Sunday, July 14, 2024

കൺഫെഷണൽ – 73

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ക്യുസെയ്ൻ കാറിനരികിൽ നിന്നും തിരികെ വന്നപ്പോൾ മെയിൻ റോഡ് വിജനമായിരുന്നു. റോഡ് ക്രോസ് ചെയ്ത് മരങ്ങളുടെ മറവ് പറ്റി സ്റ്റോക്‌ലി ഹാളിന്റെ കോമ്പൗണ്ട് വാളിന് അരിക് ചേർന്ന് അയാൾ നീങ്ങി. പഴക്കം ചെന്ന ഒരു ഇടുങ്ങിയ ഇരുമ്പ് ഗേറ്റിന് സമീപമെത്തിയ ക്യുസെയ്ൻ അത് തുറക്കാൻ പറ്റുമോയെന്ന് ശ്രമിച്ചു നോക്കവെയാണ് മതിലിനപ്പുറത്തു നിന്നും ആരോ രണ്ടുപേർ സംസാരിക്കുന്ന സ്വരം കേട്ടത്. ഒരു മരത്തിന്റെ മറവിലേക്ക് മാറി നിന്ന് അയാൾ ശ്രദ്ധിച്ചു. ആ ഗേറ്റിന്റെ ഇരുമ്പഴികൾക്കുള്ളിലൂടെ ഇരുവശത്തും റോഡോഡെൻഡ്രൺ ചെടികൾ അതിരിടുന്ന ഒരു നടപ്പാത അയാൾക്ക് കാണാനായി. ഒരു നിമിഷം കഴിഞ്ഞതും രണ്ട് കന്യാസ്ത്രീകൾ ആ വഴി നടന്നു വന്നു.

 

അവർ അല്പം മുന്നോട്ട് പോകുന്നത് വരെ കാത്തു നിന്നിട്ട് അയാൾ തിരിഞ്ഞു നടന്നു. തറനിരപ്പ് ഏതാണ്ട് മതിലിനോട് ഒപ്പം ഉയർന്ന് നിൽക്കുന്ന ഭാഗത്തെ മരച്ചുവട്ടിൽ എത്തിയതും അയാൾ നിന്നു. മതിലിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന മരച്ചില്ലയിൽ എത്തിപ്പിടിക്കാൻ ക്യുസെയ്ൻ ഒരു ശ്രമം നടത്തി. തന്റെ ഭുജത്തിൽ വെടിയേറ്റില്ലായിരുന്നുവെങ്കിൽ എത്ര എളുപ്പം ഈ മതിൽ ചാടിക്കടക്കാനാവുമായിരുന്നു. അസഹനീയമായ വേദനയെ അവഗണിച്ച് അയാൾ ളോഹയുടെ അടിഭാഗം ഉയർത്തി കുത്തി മരച്ചില്ലയിൽ പിടിച്ച് തൂങ്ങി മതിലിന് മുകളിൽ കയറി. ഒരു നിമിഷം അവിടെ ഇരുന്നിട്ട് അയാൾ അപ്പുറത്തെ കോമ്പൗണ്ടിലേക്ക് പതുക്കെ ചാടി.

 

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ട അയാൾ അല്പനേരം മുട്ടുകുത്തി അവിടെത്തന്നെയിരുന്നു. പിന്നെ സാവധാനം എഴുന്നേറ്റ് ഒരു കൈകൊണ്ട് തന്റെ തലമുടി പിറകോട്ട് ഒതുക്കി. അല്പം മുന്നിലായി ആ കന്യാസ്ത്രീകളുടെ സംസാരം കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. തിടുക്കത്തിൽ അങ്ങോട്ട് നടന്ന ക്യുസെയ്ൻ കല്ലുകൊണ്ടുണ്ടാക്കിയ ഒരു പഴയ ജലധാരയുടെ സമീപത്തെ വളവ് തിരിഞ്ഞതും അവർക്കൊപ്പമെത്തി. കാലടിശബ്ദം കേട്ട അവർ പെട്ടെന്ന് തിരിഞ്ഞു നോക്കി. അവരിൽ ഒരാൾ വൃദ്ധയും മറ്റേയാൾ ചെറുപ്പക്കാരിയുമായിരുന്നു.

 

“ഗുഡ് മോണിങ്ങ് സിസ്റ്റേഴ്സ്” അയാൾ പ്രസന്നതയോടെ പറഞ്ഞു. “മനോഹരമായിരിക്കുന്നു ഈ സ്ഥലം, അല്ലേ? ഒന്ന് ചുറ്റിനടന്ന് കാണാതിരിക്കാനായില്ല എനിക്ക്

 

“ഞങ്ങൾക്കും, ഫാദർ” വയസ്സായ കന്യാസ്ത്രീ പറഞ്ഞു.

 

ഒരുമിച്ച് മുന്നോട്ട് നടന്ന അവർ ചെടികൾക്കിടയിൽ നിന്നും വിശാലമായ ഒരു മൈതാനത്തിലേക്ക് കടന്നു. ഏതാനും വാര വലതുഭാഗത്തായി പാർക്ക് ചെയ്തിരിക്കുന്ന ഹെലികോപ്ടറിനരികിൽ അതിന്റെ ക്രൂ വിശ്രമിക്കുന്നു. ആ രമ്യഹർമ്മ്യത്തിന് മുന്നിൽ ഏതാനും ലിമോസിനുകളും രണ്ട് പൊലീസ് കാറുകളും കിടക്കുന്നുണ്ട്. ഒരു അൾസേഷ്യൻ നായയുമായി ആ മൈതാനം താണ്ടിവന്ന രണ്ട് പൊലീസുകാർ ക്യുസെയ്ന്റെയും കന്യാസ്ത്രീകളുടെയും അരികിലൂടെ ഒന്നും ഉരിയാടാതെ കടന്നു പോയി.

 

“താങ്കൾ കാന്റർബറിയിൽ നിന്നുമാണോ വരുന്നത്, ഫാദർ?” വൃദ്ധയായ കന്യാസ്ത്രീ ചോദിച്ചു.

 

“അല്ല സിസ്റ്റർ …………?” അയാൾ ചോദ്യരൂപേണ അവരെ നോക്കി.

 

“ഞാൻ അഗത ഇത് സിസ്റ്റർ ആൻ

 

“ഞാൻ ഡബ്ലിനിലെ സെക്രട്ടേറിയറ്റിൽ നിന്നുമാണ് പരിശുദ്ധ പിതാവിനെ സന്ധിക്കുവാനുള്ള ക്ഷണം ലഭിക്കുക എന്നത് തന്നെ ഒരു അനുഗ്രഹമാണ് അദ്ദേഹത്തിന്റെ ഐറിഷ് ട്രിപ്പിന്റെ സമയത്ത് എനിക്ക് കാണുവാൻ സാധിച്ചിരുന്നില്ല

 

                                                ***

 

മെയിൻ റോഡിൽ നിന്നും സ്റ്റോക്‌ലി ഹാളിന്റെ പ്രധാന കവാടത്തിന് മുന്നിലേക്ക് തിരിഞ്ഞ് സൂസൻ കാൾഡർ കാർ നിർത്തി. മുന്നോട്ട് വന്ന രണ്ട് പൊലീസുകാരെ ഡെവ്‌ലിൻ തന്റെ സെക്യൂരിറ്റി പാസ് കാണിച്ചു. “കഴിഞ്ഞ പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ ആരെങ്കിലും ഇതിലേ ഉള്ളിലേക്ക് പോയിരുന്നോ?” അദ്ദേഹം ചോദിച്ചു.

 

“ഇല്ല സർ” പൊലീസ് ഓഫീസർമാരിൽ ഒരുവൻ പറഞ്ഞു. “പക്ഷേ, ഹെലികോപ്ടർ ലാൻഡ് ചെയ്യുന്നതിന് മുമ്പ് അതിഥികളുടെ കുത്തൊഴുക്കായിരുന്നു

 

“വണ്ടിയെടുക്കൂ, പെട്ടെന്ന്!” ഡെവ്‌ലിൻ പറഞ്ഞു.

 

“സാമാന്യം നല്ല സ്പീഡിൽത്തന്നെ സൂസൻ കാർ മുന്നോട്ടെടുത്തു. “എന്താണ് താങ്കളുടെ മനസ്സിൽ, സർ?”

 

“അയാൾ ഇവിടെത്തന്നെയുണ്ട്!” ഡെവ്‌ലിൻ പറഞ്ഞു. “വേണമെങ്കിൽ എന്റെ ജീവൻ പണയം വയ്ക്കാം അക്കാര്യത്തിൽ

 

                                               ***

 

“പരിശുദ്ധ പിതാവിനെ താങ്കൾ സന്ധിച്ചിരുന്നോ ഫാദർ?” സിസ്റ്റർ ആൻ ചോദിച്ചു.

 

“ഇല്ല അദ്ദേഹത്തിനുള്ള ഒരു സന്ദേശവുമായി കാന്റർബറിയിൽ നിന്ന് ഇപ്പോൾ എത്തിയതേയുള്ളൂ ഞാൻ

 

ചരൽ വിരിച്ച അങ്കണത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കരികിൽ നിൽക്കുന്ന പൊലീസുകാരുടെ സമീപത്തു കൂടി അവർ സ്റ്റോക്‌ലി ഹാളിന്റെ പടവുകൾ കയറി. യൂണിഫോം ധരിച്ച രണ്ട് സെക്യൂരിറ്റി ഗാർഡുകൾ കാവൽ നിൽക്കുന്ന വലിയ ഓക്ക് വാതിലിനുള്ളിലൂടെ മൂവരും ഉള്ളിൽ പ്രവേശിച്ചു. വളരെ വിശാലമായ ആ ഹാളിന്റെ നടുവിലുള്ള സ്റ്റെയർകെയ്സ് ഒന്നാം നിലയുടെ ലാന്റിങ്ങിലേക്ക് എത്തുന്നു. അതിന്റെ വലതുഭാഗത്ത് തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തെ വലിയ സ്വീകരണമുറി ദൃശ്യമാണ്. അതിനുള്ളിൽ തിങ്ങി നിറഞ്ഞിരിക്കുന്ന സന്ദർശകരിൽ ഭൂരിഭാഗവും സഭയുടെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നവരാണ്.

 

ക്യുസെയ്നും ആ രണ്ടു കന്യാസ്ത്രീകളും കൂടി അങ്ങോട്ട് നടന്നു. “പ്രസിദ്ധമായ സ്റ്റോക്‌ലി ചാപ്പൽ എവിടെയാണ്? ഞാൻ ഇതുവരെ കണ്ടിട്ടില്ല” അയാൾ പറഞ്ഞു.

 

“ഓ, വളരെ മനോഹരമാണത്” സിസ്റ്റർ അഗത പറഞ്ഞു. “എത്രയോ വർഷങ്ങളായി ആരാധന നടക്കുന്നയിടം താഴെ ഹാളിൽ നിന്നാണ് അങ്ങോട്ടുള്ള ടണലിന്റെ പ്രവേശന കവാടം അതാ അവിടെ ആ മോൺസിഞ്ഞോർ നിൽക്കുന്നത് കണ്ടോ…?” (മോൺസിഞ്ഞോർ* - റോമൻ കത്തോലിക്കാ ദേവാലയത്തിലെ മുതിർന്ന പുരോഹിതനെ ബഹുമാനപൂർവ്വം വിളിക്കുന്ന പദം)

 

സ്വീകരണമുറിയുടെ വാതിൽക്കൽ എത്തിയതും ക്യുസെയ്ൻ പറഞ്ഞു. “എനിക്ക് ചാപ്പലിലേക്ക് ഒന്ന് പോകണംഇവിടുത്തെ സ്വീകരണ ചടങ്ങിലേക്ക് എത്തുന്നതിന് മുമ്പ്, ഞാൻ കൊണ്ടുവന്ന സന്ദേശം പരിശുദ്ധ പിതാവിന് കൊടുക്കാൻ സാധിച്ചേക്കും

 

“എങ്കിൽ ഞങ്ങളിവിടെ കാത്തു നിൽക്കാം ഫാദർ” സിസ്റ്റർ അഗത പറഞ്ഞു. “താങ്കൾ വന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം സ്വീകരണമുറിയിലേക്ക്

 

“തീർച്ചയായും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചെത്താം

 

സ്റ്റെയർകെയ്സ് ഇറങ്ങിയ ക്യുസെയ്ൻ ഹാളിന്റെ മൂലയിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള പ്രൗഢഗംഭീരമായ വസ്ത്രം ധരിച്ച ആ മോൺസിഞ്ഞോർ നിൽക്കുന്നയിടത്തേക്ക് നടന്നു. നരച്ച മുടിയുള്ള ആ വൃദ്ധപുരോഹിതന്റെ സംസാരത്തിൽ ഇറ്റാലിയൻ ചുവയുണ്ടായിരുന്നു.

 

“ആരെയാണ് അന്വേഷിക്കുന്നത് ഫാദർ?”

 

“പരിശുദ്ധ പിതാവിനെ” ക്യുസെയ്ൻ പറഞ്ഞു.

 

“സാദ്ധ്യമല്ല അദ്ദേഹം പ്രാർത്ഥനയിലാണ്

 

ഒരു കൈയാൽ ആ വൃദ്ധന്റെ മുഖം പൊത്തിപ്പിടിച്ച ക്യുസെയ്ൻ മറുകൈ കൊണ്ട് ആ വാതിൽ തുറന്ന് അയാളെ ഉള്ളിലേക്ക് തള്ളി, റൂമിനുള്ളിൽ കയറി കാൽ കൊണ്ട് വാതിൽ ചേർത്തടച്ചു.

 

“അയാം ട്രൂലി സോറി, ഫാദർ” ആ വൃദ്ധപുരോഹിതന്റെ കഴുത്തിൽ കനത്ത ഒരു പ്രഹരം നൽകിയിട്ട് ക്യുസെയ്ൻ അയാളെ പതുക്കെ തറയിലേക്ക് കിടത്തി.

 

നീണ്ടു കിടക്കുന്ന ഇടുങ്ങിയ ടണലിൽ അരണ്ട വെട്ടം ഉണ്ടായിരുന്നു. മറുഭാഗത്തെ പടികൾക്ക് മുകളിൽ സ്റ്റോക്‌ലി ചാപ്പലിനകത്തേക്ക് കടക്കാനുള്ള ഓക്ക് വാതിൽ. ഭുജത്തിലെ വേദന അസഹനീയമായിരിക്കുന്നു. പക്ഷേ, അതേക്കുറിച്ച് ചിന്തിക്കാൻ ഇപ്പോൾ സമയമില്ല. ശ്വാസമെടുക്കുമ്പോഴും വേദന അരിച്ചുകയറുന്നു. ബുദ്ധിമുട്ടി ഒരു ദീർഘശ്വാസമെടുത്ത ശേഷം പോക്കറ്റിൽ നിന്നും പുറത്തെടുത്ത സ്റ്റെച്ച്കിൻ പിസ്റ്റൾ നീട്ടിപ്പിടിച്ച് അയാൾ മുന്നോട്ട് നീങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

8 comments:

  1. ഓ... തൊട്ടടുത്ത് എത്തിയല്ലോ

    ReplyDelete
    Replies
    1. അതെ ശ്രീ... ടണലിന്റെ അറ്റത്തെ വാതിലിനപ്പുറം പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു...

      Delete
  2. ആഹ്.. ഒറ്റശ്വാസത്തിൽ വായിച്ചു തീർത്ത്, ക്യുസെയ്ന്റെ ഒപ്പം ദീർഘനിശ്വാസമെടുത്തു!

    (ചില മുതിർന്ന പുരോഹിതന്മാർക്ക് "മോൺസിഞ്ഞോർ" എന്ന പദവി നൽകി upgrade ചെയ്യുന്നതാണ്. Bishop -ന് താഴെ..)

    ReplyDelete
    Replies
    1. വിലപ്പെട്ട ഈ അറിവിന് നന്ദി... ഇതൊക്കെ പറഞ്ഞു തരണ്ടേ...

      Delete
  3. പെട്ടന്ന് വായിച്ചു തീർത്തു. എന്നാലും ഇത്ര പെട്ടന്ന് അടുത്ത് എത്തും എന്ന് ഞാൻ കരുതിയില്ല. പേടിക്കേണ്ട Devlin പുറകെ ഉണ്ടല്ലോ.

    ReplyDelete
    Replies
    1. ക്യുസെയ്ൻ ആരാ മോൻ.‌.‌. ഡെവ്‌ലിനും...

      Delete
  4. സസ്പെൻസ് നിറഞ്ഞ എപ്പിസോഡ്

    ReplyDelete
    Replies
    1. വളരെ സന്തോഷം സുകന്യാജീ...

      Delete