിട്ടില്ലാത്തവൾ…”
“ഒരിക്കൽ മാത്രം…” ഡെവ്‌ലിൻ പറഞ്ഞു. “അതു തന്നെ ധാരാളമായിരുന്നു… വിചിത്രം… അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ
മൂവരും സ്ത്രീകളായിരുന്നു… അവർ തന്നെയാണ് ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ
അയാളുടെ മരണത്തിന് കാരണമായി മാറിയതും…”
കുഴിയിലും ശവപ്പെട്ടിയുടെ
മുകളിലും പരിശുദ്ധജലം തളിച്ചതിന് ശേഷം ആ വൈദികൻ കുന്തിരിക്കം പുകച്ചു. ഉച്ചത്തിൽ കരയുവാൻ
തുടങ്ങിയ മൊറാഗിനെ താന്യാ വൊറോണിനോവ തന്നോട് ചേർത്തു പിടിച്ചു. ആ വൈദികന്റെ കണ്ഠത്തിൽ
നിന്നും പ്രാർത്ഥനാഗാനം ഉയർന്നു. ലോർഡ് ജീസസ് ക്രൈസ്റ്റ്, സേവിയർ ഓഫ് ദി വേൾഡ്,
വീ കമെൻഡ് യുവർ സെർവന്റ് റ്റു യൂ ആൻഡ് പ്രേ ഫോർ ഹിം…
“പാവം ഹാരി…” ഡെവ്‌ലിൻ മന്ത്രിച്ചു. “അവസാന നാടകത്തിന്റെ തിരശീല വീഴുന്നു… എന്നിട്ടും അയാൾക്കൊരു നിറഞ്ഞ സദസ്സ് ലഭിച്ചില്ല…”
അദ്ദേഹം അവളുടെ കരം തന്റെ കൈയിലെടുത്തു. ഒരു വട്ടം കൂടി അങ്ങോട്ട് നോക്കിയിട്ട് കോരിച്ചൊരിയുന്ന മഴയത്ത് ഇരുവരും തിരിഞ്ഞു നടന്നു.
(അവസാനിച്ചു)
അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ
ചാരപ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഉദ്വേഗജനകമായ മറ്റൊരു ജാക്ക്
ഹിഗ്ഗിൻസ് നോവൽ അടുത്തയാഴ്ച്ച മുതൽ ആരംഭിക്കുകയാണ്... കോൾഡ് ഹാർബർ…
കഴിഞ്ഞ എട്ട് നോവലുകളിലും
എന്നോടൊപ്പം സഞ്ചരിച്ച് പ്രോത്സാഹനം ചൊരിഞ്ഞ എല്ലാ പ്രിയവായനക്കാരുടെയും പിന്തുണ ഇനിയങ്ങോട്ടും
പ്രതീക്ഷിക്കുന്നു…