Thursday, April 20, 2023

കൺഫെഷണൽ – 08

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


പുറത്ത് ഇടനാഴിയിൽ ആരുടെയോ പാദപതനവും പതിഞ്ഞ സ്വരത്തിലുള്ള സംസാരവും കേട്ടാണ് വില്ലേഴ്സ് ഉണർന്നത്. ഉറങ്ങുന്നതിന് മുമ്പ് സീലിങ്ങിലെ ലൈറ്റ് ഓൺ ചെയ്യേണ്ടതായിരുന്നു. ഭാഗ്യത്തിന് അവർ അദ്ദേഹത്തിന്റെ റോളക്സ് വാച്ച് ഊരിയെടുത്തിട്ടില്ല. ഒരു മാത്ര സമയം നോക്കവെ സമീപത്തെ കട്ടിലിൽ ലെവിൻ ഒന്ന് തിരിഞ്ഞു കിടന്നത് വില്ലേഴ്സ് ശ്രദ്ധിച്ചു.

 

“എന്താണത്?” ലെവിൻ ചോദിച്ചു.

 

“ഒമ്പത് പതിനഞ്ച് ആയി ചിലപ്പോൾ ഭക്ഷണം കൊണ്ടുവരുന്നതാകാം

 

വില്ലേഴ്സ് എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് ചെന്നു. അർദ്ധചന്ദ്രൻ ആകാശത്ത് നക്ഷത്രങ്ങളോടൊപ്പം വെളിച്ചം പരത്തി നിൽക്കുന്നു. മരുഭൂമി മൊത്തം നിലാവെട്ടത്തിൽ കുളിച്ച് നിൽക്കുന്ന കാഴ്ച്ച മനോഹരം തന്നെ. ഹാങ്കറിന് മുന്നിൽ കിടക്കുന്ന മിഗ്‌-23 വിമാനങ്ങൾ കറുത്ത കട്ടൗട്ടുകൾ പോലെ തോന്നിച്ചു. “ദൈവമേ എന്തെങ്കിലും ഒരു വഴി കാണാതിരിക്കുമോ…? മനസ്സിൽ പറഞ്ഞിട്ട് അദ്ദേഹം തിരിഞ്ഞു.  

 

“അല്ല, ഞാൻ ആലോചിക്കുകയായിരുന്നു” വില്ലേഴ്സ് പറഞ്ഞു. “അവസരം കിട്ടിയാൽ ഇവിടെ നിന്ന് ഓടി രക്ഷപെടുന്നതിനെക്കുറിച്ച് പിന്നിൽ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടേക്കാമെങ്കിലും മോസ്കോയിലെയും ലുബിയാൻകയിലെയും തടവറകളെക്കാൾ എന്തുകൊണ്ടും ഭേദമായിരിക്കും അത്

 

വാതിലിന്റെ ബോൾട്ട് നീങ്ങി. അടുത്ത നിമിഷം കതക് മലർക്കെ തുറന്ന് ഒരു കോർപ്പറൽ സെല്ലിനുള്ളിലേക്ക് പ്രവേശിച്ചു. തൊട്ടു പിന്നിൽ ഒരു വലിയ ട്രേയിൽ രണ്ട് പാത്രങ്ങളിലായി സ്റ്റ്യൂവും റൊട്ടിയും കോഫിയുമായി ഒരു അറബ് വംശജനും. തല മുന്നോട്ട് കുനിച്ചിരുന്നതിനാൽ ആ അറബിയുടെ മുഖം കാണുവാൻ വില്ലേഴ്സിന് സാധിച്ചില്ല. എങ്കിലും അയാളുടെ ശരീരഭാഷയിൽ എവിടെയോ ഒരു പരിചിതത്വം തോന്നാതിരുന്നില്ല അദ്ദേഹത്തിന്.

 

“പെട്ടെന്ന് വച്ചിട്ട് വരൂ” ആ കോർപ്പറൽ അക്ഷമയോടെ അറബിഭാഷയിൽ അയാളോട് ആജ്ഞാപിച്ചു.

 

ലെവിന്റെ കട്ടിലിന്റെ കാൽക്കൽ ഉണ്ടായിരുന്ന ചെറിയ മേശപ്പുറത്ത് ട്രേ വച്ചിട്ട് തലയുയർത്തിയ അയാളെ തിരിച്ചറിഞ്ഞ വില്ലേഴ്സും ലെവിനും അമ്പരന്നു പോയി. സലിം ബിൻ അൽ കമാൻ ആയിരുന്നു അത്. പുറത്തിറങ്ങാനായി ആ കോർപ്പറൽ തിരിഞ്ഞതും സലിം തന്റെ വസ്ത്രത്തിന്റെ ഇടതു കൈയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്തു. എന്നിട്ട് അയാളുടെ പിന്നിൽ ചെന്ന് കഴുത്തിലൂടെ കൈ ചുറ്റി വായ് പൊത്തിപ്പിടിച്ച് വാരിയെല്ലുകൾക്കിടയിലേക്ക് കുത്തിയിറക്കി. അടി തെറ്റിയ അയാളെ താങ്ങി കട്ടിലിലേക്ക് കിടത്തിയിട്ട് കത്തി അയാളുടെ യൂണിഫോമിൽ തുടച്ചു.

 

സലിം പുഞ്ചിരിച്ചു. “താങ്കൾ പറഞ്ഞതിനെക്കുറിച്ച് ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു, വില്ലേഴ്സ് സാഹിബ്താങ്കളെ തിരികെ ഏല്പിച്ചാൽ ദോഫാറിലുള്ള താങ്കളുടെ ആൾക്കാർ നല്ല പ്രതിഫലം നൽകുമെന്ന കാര്യം

 

“ഞങ്ങളെക്കൊണ്ട് ഇരുഭാഗത്തു നിന്നും പണം ബിസിനസ്സിൽ മിടുക്കൻ തന്നെ നിങ്ങൾ” വില്ലേഴ്സ് പറഞ്ഞു.

 

“തീർച്ചയായുംപക്ഷേ, എന്തൊക്കെയായാലും ഈ റഷ്യക്കാർ എനിക്കു തന്ന വാക്കു പാലിച്ചില്ല അതുകൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു

 

“മറ്റു ഗാർഡുകളൊക്കെ എവിടെയാണ്?”

 

“അത്താഴത്തിന് പോയിരിക്കുന്നു കിച്ചണിലെ എന്റെ സുഹൃത്തുക്കൾ വഴി അറിഞ്ഞതാണ് ഇതെല്ലാം ഇങ്ങോട്ട് ഭക്ഷണം കൊണ്ടുവരേണ്ടിയിരുന്ന ആളുടെ തലയിൽ നല്ലൊരു പ്രഹരമേറ്റതിനെത്തുടർന്നാണ് പകരക്കാരനായി ഞാൻ എത്തിയത് എല്ലാം നേരത്തെ തന്നെ ഏർപ്പാടാക്കിയതാണെന്ന് കൂട്ടിക്കോളൂ അതെന്തെങ്കിലുമാവട്ടെ, പെട്ടെന്ന് വരൂ, പുറത്ത് വാദിയ്ക്കപ്പുറം ഒട്ടകങ്ങളുമായി ഹമീദ്  കാത്തുനിൽക്കുന്നുണ്ട്

 

സെല്ലിന് പുറത്ത് കടന്ന് വാതിൽ കുറ്റിയിട്ടിട്ട് അവർ അതിവേഗം ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി. തികച്ചും ശാന്തമായിരുന്നു ഫസാരി എയർബേസ്. നിലാവെട്ടത്തിൽ ആ പരിസരമാകെ നിശ്ചലമായി നിലകൊള്ളുന്നു.

 

“കണ്ടില്ലേ” സലിം പറഞ്ഞു. “ആർക്കും ഒരു ഉത്തരവാദിത്തവുമില്ല പാറാവുകാർ വരെ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ് യൂണിഫോം ഉണ്ടെന്നേയുള്ളൂ കാര്യഗൗരവം ഒട്ടും തന്നെയില്ല” അവിടെ ചുവരിനോട് ചേർന്ന് ഉണ്ടായിരുന്ന ഒരു സ്റ്റീൽ ഡ്രമ്മിന്റെ അടുത്തെത്തിയതും സലിം ഒരു പായ്ക്കറ്റ് നീട്ടി. “ഇത് ധരിച്ചിട്ട് എന്റെ കൂടെ വരൂ

 

രാത്രിയിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ ബദുക്കൾ ധരിക്കുന്ന തരം കമ്പിളിത്തുണി കൊണ്ട് നിർമ്മിച്ച രണ്ട് തോബുകൾ ആയിരുന്നു അത്. ചെവിയും തലയും മൂടുവാൻ സാധിക്കും വിധം ഫ്ലാപ്പും ഉണ്ടായിരുന്നു അതിന്. വില്ലേഴ്സും ലെവിനും ആ വസ്ത്രം അണിഞ്ഞ് സലിമിന്റെ പിന്നാലെ ഹാങ്കറിന് സമീപത്തേക്ക് നടന്നു.

 

“ഇതിനു് ചുറ്റും വേലിയോ മതിലോ ഒന്നും തന്നെയില്ലല്ലോ” വില്ലേഴ്സ് മന്ത്രിച്ചു.

 

“ഈ മരുഭൂമി മാത്രം മതി അവർക്ക് മതിലിന്റെ ഫലം ചെയ്യാൻ” ലെവിൻ പറഞ്ഞു.

 

ഹാങ്കറുകൾക്കപ്പുറം ഉയർന്നു പൊങ്ങി നിൽക്കുന്ന മണൽക്കുന്നുകൾ. “അതിന്റെ താഴ്‌വാരമാണ് വാദി അൽ ഹറാ എന്ന് പറയുന്ന സ്ഥലം. ഏറിയാൽ ഇവിടെ നിന്നും കാൽ മൈൽ ദൂരം അവിടെയാണ് ഹമീദ് നമ്മളെ കാത്തു നിൽക്കുന്നത്” സലിം പറഞ്ഞു.

 

“ഒന്ന് ചോദിച്ചോട്ടെ, കിരോവ് നാളെ നിങ്ങളെ തേടിയെത്താൻ സാദ്ധ്യതയുണ്ടോ?”

 

“ഇല്ലായ്കയില്ല പക്ഷേ ഫലമൊന്നുമില്ല, എന്റെ ആൾക്കാർ ദോഫാർ അതിർത്തിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു പാതി വഴി താണ്ടിക്കാണണം ഇപ്പോൾ

 

“ഗുഡ്” വില്ലേഴ്സ് പറഞ്ഞു. “അതാണ് എനിക്കറിയേണ്ടിയിരുന്നത് ഇനി നിങ്ങൾക്ക് ഞാനൊരു സൂത്രം കാണിച്ചു തരാം

 

അദ്ദേഹം തിരിഞ്ഞ് അവിടെ കിടന്നിരുന്ന സാൻഡ്ക്രൂയ്സറിന്റെ സമീപത്തേക്ക് നീങ്ങി. അതു കണ്ട സലിം ശബ്ദമുയർത്തി. “വേണ്ട വില്ലേഴ്സ് സാഹിബ് ഇത് മണ്ടത്തരമാണ്

 

വില്ലേഴ്സ് ആ വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറി ഇരുന്നു കഴിഞ്ഞിരുന്നു. പിന്നെ എതിർക്കാൻ നിൽക്കാതെ സലീമും വാഹനത്തിനുള്ളിൽ കയറി. പിന്നാലെ ലെവിനും. “ഞാൻ കാരണമാണോ ഇതെല്ലാം എന്നൊരു സംശയമുണ്ട് എനിക്ക്” ലെവിൻ പറഞ്ഞു. “എന്തായാലും ഇപ്പോൾ ഒരു SAS ആക്ഷൻ കാണാമല്ല്ലേ നമുക്ക്?”

 

“രണ്ടാം ലോകമഹായുദ്ധകാലത്ത് ഡേവിഡ് സ്റ്റെർലിങ്ങിന്റെ കീഴിലായിരുന്നു നോർത്ത് ആഫ്രിക്കയിലെ SAS അന്ന് റോയൽ എയർഫോഴ്സും അമേരിക്കൻസും ചേർന്ന് ആകാശയുദ്ധത്തിൽ വെടിവെച്ചിട്ടതിനെക്കാളധികം ലുഫ്ത്‌വാഫ് വിമാനങ്ങളെ ആഫ്രിക്കൻ മണ്ണിൽ വച്ച് SAS നശിപ്പിച്ചിട്ടുണ്ട് അതിന്റെ സൂത്രം എന്തായിരുന്നുവെന്ന് ഞാൻ കാണിച്ചു തരാം” വില്ലേഴ്സ് ലെവിനോട് പറഞ്ഞു.

 

“നിങ്ങൾ പറഞ്ഞല്ലോ, പിന്നിൽ നിന്ന് വെടിയേൽക്കുന്ന കാര്യം ചിലപ്പോൾ അതിനായിരിക്കും യോഗം അല്ലേ?”

 

വില്ലേഴ്സ് എഞ്ചിൻ സ്റ്റാർട്ട് ചെയ്തിട്ട് സലിമിനോട് അറബിയിൽ ചോദിച്ചു. “നിങ്ങൾക്ക് ആ മെഷീൻ ഗൺ പ്രവർത്തിപ്പിക്കാൻ അറിയുമോ?”

 

സലിം മെഷീൻ ഗണ്ണിന്റെ ഹാൻഡിലിൽ കൈ വച്ചു. “അള്ളാ, ഞങ്ങളോട് കരുണയുണ്ടാകണേ ഈ മനുഷ്യന്റെ തലയ്ക്കുള്ളിൽ തീയാണ് മറ്റുള്ളവരെപ്പോലെയല്ല

 

“ഇതും ഖുറാനിലുള്ളതാണോ?” വില്ലേഴ്സ് ചോദിച്ചു. എന്നാൽ സലിമിന്റെ മറുപടി ആ സാൻഡ്ക്രൂയ്സറിന്റെ 110 HP എഞ്ചിന്റെ ഇരമ്പലിൽ മുങ്ങിപ്പോയി.

 

ടാർമാക്കിലൂടെ ആ സാൻഡ്ക്രൂയ്സർ മുന്നോട്ട് കുതിച്ചു. നേരെ ഹാങ്കറിനടുത്തേക്ക് ചെന്ന് അതേ വേഗതയിൽ വെട്ടിത്തിരിച്ച് വില്ലേഴ്സ് ആദ്യത്തെ മിഗ്-23യുടെ ടെയ്‌ൽ തകർത്തു. പിന്നെ വീണ്ടും വേഗത കൂട്ടി ബാക്കി വിമാനങ്ങളുടെയും ടെയ്‌ലുകൾ ഇടിച്ചു തകർത്തു. അവിടെയുണ്ടായിരുന്ന രണ്ട് ഹെലികോപ്റ്ററുകളുടെയും ടെയ്‌ൽ വളരെ ഉയരത്തിലായിരുന്നത് കൊണ്ട് അവയുടെ മുന്നിലെ കോക്പിറ്റ് ഏരിയയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. എട്ട് ടൺ ഭാരമുള്ള സാൻഡ്ക്രൂയ്സറിന്റെ മെറ്റൽ ബോഡിയുടെ മുന്നിൽ ഹെലികോപ്റ്ററുകളുടെ ഫൈബർ കവചം ഒന്നുമല്ലായിരുന്നു.

 

അദ്ദേഹം വാഹനം ഒരു റൗണ്ട് കൂടി ദൂരേയ്ക്ക് വീശിയെടുത്തിട്ട് സലിമിനോട് വിളിച്ചു പറഞ്ഞു. “ആ ഹെലികോപ്റ്ററുകളുടെ ഇന്ധന ടാങ്കുകൾ വെടിവെച്ച് തകർക്കാൻ പറ്റുമോ എന്ന് നോക്കൂ

 

പെട്ടെന്നാണ് മെയിൻ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ നിന്നും അപായ സൈറൻ മുഴങ്ങിയത്. ആൾക്കാരുടെ ഒച്ചപ്പാടുകൾക്കൊപ്പം ഉടൻ തന്നെ വെടിവെയ്പ്പും ആരംഭിച്ചു. സലിമിന്റെ കൈകൾ മെഷീൻ ഗണ്ണിൽ പ്രവർത്തിച്ചതോടെ രണ്ട് ഹെലികോപ്റ്ററുകളും വെടിയുണ്ടകളേറ്റ് തകർന്നു. അടുത്ത നിമിഷം, ഇടതുവശത്തുണ്ടായിരുന്ന ഹെലികോപ്റ്ററിന്റെ ഇന്ധന ടാങ്ക് ഭയാനകമായ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിൽ നിന്നും ഉയർന്ന അഗ്നിഗോളം ആ പ്രദേശമാകെ പ്രകാശപൂരിതമാക്കി. തീ പിടിച്ച ലോഹക്കഷണങ്ങൾ ആ പരിസരമെമ്പാടും ചിതറിത്തെറിച്ചു. പിന്നാലെ രണ്ടാമത്തെ ഹെലികോപ്റ്ററും പൊട്ടിത്തെറിച്ചു. അതിനോട് ചേർന്ന് കിടന്നിരുന്ന മിഗ് വിമാനത്തിലേക്കും തീ പടർന്നു പിടിച്ചു.

 

“ദാറ്റ്സ് ഇറ്റ്!” വില്ലേഴ്സ് പറഞ്ഞു. “അവരെല്ലാം ഇനി അങ്ങോട്ട് പൊയ്ക്കൊള്ളും നമുക്ക് സ്ഥലം വിടാം

 

വില്ലേഴ്സ് വാഹനം വീശിയെടുത്തു. അങ്ങോട്ട് പാഞ്ഞു വന്ന സൈനികർക്ക് നേരെ സലിം മെഷീൻ ഗൺ തിരിച്ചു. അതു കണ്ടതും സ്വയരക്ഷക്കായി അവർ തിരിഞ്ഞോടി. ടാർമാക്കിന്റെ അപ്പുറത്തേക്ക് ഓടി രക്ഷപെടുന്ന സൈനികരെ നോക്കി നിൽക്കുന്ന കിരോവിനെ വില്ലേഴ്സ് കാണുന്നുണ്ടായിരുന്നു. തന്റെ പിസ്റ്റൾ ഉയർത്തി സാൻഡ്ക്രൂയ്സറിന് നേർക്ക് അയാൾ നിറയൊഴിച്ചുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. പൊടി പറത്തിക്കൊണ്ട് അവരുടെ വാഹനം മണൽക്കുന്നിന് മുകളിൽ കയറി താഴ്‌വാരത്തേക്ക് ഇറങ്ങിത്തുടങ്ങിയിരുന്നു. മഴ പെയ്യുമ്പോൾ വെള്ളം കുത്തിയൊലിച്ച് ഒഴുകിയിരുന്ന, ഇപ്പോൾ വരണ്ടു കിടക്കുന്ന അരുവിയിൽ അങ്ങിങ്ങായി പരുക്കൻ കല്ലുകൾ ചിതറിക്കിടക്കുന്നത് നിലാവെട്ടത്തിൽ വ്യക്തമായി കാണാമായിരുന്നു. ആക്സിലേറ്റർ അമർത്തി ചവിട്ടി വില്ലേഴ്സ് അതിനു മുകളിലൂടെ വാഹനം പായിച്ചു.

 

“യൂ ഓകേ?” വില്ലേഴ്സ് ലെവിനോട് വിളിച്ചു ചോദിച്ചു.

 

“ഐ തിങ്ക് സോ” ആ റഷ്യക്കാരൻ പറഞ്ഞു. “ഞാൻ നോക്കുന്നുണ്ട് ആരും നമ്മെ പിന്തുടരുന്നില്ല

 

സലിം അഭിനന്ദനരൂപേണ ആ മെഷീൻ ഗണ്ണിൽ തലോടി. “നീയൊരു സംഭവം തന്നെ ഇത് ഞാനെടുത്തോട്ടെ വില്ലേഴ്സ് സാഹിബ്?”

 

“തീർച്ചയായും അത് നിങ്ങൾക്കുള്ളത് തന്നെ” വില്ലേഴ്സ് പറഞ്ഞു. “ഇനി നമുക്ക് ചെയ്യാനുള്ളത് ഹമീദിനെ പിക്ക് ചെയ്ത് അതിർത്തിയിലേക്ക് പായുക എന്നതാണ്

 

“നമ്മളെ പിന്തുടരാൻ ഹെലികോപ്റ്ററുകളുമില്ല” ലെവിൻ വിളിച്ചു പറഞ്ഞു.

 

“എക്സാക്റ്റ്‌ലി

 

“താങ്കളൊരു റഷീദി ആകേണ്ടവനായിരുന്നു വില്ലേഴ്സ് സാഹിബ്” സലിം പറഞ്ഞു. “ഇത്രയും വർഷങ്ങൾക്കിടെ ഇതാദ്യമായിട്ടാണ് ഒരു പോരാട്ടം ഇതുപോലെ ഞാൻ ആസ്വദിക്കുന്നത്” അയാൾ കൈ ഉയർത്തി. “അവരെ ഞാനെന്റെ കൈപ്പടത്തിനുള്ളിൽ ഞെരുക്കി അവർ മണൽത്തരികളായി മാറി

 

“പിന്നെയും ഖുറാൻ?” വില്ലേഴ്സ് ചോദിച്ചു.

 

“അല്ല പ്രിയസുഹൃത്തേ” സലിം ബിൻ അൽ കമാൻ പറഞ്ഞു. “ഇത് നിങ്ങളുടെ സ്വന്തം ബൈബിളിൽ നിന്നാണ് പഴയ നിയമത്തിൽ നിന്ന്” വിജയാഹ്ലാദത്തോടെ അയാൾ പൊട്ടിച്ചിരിച്ചു. ആ വാദിയിൽ നിന്നും പുറത്തു കടന്ന അവർ ഹമീദ് കാത്തു നിൽക്കുന്ന സമതലത്തിലേക്ക് പ്രവേശിച്ചു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

8 comments:

  1. വില്ലേഴ്സ് സാഹെബ്‌ പുലിയാണല്ലോ!

    ReplyDelete
  2. തനി SAS സ്റ്റൈൽ ആക്രമണം

    ReplyDelete
  3. വില്ലേഴ്സിൻ്റെ വില്ലത്തരങ്ങൾ

    ReplyDelete
    Replies
    1. എന്തായാലും ഇരുവരും റഷ്യക്കാരുടെ കൈകളിൽ നിന്നും രക്ഷപെട്ടു...

      Delete
  4. SAS ആക്ഷൻ അടിപൊളി !
    അവരെ ഞാനെന്റെ കൈപ്പടത്തിനുള്ളിൽ ഞെരുക്കി… അവർ മണൽത്തരികളായി മാറി…”

    ReplyDelete