Wednesday, December 20, 2023

കൺഫെഷണൽ – 43

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗ്രാമവാസികൾ വളരെ കുറച്ചു പേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. വീൽചെയറിൽ ഇരിക്കുന്ന രണ്ടുപേർ ആതുരാലയത്തിലെ രോഗികളാണെന്ന് തോന്നുന്നു. പിന്നെ കുറേ കന്യാസ്ത്രീകൾ. സിസ്റ്റർ ആൻ മേരി ആണ് ഓർഗൻ വായിച്ചിരുന്നത്. ആ വാദ്യോപകരണം അത്ര നല്ല അവസ്ഥയിലൊന്നും ആയിരുന്നില്ല. അന്തരീക്ഷത്തിലെ ഈർപ്പം അതിന്റെ പല ഘടകങ്ങൾക്കും കേടുപാടുകൾ വരുത്തിത്തുടങ്ങിയിരുന്നു. എങ്കിലും അവരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് പറയാം. ദൈവവിളി കേട്ട് ആത്മീയ ജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് പാരീസിലെ ഒരു സംഗീതകോളേജിൽ ഒരു വർഷം ചെലവഴിച്ചിട്ടുള്ളതാണ് സിസ്റ്റർ ആൻ മേരി.

 

മെഴുകുതിരികളുടെ അരണ്ട വെട്ടത്തിൽ ആ ദേവാലയത്തിന്റെ ഉള്ളിലെങ്ങും നിഴലുകൾ ചിത്രം വരച്ച പ്രതീതിയായിരുന്നു. എങ്ങും സമാധാനം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കന്യാസ്ത്രീകൾ ആലപിച്ചുകൊണ്ടിരിക്കുന്ന ‘Domine Jesu Christ, Rex Floriae.’ എന്ന പ്രാർത്ഥനാഗീതം അതീവ ഹൃദ്യമായിരുന്നു. അൾത്താരയിൽ നിൽക്കുന്ന ഫാദർ ഹാരി ക്യുസെയ്ൻ ദൈവത്തിന്റെ അപരിമിതമായ ദയയും വാത്സല്യവും വേണ്ടെന്നു വച്ച ലോകത്തെ എല്ലാ പാപികൾക്കും വേണ്ടി പ്രാർത്ഥിച്ചു. ആ അന്തരീക്ഷത്തിന്റെ അലൗകികതയിൽ മയങ്ങിയ താന്യ തൊട്ടടുത്തു കണ്ട ഇരിപ്പിടത്തിൽ ഇരുന്നു. ഇതുപോലൊരു കുർബാന തന്റെ ജീവിതത്തിൽ ഇതുവരെ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഹാരി ക്യുസെയ്ന്റെ മുഖം വ്യക്തമായി കാണാനാവുന്നുണ്ടായിരുന്നില്ല അവൾക്ക്. ആ അരണ്ട വെട്ടത്തിൽ തിരുവസ്ത്രവും ധരിച്ച് അൾത്താരയിൽ നിൽക്കുന്ന അയാളുടെ പ്രൗഢരൂപമായിരുന്നു അവളെ ഹഠാദാകർഷിച്ചത്.

 

കുർബാന തുടരവെ അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും യേശുവിന്റെ രക്തവും മാംസവും ഏറ്റുവാങ്ങുവാനായി മുന്നോട്ട് ചെന്നു. ഓരോരുത്തരുടെയും അരികിൽ ചെന്ന് തല കുനിച്ച് മന്ത്രിച്ച് വിശുദ്ധ അപ്പം നൽകിക്കൊണ്ട് നീങ്ങുന്ന ഹാരി ക്യുസെയ്നെ നോക്കിക്കൊണ്ടിരിക്കവെ അവളുടെയുള്ളിൽ വിചിത്രമായ ഒരു അസ്വസ്ഥത പടരുന്നത് പോലെ തോന്നി. ഈ മനുഷ്യനെ മുമ്പ് എവിടെയോ കണ്ടിട്ടുള്ളത് പോലെ അയാളുടെ ശരീരഭാഷ നല്ല പരിചയമുള്ളത് പോലെ

 

കുർബാന കഴിഞ്ഞ് അവസാന ചടങ്ങായ പാപമോചനവും നൽകിയതിന് ശേഷം അയാൾ സദസ്സിനെ അഭിമുഖീകരിച്ചു. “ഒരു കാര്യം ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് ഇനിയുള്ള ദിനങ്ങളിലെ നിങ്ങളുടെ പ്രാർത്ഥനകളിൽ പരിശുദ്ധ പിതാവിനെയും ഉൾപ്പെടുത്തണം ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഈ സമയത്ത് ഇംഗ്ലണ്ട് സന്ദർശിക്കാനെത്തുന്ന അദ്ദേഹത്തിന് വേണ്ടി നിങ്ങളോരോരുത്തരും പ്രാർത്ഥിക്കണം” അല്പം മുന്നോട്ട് നീങ്ങിയ അയാളുടെ മുഖത്ത് മെഴുകുതിരിയുടെ വെട്ടം പതിച്ചു. “തന്റെ ദൗത്യം നിറവേറ്റാനുള്ള ശക്തി അദ്ദേഹത്തിന് നൽകേണമേയെന്ന് അദ്ദേഹത്തോടൊപ്പം നിങ്ങളും പ്രാർത്ഥിക്കുക

 

അവിടെ കൂടിയിരുന്ന ഓരോരുത്തരുടെയും മുഖങ്ങളിലൂടെ അയാളുടെ കണ്ണുകൾ സഞ്ചരിച്ചു. അവളുടെ മുഖത്ത് എത്തിയതും ഒരു നിമിഷം ഉടക്കിയ ആ കണ്ണുകൾ വീണ്ടും അടുത്തയാളുടെ നേർക്ക് നീങ്ങി. ഭയന്ന് മരവിച്ചു പോയി താന്യ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു അവൾക്കത്. പ്രാർത്ഥനയുടെ അവസാനമുള്ള ആശീർവാദ പ്രഭാഷണം നടത്തുന്ന ഹാരി ക്യുസെയ്ന്റെ ചുണ്ടുകൾ ശബ്ദമില്ലാതെ ചലിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. പണ്ടത്തേക്കാൾ ദീനാനുകമ്പ നിഴലിക്കുന്ന ആ മുഖത്ത് പ്രായം ഏറിയിട്ടുണ്ട് വർഷങ്ങളായി തന്നെ സ്വപ്നങ്ങളിൽ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ മുഖം അതെ അത് കുഖോളിൻ എന്ന പേരിൽ അറിയപ്പെടുന്ന മിഖായേൽ കെല്ലിയുടേത് തന്നെയെന്ന ഞെട്ടിക്കുന്ന സത്യം ഉൾക്കിടിലത്തോടെ അവൾ തിരിച്ചറിഞ്ഞു.

 

                                                            ***

 

പിന്നെ അവിടെ സംഭവിച്ചതെല്ലാം വിചിത്രമായിരുന്നു. എന്നാൽ അപ്പോഴത്തെ ചുറ്റുപാടുകൾ വച്ചു നോക്കിയാൽ അത്ര വിചിത്രമെന്ന് പറയാനും പറ്റില്ല. എങ്കിലും അവൾക്കുണ്ടായ ഷോക്ക് അതിതീവ്രമായിരുന്നു. തന്റെ ശക്തിയെല്ലാം ചോരുന്നത് പോലെ തോന്നിയ അവൾ എഴുന്നേൽക്കാനാവാതെ ആ അരണ്ട വെട്ടത്തിൽ അവിടെത്തന്നെയിരുന്നു. കുർബാന കൊള്ളാൻ എത്തിയിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങവെ ഹാരി ക്യുസെയ്നും സഹായികളും പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിലേക്ക് കയറിപ്പോയി. മൗനം തളം കെട്ടിയ ആ ദേവാലയത്തിനുള്ളിൽ ഒറ്റയ്ക്കായിപ്പോയ അവൾ എല്ലാം കൂട്ടിയോജിപ്പിക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു. ഫാദർ ഹാരി ക്യുസെയ്ൻ തന്നെയാണ് കുഖോളിൻ എന്നത് ഉറപ്പായിരിക്കുന്നു അയാളാണെങ്കിൽ ഡെവ്‌ലിന്റെ സുഹൃത്തും ഇപ്പോഴാണ് പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം വ്യക്തമാകുന്നത് ദൈവമേ, എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്? അവൾ ചിന്തിച്ചു. അടുത്ത നിമിഷം, പൂജാമുറിയുടെ വാതിൽ തുറന്ന് ഹാരി ക്യുസെയ്ൻ പുറത്തിറങ്ങി.

 

                                                            ***

 

കിച്ചണിൽ ഭക്ഷണമെല്ലാം ഏതാണ്ട് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. മൃദുവായി ചൂളമടിച്ചു കൊണ്ട് ഡെവ്‌ലിൻ സ്റ്റൗവിൽ വച്ചിരിക്കുന്ന ഫ്രൈയിങ്ങ് പാനിലേക്ക് നോക്കി. “താന്യാ, മേശ റെഡിയാക്കിയോ?” അദ്ദേഹം വിളിച്ചു ചോദിച്ചു.

 

എന്നാൽ അതിന് മറുപടിയുണ്ടായില്ല. ഡെവ്‌ലിൻ ലിവിങ്ങ് റൂമിലേക്ക് ചെന്നു. ഡൈനിങ്ങ് ടേബിൾ അറേഞ്ച് ചെയ്തിരുന്നില്ലെന്ന് മാത്രമല്ല, താന്യയുടെ അടയാളം പോലും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. അപ്പോഴാണ് തുറന്നു കിടക്കുന്ന ഫ്രഞ്ച് ജാലകം അദ്ദേഹം ശ്രദ്ധിച്ചത്. ഏപ്രൺ അഴിച്ചു വച്ചിട്ട് അദ്ദേഹം പുറത്തിറങ്ങി.

 

“താന്യാ?” മുറ്റത്തേക്ക് നോക്കി അദ്ദേഹം വിളിച്ചു. കോമ്പൗണ്ട് വാളിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് അപ്പോഴാണ് ഡെവ്‌ലിന്റെ ശ്രദ്ധയിൽപ്പെട്ടത്.

 

                                                     ***

 

വൈദികർ ഉപയോഗിക്കുന്ന ക്ലെറിക്കൽ കോളറുള്ള ഒരു കറുത്ത സ്യൂട്ടാണ് ഹാരി ക്യുസെയ്ൻ ധരിച്ചിരുന്നത്. ഒരു നിമിഷം ഒന്ന് നിന്ന അയാൾ ഹാളിൽ ഇരിക്കുന്ന താന്യയെ കണ്ടുവെങ്കിലും യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ല. കുർബ്ബാനയ്ക്കിടയിൽ ഒറ്റ നോട്ടത്തിൽത്തന്നെ അവളെ ശ്രദ്ധിച്ചതാണ്. അപരിചിതയായ ഒരു യുവതി എന്നേ കരുതേണ്ടതുള്ളുവെങ്കിലും സാഹചര്യങ്ങൾ വച്ചുനോക്കിയപ്പോൾ ആരായിരിക്കും അവൾ എന്ന കാര്യത്തിൽ അയാൾക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. ആ കൊച്ചുപെൺകുട്ടിയുടെ മുഖം തന്നെയായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പ്, ഡ്രമോറിലെ ആ തെരുവിൽ സ്വന്തം പിതാവിന്റെ മൃതശരീരത്തിനരികിൽ കരഞ്ഞു കൊണ്ട് നിന്ന പെൺകുട്ടി പിതാവിന്റെ കൊലയാളിയായ തന്റെ മേൽ പല്ലും നഖവുമായി വീറോടെ ചാടിവീണ ആ കൊച്ചുപെൺകുട്ടി ആ കണ്ണുകൾക്ക് ഇന്നും ഒരു മാറ്റവുമില്ല. തന്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത അതേ കണ്ണുകൾ.

 

അൾത്താരയുടെ കൈവരികൾക്ക് സമീപം കുരിശുവരയ്ക്കുവാനായി അയാൾ മുട്ടുകുത്തി. പരിഭ്രാന്തയായ താന്യ ഭയന്ന് വിറച്ചുപോയി. ഒരുവിധം എഴുന്നേറ്റ് ഇടനാഴിയിലൂടെ തിരിഞ്ഞു നടന്ന അവൾ കുമ്പസാരക്കൂടുകളിലൊന്നിന്റെ പാതി തുറന്നു കിടന്ന വാതിൽ കണ്ടതും അതിനുള്ളിൽ കയറി. കതക് ചാരിയപ്പോൾ ചെറിയൊരു ഞരക്കമുണ്ടായി. അൾത്താരയുടെ സമീപത്തു നിന്നും ഇടനാഴിയിലൂടെ നടന്നു വരുന്ന ഹാരി ക്യുസെയ്ന്റെ പതിഞ്ഞ കാലടിയൊച്ച അവൾക്ക് കേൾക്കാൻ സാധിച്ചു. തൊട്ടടുത്ത് എത്തിയതും ആ ശബ്ദം നിലച്ചു.

 

“നീ ഇതിനുള്ളിലുണ്ടെന്ന് എനിക്കറിയാം, താന്യാ വൊറോണിനോവ നിനക്ക് പുറത്തു വരാം” റഷ്യൻ ഭാഷയിൽ പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു.

                       

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

10 comments:

  1. ദീനാനുകമ്പ...കൊടും കൊലയാളിയായ കെല്ലിക്ക് അന്നും ഇന്നും താന്യയോടുള്ളത് അത് മാത്രം..
    അയാൾ അവളെ ഒന്നും ചെയ്യില്ല .. എനിക്കറിയാം.
    ഡെവ്‌ലിനെയും...

    ReplyDelete
    Replies
    1. ഉണ്ടാപ്രി ശരിയ്ക്കും മനസ്സിലാക്കിയിരിക്കുന്നു കെല്ലിയെ... പക്ഷേ, ഡെവ്‌ലിനോടുള്ള കെല്ലിയുടെ സമീപനം അങ്ങനെയായിരിക്കുമോ...? കാത്തിരിക്കാം നമുക്ക്...

      Delete
  2. ഡെവ്ലിനു എന്താ ഹാരിയിൽ ഒരു സംശയവും തോന്നാതിരുന്നത് എന്നതാ അതിശയം

    ReplyDelete
    Replies
    1. ഡെവ്‌ലിൻ പഠിപ്പിച്ച കോളേജിൽ അതെ സമയത്തു പഠിച്ച കുട്ടിയാണ് കെല്ലി. വർഷങ്ങൾ ആയി ചങ്ങാതിയും
      പോരാത്തതിന് കത്തനാരും ..
      എങ്ങനെ സംശയിക്കാൻ ..?

      Delete
    2. ശ്രീയുടെ ചോദ്യത്തിന്റെ ഉത്തരം ഉണ്ടാപ്രി പറഞ്ഞതാണ്... ഇന്നത്തെ ഗോൾഡൻ പെർഫോമർ ഉണ്ടാപ്രിയാണ്... വെൽ ഡൺ മൈ ബോയ്...

      Delete
    3. ഈ ഉണ്ടാപ്രി ആള് കൊള്ളാല്ലോ!!

      Delete
  3. താൻ കുടുക്കിലാവാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അസാധാരണമാം വിധം ശാന്തത പാലിക്കുന്ന 'ഫാദർ ഹാരി ക്യുസെയ്ൻ'!

    എന്താവും ഡെവ്‌ലിന്റെ പ്രതികരണം എന്നറിയാൻ കട്ട വെയ്റ്റിംഗ്..

    ReplyDelete
    Replies
    1. ഹാരി ക്യുസെയ്ൻ എന്ന മിഖായേൽ കെല്ലി ഒരു സംഭവം തന്നെ... ഞാനും ആ മനുഷ്യന്റെ ഫാൻ ആയീന്നാ തോന്നുന്നത്... 🏃🏻‍♂️

      Delete
  4. പല ചോദ്യങ്ങൾക്കും ഉത്തരം വ്യക്തമാകും നേരം

    ReplyDelete
    Replies
    1. അതെ... അതിന്റെ ഞെട്ടലിലാണ് താന്യ...

      Delete