Wednesday, December 6, 2023

കൺഫെഷണൽ – 41

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


പോൾ ചെർണി തന്റെ റെയിൻകോട്ട് എടുക്കുവാനായി തുനിയവെയാണ് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. കതക് തുറന്ന അയാൾ കണ്ടത് പുറത്ത് നിൽക്കുന്ന ഹാരി ക്യുസെയെനെയാണ്. കടുംനിറത്തിലുള്ള ട്രിൽബി ഹാറ്റും റെയിൻകോട്ടും ധരിച്ച അയാൾ തെല്ല് അസ്വസ്ഥനായി കാണപ്പെട്ടു.

 

“പോൾ, പുറത്ത് പോകുന്നതിന് മുമ്പ് നിങ്ങളെ കാണാൻ പറ്റിയതിൽ ദൈവത്തിന് നന്ദി

 

“എന്തു പറ്റി?” ചെർണി ആരാഞ്ഞു.

 

“നിങ്ങളെ പിന്തുടരാൻ IRA നിയോഗിച്ചിരുന്ന ഒരാളെ ഞാൻ വകവരുത്തിയത് ഓർമ്മയില്ലേ? പകരം അവരിപ്പോൾ വേറൊരാളെ ഏർപ്പാടാക്കിയിട്ടുണ്ട് എന്റെയൊപ്പം വരൂ

 

ആ പഴയ കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ചെർണിയുടെ റൂം. ധൃതിയിൽ സ്റ്റെയർകെയ്സ് വഴി തൊട്ടു മുകളിലത്തെ നിലയിലേക്ക് കയറിയ ക്യുസെയ്ൻ ഒന്ന് നിന്നിട്ട് അടുത്ത നിലയിലേക്കുള്ള പടവുകൾ ഓടിക്കയറി.

 

“എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്?” ചെർണി വിളിച്ചു ചോദിച്ചു.

 

“വരൂ, ഞാൻ കാണിച്ചു തരാം

 

ലാന്റിങ്ങിന് തൊട്ടു മുകളിൽ ഉള്ള ജോർജിയൻ ജാലകത്തിന്റെ അടിഭാഗത്തെ പാളി പാതി തുറന്നിരിക്കുകയായിരുന്നു. ക്യുസെയ്ൻ അതിലൂടെ പുറത്തേക്ക് എത്തി നോക്കി. “അതാ അവിടെ ആ അറ്റത്ത്” അയാൾ ചെർണിയോട് പറഞ്ഞു.

 

ചെർണി തല പുറത്തേക്കിട്ട് താഴെ കല്ലു പാകിയ മുറ്റത്തേക്ക് നോക്കി. “എവിടെ?” അയാൾ ചോദിച്ചു.

 

ചെർണിയുടെ പിന്നിൽ നിൽക്കുകയായിരുന്ന ക്യുസെയ്ൻ ശക്തിയായി അയാളെ പുറത്തേക്ക് തള്ളിയത് പെട്ടെന്നായിരുന്നു. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അടിതെറ്റി ജാലകത്തിലൂടെ പുറത്തേക്ക് തെറിച്ച ചെർണി ഒരു നിലവിളിയോടെ എൺപതടി താഴെയുള്ള കല്ലുപാകിയ തറയിലേക്ക് തലകുത്തി വീണു.

 

ഇടനാഴിയുടെ അറ്റത്തേക്ക് ഓടിയ ഹാരി ക്യുസെയ്ൻ പിൻഭാഗത്തെ സ്റ്റെയർകെയ്സ് വഴി അതിവേഗം താഴേക്കിറങ്ങി. ഒരർത്ഥത്തിൽ അയാൾ പറഞ്ഞത് ശരിയായിരുന്നു. കൊല്ലപ്പെട്ട മർഫിയ്ക്ക് ഒരു പകരക്കാരനെ മക്ഗിനസ് ഏർപ്പാടാക്കിയിരുന്നു. വാസ്തവത്തിൽ ഒന്നല്ല, രണ്ടു പേരെ പ്രധാന കവാടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന പച്ചനിറമുള്ള ഫോർഡ് എസ്കോർട്ട് കാറിനുള്ളിൽ ഇരിക്കുന്നുണ്ടായിരുന്നു അവർ ഇരുവരും. അതു കൊണ്ട് ഇനി പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെങ്കിലും.

 

                                                   ***

 

സിനിമാ തീയേറ്ററിനുള്ളിൽ പ്രവേശിച്ച ലുബോവ് നേരെ പിൻനിരയിലേക്ക് നടന്നു. ആ അരണ്ട വെട്ടത്തിൽ ആകെപ്പാടെ ഏതാണ്ട് അഞ്ചോ ആറോ പേരെ മാത്രമേ തീയേറ്ററിനുള്ളിൽ അദ്ദേഹത്തിന് കാണാനായുള്ളൂ. വാസ്തവത്തിൽ അദ്ദേഹം അല്പം നേരത്തെ എത്തിയത് കരുതിക്കൂട്ടിത്തന്നെ ആയിരുന്നു. തന്റെ പോക്കറ്റിനുള്ളിൽ കിടക്കുന്ന സൈലൻസർ ഘടിപ്പിച്ച സ്റ്റെച്ച്കിൻ റിവോൾവറിന്റെ കാഞ്ചിയിൽ കോർത്തിരിക്കുന്ന വിരലുകൾ വിയർപ്പിനാൽ നനഞ്ഞിരുന്നു. കൈയിൽ കരുതിയ ഫ്ലാസ്ക് തുറന്ന് അദ്ദേഹം നല്ലൊരളവ് മദ്യം അകത്താക്കി. ധൈര്യം ലഭിക്കുവാൻ സ്കോച്ച് കൂടിയേ തീരൂ... ആദ്യം ചെർണി... പിന്നെ ക്യുസെയ്ൻ... അത് എളുപ്പമായേനെ ആദ്യമേ ആ വെയർഹൗസിൽ എത്തി അവരെയും കാത്ത് ഇരിക്കുകയായിരുന്നെങ്കിൽ ഫ്ലാസ്ക് തുറന്ന് ഒരു കവിൾ കൂടി അകത്താക്കിയിട്ട് അടച്ച് പോക്കറ്റിൽ നിക്ഷേപിച്ചു. അപ്പോഴാണ് ഇരുട്ടിൽ ചെറിയൊരു അനക്കം പോലെ തോന്നിയതും തൊട്ടടുത്ത സീറ്റിൽ ആരോ വന്ന് ഇരുന്നതും.

 

“പോൾ?” അദ്ദേഹം തല തിരിച്ചു.

 

പെട്ടെന്നാണ് ഒരു കൈ അദ്ദേഹത്തിന്റെ കഴുത്തിലൂടെ ചുറ്റി വായ് പൊത്തിയത്. തൊട്ടടുത്ത മാത്രയിൽത്തന്നെ കറുത്ത ഹാറ്റ് ധരിച്ച ഹാരി ക്യുസെയ്ന്റെ വിളറിയ മുഖം അദ്ദേഹം തിരിച്ചറിഞ്ഞു. അയാളുടെ വലതുകൈയിലെ കൂർത്ത മുനയുള്ള പിച്ചാത്തി ലുബോവിന്റെ വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറി. ഒന്ന് പ്രതിരോധിക്കാൻ പോലും അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. അരണ്ട വെട്ടം പിന്നെയും മങ്ങുന്നത് പോലെ വേദന പോലും തോന്നുന്നില്ല പിന്നെ കനത്ത അന്ധകാരം മാത്രം

 

പിച്ചാത്തിയിലെ രക്തം ലുബോവിന്റെ ജാക്കറ്റിൽ തുടച്ചിട്ട് ക്യുസെയ്ൻ അയാളെ ഉറങ്ങുന്നത് പോലെ കസേരയിൽ ചാരിക്കിടത്തി. ശേഷം, അയാളുടെ പോക്കറ്റിൽ നിന്നും കണ്ടെടുത്ത സ്റ്റെച്ച്കിൻ റിവോൾവർ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. പതിവ് പോലെ തന്നെ തന്റെ അനുമാനം ശരിയായിരുന്നു അതിന്റെ തെളിവാണിത്. ആ അരണ്ട വെട്ടത്തിൽ കസേരയിൽ നിന്ന് എഴുന്നേറ്റ് വാതിലിന് നേർക്ക് നടന്ന ഹാരി ക്യുസെയ്ൻ തീയേറ്ററിന് പുറത്തിറങ്ങി.

 

                                              ***

 

അര മണിക്കൂറിനകം തന്നെ ഹാരി ക്യുസെയ്ൻ കാത്തലിക്ക് സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിലെത്തി. കസേരയിൽ ഇരുന്നതേയുള്ളൂ, അപ്പോഴേക്കും മോൺസിഞ്ഞോർ ഹാലൊറൻ അവിടെയെത്തി. വളരെ ആഹ്ലാദവാനും ആവേശഭരിതനുമായിരുന്നു അയാൾ.

 

“നിങ്ങൾ അറിഞ്ഞോ? വത്തിക്കാനിൽ നിന്നും കൺഫർമേഷൻ ഇപ്പോൾ എത്തിയതേയുള്ളൂ പോപ്പിന്റെ സന്ദർശനം ഉറപ്പായി

 

“അങ്ങനെ ഒടുവിൽ അവർ തീരുമാനിച്ചു ആട്ടെ, നിങ്ങൾ പോകുന്നുണ്ടോ?”

 

“തീർച്ചയായും കാന്റർബറി കത്തീഡ്രലിൽ ഞാൻ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട് ചരിത്രപരമായ ഒരു സംഭവമായിരിക്കും ഹാരീ ഇത് ആൾക്കാർക്ക് തങ്ങളുടെ കൊച്ചുമക്കളോട് അഭിമാനത്തോടെ പറഞ്ഞ് അഹങ്കരിക്കുവാൻ വേറെന്തു വേണം

 

“കൊച്ചുമക്കൾ ഉള്ളവർക്കല്ലേ” ക്യുസെയ്ൻ പുഞ്ചിരിച്ചു.

 

ഹാലൊറൻ പൊട്ടിച്ചിരിച്ചു. “അതെ നമ്മൾ അക്കൂട്ടത്തിൽപ്പെടില്ലല്ലോ ശരി, ഞാൻ ഇറങ്ങുന്നു കുറേയധികം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്

 

അതെക്കുറിച്ച് ഓർത്തുകൊണ്ട് ഹാരി ക്യുസെയ്ൻ അല്പനേരം അവിടെത്തന്നെ ഇരുന്നു. പിന്നെ എഴുന്നേറ്റ് കസേരയിൽ ഇട്ടിരുന്ന റെയിൻകോട്ടിന്റെ പോക്കറ്റിനുള്ളിൽ നിന്നും തുകലിന്റെ ഉറയുള്ള പിച്ചാത്തിയെടുത്ത് മേശവലിപ്പിനുള്ളിൽ നിക്ഷേപിച്ചു. പിന്നെ സ്റ്റെച്ച്കിൻ റിവോൾവർ പുറത്തെടുത്ത് തിരിച്ചും മറിച്ചും നോക്കി. റഷ്യൻ നിർമ്മിതമായ ഈ തോക്കുമായി ഇറങ്ങിയ ലുബോവ് എന്തൊരു മണ്ടനാണ്! എന്തായാലും ഇതൊരു തെളിവ് തന്നെയാണ് തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടവർക്ക് താൻ ഇപ്പോൾ ഒരു അനിവാര്യനല്ലെന്ന് മാത്രമല്ല, ഒരു ബാദ്ധ്യത കൂടിയായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവ്

 

“അപ്പോൾ, ഇനി എന്താണ് ഹാരി ക്യുസെയ്ൻ? എങ്ങോട്ടാണ് നീയിനി പോകുക?” അയാൾ സ്വയം ചോദിച്ചു.

 

തികച്ചും വിചിത്രമായിരുന്നു ആ സ്വഭാവം. തന്നോട് തന്നെ സംസാരിക്കുമ്പോൾ മുഴുവൻ പേരും വിളിച്ച് അഭിസംബോധന ചെയ്യുന്ന രീതി. മറ്റേതോ ഒരു വ്യക്തിയാണ് താൻ എന്നത് പോലെ. ഒരർത്ഥത്തിൽ അത് ശരിയായിരുന്നു താനും. അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. ഡെവ്‌ലിനായിരുന്നു മറുതലയ്ക്കൽ.

 

“ഹാരീ?”

 

“എവിടെയാണ് നിങ്ങൾ?” ക്യുസെയ്ൻ ചോദിച്ചു.

 

“ഡബ്ലിൻ എയർപോർട്ടിൽ ഒരു അതിഥിയെ പിക്ക് ചെയ്യാൻ വന്നതാണ് സുന്ദരിയായ ഒരു യുവതി തീർച്ചയായും നിങ്ങൾക്കവളെ ഇഷ്ടമാകും ഇന്നത്തെ ഡിന്നർ നമുക്ക് മൂന്നുപേർക്കും കൂടി ഒരുമിച്ചാകാമെന്ന് കരുതി

 

“നല്ല ആശയമാണല്ലോ” ക്യുസെയ്ൻ ശാന്തസ്വരത്തിൽ പറഞ്ഞു. “പക്ഷേ, ഗ്രാമത്തിലെ ചർച്ചിൽ ഇന്ന് വൈകിട്ടത്തെ കുർബാനയ്ക്ക് ചെല്ലാമെന്ന് ഏറ്റിട്ടുണ്ട് ഞാൻ എട്ടു മണിയാവും അത് കഴിയാൻ ഈസ് ദാറ്റ് ഓൾറൈറ്റ്?”

 

“ഫൈൻ ഞങ്ങൾ കാത്തിരിക്കാം” ഡെവ്‌ലിൻ പറഞ്ഞു.

 

ക്യുസെയ്ൻ ഫോൺ താഴെ വച്ചു. വേണമെങ്കിൽ തനിയ്ക്ക് ഇവിടെ നിന്ന് രക്ഷപെടാം പക്ഷേ, എങ്ങോട്ട്? അതുകൊണ്ട് എന്ത് ഗുണം? എന്തൊക്കെയായാലും ഒരു അദ്ധ്യായം കൂടി ബാക്കിയുണ്ട് ഈ നാടകത്തിന് അതും കൂടി അഭിനയിച്ചേ തീരൂ

 

“ഒളിക്കാൻ നിനക്കിനി ഒരിടവുമില്ല, ഹാരി ക്യുസെയ്ൻ” അയാൾ മന്ത്രിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



12 comments:

  1. ഒളിക്കാൻ നിനക്കിനി ഒരിടവുമില്ല, ഹാരി ക്യുസെയ്ൻ

    ReplyDelete
    Replies
    1. അതെ... എങ്കിലും അത്ര പെട്ടെന്ന് പിടി കൊടുക്കുമോ കെല്ലി...?

      Delete
  2. ഹോ... കൊലപാതകം ഇത്ര സിംപിൾ ആണോ ന്ന് തോന്നിപ്പോകുന്നു

    ReplyDelete
    Replies
    1. കണ്ണിൽ ചോരയില്ലാത്തവർക്ക് ഇതൊക്കെ എന്ത്...

      Delete
  3. എന്തൊക്കെ പറഞ്ഞാലും നമ്മുടെ കഥാനായകൻ കെല്ലി ഡെവ്‌ലിനെയും പറ്റിച്ചു വീണ്ടും കടന്നു കളയും എന്ന് മനസ്സ് പറയുന്നു .. ആ പാവം താന്യക്കു ഒന്നും പറ്റാതെ ഇരുന്നാൽ മതിയാരുന്നു .

    കൃത്യമായ കണക്കു കൂട്ടലുകൾ ആണ് കെല്ലിയുടെ വിജയം

    ReplyDelete
    Replies
    1. ഉണ്ടാപ്രി പറഞ്ഞതാണ് കാര്യം... കെല്ലിയുടെ കണക്കു കൂട്ടലുകൾ അപാരം...

      ബൈ ദി ബൈ, വന്ന് വന്ന് കെല്ലി ഹീറോയാടാ എന്ന് പറയുമോ ഉണ്ടാപ്രി...?

      Delete
    2. എന്റെ മനസ്സിൽ എപ്പോഴേ കെല്ലി ഹീറോ ആണ്..
      ഡെവ്‌ലിൻ - വേര് സപ്പോർട്ടിങ് റോളിൽ ആണ് ഈ കഥയിൽ

      Delete
    3. ഒരു കെല്ലി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചാലോ ഉണ്ടാപ്രിയേ നമുക്ക്... വന്നു വന്ന് ഇപ്പോൾ എനിക്കും ഒരു സോഫ്റ്റ് കോർണർ തോന്നിത്തുടങ്ങിയോ എന്ന് സംശയം...

      Delete
  4. ഡിന്നറിന് മുന്നേ ഇനിയെന്താണാവോ ഹാരിയുടെ നീക്കം?!

    ReplyDelete
  5. എവിടേക്ക് രക്ഷപ്പെടാൻ..ഇനി ഒരു അദ്ധ്യായം കൂടി അഭിനയിച്ച് തീർക്കുക..ഹല്ല പിന്നെ

    ReplyDelete
    Replies
    1. പക്ഷേ, കെല്ലിയാണ്‌ ആള്... അത്ര പെട്ടെന്നൊന്നും കീഴടങ്ങില്ല...

      Delete