ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഡോക്ടർ ഹാൻസ് വൊയ്ഫ്ഗാങ്ങ് ബാം ഒരു അസാമാന്യ വ്യക്തിത്വമായിരുന്നു. 1950 ൽ ഒരു പ്രമുഖ വ്യവസായിയുടെ മകനായി ബെർലിനിൽ ജനിച്ച അദ്ദേഹത്തിന് 1970 ൽ തന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് പാരമ്പര്യ സ്വത്തായി വന്നു ചേർന്നത് പത്ത് മില്യൻ ഡോളറിന്റെ ആസ്തിയും അതിവിപുലമായ ഒരു വ്യവസായ ശൃംഖലയുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അല്ലലില്ലാത്ത ഒരു സുഖജീവിതം നയിക്കുവാനായിരിക്കും ആരായാലും ആഗ്രഹിച്ചിരിക്കുക. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത് തന്റെ ജോലിയിലായിരുന്നു.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമ ബിരുദവും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ബെർലിനിൽ നിന്ന് എഞ്ചിനീയറിങ്ങ് സയൻസിൽ ഡോക്ടറേറ്റും ഉണ്ടായിരുന്നു അദ്ദേഹത്തിന്. താൻ നേടിയ ബിരുദങ്ങളെല്ലാം വേണ്ട വിധം തന്നെ വിനിയോഗിച്ച് അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വിപുലമാക്കി. വെസ്റ്റ് ജർമ്മനിയിലും ഫ്രാൻസിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമുള്ള തന്റെ ഫാക്ടറികൾ നവീകരിച്ച് വിപുലീകരിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തി നൂറ് മില്യൻ ഡോളർ കടന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ഹൃദയാഭിലാഷമായിരുന്നു ലണ്ടൻഡെറിയുടെ പ്രാന്തപ്രദേശമായ കിൽഗാനണിൽ ഒരു ഫാക്ടറി സ്ഥാപിച്ച് ട്രാക്ടറുകളുടെയും മറ്റ് കാർഷികയന്ത്രങ്ങളുടെയും ഉല്പാദനം ആരംഭിക്കുക എന്നത്. ബാം ഇൻഡസ്ട്രീസിന് വേണമെങ്കിൽ അത് മറ്റെവിടെയെങ്കിലും തുടങ്ങാവുന്നതേയുണ്ടായിരുന്നുള്ളൂ. ബോർഡ് മെമ്പർമാർക്കും അതായിരുന്നു താല്പര്യം. എന്നാൽ വ്യവസായ സാദ്ധ്യതകൾ നന്നായി മനസ്സിലാക്കിയ ഒരു വ്യക്തി ആയിരുന്നു ബാം. ഈ ലോകത്ത് അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന നല്ലൊരു മനുഷ്യൻ. ജർമ്മൻ ലൂതറൻ ചർച്ചിലെ അംഗമായ അദ്ദേഹം കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകൾക്കും തന്റെ ഫാക്ടറിയിൽ തുല്യനിലയിൽ പാർട്ണർഷിപ്പ് നൽകി. തദ്ദേശ ജനതയോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ളവരായിരുന്നു അദ്ദേഹവും പത്നിയും. അവരുടെ മൂന്ന് മക്കളും ലോക്കൽ സ്കൂളുകളിലാണ് പഠിച്ചിരുന്നത്.
PIRA (Provisional Irish Republican Army)യുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം പരസ്യമായ ഒരു രഹസ്യമായിരുന്നു. അതിന്റെ തലവനായ മാർട്ടിൻ മക്ഗിനസുമായി അദ്ദേഹം നേരിട്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നൊക്കെയാണ് പലരും പറയുന്നത്. അത് വാസ്തവമാണെങ്കിലും അല്ലെങ്കിലും ശരി, കിൽഗാനൺ ഫാക്ടറിയുടെ വളർച്ചയ്ക്കൊപ്പം നിൽക്കാനാണ് PIRA തീരുമാനിച്ചത്. അങ്ങനെ, തൊഴിൽരഹിതരായിരുന്ന ആയിരത്തിലധികം പ്രൊട്ടസ്റ്റന്റുകളുടെയും കത്തോലിക്കരുടെയും ജീവിതമാർഗ്ഗമായി മാറി ബാമിന്റെ ഫാക്ടറി.
***
ആരോഗ്യ പരിപാലനത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു ബാം. പതിവ് പോലെ കൃത്യം ആറു മണിക്ക് ഉണർന്ന് ഭാര്യയുടെ ഉറക്കത്തിന് ഭംഗം വരുത്താതെ ശ്രദ്ധയോടെ കട്ടിലിൽ നിന്ന് ഊർന്നിറങ്ങി ട്രാക്ക് സ്യൂട്ടും റണ്ണിങ്ങ് ഷൂസും ധരിച്ചു. അവരുടെ പരിചാരികയായ ഐലീൻ ദോഹർട്ടി എന്ന ചെറുപ്പക്കാരി കിച്ചണിൽ ചായ തിളപ്പിക്കുന്നുണ്ടായിരുന്നു.
“ഐലീൻ, ഏഴുമണിക്ക് ബ്രേക്ക്ഫാസ്റ്റ് വേണം…” അദ്ദേഹം പറഞ്ഞു. “ഇന്ന് നേരത്തെ പോകണം… എട്ടരയ്ക്ക് ലണ്ടൻഡെറിയിൽ വർക്ക്സ് കമ്മിറ്റിയുമായി ഒരു മീറ്റിങ്ങ് ഉണ്ട്…”
അടുക്കള വാതിലിലൂടെ പുറത്തു കടന്ന അദ്ദേഹം സാവധാനം ഓടി ഉയരം കുറഞ്ഞ വേലിയ്ക്കപ്പുറത്തേക്ക് ചാടി മരക്കൂട്ടങ്ങൾക്കിടയിലേക്ക് നീങ്ങി. ജോഗിങ്ങിനേക്കാൾ അല്പം കൂടി വേഗതയിൽ മുന്നോട്ട് നീങ്ങുമ്പോഴും അന്നത്തേയ്ക്ക് പ്ലാൻ ചെയ്ത കാര്യപരിപാടികളായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ.
ആറേമുക്കാലോടെ പതിവ് വ്യായാമ മുറകൾ അവസാനിപ്പിച്ച അദ്ദേഹം മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്ത് കടന്ന് മെയിൻ റോഡിനോരത്തെ പുൽപ്പരപ്പിലൂടെ വീട് ലക്ഷ്യമാക്കി നടന്നു. പതിവ് പോലെ പാട്രിക്ക് ലിയറിയുടെ മെയിൽ വാൻ എതിർദിശയിൽ നിന്നും വരുന്നത് അദ്ദേഹം കണ്ടു. ഏതാനും വാര അകലെ വന്ന് റോഡരികിൽ നിർത്തിയ വാനിന്റെ വിൻഡ് സ്ക്രീനിലൂടെ, യൂണിഫോം ക്യാപ് ധരിച്ച ലിയറിയെ ബാം ശ്രദ്ധിച്ചു. ഒരു കെട്ട് കത്തുകൾ സോർട്ട് ചെയ്യുകയായിരുന്നു അയാൾ.
വാഹനത്തിനരികിൽ ചെന്ന് സൈഡ് വിൻഡോയിലൂടെ ഉള്ളിലേക്ക് തലയിട്ട് ബാം ചോദിച്ചു. “രാവിലെ എനിക്ക് എന്തെങ്കിലുമുണ്ടോ പാട്രിക്ക്…?”
പെട്ടെന്നാണ് ബാം അത് ശ്രദ്ധിച്ചത്. ചിരപരിചിതമായ പാട്രിക്കിന്റെ മുഖമായിരുന്നില്ല അത്. തീർത്തും അപരിചിതമായ ഒരു മുഖം… ശാന്തത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. ഉയർന്ന കവിളെല്ലുകൾ. ഭയപ്പെടാൻ തക്കവണ്ണം ഒന്നും തന്നെ ആ മുഖത്ത് കണ്ടില്ലെങ്കിലും അദ്ദേഹത്തെ തേടിയെത്തിയത് മരണമായിരുന്നു.
“അയാം ട്രൂലി സോറി…” കുഖോളിൻ പറഞ്ഞു. “യൂ ആർ എ ഗുഡ് മാൻ…” പുറത്തേക്ക് നീണ്ടു വന്ന അയാളുടെ ഇടതു കൈയിലെ വാൾട്ടർ ഗണ്ണിന്റെ കുഴൽ ബാമിന്റെ ഇരുകണ്ണുകൾക്കും ഇടയിൽ നെറ്റിയിൽ സ്പർശിച്ചു. സൈലൻസർ ഘടിപ്പിച്ച ആ തോക്ക് ചെറുതായി ഒന്ന് ചുമച്ചു. പിറകോട്ട് മറിഞ്ഞു വീണ ബാമിന്റെ തലച്ചോറും രക്തവും താഴെ പുൽപ്പടർപ്പിൽ ചിതറിത്തെറിച്ചു.
വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോയ കുഖോളിൻ അഞ്ചു മിനിറ്റിനകം കിൽഗാനൺ പാലത്തിനരികിൽ എത്തി. ക്യാപ്പും ഓവർകോട്ടും ഊരി അബോധാവസ്ഥയിൽ കിടക്കുന്ന ആ പോസ്റ്റ്മാനരികിൽ ഉപേക്ഷിച്ചിട്ട് അയാൾ മരക്കൂട്ടങ്ങൾക്കിടയിലേക്ക് കടന്ന് മുന്നോട്ടോടി. ഒരു വേലി ചാടിക്കടന്ന് പിന്നെയും മുന്നോട്ട് നീങ്ങിയ കുഖോളിൻ അഞ്ചു മിനിറ്റ് കൊണ്ട് പുല്ല് വളർന്ന് നിൽക്കുന്ന ഒരു ഒറ്റയടിപ്പാതയിൽ എത്തി. അയാളുടെ പഴയ 350cc BSA മോട്ടോർസൈക്കിൾ അവിടെയുണ്ടായിരുന്നു. കുന്നും മലയും കയറാൻ പാകത്തിൽ പ്രത്യേകയിനം ടയറുകളുള്ള ആ മോട്ടോർ സൈക്കിൾ അതിർത്തിയുടെ ഇരുഭാഗത്തുമുള്ള ആട്ടിടയന്മാർ സാധാരണയായി ഉപയോഗിക്കുന്ന ഇനമായിരുന്നു. പോറൽ വീണ ചില്ലുള്ള ഹെൽമറ്റ് എടുത്ത് തലയിൽ ധരിച്ച് അയാൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. ഇരമ്പിക്കൊണ്ട് മുന്നോട്ട് കുതിച്ച മോട്ടോർസൈക്കിൾ റോഡിൽ കയറി പാഞ്ഞു പോയി. ഗ്രാമത്തിന് പുറത്ത് കടന്നപ്പോൾ എതിർവശത്തു നിന്നും വന്ന ഒരു പാൽവണ്ടി മാത്രമായിരുന്നു അയാളെ കടന്നു പോയ ഏക വാഹനം.
ഇപ്പുറത്ത് കിൽഗാനൺ പാലത്തിന് സമീപം മെയിൻ റോഡിൽ മഴപെയ്യാൻ തുടങ്ങിയിരുന്നു. അര മണിക്കൂർ കഴിഞ്ഞു കാണണം, റോഡരികിൽ ആരോ വീണു കിടക്കുന്നതു കണ്ട് പാൽവണ്ടിയുടെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി. മലർന്ന് കിടക്കുന്ന ഹാൻസ് വൊയ്ഫ്ഗാങ്ങ് ബാമിന്റെ മുഖത്ത് മഴത്തുള്ളികൾ ചരൽ പോലെ അപ്പോഴും പതിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പതിനഞ്ച് മൈൽ അപ്പുറത്ത്, കുഖോളിൻ തന്റെ മോട്ടോർസൈക്കിളിൽ ക്ലാഡിയുടെ തെക്ക് ഭാഗത്തെ കൃഷിയിടങ്ങൾക്ക് നടുവിലെ മൺപാതയിലൂടെ അതിർത്തിയിൽ എത്തി ഐറിഷ് റിപ്പബ്ലിക്കിന്റെ സുരക്ഷിതത്വത്തിലേക്ക് കടന്നു.
പത്ത് മിനിറ്റ് കഴിഞ്ഞ് പാതയോരത്തെ ഒരു ടെലിഫോൺ ബൂത്തിനരികിൽ നിർത്തിയ അയാൾ ബെൽഫാസ്റ്റ് ടെലിഗ്രാഫിന്റെ നമ്പർ ഡയൽ ചെയ്തിട്ട് ന്യൂസ് ഡെസ്കിലേക്ക് കണക്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷം, പ്രൊവിഷണൽ IRA യ്ക്ക് വേണ്ടി ഹാൻസ് വൊയ്ഫ്ഗാങ്ങ് ബാമിനെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അറിയിച്ചു.
***
“അപ്പോൾ…” ഫെർഗൂസൺ പറഞ്ഞു. “ആ പാൽവണ്ടിയുടെ ഡ്രൈവർ കണ്ടു എന്ന് പറയുന്ന മോട്ടോർസൈക്കിളുകാരനായിരിക്കണം ഇതിന്റെ പിന്നിൽ…”
“അതെ… പക്ഷേ, കൂടുതൽ വിവരങ്ങളൊന്നുമില്ല…” ഫോക്സ് പറഞ്ഞു. “അയാളൊരു ക്രാഷ് ഹെൽമറ്റ് ആണ് ധരിച്ചിരുന്നതത്രെ…”
“ഈ കൊലപാതകത്തിലെ അസ്വാഭാവികതയാണ് എനിക്ക് മനസ്സിലാവാത്തത്…” ഫെർഗൂസൺ പറഞ്ഞു. “സകലരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നു ബാം… കത്തോലിക്കാ സമുദായം ഒന്നാകെ അദ്ദേഹത്തോടൊപ്പമായിരുന്നു… ആ ഫാക്ടറി കിൽഗാനണിൽ സ്ഥാപിക്കാനായി അദ്ദേഹത്തിന് സ്വന്തം ഡയറക്ടർ ബോർഡുമായി പോലും മല്ലിടേണ്ടി വന്നു… അവർ ഇനി ആ ഫാക്ടറി അടച്ചുപൂട്ടുവാനാണ് സാദ്ധ്യത… എന്നു വച്ചാൽ തൊഴിൽരഹിതരായ ആയിരത്തിലധികം കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും അന്യോന്യം വീണ്ടും പോരടിച്ചു തുടങ്ങുമെന്നർത്ഥം…”
“ഒരു കണക്കിന് അതു തന്നെയല്ലേ സർ, ഈ പ്രൊവിഷണൽ IRA ആഗ്രഹിക്കുന്നതും…?”
“എന്ന് എനിക്ക് തോന്നുന്നില്ല ഹാരീ… പ്രത്യേകിച്ചും ഈ സമയത്ത്… ഇത് എന്തോ ഒരു വൃത്തികെട്ട കളിയാണ്… കത്തോലിക്കാ സമുദായം അങ്ങേയറ്റം ബഹുമാനിക്കുന്ന, ഇത്രയും നല്ലൊരു മനുഷ്യന്റെ ഹീനമായ കൊലപാതകം… അത് IRA അനുഭാവികൾക്കിടയിൽ സ്വന്തം നേതൃത്വത്തെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കാനേ ഉതകൂ… അതാണ് എനിക്ക് മനസ്സിലാവാത്തതും… വല്ലാത്തൊരു മണ്ടത്തരമാണ് അവർ ചെയ്തത്…” ഫോക്സ് കൊണ്ടുവന്നു കൊടുത്ത ബാമിനെക്കുറിച്ചുള്ള ഫയലിൽ വിരൽ തട്ടിക്കൊണ്ട് ഫെർഗൂസൺ പറഞ്ഞു. ബാം രഹസ്യമായി മക്‌ഗിനസിനെ സന്ദർശിച്ചിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്… IRAയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തതാണ്… എന്തൊക്കെ പറഞ്ഞാലും മക്‌ഗിനസ് ഒരു ബുദ്ധിശാലി തന്നെയാണ്… അതീവബുദ്ധിശാലി… പക്ഷേ, ഈ സംഭവത്തിൽ…” അദ്ദേഹം തലയാട്ടി. “എന്തിന് അവർ ഇത് ചെയ്തുവെന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല…”
മേശപ്പുറത്തെ ചുവന്ന ഫോൺ റിങ്ങ് ചെയ്തു. അദ്ദേഹം റിസീവർ എടുത്തു. “ഫെർഗൂസൺ ഹിയർ…”
മറുവശത്തെ സ്വരം ശ്രദ്ധയോടെ ശ്രവിച്ചതിന് ശേഷം അദ്ദേഹം മറുപടി കൊടുത്തു. “വെരി വെൽ, മിനിസ്റ്റർ…” റിസീവർ ക്രാഡിലിൽ വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു. “നോർത്തേൺ അയർലണ്ടിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നുവത്, ഹാരീ… എന്നോട് ഉടൻ അവിടെ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നു… ലിസ്ബേണിലെ ആർമി ഇന്റലിജൻസുമായി ബന്ധപ്പെടൂ… ലഭിക്കാവുന്നത്രയും വിവരങ്ങൾ ശേഖരിക്കുക… അത് എന്തു തന്നെയായാലും… ഇപ്പോൾത്തന്നെ…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
കുഖോളിൻ പണി തുടങ്ങിയല്ലോ. എത്ര എളുപ്പമാണ് ഒരാളെ കൊല്ലാൻ അല്ലേ
ReplyDeleteഅന്ന് ഉക്രെയിനിൽ നിന്നും പരിശീലനം ലഭിച്ച് ഇരുപതാമത്തെ വയസ്സിൽ അയർലണ്ടിൽ എത്തിയ കുഖോളിന് ഇപ്പോൾ വയസ്സ് 43. കൊന്നും കൊല വിളിച്ചും അയാൾക്ക് അറപ്പ് മാറിയിരിക്കുന്നു...
Deleteമരണം അന്വേഷിച്ചു ചെന്ന് വാങ്ങിയ പോലായല്ലോ😔
ReplyDeleteഅതെ... ഭീകരപ്രവർത്തനങ്ങൾ ഒരുപാട് നല്ല മനുഷ്യരുടെയും നിരപരാധികളുടെയും ഒക്കെയാണ് ജീവനെടുക്കുന്നത്... കഷ്ടം എന്നല്ലാതെ എന്തു പറയാൻ...!
Deleteകുഖോളിൻ എത്ര നിസ്സാരമായാണ് ഒരു ജീവൻ എടുത്തത്. നല്ല വാക്ക് പറഞ്ഞ് സോറി പറഞ്ഞ് ഒരു കൊലപാതകം.
ReplyDeleteമനുഷ്യത്വം അന്യമായവർ ഭീകരപ്രവർത്തകർ...
Delete"ഇത് എന്തോ ഒരു വൃത്തികെട്ട കളിയാണ്.."
ReplyDeleteസംശയമില്ല!
ഒരു സംശയവും വേണ്ട... സംതിങ്ങ് ഫിഷി...
Delete"ആ തോക്ക് ചെറുതായി ഒന്ന് ചുമച്ചു. പിറകോട്ട് മറിഞ്ഞു വീണ ബാമിന്റെ തലച്ചോറും രക്തവും താഴെ പുൽപ്പടർപ്പിൽ ചിതറിത്തെറിച്ചു" എത്ര നിസാരമായിട്ടാണ്!!!
ReplyDeleteതികച്ചും നിർവ്വികാരനായി, ദയാരഹിതനായി, കുഖോളിൻ എന്ന കെല്ലി...
Deleteഅതന്നെ ..കെല്ലി കെല്ലി
ReplyDeleteഅതെ... ആ ദുഷ്ടൻ തന്നെ...
Delete