Wednesday, January 3, 2024

കൺഫെഷണൽ – 45

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

കോട്ടേജിലെത്തിയ ഹാരി ക്യുസെയ്ന്റെ പ്രവൃത്തികൾ ചടുലവും ക്രമാനുഗതവുമായിരുന്നു. സ്റ്റഡീറൂമിലെ ഷെൽഫിൽ പുസ്തകങ്ങൾക്ക് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന ചെറിയ സേഫിൽ നിന്നും അയാൾ തന്റെ ഐറിഷ് പാസ്പോർട്ടും പതിവായി ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡും എടുത്തു. വെവ്വേറെ പേരുകളിലായി രണ്ട് ബ്രിട്ടീഷ് പാസ്പോർട്ടുകളും അതിനുള്ളിൽ ഉണ്ടായിരുന്നു. അതിലൊന്നിൽ വൈദികനും രണ്ടാമത്തേതിൽ ജേർണലിസ്റ്റുമാണയാൾ. കൂടാതെ രണ്ടായിരം പൗണ്ടിന്റെ ബ്രിട്ടീഷ് കറൻസി നോട്ടുകളും ആ സേഫിനകത്ത് ഉണ്ടായിരുന്നു.

 

ചുമരലമാരയിൽ നിന്ന് അയാൾ തന്റെ ക്യാൻവാസ് ഹോൾഡോൾ പുറത്തെടുത്തു. ആർമി ഓഫീസർമാർ സാധാരണയായി ഉപയോഗിക്കുന്ന ഇനം ബാഗ് ആയിരുന്നുവത്. ബാഗ് തുറന്ന് അതിന്റെ അടിത്തട്ടിലുള്ള കാർഡ്ബോർഡ് പാനലിൽ അമർത്തിയപ്പോൾ അത് മുകളിലേക്ക് തുറന്നു വന്നു. തന്റെ കൈവശമുള്ള നോട്ടുകെട്ടുകൾ, കള്ളപാസ്പോർട്ടുകൾ, കാർസ്‌വെൽ സൈലൻസറോടു കൂടിയ വാൾട്ടർ PPK റിവോൾവർ, അതിനാവശ്യമുള്ള തിരകൾ, ഒരു ബ്ലോക്ക് പ്ലാസ്റ്റിക്ക് സ്ഫോടക വസ്തുക്കൾ, രണ്ട് ടൈമറുകൾ എന്നിവ അയാൾ ആ രഹസ്യ അറയ്ക്കുള്ളിൽ അടുക്കിവച്ചു. ഒരു നിമിഷം ആലോചിച്ചിട്ട് ബാത്ത്റൂമിലെ കബോഡിൽ നിന്നും ഏതാനും ആർമി ഫീൽഡ് ഡ്രെസ്സിങ്ങ് പാക്കറ്റുകളും കുറച്ച് മോർഫിൻ ആംപ്യൂൾസും എടുത്തുകൊണ്ടു വന്ന് അയാൾ അതിനോടൊപ്പം വച്ചു. എന്തും നേരിടാൻ തയ്യാറായി ഇരിക്കണമല്ലോ. ആ കാർഡ്ബോർഡ് പാനൽ അടച്ചു വച്ചതിന് ശേഷം അതിനു മുകളിലായി തന്റെ കറുത്ത ളോഹകളിലൊന്ന് ചുരുട്ടി വച്ചു. ഏതാനും ഷർട്ടുകൾ, ടൈകൾ, സോക്സ്, ടൂത്ത് ബ്രഷ്, പേസ്റ്റ് തുടങ്ങിയ വസ്തുക്കളാണ് പിന്നീട് വച്ചത്. സ്വാഭാവികമായും തന്റെ പ്രാർത്ഥനാ പുസ്തകവും വിശുദ്ധ തൈലവും അപ്പവും എടുത്തു വയ്ക്കുവാൻ അയാൾ മറന്നില്ല. ഒരു വൈദികൻ എന്ന നിലയിൽ ദൂരയാത്രയ്ക്ക് പോകുമ്പോൾ ഇവയെല്ലാം ഒപ്പം കൊണ്ടുപോകുന്നത് വർഷങ്ങളായി അയാളുടെ ശീലമായിരുന്നു.

 

ഗോവണിയിറങ്ങി ഹാളിൽ എത്തിയ അയാൾ തന്റെ കറുത്ത റെയിൻകോട്ട് എടുത്തണിഞ്ഞു. അതിനു ശേഷം കബോഡിൽ നിന്നും കറുത്ത ഫെൽറ്റ് ഹാറ്റുകളിൽ ഒന്നെടുത്ത് സ്റ്റഡീ റൂമിലേക്ക് നടന്നു. ആ തൊപ്പിയ്ക്കുള്ളിൽ രണ്ട് പ്ലാസ്റ്റിക്ക് ക്ലിപ്പുകൾ അയാൾ തുന്നിച്ചേർത്തിട്ടുണ്ടായിരുന്നു. മേശവലിപ്പ് തുറന്ന് രണ്ടിഞ്ച് ബാരലോടു കൂടിയ 0.38 സ്മിത്ത് & വെസൺ റിവോൾവർ എടുത്ത് ആ തൊപ്പിയ്ക്കുള്ളിലെ ക്ലിപ്പുകളിലേക്ക് ഘടിപ്പിച്ചതിന് ശേഷം ബാഗിനുള്ളിൽ വച്ചു. മേശപ്പുറത്ത് വച്ചിരുന്ന സ്റ്റെച്ച്കിൻ റിവോൾവർ അയാൾ തന്റെ റെയിൻകോട്ടിന്റെ പോക്കറ്റിലും നിക്ഷേപിച്ചു.

 

അങ്ങനെ, ഒടുവിൽ താൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. കുറേയേറെ വർഷങ്ങളായി തന്റെ വസതിയായിരുന്നു ഈ കോട്ടേജ്. സ്റ്റഡീ റൂം മൊത്തം ഒന്ന് വീക്ഷിച്ചതിന് ശേഷം ക്യുസെയ്ൻ പുറത്തിറങ്ങി. മുറ്റത്തിന്റെ അതിരിലുള്ള ഗാരേജിന് മുന്നിൽ ചെന്ന് വാതിൽ തുറന്ന് അയാൾ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു. നല്ല കണ്ടീഷനിലുള്ള ഒരു BSA 350cc മോട്ടോർ സൈക്കിൾ അയാളുടെ കാറിനരികിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. തന്റെ ഹോൾഡോൾ സീറ്റിന് പിറകിൽ വരിഞ്ഞു കെട്ടിവച്ചിട്ട് ചുമരിൽ കൊളുത്തിയിട്ടിരുന്ന ക്രാഷ് ഹെൽമറ്റ് എടുത്ത് തലയിൽ വച്ചു.

 

ഒറ്റ കിക്കിന് തന്നെ എഞ്ചിൻ ജീവൻ വച്ചു. സീറ്റിൽ കയറിയിരുന്ന് റിയർ ഗ്ലാസുകൾ ക്രമീകരിച്ചതിന് ശേഷം ക്യുസെയ്ൻ മോട്ടോർ സൈക്കിൾ മുന്നോട്ടെടുത്തു. റോഡിലേക്കിറങ്ങി ഓടിയകന്ന വാഹനത്തിന്റെ എഞ്ചിൻ ശബ്ദം ക്രമേണ ക്ഷയിച്ച് ഇല്ലാതായി. പിന്നെ നിശ്ശബ്ദത മാത്രം.

 

                                                    ***

 

ആ സമയത്ത് ഡബ്ലിനിൽ, ഡെവ്‌ലിന് ഫോൺ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന തന്റെ സഹായിയെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു മക്ഗിനസ്. ഫോൺ ക്രാഡിലിൽ വച്ചിട്ട് നിരാശയോടെ അയാൾ പറഞ്ഞു. “ലൈനിന് എന്തോ തകരാറുണ്ട് അക്കാര്യത്തിൽ സംശയമില്ല

 

“അതിലെന്തോ അസ്വാഭാവികതയുണ്ടല്ലോ മകനേ” മക്ഗിനസ് പറഞ്ഞു. “നമുക്ക് ഡെവ്‌ലിന്റെയടുത്ത് ഒന്ന് പോയി നോക്കാം ഇപ്പോൾത്തന്നെ

 

                                                    ***

 

മക്ഗിനസിനും സംഘത്തിനും അവിടെയെത്തിച്ചേരാൻ നാല്പത് മിനിറ്റ് വേണ്ടിവന്നു. ഡെവ്‌ലിന്റെയും താന്യയുടെയും കെട്ടുകൾ അഴിച്ചുമാറ്റുന്നതും നോക്കി നിന്ന മക്ഗിനസ് തലയാട്ടി. “ജീസസ് ക്രൈസ്റ്റ്! ഞാൻ എന്താണ് ഈ കാണുന്നത് ലിയാം…! മഹാനായ ലിയാം ഡെവ്‌ലിൻ കൈകാലുകൾ ബന്ധിക്കപ്പെട്ട് നിസ്സഹായാവസ്ഥയിൽ കിടക്കുകയോ! എന്തൊരു ദുഃരവസ്ഥയാണിത് പറയൂ ലിയാം, എന്താണ് സംഭവിച്ചത്?”

 

അവർ ഇരുവരും കിച്ചണിലേക്ക് നടന്നു. എല്ലാം കേട്ടു കഴിഞ്ഞതും മക്ഗിനസ് പൊട്ടിത്തെറിച്ചു. “കണ്ണിങ്ങ് ബാസ്റ്റർഡ് ബെൽഫാസ്റ്റ് സിറ്റിയിലെ ഫാൾസ് റോഡിൽ അയാൾ അറിയപ്പെടുന്നത് ഒരു പുണ്യാളനായിട്ടാണ് വൈദികന്റെ വേഷമിട്ട ആ കള്ളപ്പന്നി ഒരു റഷ്യൻ ഏജന്റായിരുന്നുവല്ലേ…!

 

“ഈ വിവരം അറിയുമ്പോൾ എന്തായിരിക്കും വത്തിക്കാനിലെ പ്രതികരണം!” ഡെവ്‌ലിൻ പറഞ്ഞു.

 

“അതിലേറെ എന്നെ അലോസരപ്പെടുത്തുന്നത് എന്താണെന്നറിയുമോ? അയാളൊരു റഷ്യക്കാരനേയല്ല എന്നതാണ് അയർലണ്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പേരിൽ അയാളുടെ പിതാവിനെ ലണ്ടൻ ജയിലിൽ വച്ച് തൂക്കിക്കൊല്ലുകയായിരുന്നു” മക്ഗിനസ് ദ്വേഷ്യം കൊണ്ട് വിറച്ചു. “അയാം ഗോയിങ്ങ് റ്റു ഹാവ് ഹിസ് ബാൾസ്

 

“അതെങ്ങനെ സാധിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?”

 

“അക്കാര്യം എനിക്ക് വിട്ടു തരൂ കാന്റർബറിയിലല്ലേ പോപ്പ് വരാൻ പോകുന്നത്? ഒരു എലിയ്ക്ക് പോലും കടന്ന് പോകാൻ കഴിയാത്ത വിധം അയർലണ്ടിന്റെ അതിർത്തി അടയ്ക്കാൻ പോകുകയാണ് ഞാൻ

 

തന്റെ അനുയായികളെയും കൂട്ടി ഒരു കൊടുങ്കാറ്റ് പോലെ അയാൾ പുറത്തേക്ക് കുതിച്ചു. കിച്ചണിലേക്ക് കടന്നു വന്ന താന്യയുടെ മുഖം ക്ഷീണിച്ചു വിളറിയിരുന്നു. “ഇനി എന്താണ് സംഭവിക്കുക?”

 

“തൽക്കാലം നീ ആ കെറ്റ്‌ൽ എടുത്ത് സ്റ്റൗവിൽ വയ്ക്കൂ നല്ല ഓരോ കപ്പ് ചായ കുടിക്കാം നമുക്ക് നിനക്കറിയുമോ, പണ്ടു കാലത്ത് എന്താണ് നടന്നിരുന്നതെന്ന്? അശുഭവാർത്തയുമായി വരുന്ന സന്ദേശവാഹകനെ ശിരഛേദം ചെയ്യുകയായിരുന്നു പതിവ് ഇന്നത്തെ കാലത്ത് ടെലിഫോൺ ഉള്ളത് ഭാഗ്യം അല്ലെങ്കിൽ എന്റെ കാര്യം എന്തായേനെ ഞാനൊന്ന് പുറത്തു പോയി ഫോൺ ചെയ്ത് ഫെർഗൂസണെ വിവരമറിയിച്ചിട്ട് വരാം

              

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

8 comments:

  1. മക്‌ഗിനസ് ഉറച്ച തീരുമാനത്തിൽ..

    ReplyDelete
    Replies
    1. അതെ... അപാര കലിപ്പിലാണ് പുള്ളി...

      Delete
  2. ക്യാൻവാസ് ഹോൾഡോൾ - പെട്ടന്ന് ഓർമ്മ വന്നത് നാടോടിക്കാറ്റിലെ പവനായിയുടെ ബാഗ് ആണ്.. അമ്പും വില്ലും, മലപ്പുറം കത്തിയും.. അവസാനം എന്താവുമോ എന്തോ!

    ReplyDelete
    Replies
    1. അത് കലക്കി... അവസാനം... അവസാനം നമ്മുടെ ഉണ്ടാപ്രി ഏതാണ്ടൊക്കെ കൃത്യമായി പ്രവചിച്ചു തുടങ്ങിയിട്ടുണ്ട്... കാത്തിരുന്ന് കാണാം നമുക്ക്...

      Delete
  3. അങ്ങനെ അയാൾ കൂൾ ആയി പുറത്തു കടന്നു ..
    ഡെവ്‌ലിൻ ഇനി പുറകെ ഓട്ടം തുടങ്ങണം ..
    താന്യയുടെ റോൾ ഈ ലക്കത്തോടെ തീർന്നു എന്നും കരുതാം
    ഇനിയും നായികമാർ ആരെങ്കിലും വരാനുണ്ടോ... ഇല്ല അല്ലെ ..
    ന്നാലും നുമ്മ ഈ പരിസരത്തൊക്കെ കാണും
    ന്താന്നറിയില്ല ഈ കെല്ലി ചങ്ങാതിയെ ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. താന്യയുടെ കാര്യം ഏകദേശം‌ ശരിയാണ്... ഇനി ഒന്നു രണ്ട് നായികമാർ കൂടി വരാൻ ക്യൂവിലുണ്ട്... ഉണ്ടാപ്രി ഈ പരിസരത്തു തന്നെ ഉണ്ടാവണം... 😄

      Delete
  4. എന്തായിരിയ്ക്കും പ്ലാൻ ന്ന് നോക്കാം...

    ReplyDelete
    Replies
    1. ഇനി പോപ്പിന്റെ പിന്നാലെ...

      Delete