Wednesday, December 27, 2023

കൺഫെഷണൽ – 44

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഭയന്നു വിറച്ച് താന്യ അയാളുടെ മുന്നിൽ നിന്നു. ശാന്തമാണെങ്കിലും തികഞ്ഞ ഗൗരവ ഭാവമായിരുന്നു അയാളുടെ മുഖത്ത്. “ഏറെ കാലത്തിന് ശേഷമാണല്ലോ നമ്മൾ കണ്ടുമുട്ടുന്നത്” റഷ്യൻ ഭാഷയിൽ ഹാരി ക്യുസെയ്ൻ പറഞ്ഞു.

 

“എന്റെ പിതാവിനെ കൊന്നതു പോലെ എന്നെയും കൊല്ലുമായിരിക്കുമല്ലേ?” അവൾ ചോദിച്ചു. “നിരവധി പേരെ വകവരുത്തിയിട്ടുള്ളതല്ലേ നിങ്ങൾ

 

“അതിന്റെ ആവശ്യം വരില്ലെന്നാണ് എനിക്ക് തോന്നുന്നത്” ജാക്കറ്റിന്റെ പോക്കറ്റിൽ കൈകൾ തിരുകി അവളെത്തന്നെ നോക്കിക്കൊണ്ടു നിന്ന അയാൾ സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു. വിഷാദം നിറഞ്ഞിരുന്നു ആ പുഞ്ചിരിയിൽ. “നിന്റെ റെക്കോർഡുകൾ ധാരാളം കേട്ടിട്ടുണ്ട് ഞാൻനിന്റെ കഴിവുകൾ അപാരം തന്നെ

 

“നിങ്ങളെന്താ മോശമാണോ?” അവൾക്ക് അല്പം ധൈര്യമൊക്കെ വന്നു തുടങ്ങിയിരുന്നു. “മരണവും നാശവും വിതയ്ക്കുന്നതിൽ അവർ ശരിയായ ആളെത്തന്നെയാണ് കണ്ടുപിടിച്ചത് എന്റെ വളർത്തച്ഛന് അക്കാര്യത്തിൽ തെറ്റു പറ്റിയില്ല

 

“എന്ന് പറയാൻ പറ്റില്ല” അയാൾ പറഞ്ഞു. “അത്ര ലളിതമല്ല ഒന്നും തികച്ചും യാദൃച്ഛികമായി എന്നെ അവർക്ക് ലഭിച്ചു പോയി എന്ന് മാത്രം ആവശ്യ നേരത്ത് ശരിയായ ഉപകരണം ലഭിക്കുന്നത് പോലെ

 

അവൾ ഒരു ദീർഘശ്വാസമെടുത്തു. “എന്താണ് ഇനി സംഭവിക്കാൻ പോകുന്നത്?”

 

“നമുക്കൊരുമിച്ച് ഒരു ഡിന്നർ ഉണ്ടെന്നാണല്ലോ കേട്ടത് ലിയാമിന്റെ കോട്ടേജിൽ” അയാൾ പറഞ്ഞു.  

 

ആ നിമിഷമാണ് പോർച്ചിന്റെ ഡോർ തള്ളിത്തുറന്ന് ഡെവ്‌ലിൻ പ്രവേശിച്ചത്. “താന്യാ” ഉച്ചത്തിൽ വിളിച്ചിട്ട് അദ്ദേഹം ഒന്ന് നിന്നു. “ഓ, നീയിവിടെ ഉണ്ടായിരുന്നോ? അപ്പോൾ നിങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞോ?”

 

“അതെ ലിയാം വർഷങ്ങൾക്ക് മുമ്പ് തന്നെ വളരെ പണ്ട്” ഹാരി ക്യുസെയ്ൻ പറഞ്ഞു. അയാളുടെ ജാക്കറ്റിന്റെ വലതുപോക്കറ്റിൽ നിന്നും പുറത്തേക്ക് എടുത്ത കൈയിൽ ലുബോവിന്റെ പക്കൽ നിന്നും ലഭിച്ച സ്റ്റെച്ച്കിൻ റിവോൾവർ ഉണ്ടായിരുന്നു.

 

                                                   ***

 

കിച്ചണിലെ ഡ്രോയറിൽ തിരഞ്ഞപ്പോൾ കണ്ടെത്തിയ ചരടിന്റെ ഒരു ചെറിയ ചുരുൾ ഹാരി ക്യുസെയ്ൻ പുറത്തെടുത്തു. “സ്റ്റീക്കിന്റെ  മണം ഗംഭീരം, ലിയാംപാകമായെന്ന് തോന്നുന്നു സ്റ്റൗവ് ഓഫ് ചെയ്യുന്നതായിരിക്കും നല്ലത്

 

“താന്യാ, അതൊന്നു നോക്കുമോ?” ഡെവ്‌ലിൻ അവളോട് പറഞ്ഞു. “സകല കാര്യങ്ങളെക്കുറിച്ചും നല്ല കരുതലാണ് ഇയാൾക്ക്

 

“അതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടെ വരെ എത്തിയത്” തികച്ചും ശാന്തതയോടെ ക്യുസെയ്ൻ പറഞ്ഞു.

 

അവർ ലിവിങ്ങ് റൂമിലേക്ക് നടന്നു. അവർ ഇരുവരെയും ചരടുകൊണ്ട് ബന്ധിക്കുവാനൊന്നും തുനിഞ്ഞില്ല അയാൾ. പകരം നെരിപ്പോടിന് അരികിലുള്ള സോഫയിൽ ഇരിക്കുവാൻ പറഞ്ഞു. എന്നിട്ട് നെരിപ്പോടിനരികിൽ ചെന്ന് ചിമ്‌നിയുടെ ഉള്ളിലെ ചുമരിലെ ആണിയിൽ ആരും കാണാത്ത വിധം കൊളുത്തിയിട്ടിരുന്ന വാൾട്ടർ റിവോൾവർ എടുത്തു. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കുവാനായി ഡെവ്‌ലിൻ ഒളിപ്പിച്ചു വച്ചതായിരുന്നു അത്.

 

“നിങ്ങൾക്ക് വെറുതെ പ്രലോഭനം തോന്നാതിരിക്കാൻ വേണ്ടിയാണ് ലിയാം” ക്യുസെയ്ൻ പറഞ്ഞു.

 

“എന്റെ സകല രഹസ്യങ്ങളും ഇയാൾക്കറിയാം” ഡെവ്‌ലിൻ താന്യയോട് പറഞ്ഞു. “അല്ല, എങ്ങനെ അറിയാതിരിക്കും കഴിഞ്ഞ ഇരുപതു വർഷങ്ങളായി സുഹൃത്തുക്കളാണ് ഞങ്ങൾ” അദ്ദേഹത്തിന്റെ സ്വരത്തിൽ നേരിയ രോഷം കലർന്നിരുന്നു. താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിൽ അദ്ദേഹത്തിന്റെ ശരീരം ചെറുതായൊന്ന് വിറച്ചു. അനുവാദമൊന്നും ചോദിക്കാൻ നിൽക്കാതെ, മേശപ്പുറത്ത് കിടന്നിരുന്ന പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അദ്ദേഹം തീ കൊളുത്തി.

 

അല്പം അകലം പാലിച്ച്, കൈയിൽ സ്റ്റെച്ച്കിൻ റിവോൾവറുമായി ഡൈനിങ്ങ് ടേബിളിനരികിൽ ഇരിക്കുകയാണ് ഹാരി ക്യുസെയ്ൻ. “ഇതിന്റെ ശബ്ദം പുറത്തേക്ക് കേൾക്കുക പോലുമില്ല സുഹൃത്തേ നിങ്ങളെക്കാൾ നന്നായി മറ്റാർക്കാണ് അതറിയാൻ കഴിയുക അതുകൊണ്ട് സാഹസമൊന്നും വേണ്ട വിഡ്ഢിത്തം ഒന്നും കാണിക്കാൻ തുനിയണ്ട, ഡെവ്‌ലിൻ നിങ്ങളെ കൊല്ലുവാൻ ഒട്ടും താല്പര്യമില്ല എനിക്ക്

 

സ്റ്റെച്ച്കിൻ മേശപ്പുറത്ത് വച്ചിട്ട് അയാൾ ഒരു സിഗരറ്റെടുത്ത് തീ കൊളുത്തി.

 

“സുഹൃത്ത്, അല്ലേ?” ഡെവ്‌ലിൻ ചോദിച്ചു. “സുഹൃത്ത് എന്ന് ഇനിയും ഞാൻ കരുതണോ? ഒരു വൈദികൻ കൂടിയാണ് നിങ്ങൾ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു

 

“സുഹൃത്ത് തന്നെ” ക്യുസെയ്ൻ പറഞ്ഞു. “അതോടൊപ്പം നല്ലൊരു വൈദികനുമായിരുന്നു ഞാൻ ബെൽഫാസ്റ്റിൽ 1969 കാലഘട്ടത്തിൽ എന്നെ പരിചയമുണ്ടായിരുന്ന ആരോട് വേണമെങ്കിലും ചോദിച്ചു നോക്കിക്കോളൂ

 

“ശരി” ഡെവ്‌ലിൻ പറഞ്ഞു. “എന്നെപ്പോലുള്ള മണ്ടന്മാർക്ക് പോലും ചിലപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലാവും എന്തായാലും, നിങ്ങളെ അയച്ചവർ ബുദ്ധിമാന്മാർ തന്നെ വൈദികനാവുക എന്നത് ഒരു കവചമായിരുന്നു നിങ്ങൾക്ക് ബോസ്റ്റണിലെ ആ സെമിനാരി നിങ്ങൾ തെരഞ്ഞെടുത്തതിന് കാരണം തന്നെ ഞാനവിടെ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു എന്നതല്ലേ?”

 

“തീർച്ചയായും IRA യിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു ലിയാം, നിങ്ങളന്ന് നിങ്ങളുമായുള്ള ബന്ധം കൊണ്ട് ഭാവിയിൽ എനിക്ക് ഉണ്ടാകാൻ പോകുന്ന സാദ്ധ്യതകൾ അനന്തമായിരുന്നു അങ്ങനെ, സൗഹൃദം സ്ഥാപിച്ച നാം സുഹൃത്തുക്കളായി തുടർന്നു ആ വസ്തുത നിങ്ങൾ കാണാതിരുന്നു കൂടാ

 

“ജീസസ്!” ഡെവ്‌ലിൻ തലയാട്ടി. “ഹാരീ, നിങ്ങൾ ആരാണ്? യഥാർത്ഥത്തിൽ ആരാണ് നിങ്ങൾ?”

 

“എന്റെ പിതാവിന്റെ പേര് ഷോൺ കെല്ലി എന്നായിരുന്നു

 

ആശ്ചര്യത്തോടെ ഡെവ്‌ലിൻ അയാളെ നോക്കി. “എനിക്കയാളെ നല്ല പരിചയമുണ്ടല്ലോ സ്പാനിഷ് സിവിൽ വാറിന്റെ കാലത്ത് ലിങ്കൻ വാഷിങ്ടൺ ബ്രിഗേഡിൽ ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട് ഒരു മിനിറ്റ് മാഡ്രിഡിൽ വച്ച് കണ്ടുമുട്ടിയ ഒരു റഷ്യൻ യുവതിയെയാണ് അയാൾ വിവാഹം കഴിച്ചത്

 

“അതെ എന്റെ അമ്മ വിവാഹശേഷം അവർ ഇരുവരും അയർലണ്ടിലേക്ക് മടങ്ങി അവിടെ വച്ചാണ് ഞാൻ ജനിച്ചത് IRA ബോംബിങ്ങ് ക്യാമ്പെയ്ന്റെ ഭാഗമായി എന്ന കുറ്റത്തിന് 1940ൽ ഇംഗ്ലണ്ടിൽ വച്ച് എന്റെ പിതാവ് തൂക്കിലേറ്റപ്പെട്ടു 1943 വരെ ഞാനും അമ്മയും ഡബ്ലിനിൽത്തന്നെ താമസിച്ചു. അതിന് ശേഷം എന്നെയും കൊണ്ട് അവർ റഷ്യയിലേക്ക് പോയി

 

“അവിടെ വച്ച് നിങ്ങൾ KGBയുടെ കണ്ണിലുണ്ണിയായി” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

 

“അങ്ങനെയും പറയാം

 

“അവർ ഇദ്ദേഹത്തിന്റെ പ്രത്യേക കഴിവുകൾ കണ്ടെടുത്തു” താന്യ പറഞ്ഞു. “ഉദാഹരണത്തിന് കൊലപാതകം

 

“ഇല്ല” പതിഞ്ഞ സ്വരത്തിൽ ക്യുസെയ്ൻ പറഞ്ഞു. “അവരുടെ മനഃശാസ്ത്രജ്ഞന്മാരുടെ അഭിമുഖത്തിനൊടുവിൽ പോൾ ചെർണി പറഞ്ഞത് എന്റെ പ്രത്യേക കഴിവ് നാടകാഭിനയത്തിൽ ആണെന്നാണ്

 

“ഒരു നടൻ, അല്ലേ?” ഡെവ്‌ലിൻ ചോദിച്ചു. “ശരിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയും അതുതന്നെയാണ്

 

“പൂർണ്ണമായും ശരിയല്ല ഇവിടെ കാണികൾ ഇല്ല” ക്യുസെയ്ൻ താന്യയുടെ നേർക്ക് തിരിഞ്ഞു. “ലിയാം കൊന്നതിനെക്കാൾ കൂടുതൽ പേരെ കൊന്നിട്ടുണ്ടോ ഞാൻ എന്നതിൽ സംശയമുണ്ടെനിക്ക് എന്ത് വ്യത്യാസമാണുള്ളത് ഞങ്ങൾ തമ്മിൽ?”

 

“അദ്ദേഹത്തിന്റെ പോരാട്ടം ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു” ഡെവ്‌ലിനെ ന്യായീകരിച്ചുകൊണ്ട് താന്യ പറഞ്ഞു.

 

“അതെ, താന്യാ നോക്കൂ, ഞാനൊരു സൈനികനാണ് എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാൻ പൊരുതുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി ഞാനൊരു KGB ഓഫീസറല്ല സോവിയറ്റ്  മിലിട്ടറി ഇന്റലിജൻസിലെ ലെഫ്റ്റനന്റ് കേണലാണ്” തെല്ല് പരിഹാസത്തോടെ ഡെവ്‌ലിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ക്യുസെയ്ൻ പറഞ്ഞു. “അവരെനിക്ക് സ്ഥാനക്കയറ്റം തന്നുകൊണ്ടേയിരുന്നു

 

“പക്ഷേ, നിങ്ങൾ നടത്തിയ കൊലപാതകങ്ങൾ അതും നിഷ്കളങ്കരായ മനുഷ്യരെ” അവൾ പറഞ്ഞു.

 

“ഈ ലോകത്ത് നിഷ്കളങ്കത എന്നൊന്ന് ഇല്ല മനുഷ്യർ ഉള്ളിടത്തോളം കാലം സഭ നമ്മളോട് പറയുന്നത് അങ്ങനെയാണ് ജീവിതം തന്നെ അനീതി നിറഞ്ഞതാണ് ലൈഫ് ഈസ് അൺഫെയർ ഈ ലോകം എങ്ങനെയാണോ അതുമായി പൊരുത്തപ്പെട്ട് വേണം നാം ജീവിക്കാൻ അല്ലാതെ ലോകം എങ്ങനെ ആയിരിക്കണം എന്നോർത്തല്ല

 

“ജീസസ്!” ഡെവ്‌ലിൻ അത്ഭുതം കൂറി. “ഒരു നിമിഷം നിങ്ങൾ കുഖോളിനാണെങ്കിൽ അടുത്ത നിമിഷം വീണ്ടും വൈദികനാവുന്നു ശരിയ്ക്കും നിങ്ങൾ ആരാണെന്ന് വല്ല രൂപവുമുണ്ടോ നിങ്ങൾക്ക്?”

 

“വൈദികനായിരിക്കുന്ന സമയത്ത് ഞാനൊരു വൈദികൻ തന്നെയാണ്” ക്യുസെയ്ൻ പറഞ്ഞു. “അനിഷേധ്യമായ വസ്തുതയാണത് ഞാൻ ആരായിരുന്നാലും ശരി, അക്കാര്യത്തിൽ സഭയ്ക്ക് മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല പക്ഷേ, എന്നിലുള്ള ആ അപരൻ അയാളുടെ രാജ്യത്തിന് വേണ്ടി പൊരുതുന്നവനാണ് ഒരു പശ്ചാത്താപവുമില്ല അതിലെനിക്ക്പോരാട്ടത്തിലാണ് ഞാൻ

 

“എത്ര സൗകര്യപ്രദം” ഡെവ്‌ലിൻ പറഞ്ഞു. “അപ്പോൾ, ശരിയ്ക്കും നിങ്ങളെ നയിക്കുന്നത് ആരാണ്? സഭയോ അതോ KGBയോ?”

 

“അതിനിപ്പോൾ എന്ത് പ്രസക്തി?”

 

“ഡാംൻ യൂ ഹാരീ റ്റെൽ മീ വൺ തിങ്ങ് ഞങ്ങൾ പിന്നാലെ കൂടിയിരിക്കുകയാണെന്ന് എങ്ങനെയാണ് നിങ്ങൾ അറിഞ്ഞത്? താന്യ ഇവിടെയെത്തുന്ന കാര്യം എങ്ങനെ അറിഞ്ഞു? എന്നിൽ നിന്നാണോ?” ഡെവ്‌ലിൻ പൊട്ടിത്തെറിച്ചു. “എന്നിൽ നിന്നാണെങ്കിൽ എങ്ങനെ?”

 

“പതിവ് പോലെ എന്നും നിങ്ങൾ ടെലിഫോൺ പരിശോധിക്കാറുണ്ടായിരുന്നു എന്നാണോ?” കൈയിൽ സ്റ്റെച്ച്കിൻ റിവോൾവറുമായി മദ്യക്കുപ്പികൾ വച്ചിരിക്കുന്ന ഷെൽഫിനടുത്തേക്ക് ക്യുസെയ്ൻ നീങ്ങി. ബുഷ്മിൽസിന്റെ ബോട്ട്‌ൽ തുറന്ന് ട്രേയിലുള്ള മൂന്നു ഗ്ലാസുകളിലായി പകർന്ന ശേഷം സോഫയ്ക്ക് മുന്നിലുള്ള മേശമേൽ കൊണ്ടു വച്ചിട്ട് ഒരടി പിന്നോട്ട് മാറി നിന്നു. “എന്റെ കോട്ടേജിന്റെ മട്ടുപ്പാവിൽ ഘടിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക ഉപകരണം വഴി ഇവിടെ നടക്കുന്ന സകല സംഭാഷണങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു

 

ഡെവ്‌ലിൻ ഒരു ദീർഘശ്വാസമെടുത്തു. മേശപ്പുറത്ത് നിന്നും ബുഷ്മിൽസിന്റെ ഗ്ലാസ് എടുക്കുമ്പോൾ അദ്ദേഹം ദൃഢചിത്തനായിരുന്നു. “ഇത്രയും കാലത്തെ സൗഹൃദത്തിന്റെ പ്രതിഫലം!” ഒരു കവിൾ ഇറക്കിയിട്ട് അദ്ദേഹം ഹാരി ക്യുസെയ്നെ നോക്കി. “ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?”

 

“ആർക്ക്, നിങ്ങൾക്കോ?”

 

“നോ.. റ്റു യൂ, യൂ ഫൂൾ നിങ്ങളെങ്ങോട്ട് പോകും ഹാരീ? റഷ്യയിലുള്ള നിങ്ങളുടെ പ്രീയപ്പെട്ട അമ്മയുടെ അടുത്തേക്കോ?”  നിഷേധാർത്ഥത്തിൽ തലയാട്ടി അദ്ദേഹം താന്യയുടെ നേർക്ക് തിരിഞ്ഞു. “അതേക്കുറിച്ച് നീയൊന്ന് ആലോചിച്ചു നോക്കൂ റഷ്യ ഇയാളുടെ നാടല്ലല്ലോ

 

ക്യുസെയ്ൻ ഒട്ടും രോഷാകുലനായിരുന്നില്ല. ഒട്ടും നൈരാശ്യവും ഉണ്ടായിരുന്നില്ല അയാൾക്ക്. തനിക്ക് ലഭിച്ച വേഷങ്ങൾ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുക എന്നതായിരുന്നു അയാൾ ചെയ്തുകൊണ്ടിരുന്നത്. തികഞ്ഞ പ്രൊഫഷണലിസത്തോടെ അതിനിടയിൽ വികാരങ്ങൾക്ക് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. തന്റെ പ്രവൃത്തികൾ, അവ നല്ലത് ആണെങ്കിൽ പോലും ആ സന്ദർഭത്തിനനുസരിച്ച് സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണങ്ങൾ മാത്രമായിരുന്നു. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു അയാൾക്കിഷ്ടം. ഡെവ്‌ലിനെ അയാൾക്ക് എന്നും ഇഷ്ടമായിരുന്നു. പിന്നെ ഈ പെൺകുട്ടി അയാൾ താന്യയെ നോക്കി. അവൾക്ക് ഏതെങ്കിലും തരത്തിലുള്ള അപായം സംഭവിക്കുവാൻ അയാൾക്ക് താല്പര്യമുണ്ടായിരുന്നില്ല.

 

അയാളുടെ മനോവ്യാപാരം മനസ്സിലാക്കിയതു പോലെ  പതിഞ്ഞ സ്വരത്തിൽ ഡെവ്‌ലിൻ ചോദിച്ചു. “നിങ്ങൾ എങ്ങോട്ട് പോകും ഹാരീ? ഏതെങ്കിലും ഇടമുണ്ടോ നിങ്ങൾക്ക്?”

 

“ഇല്ല” തികച്ചും ശാന്തതയോടെ ഹാരി ക്യുസെയ്ൻ പറഞ്ഞു. “പോകാൻ എനിക്ക് ഒരിടവുമില്ല ഒളിക്കാനും ഞാൻ ചെയ്തതെല്ലാം വച്ചു നോക്കിയാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ നിങ്ങളുടെ IRA സുഹൃത്തുക്കൾ എന്നെ വകവരുത്തും എന്നെ ജീവനോടെ കാണുവാൻ ഫെർഗൂസണും ഒട്ടും താല്പര്യമുണ്ടാവില്ല അതുകൊണ്ട് അദ്ദേഹത്തിന് ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ല മറിച്ച് ഞാനൊരു ബാദ്ധ്യതയായിരിക്കും അദ്ദേഹത്തിന്

 

“നിങ്ങളുടെ സ്വന്തം ആൾക്കാരുടെ കാര്യമോ? തിരിച്ച് മോസ്കോയിൽ എത്തിയാൽ ഗുലാഗ് എന്ന ലേബർ ക്യാമ്പ് ആയിരിക്കും കാത്തിരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ തീർത്തും ഒരു പരാജയമാണ് അങ്ങനെയൊരാളെ വച്ചുപൊറുപ്പിക്കുവാൻ ഒരിക്കലും അവർ തയ്യാറാവില്ല

 

“ശരിയാണ്” ക്യുസെയ്ൻ തല കുലുക്കി. “നിങ്ങൾക്കറിയുമോ ഡെവ്‌ലിൻ, ഞാൻ മോസ്കോയിൽ തിരിച്ചെത്താൻ പോലും അവർ ആഗ്രഹിക്കുന്നില്ല എന്റെ മരണമാണ് അവർക്ക് വേണ്ടത് അതിന് അവർ ശ്രമിക്കുകയും ചെയ്തു അവരെ സംബന്ധിച്ചിടത്തോളം ഒരു അപമാനമാണ് ഇപ്പോൾ ഞാനവർക്ക്

 

അല്പനേരത്തേക്ക് അവിടെ തളം കെട്ടിയ മൗനം ഭഞ്ജിച്ചത് താന്യയായിരുന്നു. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്? എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?”

 

“ദൈവത്തിന് മാത്രമറിയാം” അയാൾ പറഞ്ഞു. “അയാം എ ഡെഡ് മാൻ വാക്കിങ്ങ്, ഡിയർ ലിയാമിന് അത് മനസ്സിലാവും അദ്ദേഹം പറഞ്ഞത് ശരിയാണ് എനിക്ക് ഓടിപ്പോകാൻ ഒരിടവുമില്ല ഇന്നോ നാളെയോ അതല്ല അടുത്തയാഴ്ച്ചയോ ആയാൽ പോലും ഇവിടെ അയർലണ്ടിൽത്തന്നെ തങ്ങുകയാണെങ്കിൽ മക്ഗിനസും അനുയായികളും കൂടി എന്റെ തലയെടുക്കും ശരിയല്ലേ ലിയാം?”

 

“ഒരു സംശയവുമില്ല അക്കാര്യത്തിൽ

 

കൈയിൽ റിവോൾവറുമായി എഴുന്നേറ്റ ക്യുസെയ്ൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ നിന്നിട്ട് താന്യയെ നോക്കി. “അന്ന് ഡ്രമോറിലെ തെരുവിൽ മഴയത്ത് നിന്ന് വിതുമ്പിയ ആ കൊച്ചുപെൺകുട്ടിയോട് ജീവിതം കാണിച്ചത് ക്രൂരതയായിരുന്നുവെന്ന് നിനക്ക് തോന്നുന്നുണ്ടോ? നിനക്കറിയുമോ അന്നെനിക്ക് എന്ത് പ്രായമുണ്ടായിരുന്നുവെന്ന്? ഇരുപത് വയസ്സ് എന്റെ പിതാവിനെ അവർ തൂക്കിക്കൊന്നപ്പോൾ ജീവിതം ക്രൂരമായിരുന്നു എന്നെയും കൂട്ടി റഷ്യയിലേക്ക് പോകാൻ എന്റെ അമ്മ തീരുമാനിച്ചപ്പോൾ KGB യ്ക്ക് വേണ്ടി പതിനഞ്ചാമത്തെ വയസ്സിൽ പോൾ ചെർണി എന്നെ റിക്രൂട്ട് ചെയ്തപ്പോഴെല്ലാം ജീവിതം ക്രൂരമായിരുന്നു” അയാൾ വീണ്ടും ഇരുന്നു. “ഇവിടെ ഡബ്ലിനിൽ തുടരാനായിരുന്നു അമ്മ അന്ന് തീരുമാനിച്ചിരുന്നതെങ്കിൽ ആർക്കറിയാം ഞാൻ ആരാകുമായിരുന്നുവെന്ന് അഭിനയത്തിലുള്ള എന്റെ കഴിവുകൾ ഒരു പക്ഷേ എന്നെ എവിടെയെല്ലാം എത്തിച്ചേനെ അബ്ബി തീയേറ്റർ, ലണ്ടൻ, ഓൾഡ് വിക്ക്, സ്ട്രാറ്റ്ഫോഡ്…?” അയാൾ ചുമൽ വെട്ടിച്ചു. “പകരം, ഞാനിപ്പോൾ……………

 

അയാളുടെ വാക്കുകളിലെ വേദന ഡെവ്‌ലിൻ അറിയുന്നുണ്ടായിരുന്നു. ഒരു നിമിഷനേരത്തേക്ക് മറ്റെല്ലാം അദ്ദേഹം മറന്നു. കാരണം, വർഷങ്ങളായി മറ്റെല്ലാത്തിനുമുപരി ആ മനുഷ്യനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

 

“ജീവിതമെന്നാൽ അതാണ്” ഡെവ്‌ലിൻ പറഞ്ഞു. “എന്തു ചെയ്യണമെന്ന് ഏതെങ്കിലുമൊരു വൃത്തികെട്ടവൻ നമ്മളോട് പറഞ്ഞുകൊണ്ടേയിരിക്കും

 

“മറ്റുള്ളവരാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതെന്ന്?” ക്യുസെയ്ൻ ചോദിച്ചു. “സ്കൂൾ അദ്ധ്യാപകർ, പോലീസ്, യൂണിയൻ നേതാക്കൾ, രാഷ്ട്രീയക്കാർ, മാതാപിതാക്കൾ?”

 

“അവർ മാത്രമല്ല, വൈദികർ പോലും” ഡെവ്‌ലിൻ പറഞ്ഞു.

 

“അതെ ഇന്ന് തന്നെ ഒരു അധികാരിയെ വെടിവച്ച് കൊല്ലുക എന്ന് വിപ്ലവകാരികൾ പറയുന്നതിന്റെ കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത് അവിടെയുള്ള കസേരയിൽ കിടന്നിരുന്ന സായാഹ്ന പത്രം ക്യുസെയ്ൻ കൈയിലെടുത്തു. പോപ്പിന്റെ ഇംഗ്ലണ്ട് സന്ദർശനത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു അതിലെ തലക്കെട്ട്. “എന്തിനേറെ പറയുന്നു, പോപ്പ് പോലും ആ വർഗ്ഗത്തിൽ പെടും

 

“നിങ്ങളെന്താ, തമാശ പറയുകയാണോ?” ഡെവ്‌ലിൻ ചോദിച്ചു.

 

“ഞാനെന്തിന് തമാശ പറയണം? നിങ്ങൾക്കറിയുമോ ലിയാം, ഇത്രയും കാലം എന്താണ് ഞാൻ ചെയ്തുകൊണ്ടിരുന്നതെന്ന്? എന്ത് ദൗത്യവുമായിട്ടാണ് മസ്‌ലോവ്സ്കി എന്നെ ഇങ്ങോട്ടയച്ചതെന്നറിയുമോ? പാശ്ചാത്യലോകത്ത് കുഴപ്പവും ക്രമസമാധാനത്തകർച്ചയും ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക ഐറിഷ് സംഘർഷം തുടർന്നുകൊണ്ടു പോകാൻ പലതരത്തിലും ഞാൻ സഹായിച്ചിട്ടുണ്ട് കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റ്സിനുമിടയിൽ പരസ്പരം വിദ്വേഷം വളർത്തുന്ന തരത്തിലുള്ള നിരവധി ഭീകരാക്രമണങ്ങൾ IRA, UVF അങ്ങനെ സകലരെയും ഞാൻ അതിന്റെ ഭാഗമാക്കി പക്ഷേ, ഇത്” ജോൺ പോൾ മാർപ്പാപ്പയുടെ ചിത്രമുള്ള ആ പത്രം അയാൾ ഉയർത്തിപ്പിടിച്ചു. “ഇത് എക്കാലത്തെയും വലിയ ഒരു ഭീകരാക്രമണമായിരിക്കും പോപ്പ് കൊല്ലപ്പെട്ടു എന്ന വാർത്ത മോസ്കോയിൽ അറിയുമ്പോൾ എന്തായിരിക്കും അവരുടെ പ്രതികരണം?” അയാൾ താന്യയുടെ നേർക്ക് നോക്കി. “മസ്‌ലോവ്സ്കിയെ മറ്റാരെക്കാളും നന്നായിട്ട് നിനക്കറിയാമല്ലോ ആ വാർത്ത അദ്ദേഹത്തെ സന്തോഷിപ്പിക്കില്ലേ? എന്തു തോന്നുന്നു?”

 

“നിങ്ങൾക്ക് ഭ്രാന്താണ്” അവൾ മന്ത്രിച്ചു.

 

“ആയിരിക്കാം” അയാൾ ചരടിന്റെ ചുരുൾ അവളുടെ നേർക്ക് എറിഞ്ഞു കൊടുത്തു. “അദ്ദേഹത്തിന്റെ കൈകൾ പിറകോട്ട് പിടിച്ച് കൂട്ടിക്കെട്ടൂ അഭ്യാസമൊന്നും കാണിക്കാൻ ശ്രമിക്കണ്ട ലിയാം

 

റിവോൾവർ നീട്ടിപ്പിടിച്ച് ക്യുസെയ്ൻ എഴുന്നേറ്റു നിന്നു. വൈമനസ്യത്തോടെ താന്യ ഡെവ്‌ലിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. പറഞ്ഞതനുസരിക്കുകയല്ലാതെ ഡെവ്‌ലിനു മുന്നിൽ മറ്റു മാർഗ്ഗമില്ലായിരുന്നു. ക്യുസെയ്ൻ അദ്ദേഹത്തെ നെരിപ്പോടിനരികിലായി കമഴ്ത്തിക്കിടത്തി.

 

“ഇനി നീയും അദ്ദേഹത്തിനരികിൽ പോയി കിടക്കൂ” അയാൾ താന്യയോട് പറഞ്ഞു.

 

അവളുടെ കരങ്ങളും പിന്നിലേക്കാക്കി അയാൾ കൂട്ടിക്കെട്ടി. പിന്നെ, കാലുകളും. ഡെവ്‌ലിന്റെ കെട്ട് പരിശോധിച്ചതിനു ശേഷം അയാൾ അദ്ദേഹത്തിന്റെ കാലുകളും ബന്ധിച്ചു.

 

“നിങ്ങൾക്കപ്പോൾ ഞങ്ങളെ കൊല്ലാനുള്ള ഉദ്ദേശ്യമില്ല അല്ലേ?” ഡെവ്‌ലിൻ ചോദിച്ചു.

 

“ഞാനെന്തിന് നിങ്ങളെ കൊല്ലണം?”

 

അവിടെ നിന്നും എഴുന്നേറ്റ ക്യുസെയ്ൻ തിടുക്കത്തിൽ ചുമരിനടുത്ത് ചെന്ന് ടെലിഫോണിന്റെ കേബിൾ വലിച്ചൂരിയിട്ടു.

 

“എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്?”

 

“കാന്റർബറി” ക്യുസെയ്ൻ പറഞ്ഞു. “ആത്യന്തികമായി അതാണെന്റെ ലക്ഷ്യം

 

“കാന്റർബറിയോ?”

 

“അതെ ശനിയാഴ്ച്ച പോപ്പ് അവിടെയെത്തുന്നു അന്ന് എല്ലാവരുമുണ്ടാവും അവിടെ കർദ്ദിനാൾമാർ, കാന്റർബറി ആർച്ച്ബിഷപ്പ്, ചാൾസ് രാജകുമാരൻ എന്നിവരൊക്കെ ഞാനിതൊക്കെ എങ്ങനെയറിഞ്ഞുവെന്നല്ലേ? സെക്രട്ടേറിയറ്റിൽ എനിക്ക് ഒരു പ്രസ് ഓഫീസ് ഉള്ള കാര്യം ഓർമ്മയില്ലേ ലിയാം?”

 

“ഓൾറൈറ്റ് ലെറ്റ്സ് ബീ സെൻസിബ്‌ൾ” ഡെവ്‌ലിൻ പറഞ്ഞു. “നിങ്ങൾക്കൊരിക്കലും അദ്ദേഹത്തിനരികിൽ എത്താനാവില്ല തങ്ങളുടെ മണ്ണിൽ വച്ച് പോപ്പ് കൊല്ലപ്പെടുക എന്ന കാര്യം ബ്രിട്ടീഷുകാർക്ക് ആലോചിക്കാനേ കഴിയില്ല ക്രെംലിൻ പോലും അത്ഭുതപ്പെട്ടു പോകുന്ന തരത്തിലുള്ള സുരക്ഷയായിരിക്കും കാന്റർബറിയിൽ അവർ പോപ്പിന് ഏർപ്പെടുത്തുന്നത്

 

“അതെനിക്കറിയാം” ക്യുസെയ്ൻ പറഞ്ഞു.

 

“ദൈവത്തെയോർത്ത്, ഹാരീ പോപ്പിനെ വധിക്കുകയോ? എന്തിന്?”

 

“എന്തുകൊണ്ട് പാടില്ല?” ക്യുസെയ്ൻ ചുമൽ വെട്ടിച്ചു. “അദ്ദേഹം കാന്റർബറിയിൽ എത്തുന്നു ഇപ്പോഴത്തെ അവസ്ഥയിൽ എനിക്കാണെങ്കിൽ പോകാനൊരിടവുമില്ല മരണം ഉറപ്പ് എങ്കിൽ പിന്നെ ശ്രദ്ധേയമായ എന്തെങ്കിലും ചെയ്തുവച്ചതിന് ശേഷം മരിക്കുന്നതല്ലേ നല്ലത്?” അയാൾ പുഞ്ചിരിച്ചു. “പിന്നെ, ലിയാം, എന്നെ തടയാനുള്ള ശ്രമങ്ങൾ നിങ്ങൾ നടത്തുമെന്നെനിക്കറിയാം നിങ്ങളും മക്ഗിനസും ലണ്ടനിലുള്ള ഫെർഗൂസണും അദ്ദേഹത്തിന്റെ സംഘവും ഒക്കെ ചേർന്ന് എന്തിനധികം, KGB പോലും എന്നെ തടയാൻ സകല അടവും പയറ്റും കാരണം, എന്റെ ദുഃഷ്‌പ്രവൃത്തിയ്ക്ക് ലോകത്തിന് മുന്നിൽ ഉത്തരം പറയേണ്ട ബാദ്ധ്യത അവർക്കായിരിക്കും

 

“എന്തൊരു മനുഷ്യനാണ് നിങ്ങൾ ഹാരീ?” ഡെവ്‌ലിൻ പൊട്ടിത്തെറിച്ചു. “വെറുമൊരു ഗെയിം മാത്രമാണോ നിങ്ങൾക്കിത്?”

 

“അതെ” ക്യുസെയ്ൻ പറഞ്ഞു. “വർഷങ്ങളായി എന്നെ നിയന്ത്രിച്ചിരുന്നത് മറ്റുള്ളവരായിരുന്നു ചരടിൽ കെട്ടിയ വെറുമൊരു പാവ ഇപ്പോൾ എല്ലാം എന്റെ കൈയിലാണ് ഇനി ഞാൻ തീരുമാനിക്കും എന്റെ നീക്കങ്ങൾ

 

അയാൾ പുറത്തേക്ക് നടന്നു. ഫ്രഞ്ച് ജാലകം തുറക്കുന്നതിന്റെയും അടയുന്നതിന്റെയും ശബ്ദം ഡെവ്‌ലിൻ കേട്ടു. പിന്നെ നിശ്ശബ്ദത മാത്രം. “അയാൾ പോയി” താന്യ പറഞ്ഞു.

 

തല കുലുക്കിയിട്ട് ഡെവ്‌ലിൻ തിരിഞ്ഞു മറിഞ്ഞ് ഒരു വിധം എഴുന്നേറ്റ് ഇരുന്നു. കൈകളിലെ കെട്ട് അഴിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതൊരു പാഴ്ശ്രമമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

 

“ലിയാം, അയാൾ കാര്യമായിട്ടാണോ പറഞ്ഞത്? പോപ്പിന്റെ കാര്യം?” താന്യ ചോദിച്ചു.

 

“യെസ്” നിസ്സഹായതയോടെ ഡെവ്‌ലിൻ പറഞ്ഞു. “അയാളത് ചെയ്യുക തന്നെ ചെയ്യും

                 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Wednesday, December 20, 2023

കൺഫെഷണൽ – 43

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗ്രാമവാസികൾ വളരെ കുറച്ചു പേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. വീൽചെയറിൽ ഇരിക്കുന്ന രണ്ടുപേർ ആതുരാലയത്തിലെ രോഗികളാണെന്ന് തോന്നുന്നു. പിന്നെ കുറേ കന്യാസ്ത്രീകൾ. സിസ്റ്റർ ആൻ മേരി ആണ് ഓർഗൻ വായിച്ചിരുന്നത്. ആ വാദ്യോപകരണം അത്ര നല്ല അവസ്ഥയിലൊന്നും ആയിരുന്നില്ല. അന്തരീക്ഷത്തിലെ ഈർപ്പം അതിന്റെ പല ഘടകങ്ങൾക്കും കേടുപാടുകൾ വരുത്തിത്തുടങ്ങിയിരുന്നു. എങ്കിലും അവരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് പറയാം. ദൈവവിളി കേട്ട് ആത്മീയ ജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് പാരീസിലെ ഒരു സംഗീതകോളേജിൽ ഒരു വർഷം ചെലവഴിച്ചിട്ടുള്ളതാണ് സിസ്റ്റർ ആൻ മേരി.

 

മെഴുകുതിരികളുടെ അരണ്ട വെട്ടത്തിൽ ആ ദേവാലയത്തിന്റെ ഉള്ളിലെങ്ങും നിഴലുകൾ ചിത്രം വരച്ച പ്രതീതിയായിരുന്നു. എങ്ങും സമാധാനം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കന്യാസ്ത്രീകൾ ആലപിച്ചുകൊണ്ടിരിക്കുന്ന ‘Domine Jesu Christ, Rex Floriae.’ എന്ന പ്രാർത്ഥനാഗീതം അതീവ ഹൃദ്യമായിരുന്നു. അൾത്താരയിൽ നിൽക്കുന്ന ഫാദർ ഹാരി ക്യുസെയ്ൻ ദൈവത്തിന്റെ അപരിമിതമായ ദയയും വാത്സല്യവും വേണ്ടെന്നു വച്ച ലോകത്തെ എല്ലാ പാപികൾക്കും വേണ്ടി പ്രാർത്ഥിച്ചു. ആ അന്തരീക്ഷത്തിന്റെ അലൗകികതയിൽ മയങ്ങിയ താന്യ തൊട്ടടുത്തു കണ്ട ഇരിപ്പിടത്തിൽ ഇരുന്നു. ഇതുപോലൊരു കുർബാന തന്റെ ജീവിതത്തിൽ ഇതുവരെ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഹാരി ക്യുസെയ്ന്റെ മുഖം വ്യക്തമായി കാണാനാവുന്നുണ്ടായിരുന്നില്ല അവൾക്ക്. ആ അരണ്ട വെട്ടത്തിൽ തിരുവസ്ത്രവും ധരിച്ച് അൾത്താരയിൽ നിൽക്കുന്ന അയാളുടെ പ്രൗഢരൂപമായിരുന്നു അവളെ ഹഠാദാകർഷിച്ചത്.

 

കുർബാന തുടരവെ അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും യേശുവിന്റെ രക്തവും മാംസവും ഏറ്റുവാങ്ങുവാനായി മുന്നോട്ട് ചെന്നു. ഓരോരുത്തരുടെയും അരികിൽ ചെന്ന് തല കുനിച്ച് മന്ത്രിച്ച് വിശുദ്ധ അപ്പം നൽകിക്കൊണ്ട് നീങ്ങുന്ന ഹാരി ക്യുസെയ്നെ നോക്കിക്കൊണ്ടിരിക്കവെ അവളുടെയുള്ളിൽ വിചിത്രമായ ഒരു അസ്വസ്ഥത പടരുന്നത് പോലെ തോന്നി. ഈ മനുഷ്യനെ മുമ്പ് എവിടെയോ കണ്ടിട്ടുള്ളത് പോലെ അയാളുടെ ശരീരഭാഷ നല്ല പരിചയമുള്ളത് പോലെ

 

കുർബാന കഴിഞ്ഞ് അവസാന ചടങ്ങായ പാപമോചനവും നൽകിയതിന് ശേഷം അയാൾ സദസ്സിനെ അഭിമുഖീകരിച്ചു. “ഒരു കാര്യം ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് ഇനിയുള്ള ദിനങ്ങളിലെ നിങ്ങളുടെ പ്രാർത്ഥനകളിൽ പരിശുദ്ധ പിതാവിനെയും ഉൾപ്പെടുത്തണം ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഈ സമയത്ത് ഇംഗ്ലണ്ട് സന്ദർശിക്കാനെത്തുന്ന അദ്ദേഹത്തിന് വേണ്ടി നിങ്ങളോരോരുത്തരും പ്രാർത്ഥിക്കണം” അല്പം മുന്നോട്ട് നീങ്ങിയ അയാളുടെ മുഖത്ത് മെഴുകുതിരിയുടെ വെട്ടം പതിച്ചു. “തന്റെ ദൗത്യം നിറവേറ്റാനുള്ള ശക്തി അദ്ദേഹത്തിന് നൽകേണമേയെന്ന് അദ്ദേഹത്തോടൊപ്പം നിങ്ങളും പ്രാർത്ഥിക്കുക

 

അവിടെ കൂടിയിരുന്ന ഓരോരുത്തരുടെയും മുഖങ്ങളിലൂടെ അയാളുടെ കണ്ണുകൾ സഞ്ചരിച്ചു. അവളുടെ മുഖത്ത് എത്തിയതും ഒരു നിമിഷം ഉടക്കിയ ആ കണ്ണുകൾ വീണ്ടും അടുത്തയാളുടെ നേർക്ക് നീങ്ങി. ഭയന്ന് മരവിച്ചു പോയി താന്യ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു അവൾക്കത്. പ്രാർത്ഥനയുടെ അവസാനമുള്ള ആശീർവാദ പ്രഭാഷണം നടത്തുന്ന ഹാരി ക്യുസെയ്ന്റെ ചുണ്ടുകൾ ശബ്ദമില്ലാതെ ചലിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. പണ്ടത്തേക്കാൾ ദീനാനുകമ്പ നിഴലിക്കുന്ന ആ മുഖത്ത് പ്രായം ഏറിയിട്ടുണ്ട് വർഷങ്ങളായി തന്നെ സ്വപ്നങ്ങളിൽ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ മുഖം അതെ അത് കുഖോളിൻ എന്ന പേരിൽ അറിയപ്പെടുന്ന മിഖായേൽ കെല്ലിയുടേത് തന്നെയെന്ന ഞെട്ടിക്കുന്ന സത്യം ഉൾക്കിടിലത്തോടെ അവൾ തിരിച്ചറിഞ്ഞു.

 

                                                            ***

 

പിന്നെ അവിടെ സംഭവിച്ചതെല്ലാം വിചിത്രമായിരുന്നു. എന്നാൽ അപ്പോഴത്തെ ചുറ്റുപാടുകൾ വച്ചു നോക്കിയാൽ അത്ര വിചിത്രമെന്ന് പറയാനും പറ്റില്ല. എങ്കിലും അവൾക്കുണ്ടായ ഷോക്ക് അതിതീവ്രമായിരുന്നു. തന്റെ ശക്തിയെല്ലാം ചോരുന്നത് പോലെ തോന്നിയ അവൾ എഴുന്നേൽക്കാനാവാതെ ആ അരണ്ട വെട്ടത്തിൽ അവിടെത്തന്നെയിരുന്നു. കുർബാന കൊള്ളാൻ എത്തിയിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങവെ ഹാരി ക്യുസെയ്നും സഹായികളും പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിലേക്ക് കയറിപ്പോയി. മൗനം തളം കെട്ടിയ ആ ദേവാലയത്തിനുള്ളിൽ ഒറ്റയ്ക്കായിപ്പോയ അവൾ എല്ലാം കൂട്ടിയോജിപ്പിക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു. ഫാദർ ഹാരി ക്യുസെയ്ൻ തന്നെയാണ് കുഖോളിൻ എന്നത് ഉറപ്പായിരിക്കുന്നു അയാളാണെങ്കിൽ ഡെവ്‌ലിന്റെ സുഹൃത്തും ഇപ്പോഴാണ് പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം വ്യക്തമാകുന്നത് ദൈവമേ, എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്? അവൾ ചിന്തിച്ചു. അടുത്ത നിമിഷം, പൂജാമുറിയുടെ വാതിൽ തുറന്ന് ഹാരി ക്യുസെയ്ൻ പുറത്തിറങ്ങി.

 

                                                            ***

 

കിച്ചണിൽ ഭക്ഷണമെല്ലാം ഏതാണ്ട് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. മൃദുവായി ചൂളമടിച്ചു കൊണ്ട് ഡെവ്‌ലിൻ സ്റ്റൗവിൽ വച്ചിരിക്കുന്ന ഫ്രൈയിങ്ങ് പാനിലേക്ക് നോക്കി. “താന്യാ, മേശ റെഡിയാക്കിയോ?” അദ്ദേഹം വിളിച്ചു ചോദിച്ചു.

 

എന്നാൽ അതിന് മറുപടിയുണ്ടായില്ല. ഡെവ്‌ലിൻ ലിവിങ്ങ് റൂമിലേക്ക് ചെന്നു. ഡൈനിങ്ങ് ടേബിൾ അറേഞ്ച് ചെയ്തിരുന്നില്ലെന്ന് മാത്രമല്ല, താന്യയുടെ അടയാളം പോലും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. അപ്പോഴാണ് തുറന്നു കിടക്കുന്ന ഫ്രഞ്ച് ജാലകം അദ്ദേഹം ശ്രദ്ധിച്ചത്. ഏപ്രൺ അഴിച്ചു വച്ചിട്ട് അദ്ദേഹം പുറത്തിറങ്ങി.

 

“താന്യാ?” മുറ്റത്തേക്ക് നോക്കി അദ്ദേഹം വിളിച്ചു. കോമ്പൗണ്ട് വാളിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് അപ്പോഴാണ് ഡെവ്‌ലിന്റെ ശ്രദ്ധയിൽപ്പെട്ടത്.

 

                                                     ***

 

വൈദികർ ഉപയോഗിക്കുന്ന ക്ലെറിക്കൽ കോളറുള്ള ഒരു കറുത്ത സ്യൂട്ടാണ് ഹാരി ക്യുസെയ്ൻ ധരിച്ചിരുന്നത്. ഒരു നിമിഷം ഒന്ന് നിന്ന അയാൾ ഹാളിൽ ഇരിക്കുന്ന താന്യയെ കണ്ടുവെങ്കിലും യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ല. കുർബ്ബാനയ്ക്കിടയിൽ ഒറ്റ നോട്ടത്തിൽത്തന്നെ അവളെ ശ്രദ്ധിച്ചതാണ്. അപരിചിതയായ ഒരു യുവതി എന്നേ കരുതേണ്ടതുള്ളുവെങ്കിലും സാഹചര്യങ്ങൾ വച്ചുനോക്കിയപ്പോൾ ആരായിരിക്കും അവൾ എന്ന കാര്യത്തിൽ അയാൾക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. ആ കൊച്ചുപെൺകുട്ടിയുടെ മുഖം തന്നെയായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പ്, ഡ്രമോറിലെ ആ തെരുവിൽ സ്വന്തം പിതാവിന്റെ മൃതശരീരത്തിനരികിൽ കരഞ്ഞു കൊണ്ട് നിന്ന പെൺകുട്ടി പിതാവിന്റെ കൊലയാളിയായ തന്റെ മേൽ പല്ലും നഖവുമായി വീറോടെ ചാടിവീണ ആ കൊച്ചുപെൺകുട്ടി ആ കണ്ണുകൾക്ക് ഇന്നും ഒരു മാറ്റവുമില്ല. തന്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത അതേ കണ്ണുകൾ.

 

അൾത്താരയുടെ കൈവരികൾക്ക് സമീപം കുരിശുവരയ്ക്കുവാനായി അയാൾ മുട്ടുകുത്തി. പരിഭ്രാന്തയായ താന്യ ഭയന്ന് വിറച്ചുപോയി. ഒരുവിധം എഴുന്നേറ്റ് ഇടനാഴിയിലൂടെ തിരിഞ്ഞു നടന്ന അവൾ കുമ്പസാരക്കൂടുകളിലൊന്നിന്റെ പാതി തുറന്നു കിടന്ന വാതിൽ കണ്ടതും അതിനുള്ളിൽ കയറി. കതക് ചാരിയപ്പോൾ ചെറിയൊരു ഞരക്കമുണ്ടായി. അൾത്താരയുടെ സമീപത്തു നിന്നും ഇടനാഴിയിലൂടെ നടന്നു വരുന്ന ഹാരി ക്യുസെയ്ന്റെ പതിഞ്ഞ കാലടിയൊച്ച അവൾക്ക് കേൾക്കാൻ സാധിച്ചു. തൊട്ടടുത്ത് എത്തിയതും ആ ശബ്ദം നിലച്ചു.

 

“നീ ഇതിനുള്ളിലുണ്ടെന്ന് എനിക്കറിയാം, താന്യാ വൊറോണിനോവ നിനക്ക് പുറത്തു വരാം” റഷ്യൻ ഭാഷയിൽ പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു.

                       

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...