Wednesday, July 17, 2024

കൺഫെഷണൽ – 74

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അമിത വേഗതയിൽ എത്തിയ കാർ വീശിയെടുത്ത് സൂസൻ കാൾഡർ സ്റ്റോക്‌ലി ഹാളിന്റെ പടിക്കെട്ടുകൾക്ക് മുന്നിൽ ചവിട്ടി നിർത്തി. ചാടിയിറങ്ങിയ ഡെവ്‌ലിന് പിന്നാലെ അവളും പുറത്തിറങ്ങി. മുന്നോട്ട് വന്ന പൊലീസ് സർജന്റിനെ അദ്ദേഹം തന്റെ സെക്യൂരിറ്റി പാസ് കാണിച്ചു.

 

“അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നോ? സംശയാസ്പദമായ ആരെങ്കിലും ഉള്ളിലേക്ക് പോയോ?” ഡെവ്‌ലിൻ അയാളോട് ചോദിച്ചു.

 

“ഇല്ല സർ പോപ്പ് എത്തുന്നതിന് മുമ്പ് തന്നെ സന്ദർശകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു അല്പം മുമ്പ് രണ്ട് കന്യാസ്ത്രീകളും ഒരു വൈദികനും ഉള്ളിലേക്ക് പോയിട്ടുണ്ട്

 

ഡെവ്‌ലിൻ പടിക്കെട്ടുകൾ ഓടിക്കയറി സെക്യൂരിറ്റി ഗാർഡുകളുടെ സമീപത്തു കൂടി ഉള്ളിലെത്തി. തൊട്ടു പിറകെ സൂസനും. ഒരു നിമിഷം അവിടെ നിന്ന് അദ്ദേഹം ചുറ്റുമൊന്ന് വീക്ഷിച്ചു. വലതുഭാഗത്തുള്ള സ്വീകരണമുറിയുടെ വാതിൽക്കൽ രണ്ട് കന്യാസ്ത്രീകൾ നിൽക്കുന്നുണ്ട്. ഒരു വൈദികനും കൂടിയുണ്ടെന്നാണല്ലോ ആ സെർജന്റ് പറഞ്ഞത്

 

അദ്ദേഹം ആ കന്യാസ്ത്രീകളുടെ അടുത്തേക്ക് ചെന്നു. “ഹലോ സിസ്റ്റേഴ്സ്, നിങ്ങൾ ഇപ്പോൾ എത്തിയതേയുള്ളോ?”

 

അവർക്കപ്പുറം സ്വീകരണമുറിയിൽ അതിഥികൾ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. വെയ്റ്റർമാർ അവർക്കിടയിലൂടെ തലങ്ങും വിലങ്ങും നീങ്ങിക്കൊണ്ടിരിക്കുന്നു.

 

“അതെ” സിസ്റ്റർ അഗത പറഞ്ഞു.

 

“നിങ്ങളോടൊപ്പം ഒരു വൈദികനും ഉണ്ടായിരുന്നോ?”

 

“ഓ, യെസ് ഡബ്ലിനിൽ നിന്നുള്ള ഒരു ഫാദർ നല്ലൊരു മനുഷ്യൻ

 

ഡെവ്‌ലിന്റെ ഉള്ളൊന്ന് കത്തി. “വേർ ഈസ് ഹീ?”

 

“പോപ്പിനുള്ള ഒരു സന്ദേശം തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു കാന്റർബറിയിൽ നിന്നുള്ള സന്ദേശം പരിശുദ്ധ പിതാവ് ചാപ്പലിനുള്ളിലാണെന്ന് ഞാൻ പറഞ്ഞു അവിടെ വാതിൽക്കൽ നിൽക്കുന്ന മോൺസിഞ്ഞോറിന്റെ അടുത്ത് ചോദിക്കാനായി അങ്ങോട്ട് പോയി” സിസ്റ്റർ അഗത അദ്ദേഹത്തെയും കൊണ്ട് ഹാളിലൂടെ അങ്ങോട്ട് നീങ്ങി. “ഓഹ്, അദ്ദേഹത്തെ അവിടെ കാണാനില്ലല്ലോ

 

നീട്ടിപ്പിടിച്ച വാൾട്ടറുമായി ഓടിച്ചെന്ന ഡെവ്‌ലിൻ ആ വാതിൽ തള്ളിത്തുറന്നു. അവിടെ നിലത്ത് കിടന്നിരുന്ന മോൺസിഞ്ഞോറിന്റെ ദേഹത്ത് തട്ടി അദ്ദേഹം മുന്നോട്ട് വീഴാൻ പോയി. തന്റെ തൊട്ടു പിന്നിൽ സൂസൻ കാൾഡർ ഉള്ള കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ആ നിമിഷമാണ് ഞെട്ടിക്കുന്ന ആ കാഴ്ച്ച അദ്ദേഹം കണ്ടത്. ടണലിന്റെ മറുഭാഗത്തെ പടികൾ കയറി ഓക്ക് വാതിലിന്റെ ഹാൻഡിലിൽ പിടിക്കാനായി തുനിയുന്ന കറുത്ത ളോഹ ധരിച്ച ഒരു വൈദികൻ!

 

“ഹാരീ!” ഡെവ്‌ലിൻ ഉച്ചത്തിൽ വിളിച്ചു.

 

പൊടുന്നനെ തിരിഞ്ഞ ക്യുസെയ്ൻ ഒരു മാത്ര പോലും സംശയിച്ച് നിൽക്കാതെ വെടിയുതിർത്തു. ഡെവ്‌ലിന്റെ വലതുകൈമുട്ടിന് മുകൾഭാഗത്തായിട്ടാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. പിറകോട്ട് തെറിച്ച് ചുമരിൽ ഇടിച്ച് വീണ അദ്ദേഹത്തിന്റെ കൈയിൽ നിന്നും വാൾട്ടർ താഴെ വീണു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയ സൂസൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു.

 

വലതുകൈയിൽ നീട്ടിപ്പിടിച്ച സ്റ്റെച്ച്കിനുമായി ക്യുസെയ്ൻ അവിടെത്തന്നെ നിന്നു. പക്ഷേ, വീണ്ടും വെടിയുതിർക്കാൻ അയാൾ തുനിഞ്ഞില്ല. പകരം, വന്യമായ ഒരു പുഞ്ചിരി ആ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

 

“സ്റ്റേ ഔട്ട് ഓഫ് ഇറ്റ്, ലിയാം” അയാൾ വിളിച്ചു പറഞ്ഞു. “ഇതെന്റെ അവസാന നാടകമാണ്!” ക്യുസെയ്ൻ തിരിഞ്ഞ് ചാപ്പലിന്റെ വാതിൽ തുറന്നു.

 

ഞെട്ടലിൽ നിന്നും മോചിതനായിരുന്നില്ല ഡെവ്‌ലിൻ. ഇടതു കൈ കൊണ്ട് വാൾട്ടർ എടുക്കാനായി ശ്രമിച്ചെങ്കിലും എഴുന്നേൽക്കാൻ ശ്രമിക്കവെ അത് കൈയിൽ നിന്ന് താഴെ വീണു. അദ്ദേഹം ആ യുവതിയുടെ നേർക്ക് തലയുയർത്തി.

 

“ടേക്ക് ഇറ്റ്! സ്റ്റോപ്പ് ഹിം! ഇറ്റ്സ് അപ് റ്റു യൂ നൗ!” ഡെവ്‌ലിൻ അലറി.

 

ട്രെയിനിങ്ങ് സമയത്ത് ഒന്നോ രണ്ടോ മണിക്കൂർ അടിസ്ഥാന പരിശീലനം ലഭിച്ചതൊഴിച്ചാൽ തോക്കുകളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു അവൾക്ക്. ഒരു നിശ്ചിത റേഞ്ചിൽ റിവോൾവർ കൊണ്ട് ഏതാനും റൗണ്ട് ഫയറിങ്ങ് മാത്രമായിരുന്നു അവൾ ചെയ്തിട്ടുള്ളത്. രണ്ടാമതൊന്ന് ആലോചിക്കാതെ നിലത്ത് നിന്നും വാൾട്ടർ കൈയിലെടുത്ത അവൾ ആ ടണലിലൂടെ ചാപ്പലിന്റെ വാതിൽ ലക്ഷ്യമാക്കി കുതിച്ചു. നിലത്തു നിന്നും എഴുന്നേറ്റ ഡെവ്‌ലിനും അവളെ അനുഗമിച്ചു.

 

                                                          ***

 

നൂറ്റാണ്ടുകളുടെ പ്രാർത്ഥനയിലൂടെ പരിപാവനമാക്കപ്പെട്ട ആ പരിശുദ്ധ ദീപം മാത്രമായിരുന്നു ചാപ്പലിനുള്ളിൽ വെട്ടം പകരുവാൻ ഉണ്ടായിരുന്നത്. ആ വെട്ടത്തിൽ നിന്നും ഉത്ഭവിച്ച നിഴലുകൾ അവിടെങ്ങും നിറഞ്ഞു നിന്നു. തൂവെള്ള നിറത്തിലുള്ള ളോഹ ധരിച്ച പരിശുദ്ധ പിതാവ് പോപ്പ് ജോൺ പോൾ രണ്ടാമൻ ലാളിത്യമാർന്ന ആ അൾത്താരയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുകയാണ്. സൈലൻസർ ഘടിപ്പിച്ച സ്റ്റെച്ച്കിനിൽ നിന്നും നിറയൊഴിഞ്ഞതിന്റെ പതിഞ്ഞ ശബ്ദം വാതിലിന് വെളിയിൽ നിന്നും ഉയർന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എങ്കിലും ആരുടെയോ ഉച്ചത്തിലുള്ള നിലവിളി അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുക തന്നെ ചെയ്തു. ചാടിയെഴുന്നേറ്റ് തിരിഞ്ഞ അദ്ദേഹം കണ്ടത് വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന ഹാരി ക്യുസെയ്നെയാണ്.

 

വിയർപ്പ് പൊടിയുന്ന മുഖത്തോടെ, കൈയിൽ സ്റ്റെച്ച്കിനുമായി കറുത്ത ളോഹ ധരിച്ച അയാൾ തന്റെ മുന്നിൽ നിൽക്കുന്ന പരിശുദ്ധ പിതാവിനെയും നോക്കിക്കൊണ്ട് നിന്നു.

 

“നിങ്ങളല്ലേ ഫാദർ ഹാരി ക്യുസെയ്ൻ?” ശാന്തസ്വരത്തിൽ ജോൺ പോൾ മാർപ്പാപ്പ ചോദിച്ചു.

 

“താങ്കൾക്ക് തെറ്റു പറ്റിയിരിക്കുന്നു ഞാൻ മിഖായേൽ കെല്ലി” ക്യുസെയ്ൻ വന്യമായി പൊട്ടിച്ചിരിച്ചു. “ഏത് വേഷവും ചേരുന്നവൻ

 

“അല്ല, നിങ്ങൾ തന്നെയാണ് ഫാദർ ഹാരി ക്യുസെയ്ൻ” കർക്കശ സ്വരത്തിൽ പോപ്പ് പറഞ്ഞു. “ഇന്നലെകളിലും വൈദികൻ, ഇന്നും വൈദികൻ, ഇനിയും വൈദികൻ തന്നെയായിരിക്കുകയും ചെയ്യും ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല

 

“നോ!” ക്യുസെയ്ൻ അലറി. “ഞാനത് നിരസിക്കുന്നു!”

 

അയാളുടെ കൈയിലെ സ്റ്റെച്ച്കിൻ പോപ്പിന് നേർക്ക് ഉയർന്നു. അതേ നിമിഷമാണ് തുറന്നു കിടന്ന വാതിലിലൂടെ ഇരുകൈകളാൽ കൂട്ടിപ്പിടിച്ച വാൾട്ടറുമായി സൂസൻ കാൾഡർ കുതിച്ചെത്തി നിലത്ത് മുട്ടുകുത്തി നിരങ്ങി നിന്നത്. അവളുടെ പിസ്റ്റളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി രണ്ടു തവണ വെടിയുതിർന്നു. ക്യുസെയ്ന്റെ പിന്നിലേറ്റ ആ വെടിയുണ്ടകൾ അയാളുടെ നട്ടെല്ല് തകർത്തുകളഞ്ഞു. വേദനയാൽ അലറിവിളിച്ചു കൊണ്ട് അയാൾ മുട്ടുകുത്തി മുന്നോട്ട് വീണു. ഒരു നിമിഷം അങ്ങനെ തന്നെ നിന്ന ക്യുസെയ്ൻ പതുക്കെ പിറകോട്ട് മലർന്നു വീണു. അപ്പോഴും അയാൾ സ്റ്റെച്ച്കിനിൽ നിന്നും പിടി വിട്ടിരുന്നില്ല.

 

അപ്പോഴും മുട്ടിന്മേൽ നിൽക്കുകയായിരുന്ന സൂസൻ പിസ്റ്റൾ താഴ്ത്തി. ക്യുസെയ്ന്റെ കൈയിൽ നിന്നും സൗമ്യമായി സ്റ്റെച്ച്കിൻ പിടിച്ചു വാങ്ങുന്ന പോപ്പിനെ അവൾ നോക്കി നിന്നു.

 

പോപ്പ് ഇംഗ്ലീഷിൽ ക്യുസെയ്നോട് പറയുന്നത് അവൾ കേട്ടു. “നിങ്ങൾക്ക് പശ്ചാത്തപിക്കാനുള്ള സമയമായിരിക്കുന്നു ഞാൻ പറയുന്നത് പോലെ പറയൂ : ഓ മൈ ഗോഡ്, ഹൂ ആർട് ഇൻഫിനിറ്റ്‌ലി ഗുഡ് ഇൻ ദൈസെൽഫ്

 

“ഓ മൈ ഗോഡ്.” അത്ര മാത്രമേ ക്യുസെയ്ന് ഉച്ചരിക്കാനായുള്ളൂ. അയാൾ മരണത്തിന് കീഴടങ്ങി.

 

അയാളുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയ പോപ്പ് കൈകൾ കോർത്തു പിടിച്ച് പ്രാർത്ഥിക്കുവാനാരംഭിച്ചു.

 

സൂസന് പിന്നാലെ അവിടെയെത്തിയ ഡെവ്‌ലിൻ ചുമരിൽ ചാരി നിലത്തിരുന്നു. കൈയിലെ മുറിവ് പൊത്തിപ്പിടിച്ചിരുന്ന അദ്ദേഹത്തിന്റെ വിരലുകളിൽ രക്തം പുരണ്ടിരുന്നു. പിസ്റ്റൾ താഴെയിട്ടിട്ട് ഡെവ്‌ലിന്റെ അരികിലെത്തിയ അവൾ അല്പം ചൂടിന് വേണ്ടിയെന്ന പോലെ അദ്ദേഹത്തോട് ചേർന്നിരുന്നു.

 

“എപ്പോഴും ഇങ്ങനെയാണോ അനുഭവപ്പെടുക? ഡെർട്ടി ആൻഡ് എഷെയിംഡ്?” സ്വയം വെറുപ്പ് തോന്നിയത് പോലെ അവൾ ചോദിച്ചു.

 

“ജോയ്ൻ ദി ക്ലബ്, ഗേൾ ഡിയർ” അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

8 comments:

  1. സൂസൻ പൊളിച്ചു ..
    ആദ്യമായി കൊല്ലുമ്പോൾ അങ്ങനെ തന്നെ ആണ് അല്ലെ..
    അതോ എപ്പോഴും അങ്ങനെ തന്നെ ആണോ ..
    കെല്ലിയോ ഡെവ്‌ലിനോ ...എത്രെയോ കൊലപാതകങ്ങൾ ...
    അങ്ങനെ അതും കഴിഞ്ഞു ...
    അവസാന വേഷവും ആടിത്തീർത്തു മഹാനടൻ വിട വാങ്ങി !

    ReplyDelete
    Replies
    1. അനിവാര്യമായ അന്ത്യം... വഴി തെറ്റിയ കുഞ്ഞാട്...

      Delete
  2. അങ്ങനെ കെല്ലിയുടെ അന്ത്യം മരണമായി.. കുറേ ആളുകളെ കൊന്നിട്ട് എന്ത് നേടി, അനിവാര്യമായ മരണമല്ലാതെ??

    ReplyDelete
    Replies
    1. എന്തു ചെയ്യാം... നന്മയുള്ള ഹൃദയമാണെങ്കിലും ജീവിത യാത്രയിൽ വഴി മാറിപ്പോയി...

      Delete
  3. അങ്ങനെ അപ്രതീക്ഷിതമായ ആളുടെ കൈ കൊണ്ട് ആ ജന്മവും...

    ReplyDelete
    Replies
    1. പാവം സൂസൻ... അതിന്റെ വിഷമം അവൾക്ക് താങ്ങാനാവുന്നില്ല...

      Delete
  4. അങ്ങനെ കെല്ലി മരണത്തിന് കീഴടങ്ങി

    ReplyDelete