Thursday, April 27, 2023

കൺഫെഷണൽ – 09

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

അദ്ധ്യായം – 2

 

ബ്രിട്ടീഷ് സീക്രറ്റ് ഇന്റലിജൻസ് സർവീസിന്റെ ഒരു ബ്രാഞ്ച് ആണ് D15. രാജ്യത്തിനകത്തു പ്രവർത്തിക്കുന്ന സീക്രറ്റ് ഏജന്റുമാരെയും ഭീകരപ്രവർത്തകരെയും ചാരന്മാരെയും കണ്ടെത്തുക എന്നതായിരുന്നു D15 ന്റെ ചുമതല. അത്തരം ഒരു ബ്രാഞ്ച് ഉണ്ടെന്ന് ഔദ്യോഗികമായി സമ്മതിക്കുന്നില്ലെങ്കിലും അതിന്റെ ഓഫീസുകൾ ലണ്ടനിലെ ഹിൽട്ടൺ ഹോട്ടലിനടുത്തുള്ള വെള്ളയും ചുവപ്പും നിറമുള്ള വലിയ കെട്ടിടത്തിൽ കാണാമായിരുന്നു. ഇൻവെസ്റ്റിഗേഷൻ നടത്താമെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം D15 ന് ഉണ്ടായിരുന്നില്ല. സ്കോട്ട്‌ലണ്ട് യാർഡിലുള്ള സ്പെഷ്യൽ ബ്രാഞ്ചിലെ ഓഫീസർമാരായിരുന്നു പിന്നീടുള്ള നടപടികൾ കൈകാര്യം ചെയ്തിരുന്നത്.

 

എങ്കിലും രാജ്യാന്തര ഭീകരപ്രവർത്തനവും ബ്രിട്ടനിലെ അതിന്റെ സ്വാധീനവും - പ്രത്യേകിച്ച് ഐറിഷ് പ്രശ്നം - സ്കോട്ട്‌ലണ്ട് യാർഡിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടു തന്നെ, 1972 ൽ 10-ഡൗണിങ്ങ് സ്ട്രീറ്റിന്റെ നിർദ്ദേശപ്രകാരം ഗ്രൂപ്പ്-4 എന്നൊരു സെക്ഷൻ D15 ന്റെ ഡയറക്ടർ ജനറൽ രൂപീകരിച്ചു. ഭീകരപ്രവർത്തനം, വിധ്വംസക പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കൈകാര്യം ചെയ്യാനുള്ള അധികാരം ഗ്രൂപ്പ്-4 ന് ലഭിച്ചു. അത്തരം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിനംപ്രതിയെന്നോണം പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കുവാനും തുടങ്ങി. 

 

ഗ്രൂപ്പ്-4 ആരംഭിച്ച് പത്തു വർഷം ആയെങ്കിലും ബ്രിഗേഡിയർ ചാൾസ് ഫെർഗൂസൺ തന്നെയാണ് ഇപ്പോഴും അതിന്റെ തലപ്പത്ത്. കാഴ്ച്ചയിൽ സൗമ്യനായൊരു സ്‌ഥൂലഗാത്രൻ. ധരിച്ചിരിക്കുന്ന ഗാർഡ്സ് ടൈ മാത്രമാണ് അദ്ദേഹത്തിന്റെ മിലിട്ടറി പശ്ചാത്തലം വെളിവാക്കുന്നത്. ചുളിഞ്ഞ ഗ്രേ സ്യൂട്ടും അർദ്ധവൃത്താകൃതിയിലുള്ള കണ്ണടയും അലങ്കോലമായി കിടക്കുന്ന തലമുടിയും ഒക്കെക്കൂടി ഒരു യൂണിവേഴ്സിറ്റി അദ്ധ്യാപകന്റെ രൂപം അദ്ദേഹത്തിന് നൽകി.

 

ഡയറക്ടർ ജനറലിന്റെ കെട്ടിട സമുച്ചയത്തിൽ സ്വന്തമായി ഒരു ഓഫീസ് ഉണ്ടെങ്കിലും കവൻഡിഷ് സ്ക്വയറിലെ തന്റെ ഫ്ലാറ്റിലിരുന്ന് ജോലി ചെയ്യാനായിരുന്നു അദ്ദേഹത്തിനിഷ്ടം. ഒരു ഇന്റീരിയർ ഡിസൈനറായ രണ്ടാമത്തെ മകൾ എല്ലി തന്റെ പിതാവിന് വേണ്ടി നല്ലൊരു ഓഫീസ് തന്നെ അവിടെ ഒരുക്കിയിരുന്നു. ജോർജ്ജിയൻ ശൈലിയിൽ അലങ്കരിച്ച ആ റൂമിനുള്ളിൽ നെരിപ്പോടും കനമുള്ള കർട്ടനുകളുമടക്കം എല്ലാ വസ്തുക്കളും അഴകുറ്റതും ഉന്നത നിലവാരമുള്ളതായിരുന്നു.

 

വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ പരിചാരകൻ കൈയിലെ സിൽവർ ട്രേ നെരിപ്പോടിനരികിൽ വച്ചു. ഗൂർഖാ റെജിമെന്റിലെ പഴയ ഒരു നായിക്ക് ആയിരുന്നു കിം എന്ന് പേരുള്ള അയാൾ. “ആഹ്, ചായ അല്ലേ” ഫെർഗൂസൺ പറഞ്ഞു. “ക്യാപ്റ്റൻ ഫോക്സിനോട് ഇങ്ങോട്ട് വരാൻ പറയൂ

 

കപ്പിലേക്ക് ചായ പകർന്നിട്ട് അദ്ദേഹം ‘ദി ടൈംസ്’ ദിനപത്രം കൈയിലെടുത്തു. ഫാക്ക്‌ലണ്ടിൽ നിന്നുമുള്ള വാർത്ത മോശമില്ല. പെബ്ബിൾ ഐലണ്ടിൽ ഇറങ്ങിയ ബ്രിട്ടീഷ് സൈന്യം അർജന്റീനയുടെ പതിനൊന്ന് യുദ്ധവിമാനങ്ങളും ആയുധശേഖരവുമാണ് നശിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, രണ്ട് സീ ഹാരിയറുകൾ ചേർന്ന് ഫാക്ക്‌ലണ്ട് കടലിടുക്കിലെ ചരക്ക് നീക്കവും ബോംബിട്ട് തകർത്തു.

 

സ്റ്റഡി റൂമിന്റെ വാതിൽ തുറന്ന് ഹാരി ഫോക്സ് പ്രവേശിച്ചു. നീല നിറമുള്ള സ്യൂട്ട് ധരിച്ച പ്രസരിപ്പുള്ള വ്യക്തിത്വം. അദ്ദേഹവും ഗാർഡ്സ് ടൈ ധരിച്ചിട്ടുണ്ടായിരുന്നു. ബ്ലൂസ് ആന്റ് റോയൽസിൽ ഒരു ആക്ടിങ്ങ് ക്യാപ്റ്റൻ ആയിരുന്നു മുമ്പ് അദ്ദേഹം. നിർഭാഗ്യം എന്ന് പറയട്ടെ, ജോലിയുമായി ബന്ധപ്പെട്ട് ബെൽഫാസ്റ്റ് സന്ദർശനത്തിനിടയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ അദ്ദേഹത്തിന് തന്റെ ഇടതുകൈ നഷ്ടമായി. അതിന് ശേഷം കൃത്രിമ കൈയുമായിട്ടാണ് അദ്ദേഹം ജീവിച്ചു പോരുന്നത്. ആ കൈയിൽ ഭംഗിയുള്ള ലെതർ ഗ്ലൗസ് ധരിച്ചിരിക്കുന്നതിനാൽ കാഴ്ച്ചയിൽ വ്യത്യാസം അറിയുകയേയില്ലായിരുന്നു.

 

“ചായ ആയാലോ ഹാരീ?” ഫെർഗൂസൺ ആരാഞ്ഞു.

 

“താങ്ക് യൂ സർ പെബ്ബിൾ ഐലണ്ടിലെ ആക്രമണം ഗംഭീരമായല്ലോ

 

“യെസ് ഓൾ വെരി കളർഫുൾ ആന്റ് ഡാഷിങ്ങ്” ഫോക്സിന്റെ കപ്പിൽ ചായ പകർന്നു കൊണ്ട് ഫെർഗൂസൺ പറഞ്ഞു. “എങ്കിലും മറ്റാരെക്കാളും നന്നായി നിങ്ങൾക്കറിയാമല്ലോ, ഈ ഫാക്ക്‌ലണ്ട് വിഷയം കൂടാതെ തന്നെ നമുക്ക് ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്ന് അതായത് അയർലണ്ട് അടുത്ത കാലത്തൊന്നും അത് അവസാനിക്കുമെന്ന് തോന്നുന്നില്ല അതിനിടയിൽ ഇപ്പോഴിതാ പോപ്പിന്റെ സന്ദർശനവും ഇരുപത്തിയെട്ടാം തീയ്യതി എന്നു വച്ചാൽ ഇനി കേവലം പതിനൊന്ന് ദിവസങ്ങൾ മാത്രം തീവ്രവാദികൾക്ക് എന്തുകൊണ്ടും മികച്ചൊരു ടാർഗറ്റ് ആയിരിക്കും അദ്ദേഹം റോമിൽ വച്ച് നടന്ന വധശ്രമത്തിന് ശേഷം കൂടുതൽ ശ്രദ്ധ പുലർത്തുകയാണ് അദ്ദേഹം  ചെയ്യേണ്ടിയിരുന്നത്

 

“താങ്കൾക്കറിയാമല്ലോ അദ്ദേഹത്തിന്റെ സ്വഭാവം ഇതൊന്നും കാര്യമാക്കുന്ന ആളേയല്ല” ഫോക്സ് ഗ്ലാസ് ചുണ്ടോട് ചേർത്തു. “എന്തായാലും കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് മിക്കവാറും അദ്ദേഹം വരാതിരിക്കാനാണ് സാദ്ധ്യത പോപ്പിന്റെ ലാറ്റിൻ അമേരിക്കൻ ബന്ധം കത്തോലിക്കാ സഭയ്ക്ക് വളരെ പ്രാധാന്യമുള്ള ഒന്നാണ് ഫാക്ക്‌ലണ്ട് വിഷയത്തിൽ നമ്മളെ ഒരു വില്ലൻ സ്ഥാനത്താണ് അവർ പ്രതിഷ്ഠിച്ചിരിക്കുന്നത് ഈ സമയത്ത് പോപ്പ് ഇങ്ങോട്ട് വരാൻ അവർ ആഗ്രഹിക്കുന്നില്ല ഇന്നലെ റോമിൽ വച്ച് നടത്തിയ പ്രസംഗത്തിൽ നിന്നും മനസ്സിലായത് അദ്ദേഹം വരില്ല എന്നു തന്നെയാണ്

 

“എങ്കിൽ ഞാൻ അതീവ സന്തുഷ്ടനായിരിക്കും” ഫെർഗൂസൺ പറഞ്ഞു. “ഇംഗ്ലണ്ടിൽ വച്ച് അദ്ദേഹം വധിക്കപ്പെടാൻ പാടില്ല എന്ന ഭാരിച്ച ഉത്തരവാദിത്തത്തിൽ നിന്നും എനിക്ക് ഒരു മോചനമാകും പക്ഷേ, അതിനൊരു മറുവശം കൂടിയുണ്ട് അദ്ദേഹം വരുന്നില്ല എന്നറിയുമ്പോൾ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് കത്തോലിക്കരായിരിക്കും നിരാശരാവാൻ പോകുന്നത്

 

“അദ്ദേഹത്തിന്റെ മനസ്സു മാറ്റാനായി ലിവർപൂളിലെയും ഗ്ലാസ്ഗോവിലേയും ആർച്ച്ബിഷപ്പുമാർ ഇന്നലെ വത്തിക്കാനിലേക്ക് പറന്നിട്ടുണ്ടെന്നാണ് കേട്ടത്” ഫോക്സ് പറഞ്ഞു.

 

“അക്കാര്യത്തിൽ അവർ വിജയിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം നമുക്ക്

 

ഫെർഗൂസന്റെ മേശമേൽ ഇരിക്കുന്ന ചുവന്ന നിറമുള്ള ടെലിഫോൺ ശബ്ദിച്ചത് പെട്ടെന്നായിരുന്നു. ടോപ് സെക്യൂരിറ്റി സംബന്ധമായ കോളുകൾക്ക് മാത്രം ഉപയോഗിക്കുന്ന ലൈൻ ആയിരുന്നു അത്.

 

“അതെന്താണെന്ന് നോക്കൂ ഹാരീ

 

ഫോക്സ് റിസീവർ എടുത്തു. “ഫോക്സ് ഹിയർ” മറുഭാഗത്തു നിന്നുള്ള സംസാരം ശ്രവിച്ചതിന് ശേഷം തിരിഞ്ഞ അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. “അൾസ്റ്ററിൽ നിന്നാണ് സർ ലിസ്ബേണിലെ ആർമി ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും അത്ര ശുഭകരമായ വാർത്തയല്ല

 

                                                       ***

 

ലണ്ടൻഡെറിയിൽ നിന്നും ഏതാണ്ട് പത്തു മൈൽ ദൂരെയുള്ള കിൽഗാനൺ എന്ന കൊച്ചു ഗ്രാമം. സമയം രാവിലെ ഏഴു മണി ആവുന്നതേയുള്ളൂ. കഴിഞ്ഞ പതിനഞ്ച് വർഷമായി തപാൽ വിതരണം നടത്തുന്ന പാട്രിക്ക് ലിയറിയും അയാളുടെ റോയൽ മെയിൽ വാനും ആ പ്രദേശത്തെ പതിവ് കാഴ്ച്ചയാണ്.

 

അയാളുടെ ദിനചര്യകൾ എന്നും ഒന്നു തന്നെയായിരുന്നു. പുലർച്ചെ കൃത്യം അഞ്ച് മുപ്പതിന് ലണ്ടൻഡെറിയിലെ പോസ്റ്റൽ ഹെഡ്ക്വാർട്ടേഴ്സിൽ റിപ്പോർട്ട് ചെയ്യുന്നു. നൈറ്റ്ഷിഫ്റ്റ് സ്റ്റാഫ് സോർട്ട് ചെയ്ത് വച്ചിട്ടുള്ള തപാൽ ഉരുപ്പടികളുമായി ആ ദിവസത്തെ ആദ്യ ഡെലിവറിയ്ക്കായി, പമ്പിൽ നിന്ന് പെട്രോൾ അടിച്ച്, കിൽഗാനണിലേക്ക് പുറപ്പെടുന്നു. ആറര മണിയാകുമ്പോൾ കിൽഗാനൺ ബ്രിഡ്ജിന് സമീപം റോഡരികിലെ മരങ്ങൾക്കിടയിൽ വാഹനം ഒതുക്കി നിർത്തി അന്നത്തെ പത്രം വായിക്കുന്നു. അതോടൊപ്പം പ്രാതലായി സാൻഡ്‌വിച്ചും തെർമോസ്ഫ്ലാസ്കിൽ കൊണ്ടുവന്നിട്ടുള്ള കോഫിയും അകത്താക്കുന്നു. ലിയറിയുടെ നിർഭാഗ്യം എന്ന് പറയട്ടെ, അയാളുടെ മുടങ്ങാത്ത ഈ ദിനചര്യ കുറച്ചു നാളുകളായി മറ്റൊരാളുടെ ശ്രദ്ധയിലും പെട്ടിരുന്നു.

 

കഴിഞ്ഞ പത്തു മിനിറ്റായി അയാളെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കുഖോളിൻ. ലിയറി തന്റെ സാൻഡ്‌വിച്ച് മുഴുവനും കഴിച്ചു തീർക്കുന്നതു വരെ അയാൾ ക്ഷമയോടെ കാത്തുനിന്നു. എന്നത്തെയും എന്നപോലെ ലിയറി വാഹനത്തിൽ നിന്നും പുറത്തിറങ്ങി പാതയോരത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് അല്പദൂരം നടന്നു. പെട്ടെന്ന് തന്റെ പിന്നിൽ ഉണങ്ങിയ ചുള്ളിക്കമ്പുകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു. ഒരു മരത്തിന്റെ മറവിൽ നിന്നും കുഖോളിൻ പുറത്തേക്ക് വന്നു.

 

അയാളുടെ രൂപം കണ്ടതും ലിയറി അക്ഷരാർത്ഥത്തിൽത്തന്നെ ഭയന്നു പോയി. ഇരുണ്ട നിറമുള്ള ഒരു ഓവർകോട്ടും കറുത്ത മുഖംമൂടിയും ധരിച്ച അയാളുടെ കണ്ണുകളും മൂക്കും വായും മാത്രമേ പുറത്തേയ്ക്ക് കാണാനാകുമായിരുന്നുള്ളൂ. കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ച ഒരു PPK സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ അയാളുടെ ഇടതുകൈയിലുണ്ട്.

 

“ഞാൻ പറയുന്നത് അനുസരിച്ചാൽ നിങ്ങൾക്ക് ജീവനോടെയിരിക്കാം” കുഖോളിൻ പറഞ്ഞു. തെക്കൻ ഐറിഷ് ചുവയായിരുന്നു അയാളുടെ പതിഞ്ഞ സ്വരത്തിന്.

 

“എന്തും അനുസരിക്കാം...” ലിയറി കരച്ചിലിന്റെ വക്കിലെത്തി. “എനിക്കൊരു കുടുംബമുണ്ട് ഉപദ്രവിക്കരുത് പ്ലീസ്

 

“നിങ്ങളുടെ ക്യാപ്പും റെയിൻകോട്ടും ഊരി നിലത്ത് വയ്ക്കൂ

 

അയാൾ ആവശ്യപ്പെട്ടത് അക്ഷരംപ്രതി ലിയറി അനുസരിച്ചു. കുഖോളിൻ തന്റെ വലതു കൈ അയാൾക്ക് നേരെ നീട്ടി. ഗ്ലൗസ് ധരിച്ച ആ കൈപ്പടത്തിനുള്ളിൽ വെള്ള നിറമുള്ള ഒരു വലിയ ക്യാപ്സൂൾ ആയിരുന്നു. “ഇനി ഒരു നല്ല കുട്ടിയായി ഇത് വിഴുങ്ങിക്കോളൂ

 

“വിഷമാണോ നിങ്ങളെനിക്ക് തരുന്നത്?” ലിയറി വിയർത്തു തുടങ്ങിയിരുന്നു.

 

“ഏതാണ്ട് നാലു മണിക്കൂർ നേരത്തേക്ക് നിങ്ങൾക്ക് ബോധമുണ്ടാവില്ല അത്രയേയുള്ളൂ” കുഖോളിൻ അയാൾക്ക് ഉറപ്പു നൽകി. “അതല്ലേ നല്ലത്?” അയാൾ തന്റെ കൈയിലെ തോക്ക് ഉയർത്തി. “ഇതിനേക്കാൾ നല്ലത് അതു തന്നെയല്ലേ?”

 

വിറയ്ക്കുന്ന കൈ കൊണ്ട് ലിയറി ആ ക്യാപ്സൂൾ വാങ്ങി വിഴുങ്ങി. കാലുകൾക്ക് കുഴയുന്നത് പോലെ എല്ലാത്തിനും ഒരു അവാസ്തവികത ആരോ തന്റെ ചുമലിൽ കൈ വച്ച് താഴോട്ട് പിടിച്ചിരുത്തുന്നത് പോലെ മുഖത്ത് തഴുകുന്ന പുൽ‌നാമ്പുകൾക്ക് നല്ല തണുപ്പായിരുന്നു പിന്നെ കൂരിരുട്ട് മാത്രം

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

15 comments:

  1. അങ്ങനെ നമ്മൾ ഇംഗ്ലണ്ടിൽ എത്തുന്നു...

    ReplyDelete
    Replies
    1. ആ, വന്നോട്ടെ.. ആ, പോന്നോട്ടെ.. എല്ലാം സെറ്റാണ്.. 😄

      Delete
    2. ജിമ്മൻ അവിടെയുള്ള ഒറ്റ ധൈര്യത്തിലാണ്‌ ഞങ്ങൾ അങ്ങോട്ടെത്തുന്നത്...

      Delete
  2. എന്താവും അത്ര സുഖകരമല്ലാത്ത ആ വാർത്ത??

    ReplyDelete
  3. ലിയറി ഭാഗ്യത്തിന് രക്ഷപെട്ടല്ലേ

    ReplyDelete
    Replies
    1. അതെ... ജീവനിൽ കൊതിയുള്ളത് കൊണ്ട് കുഖോളിൻ പറഞ്ഞത് അനുസരിച്ചു...

      Delete
  4. എല്ലാത്തിനും ഒരു അവാസ്തവികത

    ReplyDelete
    Replies
    1. അതെ... ബോധം മറയുന്നതിന് തൊട്ടു മുമ്പുള്ള അവസ്ഥ...

      Delete
  5. അതെ, തോക്കിനേക്കാൾ ഭേദം ക്യാപ്സൂൾ ആണല്ലോ

    ReplyDelete
    Replies
    1. തീർച്ചയായും... ബുദ്ധിപരമായ തീരുമാനം...

      Delete
  6. ലിയറി രക്ഷപ്പെടുമോ

    ReplyDelete
    Replies
    1. തീർച്ചയായും സുചിത്രാജീ...

      Delete
  7. കെല്ലി വീണ്ടും..
    എന്തോ.. രാവണാ ചിലപ്പോഴൊക്കെ നിന്നെ എനിക്കിഷ്ടമാകുന്നുണ്ട്

    ReplyDelete
    Replies
    1. പക്ഷേ, എനിക്കത്ര ഇഷ്ടമാവുന്നില്ല കക്ഷിയെ...

      Delete