Friday, March 17, 2023

കൺഫെഷണൽ – 05

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


1982

 

അദ്ധ്യായം – 1

 

മേജർ ടോണി വില്ലേഴ്സ്, ചെൽസി ബാരക്കിലെ ഗ്രനേഡിയർ ഗാർഡ്സിന്റെ ഓഫീസേഴ്സ് മെസ്സിൽ ചെല്ലുമ്പോൾ ആരും ഉണ്ടായിരുന്നില്ല അവിടെ. നീളമുള്ള ഡൈനിങ്ങ് ടേബിളിൽ മുനിഞ്ഞു കത്തുന്ന മെഴുകുതിരികൾ. അതിന്റെ അരണ്ട വെട്ടത്തിൽ നീളുന്ന നിഴലുകൾ.  

 

ആ മേശയുടെ ഒരറ്റത്തു മാത്രമേ ഡിന്നറിന് വേണ്ടിയുള്ള ക്രമീകരണം ചെയ്തിരുന്നുള്ളൂ എന്ന കാര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മേശപ്പുറത്ത് വച്ചിരിക്കുന്ന സിൽവർ ഐസ് ബക്കറ്റിൽ തന്റെ പ്രിയങ്കരമായ ക്രൂഗ് 1972 ഷാമ്പെയ്ൻ ബോട്ട്‌ൽ കാത്തിരിക്കുന്നു. ഒരു നിമിഷം നോക്കി നിന്നിട്ട് അദ്ദേഹം ആ കുപ്പി എടുത്ത് കോർക്ക് തുറന്ന് അവിടെയുണ്ടായിരുന്ന വലിയ ഗ്ലാസിലേക്ക് ശ്രദ്ധാപൂർവ്വം പകർന്നു. ഗ്ലാസുമായി നെരിപ്പോടിനരികിലേക്ക് നീങ്ങിയ അദ്ദേഹം ചുവരിലെ കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തെ നോക്കി അല്പനേരം നിന്നു.

 

ഇളം ചുവപ്പ് നിറമുള്ള യൂണിഫോം നന്നായി ചേരുന്നുണ്ടായിരുന്നു അദ്ദേഹത്തിന്. അതിൽ അണിഞ്ഞിരിക്കുന്ന മെഡലുകൾ പ്രൗഢമായൊരു കാഴ്ച്ച തന്നെയായിരുന്നു. പ്രത്യേകിച്ചും പർപ്പിളും വെള്ളയും ഇടകലർന്ന മിലിട്ടറി ക്രോസ് സ്ട്രൈപ്‌സും സിൽവർ ബാഡ്ജും. ശരാശരി ഉയരവും വിരിഞ്ഞ മാറുമുള്ള അദ്ദേഹത്തിന്റെ മുടി സൈനികരിൽ കാണുന്നതിൽ നിന്നും വിഭിന്നമായി അല്പം നീണ്ടതായിരുന്നു. പോരാട്ടത്തിൽ എപ്പോഴോ ക്ഷതമേറ്റ മൂക്കിന്റെ അഭംഗിയിലും അദ്ദേഹം സുമുഖൻ തന്നെയായിരുന്നു.

 

എങ്ങും ഘനീഭവിച്ചു നിൽക്കുന്ന മൗനം. മങ്ങിയ വെട്ടത്തിൽ ചുവരിലെ ഛായാചിത്രങ്ങളിൽ നിന്നും തന്നെ തുറിച്ചു നോക്കുന്ന മൺമറഞ്ഞ മഹാരഥന്മാർ. ആ പരിസരം മൊത്തം ഒരു അവാസ്തവികത നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി അദ്ദേഹത്തിന്. മുന്നിലെ കണ്ണാടിയിൽ ഒന്നിന് പിറകെ ഒന്നായി കാണുന്ന തന്റെ പ്രതിബിംബങ്ങൾ അനന്തതയിൽ ലയിക്കുന്നു. തൊണ്ട വരളുന്നത് പോലെ. ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞ തന്റെ സ്വരം മറ്റാരുടെയോ എന്ന പോലെ തോന്നി അദ്ദേഹത്തിന്.

 

“ടോണി, ഓൾഡ് സൺ ഇത് നിനക്കു വേണ്ടി കൂടാതെ, നവവത്സരാശംസകളും” അദ്ദേഹം മന്ത്രിച്ചു.

 

ചുണ്ടോടടുപ്പിച്ച ഷാമ്പെയ്ന് മുമ്പെങ്ങുമില്ലാത്ത വിധം തണുപ്പായിരുന്നു. ഉത്സാഹത്തോടെ ഒരു സിപ്പ് എടുത്ത അദ്ദേഹം നിലവിളിച്ചു പോയി. തീഗോളം വിഴുങ്ങിയത് പോലെ ആ ദ്രാവകം കടന്നു പോയിടമെല്ലാം കത്തിയെരിയുന്നു. പൊടുന്നനെയാണ് തന്റെ മുന്നിലെ കണ്ണാടി ഉടഞ്ഞ് ചിതറി വീണത്. അടുത്ത നിമിഷം കാൽക്കീഴിലെ തറ രണ്ടായി പിളർന്ന് അദ്ദേഹം താഴേക്ക് പതിച്ചു.

 

                                               ***

 

തീർച്ചയായും അതൊരു സ്വപ്നം മാത്രമായിരുന്നു. ഒട്ടും ദാഹം അനുഭവപ്പെടാത്ത ഒരു സ്വപ്നം. ഉറക്കമുണർന്നപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്, കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഇരിക്കുന്ന അതേയിടത്തു തന്നെയാണ് താൻ ഇപ്പോഴും എന്നത്. ആ ചെറിയ മുറിയുടെ മൂലയിൽ ചുവരും ചാരി ഒന്ന് കിടക്കാൻ പോലുമാകാതെ ഒരേയിരുപ്പ്. കഴുത്തിന് ചുറ്റുമായി ഘടിപ്പിച്ചിരിക്കുന്ന മരത്തിന്റെ വളയത്തിലേക്ക് ഇരുകൈത്തണ്ടകളും ഉയർത്തി ചുമലിന്റെ ലെവലിൽ ബന്ധിച്ചിരിക്കുന്നു.

 

ബലൂഷി ഗോത്രവർഗ്ഗക്കാർ ധരിക്കുന്നത് പോലെയുള്ള ഒരു പച്ച ശിരോവസ്ത്രം തലയിൽ ചുറ്റിക്കെട്ടിയിട്ടുണ്ട്. അവരുടെ ട്രൂപ്പിനെ നയിച്ചുകൊണ്ടിരിക്കവെയാണ് ഒമാനിലെ ദോഫാർ മലമ്പ്രദേശത്ത് വച്ച് പത്ത് ദിവസം മുമ്പ് റഷീദികളുടെ പിടിയിൽ അകപ്പെടുന്നത്. അദ്ദേഹത്തിന്റെ കാക്കി ബുഷ് ഷർട്ടും ട്രൗസേഴ്സും അഴുക്ക് പുരണ്ട് അങ്ങിങ്ങായി കീറിയിരിക്കുന്നു. റഷീദികളിൽ ഒരുവൻ അദ്ദേഹത്തിന്റെ ഡെസർട്ട് ഷൂസ് മോഷ്ടിച്ചു കൊണ്ടുപോയതിനാൽ പാദങ്ങൾ നഗ്നമാണ്. ഷേവ് ചെയ്യാത്തതിനാൽ താടിരോമങ്ങൾ വല്ലാത്ത അസ്വസ്ഥത പകരുന്നു. എന്ത് തന്നെ സംഭവിച്ചാലും ദിവസേനയുള്ള ഷേവിങ്ങ് മുടങ്ങുന്ന പ്രശ്നമേയില്ലായിരുന്നു. SAS (Special Air Service) ൽ ആയിരുന്നപ്പോൾ പോലും മുടങ്ങാതിരുന്ന ആ ശീലമാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.

 

വാതിലിന്റെ ഓടാമ്പൽ നീങ്ങുന്ന ശബ്ദം. മലർക്കെ തുറന്ന വാതിലിലൂടെ ചെളിപുരണ്ട വെള്ള തോബ് ധരിച്ച മെലിഞ്ഞ രണ്ട് റഷീദികൾ അകത്തേക്ക് പ്രവേശിച്ചു. അവരുടെ ചുമലിൽ നിന്നും നെഞ്ചിലേക്ക് ഒരു മാല പോലെ മെഷീൻ ഗണ്ണിന്റെ തിരകൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഒരക്ഷരം പോലും ഉരിയാടാതെ അവർ ഇരുവരും ചേർന്ന് മേജർ ടോണി വില്ലേഴ്സിനെ പിടിച്ചെഴുന്നേൽപ്പിച്ച് പുറത്തേക്ക്  കൊണ്ടുപോയി ചുവരിനരികിൽ ഇരുത്തിയിട്ട് നടന്നു പോയി.

 

പ്രഭാതസൂര്യന്റെ കിരണങ്ങളുമായി കണ്ണുകൾ താദാത്മ്യം പ്രാപിക്കുവാൻ അല്പനേരം വേണ്ടി വന്നു. ബിർ എൽ ഗഫാനി എന്ന ആ കൊച്ചു ഗ്രാമത്തിൽ പരന്ന മേൽക്കൂരയുള്ള ഏതാനും ചെറിയ വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്പം താഴെയായി ഒരു മരുപ്പച്ചയും ഏതാനും ഈന്തപ്പനകളുമുണ്ട്. അഞ്ചോ ആറോ ഒട്ടകങ്ങളെയും തെളിച്ചുകൊണ്ട് ഒരു പയ്യൻ അവിടെയുള്ള ചെറിയ കുളത്തിനരികിലേക്ക് പോകുന്നു. കറുത്ത അബായയും മുഖാവരണവും ധരിച്ച ഏതാനും സ്ത്രീകൾ അവിടെ വസ്ത്രം കഴുകിക്കൊണ്ടിരിക്കുന്നുണ്ട്.

 

വലതുഭാഗത്ത് അകലെയായി ഒമാന്റെ തെക്കൻ പ്രവിശ്യയിലെ ദോഫാർ മലനിരകൾ നീലാകാശം മുട്ടെ ഉയർന്നു നിൽക്കുന്നു. പത്ത് ദിവസം മുമ്പ് വരെയും ആ മലനിരകളിലായിരുന്നു മേജർ ടോണി വില്ലേഴ്സ്. മാർക്സിസ്റ്റ് ഗറില്ലകളെ പിടികൂടാൻ ബലൂഷി ഗോത്രക്കാർക്ക് പരിശീലനം നൽകുക  എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ബിർ എൽ ഗഫാനി വാസ്തവത്തിൽ ഒരു എനിമി ടെറിറ്ററി ആണെന്ന് വേണം പറയുവാൻ. പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് സൗത്ത് യെമന്റെ ഭരണം വടക്ക് ഒമാന്റെ അതിർത്തിയിലെ മരുപ്രദേശം വരെ വ്യാപിച്ചിരിക്കുന്നു.

 

തന്റെ വലതുവശത്ത് ഒരു വലിയ മൺകുടത്തിൽ വെള്ളവും തവിയും ഇരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ദാഹിക്കുന്നുണ്ടെങ്കിലും കൈകൾ രണ്ടും ബന്ധിച്ചിരിക്കുന്നതിനാൽ ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. തെല്ലകലെയുള്ള മണൽക്കൂനയ്ക്ക് അപ്പുറത്തു നിന്നും ഒരു ഒട്ടകം ആ മരുപ്പച്ചയുടെ നേർക്ക് വന്നു കൊണ്ടിരിക്കുന്നത് അദ്ദേഹം കണ്ടു.

 

ഒരു നിമിഷം കണ്ണുകളടച്ച് തല കുമ്പിട്ട് അദ്ദേഹം ഇരുന്നു. കഴുത്തിന് നല്ല വേദനയുണ്ട്. അടുത്തു വരുന്ന കാലടി ശബ്ദം കേട്ട് കണ്ണുകൾ തുറന്ന അദ്ദേഹം കണ്ടത് തന്റെ നേർക്ക് നടന്നടുക്കുന്ന സലിം ബിൻ അൽ കമാനെയാണ്. കറുത്ത തോബും ശിരോവസ്ത്രവും അണിഞ്ഞ അയാളുടെ അരയുടെ വലതുഭാഗത്തെ ഹോൾസ്റ്ററിൽ ഒരു ബ്രൗണിങ്ങ് ഓട്ടോമാറ്റിക്ക് ഗൺ തൂങ്ങിക്കിടക്കുന്നുണ്ട്. ബെൽറ്റിന്റെ ഇടതുവശത്തെ ഉറയിൽ നീണ്ടു വളഞ്ഞ ഒരു കത്തി തിരുകിയിരിക്കുന്നു. ഇതു രണ്ടും കൂടാതെ കൈയിൽ ഒരു ചൈനീസ് നിർമ്മിത AK അസോൾട്ട് റൈഫിളും. നരച്ചു തുടങ്ങിയ താടിരോമങ്ങളുള്ള അയാൾ അരികിൽ വന്ന് സൗഹൃദഭാവത്തോടെ വില്ലേഴ്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.      

 

“സലാം അലൈക്കും, സലിം ബിൻ അൽ കമാൻ” വില്ലേഴ്സ് അറബി ഭാഷയിൽ പറഞ്ഞു.

 

“അലൈക്കും സലാം... ഗുഡ് മോണിങ്ങ് വില്ലേഴ്സ് സാഹിബ്” ആ ഗുഡ് മോണിങ്ങ് മാത്രമായിരുന്നു അയാൾ പറഞ്ഞ ഏക ഇംഗ്ലീഷ് വാക്യം. പിന്നെ അയാൾ തുടർന്നത് മുഴുവനും അറബിയിലായിരുന്നു.

 

AK റൈഫിൾ ചുവരിൽ ചാരി വച്ചിട്ട് തവിയിൽ വെള്ളം എടുത്ത് സലിം ശ്രദ്ധയോടെ മേജർ വില്ലേഴ്സിന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു. ആ ഇംഗ്ലീഷുകാരൻ അത് ആർത്തിയോടെ കുടിച്ചു. കഴിഞ്ഞ പത്തു ദിവസമായി അവർക്കിടയിൽ എന്നും രാവിലെ നടക്കുന്ന ഒരു ചടങ്ങാണത്. സലിം വീണ്ടും തവിയിൽ വെള്ളം എടുത്തു. ആ തണുത്ത വെള്ളത്തിനായി വില്ലേഴ്സ് വീണ്ടും മുഖം ഉയർത്തി.

 

“ആശ്വാസം തോന്നുന്നുണ്ടോ?” സലിം ചോദിച്ചു.

 

“എന്ന് പറയാം

 

നേരത്തെ കണ്ട ഒട്ടകം ഏതാണ്ട് നൂറു വാരയോളം അകലെ എത്തിയിരിക്കുന്നു. ഒട്ടകത്തിന്റെ പുറത്ത് ഇരിക്കുന്ന ആളുടെ ഇരിപ്പിടത്തിന്റെ പിടിയിൽ ഒരു കയർ കെട്ടിയിട്ടുണ്ട്. കയറിന്റെ മറുഭാഗത്ത് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു മനുഷ്യൻ ബുദ്ധിമുട്ടി ഏന്തി വലിഞ്ഞ് അവർക്ക് പിന്നിൽ അനുഗമിക്കുന്നു.

 

“ആരാണത്?” വില്ലേഴ്സ് ആരാഞ്ഞു.

 

“ഹമീദ്” സലിം പറഞ്ഞു.

 

“നിങ്ങളുടെ സുഹൃത്താണോ?”

 

സലിം പുഞ്ചിരിച്ചു. “ഇത് ഞങ്ങളുടെ രാജ്യമാണ് മേജർ വില്ലേഴ്സ് റഷീദിന്റെ രാജ്യം ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമേ ഇങ്ങോട്ട് പ്രവേശനമുള്ളൂ

 

“പക്ഷേ, പീപ്പിൾസ് റിപ്പബ്ലിക്ക് അധികാരികൾ ഹാഉഫ് പ്രദേശത്ത് റഷീദിന്റെ ഭരണത്തെ അംഗീകരിക്കുന്നില്ലല്ലോ എന്തിന്, അള്ളാഹുവിനെപ്പോലും അവർ അംഗീകരിക്കുന്നില്ല മാർക്സ് മാത്രമാണ് അവരുടെ വഴികാട്ടി

 

“അവർ ഭരിക്കുന്ന പ്രദേശത്ത് എന്തുമാകാം അവർക്ക് പക്ഷേ, റഷീദിന്റെ രാജ്യത്ത്………..” ചുമൽ ഒന്ന് വെട്ടിച്ചിട്ട് സലിം ഒരു കാർഡ്ബോർഡ് ട്യൂബ് എടുത്തു. “ആ വിഷയം നമുക്ക് മതിയാക്കാം നിങ്ങൾക്ക് സിഗരറ്റ് വേണോ സുഹൃത്തേ?”

 

ആ ട്യൂബിൽ നിന്നും ഒരു സിഗരറ്റ് പുറത്തെടുത്ത് അയാൾ വില്ലേഴ്സിന്റെ ചുണ്ടിൽ തിരുകിയിട്ട് തീ കൊളുത്തിക്കൊടുത്തു.

 

“ഇത് റഷ്യനാണല്ലോ” വില്ലേഴ്സ് അഭിപ്രായപ്പെട്ടു.

 

“ഇവിടെ നിന്ന് അമ്പത് മൈൽ അകലെ ഫസാരി മരുഭൂമിയിൽ ഒരു എയർബേസ് ഉണ്ട് ധാരാളം റഷ്യൻ വിമാനങ്ങളും ട്രക്കുകളും റഷ്യൻ പട്ടാളക്കാരും എല്ലാം എല്ലാം ഉണ്ടവിടെ

 

“അതെ എനിക്കറിയാം” വില്ലേഴ്സ് പറഞ്ഞു.

 

“എന്നിട്ടാണോ നിങ്ങളുടെ പ്രസിദ്ധമായ SAS ന് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്തത്?”

 

“ഞങ്ങളുടെ രാഷ്ട്രം യെമനുമായി യുദ്ധത്തിലല്ല” വില്ലേഴ്സ് പറഞ്ഞു. “ഒമാനിലെ സുൽത്താന്റെ ആവശ്യപ്രകാരം, D.L.F ലെ (Dhofar Liberation Front) മാർക്സിസ്റ്റ് ഗറില്ലകളെ തുരത്താൻ അദ്ദേഹത്തിന്റെ സൈന്യത്തിന് പരിശീലനം നൽകുന്നതിന് വേണ്ടി ബ്രിട്ടീഷ് ആർമി അയച്ചതാണ് എന്നെ

 

“ഞങ്ങൾ മാർക്സിസ്റ്റുകളല്ല വില്ലേഴ്സ് സാഹിബ് റഷീദിന്റെ പ്രജകളാായ ഞങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോകാനുള്ള സ്വാതന്ത്ര്യമുണ്ട് ബ്രിട്ടീഷ് SAS ലെ ഒരു മേജറായ നിങ്ങളെ വച്ച് വിലപേശിയാൽ ധാരാളം ഒട്ടകങ്ങളും തോക്കുകളും പകരമായി ഞങ്ങൾക്ക് ലഭിക്കും

 

“ആരോട്?” വില്ലേഴ്സ് ആരാഞ്ഞു.

 

“ഫസാരിയിലേക്ക് ഞാൻ വിവരം അറിയിച്ചിട്ടുണ്ട് റഷ്യക്കാർ ഇന്ന് എപ്പോഴെങ്കിലും എത്തുമെന്നാണ് പറഞ്ഞത് നല്ല പ്രതിഫലമാണ് നിങ്ങളെ കൈമാറുന്നതിന് പകരമായി അവർ തരാൻ പോകുന്നത് എന്റെ ആവശ്യങ്ങൾ അവർ അംഗീകരിച്ചിട്ടുണ്ട്

 

“അവർ തരാമെന്ന് പറഞ്ഞത് എത്രയായാലും ശരി, അതിനെക്കാൾ വലിയ തുക ഞങ്ങളുടെ ആൾക്കാർ തരും നിങ്ങൾക്ക്” വില്ലേഴ്സ് പറഞ്ഞു. “സുരക്ഷിതമായി എന്നെ ദോഫാറിൽ എത്തിച്ചാൽ മാത്രം മതി നിങ്ങൾ ആവശ്യപ്പെടുന്നതെന്തും തരും അവർ ഇംഗ്ലീഷ് സ്വർണ്ണ നാണയങ്ങൾ, എന്തിന്, ജർമ്മൻ സിൽവർ നാണയങ്ങൾ വരെ

 

“പക്ഷേ, വില്ലേഴ്സ് സാഹിബ് ഞാൻ വാക്ക് കൊടുത്തു പോയി” തെല്ല് പരിഹാസത്തോടെ സലിം പുഞ്ചിരിച്ചു.

 

“എനിക്കറിയാം” വില്ലേഴ്സ് പറഞ്ഞു. “വാക്ക് എന്ന് വച്ചാൽ റഷീദികൾക്ക് എല്ലാമെല്ലാമാണ്

 

“തീർച്ചയായും!”

 

ആ ഒട്ടകം അടുത്തെത്തിയതും സലിം എഴുന്നേറ്റു. മുന്നോട്ട് കുനിഞ്ഞ് മുട്ടു കുത്തിയ ഒട്ടകത്തിന്റെ പുറത്തു നിന്നും താഴെയിറങ്ങിയ ചെമ്മണ്ണ് നിറമുള്ള തോബ് ധരിച്ച ഹമീദ് അവർക്ക് നേരെ നടന്നടുത്തു. ആ റഷീദിപോരാളിയുടെ ചുമലിൽ ഒരു റൈഫിൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തന്റെ കൈയിലെ കയർ വലിച്ചപ്പോൾ അതിന്റെ അറ്റത്ത് ബന്ധിക്കപ്പെട്ടിരുന്ന മനുഷ്യൻ മുന്നോട്ടാഞ്ഞ് മുട്ടുകുത്തി വീണു.

 

“ആരാണിയാൾ?” സലിം ചോദിച്ചു.

 

“രാത്രിയിലാണ് ഇയാളെ കണ്ടത് മരുഭൂമിയിലൂടെ നടന്നു പോകുകയായിരുന്നു” ഹമീദ് ഒട്ടകത്തിനടുത്തേക്ക് ചെന്ന് ഒരു മിലിട്ടറി വാട്ടർ ബോട്ട്‌ലും ബാഗും എടുത്തു കൊണ്ടു വന്നു. “ഇയാളുടെ കൈയിലുണ്ടായിരുന്നതാണ്

 

ഒന്നോ രണ്ടോ ബ്രഡും ഏതാനും ആർമി റേഷൻ സാധനങ്ങളും ആ ബാഗിലുണ്ടായിരുന്നു. എല്ലാത്തിന്റെയും ലേബൽ റഷ്യൻ ഭാഷയിലായിരുന്നു.

 

ആ ലേബലുകൾ വില്ലേഴ്സിന് കാണാനാവുന്നത് പോലെ പിടിച്ചിട്ട് സലിം ആ മനുഷ്യനോട് അറബിയിൽ ചോദിച്ചു. “നിങ്ങൾ റഷ്യക്കാരനാണോ?”

 

പ്രായം ചെന്ന ആ മനുഷ്യന്റെ മുടിയെല്ലാം നരച്ചിരുന്നു. ക്ഷീണിച്ചവശനായ അയാളുടെ കാക്കി ഷർട്ട് വിയർപ്പു കൊണ്ട് കുതിർന്നിരിക്കുന്നു. നിഷേധരൂപേണ തലയാട്ടിയ അയാളുടെ ചുണ്ടുകൾ ചതഞ്ഞ് വീങ്ങിയിട്ടുണ്ട്. മൺകലത്തിൽ നിന്നും ഒരു തവി വെള്ളം കോരി സലിം അയാൾക്ക് നേരെ നീട്ടി. അയാളത് വാങ്ങിക്കുടിച്ചു.

 

അത്യാവശ്യത്തിന് റഷ്യൻ ഭാഷ സംസാരിക്കാൻ അറിയുമായിരുന്നു മേജർ വില്ലേഴ്സിന്. അദ്ദേഹം ചോദിച്ചു. “നിങ്ങൾ ആരാണെന്നാണ് ഇയാൾക്കറിയേണ്ടത് ഫസാരിയിൽ നിന്നാണോ നിങ്ങൾ വരുന്നത്?”

 

“നിങ്ങളാരാണ്?” ആ വയസ്സൻ തിരിച്ചു ചോദിച്ചു.

 

“ഞാനൊരു ബ്രിട്ടീഷ് ഓഫീസറാണ് ദോഫാറിൽ സുൽത്താന്റെ സൈന്യത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു അപ്പോഴാണ് ഈ റഷീദികൾ ഞങ്ങളുടെ ട്രൂപ്പിനെ ആക്രമിച്ചതും എന്റെയൊപ്പമുണ്ടായിരുന്നവരെ വധിച്ച് എന്നെ തടവുകാരനായി പിടിച്ചതും

 

 “ഇയാൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമോ?”

 

“ഏറിയാൽ മൂന്ന് വാക്കുകൾ മാത്രം നിങ്ങൾക്ക് അറബി വശമില്ല അല്ലേ?”

 

“ഇല്ല എന്തായാലും നിങ്ങളുടെ റഷ്യൻ ഭാഷയെക്കാൾ ഭേദമാണ് എന്റെ ഇംഗ്ലീഷ് എന്റെ പേര് വിക്ടർ ലെവിൻ ഫസാരിയിൽ നിന്നാണ് വരുന്നത് ദോഫാറിൽ എത്തിപ്പെടാൻ ശ്രമിക്കുകയായിരുന്നു ഞാൻ

 

“കൂറുമാറാനോ?” വില്ലേഴ്സ് ചോദിച്ചു.

 

“എന്നു പറയാം

 

“ഇയാൾ നിങ്ങളോട് ഇംഗ്ലീഷിലാണല്ലോ സംസാരിക്കുന്നത് അപ്പോൾ റഷ്യക്കാരനല്ലേ ഇയാൾ?” സലിം അറബി ഭാഷയിൽ വില്ലേഴ്സിനോട് ചോദിച്ചു.

 

വില്ലേഴ്സ് പതിഞ്ഞ സ്വരത്തിൽ ലെവിനോട് പറഞ്ഞു. “നോക്കൂ, നിങ്ങളുടെ കാര്യത്തിൽ നുണ പറയുന്നതിൽ അർത്ഥമില്ല എന്നെ കൊണ്ടുപോകാനായി നിങ്ങളുടെ ആൾക്കാർ ഇന്നിവിടെ എത്തുന്നുണ്ട്” അദ്ദേഹം സലീമിന് നേർക്ക് തിരിഞ്ഞു. “അതെ റഷ്യക്കാരനാണ് ഫസാരിയിൽ നിന്നുമാണ് ഇയാൾ വരുന്നത്

 

“എന്നിട്ട്, റഷീദിന്റെ സാമ്രാജ്യത്തിൽ എന്തു ചെയ്യുകയായിരുന്നു ഇയാൾ?”

 

“ദോഫാറിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു

 

പുരികം ചുളിച്ച് സലിം അയാളെ തുറിച്ചു നോക്കി. “ഇയാളുടെ സ്വന്തം ആൾക്കാരുടെ അടുത്തു നിന്നും രക്ഷപെടാൻ നോക്കുകയോ?” തന്റെ തുടയിൽ ആഞ്ഞടിച്ചിട്ട് അയാൾ പൊട്ടിച്ചിരിച്ചു. “അതേതായാലും നന്നായി അവർ ഇയാൾക്കും നല്ല പ്രതിഫലം തരും ബോണസ് തന്നെ സുഹൃത്തേ അള്ളാഹു എന്നോട് കരുണയുള്ളവനാണ്” അയാൾ ഹമീദിന് നേരെ തലയാട്ടി. “ഇവരെ രണ്ടു പേരെയും അകത്തു കൊണ്ടുപോയി തടവിലിട്ടേക്കൂഎന്നിട്ട് ഭക്ഷണം നൽകിയതിന് ശേഷം എന്നെ വന്ന് കാണൂ” അയാൾ നടന്നകന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

15 comments:

  1. 1959 ൽ ഉക്രെയിനിൽ നടന്ന ആ സംഭവത്തിന് ശേഷം നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞ് 1982 ആയിരിക്കുന്നു. യെമൻ - ഒമാൻ അതിർത്തിയിലെ ബിർ എൽ ഗഫാനി ഗ്രാമത്തിലേക്ക് കഥാകാരൻ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു...

    ReplyDelete
    Replies
    1. ഇരുപത്തിമൂന്നും എട്ടും മുപ്പത്തിയൊന്ന്..!

      Delete
    2. അമ്പട കള്ളാ... കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽത്തന്നെ... 🤪

      Delete
  2. Replies
    1. ഗ്രൂവിൽ വീഴാൻ സമയം എടുക്കുന്നുണ്ടോ ശ്രീ...?

      Delete
  3. തോബ്, അബായ, ഈന്തപ്പനകൾ, മരുഭൂമി, ഒട്ടകങ്ങൾ.. വീണ്ടും അറബി നാട്ടിൽ എത്തിയതുപോലെ..

    ReplyDelete
    Replies
    1. മ്മ്ടെ സ്വ‌ന്തം നാട്, അല്ലേ...?

      Delete
  4. മരുഭൂമിയിലൂടെ കഥ തുടരുന്നു

    ReplyDelete
    Replies
    1. അതെ... മുൻലക്കങ്ങളിൽ നാം പരിചയപ്പെട്ട ആ സ്ട്രക്ചറൽ എഞ്ചിനീയർ വിക്ടർ ലെവിൻ തന്നെയാണ് ഈ ലെവിൻ... ഇപ്പോൾ വയസ്സനായിരിക്കുന്നു...

      Delete
  5. ഇയാൾ മുന്നേ വന്ന വിക്ടർ ആണോ

    ReplyDelete
    Replies
    1. അതെ... അതു തന്നെ ആൾ... വിക്ടർ ലെവിൻ...

      Delete
  6. അങ്ങനെ ലെവിൻ പിന്നേം കഥയിൽ ..
    ഓക്കേ .. കാര്യങ്ങൾ മനസ്സിലായി വരുന്നുണ്ട്

    ReplyDelete
    Replies
    1. സാരമില്ല... അല്പം സമയം എടുക്കും...

      Delete