ഈ നോവൽ തുടക്കം മുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഹാരി ഫോക്സും താന്യയും കസ്റ്റംസ് ഗേറ്റ് കടന്ന് അറൈവൽ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു തൂണിൽ ചാരി നിന്ന് സിഗരറ്റ് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡെവ്‌ലിൻ. കറുത്ത ഒരു ഫെൽറ്റ് ഹാറ്റും ട്രെഞ്ച് കോട്ടും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. അവരെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് വന്നു.
“Cead mile failte…” താന്യയുടെ കരം കവർന്നു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “ഐറിഷ് ഭാഷയാണ്… ഒരായിരം സ്വാഗതം എന്നർത്ഥം…”
“Go raibh maith agat…” അതേ ഭാഷയിൽത്തന്നെ ഫോക്സ് അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.
“ഓ, വലിയ കാര്യമായിപ്പോയി…” അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “ഇദ്ദേഹത്തിന്റെ മാതാവ് കുലീനയായ ഒരു ഐറിഷ് വനിതയായിരുന്നു… താങ്ക്സ് ലോർഡ്…”
സന്തോഷം കൊണ്ട് തിളങ്ങുകയായിരുന്നു അവളുടെ മുഖം. “അയാം സോ എക്സൈറ്റഡ്… ഇതൊന്നും – ഇതൊന്നും വിശ്വസിക്കാനേ പറ്റുന്നില്ല എനിക്ക്…”
“റൈറ്റ്…” ഫോക്സ് പറഞ്ഞു. “സുരക്ഷിതമായ കരങ്ങളിലാണ് നിങ്ങളിപ്പോൾ… എന്റെ ഉത്തരവാദിത്തം അവസാനിച്ചിരിക്കുന്നു... ഒരു മണിക്കൂർ കഴിഞ്ഞ് ഒരു റിട്ടേൺ ഫ്ലൈറ്റുണ്ട്… അതിൽ സീറ്റ് തരപ്പെടുമോയെന്ന് നോക്കട്ടെ… വീ വിൽ ബീ ഇൻ ടച്ച്, ലിയാം…”
ആൾക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം ഡിപ്പാർച്ചർ ഗേറ്റിന് നേർക്ക് നടന്നകന്നു. താന്യയുടെ കൈ പിടിച്ച് ഡെവ്‌ലിൻ പ്രധാന കവാടത്തിന് നേർക്ക് നീങ്ങി. “നല്ലൊരു മനുഷ്യൻ…” അവൾ പറഞ്ഞു. “അദ്ദേഹത്തിന്റെ ഒരു കൈയ്ക്ക് എന്തു പറ്റിയതാണ്…?”
“പണ്ടൊരു രാത്രിയിൽ ബെൽഫാസ്റ്റിൽ വച്ച് ബോംബ് ഒളിപ്പിച്ചു വച്ചിരുന്ന ഒരു ബാഗ് കൈയിലെടുക്കാനിടയായി… വിചാരിച്ചത്ര വേഗത്തിൽ അത് ദൂരേയ്ക്കെറിയാൻ അദ്ദേഹത്തിനായില്ല… എന്തായാലും അവർ നൽകിയ ആ ഇലക്ട്രോണിക്ക് കൈയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു അദ്ദേഹമിപ്പോൾ…”
“എത്ര നിസ്സാരമായാണ് നിങ്ങളത് പറയുന്നത്…” കാർ പാർക്കിന് നേർക്ക് നടക്കവെ അവൾ പറഞ്ഞു.
“മറ്റുള്ളവരുടെ അനുകമ്പയൊന്നും അദ്ദേഹത്തിന് ആവശ്യമില്ല… അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് തന്നെ വളരെ ഉയർന്നതാണ്… എയ്ടൻ കോളേജിലെ പഠനം, റോയൽ ഗാർഡ്സിലെ പരിശീലനം… അവശേഷിക്കുന്നത് വച്ച് എങ്ങനെ അതിജീവിയ്ക്കാം എന്നാണ് അവർ പഠിപ്പിക്കുന്നത്… അല്ലാതെ നഷ്ടപ്പെട്ടതിനെയോർത്ത് കരയാനല്ല…” തന്റെ പഴയ ആൾഫാ റോമിയോ സ്പോർട്സ് കാറിനരികിലേക്ക് അവളെ ആനയിച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “ഹാരി ഒരു പ്രത്യേക ജനുസ്സ് തന്നെയാണ്… ആ കിഴവൻ ഫെർഗൂസണെപ്പോലെ… തീർത്തും ഒരു ജെന്റിൽമാൻ…”
“അതെന്താ, നിങ്ങൾ അതല്ലേ…?”
“മൈ ഗോഡ്, ഇത് വല്ലതും കേൾക്കാനിടയായാൽ കുഴിമാടത്തിൽ കിടക്കുന്ന എന്റെ അമ്മ എഴുന്നേറ്റ് ഓടുമല്ലോ…” കാർ മുന്നോട്ടെടുക്കവെ ഡെവ്‌ലിൻ പറഞ്ഞു. “പറയൂ, അന്ന് പാരീസിൽ നിന്നും നിന്നോട് യാത്ര പറഞ്ഞതിന് ശേഷം ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് ഒരു വീണ്ടുവിചാരം നടത്തുവാൻ എന്താണ് കാരണം…? എന്താണ് സംഭവിച്ചത്…?”
നടന്ന കാര്യങ്ങളെല്ലാം ഒന്നും വിട്ടുപോകാതെ അവൾ വിവരിച്ചു. ബെലോവിന്റെ ഓഫീസിൽ വച്ചുള്ള മസ്‌ലോവ്സ്കിയുമായുള്ള ഫോൺ സംഭാഷണം, ഷെപ്പിലോവ്, ടർക്കിൻ, അവസാനം ജെഴ്സിയിൽ വച്ച് അലക്സ് മാർട്ടിൻ അവൾക്ക് രക്ഷകനായത്… എല്ലാമെല്ലാം.
എല്ലാം കേട്ടു കഴിഞ്ഞതും ഡെവ്‌ലിൻ പുരികം ചുളിച്ചു. “അവർ നിന്റെ പിന്നാലെ ഉണ്ടായിരുന്നുവെന്നോ…? ജെഴ്സിയിൽ നിന്നെയും കാത്ത് അവർ നിന്നുവെന്നോ…? നിന്റെ നീക്കങ്ങളെല്ലാം അവർ എങ്ങനെ അറിഞ്ഞുവെന്നാണ് എനിക്ക് മനസ്സിലാവാത്തത്…”
“ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഫോൺ ചെയ്ത് ട്രെയിനിന്റെ സമയം ഞാൻ ചോദിച്ചിരുന്നു…” അവൾ പറഞ്ഞു. “പക്ഷേ, ഞാനെന്റെ പേരോ റൂം നമ്പറോ കൊടുത്തിരുന്നില്ല… അതിനാൽ ഭയക്കേണ്ടതില്ലെന്നാണ് ഞാൻ കരുതിയത്… ഒരു പക്ഷേ, ബെലോവും സംഘവും കാര്യക്ഷമമായ അന്വേഷണം നടത്തിക്കാണണം…”
“ശരിയായിരിക്കാം… എന്തായാലും നീയിപ്പോൾ ഇവിടെ എത്തിച്ചേർന്നല്ലോ… കിൽറിയയിലുള്ള എന്റെ കോട്ടേജിലായിരിക്കും നീ തങ്ങാൻ പോകുന്നത്… അധികം ദൂരമൊന്നുമില്ല… അവിടെ എത്തിയിട്ട് എനിക്ക് ഒരാളെ ഫോൺ ചെയ്യാനുണ്ട്… ഭാഗ്യമുണ്ടെങ്കിൽ നാളെത്തന്നെ അവരുമായുള്ള മീറ്റിങ്ങ് ഏർപ്പാടാക്കാം നമുക്ക്… കുറേയേറെ ഫോട്ടോകളുണ്ടാവും നിനക്ക് ഉഴുതുമറിക്കാൻ…”
“ആ ഫോട്ടോകളിൽ നിന്ന് അയാളെ തിരിച്ചറിയാനാവുമെന്ന് ഞാൻ കരുതുന്നു…” അവൾ പറഞ്ഞു.
“നീ മാത്രമല്ല, ഞങ്ങളെല്ലാവരും… എനി വേ, ശാന്തമായ ഒരു രാത്രി… ഞാൻ അത്താഴം ഉണ്ടാക്കാൻ നോക്കട്ടെ… എന്റെയൊരു അടുത്ത സുഹൃത്തുമുണ്ടാവും ഡിന്നറിന് നമ്മോടൊപ്പം…”
“ആരാണ് അദ്ദേഹം…?”
“നീ ഇതുവരെ കണ്ടിരിക്കാൻ സാദ്ധ്യതയില്ല്ലാത്ത ഒരു വ്യക്തിത്വം… ഒരു കാത്തിലിക് വൈദികനാണ്… ഫാദർ ഹാരി ക്യുസെയ്ൻ… തീർച്ചയായും നിനക്ക് ഇഷ്ടപ്പെടും എന്നാണെന്റെ വിശ്വാസം…”
***
ഡെവ്‌ലിൻ തന്റെ സ്റ്റഡീറൂമിൽ നിന്നും മക്ഗിനസിന് ഫോൺ ചെയ്തു. “ആ പെൺകുട്ടി ഇപ്പോൾ ഇവിടെയുണ്ട്… എന്റെ കോട്ടേജിലാണ് തങ്ങുന്നത്… നാം പറഞ്ഞ മീറ്റിങ്ങ് എപ്പോൾ ഏർപ്പാടാക്കാൻ പറ്റും…?”
“അതിനൊന്നും ഒരു പ്രയാസവുമില്ല…” മക്ഗിനസ് പറഞ്ഞു. “താങ്കൾ ചെർണിയുടെ കാര്യം അറിഞ്ഞോ…?”
“ഇല്ല…” ഡെവ്‌ലിൻ പെട്ടെന്ന് ജാഗരൂകനായി.
“ഇന്നുച്ചയ്ക്ക് ട്രിനിറ്റി കോളേജിന്റെ മുകളിലത്തെ ജനാലയിൽ നിന്നും താഴേക്ക് വീണു മരണമടഞ്ഞു… എന്റെ സംശയം എന്താണെന്ന് വച്ചാൽ, വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നതാണ്…”
“എന്തായാലും അപ്രതീക്ഷിതമായ അന്ത്യം എന്ന് പറയാം…” ഡെവ്‌ലിൻ പറഞ്ഞു.
“ഇതിന്റെ പിന്നിലും അയാൾ തന്നെയാണ്…” മക്ഗിനസ് പറഞ്ഞു. “ജീസസ്, ആ പന്നിയെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ….”
“നിങ്ങൾ താന്യയുമായുള്ള മീറ്റിങ്ങ് എത്രയും പെട്ടെന്ന് തന്നെ അറേഞ്ച് ചെയ്യൂ… അവൾക്ക് അയാളെ തിരിച്ചറിയാനായേക്കും…” ഡെവ്‌ലിൻ പറഞ്ഞു.
“അവൾക്ക് തിരിച്ചറിയാൻ സാധിച്ചാൽ ഒരിക്കൽക്കൂടി ഞാൻ കുമ്പസരിക്കാൻ പോകും… എന്തായാലും മീറ്റിങ്ങിന്റെ കാര്യം ഞാനേറ്റു… ഞാൻ തിരിച്ചു വിളിക്കാം…”
***
പൂജാവസ്തുക്കൾ വച്ചിട്ടുള്ള മുറിയിൽ കുർബാനയ്ക്കുള്ള മുന്നൊരുക്കമെന്നോണം തികഞ്ഞ നിർവ്വികാരതയോടെ ഹാരി ക്യുസെയ്ൻ തന്റെ മേലങ്കി എടുത്തണിഞ്ഞു. ഇതിപ്പോൾ ഒരു നാടകം അല്ലാതായി മാറിയിരിക്കുന്നു... സ്വന്തം ഭാവനയ്ക്കനുസരിച്ച് നടീനടന്മാർ തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച കഥ പോലെ… എന്താണ് ഇനി സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല അയാൾക്ക്.
അയാൾ വരുന്നതും കാത്ത് പുറത്ത് നിന്നിരുന്ന നാല് കൈക്കാരന്മാർ ആ ഗ്രാമത്തിൽ നിന്ന് തന്നെ ഉള്ള യുവാക്കളായിരുന്നു. വൃത്തിയുള്ള ചുവന്ന വിശുദ്ധ ളോഹയും വെള്ള മേലങ്കിയും ആയിരുന്നു അവർ ധരിച്ചിരുന്നത്. മേലങ്കി കഴുത്തിൽ ചുറ്റിയിട്ട് പ്രാർത്ഥനാ പുസ്തകവുമെടുത്ത് ക്യുസെയ്ൻ പുറത്തിറങ്ങി.
“ഇന്നത്തെ രാത്രി നമുക്ക് ഗംഭീരമാക്കാം അല്ലേ…?” അയാൾ അവരോട് ചോദിച്ചു.
വാതിൽക്കൽ ഘടിപ്പിച്ചിട്ടുള്ള ബെൽ ക്യുസെയ്ൻ അമർത്തി. അടുത്ത നിമിഷം ഉള്ളിലുള്ള ഓർക്കസ്ട്ര ടീം ഓർഗൻ വായിക്കുവാൻ ആരംഭിച്ചു. ആ യുവാക്കളിൽ ഒരുവൻ തള്ളിത്തുറന്ന വാതിലിലൂടെ ഒരു ചെറിയ ജാഥ പോലെ അവർ ആ കൊച്ചുദേവാലയത്തിലെ അൾത്താരയുടെ നേർക്ക് നീങ്ങി.
***
സ്റ്റീക്ക്സ് മൊരിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെവ്‌ലിൻ കിച്ചണിൽ. താന്യ ഫ്രഞ്ച് ജാലകത്തിന്റെ പാളികൾ തുറന്നു. ഗാർഡന്റെ അറ്റത്തുള്ള മതിലിനപ്പുറത്ത് നിന്നും ഒഴുകിയെത്തുന്ന ഓർഗൻ സംഗീതം അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ ഡെവ്‌ലിനരികിൽ ചെന്നു. “എവിടെ നിന്നാണ് ആ സംഗീതം…?”
“ആ മതിലിനപ്പുറത്ത് ഒരു കോൺവെന്റ് ഉണ്ട്… അതിനോടനുബന്ധിച്ച് ഒരു ആതുരാലായവും… അവിടെയുള്ള ചാപ്പലാണ് ഈ ഗ്രാമത്തിന്റെ ദേവാലയം എന്ന് പറയാം… ഫാദർ ഹാരി ക്യുസെയ്നാണ് കുർബാന നടത്തുന്നത്… അതിന്റെ സംഗീതമാണ്… അധികം വൈകാതെ അദ്ദേഹം ഇവിടെയെത്തും…”
തിരികെ ലിവിങ്ങ് റൂമിൽ ചെന്ന് ഫ്രഞ്ച് ജാലകത്തിനരികിൽ നിന്നുകൊണ്ട് അവൾ ആ സംഗീതം ശ്രദ്ധിച്ചു. കർണ്ണാനന്ദകരാമായിരുന്നുവെന്ന് മാത്രമല്ല, അങ്ങേയറ്റം ശാന്തി പകരുന്നതുമായിരുന്നു അത്. ആരായാലും ശരി, മനോഹരമായിട്ടാണ് ഓർഗൻ വായിക്കുന്നത്. പുറത്തിറങ്ങി പുൽത്തകിടി കടന്ന് അവൾ മതിലിലെ ഡോർ തുറന്നു. കോൺവെന്റിന്റെ അറ്റത്തുള്ള ചാപ്പലിന്റെ ദൃശ്യം അതിമനോഹരമായിരുന്നു. ജാലകങ്ങളിൽ നിന്നും പുറത്തേക്ക് വഴിഞ്ഞൊഴുകുന്ന പ്രകാശവീചികളുടെ മാസ്മരികതയിൽ നിൽക്കുന്ന ആ ദേവാലയം ആരെയും ആകർഷിക്കുന്നതായിരുന്നു. അതിൽ മയങ്ങി അങ്ങോട്ട് നീങ്ങിയ അവൾ ദേവാലയത്തിന്റെ മുന്നിലെത്തി ഓക്ക് നിർമ്മിതമായ വാതിൽ തള്ളിത്തുറന്നു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"അവശേഷിക്കുന്നത് വച്ച് എങ്ങനെ അതിജീവിയ്ക്കാം എന്നാണ് അവർ പഠിപ്പിക്കുന്നത്… അല്ലാതെ നഷ്ടപ്പെട്ടതിനെയോർത്ത് കരയാനല്ല ....."
ReplyDeleteഅത് നന്നായി .. കെല്ലിയെ കണ്ടു കഴിയുമ്പോൾ താന്യക്കു ബോധം അവശേഷിക്കുമോ ..? കെല്ലി താന്യയെ ഒന്നും ചെയ്യില്ല ..കാരണം അയാൾക്ക് അവളോട് എന്നും വാത്സല്യം ഉണ്ട്
ഉണ്ടാപ്രിയുടെ മനസ്സിൽ കെല്ലിയ്ക്ക് ഒരു രൂപമുണ്ട്... അത് അങ്ങനെ തന്നെയിരുന്നോട്ടെ... കെല്ലി പാവമാ...
Deleteആഹ് അടിപൊളി! ഇങ്ങനെ പുറത്തിറങ്ങി നടക്കണോ??? അടുത്ത നീക്കം എന്താകുമാവോ!
ReplyDeleteനേരെ കെല്ലിയുടെ മുന്നിലേക്ക്...
Deleteറോയൽ ഗാർഡ്സിലെ പരിശീലനം… അവശേഷിക്കുന്നത് വച്ച് എങ്ങനെ അതിജീവിയ്ക്കാം എന്നാണ് അവർ പഠിപ്പിക്കുന്നത്… അല്ലാതെ നഷ്ടപ്പെട്ടതിനെയോർത്ത് കരയാനല്ല
ReplyDeleteജീവിതത്തിൽ പകർത്തേണ്ടതായ നല്ല ഒരു കാര്യം
തീർച്ചയായും സുകന്യാജീ...
Deleteഎന്തിനോ വേണ്ടി മൊരിയുന്ന സ്‌റ്റെയ്‌ക്സ്!!
ReplyDeleteഅവിടെ സ്റ്റീക്ക് ഹൗസ് ഒന്നുമില്ലെന്ന് തോന്നുന്നു...?
Delete