ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
എല്ലാം കേട്ടു കഴിഞ്ഞ് മക്ഗിനസ് കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി ലിഫീ നദിയുടെ അപ്പുറത്തേക്ക് കണ്ണും നട്ട് ആലോചനാ നിമഗ്നനായി ഇരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “താങ്കൾക്കറിയുമോ, ആ കാണുന്നതാണ് വൂഫ് ടേൺ ബോട്ട് ജെട്ടി…”
“വൂഫ് ടേൺ… അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് ആയിരുന്നില്ലേ…?” ഫോക്സ് ആരാഞ്ഞു.
“ആയിരുന്നു… മാത്രമല്ല ഐറിഷ് ദേശീയ പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളും…” പ്രത്യേകിച്ച് ഒരു ഈണവുമില്ലാതെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം ചൂളം കുത്തി.
“ആട്ടെ, ഞാൻ പറഞ്ഞ കാര്യങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ…?” ഫോക്സ് ചോദിച്ചു.
“ഓ, യെസ്…” മൃദുസ്വരത്തിൽ മക്ഗിനസ് പറഞ്ഞു. “കൗശലവും കുരുട്ടുബുദ്ധിയുമാണ് ഇംഗ്ലീഷുകാരുടെ സന്തതസഹചാരികൾ… എങ്കിലും താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ വിശ്വസിക്കുന്നു… ഒരേ ഒരു കാരണത്താൽ, ക്യാപ്റ്റൻ… ഇക്കണ്ട കാലമത്രയും നടന്ന കാര്യങ്ങൾ വച്ച് നോക്കുമ്പോൾ താങ്കളുടെ വാദഗതികൾ തള്ളിക്കളയാനാവില്ല എന്നതുകൊണ്ടു തന്നെ… എനിക്കറിയാം, മുമ്പ് നടന്ന പല ഭീകരാക്രമണങ്ങളുമായി ഞങ്ങൾക്കോ ആർമി കൗൺസിലിനോ യാതൊരു വിധ ബന്ധവും ഉണ്ടായിരുന്നില്ല… പലരും വിചാരിച്ചിരുന്നത്, അതിനെല്ലാം പിന്നിൽ ഏതെങ്കിലും കൗബോയ്സോ വട്ടന്മാരോ ഒക്കെ ആയിരിക്കുമെന്നായിരുന്നു…” ഗൂഢാർത്ഥത്തിൽ അദ്ദേഹം ഒന്ന് ചിരിച്ചു. “അല്ലെങ്കിൽ, തീർച്ചയായും ബ്രിട്ടീഷ് ഇന്റലിജൻസ്… പക്ഷേ, ഏതെങ്കിലും ഒരുവന്റെ കൃത്യമായ പ്ലാനോടു കൂടിയ പ്രവൃത്തിയായിരുന്നു അതൊക്കെയെന്ന് ഒരിക്കൽപ്പോലും ഞങ്ങളാരും സംശയിച്ചില്ല…”
“നിങ്ങളുടെ പ്രസ്ഥാനത്തിൽ ഏതാനും മാർക്സിസ്റ്റുകൾ ഉണ്ട്… ശരിയല്ലേ…?” ഫോക്സ് ചോദിച്ചു. “സോവിയറ്റ് യൂണിയനെ രക്ഷകനായി കാണുന്ന ചിലർ…”
“അത് മറന്നേക്കൂ…” ഒരു നിമിഷം, മക്ഗിനസിന്റെ നീലക്കണ്ണുകളിൽ രോഷം മിന്നിമറഞ്ഞു. “സ്വതന്ത്ര അയർലണ്ട്… ഐറിഷുകാർക്ക് മാത്രം അവകാശപ്പെട്ടത്… അതിന് ഒരു മാർക്സിസ്റ്റിന്റെയും സഹായം ഞങ്ങൾക്കാവശ്യമില്ല…”
“അപ്പോൾ, എന്താണിനി അടുത്ത പരിപാടി…? ആർമി കൗൺസിലിനെ വിവരം അറിയിക്കുക എന്നതാണോ?”
“അല്ല… ചീഫ് ഓഫ് സ്റ്റാഫുമായി ഒന്ന് സംസാരിക്കട്ടെ… അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്ന് നോക്കാം… എന്നെ ഇങ്ങോട്ട് അയച്ചതുതന്നെ അദ്ദേഹമാണ്… സത്യം പറഞ്ഞാൽ, ഈ വിഷയത്തിൽ അധികം പേരെ ഉൾപ്പെടുത്താതിരിക്കുന്നതായിരിക്കും നല്ലത്…”
“അത് ശരിയാണ്…” ഫോക്സ് എഴുന്നേറ്റു. “ഈ കുഖോളിൻ എന്ന വ്യക്തി ആരുമാകാം… ചിലപ്പോൾ ആർമി കൗൺസിലുമായി അടുത്ത ബന്ധം പോലുമുള്ള ഒരാൾ…”
“അങ്ങനെയൊരു ചിന്ത എന്റെ മനസ്സിലും വന്നിരുന്നു…” മക്ഗിനസ് കൈ ഉയർത്തി വീശി. അപ്പുറത്തെ മരച്ചുവട്ടിൽ നിന്നും റീഫർകോട്ട് ധരിച്ച ആ മനുഷ്യൻ അവർക്കരികിലേക്ക് വന്നു. “മർഫി താങ്കളെ വെസ്റ്റ്ബേണിൽ തിരികെ കൊണ്ടുവിടും… പുറത്തേക്കൊന്നും പോകണ്ട… ഞാൻ ബന്ധപ്പെട്ടോളാം…”
ഏതാനും അടി മുന്നോട്ട് നീങ്ങിയിട്ട് ഫോക്സ് തിരിഞ്ഞു. “ബൈ ദി വേ, നിങ്ങൾ ധരിച്ചിരിക്കുന്നത് ഗാർഡ്സ് ടൈ ആണല്ലോ…”
മാർട്ടിൻ മക്ഗിനസ് മനോഹരമായി പുഞ്ചിരിച്ചു. “അതെനിക്ക് അറിയില്ലെന്ന് കരുതിയോ…? ജസ്റ്റ് ട്രൈയിങ്ങ് റ്റു മെയ്ക്ക് യൂ ഫീൽ അറ്റ് ഹോം, ക്യാപ്റ്റൻ ഫോക്സ്…”
***
വെസ്റ്റ്ബേൺ ഹോട്ടലിന്റെ റിസപ്ഷൻ ഹാളിലെ ഫോൺ ബൂത്തിൽ നിന്നും ഫോക്സ് ഫെർഗൂസണ് ഡയൽ ചെയ്തു. ഹോട്ടലിന്റെ സ്വിച്ച് ബോർഡ് വഴി കോൾ പോകില്ല എന്നതായിരുന്നു അതിന്റെ ഗുണം. ബ്രിഗേഡിയർ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസിലെ അദ്ദേഹത്തിന്റെ പ്രൈവറ്റ് ലൈനിലേക്കാണ് പിന്നീടദ്ദേഹം ഡയൽ ചെയ്തത്. അടുത്ത നിമിഷം തന്നെ ഫെർഗൂസൺ ലൈനിൽ വന്നു.
“പ്രാഥമിക മീറ്റിങ്ങ് കഴിഞ്ഞു സർ…”
“ആഹാ, വളരെ പെട്ടെന്നായിരുന്നല്ലോ… മക്ഗിനസിനെ അവർ അയച്ചുവോ…?”
“യെസ് സർ…”
“എന്നിട്ട് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടുവോ…?”
“തീർച്ചയായും സർ… ഇന്ന് രാത്രി തന്നെ എന്നെ വിളിക്കുന്നതായിരിക്കുമെന്ന് പറഞ്ഞു…”
“ഗുഡ്… ഒരു മണിക്കൂറിനകം ഞാൻ എന്റെ ഫ്ലാറ്റിലെത്തും… ഇന്നിനി പുറത്തൊന്നും പോകുന്നില്ല… കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന നിമിഷം തന്നെ എനിയ്ക്ക് ഫോൺ ചെയ്യുക…”
കുളി കഴിഞ്ഞ് വസ്ത്രം മാറി ഫോക്സ് താഴെ ബാറിലേക്ക് ചെന്നു. ഒരു സ്മോൾ സ്കോച്ചും വെള്ളവുമായി അദ്ദേഹം മേശയ്ക്ക് മുന്നിൽ ഇരുന്നു. മക്ഗിനസിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അദ്ദേഹം. തികച്ചും അപകടകാരിയായ ഒരു കൗശലക്കാരൻ… ഒരു സംശയവുമില്ല അക്കാര്യത്തിൽ. നിരവധി പേരെ വകവരുത്തിയിട്ടുണ്ടെങ്കിലും ഒരു ഗൺമാൻ മാത്രമായിരുന്നില്ല അയാൾ. നിരന്തരമായ ആക്രമണങ്ങളും കലാപങ്ങളും കണ്ട് മനസ്സു മടുത്ത പ്രമുഖ നേതാക്കളിൽ ഒരാൾ… ഏതോ ഒരു ഘട്ടത്തിൽ വച്ച് താൻ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന സത്യം തെല്ല് അസ്വസ്ഥതയോടെ അദ്ദേഹം തിരിച്ചറിഞ്ഞു. അത് ഒട്ടും ശരിയല്ല… അദ്ദേഹം എഴുന്നേറ്റ് റെസ്റ്റോറന്റിൽ ചെന്ന് അത്താഴം കഴിച്ചു. ശേഷം, അവിടെ കിടന്നിരുന്ന ‘ഐറിഷ് പ്രസ്സ്’ ദിനപത്രം കൈയിലെടുത്ത് മറിച്ചു നോക്കിക്കൊണ്ട് അല്പനേരം ഇരുന്നു.
ലോഞ്ചിലേക്ക് പോകാൻ ബാറിനുള്ളിൽക്കൂടിത്തന്നെ പോകണമായിരുന്നു. അതിഥികൾ എന്ന് തോന്നിക്കുന്ന കുറച്ചു പേർ ഇപ്പോൾ അവിടെ ഇരിക്കുന്നുണ്ട്. തന്നെ നേരത്തെ മക്ഗിനസിന്റെ അടുത്തേക്ക് കൊണ്ടുപോയ ആ ടാക്സി ഡ്രൈവറെയും ആ ഹാളിൽ കണ്ട് ഫോക്സ് ഒന്ന് അമ്പരക്കാതിരുന്നില്ല. മുന്നിലെ മേശപ്പുറത്ത് ബിയർ ഗ്ലാസുമായി ഹാളിന്റെ അറ്റത്തുള്ള ഒരു സ്റ്റൂളിൽ ഇരിക്കുകയാണ് അയാൾ. ഗ്രേ നിറത്തിലുള്ള ഒരു സ്യൂട്ടാണ് ഇപ്പോൾ അയാളുടെ വേഷം എന്നതായിരുന്നു പ്രത്യക്ഷത്തിലുള്ള വ്യത്യാസം. ഫോക്സിനെ കണ്ടിട്ട് ഒരു പരിചയഭാവവും പ്രകടിപ്പിച്ചില്ല അയാൾ. ലോഞ്ചിൽ എത്തിയ അദ്ദേഹത്തിനരികിലേക്ക് റയാൻ വന്നു.
“എന്റെ ഓർമ്മ ശരിയാണെങ്കിൽ, ഡിന്നറിന് ശേഷം താങ്കൾക്ക് കോഫിയെക്കാൾ ചായയോടല്ലേ താല്പര്യം സർ…?”
“ദാറ്റ്സ് റൈറ്റ്…” സോഫയിൽ ഇരുന്നുകൊണ്ട് ഫോക്സ് പറഞ്ഞു.
“ചോദിക്കാതെ തന്നെ താങ്കളുടെ റൂമിൽ ഞാൻ ട്രേ കൊണ്ടു ചെന്നു വച്ചിട്ടുണ്ട്… അല്പനേരം സമാധാനത്തോടെ ഒറ്റയ്ക്ക് ഇരിക്കുവാനായിരിക്കും താങ്കൾക്കിഷ്ടം എന്ന് ഞാൻ ഊഹിച്ചു…”
കൂടുതലൊന്നും പറയാതെ അയാൾ തിരിഞ്ഞ് ലിഫ്റ്റിന് നേർക്ക് നടന്നു. ചിലപ്പോൾ പുതിയ മെസ്സേജ് എന്തെങ്കിലും വന്നിട്ടുണ്ടാവും എന്ന ഊഹത്തിൽ ഫോക്സ് അയാളെ അനുഗമിച്ചു. എന്നാൽ ആ വൃദ്ധൻ ഒരക്ഷരം പോലും ഉരിയാടിയില്ല. ഫസ്റ്റ് ഫ്ലോർ എത്തിയതും ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി അയാൾ ഫോക്സിന്റെ റൂമിന് മുന്നിൽ ചെന്ന് വാതിൽ തുറന്നു.
ടെലിവിഷനിൽ വാർത്ത വീക്ഷിച്ചുകൊണ്ടിരിക്കുന്ന മാർട്ടിൻ മക്ഗിനസിനെയാണ് ഫോക്സ് തന്റെ റൂമിൽ കണ്ടത്. ജാലകത്തിനരികിൽ നിൽക്കുന്ന മർഫി. ബാറിൽ ഇരിക്കുന്നുണ്ടായിരുന്ന ടാക്സി ഡ്രൈവറുടേത് പോലെ അയാളും സ്യൂട്ടാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്. നിറം നേവി ബ്ലൂ ആണെന്ന് മാത്രം.
മക്ഗിനസ് ടെലിവിഷൻ സ്വിച്ച് ഓഫ് ചെയ്തു. “ആഹ്, എത്തിയല്ലേ…? ഇവിടുത്തെ താറാവ് ഫ്രൈ കഴിച്ച് നോക്കിയിരുന്നോ…? നല്ലതാണ്…”
മേശപ്പുറത്തെ ചായ ട്രേയിൽ രണ്ട് കപ്പുകളും ഉണ്ടായിരുന്നു. “ഞാൻ പകർന്നു തരട്ടെ, മിസ്റ്റർ മക്ഗിനസ്…?” റയാൻ ചോദിച്ചു.
“വേണ്ട, ഞങ്ങൾ തന്നെ എടുത്തോളാം…” മക്ഗിനസ് ചായപ്പാത്രം എടുക്കാനായി എഴുന്നേറ്റു. റയാൻ പുറത്തേക്ക് ഇറങ്ങവെ മക്ഗിനസ് ഫോക്സിനോട് പറഞ്ഞു. “ഇപ്പോൾ താങ്കൾക്ക് മനസ്സിലായിക്കാണുമല്ലോ, ആ വയസ്സൻ പാട്രിക്ക് ഞങ്ങളിൽ ഒരുവനാണ്…” അദ്ദേഹം മർഫിയുടെ നേർക്ക് തിരിഞ്ഞു. “മിഷേൽ, നിങ്ങൾ അല്പനേരം പുറത്ത് വെയ്റ്റ് ചെയ്യുമോ…?”
ഒന്നും മിണ്ടാതെ മർഫി പുറത്തേക്കിറങ്ങി. മക്ഗിനസ് നീട്ടിയ ചായക്കപ്പ് ഫോക്സ് വാങ്ങി. “ഇത്ര പെട്ടെന്ന് നിങ്ങളെ വീണ്ടും പ്രതീക്ഷിച്ചില്ല…”
“ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്… സമയമാണെങ്കിൽ വളരെ കുറവും…” അല്പം ചായ നുകർന്നിട്ട്, തെളിഞ്ഞ മുഖത്തോടെ മക്ഗിനസ് നെടുവീർപ്പിട്ടു. “ചായ ഗംഭീരം… പിന്നെ, ചീഫ് ഓഫ് സ്റ്റാഫിനെ ഞാൻ കണ്ടിരുന്നു… താങ്കളും താങ്കളുടെ കമ്പ്യൂട്ടറും കണ്ടെത്തിയ വസ്തുതകളിൽ കഴമ്പുണ്ടെന്നും അതുമായി മുന്നോട്ട് പോകണമെന്നും എന്നെപ്പോലെ തന്നെ അദ്ദേഹവും കരുതുന്നു…”
“ഇരുകൂട്ടരും സഹകരിച്ച് പ്രവർത്തിക്കുമെന്നാണോ…?”
“ദാറ്റ് ഡിപ്പെൻഡ്സ്… ഇപ്പോൾ ഈ വിഷയം ആർമി കൗൺസിലുമായി ചർച്ച ചെയ്യേണ്ട എന്നാണ് അദ്ദേഹം തീരുമാനിച്ചത്… അതുകൊണ്ട് തൽക്കാലം ഇത് ഞങ്ങളിൽ മാത്രമായി ഒതുങ്ങും…”
“ആ പറഞ്ഞത് ന്യായം…”
“മറ്റൊന്ന്… ഡബ്ലിൻ പോലീസിനെ ഇതിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… അതുകൊണ്ടു തന്നെ, നിങ്ങളുടെ സ്പെഷ്യൽ ബ്രാഞ്ചിനെയും മിലിട്ടറി ഇന്റലിജൻസിനെയും ഇതിൽ നിന്നും അകറ്റി നിർത്തുക…”
“ബ്രിഗേഡിയർ ഫെർഗൂസൺ ഇതിനോട് യോജിക്കുമെന്ന് എനിക്കുറപ്പുണ്ട്…”
“യോജിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല അദ്ദേഹത്തിന്… പിന്നൊന്ന്, IRA അംഗങ്ങളുടെ ഇപ്പോഴത്തെയോ പഴയതോ ആയ വിവരങ്ങളൊന്നും തന്നെ ഞങ്ങൾ കൈമാറുന്നതായിരിക്കില്ല… കാരണം, പിന്നീട് വേറെ ആവശ്യങ്ങൾക്ക് നിങ്ങളത് ഉപയോഗിച്ചേക്കാം…”
“ഓൾറൈറ്റ്…” ഫോക്സ് പറഞ്ഞു. “എനിക്ക് മനസ്സിലാവുന്നു… കാഞ്ഞ ബുദ്ധി തന്നെ… പക്ഷേ, പരസ്പരം വിവരങ്ങൾ കൈമാറുന്നില്ലെങ്കിൽ പിന്നെ നമ്മളെങ്ങനെയാണ് സഹകരിച്ച് പ്രവർത്തിക്കുക…?”
“അതിനൊരു മാർഗ്ഗമുണ്ട്…” മക്ഗിനസ് തന്റെ കപ്പിലേക്ക് അല്പം കൂടി ചായ പകർന്നു. “ചീഫ് ഓഫ് സ്റ്റാഫുമായി അക്കാര്യം ഞാൻ സംസാരിച്ചിരുന്നു… താങ്കൾക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തിനും സമ്മതമാണെന്ന് പറഞ്ഞു… നാം ഒരു മദ്ധ്യവർത്തിയെ ഉപയോഗിക്കുന്നു…”
“മദ്ധ്യവർത്തിയോ…?” ഫോക്സ് പുരികം ചുളിച്ചു. “എനിക്ക് മനസ്സിലാവുന്നില്ല…”
“ഇരുകൂട്ടർക്കും സ്വീകാര്യനായ ഒരു വ്യക്തി… ഒരുപോലെ വിശ്വസിക്കാവുന്നവൻ… ഞാൻ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായെന്ന് കരുതുന്നു…”
ഫോക്സ് പൊട്ടിച്ചിരിച്ചു. “ദേർ ഈസ് നോ സച്ച് അനിമൽ…”
“ഓ, യെസ്… ദേർ ഈസ്…” മക്ഗിനസ് പറഞ്ഞു. “ലിയാം ഡെവ്‌ലിൻ… അദ്ദേഹം ആരാണെന്ന് അറിയില്ലെന്ന് മാത്രം എന്നോട് പറയരുത്…”
“ലിയാം ഡെവ്‌ലിനെ എനിക്ക് നന്നായിട്ടറിയാം…” ഹാരി ഫോക്സ് പതുക്കെ പറഞ്ഞു.
“എങ്ങനെ അറിയാതിരിക്കും…? താങ്കളും ഫോക്നറും കൂടിയല്ലേ SAS ന്റെ സഹായത്തോടെ 1979 ൽ അദ്ദേഹത്തെ കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയത്…? ഫ്രഞ്ച് ജയിലിൽ നിന്നും മാർട്ടിൻ ബ്രോസ്‌നനെ മോചിപ്പിച്ച് ആ ഭ്രാന്തൻ ഫ്രാങ്ക് ബാരിയെ വകവരുത്താൻ നിങ്ങളെ സഹായിക്കാൻ വേണ്ടി…?”
“വിവരങ്ങളെല്ലാം വളരെ കൃത്യമായിത്തന്നെ ലഭിച്ചിരിക്കുന്നുവല്ലോ നിങ്ങൾക്ക്…”
“യെസ്… വെൽ, ലിയാം ഇപ്പോൾ ഡബ്ലിനിൽ ഉണ്ട്… ട്രിനിറ്റി കോളേജിൽ പ്രൊഫസറായി ജോലി നോക്കുന്നു… കിൽറിയാ ഗ്രാമത്തിൽ അദ്ദേഹത്തിനൊരു കോട്ടേജുണ്ട്… ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവ്… താങ്കൾ പോയി അദ്ദേഹത്തെ കാണണം… സഹായിക്കാൻ അദ്ദേഹം തയ്യാറാണെങ്കിൽ ബാക്കി കാര്യങ്ങൾ അപ്പോൾ ചർച്ച ചെയ്യാം…”
“എപ്പോഴാണ് പോകേണ്ടത്…?”
“ഞാൻ അറിയിക്കാം… അല്ലെങ്കിൽ ഇതുപോലെ ഞാൻ അപ്രതീക്ഷിതമായി മുന്നിലെത്താം… നോർത്ത് അയർലണ്ടിലായിരുന്ന കാലത്ത് ഇങ്ങനെയൊക്കെയായിരുന്നു ഞാൻ ബ്രിട്ടീഷ് ആർമിയുടെ കണ്ണു വെട്ടിച്ച് നടന്നിരുന്നത്…” അദ്ദേഹം എഴുന്നേറ്റു. “താഴെ ബാറിൽ ഞങ്ങളിൽപ്പെട്ട ഒരാൾ ഇരിക്കുന്നുണ്ട്… ഒരുപക്ഷേ, താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും…”
“ആ ടാക്സി ഡ്രൈവറല്ലേ…?”
“അതെ… ബില്ലി വൈറ്റ് എന്നാണ് പേര്… മിടുക്കനാണ്… ചുമരിലിരിക്കുന്ന ഒരു ഈച്ചയെപ്പോലും വെടിവെച്ചിടാൻ അയാൾക്കാവും… ഏതു കൈ കൊണ്ടും… താങ്കളുടെ സഹായിയായി അയാൾ കൂടെയുണ്ടാകും…”
“അതിന്റെ ആവശ്യമൊന്നുമില്ല…”
“ആവശ്യമുണ്ട്…” മക്ഗിനസ് എഴുന്നേറ്റ് കോട്ട് ധരിച്ചു. “ഒന്നാമത്തെ കാരണം, ഇവിടെ വച്ച് താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല… രണ്ടാമത്, താങ്കൾ എവിടെയാണ് എന്നറിയാൻ എളുപ്പമായിരിക്കും…” അദ്ദേഹം വാതിൽ തുറന്നു. പുറത്ത് മർഫി വെയ്റ്റ് ചെയ്യുന്നത് ഫോക്സിന് കാണാനാവുന്നുണ്ടായിരുന്നു. “ഐ വിൽ ബീ ഇൻ ടച്ച്, ക്യാപ്റ്റൻ…” തമാശ രൂപേണ അദ്ദേഹത്തെ സല്യൂട്ട് ചെയ്തിട്ട് വാതിൽ ചാരി മക്ഗിനസ് പുറത്തേക്ക് നടന്നു.
***
“ഇറ്റ് മെയ്ക്‌സ് സെൻസ്… പക്ഷേ, എനിക്കുറപ്പില്ല നമുക്ക് വേണ്ടി ഡെവ്‌ലിൻ വീണ്ടും വർക്ക് ചെയ്യുമോയെന്ന്… പ്രത്യേകിച്ചും ആ ഫ്രാങ്ക് ബാരി ദൗത്യത്തിന് ശേഷം… അദ്ദേഹത്തെയും ബ്രോസ്‌നനെയും നമ്മൾ ശരിക്കും ഉപയോഗിക്കുകയായിരുന്നു എന്നൊരു ചിന്ത ഡെവ്‌ലിന് അന്നുണ്ടായിരുന്നു…” ഫെർഗൂസൺ പറഞ്ഞു.
“ഞാൻ ഓർക്കുന്നു സർ…” ഫോക്സ് പറഞ്ഞു. “നമ്മൾ ശരിക്കും ചൂഷണം ചെയ്യുകയായിരുന്നു അവരെ അന്ന്…”
“ഓൾറൈറ്റ് ഹാരീ… എന്തായാലും ആ വിഷയം കുത്തിപ്പൊക്കാനൊന്നും നിൽക്കണ്ട ഇപ്പോൾ… അദ്ദേഹം വീട്ടിലുണ്ടോ എന്ന് ഫോൺ ചെയ്ത് നോക്കൂ… ഉണ്ടെങ്കിൽ പോയി കാണൂ…”
“സർ, ഈ സമയത്തോ…?”
“പിന്നെന്താ…? ഒമ്പതരയല്ലേ ആയിട്ടുള്ളൂ…? അദ്ദേഹം അവിടെയുണ്ടെങ്കിൽ എന്നെ അറിയിക്കുക… ഞാൻ തന്നെ സംസാരിക്കാം അദ്ദേഹത്തോട്… ബൈ ദി വേ, ഇതാണ് അദ്ദേഹത്തിന്റെ ഫോൺ നമ്പർ… എഴുതിയെടുത്തോളൂ…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ലിയാം ഡെവ്‌ലിൻ!
ReplyDeleteആ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം..
(അബു ലിയാം)
ലിയാം ഡെവ്‌ലിൻ വീണ്ടും അരങ്ങ് വാഴാൻ എത്തുന്നു... നമ്മുടെ ഹീറോ...
Deleteമിസ്റ്റർ അബു ലിയാം, സമയം കിട്ടുമ്പോൾ ലിയാം ഡെവ്‌ലിൻ സഞ്ചരിച്ച വഴികളിലൂടെയൊക്കെ ഒന്ന് പോകണം... അവിടെയെല്ലാം നടന്ന് കാണണം...
ലിയാം വരവായി.. ലിയാം ആരാധനയിൽ കുഞ്ഞിന് ആ പേര് ഇട്ടവർ വരെയുണ്ട് ഇവിടെ😍
ReplyDeleteങ്ഹെ...! സുകന്യാജിയും അറിഞ്ഞുവല്ലേ അക്കാര്യം...? എന്തായാലും ഈഗിൾ കാരണം അങ്ങനെയൊരു ഗുണമുണ്ടായി.. 😊
Delete😍😍
Deleteഅദ്ദന്നെ ..
Delete“ലിയാം ഡെവ്‌ലിനെ എനിക്ക് നന്നായിട്ടറിയാം…” ഹാരി ഫോക്സ് പതുക്കെ പറഞ്ഞു.
ReplyDelete🔥🔥🔥
ഇനി പൊരിയ്ക്കും...
Deleteഡെവ് ലിൻ വരാൻ പോകുന്നേ
ReplyDeleteഇനി എല്ലാവരും ഉഷാറാവും അല്ലേ സുചിത്രാജീ...?
Deleteഅങ്ങനെ നമ്മുടെ ചുള്ളൻ രംഗത്ത് വന്നു ..ഇനിം രംഗം കൊഴുക്കും
ReplyDeleteഒരു സംശയവും വേണ്ട...
Delete