Thursday, May 18, 2023

കൺഫെഷണൽ – 12

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 3

 

ഡബ്ലിനിൽ മഴ കോരിച്ചൊരിയുകയാണ്. എയർപോർട്ടിൽ നിന്നും ഹാരി ഫോക്സ് പിടിച്ച ടാക്സി ലിഫീ നദിയോരത്തെ പാതയിലൂടെ നീങ്ങവെ ചാരനിറമുള്ള ഒരു ആവരണത്തിനുള്ളിലൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നി അദ്ദേഹത്തിന്. ജോർജ്ജസ് ബോട്ട് ജെട്ടിയിൽ നിന്നും അധികമകലെയല്ലാത്ത ഒരു ചെറിയ തെരുവിലേക്ക് തിരിഞ്ഞ് ഡ്രൈവർ അദ്ദേഹത്തെ വെസ്റ്റ്ബേൺ ഹോട്ടലിന് മുന്നിൽ എത്തിച്ചു.

 

ഒരു ബാർ റെസ്റ്റോറന്റ് മാത്രമുള്ള പഴയ ഫാഷനിലുള്ള ഒരു ഇടത്തരം ഹോട്ടലാണ് വെസ്റ്റ്ബേൺ. ജോർജ്ജിയൻ ശൈലിയിലുള്ള നിർമ്മിതി ആയിരുന്നതിനാൽ പുതുക്കി പണിയാൻ അനുവാദമില്ലാത്ത കെട്ടിടങ്ങളുടെ ലിസ്റ്റിലായിരുന്നു അതിന്റെ സ്ഥാനം. എങ്കിലും അതിന്റെ ഉൾഭാഗമെല്ലാം ജോർജ്ജിയൻ കാലഘട്ടത്തിലേത് പോലെ ഭംഗിയായി പുനർനിർമ്മിച്ചിരുന്നു. അവിടെ താമസിക്കാൻ എത്തിയിരുന്നവരിൽ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിൽ നിന്നും ഏതാനും ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന ഇടത്തരം വ്യക്തികളായിരുന്നു. ചാൾസ് ഹണ്ട് എന്ന പേരിൽ ഒരു വൈൻ ഹോൾസെയ്‌ൽ ഡിസ്ട്രിബ്യൂട്ടറുടെ വേഷത്തിൽ ഹാരി ഫോക്സ് ഇതിനു മുമ്പ് പലവട്ടം അവിടെ താമസിച്ചിട്ടുണ്ട്. വൈൻ നിർമ്മാണ മേഖലയിലെ അവഗാഹം തന്റെ യഥാർത്ഥ തൊഴിൽ ഗോപ്യമാക്കി വയ്ക്കുന്നതിൽ അദ്ദേഹത്തെ അങ്ങേയറ്റം സഹായിച്ചു.

 

കറുത്ത സ്യൂട്ട് ധരിച്ച ചെറുപ്പക്കാരിയായ റിസപ്ഷനിസ്റ്റ് അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. “നൈസ് റ്റു സീ യൂ എഗെയ്‌ൻ, മിസ്റ്റർ ഹണ്ട് ഫസ്റ്റ് ഫ്ലോറിലുള്ള റൂം നമ്പർ 3 താങ്കൾക്ക് വേണ്ടി ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട് താങ്കൾ ആ മുറിയിൽ ഇതിന് മുമ്പ് താമസിച്ചിട്ടുള്ളതാണ്

 

“ഫൈൻ” ഫോക്സ് പറഞ്ഞു. “എന്തെങ്കിലും സന്ദേശങ്ങൾ വന്നിട്ടുണ്ടോ എനിക്ക്?”

 

“ഇല്ല സർ എത്ര ദിവസമുണ്ടാകും താങ്കൾ ഇവിടെ?”

 

“ഒരു രാത്രി ഏറിയാൽ രണ്ട് ഞാൻ അറിയിക്കാം

 

ഹോട്ടലിലെ പോർട്ടർ ഒരു പ്രായം ചെന്ന മനുഷ്യനായിരുന്നു. നരച്ച മുടി. വിഷാദം നിഴലിക്കുന്ന ചുക്കിച്ചുളിഞ്ഞ ആ മുഖം ശ്രദ്ധിച്ചാൽ സകല മോഹങ്ങളിൽ നിന്നും മുക്തി നേടിയ ഒരാളാണെന്ന് തോന്നും. അളവിലും വളരെ വലുതാണ് അയാൾ ധരിച്ചിരിക്കുന്ന പച്ച നിറമുള്ള യൂണിഫോം. അയാൾ വന്ന് തന്റെ ബാഗുകൾ എടുത്തപ്പോൾ പതിവ് പോലെ ഫോക്സിന് വല്ലായ്മ തോന്നി.

 

“ഹൗ ആർ യൂ മിസ്റ്റർ റയാൻ?” ചെറിയ ലിഫ്റ്റ് വഴി മുകളിലേക്ക് പോകവെ അദ്ദേഹം സുഖവിവരം ആരാഞ്ഞു.

 

“ഫൈൻ സർ നന്ദി അടുത്ത മാസം ഞാൻ റിട്ടയർ ചെയ്യുകയാണ് അവരെന്നെ വിരമിക്കാൻ നിർബന്ധിക്കുന്നു

 

ലിഫ്റ്റിൽ നിന്നും ഇറങ്ങി ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങവെ ഫോക്സ് പറഞ്ഞു. “അത് കഷ്ടം തന്നെ വെസ്റ്റ്ബേൺ വിട്ടുപോകുന്നതിൽ വിഷമമുണ്ടാകും അല്ലേ?”   

 

“തീർച്ചയായും സർ മുപ്പത്തിയെട്ട് വർഷങ്ങൾ” റൂമിന്റെ ഡോർ തുറന്ന് അയാൾ ഫോക്സിനെ ഉള്ളിലേക്ക് ആനയിച്ചു. “എന്തു ചെയ്യാം എന്നെങ്കിലും ഒരു നാൾ നാം എല്ലാവരും വിരമിച്ചല്ലേ പറ്റൂ

 

തരക്കേടില്ലാത്ത റൂം. പച്ചനിറമുള്ള വാൾപേപ്പർ ഒട്ടിച്ച് മനോഹരമാക്കിയിരിക്കുന്നു. സിംഗിൾ കോട്ട്. ചുമരിനോട് ചേർന്ന് നെരിപ്പോട്. മഹാഗണിയിൽ തീർത്ത ജോർജ്ജിയൻ ശൈലിയിലുള്ള ഫർണീച്ചർ. ബാഗ് കട്ടിലിൽ വച്ചിട്ട് റയാൻ കർട്ടൻ ഇരുവശത്തേക്കും വകഞ്ഞു മാറ്റി.

 

“കഴിഞ്ഞ തവണ താങ്കൾ വന്ന് പോയതിന് ശേഷം ബാത്ത്റൂം പുതുക്കി പണിതു സർ ഇപ്പോൾ ഭംഗിയായിട്ടുണ്ട് ചായ എടുക്കട്ടെ ഞാൻ?”

 

“ഇപ്പോൾ വേണ്ട മിസ്റ്റർ റയാൻ” വാലറ്റിൽ നിന്നും അഞ്ചു പൗണ്ടിന്റെ ഒരു നോട്ട് എടുത്ത് ഫോക്സ് അയാൾക്ക് നൽകി. “എന്തെങ്കിലും മെസ്സേജ് എനിക്ക് വരികയാണെങ്കിൽ ഉടൻ എന്നെ അറിയിക്കണം റൂമിൽ കണ്ടില്ലെങ്കിൽ ബാറിൽ ഉണ്ടാകും ഞാൻ

 

ഒരു നിമിഷം ആ വൃദ്ധന്റെ കണ്ണുകൾ തിളങ്ങി. എന്തോ നിഗൂഢത ഒളിപ്പിച്ചു വച്ചത് പോലെ തോന്നിച്ച ആ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. “തീർച്ചയായും സർ ഞാൻ ഏറ്റു അക്കാര്യത്തിൽ ആശങ്ക വേണ്ട

 

ഈയിടെയായി ഡബ്ലിനിൽ ഇങ്ങനെയൊക്കെയാണ് കോട്ട് ഊരി കട്ടിലിൽ വച്ചിട്ട് ജാലകത്തിനരികിലേക്ക് നടക്കവെ ഫോക്സ് ആത്മഗതം ചെയ്തു. പുറമെ അനുകമ്പ പ്രകടിപ്പിക്കുന്ന നിരവധി പേരെ എവിടെ നോക്കിയാലും കാണാം. പക്ഷേ, ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു അക്രമവും ബോംബിങ്ങും വെറുക്കുന്ന ആയിരക്കണക്കിന് സാധാരണ ജനങ്ങളുണ്ട് എങ്കിലും അവരെല്ലാം തന്നെ IRA പോലുള്ള സംഘടനകളുടെ രാഷ്ട്രീയ ലക്ഷ്യത്തെ മനസ്സു കൊണ്ട് അംഗീകരിക്കുന്നു

 

ഫോൺ റിങ്ങ് ചെയ്തതും അദ്ദേഹം റിസീവർ എടുത്തു. ഫെർഗൂസൺ ആയിരുന്നു മറുതലയ്ക്കൽ.

 

“എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട് മക്‌ഗിനസ് നിങ്ങളെ സന്ധിക്കുന്നതായിരിക്കും

 

“എപ്പോൾ?”

 

“സമയമാവുമ്പോൾ അവർ നിങ്ങളെ അറിയിക്കും

 

ലൈൻ കട്ട് ആയി. ഫോക്സ് റിസീവർ തിരികെ വച്ചു. പ്രൊവിഷണൽ IRA യുടെ നോർത്തേൺ കമാൻഡ് ചീഫ് ആണ് മാർട്ടിൻ മക്ഗിനസ്. ആർമി കൗൺസിലിലെ ബുദ്ധിജീവികളുമായി നേരിട്ട് ബന്ധമുള്ള ആൾ.

 

അദ്ദേഹം ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ദൂരെ തെരുവിന്റെ അപ്പുറം ലിഫീ നദി ഒഴുകുന്നു. മഴത്തുള്ളികൾ ജാലകച്ചില്ലുകളിൽ ചരൽ പോലെ വന്ന് പതിച്ചു. എന്തുകൊണ്ടോ, പൊടുന്നനെ മനസ്സ് വിഷാദമൂകമായി. അയർലണ്ട് തന്നെ കാരണം ഇടതുകൈ ഉണ്ടായിരുന്ന സ്ഥാനത്ത് മിന്നൽ പോലെ ഒരു വേദന അന്നത്തെ ആ അപകടമെല്ലാം മനസ്സിൽ തികട്ടി വരുന്നു സ്വയം ആശ്വസിപ്പിച്ചുകൊണ്ട്, താഴെയുള്ള ബാറിലേക്ക് പോകാനായി അദ്ദേഹം ലിഫ്റ്റിനുള്ളിൽ കയറി.

 

ചെറുപ്പക്കാരനായ ഒരു ഇറ്റാലിയൻ ബാർമാൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഒരു സ്കോച്ചും വെള്ളവും ഓർഡർ ചെയ്തിട്ട് അദ്ദേഹം കോർണറിലുള്ള ജാലകത്തിനരിലെ ടേബിളിന് മുന്നിൽ ചെന്ന് ഇരുന്നു. അവിടെ കിടന്നിരുന്ന ഏതാനും വർത്തമാനപത്രങ്ങൾക്കിടയിൽ നിന്നും ‘ദി ടൈംസ്’ എടുത്ത് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു നിഴൽ പോലെ റയാൻ അദ്ദേഹത്തിനരികിൽ പ്രത്യക്ഷപ്പെട്ടത്.

 

“താങ്കൾക്കുള്ള ടാക്സി വന്നിട്ടുണ്ട് സർ

 

ഫോക്സ് തലയുയർത്തി. “എനിക്കുള്ള ടാക്സിയോ? ഓ, യെസ് ഞാനത് മറന്നുപോയി” റയാന്റെ കൈത്തണ്ടയിൽ കിടക്കുന്ന നീലനിറമുള റെയിൻകോട്ട് കണ്ട് അദ്ദേഹം പുരികം ചുളിച്ചു. “ഇത് എന്റേതല്ലേ?”

 

“ചോദിക്കാതെ താങ്കളുടെ റൂമിൽ നിന്നും എടുത്തു കൊണ്ടുവന്നതിൽ ക്ഷമിക്കണം സർ താങ്കൾക്കിത് ആവശ്യം വരും കുറച്ചു ദിവസമായി വിട്ടുമാറാത്ത മഴയാണിവിടെ

 

വീണ്ടും അയാളുടെ കണ്ണുകളിൽ നിഗൂഢമായ ആ തിളക്കം. തനിക്ക് എല്ലാം അറിയാം എന്ന മട്ടിലൊരു പുഞ്ചിരി. റെയിൻകോട്ട് ധരിക്കുവാൻ അയാൾ സഹായിച്ചു. ശേഷം ഫോക്സ് അയാളുടെ പിറകെ പടികളിറങ്ങി താഴെ കാത്തു കിടന്നിരുന്ന കറുത്ത ടാക്സികാറിനരികിലെത്തി.

 

റയാൻ തുറന്നു കൊടുത്ത ഡോറിലൂടെ അദ്ദേഹം കാറിനുള്ളിൽ കയറി. “ശുഭകരമായ ഒരു സായാഹ്നം ആശംസിക്കുന്നു സർ

 

തെല്ലും വൈകാതെ, കാർ മുന്നോട്ട് നീങ്ങി. കറുത്ത ചുരുണ്ട മുടിയുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അതിന്റെ ഡ്രൈവർ. ബ്രൗൺ നിറമുള്ള ഒരു ലെതർ ജാക്കറ്റും കഴുത്തിൽ ഒരു വെള്ള സ്കാർഫും അണിഞ്ഞിരിക്കുന്നു. തെരുവിന് അറ്റത്തെത്തിയതും അയാൾ വാഹനം മെയിൻ റോഡിലേക്ക് തിരിച്ചു. ജോർജ്ജസ് ബോട്ട് ജെട്ടിയ്ക്കപ്പുറമുള്ള പച്ച ടെലിഫോൺ ബോക്സിന് സമീപം റീഫർകോട്ടും തുണിത്തൊപ്പിയും ധരിച്ച ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. വേഗത കുറച്ച വാഹനം പാതി നടപ്പാതയിലേക്ക് കയറി അയാൾക്കരികിൽ ചെന്നു നിന്നു. പിന്നിലെ ഡോർ തുറന്ന അയാൾ വാഹനത്തിനുള്ളിൽ കയറി തികച്ചും ലാഘവത്തോടെ ഫോക്സിനരികിൽ ഇരുന്നു.

 

“പോകുന്ന വഴിയിൽ എന്നെയും കൂടി, ബില്ലീ” ഡ്രൈവറോട് പറഞ്ഞിട്ട് സൗഹൃദഭാവേന അയാൾ ഫോക്സിന് നേർക്ക് തിരിഞ്ഞു. “ദൈവമേ, ഒരു രക്ഷയുമില്ലാത്ത മഴ പിന്നെ, ക്യാപ്റ്റൻ, ദയവു ചെയ്ത് കൈ രണ്ടും ഉയർത്തൂ പേടിക്കണ്ട ദേഹപരിശോധനയ്ക്കാണ്” അയാൾ ഫോക്സിന്റെ ദേഹം മൊത്തം നന്നായി പരിശോധിച്ചു. ആയുധങ്ങൾ ഒന്നും തന്നെയില്ല. പിറകോട്ട് ചാഞ്ഞിരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ പോക്കറ്റിൽ നിന്നും ഒരു പിസ്റ്റൾ എടുത്ത് മടിയിൽ വച്ചു. “ഇത് ഏതാണ് ഇനമെന്ന് അറിയുമോ ക്യാപ്റ്റൻ?”

 

“കണ്ടിട്ട് സെസ്കയാണെന്ന് തോന്നുന്നു” ഫോക്സ് പറഞ്ഞു. “ചെക്കോസ്ലോവാക്യക്കാർ ഏതാനും വർഷം മുമ്പ് നിർമ്മിച്ചു തുടങ്ങിയ സൈലൻസർ ഉള്ള ഇനം

 

“ഫുൾ മാർക്കും തരുന്നു താങ്കൾ മിസ്റ്റർ മക്ഗിനസുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് എന്റെ കൈയിൽ ഉണ്ടാകുമെന്ന കാര്യം ഓർമ്മയിരിക്കട്ടെ സിനിമകളിൽ പറയാറുള്ളത് പോലെ, തെറ്റായ ഒരു ചെറിയ നീക്കം മതി അതോടെ താങ്കൾ തീർന്നിരിക്കും

 

ലിഫീ നദിയ്ക്ക് സമാന്തരമായ പാതയിലൂടെ ആ വാഹനം യാത്ര തുടർന്നു. മഴയാണെങ്കിലും തിരക്കിന് കുറവൊന്നുമില്ല. വിക്ടോറിയാ ബോട്ട് ജെട്ടിയുടെ സമീപം എത്തിയതും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കി നിർത്തി.

 

“ഇറങ്ങൂ…!” റീഫർകോട്ട് ധരിച്ച ആളുടെ ആജ്ഞ അനുസരിച്ചു കൊണ്ട് ഫോക്സ് പുറത്തിറങ്ങി. നദി കടന്നെത്തുന്ന കാറ്റിന്റെ ദിശയ്ക്കൊപ്പം ചെരിഞ്ഞ് പെയ്യുന്ന മഴ. അദ്ദേഹം തന്റെ കോട്ടിന്റെ കോളർ ഉയർത്തി വച്ചു. റീഫർകോട്ട് ധരിച്ചയാൾ ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നിട്ട് ബോട്ട് ജെട്ടിയുടെ ചുവരിനോട് ചേർന്നുള്ള വെയ്റ്റിങ്ങ് ഷെഡ്ഡിന് നേർക്ക് ആംഗ്യം കാണിച്ചു. “അധികനേരം കാത്തിരിക്കാൻ ഇഷ്ടമില്ലാത്തയാളാണ് അദ്ദേഹം വളരെ തിരക്കുള്ള മനുഷ്യൻ

 

ഒരു സിഗരറ്റിന് തീ കൊളുത്തി, അയാൾ മരവും ചാരി നിൽക്കെ ഫോക്സ് നടപ്പാതയിലൂടെ വെയ്റ്റിങ്ങ് ഷെഡ്ഡിന് നേർക്ക് നടന്നു. കോർണറിലുള്ള ബെഞ്ചിൽ ന്യൂസ്പേപ്പർ വായിച്ചുകൊണ്ട് ഭംഗിയായി വേഷം ധരിച്ച ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ഇളം തവിട്ടുനിറമുള്ള റെയിൻകോട്ടിന്റെ മുൻഭാഗം തുറന്നു കിടക്കുന്നു. വെള്ള ഷർട്ടും കടും നീലനിറമുള്ള സ്യൂട്ടും നീലയും ചുവപ്പും വരകൾ ഇടകലർന്ന ടൈയുമാണ് വേഷം. നീലക്കണ്ണുകളുള്ള ഒരു സുമുഖൻ. പ്രസന്നവദനായ ഈ മനുഷ്യനെയാണ് കഴിഞ്ഞ പതിമൂന്ന് വർഷമായി ബ്രിട്ടീഷ് ആർമിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം.

 

“ആഹ്, ക്യാപ്റ്റൻ ഫോക്സ്” ഉപചാരപൂർവ്വം മാർട്ടിൻ മക്ഗിനസ് സ്വാഗതമോതി. “നൈസ് റ്റു മീറ്റ് യൂ എഗെയ്‌ൻ

 

“പക്ഷേ, നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടേയില്ലല്ലോ” ഫോക്സ് അത്ഭുതം കൂറി.

 

“1972 ൽ ഡെറിയിൽ വച്ച്” മക്ഗിനസ് പറഞ്ഞു. “താങ്കൾ അന്ന് ഒരു കോർണറ്റ് ആയിരുന്നു ബ്ലൂസ് ആൻഡ് റോയൽസിലെ സെക്കൻഡ് ലെഫ്റ്റനന്റുമാരെ അങ്ങനെയല്ലേ നിങ്ങൾ വിളിക്കാറുള്ളത്? പ്രിയോർ സ്ട്രീറ്റിലെ ഒരു പബ്ബിൽ അന്ന് ബോംബ് ഭീഷണിയുണ്ടായിമിലിട്ടറി പോലീസിനൊപ്പമാണ് വന്നതെങ്കിലും മാനസികമായി അവരോടൊപ്പമായിരുന്നില്ല താങ്കൾ അന്ന്

 

“ഗുഡ് ഗോഡ്!” ഫോക്സ് പറഞ്ഞു. “ഞാൻ ഓർമ്മിക്കുന്നു

 

“ആ തെരുവ് മുഴുവനും കത്തിയെരിഞ്ഞു അന്ന് പലചരക്ക് കടയുടെ സമീപത്തെ ഒരു വീട്ടിലേക്ക് ഓടിച്ചെന്ന താങ്കൾ ഒരു സ്ത്രീയേയും രണ്ട് കുട്ടികളെയും രക്ഷപെടുത്തി അതിന് എതിർവശത്തെ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ നിൽക്കുകയായിരുന്നു ഞാൻ താങ്കളുടെ തലയിലേക്ക് ഉന്നം പിടിച്ച അർമലൈറ്റ് റൈഫിളുമായി നിൽക്കുന്ന എന്റെ അനുയായിയെ അതിൽ നിന്നും ഞാൻ പിന്തിരിപ്പിച്ചു ആ സന്ദർഭത്തിൽ അത് ശരിയല്ലെന്ന് തോന്നി

 

ഒരു നിമിഷം ഫോക്സ് അസ്വസ്ഥനായി. “ഡെറിയിൽ IRA യുടെ കമാൻഡ് ഇൻ ചാർജ്ജ് ആയിരുന്നു നിങ്ങളന്ന്

 

മക്ഗിനസ് പുഞ്ചിരിച്ചു. “ഒന്നോർത്താൽ എത്ര അർത്ഥശൂന്യമായിരുന്നു അതൊക്കെ അല്ലേ? താങ്കൾ ഇപ്പോൾ ഇവിടെ വരേണ്ട ആളേയല്ല ആട്ടെ, ഞാനുമായി എന്ത് വിഷയം ചർച്ച ചെയ്യാനാണ് ആ വയസ്സൻ ഫെർഗൂസൺ താങ്കളെ ഇപ്പോൾ ഇങ്ങോട്ടയച്ചിരിക്കുന്നത്?”

 

മക്ഗിനസിനു മുന്നിൽ ഫോക്സ് എല്ലാം വിശദമായി അവതരിപ്പിച്ചു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

12 comments:

  1. ഫോക്സിനെയും കൊല്ലുമെന്ന് വിചാരിച്ചു

    ReplyDelete
    Replies
    1. ഏയ്, ഇല്ല... ഫോക്സിന്റെ സന്ദർശനത്തെക്കുറിച്ച് ഫെർഗൂസൺ വിളിച്ചു പറഞ്ഞിരുന്നു മക്ഗിനസിനോട്...

      Delete
  2. ഫോക്സിൻ്റ ദൗത്യം എന്താവുമോ

    ReplyDelete
  3. എല്ലാം അർത്ഥശൂന്യം തന്നെ

    ReplyDelete
  4. മക്ഗിനസ് എല്ലാം ഓർത്തെടുത്ത് പറഞ്ഞു

    ReplyDelete
    Replies
    1. അതെ... ഫോക്സിനെ ഞെട്ടിപ്പിച്ചു കളഞ്ഞു...

      Delete
  5. "സകല മോഹങ്ങളിൽ നിന്നും മുക്തി നേടിയ ഒരാളാണെന്ന് തോന്നിക്കുന്ന ആൾ.."

    റയാൻ മൊത്തത്തിൽ ദുരൂഹതയാണല്ലോ..

    ReplyDelete
    Replies
    1. ആരെയും വിശ്വസിക്കാൻ പറ്റില്ല എന്നല്ലേ ഫോക്സ് പറയുന്നത്...

      Delete
  6. നന്നായി.. വിവരങ്ങൾ ഓക്കേ ഇപ്പൊ എല്ലാവര്ക്കും കിട്ടി അല്ലെ

    ReplyDelete