ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ആരോ ശക്തിയായി കുലുക്കിയതിനെത്തുടർന്നാണ് മേജർ വില്ലേഴ്സ് കണ്ണു തുറന്നത്. റഷീദി ഗോത്രസേനയിലെ ഒരു പോരാളിയായിരുന്നു അത്. മറ്റൊരുവൻ പ്രൊഫസർ ലെവിനെയും തട്ടിയുണർത്തുന്നുണ്ടായിരുന്നു. വില്ലേഴ്സിനെ ഉണർത്തിയ ആൾ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് വാതിൽക്കൽ കൊണ്ടുവന്ന് പുറത്തേക്ക് തള്ളി. സൂര്യന്റെ സ്ഥാനം വച്ച് മദ്ധ്യാഹ്നം കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. അവിടെ കിടക്കുന്ന ഒരു സൈനിക വാഹനത്തിന്റെ സാന്നിദ്ധ്യമാണ് അദ്ദേഹത്തിൽ താല്പര്യമുണർത്തിയത്. രൂപമാറ്റം വരുത്തിയ ഒരു BTR ആയിരുന്നുവത്. റഷ്യക്കാർ സാൻഡ്ക്രൂയ്സർ എന്ന് വിളിക്കുന്ന ആ വാഹനം കാമൂഫ്ലാഷ് പെയ്ന്റ് ചെയ്തിരിക്കുന്നു. കാക്കി യൂണിഫോം ധരിച്ച് AK അസോൾട്ട് റൈഫിളുകൾ ഏന്തിയ അര ഡസനോളം സൈനികർ ആ വാഹനത്തിനരികിൽ നിൽക്കുന്നുണ്ട്. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അപ്പുറത്ത് നിൽക്കുന്ന സാധുധരായ ഒരു ഡസനോളം റഷീദി പോരാളികളെ ഉന്നം വച്ചുകൊണ്ട് ആ വാഹനത്തിൽ ഘടിപ്പിച്ച 12.7mm ഹെവി മെഷീൻ ഗണ്ണിന് പിന്നിൽ എന്തിനും തയ്യാറായി രണ്ട് സൈനികർ നിലയുറപ്പിച്ചിരിക്കുന്നു.
വില്ലേഴ്സിന് പിറകെ ലെവിനെയും പുറത്തേക്ക് കൊണ്ടുവന്നതും സലിം തിരിഞ്ഞു. “അപ്പോൾ, വില്ലേഴ്സ് സാഹിബ്, നമുക്ക് പിരിയേണ്ട സമയമായി… കഷ്ടം തന്നെ… താങ്കളുമായുള്ള ചങ്ങാത്തം ഞാൻ ആസ്വദിച്ചു വരികയായിരുന്നു…”
ഡ്രിൽ യൂണിഫോം ധരിച്ച ഒരു റഷ്യൻ ഓഫീസറും സെർജന്റും അവർക്കരികിലേക്ക് വന്നു. പീക്ക് ക്യാപ്പും ഡെസർട്ട് ഗോഗ്‌ൾസും അണിഞ്ഞ ആ ഓഫീസറുടെ യൂണിഫോം ജർമ്മൻ ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെ ആഫ്രിക്ക കോർപ്സ് ഓഫീസർമാരുടേതുമായി സാമ്യം തോന്നിച്ചു. അവരെ നോക്കി ഒരു നിമിഷം നിന്ന ആ ഓഫീസർ തന്റെ ഗോഗ്‌ൾസ് മുകളിലേക്ക് ഉയർത്തി വച്ചു. വില്ലേഴ്സ് കരുതിയിരുന്നതിലും ചെറുപ്പമായിരുന്നു അയാൾ. നീലക്കണ്ണുകളുള്ള, മുഖത്ത് ചുളിവുകളൊന്നും വീഴാത്ത ഒരു ചെറുപ്പക്കാരൻ. “പ്രൊഫസർ ലെവിൻ…” റഷ്യൻഭാഷയിൽ അയാൾ സംസാരം തുടങ്ങി വച്ചു. “പുറത്തിറങ്ങിയപ്പോൾ താങ്കൾക്ക് മരുഭൂമിയിൽ വഴിതെറ്റിയതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം… പക്ഷേ, ഞങ്ങളുടെ KGB സുഹൃത്തുക്കൾ ആ രീതിയിൽ ആയിരിക്കില്ല കാണുക…”
“അതിൽ അത്ഭുതമില്ലല്ലോ…” ലെവിൻ പറഞ്ഞു.
അയാൾ തിരിഞ്ഞ് വില്ലേഴ്സിനെ നോക്കി ശാന്തസ്വരത്തിൽ പറഞ്ഞു. “അയാം ക്യാപ്റ്റൻ യൂറി കിരോവ്, 21st സ്പെഷ്യലിസ്റ്റ് പാരച്യൂട്ട് ബ്രിഗേഡ്…” മികച്ചതായിരുന്നു അയാളുടെ ഇംഗ്ലീഷ്. “ആന്റ് യൂ ആർ മേജർ ആന്റണി വില്ലേഴ്സ്, ഗ്രെനേഡിയർ ഗാർഡ്സ്, ബട്ട് റാതർ മോർ ഇമ്പോർട്ടന്റ്‌ലി, ഓഫ് ദി 22nd സ്പെഷ്യൽ എയർ സർവീസ് റെജിമെന്റ്…”
“യൂ ആർ വെരി വെൽ ഇൻഫോംഡ്…” വില്ലേഴ്സ് പറഞ്ഞു. “നിങ്ങളുടെ ഇംഗ്ലീഷ് ഗംഭീരമാണെന്നത് പറയാതിരിക്കാനാവില്ല… അഭിനന്ദനങ്ങൾ…”
“താങ്ക് യൂ…” കിരോവ് പറഞ്ഞു. “ഹിയർഫോഡിലെ SAS ബ്രാഡ്ബറി ലൈൻ ബാരക്കുകളിൽ നിങ്ങൾ ഉപയോഗിക്കുന്ന അതേ ഭാഷാരീതി തന്നെയാണ് ഞങ്ങൾ പരിശീലിക്കുന്നത്… പിന്നെ, മേജർ, താങ്കളുടെ കാര്യത്തിലും KGB യ്ക്ക് പ്രത്യേക താല്പര്യം ഉണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ…”
“തികച്ചും സ്വാഭാവികം…” സൗഹൃദഭാവത്തിൽ വില്ലേഴ്സ് ശരി വച്ചു.
“അപ്പോൾ…” കിരോവ് സലിമിന് നേർക്ക് തിരിഞ്ഞു. “നമുക്ക് നമ്മുടെ ഇടപാടിലേക്ക് വരാം…” ഇംഗ്ലീഷ് പോലെ അത്ര മികച്ചതായിരുന്നില്ല അയാളുടെ അറബിഭാഷയെങ്കിലും ആശയ വിനിമയത്തിന് ധാരാളമായിരുന്നു അത്.
അയാൾ ഒന്ന് വിരൽ ഞൊടിച്ചതും ഒപ്പമുണ്ടായിരുന്ന സെർജന്റ് മുന്നോട്ട് ചെന്ന് ഒരു ക്യാൻവാസ് സഞ്ചി സലിമിന് നൽകി. അയാൾ അത് തുറന്ന് ഉള്ളിൽ നിന്നും ഒരു പിടി നാണയങ്ങൾ പുറത്തെടുത്തു. കത്തുന്ന വെയിലിൽ ആ സ്വർണ്ണനാണയങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. പുഞ്ചിരിച്ചു കൊണ്ട് അയാൾ ആ സഞ്ചി തന്റെ പിന്നിൽ നിൽക്കുന്ന ഹമീദിന് കൈമാറി.
“ഇനി…” കിരോവ് പറഞ്ഞു. “ഇവർ ഇരുവരുടെയും കഴുത്തിലെ പൂട്ടുകൾ തുറന്നു തന്നാൽ ഞങ്ങൾക്ക് നീങ്ങാമായിരുന്നു…”
“പക്ഷേ, കിരോവ് സാഹിബ്, ഒരു കാര്യം താങ്കൾ മറന്നു…” സലിം പുഞ്ചിരിച്ചു. “ഒരു മെഷീൻ ഗണ്ണും ഇരുപതിനായിരം തിരകളും കൂടി തരാമെന്ന് വാക്കു പറഞ്ഞിരുന്നു…”
“അതെ… പക്ഷേ, എന്റെ മേലധികാരികൾ പറഞ്ഞത് അത്രയൊക്കെ തന്നാൽ റഷീദികൾക്ക് അത്യാഗ്രഹം ഇനിയും കൂടുമെന്നാണ്…” കിരോവ് പറഞ്ഞു.
സലിമിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. “പക്ഷേ, താങ്കൾ വാക്കു തന്നതാണ്…”
അപകടം മണത്ത റഷീദികൾ തങ്ങളുടെ റൈഫിളുകൾ ഉയർത്തി. അതു കണ്ട കിരോവ് തന്റെ വലതുകൈയ്യിലെ വിരൽ ഒന്ന് ഞൊടിച്ചു. സാൻഡ്ക്രൂയ്സറിലെ മെഷീൻ ഗണ്ണിൽ നിന്നും സലിമിന്റെ തലയ്ക്ക് മുകളിലൂടെ പാഞ്ഞ വെടിയുണ്ടകൾ അയാളുടെ പിന്നിലെ ചുവർ തകർത്ത് തരിപ്പണമാക്കി. വെടിയൊച്ചയുടെ പ്രതിധ്വനി നിലച്ചതും കിരോവ് പറഞ്ഞു. “ആ സ്വർണ്ണം കൊണ്ട് തൃപ്തിപ്പെടൂ… അതായിരിക്കും നല്ലത്…”
പുഞ്ചിരിച്ചുകൊണ്ട് സലിം ഇരുകൈകളും ഉയർത്തി. “തീർച്ചയായും… സൗഹൃദമാണ് എല്ലാം… ചെറിയൊരു തെറ്റിദ്ധാരണ കാരണം ഒന്നും നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല…”
തന്റെ ബെൽറ്റിലെ സഞ്ചിയിൽ നിന്നും ഒരു താക്കോൽ പുറത്തെടുത്ത് അയാൾ ആദ്യം ലെവിന്റെ കഴുത്തിലെ പൂട്ട് തുറന്നു കൊടുത്തു. പിന്നെ വില്ലേഴ്സിന്റെ അരികിലേക്ക് ചെന്നു. “ചിലപ്പോഴൊക്കെ അള്ളാഹു മേഘത്തിനിടയിലൂടെ താഴോട്ട് നോക്കാറുണ്ട്… ചതിയന്മാരെ കണ്ടുപിടിച്ച് ശിക്ഷിക്കുകയും ചെയ്യും…” അയാൾ മന്ത്രിച്ചു.
“ഖുറാനിലുള്ളതാണോ ഇത്…?” കഴുത്തിലെ വളയത്തിൽ നിന്നും സ്വതന്ത്രമായ, വേദനിക്കുന്ന കൈകൾ ഇരുവശത്തേക്കും നീട്ടി വില്ലേഴ്സ് ചോദിച്ചു.
സലിം ചുമൽ വെട്ടിച്ചു. പക്ഷേ, അയാളുടെ കണ്ണുകളിലെ നിഗൂഢത അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. “അഥവാ ഇല്ലെങ്കിൽത്തന്നെ, അങ്ങനെ സംഭവിച്ചിരിക്കും…”
സെർജന്റിന്റെ നിർദ്ദേശപ്രകാരം രണ്ട് റഷ്യൻ സൈനികർ മുന്നോട്ട് വന്ന് ലെവിന്റെയും വില്ലേഴ്സിന്റെയും പാർശ്വങ്ങളിൽ നിലയുറപ്പിച്ചു. പിന്നെ അവർ നാലുപേരും സാൻഡ്ക്രൂയ്സറിന് നേർക്ക് നീങ്ങി. വില്ലേഴ്സും ലെവിനും വാഹനത്തിനുള്ളിൽ കയറി. പിന്നാലെ ആ സൈനികരും. കിരോവ് വാഹനത്തിന്റെ പിൻഭാഗത്താണ് കയറിയത്. സായുധരായ സൈനികരുടെ സംരക്ഷണ വലയത്തിൽ ലെവിനും വില്ലേഴ്സും സീറ്റിൽ ഇരുന്നു. കിരോവ് തിരിഞ്ഞ് സലിമിനെ നോക്കി സല്യൂട്ട് ചെയ്യവെ വാഹനത്തിന്റെ എഞ്ചിന് ജീവൻ വച്ചു.
“നിങ്ങളുമായി ബിസിനസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷം…” അയാൾ സലിമിനോട് വിളിച്ചു പറഞ്ഞു.
“താങ്കളുമായും, കിരോവ് സാഹിബ്…!”
പൊടി പറത്തിക്കൊണ്ട് ആ സാൻഡ്ക്രൂയ്സർ മുന്നോട്ട് നീങ്ങി. മണൽക്കുന്നിന് മുകളിൽ കയറി മറുവശത്തേക്ക് ഇറങ്ങവെ വില്ലേഴ്സ് തിരിഞ്ഞു നോക്കി. വൃദ്ധനായ ഒരു റഷീദി പോരാളി തങ്ങളുടെ വാഹനത്തെയും നോക്കി അപ്പോഴും അവിടെ നിൽക്കുന്നുണ്ടായിരുന്നു. മറ്റു പോരാളികളും അയാളുടെ പിന്നിലേക്ക് എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. വല്ലാത്തൊരു നിഗൂഢത തന്നെ… അവരുടെ മൗനത്തിൽപ്പോലും ഭീഷണി നിറഞ്ഞു നിൽക്കുന്നത് പോലെ… സാൻഡ്ക്രൂയ്സർ ആ മണൽക്കുന്നിന്റെ താഴ്‌വാരത്തേക്ക് പൂർണ്ണമായും ഇറങ്ങിക്കഴിഞ്ഞതും ബിർ അൽ ഗഫാനി എന്ന ആ ഗ്രാമം അദ്ദേഹത്തിന്റെ ദൃഷ്ടിപഥത്തിൽ നിന്നും അപ്രത്യക്ഷമായി.
***
ഫസാരിയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ അറ്റത്തുള്ള കോൺക്രീറ്റ് സെൽ പഴയ ക്വാർട്ടേഴ്സുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരുന്നു. വൈറ്റ്‌വാഷ് ചെയ്ത ചുവരുകളും കെമിക്കൽ ടോയ്‌ലെറ്റും വീതി കുറഞ്ഞ രണ്ട് ഇരുമ്പ് കട്ടിലുകളും കിടക്കയും ബ്ലാങ്കറ്റും ഒക്കെയുണ്ട്. അത്തരത്തിലുള്ള ഏതാണ്ട് അര ഡസനോളം സെല്ലുകൾ അവിടെയുള്ള കാര്യം ഇടനാഴിയിലൂടെ നീങ്ങവെ വില്ലേഴ്സ് ശ്രദ്ധിച്ചിരുന്നു. സെല്ലുകൾക്കല്ല്ലാം സ്പൈഹോളുകളോട് കൂടിയ കനമുള്ള ഇരുമ്പു കതകുകൾ. സായുധരായ കാവൽക്കാർ സദാസമയവും ഡ്യൂട്ടിയിലുണ്ട്.
ജാലകത്തിന്റെ അഴികൾക്കിടയിലൂടെ വില്ലേഴ്സ് എയർസ്ട്രിപ്പിലേക്ക് നോക്കി. താൻ വിചാരിച്ചിരുന്ന അത്രയും വലുതല്ല. മൂന്ന് ഹാങ്കറുകളും മെക്കാഡം ടാർ ചെയ്ത ഒരു സിംഗിൾ റൺവേയും. ഹാങ്കറുകളുടെ മുന്നിൽ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്ന അഞ്ച് മിഗ്-23 യുദ്ധവിമാനങ്ങൾ അസ്തമയസൂര്യന്റെ വെട്ടത്തിൽ ഏതോ പ്രാചീനജീവികളെപ്പോലെ തോന്നിച്ചു. അല്പം അകലെയായി രണ്ട് Mi-8 ഹെലികോപ്റ്ററുകളും ഏതാനും ട്രക്കുകളും മറ്റു ചെറുവാഹനങ്ങളും കിടക്കുന്നുണ്ട്.
“സെക്യൂരിറ്റി എന്ന് പറയുന്ന സംഭവം ഇല്ല എന്ന് തന്നെ പറയാം…” വില്ലേഴ്സ് മന്ത്രിച്ചു.
അരികിലുള്ള ലെവിൻ തല കുലുക്കി. “അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… ഒന്നുമല്ലെങ്കിലും ഇവർ ഒരു സുഹൃദ്‌രാജ്യത്തിലല്ലേ… പിന്നെ, ചുറ്റിനും പരന്നു കിടക്കുന്ന മരുഭൂമിയും… ഇത്തരം ഒരു ടാർഗറ്റ് ആക്രമിക്കാൻ നിങ്ങളുടെ SASന് പോലും എളുപ്പമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്…”
വാതിലിന്റെ ബോൾട്ട് നീങ്ങുന്ന ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു. ചെറുപ്പക്കാരനായ ഒരു കോർപ്പറൽ ആ സെല്ലിനുള്ളിലേക്ക് പ്രവേശിച്ചു. തൊട്ടു പിന്നിൽ ഒരു പാത്രവും രണ്ട് ഇനാമൽ കപ്പുകളുമായി ഒരു അറബ് വംശജനും. “കോഫി കുടിച്ചോളൂ…” ആ കോർപ്പറൽ പറഞ്ഞു.
“എപ്പോഴാണ് ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുക…?” വില്ലേഴ്സ് ആരാഞ്ഞു.
“ഒമ്പത് മണിക്ക്…”
അറബ് വംശജനെയും കൊണ്ട് പുറത്തിറങ്ങി കോർപ്പറൽ വാതിലടച്ചു. കോഫി ചൂടുള്ളതും അത്യന്തം രുചികരവുമായിരുന്നു. “അപ്പോൾ അറബികളെയും ഇവിടെ ജോലിയ്ക്ക് വച്ചിട്ടുണ്ടല്ലേ…?” വില്ലേഴ്സ് ചോദിച്ചു.
“കിച്ചണിലും ശുചീകരണ ജോലികളിലും മാത്രം… അതും ഇവിടുത്തെ ഗോത്രവർഗ്ഗക്കാരൊന്നുമല്ല… ഹാഉഫിൽ നിന്നും കൊണ്ടുവന്നവരാണെന്ന് തോന്നുന്നു…”
“നമ്മുടെ കാര്യം ഇനി എന്താവുമെന്നാണ് നിങ്ങൾക്ക് തോന്നുന്നത്…?”
“വെൽ, നാളെ വ്യാഴാഴ്ച്ചയാണല്ലോ… സപ്ലൈ പ്ലെയ്‌ൻ വരുന്ന ദിവസമാണ്… മിക്കവാറും അതിൽ അവർ നമ്മളെ ഏഡനിലേക്ക് കൊണ്ടുപോകും…”
“അവിടെ നിന്നും മോസ്കോയിലേക്ക്…?”
അതിനൊരു മറുപടി ഉണ്ടായിരുന്നില്ല. കോൺക്രീറ്റ് ചുവരുകളും കതകുകളും ഇരുമ്പഴികളും ഒന്നും മറുപടി പ്രതീക്ഷിച്ചിട്ടല്ലല്ലോ. വില്ലേഴ്സ് കട്ടിലിൽ മലർന്നു കിടന്നു. അടുത്ത കട്ടിലിൽ ലെവിനും.
“എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ നിരാശ മാത്രമേയുണ്ടായിട്ടുള്ളൂ…” ലെവിൻ പറഞ്ഞു. “നിരാശ മാത്രം… ഇംഗ്ലണ്ട് സന്ദർശന വേളയിൽ അവരെന്നെ ഓക്സ്ഫഡിൽ കൊണ്ടുപോയിരുന്നു… എത്ര മനോഹരമായ ഇടം…” അദ്ദേഹം നെടുവീർപ്പിട്ടു. “എന്നെങ്കിലും ഒരിക്കൽ അവിടെ തിരിച്ചെത്തണമെന്നത് എന്റെയൊരു സ്വപ്നമായിരുന്നു…”
“സ്വപ്നങ്ങൾക്ക് അതിരുകളില്ലല്ലോ…” വില്ലേഴ്സ് പറഞ്ഞു. “നിങ്ങൾ പറഞ്ഞതുപോലെ മനോഹരമായൊരിടം തന്നെ അത്…”
“നല്ല പരിചയമുണ്ടെന്ന് തോന്നുന്നു അവിടമൊക്കെ…?”
“എന്റെ ഭാര്യ അവിടുത്തെ യൂണിവേഴ്സിറ്റിയിലായിരുന്നു… സെന്റ് ഹ്യൂസ് കോളേജ്… സോർബൺ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം അവിടെയാണ് അവളെത്തിയത്… അതേ, എന്റെ ഭാര്യ ഒരു ഫ്രഞ്ച് വംശജയാണ്…” വില്ലേഴ്സ് പറഞ്ഞു.
ലെവിൻ അല്പമൊന്ന് ഉയർന്ന് കൈമുട്ട് കുത്തി വില്ലേഴ്സിന് അഭിമുഖമായി ചരിഞ്ഞു കിടന്നു. “നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു… വിഷമം വിചാരിക്കില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ…? നിങ്ങളെ കണ്ടാൽ വിവാഹിതനാണെന്ന് തോന്നുകയേയില്ല…”
“അയാം നോട്ട്…” വില്ലേഴ്സ് പറഞ്ഞു. “ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഞങ്ങൾ ഡിവോഴ്സ് ആയത്…”
“അയാം സോറി…”
“ഏയ്, ഖേദത്തിന്റെയൊന്നും ആവശ്യമില്ല… നിങ്ങൾ പറഞ്ഞത് പോലെ ജീവിതം എന്നാൽ നിതാന്തമായ നിരാശ മാത്രമാണ്… നാമെല്ലാം എന്തെങ്കിലുമൊക്കെ വ്യത്യസ്തത ആഗ്രഹിക്കുന്നു… മനുഷ്യർക്കുള്ള കുഴപ്പം അതാണ്… ഫെമിനിസ്റ്റുകൾ എന്തൊക്കെ പറഞ്ഞാലും സ്ത്രീകളും പുരുഷന്മാരും തികച്ചും വ്യത്യസ്തർ തന്നെയാണ്…”
“നിങ്ങൾ ഇപ്പോഴും അവരെ സ്നേഹിക്കുന്നു അല്ലേ…?”
“ഓ, യെസ്…” വില്ലേഴ്സ് പറഞ്ഞു. “സ്നേഹിക്കുവാൻ എളുപ്പമാണ്… പക്ഷേ, ഒരുമിച്ച് ജീവിക്കുക എന്നതാണ് കഠിനം…”
“എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള പ്രശ്നം…?”
“ലളിതമായി പറഞ്ഞാൽ എന്റെ ജോലി… ബോർണിയോ, ഒമാൻ, അയർലണ്ട്… എന്തിന്, ഞാൻ ഒരിക്കലും ചെന്നെത്തിപ്പെടാൻ സാദ്ധ്യതയില്ലാത്ത വിയറ്റ്നാമിൽ പോലും ജോലി ചെയ്യേണ്ടി വന്നു… അവൾ ഒരിക്കൽ പറഞ്ഞത് പോലെ, ഒരു കാര്യത്തിൽ മാത്രമേ ഞാൻ മിടുക്കനായിരുന്നുള്ളൂ… മനുഷ്യരെ കൊല്ലുന്നതിൽ… കാലം പോകവെ അവൾക്കത് ഉൾക്കൊള്ളാനാവാതെ വന്നു…”
ഒന്നും ഉരിയാടാനില്ലാതെ ലെവിൻ പിറകോട്ട് ചാഞ്ഞ് കിടന്നു. വില്ലേഴ്സ് ആകട്ടെ, കൈകൾ മടക്കി തലയിണയാക്കി സീലിങ്ങിലേക്ക് നോക്കി കിടന്നു. ഇരുൾ വീണു കഴിഞ്ഞാലും മനക്കണ്ണുകളിൽ നിന്ന് മായാതെ നിൽക്കുന്ന ഭൂതകാലത്തെയോർത്ത് വിങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
വൃദ്ധനായ ആ റഷീദി പോരാളിയുടെ നോട്ടത്തിലെ ദുരൂഹത എന്താവാം?!
ReplyDeleteകിരോവ്... നിന്നെ പിന്നെ കണ്ടോളാം എന്നാവണം...
Delete"സ്നേഹിക്കുവാൻ എളുപ്പമാണ്… പക്ഷേ, ഒരുമിച്ച് ജീവിക്കുക എന്നതാണ് കഠിനം." സത്യം.
ReplyDeleteഎന്ത് ചെയ്യാം...
Deleteവാക്കുകൾ പാലിയ്ക്കുന്നതിൽ ഒന്നും ഇവിടെ പ്രസക്തി ഇല്ല ല്ലേ...കയ്യൂക്കിൽ ആണ് കാര്യം 😒
ReplyDeleteഅതെ... അത്രയേയുള്ളൂ...
Deleteസ്നേഹിക്കുവാൻ എളുപ്പമാണ്… പക്ഷേ, ഒരുമിച്ച് ജീവിക്കുക എന്നതാണ് കഠിനം…”
ReplyDeleteശെടാ ... പെണ്ണുമ്പിള്ള കേൾക്കേണ്ട
പ്രഭാകരാ....
Delete