ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞതും അദ്ദേഹം തിരികെയെത്തി. തന്റെ കോട്ട് അഴിച്ച് വയ്ക്കുന്നതിനിടെ ഫോക്സ് മുറിയിലേക്ക് പ്രവേശിച്ചു.
“പെട്ടെന്ന് തന്നെ തിരിച്ചെത്തിയല്ലോ സർ…”
“ഷോർട്ട് ആന്റ് സ്വീറ്റ്… അദ്ദേഹം ഒട്ടും സന്തോഷവാനായിരുന്നില്ല ഹാരീ… പ്രധാനമന്ത്രിയും അതുപോലെ തന്നെ… ഷീ വാസ് ഗുഡ് ആന്റ് മാഡ്… എന്നു വച്ചാൽ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ…”
“മിസ്സിസ് താച്ചർ വാണ്ട്സ് റിസൽറ്റ്സ്, സർ…?”
“അതെ… പറ്റുമെങ്കിൽ ഇന്നലെത്തന്നെ, ഹാരീ… അൾസ്റ്ററിൽ ആകെപ്പാടെ പ്രശ്നങ്ങളാണ്… പ്രൊട്ടസ്റ്റന്റ് രാഷ്ട്രീയ പ്രവർത്തകർ നിരത്തിലിറങ്ങിയിരിക്കുകയാണ്… ഞങ്ങളിത് നേരത്തേ പറഞ്ഞിരുന്നതല്ലേ എന്ന പതിവ് പല്ലവിയുമായി പെയ്സ്‌ലി എരിതീയിൽ എണ്ണ ഒഴിക്കുന്നുണ്ട്… വെസ്റ്റ് ജർമ്മൻ ചാൻസലറാണെങ്കിൽ ഡൗണിങ്ങ് സ്ട്രീറ്റിലേക്ക് പുറപ്പെട്ടുകഴിഞ്ഞു… സത്യം പറയാമല്ലോ, കാര്യങ്ങൾ ഇതിലേറെ മോശമാവാനില്ല ഇനി…”
“എനിക്ക് അത്രയ്ക്കങ്ങ് ഉറപ്പില്ല സർ… ലിസ്ബേണിലെ ആർമി ഇന്റലിജൻസ് പറഞ്ഞത്, ഈ വിഷയത്തിൽ PIRA നേതൃത്വം തന്നെ അസ്വസ്ഥരാണെന്നാണ്… ഇതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അവർ ആണയിടുന്നത്…”
“പക്ഷേ, അവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണല്ലോ…”
“ഈയിടെയായി വളരെ കരുതലോടെയാണ് അവരുടെ നീക്കങ്ങൾ… നേതൃത്വനിരയിൽ അഴിച്ചുപണി നടന്നുവെങ്കിലും മക്‌ഗിനസ് തന്നെയാണ് ഇപ്പോഴും നോർത്തേൺ കമാൻഡിന്റെ ചീഫ്… ഈ കൊലപാതകത്തിൽ തന്റെ ആൾക്കാരുടെ പങ്ക് അദ്ദേഹം പൂർണ്ണമായും നിഷേധിക്കുന്നുവെന്നാണ് ഡബ്ലിനിൽ നിന്നും ലഭിച്ച വിവരം… മറിച്ച്, ഈ വാർത്തയറിഞ്ഞ് മറ്റാരെയും എന്ന പോലെ അദ്ദേഹവും കോപാകുലനാണത്രെ… അത്രമാത്രം സ്വീകാര്യനായിരുന്നു ബാം അദ്ദേഹത്തിന്…”
“INLA യെ സംശയിക്കുന്നുണ്ടോ നിങ്ങൾ…?”
കഴിഞ്ഞ കുറച്ചു നാളുകളായി ഐറിഷ് നാഷണൽ ലിബറേഷൻ ആർമി (INLA) ആണ് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ PIRA യെക്കാൾ മുന്നിട്ട് നിൽക്കുന്നത്.
“അല്ല എന്നാണ് ഇന്റലിജൻസ് പറയുന്നത്, സർ… INLA യുടെ തലപ്പത്തുള്ളവരുമായി അടുത്ത കണക്ഷൻ ഉള്ളവരുണ്ട് ഇന്റലിജൻസിൽ…”
ഫെർഗൂസൺ നെരിപ്പോടിന് മുകളിൽ കൈ ചൂടാക്കി. “അപ്പോൾ പിന്നെ മറുഭാഗമാണ് ഇതിന് ഉത്തരവാദികൾ എന്ന അഭിപ്രായമുണ്ടോ…? അൾസ്റ്ററിലെ UVF അല്ലെങ്കിൽ റെഡ് ഹാൻഡ് സംഘടനകൾ…?”
“ആ രണ്ട് സംഘടനകളുമായും ലിസ്ബേൺ ഇന്റലിജൻസിന് കണക്ഷനുകളുണ്ട്… പ്രൊട്ടസ്റ്റന്റ് സംഘടനകൾക്ക് ഒന്നും തന്നെ ഈ കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഇന്റലിജൻസ് പറയുന്നത്…”
“അത് അവർ ഔദ്യോഗികമായി പറയുന്നതല്ലേ…?”
“അതെ… മാത്രമല്ല, ഒരു സംഘടനയുമായും ഇതിന് ബന്ധമില്ലെന്നാണ് ഇന്റലിജൻസിന്റെ നിഗമനം… പിന്നെ ചിലരുണ്ട്… ഉദാഹരണത്തിന് കൗബോയ്സ്… ടെലിവിഷനിലെ പാതിരാപ്പടങ്ങൾ കണ്ട് വട്ടായിപ്പോയ ഏതെങ്കിലും ഭ്രാന്തൻ… ആരെയെങ്കിലും കൊന്നേ തീരൂ എന്ന ചിന്തയുമായി ഇറങ്ങിയ ഏതോ ഒരുവൻ…”
ഒരു ഷെറൂട്ടിന് തീ കൊളുത്തിയിട്ട് ഫെർഗൂസൺ കസേരയിൽ വന്ന് ഇരുന്നു. “അങ്ങനെ ഒരു സാദ്ധ്യതയുണ്ടെന്ന് ശരിക്കും നിങ്ങൾ വിശ്വസിക്കുന്നുവോ ഹാരീ…?”
“ഇല്ല സർ…” തികച്ചും ശാന്തതയോടെ ഫോക്സ് പറഞ്ഞു. “സാമാന്യബുദ്ധി കുറവുള്ള ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകർ ചോദിക്കാനിടയുള്ള എല്ലാ മണ്ടൻ ചോദ്യങ്ങളും താങ്കളുടെ മുന്നിൽ ഞാൻ അവതരിപ്പിച്ചെന്നേയുള്ളൂ…”
അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുകയായിരുന്ന ഫെർഗൂസൺ നെറ്റി ചുളിച്ചു. “നിങ്ങൾക്ക് ചിലതെല്ലാം അറിയാം, ശരിയല്ലേ ഹാരീ…?”
“കൃത്യമായി അറിയില്ല സർ… പക്ഷേ, ഒന്നുണ്ട്… സാമാന്യയുക്തിയ്ക്ക് ഒട്ടും നിരക്കാത്ത ഒന്ന്… ഒരു പക്ഷേ, താങ്കൾ തീർത്തും തള്ളിക്കളയാൻ സാദ്ധ്യതയുള്ള ഒന്ന്…”
“പറയൂ…”
“ഓൾറൈറ്റ് സർ… കൊലപാതകത്തിന്റെ ഉത്തരവാദിത്തം പ്രൊവിഷണൽസ് ഏറ്റെടുത്തു കൊണ്ട് ബെൽഫാസ്റ്റ് ടെലിഗ്രാഫിലേക്ക് വന്ന ഫോൺ കോൾ… പ്രൊവിഷണൽസിന്റെ പ്രതിച്ഛായക്ക് അത് കോട്ടം വരുത്തുമെന്നത് ഉറപ്പാണ്…”
“അതുകൊണ്ട്…?”
“ഈ കൊലപാതകത്തിന്റെ ഉദ്ദേശ്യം തന്നെ അതായിരുന്നുവെന്ന് നാം കരുതിയാൽ…?”
“ആ ഉദ്ദേശ്യത്തോടെ ഇത് ചെയ്തത് ഏതെങ്കിലുമൊരു പ്രൊട്ടസ്റ്റന്റ് സംഘടന ആയിരിക്കുമെന്ന് അർത്ഥം…”
“നിർബന്ധമില്ല… താങ്കൾ അനുവദിക്കുമെങ്കിൽ എന്റെ അനുമാനം പറയാം ഞാൻ… താങ്കൾ പോയ ഉടൻ തന്നെ ലിസ്ബേണിൽ നിന്നും സമ്പൂർണ്ണ റിപ്പോർട്ട് എനിക്ക് ലഭിച്ചിരുന്നു… ഒരു തികഞ്ഞ പ്രൊഫഷണലാണ് ഈ കൊലയാളി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല… നിർവ്വികാരനും ദാക്ഷിണ്യം തൊട്ടുതീണ്ടിയിട്ടില്ലാത്തവനും അതേ സമയം അങ്ങേയറ്റം കഴിവുള്ളവനുമായ ഒരാൾ… എന്നാൽ മുന്നിൽ കാണുന്നവരെയെല്ലാം വെറുതെയങ്ങ് കൊന്നു കളയുന്നവനല്ല താനും…”
“യെസ്… അക്കാര്യം ഞാനും ശ്രദ്ധിച്ചിരുന്നു… ആ പോസ്റ്റ്മാൻ ലിയറിയ്ക്ക് ഒരു ക്യാപ്‌സൂൾ നൽകിയിരുന്നു അയാൾ… കുറേ നേരത്തേക്ക് അബോധാവസ്ഥയിലാവാനുള്ള എന്തോ മരുന്ന്…”
“അതാണ് എന്നെ ചിന്തിപ്പിച്ചത്… ആ ഡാറ്റ ഞാൻ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു…” തന്റെ കൈയിലുണ്ടായിരുന്ന ഫയൽ അയാൾ തുറന്നു. “അതിന്റെ റിസൽട്ട് തികച്ചും അത്ഭുതപ്പെടുത്തുന്നതായിരുന്നു… ഈ ലിസ്റ്റിലെ ആദ്യ അഞ്ച് കൊലപാതകങ്ങളിലും സാക്ഷികളെ തോക്കിൻ മുനയിൽ നിർത്തി അത്തരമൊരു ക്യാപ്‌സൂൾ കഴിപ്പിച്ചിരുന്നു… 1975 ൽ ഒമാഗിലായിരുന്നു അത്തരത്തിലുള്ള ആദ്യ കൊലപാതകം…”
ആ ലിസ്റ്റ് വാങ്ങി പരിശോധിച്ചിട്ട് ഫെർഗൂസൺ തലയുയർത്തി. “പക്ഷേ, ഇതിൽ രണ്ടെണ്ണത്തിൽ കൊല്ലപ്പെട്ടവർ കത്തോലിക്കരായിരുന്നു… ഒരേ കില്ലർ ആണ് ഇതിനെല്ലാം പിന്നിൽ എന്ന നിങ്ങളുടെ വാദം ഞാൻ അംഗീകരിക്കുന്നു… പക്ഷേ, ബാമിന്റെ കൊലപാതകത്തിലൂടെ PIRA യുടെ പ്രതിച്ഛായ മോശമാക്കുകയാണ് അയാളുടെ ഉദ്ദേശ്യം എന്ന നിങ്ങളുടെ തിയറി അവിടെ പരാജയപ്പെടുന്നു…”
“വിരോധമില്ലെങ്കിൽ ഞാൻ ഇനി പറയാൻ പോകുന്നതും കൂടി ദയവു ചെയ്ത് കേൾക്കണം സർ… ഇതിൽ എല്ലാ കേസുകളിലും കില്ലറുടെ വിവരണം ഒരുപോലെ തന്നെയായിരുന്നു… ഇരുണ്ട നിറമുള്ള ഓവർകോട്ടും കറുത്ത മുഖംമൂടിയും… എല്ലായ്പ്പോഴും ഉപയോഗിച്ചിരുന്നത് PPK വാൾട്ടർ തോക്ക്… മൂന്ന് സന്ദർഭങ്ങളിലും കുറ്റകൃത്യം നടന്നയിടത്തു നിന്നും അയാൾ രക്ഷപെട്ടത് മോട്ടോർ സൈക്കിളിലാണ്…”
“തുടരൂ…”
“ആ വിവരങ്ങളെല്ലാം പ്രത്യേകം പ്രത്യേകമായി ഞാൻ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു സർ… മോട്ടോർസൈക്കിളും വാൾട്ടർ ഗണ്ണും ഉൾപ്പെട്ട എല്ലാ കൊലപാതകങ്ങളും കൊലയാളിയുടെ വിവരണം ക്രോസ് റെഫറൻസ് ആയി കൊടുത്തുകൊണ്ട് സെർച്ച് ചെയ്തു…”
“എന്നിട്ട് റിസൽറ്റ് ലഭിച്ചുവോ…?”
“ലഭിച്ചു സർ…” ഫോക്സ് അദ്ദേഹത്തിന് നേർക്ക് നീട്ടിയത് ഒന്നല്ല, രണ്ട് ഷീറ്റുകളായിരുന്നു. “1975ന് ശേഷം നടന്ന, ഏതാണ്ട് മുപ്പത് കൊലപാതകങ്ങളെങ്കിലും ആ ഗണത്തിൽ പെടുന്നതായിരുന്നു… കൂടാതെ മറ്റൊരു പത്തെണ്ണം കൂടി അത്തരത്തിലുള്ളതാവാൻ സാദ്ധ്യതയുണ്ടെന്നും…”
ഫെർഗൂസൺ ആ ലിസ്റ്റ് വാങ്ങി ഒന്ന് ഓടിച്ചു നോക്കി. “ഡിയർ ഗോഡ്…!” അദ്ദേഹം മന്ത്രിച്ചു. “ഇതിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്സും ഒരുപോലെ ഉൾപ്പെട്ടിട്ടുണ്ടല്ലോ… ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്…”
“ഇരകൾ ആരൊക്കെയായിരുന്നുവെന്ന് ശ്രദ്ധിച്ചാൽ താങ്കൾക്ക് മനസ്സിലാവും സർ… പ്രൊവിഷണൽസ് ഉത്തരവാദിത്തം ഏറ്റെടുത്ത കൊലപാതകങ്ങൾ എല്ലാം അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും വിധം വിപരീതഫലമാണ് ഉളവാക്കിയത്…”
“പ്രൊട്ടസ്റ്റന്റ് തീവ്രവാദ സംഘടനകൾ ഉൾപ്പെട്ട കൊലപാതകങ്ങളിലും അതുതന്നെയാണോ സംഭവിച്ചത്…?”
“അതെ സർ… എങ്കിലും പ്രൊവിഷണൽസ് ആയിരുന്നു മറ്റാരെക്കാളും മുൻപന്തിയിൽ… മറ്റൊന്ന്, കൊലപാതകങ്ങൾ നടന്ന തീയ്യതികൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും… രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം ഒന്നൊതുങ്ങി കാര്യങ്ങളെല്ലാം നേർവഴിക്ക് വന്നു തുടങ്ങുന്ന സമയത്താണ് ഈ കൊലകൾ നടക്കുന്നത്… എനിക്ക് തോന്നുന്നത്, 1972 ൽ ആയിരിക്കണം ഈ കില്ലർ ഉൾപ്പെട്ട ആദ്യ കൊലപാതകം നടക്കുന്നതെന്നാണ്… താങ്കൾക്കറിയാമല്ലോ, അന്നാണ് ഇവിടെ ലണ്ടനിൽ വച്ച് വില്യം വൈറ്റ്‌ലോയുമായി IRA യുടെ പ്രതിനിധികൾ രഹസ്യചർച്ചകൾ നടത്തിയത്…”
“ദാറ്റ്സ് റൈറ്റ്…” ഫെർഗൂസൺ പറഞ്ഞു. “ഇരുപക്ഷവും വെടിനിർത്തൽ പ്രഖ്യാപിച്ചതായിരുന്നു അന്ന്… സമാധാനത്തിന്റെ പാതയിലേക്കെത്താൻ എല്ലാ സാദ്ധ്യതകളുമുണ്ടായിരുന്നു…”
“പക്ഷേ, എല്ലാം തകർന്നത് പെട്ടെന്നായിരുന്നു… ബെൽഫാസ്റ്റിലെ ലെനാഡൂൺ എസ്റ്റേറ്റിൽ ആരോ പൊടുന്നനെ വെടിവെപ്പ് തുടങ്ങി… അശാന്തിയുടെ നാളുകൾ വീണ്ടും ആരംഭിച്ചു…”
ഫെർഗൂസൺ തന്റെ കൈയിലെ ലിസ്റ്റിലേക്ക് നോക്കിക്കൊണ്ട് നിർവ്വികാരനായി ഇരുന്നു. അല്പനേരത്തിന് ശേഷം അദ്ദേഹം തലയുയർത്തി. “അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത്, ഈ പ്രശ്നങ്ങളെല്ലാം എന്നും തിളച്ചു മറിഞ്ഞുകൊണ്ടിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഭ്രാന്തൻ എവിടെയോ ഇരിക്കുന്നുണ്ടെന്നാണോ…?”
“അതെ സർ… പക്ഷേ, അയാളൊരു ഭ്രാന്തനാണെന്ന് ഞാൻ കരുതുന്നില്ല… മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ ആശയങ്ങൾ പിന്തുടരുന്ന ഏതോ ഒരുവൻ… അരാജകത്വം, കലാപം, ഭീതി… നല്ല നിലയിൽ പോകുന്ന ഏതൊരു ഗവണ്മന്റിനെയും തകർക്കാൻ ഈ മൂന്ന് ഘടകങ്ങളും അത്യന്താപേക്ഷിതമാണ്…”
“ചുരുക്കത്തിൽ ഇതിന്റെയെല്ലാം പാപഭാരം IRA യുടെ ചുമലിൽ വന്നു ചേരുന്നു…”
“അതെ, പ്രൊട്ടസ്റ്റന്റുകൾ അവരുമായോ നമ്മുടെ ഗവണ്മന്റുമായോ ഏതെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയ ഉടമ്പടി ഒപ്പു വയ്ക്കാനുള്ള നേരിയ സാദ്ധ്യത പോലും മങ്ങുന്നു…”
“അത് മാത്രമല്ല, ഈ പോരാട്ടവും അശാന്തിയും ഒരിക്കലും അവസാനിക്കരുതെന്ന് ഈ വ്യക്തി ഉറപ്പു വരുത്തുന്നു… അങ്ങനെ, പ്രശ്നപരിഹാരത്തിനുള്ള വാതിൽ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കുന്നു…” ഫെർഗൂസൺ പതുക്കെ തലകുലുക്കി. “ആൻ ഇന്ററസ്റ്റിങ്ങ് തിയറി, ഹാരീ… ആന്റ് യൂ ബിലീവ് ഇറ്റ്…?” അദ്ദേഹം തലയുയർത്തി.
ഫോക്സ് ചുമൽ വെട്ടിച്ചു. “വസ്തുതകൾ എല്ലാം തന്നെ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നു… നമ്മൾ ഒരിക്കലും ശരിയായ ചോദ്യങ്ങൾ ചോദിച്ചില്ലെന്ന് മാത്രം… ചോദിച്ചിരുന്നുവെങ്കിൽ എന്നേ ഇതെല്ലാം പുറത്തു വന്നേനെ… ഉത്തരങ്ങളെല്ലാം തന്നെ വളരെക്കാലമായി അവിടെയുണ്ടായിരുന്നു സർ…”
“യെസ്… നിങ്ങളുടെ നിഗമനങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നുന്നു…” ഫെർഗൂസൺ ആലോചനാ നിമഗ്നനായി അല്പനേരം അവിടെത്തന്നെ ഇരുന്നു.
തികച്ചും ശാന്തതയോടെ ഫോക്സ് തുടർന്നു. “അങ്ങനെയൊരാൾ ഉണ്ട് സർ… അതൊരു വസ്തുതയാണ്… എനിക്കത് ഉറപ്പാണ്… മറ്റൊരു കാര്യം കൂടി… അത് പറയാനാണെങ്കിൽ കുറെയുണ്ട്…”
“ഓൾറൈറ്റ്… ഇനി അതായിട്ട് ബാക്കി വയ്ക്കണ്ട…”
ഫോക്സ് തന്റെ ഫയലിൽ നിന്നും മറ്റൊരു ഷീറ്റ് പുറത്തെടുത്തു. “കഴിഞ്ഞ വാരത്തിന് മുമ്പ് താങ്കൾ വാഷിങ്ടണിൽ ആയിരുന്ന സമയത്ത് ടോണി വില്ലേഴ്സ് ഒമാനിൽ നിന്നും തിരിച്ചെത്തി…”
“യെസ്… അദ്ദേഹം അവിടെ നടത്തിയ സാഹസിക കൃത്യങ്ങളെക്കുറിച്ച് ഞാനും ചിലതെല്ലാം കേട്ടു…”
“റഷ്യയിൽ നിന്നും കൂറുമാറി ഇവിടെ രാഷ്ട്രീയാഭയം തേടിയിരിക്കുന്ന വിക്ടർ ലെവിൻ എന്നൊരു ജൂതവംശജനും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്… അയാൾ വെളിപ്പെടുത്തിയ അമ്പരപ്പിക്കുന്ന ഒരു ഇൻഫർമേഷൻ മേജർ വില്ലേഴ്സിന്റെ റിപ്പോർട്ടിൽ കാണാനാകും… ഉക്രെയിനിലുള്ള അസാധാരണമായ ഒരു KGB ട്രെയിനിങ്ങ് സെന്ററിനെക്കുറിച്ച്…”
നെരിപ്പോടിനരികിൽ ചെന്ന് അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. എന്നിട്ട് ഫെർഗൂസൺ ആ ഫയൽ വായിച്ചു തീരുന്നതും കാത്തു നിന്നു. അല്പനേരം കഴിഞ്ഞ് ഫെർഗൂസൺ തലയുയർത്തി. “ടോണി വില്ലേഴ്സ് ഇപ്പോൾ ഫാക്‌ലണ്ടിലാണുള്ളതെന്ന കാര്യം നിങ്ങൾക്കറിയാമോ…?”
“യെസ് സർ… ശത്രുനിരയ്ക്ക് പിന്നിൽ SAS ന് വേണ്ടി പ്രവർത്തിക്കുന്നു…”
“ഈ ലെവിൻ എന്ന് പറയുന്നയാൾ ഇപ്പോൾ എവിടെയാണ്…?”
“അതിവിദഗ്ദ്ധനായ ഒരു എഞ്ചിനീയറാണ് സർ… ഓക്സ്ഫഡിലെ ഒരു കോളേജിൽ അയാൾക്ക് നമ്മൾ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്… ഹാംപ്‌സ്റ്റഡിലുള്ള ഒരു വീട്ടിൽ സുരക്ഷിതനായി കഴിയുകയാണ് ഇപ്പോൾ… അയാളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാനായി ഞാൻ ആളെ അയച്ചിട്ടുണ്ട് സർ…”
“അത് നന്നായി ഹാരീ… നിങ്ങളില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു ഞാൻ…!”
“ഭംഗിയായിത്തന്നെ കാര്യങ്ങൾ നടത്തുമായിരുന്നുവെന്ന് ഞാൻ പറയും സർ… ആഹ്, പിന്നെ, മറ്റൊരു കാര്യം… ആ റിപ്പോർട്ടിൽ പറയുന്ന പോൾ ചെർണി എന്ന സൈക്കോളജിസ്റ്റ്… 1975 ൽ അയാളും കൂറുമാറി…”
“വാട്ട്…! ഇംഗ്ലണ്ടിലേക്കോ…?” ഫെർഗൂസൺ അത്ഭുതപ്പെട്ടു.
“അല്ല സർ… അയർലണ്ടിലേക്ക്… ആ വർഷം ജൂലൈയിൽ ഒരു ഇന്റർനാഷണൽ കോൺഫറൻസിനായി എത്തിയ അയാൾ രാഷ്ട്രീയാഭയം തേടി… ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ എക്സ്പെരിമെന്റൽ സൈക്കോളജിയിൽ പ്രൊഫസറാണ് അദ്ദേഹം ഇപ്പോൾ…”
***
വിക്ടർ ലെവിൻ തികച്ചും ആരോഗ്യവാനായിത്തന്നെ കാണപ്പെട്ടു. യെമനിലെ തീക്ഷ്ണമായ വെയിലേറ്റതിന്റെ തവിട്ടുനിറം ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിൽ കാണാം. ഒരു വെളുത്ത ഷർട്ടും ഗ്രേ നിറത്തിലുള്ള സ്യൂട്ടും നീല ടൈയുമാണ് ധരിച്ചിരിക്കുന്നത്. കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട അദ്ദേഹത്തിന്റെ മുഖത്തിന് പുതിയൊരു ഭാവം നൽകി. ഫെർഗൂസന്റെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞുകൊണ്ടിരുന്നു.
സംഭാഷണത്തിനിടയിലെ ചെറിയൊരു ഇടവേളയിൽ അദ്ദേഹം ചോദിച്ചു. “കെല്ലി അഥവാ കുഖോളിൻ എന്ന കോഡ്നെയിമിൽ അറിയപ്പെടുന്ന ആ മനുഷ്യൻ ഇപ്പോഴും അയർലണ്ടിൽ പ്രവർത്തനനിരതനാണെന്ന് നിങ്ങൾ ശരിയ്ക്കും വിശ്വസിക്കുന്നുണ്ടോ…? കാരണം, അന്നത്തെ ആ സംഭവത്തിന് ശേഷം ഇരുപത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…”
“പക്ഷേ, അതു തന്നെയായിരുന്നില്ലേ അവരുടെ ആശയവും…?” ഫോക്സ് ചോദിച്ചു. “ഒളിവിലിരുന്നു പ്രവർത്തിക്കുന്ന സ്ലീപ്പർസെൽ… അയർലണ്ട് അശാന്തമാകുമ്പോൾ പുറത്ത് വരാൻ തക്കം നോക്കിയിരിക്കുന്നവൻ… ഒരു പക്ഷേ, ഈ അശാന്തിയ്ക്ക് കാരണം തന്നെ അയാളായിരിക്കാം…”
“അയാളുടെ ആൾക്കാരല്ലാതെ അയാളെ തിരിച്ചറിയാൻ കഴിയുന്ന ഏക വ്യക്തി ഒരു പക്ഷേ നിങ്ങളായിരിക്കും… അതുകൊണ്ട് തന്നെ, കുറച്ച് ഫോട്ടോകൾ ഞങ്ങൾ കാണിക്കാം… കുറച്ചല്ല, കുറേയേറെ…” ഫെർഗൂസൺ പറഞ്ഞു.
“ഞാൻ പറഞ്ഞല്ലോ… തിരിച്ചറിയാൻ പറ്റുമോയെന്നറിയില്ല… വർഷങ്ങൾ ഏറെയായിരിക്കുന്നു…” ലെവിൻ പറഞ്ഞു.
“എങ്കിലും അയാളുടേതായ ചില പ്രത്യേകതകളൊക്കെയുണ്ടായിരുന്നല്ലോ… അതിനൊന്നും മാറ്റം വരാൻ സാദ്ധ്യതയില്ലല്ലോ…” ഫോക്സ് അഭിപ്രായപ്പെട്ടു.
“അത് ശരിയാണ്… ഒരാളെ കൊല്ലുന്ന സമയത്ത് ചെകുത്താന്റെ മുഖമാണയാൾക്ക്… പിന്നെ, അയാളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന ഏകവ്യക്തിയാണ് ഞാനെന്ന് നിങ്ങൾ പറഞ്ഞത് അത്രയ്ക്കങ്ങ് ശരിയല്ല… ദേർ ഈസ് താന്യാ… താന്യാ വൊറോണിനോവ…”
“അന്നത്തെ ആ കൊച്ചു പെൺകുട്ടി… അവളുടെ പിതാവാണ് അന്ന് പോലീസ് ഇൻസ്പെക്ടർ ആയി അഭിനയിച്ചതും കെല്ലി വെടിവെച്ചു കൊന്നതും, സർ…” ഫോക്സ് വിശദീകരിച്ചു.
“ഇപ്പോഴവൾ കൊച്ചു കുട്ടിയൊന്നുമല്ല… മുപ്പതു വയസ്സുള്ള സുന്ദരിയായ ഒരു യുവതി… അവൾ പിയാനോ വായിക്കുന്നത് ഒന്ന് കേൾക്കേണ്ടതു തന്നെയാണ്…” ലെവിൻ അവരോട് പറഞ്ഞു.
“എത്ര കാലമായി നിങ്ങൾ തമ്മിൽ കണ്ടിട്ട്…?” ഫെർഗൂസൺ ചോദിച്ചു.
“മിക്കപ്പോഴും ഞാൻ കാണാറുണ്ടായിരുന്നു… ഞാൻ വിശദമാക്കാം… റഷ്യയിൽ നിന്നും കൂറുമാറുവാൻ ശ്രമിച്ചതിനായിരുന്നല്ലോ എന്നെ തടവുശിക്ഷയ്ക്ക് വിധിച്ച് ഡ്രമോറിൽ കൊണ്ടുവന്നത്… വീണ്ടും ഒരു ശ്രമം നടത്താതിരിക്കാൻ വേണ്ടി ശിക്ഷ കഴിഞ്ഞ് അവരെന്നെ മോസ്കോയിലേക്ക് കൊണ്ടുപോയി… അവിടെ യൂണിവേഴ്സിറ്റി ഓഫ് മോസ്കോയിൽ ഒരു ജോലി ഏർപ്പാടാക്കിത്തന്നു… അന്നത്തെ ആ സംഭവത്തിന് ശേഷം KGB കേണൽ മസ്‌ലോവ്സ്കി താന്യയെ ദത്തെടുത്ത് മോസ്കോയിലേക്ക് കൊണ്ടുപോയിരുന്നു… അദ്ദേഹത്തിന്റെ പത്നി സ്വന്തം മകളെപ്പോലെയാണ് അവളെ നോക്കിവളർത്തിയത്…”
“അദ്ദേഹം ഇപ്പോൾ ഒരു ജനറൽ ആണ്, സർ…” ഫോക്സ് പറഞ്ഞു.
“പിയാനോ വായിക്കുന്നതിൽ അസാമാന്യ കഴിവായിരുന്നു അവൾ പ്രകടിപ്പിച്ചത്… ഇരുപതാം വയസ്സിൽ മോസ്കോയിൽ വച്ചു നടന്ന ചെക്കോവ്സ്കി പിയാനോ മത്സരത്തിൽ അവൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി…”
“ഒരു മിനിറ്റ്…” ഫെർഗൂസൺ പറഞ്ഞു. ക്ലാസിക്കൽ സംഗീതം എന്നും അദ്ദേഹത്തിനൊരു ദൗർബല്യമായിരുന്നു. “താന്യാ വൊറോണിനോവ… കൺസെർട്ട് പിയാനിസ്റ്റ്… രണ്ട് വർഷം മുമ്പ് ലീഡ്സ് പിയാനോ ഫെസ്റ്റിവലിൽ ഗംഭീര പ്രകടനം കാഴ്ച്ച വച്ച ആ യുവതിയല്ലേ…?”
“ദാറ്റ്സ് റൈറ്റ്… മിസ്സിസ് മസ്‌ലോവ്സ്കി കഴിഞ്ഞ മാസമാണ് മരണമടഞ്ഞത്… അതിന് ശേഷം അധികസമയവും സംഗീത പരിപാടികളുമായി വിദേശ യാത്രയിലാണ് അവൾ… വളർത്തച്ഛൻ ഒരു KGB ജനറൽ ആയതുകൊണ്ട് അതിൽ അല്പം റിസ്കും ഉണ്ടെന്ന് കൂട്ടിക്കോളൂ…”
“ഈ അടുത്തയിടെയെങ്ങാനും നിങ്ങൾ അവളെ കണ്ടിരുന്നുവോ…?”
“ആറു മാസം മുമ്പ്…”
“ഡ്രമോറിൽ അന്ന് നടന്ന ആ സംഭവത്തെക്കുറിച്ച് അവൾ നിങ്ങളോട് സംസാരിച്ചുവോ…?”
“ഓ, യെസ്… വളരെ ബുദ്ധിമതിയായ ഒരു യുവതിയാണവൾ… പക്വമതിയും… എങ്കിലും അന്നത്തെ ആ സംഭവത്തോടനുബന്ധിച്ച ഒരു വസ്തുത ഇപ്പോഴും അവളെ വേട്ടയാടുന്നു… എത്ര മറക്കാൻ ശ്രമിച്ചാലും അതു തന്നെ മനസ്സിൽ തികട്ടി വരുന്നുവത്രെ… അതെന്താണെന്ന് ഞാനൊരിക്കൽ ചോദിച്ചിരുന്നു…”
“എന്നിട്ടവൾ എന്തു പറഞ്ഞു…?”
“അത് കെല്ലി ആയിരുന്നുവെന്ന്… തന്നോട് അങ്ങേയറ്റം ദയാപൂർവ്വം പെരുമാറിയ അയാൾ തന്നെയാണ് തന്റെ പിതാവിനെ വകവരുത്തിയതെന്ന യാഥാർത്ഥ്യം അവൾക്കിനിയും ഉൾക്കൊള്ളാനാവുന്നില്ലെന്ന്… പലപ്പോഴും അയാൾ അവളുടെ സ്വപ്നത്തിൽ അതിക്രമിച്ചു കയറാറുണ്ടത്രെ…”
“എന്തായാലും അവൾ ഇപ്പോൾ റഷ്യയിലല്ലേ… നമുക്കെന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല…” ഫെർഗൂസൺ എഴുന്നേറ്റു. “മിസ്റ്റർ ലെവിൻ, കുറച്ചു നേരത്തേക്ക് പുറത്ത് വെയ്റ്റ് ചെയ്യുന്നതിൽ വിരോധമുണ്ടോ…?”
ഫോക്സ് തുറന്നു കൊടുത്ത വാതിലിലൂടെ ലെവിൻ സ്റ്റഡിറൂമിലേക്ക് പോയി. “എ നൈസ് മാൻ… ഐ ലൈക്ക് ഹിം…” ഫെർഗൂസൺ പറഞ്ഞു.
ജാലകത്തിനരികിലേക്ക് ചെന്ന് അദ്ദേഹം താഴെ ചത്വരത്തിലേക്ക് നോക്കി. അല്പം കഴിഞ്ഞ് ഫെർഗൂസൺ പറഞ്ഞു. “കിട്ടാവുന്നത്രയും വിവരങ്ങൾ നമുക്ക് അദ്ദേഹത്തിൽ നിന്ന് ഊറ്റിയെടുക്കണം ഹാരീ… ഇത്രയും നിർണ്ണായകമായ ഒരു കേസ് നമ്മൾ ഇതിന് മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല…”
“ശരിയാണ് സർ…”
“മറ്റൊന്ന്… ഈ കുഖോളിനെ വെളിച്ചത്ത് കൊണ്ടുവരിക എന്നത് നമ്മളെപ്പോലെ തന്നെ IRA യുടെയും ആവശ്യമായി മാറിയിട്ടുണ്ടാവണം…”
“യെസ് സർ… എന്റെ മനസ്സിലും അങ്ങനെ ഒരു ചിന്ത പോയിരുന്നു…”
“ആ രീതിയിൽ അവർ ഇതിനെ നോക്കിക്കാണുമെന്ന് തോന്നുന്നുണ്ടോ…? എന്താണ് നിങ്ങളുടെ അഭിപ്രായം…?”
“മിക്കവാറും, സർ…” ഫെർഗൂസന്റെ അടുത്ത വാചകം എന്തായിരിക്കും എന്ന് ഊഹിച്ച ഫോക്സിന്റെ മനസ്സിൽ ആവേശം തിരതല്ലി.
“ഓൾറൈറ്റ്…” ഫെർഗൂസൺ പറഞ്ഞു. “കഴിഞ്ഞ തവണ അയർലണ്ടിൽ വച്ചാണ് നിങ്ങളുടെ ഒരു കൈ നഷ്ടപ്പെട്ടത്… ഇനിയും ഒരു റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാണോ ഹാരീ…?”
“താങ്കൾ ആവശ്യപ്പെട്ടാൽ തീർച്ചയായും സർ…”
“ഗുഡ്… ഇത്തവണയെങ്കിലും അവർ അല്പം വിവേകം കാണിക്കുമെന്ന് കരുതാം നമുക്ക്… നിങ്ങൾ ഡബ്ലിനിലേക്ക് പോകണം… PIRA കൗൺസിലുമായോ അല്ലെങ്കിൽ അവർ അയയ്ക്കുന്ന പ്രതിനിധിയുമായോ സന്ധിക്കണം… അതിനുള്ള ഏർപ്പാടുകളെല്ലാം ഞാൻ ചെയ്യാം… പതിവ് പോലെ വെസ്റ്റ്ബേണിൽ തങ്ങുക… ഇന്ന് തന്നെ പുറപ്പെടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്, ഹാരീ… ഞാൻ ലെവിന്റെ അടുത്തേക്ക് ചെല്ലട്ടെ…”
“റൈറ്റ്, സർ…” തികച്ചും ശാന്തതയോടെ ഫോക്സ് പറഞ്ഞു. “എന്നാൽ ഞാൻ ഇറങ്ങുന്നു… കാര്യങ്ങൾ ഓരോന്ന് നീക്കിത്തുടങ്ങട്ടെ…” അദ്ദേഹം പുറത്തേക്ക് നടന്നു.
ഫെർഗൂസൺ വീണ്ടും ജാലകത്തിനരികിൽ ചെന്ന് പുറത്തേക്ക് നോക്കി. മഴ കോരിച്ചൊരിയുന്നു. ബ്രിട്ടീഷ് ഇന്റലിജൻസും IRA യും ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന ആശയം വിചിത്രം തന്നെ… എങ്കിലും, ഇത്തവണ അതിനൊരു അർത്ഥമുണ്ട്… പക്ഷേ, ഡബ്ലിനിലുള്ള ആ ഭ്രാന്തന്മാർ ആ രീതിയിൽ അതിനെ കാണുമോ എന്നത് മാത്രമാണ് ഏക സംശയം…
പിന്നിൽ, സ്റ്റഡീറൂമിന്റെ ഡോർ തുറന്ന് ലെവിൻ പ്രത്യക്ഷപ്പെട്ടു. ക്ഷമാപൂർവ്വം അദ്ദേഹം മുരടനക്കി. “ബ്രിഗേഡിയർ, ഇനിയും എന്റെ ആവശ്യമുണ്ടോ…?”
“തീർച്ചയായും പ്രിയസുഹൃത്തേ…” ചാൾസ് ഫെർഗൂസൺ പറഞ്ഞു. “ഞാൻ നിങ്ങളെ എന്റെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോകുകയാണ്… ഫോട്ടോസ്… ധാരാളം ഫോട്ടോസ് ഉണ്ട്…” അദ്ദേഹം തന്റെ കോട്ടും ഹാറ്റും എടുത്ത് വാതിൽ തുറന്ന് ലെവിനെയും കൊണ്ട് പുറത്തു കടന്നു. “ആർക്കറിയാം… ചിലപ്പോൾ നിങ്ങളായിരിക്കും നമ്മുടെ കക്ഷിയെ തിരിച്ചറിയാൻ പോകുന്നത്…”
അങ്ങനെ പറഞ്ഞുവെങ്കിലും അദ്ദേഹത്തിന് തന്നെ ഒട്ടും ഉറപ്പുണ്ടായിരുന്നില്ല അക്കാര്യത്തിൽ. അതിനാൽ തന്നെ, ലിഫ്റ്റ് വഴി താഴേക്ക് പോകവെ തന്റെ സംശയം ലെവിനിൽ നിന്നും അദ്ദേഹം മറച്ചു വച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
സാമാന്യബുദ്ധി കുറവുള്ള മാപ്രകൾ ആക്കാലത്തും ഉണ്ടായിരുന്നല്ലേ 😄
ReplyDeleteഎനിക്കും ഒരു അത്ഭുതമായിരുന്നു ആ അറിവ്... ഇവരൊക്കെ എന്താ ഇങ്ങനെ...? 😛
Deleteഇപ്രാവശ്യം വായിക്കാൻ നിറയേ ഉണ്ടല്ലോ 😊
ReplyDeleteഅതെ സുചിത്രാജീ... ഒരു ചാപ്റ്റർ അങ്ങ് തീർത്തേക്കാമെന്ന് വച്ചു...
Deleteകുഖോളിൻ ഇനി ആരെയാണാവോ കണ്ണ് വച്ചിരിക്കുന്നത്
ReplyDeleteഇംഗ്ലണ്ട് സന്ദർശിക്കാനെത്തുന്ന പോപ്പിനെ...
Deleteകൊള്ളാല്ലോ... കൊലപാതകങ്ങളുടെ പരമ്പര തന്നെ ഉണ്ടല്ലേ
ReplyDeleteഅതെ... ഉക്രെയിനിലെ ട്രെയിനിങ്ങ് കഴിഞ്ഞ് അയർലണ്ടിൽ എത്തി പുള്ളിയങ്ങ് തുടങ്ങി വച്ചു...
Deleteഅറിയാതെ രണ്ട് ലക്കം ഒരുമിച്ച് പബ്ലിഷ് ചെയ്തതാണോ ;-)
ReplyDeleteരണ്ടാമത്തെ പോർഷൻ ഒരു ലക്കമാക്കാൻ ഇല്ല... അതോടു കൂടി ഈ അദ്ധ്യായം അവസാനിക്കുകയുമാണ്... എന്നാൽ പിന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു... 😛
Deleteഅശാന്തമാകുമ്പോൾ പുറത്ത് വരാൻ തക്കം നോക്കിയിരിക്കുന്നവൻ.. കുഖോളിൻ
ReplyDeleteഅതെ... പക്ഷേ, IRA യുടെ നിയന്ത്രണത്തിൽ നിന്നും കൈവിട്ടു പോയിരിക്കുകയാണ് അയാൾ... അതാണ് ഏറ്റവും വലിയ പ്രശ്നം...
Deleteഈ നോവൽ തുടങ്ങിയിട്ട് പതിനൊന്ന് ലക്കം ആവുന്നു... എന്നിട്ടും ഒരാളെ മാത്രം കണ്ടില്ലല്ലോ... നമ്മുടെ പ്രിയങ്കരനായ ഉണ്ടാപ്രിയെ... ഡെവ്‌ലിൻ രംഗപ്രവേശം ചെയ്യുമ്പോഴെങ്കിലും പ്രത്യക്ഷപ്പെടുമായിരിക്കും അല്ലേ... റിയലി മിസ്സ് ഹിസ് കമന്റ്സ്... 😓
ReplyDelete🥺
Deleteവരാൻ ഒത്തിരി വൈകി വിനുവേട്ടാ
Deleteമാപ്പു നൽകൂ മഹാമതേ..
ഓ.. ടോണിയും ലെവിനും പിന്നേ പോൾ ചെർണിയും താന്യയും
പത്തിരുപതു കൊല്ലം കെല്ലി വിളയാടിയിട്ടു ഇപ്പോഴാണ് കുറച്ചൊക്കെ വിവരം കിട്ടുന്നത് .. എന്തോന്നെടേയ്
വരാൻ വൈകിയാലും ആടിത്തിമിർത്താണല്ലോ വരവ്... ക്ഷമിച്ചിരിക്കുന്നു...
Delete