Wednesday, March 8, 2023

കൺഫെഷണൽ – 04

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാറ്റും റെയിൻകോട്ടും ഇല്ലാതെ എത്തിയ കെല്ലിയ്ക്ക് പിന്നെയും പ്രായം കുറഞ്ഞതു പോലെ തോന്നിച്ചു. കടും നിറമുള്ള ഒരു പോളോ നെക്ക് സ്വെറ്ററും കോർഡുറോയ് ജാക്കറ്റും ആയിരുന്നു അയാളുടെ വേഷം. തെല്ലും പരിഭ്രമമോ ഉദ്വേഗമോ ഇല്ലാതെ തികച്ചും ശാന്തചിത്തനായി മുന്നിൽ നിൽക്കുന്ന കെല്ലിയെ കണ്ടതും തന്റെയുള്ളിൽ വീണ്ടും രോഷം ഇരച്ചു കയറുന്നത് കേണൽ മസ്‌ലോവ്സ്കി അറിയുന്നുണ്ടായിരുന്നു.

 

“അവിടെ അത്രയും ഒപ്പിച്ചു കഴിഞ്ഞപ്പോൾ നിങ്ങൾക്ക് സമാധാനമായിക്കാണുമായിരിക്കും അല്ലേ? ആ മർഫിയുടെ നേർക്ക് നിറയൊഴിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു പക്ഷേ, നിങ്ങൾ എന്റെ ആജ്ഞ അനുസരിച്ചില്ല

 

“അയാളൊരു ഇൻഫോർമർ ആയിരുന്നു, കോമ്രേഡ് കേണൽ അങ്ങയുള്ളവരെ ഒരു പാഠം പഠിപ്പിച്ചാൽ മാത്രമേ ഞങ്ങളെപ്പോലുള്ളവർക്ക് നിലനിൽപ്പുള്ളൂ” കെല്ലി ചുമൽ വെട്ടിച്ചു. “ഭീകരപ്രവർത്തനത്തിന്റെ ഉദ്ദേശ്യം തന്നെ ഭീതി പരത്തുക എന്നതാണെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട് ഐറിഷ് വിപ്ലവത്തിന്റെ കാലത്ത് മിഖായേൽ കോളിൻ പറയുമായിരുന്നുവത്

 

“നാശം…! അതൊരു ഗെയിം ആയിരുന്നു, അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ റിയാലിറ്റി ആയിരുന്നില്ല” മസ്‌ലോവ്സ്കി പൊട്ടിത്തെറിച്ചു.

 

“നീണ്ടകാലം നാം ഗെയിം കളിച്ചുകൊണ്ടിരുന്നാൽ എന്താണ് സംഭവിക്കുക എന്നറിയുമോ കോമ്രേഡ് കേണൽ? ഒടുവിൽ അത് നമ്മളെത്തന്നെ കളിപ്പിക്കുന്ന അവസ്ഥയിലായിരിക്കും ചെന്നെത്തുക” തികച്ചും ശാന്തസ്വരത്തിൽ കെല്ലി പറഞ്ഞു.

 

“എന്റെ ദൈവമേ! ഇയാളെ ഞാൻ!” വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടായിരുന്നു മസ്‌ലോവ്സ്കിയ്ക്ക് ആത്മനിയന്ത്രണം കൈവിടുന്നത്. എങ്കിലും പൊടുന്നനെ അയാൾ സംയമനം വീണ്ടെടുത്തു. “ഓൾറൈറ്റ് നമുക്ക് കാര്യത്തിലേക്ക് കടക്കാം” കെല്ലിയ്ക്ക് അഭിമുഖമായി ഡെസ്കിന് പിന്നിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു. “ജോലിയ്ക്ക് പോകാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്നാണ് പ്രൊഫസർ ചെർണി പറയുന്നത് നിങ്ങൾ യോജിക്കുന്നുവോ?”

 

“യെസ്, കോമ്രേഡ് കേണൽ

 

“വളരെ ലളിതമാണ് നിങ്ങളുടെ ദൗത്യം ഞങ്ങളുടെ മുഖ്യ എതിരാളികൾ അമേരിക്കയും ബ്രിട്ടനുമാണ് ഇതിൽ ബ്രിട്ടൻ ഇപ്പോൾ വളരെ ദുർബ്ബലമാണ് അവരുടെ സാമ്രാജ്യത്വ കോട്ടകളെല്ലാം തകർന്നു കൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ അവരുടെ ഏറ്റവും വലിയ തലവേദന IRA ആണ് അതിന് പുറമെ അവർക്ക് ഒരു അധിക തലവേദന ആയി മാറുക എന്നതാണ് നിങ്ങളുടെ ജോലി

 

കേണൽ അല്പം മുന്നോട്ട് ചാഞ്ഞ് കെല്ലിയുടെ കണ്ണുകളിലേക്ക് നോക്കി. “ഇന്നു മുതൽ നിങ്ങളുടെ ജോലി അരാജകത്വം സൃഷ്ടിക്കുക എന്നതാണ്

 

“അയർലണ്ടിൽ?”

 

“അതെ എന്നു പറയാം പക്ഷേ, അതിന് മുന്നോടിയായി പുറംലോകത്ത് കുറേക്കൂടി പരിശീലനം ലഭിക്കേണ്ടതുണ്ട് നിങ്ങൾക്ക് ഞാൻ വിശദമാക്കാം” അയാൾ എഴുന്നേറ്റ് നെരിപ്പോടിനരികിലേക്ക് നടന്നു.  “1956 ൽ അൾസ്റ്ററിൽ വച്ച് IRA യുടെ ആർമി കൗൺസിൽ  മറ്റൊരു പോരാട്ടമുറയ്ക്ക് വേണ്ടി വോട്ട് ചെയ്യുകയുണ്ടായി എന്നാൽ മൂന്നു വർഷത്തിന് ശേഷവും അക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല അതുകൊണ്ടു തന്നെ, അധികം താമസിയാതെ അവർ അതിൽ നിന്ന് പിന്മാറുമെന്ന കാര്യത്തിൽ സംശയമില്ല

 

“അതുകൊണ്ട്?”

 

മസ്‌ലോവ്സ്കി തിരികെ ഡെസ്കിനരികിലേക്ക് വന്നു. “ഇതുവരെ കാണാത്ത തരത്തിലുള്ള കലാപങ്ങൾ അധികം താമസിയാതെ തന്നെ അയർലണ്ടിൽ പൊട്ടിപ്പുറപ്പെടുമെന്നാണ് ഞങ്ങളുടെ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം ആ ദിനം ആഗതമാകുമ്പോൾ എല്ലാ വിധത്തിലും തയ്യാറായിരിക്കണം നിങ്ങൾ

 

“മനസ്സിലാവുന്നു, കോമ്രേഡ്

 

“നല്ലത് ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി ബാക്കി കാര്യങ്ങൾ പ്രൊഫസർ ചെർണി നിങ്ങളെ അറിയിക്കുന്നതായിരിക്കും നിങ്ങൾക്ക് പോകാം

 

ഒരക്ഷരം പോലും ഉരിയാടാതെ കെല്ലി പുറത്തേക്ക് നടന്നു. “അയാൾക്കതിന് കഴിയും എനിക്കുറപ്പുണ്ട്” ചെർണി പറഞ്ഞു.

 

“എന്ന് എനിക്കും തോന്നുന്നു അയർലണ്ടിലെ മറ്റ് സ്ലീപ്പർ സെൽ അംഗങ്ങളെപ്പോലെ തന്നെ നല്ലൊരു മുതൽക്കൂട്ട് ആയിരിക്കും ഇയാളും എന്ന് തോന്നുന്നു

 

മസ്‌ലോവ്സ്കി ജാലകത്തിനരികിൽ ചെന്ന് കോരിച്ചൊരിയുന്ന മഴയെ നോക്കി. മനസ്സിനാകെ ഒരു അസ്വസ്ഥത കെല്ലിയെ ഓർത്തിട്ടായിരുന്നില്ല അത്. ആ ചത്വരത്തിൽ വച്ച് കെല്ലിയെ ആക്രമിക്കുന്ന ആ കൊച്ചുപെൺകുട്ടിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.

 

“ആ പെൺകുഞ്ഞ് എന്തായിരുന്നു അവളുടെ പേര്?” മസ്‌ലോവ്സ്കി ചോദിച്ചു.

 

“താന്യാ താന്യാ വൊറോണിനോവ

 

“അനാഥയായിരിക്കുന്നു അവൾ ഇപ്പോൾ അല്ലേ? ആരുമില്ലേ അവൾക്ക്?”

 

“എന്റെ അറിവിൽ ഇല്ല, കേണൽ

 

“കാഴ്ച്ചയിൽ നല്ലൊരു കുട്ടി ബുദ്ധിമതിയും എന്തു തോന്നുന്നു നിങ്ങൾക്ക്?”

 

“തീർച്ചയായും അങ്ങനെതന്നെ തോന്നുന്നു എനിക്ക് വ്യക്തിപരമായി അവളെ അറിയില്ല കേണൽ കോമ്രേഡിന് എന്തെങ്കിലും പ്രത്യേക താല്പര്യമുണ്ടോ അവളുടെ കാര്യത്തിൽ?”

 

“ഇല്ലായ്കയില്ല ഇൻഫ്ലുവൻസ ബാധിച്ച് ആറു വയസ്സുള്ള ഏകമകളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് കഴിഞ്ഞ വർഷമാണ് ഇനിയൊരു കുട്ടിയെക്കുറിച്ച് ആലോചിക്കുന്നത് പോലും എന്റെ ഭാര്യയ്ക്ക് ഇഷ്ടമല്ല വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ ജോലിയ്ക്ക് കയറിയിരിക്കുകയാണവൾ അവളാകെ മാറിപ്പോയിരിക്കുന്നു അവിടെ ആ കുട്ടിയെ കണ്ടതും എന്റെ മനസ്സിൽ ഒരു ചിന്ത മരിച്ചുപോയ എന്റെ മകളുടെ സ്ഥാനത്തേക്ക് അവളെ എടുത്താലോ എന്ന്

 

“വളരെ നല്ല ആശയം, കോമ്രേഡ് എന്തുകൊണ്ടും നല്ല തീരുമാനം

 

“ഗുഡ്” മസ്‌ലോവ്സ്കിയുടെ മുഖം പ്രസന്നമായി. “അവളെ ഞാൻ മോസ്കോയിലേക്ക് കൊണ്ടുപോകുകയാണ് ഭാര്യയ്ക്ക് ഒരു സർപ്രൈസ് ആയിരിക്കും

 

ഡെസ്കിനരികിൽ ചെന്ന് വലിപ്പ് തുറന്ന് വോഡ്കയുടെ ബോട്ട്‌ൽ എടുത്ത് അയാൾ അതിന്റെ കോർക്ക് കടിച്ചു വലിച്ചൂരി. എന്നിട്ട് രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു. “ചിയേഴ്സ് നമ്മുടെ ആ ഐറിഷ് ദൗത്യത്തിനും പിന്നെ…………..” ഓർമ്മ കിട്ടാതെ മസ്‌ലോവ്സ്കി ഒന്ന് കുഴങ്ങി. “എന്തായിരുന്നു അയാളുടെ കോഡ് നെയിം?”

 

“കുഖോളിൻ” ചെർണി പറഞ്ഞു.

 

“അതെ കുഖോളിന് വേണ്ടിയും” വോഡ്ക ഒറ്റയിറക്കിന് കാലിയാക്കിയിട്ട് മസ്‌ലോവ്സ്കി തന്റെ കൈയിലെ ഗ്ലാസ് നെരിപ്പോടിനുള്ളിലേക്ക് വലിച്ചെറിഞ്ഞു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 


12 comments:

  1. "ഭീകരപ്രവർത്തനത്തിന്റെ ഉദ്ദേശ്യം തന്നെ ഭീതി പരത്തുക എന്നതാണെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്…"

    വളരെ ശരി... അല്ലാതെ ഭീകര പ്രവർത്തനങ്ങളിൽ ശരിയും തെറ്റും ഒന്നുമില്ല

    ReplyDelete
  2. എല്ലാം വെറും കളികൾ.. പ്ലാൻ ചെയ്ത കളികൾ!! എക്കാലത്തും തുടരുന്ന കളികൾ..

    ReplyDelete
  3. അരാജകത്വം സൃഷ്ടിച്ച് കലാപങ്ങൾ ഉണ്ടാക്കി..തന്ത്രങ്ങൾ

    ReplyDelete
    Replies
    1. സമാധാനം എവിടെയും പാടില്ല... അതാണവരുടെ ഉദ്ദേശ്യം...

      Delete
  4. ആ കുഞ്ഞിനെ ഇവർ അഡോപ്റ്റ് ചെയ്യുമോ?

    ReplyDelete
    Replies
    1. തീർച്ചയായും... കേണൽ മസ്‌ലോവ്സ്കി അവളെ തന്റെ മകളുടെ സ്ഥാനത്താണ് കാണുന്നത്...

      Delete
  5. ഞാനും അതു തന്നെ ആലോചിച്ചത് .. ആ കുട്ടിയെ സംരക്ഷിക്കുമോ എന്ന്

    ReplyDelete
  6. അങ്ങനെ കുഞ്ഞാവ മോസ്കൊ പോയി അല്ലെ..
    ശെരി .. പോട്ടെ..

    ReplyDelete