Thursday, February 22, 2024

കൺഫെഷണൽ – 52

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 11

 

ലണ്ടനിലെ റഷ്യൻ എംബസിയിൽ പബ്ലിക്ക് റിലേഷൻസ് സീനിയർ അറ്റാഷെ ഇൻ‌ചാർജ് ആണ് ജോർജി റൊമാനോവ്. ഉയരമുള്ള സൗമ്യനായ ഒരു അമ്പതുകാരൻ. തന്റെ കുലീന നാമത്തിൽ രഹസ്യമായി അഭിമാനം കൊണ്ടിരുന്നു അയാൾ. പതിനൊന്ന് വർഷമായി KGBയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അയാൾക്ക് ലെഫ്റ്റനന്റ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത് കഴിഞ്ഞ വർഷമാണ്. ചാൾസ് ഫെർഗൂസന് വളരെ ഇഷ്ടമായിരുന്നു അയാളെ. അതുപോലെ തന്നെ തിരിച്ചും. ഡെവ്‌ലിന്റെ ഏറ്റവുമൊടുവിലെ ഫോൺ കോൾ വന്നതിന് പിന്നാലെ ഒരു മീറ്റിങ്ങിന് വേണ്ടി ഫെർഗൂസൻ അയാളെ വിളിച്ചിരുന്നു. റൊമാനോവ് അപ്പോൾത്തന്നെ അതിന് സമ്മതിക്കുകയും ചെയ്തു.

 

എംബസിയുടെ തൊട്ടടുത്തു തന്നെ റൗണ്ട് പോണ്ടിന് സമീപമുള്ള കെൻസിങ്ങ്ടൺ ഗാർഡൻസ് ആയിരുന്നു മീറ്റിങ്ങിനായി അവർ തെരഞ്ഞെടുത്ത സ്ഥലം. നടക്കുവാനുള്ള ദൂരമേ ഉള്ളൂ എന്നതിനാൽ റൊമാനോവിന് വളരെ സൗകര്യമായിരുന്നു ആ രഹസ്യ സങ്കേതം. ‘ദി ടൈംസ്’ ദിനപത്രം വായിച്ചുകൊണ്ട് ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഫെർഗൂസനരികിലേക്ക് റൊമാനോവ് എത്തി.

 

“ഹലോ ജോർജി” ഫെർഗൂസൻ അഭിവാദ്യം ചെയ്തു.

 

“ചാൾസ്, താങ്കളുമായുള്ള ഈ കൂടിക്കാഴ്ച്ച എനിക്കൊരു ബഹുമതി തന്നെ

 

“നേരെ കാര്യത്തിലേക്ക് കടക്കാം ജോർജി ഒട്ടും നല്ല വാർത്തയല്ല എനിക്ക് പറയാനുള്ളത് ഇരുപത് വർഷം മുമ്പ് കുഖോളിൻ എന്ന കോഡ് നാമത്തിൽ വിധ്വംസന പ്രവർത്തനങ്ങൾക്കായി അയർലണ്ടിലേക്ക് അയയ്ക്കപ്പെട്ട ഒരു KGB ഏജന്റിനെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും അറിവുണ്ടോ?”

 

“സത്യം പറഞ്ഞാൽ, യാതൊന്നുമറിയില്ല എനിക്ക്” റൊമാനോവ് പറഞ്ഞു.

 

“എങ്കിൽ ഞാൻ പറഞ്ഞു തരാം” ഫെർഗൂസൻ കഥയുടെ കെട്ടഴിച്ചു.

 

എല്ലാം കേട്ടു കഴിഞ്ഞതും റൊമാനോവിന്റെ മുഖം വലിഞ്ഞു മുറുകി. “ദിസ് റിയലി ഈസ് ബാഡ്

 

“എന്ന് മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് ഈ ഭ്രാന്തൻ ഇപ്പോൾ ബ്രിട്ടനിൽ എവിടെയോ ആണുള്ളത് ശനിയാഴ്ച്ച കാന്റർബറിയിലെത്തുന്ന പോപ്പിനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ അയാളുടെ ഇതുവരെയുള്ള ചരിത്രം വച്ചു നോക്കിയാൽ തീർച്ചയായും ഈ വിഷയം നാം ഗൗരവത്തിലെടുക്കേണ്ടതാണ് വെറുമൊരു വട്ടനല്ല അയാൾ

 

“ഞാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്?”

 

“മോസ്കോയുമായി ഉടൻ തന്നെ ബന്ധപ്പെടുക ഉന്നതതലത്തിൽ തന്നെ ഒരു KGB ഏജന്റിന്റെ കൈയാൽ പോപ്പ് കൊല്ലപ്പെടുക എന്നത് അവർക്ക് ഒട്ടും താല്പര്യമുള്ള കാര്യമായിരിക്കില്ല അതാണ് ക്യുസെയ്ന് വേണ്ടതും ഇതിനു മുമ്പ് റോമിൽ വച്ച് ഒരു വധശ്രമം നടന്നിട്ടുള്ള കാര്യം അറിയാമല്ലോ അതേക്കുറിച്ച് അവരെ ധരിപ്പിക്കുക ഈ വിഷയത്തിൽ ഒരു അലംഭാവവും പാടില്ല അഥവാ ഇനി അയാൾ നിങ്ങളുമായി ബന്ധപ്പെടുകയോ മറ്റോ ചെയ്താൽ ഉടൻ എന്നെ വിവരമറിയിക്കണം ജോർജീ ആ ബാസ്റ്റർഡിനെ പിടികൂടി വകവരുത്തുക എന്നതിൽ കുറഞ്ഞ യാതൊന്നും ഇനിയില്ല കോടതി, വിചാരണ തുടങ്ങിയ അസംബന്ധങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല അയാളുടെ മരണ വാർത്ത കേൾക്കാനായിരിക്കും മോസ്കോയിലുള്ളവർക്കും താല്പര്യമെന്നെനിക്കുറപ്പുണ്ട്

 

“യാതൊരു സംശയവുമില്ല” റൊമാനോവ് എഴുന്നേറ്റു. “എന്നാൽ ഞാൻ പോയി ഉടൻ തന്നെ സന്ദേശം അയക്കാൻ നോക്കട്ടെ

 

“ഈ വയസ്സന്റെ ഒരു ഉപദേശമാണെന്ന് കരുതിക്കോളൂ മസ്‌ലോവ്സ്കിയുടെയും മുകളിൽ ഉള്ളവർക്ക് വേണം സന്ദേശമയക്കാൻ” ഫെർഗൂസൻ പറഞ്ഞു.

 

                                                        ***

 

സംഗതിയുടെ ഗൗരവം പരിഗണിച്ച് ഫെർഗൂസൻ ഉടൻ തന്നെ ഡയറക്ടർ ജനറലുമായി ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം അപ്പോൾത്തന്നെ ആ വിവരം ഹോം സെക്രട്ടറിയെ അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ഫെർഗൂസന് ടെലിഫോൺ വന്നത്. അടിയന്തരമായി പ്രധാനമന്ത്രിയുടെ വസതിയായ നമ്പർ 10 ഡൗണിങ്ങ് സ്ട്രീറ്റിൽ എത്തുവാനായിരുന്നു നിർദ്ദേശം. ഉടൻ തന്നെ അദ്ദേഹം തന്റെ കാർ കൊണ്ടുവരാൻ ഏർപ്പാടാക്കി. പത്തു മിനിറ്റിനകം കാർ എത്തി. തെരുവിന്റെ അറ്റത്ത് എത്തിയപ്പോഴാണ് ബാരിക്കേഡിനപ്പുറം പതിവില്ലാത്ത ഒരു ജനക്കൂട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവിടെ നിന്നിരുന്ന പോലീസുകാരൻ അദ്ദേഹത്തെ കണ്ടതും സല്യൂട്ട് ചെയ്തു. ഫെർഗൂസൻ കൈ ഉയർത്തിയ ഉടൻ അവർ ബാരിക്കേഡ് തുറന്നു കൊടുത്തു.

 

ഡൗണിങ്ങ് സ്ട്രീറ്റിൽ പതിവിലുമധികം സുരക്ഷാ സന്നാഹങ്ങൾ കാണാമായിരുന്നു. ഫാക്ക്‌ലണ്ട് പ്രശ്നത്തിൽ അർജന്റീനയുമായുള്ള യുദ്ധം ചൂടുപിടിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. അതുമായി ബന്ധപ്പെട്ടായിരിക്കണം. തന്നെ നേരിട്ട് കാണണമെന്ന് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ആവശ്യപ്പെട്ടതിൽ അദ്ദേഹത്തിന് അത്ഭുതം തോന്നാതിരുന്നില്ല. കാറിൽ നിന്ന് പുറത്തിറങ്ങിയ ഫെർഗൂസനെ അവിടെയുണ്ടായിരുന്ന ഓഫീസർ പ്രധാന സ്റ്റെയർകെയ്സ് വഴി ഒന്നാം നിലയിലേക്ക് നയിച്ചു. മുകളിലത്തെ നിലയിലെ ഒരു റൂമിന്റെ വാതിലിൽ തട്ടിയിട്ട് ആ ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു.

 

“ബ്രിഗേഡിയർ ഫെർഗൂസൻ എത്തിയിട്ടുണ്ട്, പ്രൈം മിനിസ്റ്റർ

 

അവർ തലയുയർത്തി നോക്കി. ഗ്രേ നിറമുള്ള വസ്ത്രവും ഭംഗിയായി ചീകി വച്ചിരിക്കുന്ന നരച്ച മുടിയുമായി പൊതുവേദികളിൽ കാണാറുള്ള അതേ കുലീന രൂപം. അവർ പേന ഡെസ്കിൽ വച്ചു. “മൈ ടൈം ഈസ് ലിമിറ്റഡ്, ബ്രിഗേഡിയർ അയാം ഷുവർ യൂ അണ്ടർസ്റ്റാൻഡ്

 

“തീർച്ചയായും മാഡം

 

“ഹോം സെക്രട്ടറി കാര്യങ്ങളൊക്കെ എന്നെ ധരിപ്പിച്ചിരുന്നു ഈ പറയുന്ന മനുഷ്യനെ അതിനനുവദിക്കില്ല എന്ന ഉറപ്പിൽ കുറഞ്ഞതൊന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല” പ്രധാനമന്ത്രി പറഞ്ഞു.

 

“ഒരു സംശയവും വേണ്ട, അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു, പ്രൈം മിനിസ്റ്റർ

 

“ഇവിടെ വച്ച് പോപ്പിന് നേരെ ഒരു വധശ്രമം ഉണ്ടാവുകയാണെങ്കിൽ, അതൊരു വിഫലശ്രമം ആണെങ്കിൽ പോലും, അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമായിരിക്കും

 

“മനസ്സിലാവുന്നു മാഡം

 

“ഗ്രൂപ്പ് ഫോറിന്റെ മേധാവി എന്ന നിലയിൽ നിങ്ങൾക്ക് ഞാൻ നൽകിയ ചില പ്രത്യേക അധികാരങ്ങൾ ഉണ്ട് അവ ഉപയോഗിക്കൂ, ബ്രിഗേഡിയർ വേറെന്തെങ്കിലും ഇനി ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്

 

“തീർച്ചയായും, പ്രൈം മിനിസ്റ്റർ

 

പേനയെടുത്ത് അവർ വീണ്ടും തന്റെ ജോലിയിൽ മുഴുകി. പുറത്ത് തന്നെ കാത്തു നിൽക്കുന്ന ആ ചെറുപ്പക്കാരനായ ഓഫീസറുടെ അടുത്തേക്ക് ഫെർഗൂസൻ നടന്നു. അയാൾക്കൊപ്പം സ്റ്റെയർകെയ്സ് വഴി താഴേക്ക് ഇറങ്ങവെ തികച്ചും അസ്വസ്ഥനായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിൽ ഇതാദ്യമായിട്ടല്ല, ഇത്രയും ഭാരിച്ച ഉത്തരവാദിത്തം തന്റെ തലയിൽ വരുന്നത്. പക്ഷേ, ഇതിപ്പോൾ ക്യുസെയ്നെപ്പോലെ തന്നെ തനിയ്ക്കും സ്വസ്ഥത നഷ്ടപ്പെട്ടതു പോലെ

 

                                                     ***

 

അതേ സമയത്താണ് മോസ്കോയിൽ, ആഭ്യന്തര സുരക്ഷാ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പന കേണൽ ഇവാൻ മസ്‌ലോവ്സ്കി കൈപ്പറ്റിയത്. അവിടെയെത്തിയ മസ്‌ലോവ്സ്കി കണ്ടത് തന്റെ മുന്നിലുള്ള ഒരു റിപ്പോർട്ട് സശ്രദ്ധം പഠിച്ചു കൊണ്ടിരിക്കുന്ന യൂറി ആന്ദ്രപ്പോവിനെയാണ്.

 

അദ്ദേഹം അത് മസ്‌ലോവ്സ്കിയുടെ നേർക്ക് നീട്ടി. “ഇതൊന്ന് വായിച്ചു നോക്കൂ, കോമ്രേഡ്

 

അത് വാങ്ങി വായിക്കവെ മസ്‌ലോവ്സ്കിയുടെ നെഞ്ചിൽ ഭാരമേറുന്നത് പോലെ തോന്നി. മുഴുവനും വായിച്ചു കഴിഞ്ഞ് തിരികെയേല്പിക്കുമ്പോൾ അയാളുടെ കൈകൾക്ക് വിറയലുണ്ടായിരുന്നു.

 

“മസ്‌ലോവ്സ്കി, നിങ്ങളുടെ ആ ഏജന്റ് കുഖോളിൻ ഇപ്പോൾ ഇംഗ്ലണ്ടിലാണുള്ളത് ഒളിവിൽ കഴിയുന്ന അയാളുടെ ലക്ഷ്യം പോപ്പിനെ വധിക്കുക എന്നതാണ് നമ്മളെ ലോകത്തിന് മുന്നിൽ അപഹാസ്യരാക്കുക എന്നത് മാത്രമാണ് അതുകൊണ്ട് അയാൾ ഉദ്ദേശിക്കുന്നത് നിർഭാഗ്യവശാൽ ഈ വിഷയത്തിൽ നാം നിസ്സഹായരാണ് ബ്രിട്ടീഷ് ഇന്റലിജൻസ് അവരുടെ ജോലി നൂറ് ശതമാനവും കാര്യക്ഷമതയോടെ ചെയ്യുമെന്ന പ്രതീക്ഷ മാത്രമേ നമുക്കൊരു ആശ്വാസമായുള്ളൂ

 

“കോമ്രേഡ്, ഞാനിപ്പോൾ എന്ത് പറയാനാണ്?”

 

“ഒന്നും പറയേണ്ടതില്ല, മസ്‌ലോവ്സ്കി കുഖോളിനെ അയർലണ്ടിലേക്ക് അയയ്ക്കുക എന്നത് തെറ്റായ ഒരു തീരുമാനമായിരുന്നുവെന്ന് മാത്രമല്ല, തികഞ്ഞ മണ്ടത്തരവും അതിസാഹസികതയും കൂടി ആയിരുന്നു” ആന്ദ്രപോവ് ഡെസ്കിലെ ഒരു ബട്ടൺ അമർത്തി. അദ്ദേഹത്തിന്റെ പിന്നിലെ വാതിൽ തുറന്ന് യൂണിഫോം ധരിച്ച ചെറുപ്പക്കാരായ രണ്ട് KGB ക്യാപ്റ്റന്മാർ പ്രവേശിച്ചു. “മസ്‌ലോവ്സ്കി, നിങ്ങളുടെ ഓഫീസ് ഇപ്പോൾത്തന്നെ ഒഴിഞ്ഞു കൊടുക്കുക എല്ലാ ഫയലുകളും താക്കോലുകളും ഞാൻ അധികാരപ്പെടുത്തുന്ന ആളെ ഏല്പിക്കുക അതിന് ശേഷം നിങ്ങളെ ലുബിയാങ്കയിലേക്ക് കൊണ്ടുപോകുന്നതായിരിക്കും രാജ്യദ്രോഹക്കുറ്റങ്ങൾക്കുള്ള വിചാരണ നേരിടുന്നതിനായി

 

ലുബിയാങ്ക…! താൻ തന്നെ എത്രയോ മനുഷ്യരെ അങ്ങോട്ടയച്ചിരിക്കുന്നു! പൊടുന്നനെ ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് പോലെ തോന്നി അയാൾക്ക്. ഇരുകൈകളിലൂടെയും മുകളിലേക്ക് അരിച്ചു കയറുന്ന വേദന നെഞ്ചിലേക്ക് പടരുന്നു മറിഞ്ഞു വീഴുവാൻ പോയ അയാൾ വെപ്രാളത്തോടെ തന്റെ മുന്നിലെ ഡെസ്കിൽ ചാടിപ്പിടിച്ചു. അതു കണ്ട് പരിഭ്രാന്തനായ ആന്ദ്രപ്പോവ് അല്പം പിറകോട്ട് മാറി. പെട്ടെന്ന് മുന്നോട്ട് കുതിച്ച ആ രണ്ട് KGB ഓഫീസർമാർ മസ്‌ലോവ്സ്കിയുടെ കൈകളിൽ കയറിപ്പിടിച്ചു. അവരെ തടയുവാനോ പ്രതിഷേധിക്കുവാനോ ഒന്നും അയാൾ തുനിഞ്ഞില്ല. അതിനുള്ള ശക്തിയൊന്നും ഉണ്ടായിരുന്നില്ല അയാൾക്ക്. എങ്കിലും, കഠിനമായിക്കൊണ്ടിരിക്കുന്ന വേദനയ്ക്കിടയിലും ആന്ദ്രപ്പോവിനോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു അയാൾ. ലുബിയാങ്കയിൽ സെല്ലുകളും ഇല്ല, വിചാരണയും ഇല്ല എന്നിങ്ങനെ പരസ്പര ബന്ധമില്ലാതെ പലതും. അവസാനം അയാളുടെ മനസ്സിലെത്തിയ ചിത്രം താന്യയുടേതായിരുന്നു. പിയാനോയുടെ മുന്നിലിരുന്ന് തന്റെ ഇഷ്ടഗാനമായ ഡെബ്യൂസിയുടെ ലാ മെർ വായിക്കുന്ന തന്റെ പ്രീയപ്പെട്ട താന്യപതിയെ പതിയെ ശബ്ദം കുറഞ്ഞ് ആ ഗാനവീചികൾ അകന്നു പോകുന്നത് പോലെ തോന്നി. പിന്നെ പൂർണ്ണമായ അന്ധകാരം മാത്രം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

10 comments:

  1. മസ്‌ലോവ്സ്കി
    ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം
    അധികാരവും പ്രതാപവും ഒക്കെ പോയി മറയാൻ നിമിഷങ്ങൾ മാത്രം
    ഏറ്റവും ശെരിയെന്നു ഒരു സമയത്തു വിശ്വസിച്ചു എടുക്കുന്ന തെറ്റായ ഒരു തീരുമാനം മതി എല്ലാം മാറ്റി മറിക്കാൻ ..
    വിട കേണൽ

    ReplyDelete
  2. വിചാരണയില്ലാതെ, സെല്ലുകളില്ലാത്ത ലോകത്തേക്ക് എത്ര പെട്ടെന്നാണ് മസ്‌ലോവ്സ്കി യാത്രയായത്!!

    ReplyDelete
    Replies
    1. ചെയ്തുകൂട്ടിയ ക്രൂരതകളുടെ പ്രതിഫലമെന്നോണം...

      Delete
  3. ആരുടെയൊക്കെയോ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു എന്തിനെന്ന് പോലും അറിയാതെ പ്രവർത്തിയ്ക്കുമ്പോൾ ഇങ്ങനെയൊരു അവസാനവും പ്രതീക്ഷിയ്ക്കേണ്ടി വരും

    ReplyDelete
    Replies
    1. അതെ... മാനവികതയ്ക്ക് എതിരെ പ്രവർത്തിക്കുന്ന എല്ലാവരും ഓർമ്മയിൽ വയ്ക്കേണ്ടത്...

      Delete
  4. അവസാനം കണ്ടത് പ്രിയപ്പെട്ട താന്യയേയും താന്യ പാടുന്ന പ്രിയ ഗാനവും...ചെറിയ സമാധാനം

    ReplyDelete
    Replies
    1. സ്വന്തം വളർത്തുമകളോട് മാത്രമേ അല്പമെങ്കിലും സ്നേഹം അയാൾക്കുണ്ടായിരുന്നുള്ളൂ...

      Delete
  5. ഇതാണ് ഒരു പ്രശനം വരും വരെ എല്ലാവരും നമ്മുടെ കൂടെ ഉണ്ടാവും. കാതലായ ഒരു പ്രശ്നം വന്നാൽ നാം ഒറ്റയ്ക്ക് തന്നെ അനുഭവിക്കണം.

    ReplyDelete
    Replies
    1. അതെ... ആ അവസരത്തിൽ ഒരുത്തനും ഉണ്ടാവില്ല കൂടെ...

      Delete