Tuesday, July 2, 2024

കൺഫെഷണൽ – 71

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


എല്ലാവിധ സൗകര്യങ്ങളുമുള്ള സാമാന്യം വലിയ ഒരു കാരവൻ ആയിരുന്നു അത്. രണ്ട് ബങ്കുകളുള്ള ഒരു ബെഡ്‌റൂം വേറെ തന്നെ സജ്ജീകരിച്ചിരിക്കുന്നു. വാതിൽ തുറന്ന് ക്യുസെയ്ൻ ഉള്ളിലേക്ക് എത്തിനോക്കി. മൊറാഗ് ഉറക്കത്തിലാണ്.

 

അയാൾ വാതിൽ പതുക്കെ ചാരി തിരിയവെ അവൾ വിളിച്ചു. “ഹാരീ

 

“യെസ്?” ക്യുസെയ്ൻ ഉള്ളിലേക്ക് കയറി. “എന്താണ്?”

 

“മുത്തശ്ശി ഇപ്പോഴും സ്റ്റാളിൽ ഇരിക്കുകയാണോ?”

 

“അതെ

 

അയാൾ അവളുടെ ബങ്കിന്റെ അറ്റത്ത് ഇരുന്നു. കൈയിലെ വേദന ഉള്ളിലേക്ക് വ്യാപിച്ചിരിക്കുന്നു. ശ്വാസമെടുക്കുമ്പോൾ പോലും വേദനിക്കുന്നുണ്ട്. അതത്ര നല്ല ലക്ഷണമല്ല എന്ന് അയാൾക്ക് അറിയാമായിരുന്നു. അയാളുടെ മുഖത്ത് സ്പർശിക്കുവാനായി അവൾ കൈ ഉയർത്തി. ക്യുസെയ്ൻ അല്പം പിന്നോട്ട് ഒഴിഞ്ഞു മാറി.

 

“അന്ന് മുത്തശ്ശന്റെ കാരവനിലെ ആദ്യദിനം ഓർമ്മയുണ്ടോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. “ഞാൻ നിങ്ങളെ വഴിതെറ്റിക്കുമെന്ന ഭയമാണോ എന്ന് ചോദിച്ചത് ഓർക്കുന്നുണ്ടോ?”

 

“കൃത്യമായി പറഞ്ഞാൽ, നിന്റെ ചോദ്യം ഇങ്ങനെയായിരുന്നു” അയാൾ പറഞ്ഞു. “ ‘അതെന്താ ഫാദർ, എന്റെ മുന്നിൽ ഇങ്ങനെയിരുന്നാൽ ആത്മനിയന്ത്രണം കൈവിട്ടു പോകുമോയെന്ന ഭയമാണോ?’  എന്ന്

 

അല്പനേരത്തേക്ക് അവൾ നിശ്ശബ്ദയായി. “അപ്പോൾ നിങ്ങളൊരു വൈദികനാണല്ലേ? ഒരു യഥാർത്ഥ വൈദികൻ? എനിക്കത് നേരത്തെ തന്നെ അറിയാമായിരുന്നു

 

“ഉറങ്ങാൻ നോക്ക് കുട്ടീ” അയാൾ പറഞ്ഞു.

 

അവൾ അയാളുടെ കൈയിൽ എത്തിപ്പിടിച്ചു. “എന്നോട് പറയാതെ പോകില്ലല്ലോ നിങ്ങൾ?” അവളുടെ സ്വരത്തിൽ കലർന്നിരുന്ന ഭീതി തികച്ചും യഥാർത്ഥമായിരുന്നു.

 

“ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” അയാൾ എഴുന്നേറ്റ് വാതിൽ തുറന്നു. “പറഞ്ഞത് പോലെ, അല്പം ഉറങ്ങാൻ നോക്കൂ നമുക്ക് രാവിലെ കാണാം

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ പുറത്തിറങ്ങി. മെയ്ഡ്സ്റ്റൺ മൈതാനത്തിലെ ആ പ്രദർശന നഗരി താരതമ്യേന ചെറുതായിരുന്നുവെന്ന് പറയാം. എങ്കിലും വിവിധയിനം ഗെയിമുകൾ, മദ്യഷോപ്പുകൾ, സ്റ്റാളുകൾ തുടങ്ങിയവയെല്ലാമുണ്ട്. രാത്രി ഏറെയായെങ്കിലും എങ്ങും ഉല്ലാസത്തിന്റെയും സംഗീതത്തിന്റെയും അലയൊലികൾ കേൾക്കാം. ആ കാരവന്റെ ഒരറ്റത്ത് അതിനെ വലിച്ചു കൊണ്ടുപോകുന്ന ലാൻഡ് റോവർ നിൽക്കുന്നുണ്ട്. മറുഭാഗത്തുള്ള ചുവന്ന ടെന്റിന് മുകളിലെ പ്രകാശമാനമായ ബോർഡിൽ Gypsy Rose എന്നെഴുതിയിരിക്കുന്നു. അതിനുള്ളിൽ നിന്നും ചിരിച്ചുല്ലസിച്ചുകൊണ്ട് ഇറങ്ങി വന്ന യുവമിഥുനങ്ങളെ നോക്കി ഒരു നിമിഷം സംശയിച്ച് നിന്നിട്ട് ക്യുസെയ്ൻ ഉള്ളിലേക്ക് കയറിച്ചെന്നു.

 

ചുരുങ്ങിയത് എഴുപത് വയസ്സ് എങ്കിലും തോന്നിക്കും ബ്രാനാ സ്മിത്തിന്. ബ്രൗൺ നിറം പൂശിയ മുഖം. കടും നിറമുള്ള സ്കാർഫ് കൊണ്ട് മുടി പിറകോട്ട് കെട്ടിയിരിക്കുന്നു. ചുമലിൽ ഒരു ഷാൾ അണിഞ്ഞിട്ടുണ്ട്. കഴുത്തിൽ സ്വർണ്ണനാണയങ്ങൾ കൊണ്ടുള്ള ഒരു നെക്‌ലേസ്. അവരുടെ മുന്നിലെ മേശപ്പുറത്ത് ഒരു സ്ഫടിക ഗോളം വിശ്രമിക്കുന്നു.

 

“ശരിയ്ക്കും ഒരു ജിപ്സിയുടെ വേഷം തന്നെ” ക്യുസെയ്ൻ പറഞ്ഞു.

 

“അതെ, അത് തന്നെയാണ് അതിന്റെ ഉദ്ദേശ്യവും ഒരു ജിപ്സിയെ ജിപ്സിയുടെ വേഷത്തിൽത്തന്നെ കാണുവാനാണ് ജനത്തിന് ഇഷ്ടം ഒരു കാര്യം ചെയ്യൂ, പുറത്ത് ആ ‘Closed’ ബോർഡ് തൂക്കിയിട്ട് വരൂ എനിക്ക് ഒരു സിഗരറ്റ് പുകച്ചേ തീരൂ

 

അവർ പറഞ്ഞത് പോലെ ചെയ്തിട്ട് തിരികെ വന്ന ക്യുസെയ്ൻ അവർക്ക് അഭിമുഖമായി ഇരുന്നിട്ട് ഒരു സിഗരറ്റ് അവർക്ക് നേരെ നീട്ടി. “മൊറാഗ് ഉറങ്ങുകയാണോ?” അവർ ചോദിച്ചു.

 

“അതെ” തന്റെ വേദന നിയന്ത്രിക്കുവാനായി അയാൾ ഒരു ദീർഘശ്വാസമെടുത്തു. “ഒരിക്കലും നിങ്ങൾ അവളെ തിരികെ ആ ക്യാമ്പിലേക്ക് പോകാൻ അനുവദിക്കരുത് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?”

 

“അതോർത്ത് വിഷമിക്കേണ്ട” അവരുടെ സ്വരം തികച്ചും ശാന്തമായിരുന്നു. “ദൃഢമായ ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഞങ്ങൾ ജിപ്സികൾ കണക്കുകൾ ഒരിക്കലും ബാക്കി വയ്ക്കാറുമില്ല മറേ ചെയ്ത തെറ്റിനുള്ള ശിക്ഷ അവന് ലഭിച്ചിരിക്കും എന്നതിന് ഞാൻ വാക്കു തരുന്നു അക്കാര്യത്തിൽ നിങ്ങൾക്കെന്നെ വിശ്വസിക്കാം

 

ക്യുസെയ്ൻ തല കുലുക്കി. “ഇന്നത്തെ പത്രത്തിൽ അവളുടെ ചിത്രവും വാർത്തയും കണ്ടപ്പോൾ നിങ്ങൾ വിഷമിച്ചിട്ടുണ്ടാവും എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ പൊലീസുമായി ബന്ധപ്പെടാഞ്ഞത്?”

 

“പൊലീസ്? നിങ്ങളെന്താ തമാശ പറയുകയാണോ?” അവർ ചുമൽ വെട്ടിച്ചു. “എന്തു തന്നെയായാലും അവൾ എന്റെയടുത്ത് എത്തുമെന്നും അവൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും എനിക്കറിയാമായിരുന്നു

 

“നിങ്ങൾക്കറിയാമായിരുന്നുവെന്നോ?” ക്യുസെയ്ൻ അത്ഭുതപ്പെട്ടു.

 

അവർ മേശമേൽ ഇരിക്കുന്ന സ്ഫടികഗോളത്തിന് മുകളിൽ പതുക്കെ കൈ വച്ചു. “ഇതെല്ലാം വെറും വിഘ്നങ്ങൾ മാത്രമാണ് സുഹൃത്തേ എന്റെ അമ്മയ്ക്കും മുത്തശ്ശിയ്ക്കും ഉണ്ടായിരുന്ന ആ പ്രത്യേക സിദ്ധി എനിക്കും ലഭിച്ചിട്ടുണ്ട്

 

അയാൾ തല കുലുക്കി. “മൊറാഗ് എന്നോട് പറഞ്ഞിരുന്നു ടററ്റ് കാർഡുകൾ നോക്കി എന്റെ ഭാവി അവൾ പറഞ്ഞെങ്കിലും തന്റെ കഴിവിൽ അവൾക്ക് ഉറപ്പുണ്ടായിരുന്നില്ല

 

“അവൾക്കും ആ സിദ്ധി ലഭിച്ചിട്ടുണ്ട്” ആ വൃദ്ധ പറഞ്ഞു. “പൂർണ്ണമായും രൂപപ്പെട്ടിട്ടില്ല എന്ന് മാത്രം” അവർ ഒരു കെട്ട് ചീട്ട് അയാളുടെ മുന്നിലേക്ക് നീക്കി വച്ചു. “അതൊന്ന് പകുത്തിട്ട് നിങ്ങളുടെ ഇടതു കൈ കൊണ്ട് എനിക്ക് തിരിച്ചു തരൂ

 

അവർ ആവശ്യപ്പെട്ടതു പോലെ ചെയ്തിട്ട് ക്യുസെയ്ൻ ആ ചീട്ടുകൾ തിരികെ നൽകി. “ഞാൻ നേരത്തെ പറഞ്ഞ ആ സിദ്ധിയില്ലെങ്കിൽ ഈ ചീട്ടുകൾക്ക് യാതൊരു അർത്ഥവുമില്ല മനസ്സിലാവുന്നുണ്ടോ?”

 

“ഉണ്ട്” തികഞ്ഞ ലാഘവത്തോടെ അയാൾ പറഞ്ഞു.

 

“മൂന്ന് ചീട്ടുകൾ അവ പറയും സകല കാര്യങ്ങളും” ക്യുസെയ്ൻ പകുത്ത് നൽകിയ കെട്ടിൽ നിന്നും അവർ ആദ്യത്തെ ചീട്ട് മലർത്തിയിട്ടു. അതൊരു ഗോപുരത്തിന്റെ ചിത്രമായിരുന്നു. “വിധിയുടെ നിയോഗത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്” അവർ പറഞ്ഞു. “മറ്റുള്ളവരാണ് ഇത്രയും കാലം ഇയാളുടെ ജീവിതം നിയന്ത്രിച്ചിട്ടുള്ളത്

 

“മൊറാഗും ഇതേ ചീട്ട് തന്നെ എടുത്തിരുന്നുഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാണ് അവളും പറഞ്ഞത്” ക്യുസെയ്ൻ പറഞ്ഞു.

 

അവർ രണ്ടാമത്തെ ചീട്ടെടുത്ത് മലർത്തി വച്ചു. ഒരു യുവാവിനെ വലതു കണങ്കാലിൽ കയറിട്ട് തല കീഴായി കെട്ടിത്തൂക്കിയിരിക്കുന്ന ചിത്രമായിരുന്നു അത്.

 

“ഇതാണ് ഹാങ്ങ്ഡ് മാൻ ഇയാൾ കിണഞ്ഞു മത്സരിക്കുന്നത് ഇയാളുടെ നിഴലിനോട് തന്നെയാണ് വാസ്തവത്തിൽ രണ്ട് വ്യക്തിത്വങ്ങളാണ് ഇയാൾ പലപ്പോഴും ഇയാൾ മറ്റൊരാളായി മാറുന്നു യുവത്വത്തിന്റെ പൂർണ്ണതയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല

 

“വൈകിപ്പോയിരിക്കുന്നു വളരെ വളരെ വൈകിപ്പോയിരിക്കുന്നു” ക്യുസെയ്ൻ പറഞ്ഞു.

 

മൂന്നാമത്തെ ചീട്ട് മരണദേവന്റേതായിരുന്നു. തന്റെ അരിവാൾ കൊണ്ട് മനുഷ്യശരീരങ്ങൾ കൊയ്തെടുക്കുന്ന ചിത്രം.

 

“പക്ഷേ, ആരുടെ?” ക്യുസെയ്ൻ ഉറക്കെത്തന്നെ ചിരിച്ചുപോയി. “മരണമണ് ഞാൻ ഉദ്ദേശിച്ചത് എന്റെയോ അതോ ഇനി മറ്റാരുടെയെങ്കിലുമോ?”

 

“ഈ ചിത്രത്തിന് കാണുന്നതിനെക്കാൾ അർത്ഥതലങ്ങളുണ്ട് ഒരു വിമോചകനായിട്ടാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത് ഇയാളുടെ മരണത്തിലൂടെ ഒരു പുനർജ്ജന്മത്തിന് വഴി തുറക്കുക കൂടി ചെയ്യുന്നു

 

“അതെ പക്ഷേ, ആരുടെ?” മുന്നോട്ട് ചാഞ്ഞിരുന്ന് ക്യുസെയ്ൻ ചോദിച്ചു. ആ സ്ഫടിക ഗോളത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശകിരണങ്ങൾ വളരെ തീക്ഷ്ണമായി തോന്നി.

 

വിയർപ്പ് കൊണ്ട് നനഞ്ഞിരിക്കുന്ന അയാളുടെ നെറ്റിത്തടത്തിൽ അവർ സ്പർശിച്ചു. “നിങ്ങൾക്ക് തീരെ സുഖമില്ലല്ലോ

 

“അത് ശരിയായിക്കൊള്ളും നന്നായി ഒന്നുറങ്ങിയാൽ മതി” അയാൾ എഴുന്നേറ്റു. “കുറച്ചുനേരം ഞാനൊന്ന് ഉറങ്ങാൻ പോകുകയാണ് മൊറാഗ് ഉണരുന്നതിന് മുമ്പ് എനിക്കിവിടെ നിന്ന് പോകണം ഞാൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാവുന്നുണ്ടോ?”

 

“തീർച്ചയായും” അവർ തല കുലുക്കി. “എനിക്ക് മനസ്സിലാവുന്നുണ്ട്

 

ക്യുസെയ്ൻ പുറത്തിറങ്ങി. മനോഹരമായ രാത്രി. ആളുകൾ അധികവും വീടുകളിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. സ്റ്റാളുകളും മദ്യഷോപ്പുകളും ഒക്കെ അടച്ചുകൊണ്ടിരിക്കുകയാണ്. നെറ്റിത്തടം ചുട്ടുപൊള്ളുന്നത് പോലെ. കാരവനുള്ളിലേക്ക് കയറി സീലിങ്ങിലേക്ക് കണ്ണും നട്ട് അയാൾ ബെഞ്ചിന്മേൽ മലർന്ന് കിടന്നു. രാവിലെ വരെ കാത്തിരിക്കാതെ ഇപ്പോൾത്തന്നെ മോർഫിൻ എടുക്കുന്നതാണ് നല്ലത്. എഴുന്നേറ്റിരുന്ന് ബാഗിനുള്ളിൽ പരതി അയാൾ മോർഫിൻ ആംപ്യൂൾ കണ്ടെടുത്തു. ഇഞ്ചക്ഷൻ എടുത്ത് നിമിഷങ്ങൾക്കകം തന്നെ വേദന കുറഞ്ഞു തുടങ്ങി. അല്പസമയം കഴിഞ്ഞതും ക്യുസെയ്ൻ നിദ്രയിലാണ്ടു.

 

                                                  ***

 

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഹാരി ക്യുസെയ്ൻ പെട്ടെന്ന് തന്നെ സുബോധം വീണ്ടെടുത്തു. പ്രഭാതമായിരിക്കുന്നു. ജാലകത്തിനുള്ളിലൂടെ സൂര്യകിരണങ്ങൾ ഉള്ളിലേക്ക് എത്തി നോക്കുന്നുണ്ട്. മേശയുടെ മുന്നിലിരിക്കുന്ന ആ വൃദ്ധ ഒരു സിഗരറ്റ് പുകച്ചുകൊണ്ട് അയാളെത്തന്നെ നോക്കിയിരിക്കുകയാണ്. എഴുന്നേറ്റിരിക്കവെ വേദന വീണ്ടും തന്നെ കാർന്നു തിന്നുന്നതായി അയാൾക്ക് മനസ്സിലായി. ഒരു നിമിഷം, തന്റെ ശ്വാസം നിലച്ചു പോകുകയാണോ എന്ന് പോലും അയാൾ സംശയിച്ചു.

 

അവർ അയാളുടെ അടുത്തേക്ക് ഒരു കപ്പ് നീക്കി വച്ചു. “ചൂടുചായ കുടിച്ചു നോക്കൂ

 

താൻ കുടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ചായയാണതെന്ന് അയാൾക്ക് തോന്നി. പുഞ്ചിരിച്ചുകൊണ്ട് അവരുടെ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുക്കവെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. “സമയമെത്രയായി?”

 

“ഏഴു മണി

 

“മൊറാഗ് ഇപ്പോഴും ഉറക്കത്തിലാണോ?”

 

“അതെ

 

“ഗുഡ് എന്നാൽ പിന്നെ ഞാൻ ഇറങ്ങാൻ നോക്കട്ടെ

 

“പക്ഷേ, ഫാദർ ഹാരി ക്യുസെയ്ൻ, നിങ്ങൾ അവശനാണല്ലോ തീർത്തും അവശൻ” ഗൗരവത്തോടെ അവർ പറഞ്ഞു.

 

സൗമ്യഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. “ഭാവി പ്രവചിക്കാനുള്ള വരം നിങ്ങൾക്കാണുള്ളത് അതുകൊണ്ട് തന്നെ നിങ്ങൾക്ക് എല്ലാം അറിയാമെന്നാണ് എന്റെ വിശ്വാസം” അയാൾ ഒരു ദീർഘശ്വാസമെടുത്തു. “ഞാൻ പോകുന്നതിന് മുമ്പ് കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കണം പ്രത്യേകിച്ചും ഈ വിഷയത്തിൽ മൊറാഗിന്റെ പങ്ക് നിങ്ങളുടെ കൈയിൽ പെൻസിലുണ്ടോ?”

 

“ഉണ്ട്

 

“ഗുഡ് ഈ നമ്പർ എഴുതിയെടുത്തോളൂ” ക്യുസെയ്ൻ പറഞ്ഞു കൊടുത്ത നമ്പർ അവർ കുറിച്ചു വച്ചു. “ഫെർഗൂസൺ എന്നൊരാളുടെ നമ്പറാണിത് ബ്രിഗേഡിയർ ഫെർഗൂസൺ

 

“അദ്ദേഹം പൊലീസിലാണോ?”

 

“വേണമെങ്കിൽ അങ്ങനെയും പറയാം എന്നെ പിടികൂടാൻ വേണ്ടി എന്തും ചെയ്യും അദ്ദേഹം അഥവാ അവിടെയില്ലെങ്കിൽത്തന്നെ എങ്ങനെയെങ്കിലും അവർ അദ്ദേഹവുമായി ബന്ധപ്പെട്ടുകൊള്ളും മിക്കവാറും കാന്റർബറിയിലായിരിക്കാനാണ് സാദ്ധ്യത

 

“അതെന്താണ് അവിടെ?”

 

“കാരണം, ഞാൻ പോകുന്നത് കാന്റർബറിയിലേക്കാണ് എന്നത് തന്നെ പോപ്പിനെ വധിക്കാൻ” അയാൾ പോക്കറ്റിൽ നിന്നും സ്റ്റെച്ച്കിൻ പിസ്റ്റൾ പുറത്തെടുത്തു. “ഇതാ, ഇതുകൊണ്ട്

 

അവർ ഒന്ന് ചെറുതായി തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടിയത് പോലെ തോന്നി. അയാൾ പറഞ്ഞത് കാര്യമായിട്ട് തന്നെയാണെന്ന് അവർക്കുറപ്പുണ്ടായിരുന്നു. അതയാൾക്ക് മനസ്സിലാവുകയും ചെയ്തു. “പക്ഷേ, എന്തിന്?” അവർ മന്ത്രിച്ചു. “നല്ലൊരു മനുഷ്യനല്ലേ അദ്ദേഹം?”

 

“നല്ല മനുഷ്യൻ നമ്മളെല്ലാവരും അങ്ങനെ തന്നെയല്ലേ? അല്ലെങ്കിൽ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ എപ്പോഴെങ്കിലും അങ്ങനെ ആയിരുന്നില്ലേ?” ക്യുസെയ്ൻ ചോദിച്ചു. “എന്തായാലും ഞാൻ പോയിക്കഴിഞ്ഞയുടൻ നിങ്ങൾ ഫെർഗൂസന് ഫോൺ ചെയ്യണം ഞാൻ കാന്റർബറി കത്തീഡ്രലിലേക്കാണ് പോയിരിക്കുന്നതെന്ന് പറയുക ഇതുകൂടി പറയണം, മൊറാഗിനെ ഞാൻ ഭീഷണിപ്പെടുത്തി സഹായം തേടുകയായിരുന്നുവെന്ന് ജീവഭയം കൊണ്ടാണ് അവൾ കൂടെ വന്നതെന്നും” അയാൾ ചിരിച്ചു. “ഇത്രയും മതിയാവും അവർക്ക് മൊറാഗിനെ ഈ കേസിൽ നിന്ന് ഒഴിവാക്കുവാൻ

 

ബാഗെടുത്ത് അയാൾ വാതിൽക്കലേക്ക് നീങ്ങി. “മരണത്തിലേക്കാണ് നിങ്ങൾ പോകുന്നത് അതറിയാമോ നിങ്ങൾക്ക്?” അവർ ചോദിച്ചു.

 

“തീർച്ചയായും” ക്യുസെയ്ൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ആ ടററ്റ് കാർഡിൽ കണ്ട മരണം സൂചിപ്പിക്കുന്നത് പുനർജന്മത്തെയാണെന്ന് നിങ്ങൾ പറഞ്ഞു എന്റെ മരണത്തിലൂടെ അതിനുള്ള അവസരം സംജാതമാകുകയാണ് നിങ്ങളുടെ പേരക്കുട്ടി ഇപ്പോൾ സുരക്ഷിതയാണ് അതാണ് ഏറ്റവും പ്രധാനം” അയാൾ തന്റെ ബാഗ് തുറന്ന് അമ്പത് പൗണ്ട് നോട്ടുകളുടെ ഒരു കെട്ട് എടുത്ത് മേശപ്പുറത്ത് വച്ചു. “ഇത് അവൾക്കുള്ളതാണ് എനിക്കിനി ഇതിന്റെ ആവശ്യമില്ല

 

അയാൾ പുറത്തേക്ക് ഇറങ്ങി. വാതിൽ ശക്തിയോടെ അടഞ്ഞു. പുറത്ത് ഒരു കാറിന്റെ എഞ്ചിൻ സ്റ്റാർട്ടാകുന്നതിന്റെയും ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് വാഹനം മുന്നോട്ട് പോകുന്നതിന്റെയും ശബ്ദം ശ്രവിച്ചുകൊണ്ട് അവർ ഇരുന്നു. ഹാരി ക്യുസെയ്നെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കുറേയേറെ നേരം അവർ അങ്ങനെ തന്നെ ഇരുന്നു. ഇതുവരെ കണ്ടിട്ടുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്തനായിരുന്നു അയാൾ. വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോയി അയാളെ. അയാളുടെ കണ്ണുകളിൽ പതിയിരിക്കുന്ന മരണം ആദ്യമേ തന്നെ അവർ ശ്രദ്ധിച്ചിരുന്നുവെങ്കിലും അയാളോടൊപ്പമെത്തിയ മൊറാഗിന്റെ സുരക്ഷിത്വം കൂടി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു.

 

മൊറാഗ് ഉറങ്ങിക്കൊണ്ടിരിക്കുന്ന അടുത്ത മുറിയിൽ നിന്നും ചെറിയൊരു അനക്കം കേട്ടു. അവൾ തിരിഞ്ഞു കിടന്നതോ മറ്റോ ആവാം. ആ വൃദ്ധ വാച്ചിലേക്ക് നോക്കി. എട്ടര ആയിരിക്കുന്നു. ഒടുവിൽ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവിടെ നിന്നും എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. മൈതാനത്തിനപ്പുറത്തെ പബ്ലിക്ക് ടെലിഫോൺ ബൂത്തിലെത്തിയ അവർ ഫെർഗൂസന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

12 comments:

  1. "വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോയി അയാളെ."

    അതെ, അപൂർവ്വമായിട്ടാണ് വില്ലന്മാരോട് ഇഷ്ടം തോന്നുക

    ReplyDelete
    Replies
    1. സത്യമാണ് ശ്രീ... നോവൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഹാരി ക്യുസെയ്ൻ എന്ന മിഖായേൽ കെല്ലി വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ്...

      Delete
  2. എല്ലാംകൊണ്ടും വിത്യസ്തനായമനുഷ്യൻ ഹാരി
    ക്യൂസെയിൻ...
    ആപത്തൊന്നും ഉണ്ടാവരുതേ....
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. എങ്കിലും കൊലയാളിയാണ് തങ്കപ്പേട്ടാ... പോപ്പിനെയാണ് വധിക്കാൻ പോകുന്നത്...

      Delete
  3. പേരകുട്ടിയെ സുരക്ഷിതയാക്കി ലക്ഷ്യത്തിലേക്ക്, ഒരു വല്ലാത്ത മനുഷ്യൻ

    ReplyDelete
    Replies
    1. അതെ സുകന്യാജീ... ആളെ ശരിയ്ക്കങ്ങ് മനസ്സിലാവുന്നില്ല എനിയ്ക്കും...

      Delete
  4. “നല്ല മനുഷ്യൻ… നമ്മളെല്ലാവരും അങ്ങനെ തന്നെയല്ലേ…? അല്ലെങ്കിൽ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ എപ്പോഴെങ്കിലും അങ്ങനെ ആയിരുന്നില്ലേ…?”

    കെല്ലി എന്ന കൊടുംക്രൂരനെ നന്മമരമാക്കാൻ ജാക്കേട്ടൻ അതിയായി ശ്രമിക്കുന്നത് പോലെ..!

    ReplyDelete
    Replies
    1. സത്യമാണ്... നോവലിന്റെ രണ്ടാം പകുതി മുതൽ അതിലാണ് ജാക്കേട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്... ഡെവ്‌ലിനൊക്കെ ഇത്തിരി പിറകിലായിപ്പോയോ എന്നൊരു സംശയം...

      Delete
  5. എന്തായാലും അവൾ രക്ഷപെട്ടല്ലോ... കെല്ലിയുടെ കാര്യം എന്തായാലും കട്ട പോക തന്നെയായിരിക്കും. കഥകളിൽ വില്ലന്മാർ രക്ഷപെട്ട ചരിത്രം കുറവല്ലേ

    ReplyDelete
    Replies
    1. അതെ, മൊറാഗ് സുരക്ഷിതയായി എന്ന് പറയാം... കെല്ലിയുടെ കാര്യം... നമുക്ക് കാത്തിരുന്നു കാണാം...

      Delete
  6. "അയാളുടെ കണ്ണുകളിൽ പതിയിരിക്കുന്ന മരണം ആദ്യമേ തന്നെ അവർ ശ്രദ്ധിച്ചിരുന്നുവെങ്കിലും -----------------😥

    ReplyDelete
    Replies
    1. അതെ... ഒന്നും തന്നെ ചെയ്യാനാവാത്ത അവസ്ഥ...

      Delete