ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ട്രിനിറ്റി കോളേജ് ക്യാമ്പസിനകത്തു തന്നെ പോൾ ചെർണിയ്ക്ക് താമസ സൗകര്യമുണ്ടായിരുന്നു. ഡബ്ലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് അങ്ങനെയൊരു സൗകര്യം ലഭിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.
ജനറൽ മസ്‌ലോവ്സ്കിയുടെ അടിയന്തര നിർദ്ദേശപ്രകാരമായിരുന്നു പോൾ ചെർണിയുടെ കൂറുമാറ്റം. ഒരു KGB ജനറലിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും ആവുമായിരുന്നില്ല. അയർലണ്ടിലേക്ക് കൂറുമാറുക എന്നതായിരുന്നു പ്ലാൻ. ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റിയിൽ ജോലി ലഭിക്കുവാൻ അയാളുടെ ലോകപ്രീതിയും യശസ്സും ധാരാളമായിരുന്നു. കുഖോളിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ ഏറ്റവും അനുയോജ്യനായ ഒരാൾ എന്ന KGB യുടെ ലക്ഷ്യം അങ്ങനെ പ്രാവർത്തികമായി. ആദ്യഘട്ടത്തിൽ ഡബ്ലിനിൽ സോവിയറ്റ് എംബസി ഇല്ലാതിരുന്നത് ചില്ലറ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാക്കിയിരുന്നു. എന്ത് ആവശ്യങ്ങൾക്കും ലണ്ടനിലെ എംബസി മുഖേന മാത്രമേ ബന്ധപ്പെടുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പിന്നീട് ആ പ്രശ്നത്തിന് പരിഹാരമായി. ഡബ്ലിനിലെ സോവിയറ്റ് എംബസിയിലുള്ള KGB ചാരന്മാർ വഴി മോസ്കോയുമായി ഇപ്പോൾ നേരിട്ട് ബന്ധപ്പെടാനാവുന്നുണ്ട്.
ഇക്കഴിഞ്ഞ വർഷങ്ങളത്രയും സുഗമമായിത്തന്നെയാണ് കടന്നു പോയത്. താൻ സ്വപ്നം കണ്ടിരുന്ന സ്വർഗ്ഗം പോലെയായിരുന്നു ഡബ്ലിൻ എന്ന് പറയാം. ബൗദ്ധിക സ്വാതന്ത്ര്യം, ഉത്സാഹം പകരുന്ന സൗഹൃദങ്ങൾ, താൻ സ്നേഹിച്ചു തുടങ്ങിയ ഈ നഗരം… ഉച്ചതിരിഞ്ഞ് ട്രിനിറ്റിയിൽ നിന്നും പുറത്തിറങ്ങി നദിയുടെ നേർക്ക് നടക്കവെ ഇക്കാര്യങ്ങളൊക്കെയായിരുന്നു പോൾ ചെർണിയുടെ മനസ്സിൽ.
അല്പം പിന്നിലായി മിഷേൽ മർഫി ജാഗ്രതയോടെ തന്നെ പിന്തുടരുന്നത് പോൾ ചെർണി അറിയുന്നുണ്ടായിരുന്നില്ല. ലിഫീ നദിയ്ക്കരികിലെ പാതയിലൂടെ നടന്ന് അയാൾ ഉഷേഴ്സ് ബോട്ട് ജെട്ടിയ്ക്ക് സമീപമെത്തി. ഇഷ്ടിക നിറമുള്ള ചുമരുമായി അത്രയൊന്നും അഴകില്ലാത്ത ഒരു വിക്ടോറിയൻ ദേവാലയമുണ്ടായിരുന്നു അവിടെ. പടവുകൾ കയറി ചെർണി ആ ദേവാലയത്തിനുള്ളിലേക്ക് കടന്നു. പിന്നാലെ എത്തിയ മർഫി, ആ ദേവാലയത്തിന്റെ ബോർഡിലെ അടർന്നു തുടങ്ങിയ സുവർണ്ണലിപികൾ വായിക്കുവാൻ വേണ്ടി ഒരു നിമിഷം നിന്നു. ‘അവർ ലേഡി, ക്വീൻ ഓഫ് ദി യൂണിവേഴ്സ്’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. അതിന് തൊട്ടുതാഴെ കുർബാനയുടെ സമയക്രമങ്ങളും. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചുമണിക്കും ആയിരുന്നു കുമ്പസാരത്തിന്റെ സമയം. വാതിൽ തള്ളിത്തുറന്ന് മർഫി ഉള്ളിലേക്ക് പ്രവേശിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ വളരെ സജീവവും സമ്പന്നവുമായിരുന്ന ഒരിടമായി തോന്നിച്ചു അവിടം. എന്നാൽ ഇപ്പോഴത്തെ അവസ്ഥ തീർത്തും പരിതാപകരം. കറപിടിച്ച ചില്ലുജാലകങ്ങൾ. മെഴുകുതിരിയുടെയും കുന്തിരിക്കത്തിന്റെയും രൂക്ഷഗന്ധം. തങ്ങളുടെ ഊഴവും കാത്ത് കുമ്പസാരക്കൂടുകൾക്ക് സമീപത്തെ ബെഞ്ചിൽ അഞ്ചോ ആറോ പേർ ഇരിക്കുന്നുണ്ട്. ബെഞ്ചിന്റെ അറ്റത്തായി പോൾ ചെർണിയും അവരോടൊപ്പം ചേർന്നു.
“ജീസസ്സ്…!” അത്ഭുതത്തോടെ മർഫി മന്ത്രിച്ചു. “വിചാരിച്ചത് പോലെയല്ലല്ലോ ഈ മനുഷ്യൻ…” ഒരു തൂണിന്റെ മറവിലേക്ക് മാറി നിന്ന് മർഫി അയാളുടെ നീക്കങ്ങൾക്കായി കാത്തു നിന്നു.
ചെർണിയുടെ ഊഴം എത്തുവാൻ ഏതാണ്ട് പതിനഞ്ചോ ഇരുപതോ മിനിറ്റോ വേണ്ടി വന്നു. കുമ്പസാരക്കൂടിനുള്ളിൽ കയറി വാതിലടച്ച് കസേരയിൽ ഇരുന്ന അയാൾ ഗ്രില്ലിനടുത്തേക്ക് മുഖം ചേർത്തു.
“ഞാൻ ചെയ്ത പാപങ്ങൾക്ക് എന്നോട് പൊറുത്താലും ഫാദർ…” റഷ്യൻ ഭാഷയിൽ ചെർണി പറഞ്ഞു.
“അത് കൊള്ളാമല്ലോ, പോൾ…” ഗ്രില്ലിന്റെ അപ്പുറത്ത് നിന്നും വന്ന മറുപടിയും റഷ്യൻ ഭാഷയിൽത്തന്നെ ആയിരുന്നു. “ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേൾക്കുക… അതിന് ശേഷവും നിങ്ങൾക്ക് പുഞ്ചിരിക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കാം നമുക്ക്…”
കുഖോളിൻ പറഞ്ഞത് മുഴുവനും ശ്രദ്ധിച്ച് കേട്ടതിന് ശേഷം ചെർണി ചോദിച്ചു. “നമ്മളിനി എന്തു ചെയ്യാനാണ് പോകുന്നത്…?”
“പരിഭ്രമിക്കാനൊന്നുമില്ല… ഞാൻ ആരാണെന്ന് അവർക്കറിയില്ല… പിന്നെ, ലെവിനെ വകവരുത്തിയത് ഞാനാണെന്ന കാര്യം അവർ കണ്ടുപിടിക്കുമെന്നും തോന്നുന്നില്ല…”
“പക്ഷേ, എന്റെ കാര്യമോ…?” ചെർണി ഉത്കണ്ഠപ്പെട്ടു. “ഡ്രമോറിലെ ആ പഴയ കാലത്തെക്കുറിച്ച് ലെവിൻ അവരോട് പറഞ്ഞിട്ടുള്ള സ്ഥിതിയ്ക്ക് അതിൽ എന്റെ റോളിനെക്കുറിച്ചും അയാൾ പറഞ്ഞിട്ടുണ്ടാകണം…”
“തീർച്ചയായും… നിങ്ങളിപ്പോൾ നിരീക്ഷണത്തിന് കീഴിലാണ്… പക്ഷേ, ബ്രിട്ടീഷ് ഇന്റലിജൻസിന്റെയല്ല, IRA യുടെ… അതുകൊണ്ട് അത്രയൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല… മോസ്കോയുമായി ബന്ധപ്പെടൂ… ഈ സംഭവവികാസങ്ങളെല്ലാം മസ്‌ലോവ്സ്കി അറിയേണ്ടതുണ്ട്… ഒരു പക്ഷേ, നമ്മളോട് തിരികെ ചെല്ലാൻ ആവശ്യപ്പെട്ടേക്കാം… ഇന്ന് രാത്രി നിങ്ങൾക്ക് ഞാൻ ഫോൺ ചെയ്യാം… പിന്നെ, നിങ്ങളെ പിന്തുടരുന്നവരെക്കുറിച്ച് വേവലാതിപ്പെടേണ്ട… അക്കാര്യം ഞാൻ നോക്കിക്കോളാം…”
ചെർണി പുറത്തിറങ്ങി. വാതിലിന്റെ വിടവിലൂടെ കുഖോളിൻ ആ പരിസരം വീക്ഷിച്ചു. ഒരു തൂണിന്റെ മറവിൽ നിന്നും പുറത്തു വന്ന മിഷേൽ മർഫി, ചെർണിയെ അനുഗമിക്കുന്നു. പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും പുറത്തിറങ്ങിയ വൃദ്ധയായ ഒരു തൂപ്പുകാരി വാതിൽ അടച്ചിട്ട് കുമ്പസാരക്കൂടുകൾക്ക് അരികിലേക്ക് നടന്നടുത്തു. കറുത്ത ളോഹയും വയലറ്റ് നിറമുള്ള മേലങ്കിയും ധരിച്ച കുഖോളിൻ കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തിറങ്ങി.
“കഴിഞ്ഞുവോ ഫാദർ…?” ആ തൂപ്പുകാരി ചോദിച്ചു.
“കഴിഞ്ഞു, എല്ലീ…” ആകർഷകമായ പുഞ്ചിരിയോടെ അവരുടെ നേർക്ക് തിരിഞ്ഞ് തന്റെ മേലങ്കി മടക്കിക്കൊണ്ട് ഫാദർ ഹാരി ക്യുസെയ്ൻ പറഞ്ഞു.
***
ഇനി കോളേജിലേക്ക് മടങ്ങുക എന്നതല്ലാതെ മറ്റൊരു പരിപാടിയും ചെർണിയ്ക്ക് ഉണ്ടാകില്ല എന്ന ധാരണയിൽ അല്പം അകലം പാലിച്ച് മർഫി അയാളെ പിന്തുടർന്നു. ചെർണി അടുത്തു കണ്ട ടെലിഫോൺ ബൂത്തിലേക്ക് കയറി. അധികനേരമൊന്നും അയാൾ അതിനകത്ത് ചെലവഴിച്ചില്ല. മഴയിൽ നിന്ന് രക്ഷ തേടിയെന്നോണം ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നിരുന്ന മർഫി വീണ്ടും അയാളെ അനുഗമിച്ചു.
പെട്ടെന്നാണ് ഒരു കാർ വന്ന് അയാളുടെ മുന്നിൽ നടപ്പാതയിലേക്ക് കയറ്റി ഒതുക്കി നിർത്തിയത്. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയ ഒരു വൈദികൻ കാറിന്റെ മുൻഭാഗത്ത് ചെന്ന് കുനിഞ്ഞ് ടയർ പരിശോധിച്ചു. പിന്നെ നിവർന്ന് ചുറ്റുപാടും നോക്കിയപ്പോഴാണ് മർഫിയെ കണ്ടത്. “ഒരു മിനിറ്റ് സമയമുണ്ടാകുമോ…?” ആ വൈദികൻ ചോദിച്ചു.
നടപ്പിന്റെ വേഗത കുറച്ച മർഫി തെല്ല് നീരസത്തോടെ പറഞ്ഞു. “സോറി ഫാദർ… അത്യാവശ്യമായി ഒരിടത്തേക്ക് പോകുകയാണ്…”
മർഫിയുടെ കൈമുട്ടിന് മുകളിൽ ആ വൈദികൻ പിടി മുറുക്കി. തന്റെ വാരിയെല്ലുകൾക്കിടയിൽ ഒരു വാൾട്ടർ പിസ്റ്റളിന്റെ കുഴൽ അമരുന്നത് അയാൾ അറിഞ്ഞു. “എന്റെയൊപ്പം മുന്നോട്ട് നടന്നോളൂ… വെറുതെ ബലപ്രയോഗത്തിന് മുതിർന്ന് ആ നിൽക്കുന്ന കൊച്ചു കുട്ടിയെ ഭയപ്പെടുത്തണ്ട…” വൈദികൻ പറഞ്ഞു.
കൽപ്പടവുകളുടെ മുകളിലേക്ക് ആ വൈദികൻ മർഫിയെ ഉന്തിക്കയറ്റി. അവിടെ നിന്നും താഴോട്ടിറങ്ങിയാൽ ബോട്ട് ജെട്ടിയായി. പഴകി ദ്രവിച്ചു തുടങ്ങിയ പലകകൾക്ക് മുകളിലൂടെ നടക്കവെ അവരുടെ കാലടിയൊച്ച അവിടെങ്ങും പ്രതിധ്വനിച്ചു. തകർന്നു തുടങ്ങിയ മേൽക്കൂരയുള്ള ബോട്ട് ഹൗസിന്റെ തറയിൽ പലകകൾ ദ്രവിച്ച് വലിയ വിടവുകളുണ്ടായിരുന്നു. ഭയമേതുമില്ലാതെ, ഒരു പ്രത്യാക്രമണത്തിനുള്ള ഊഴവും കാത്ത് ശ്രദ്ധയോടെ മർഫി നീങ്ങി.
“ഇവിടെ നിൽക്കാം…” ഫാദർ ക്യുസെയ്ൻ പറഞ്ഞു.
മർഫി നടത്തം നിർത്തി. ക്യുസെയ്ൻ അയാളുടെ തൊട്ടു പിന്നിൽത്തന്നെയുണ്ട്. മർഫിയുടെ കൈ റെയിൻകോട്ടിന്റെ പോക്കറ്റിൽ വിശ്രമിക്കുന്ന ഓട്ടോമാറ്റിക്ക് പിസ്റ്റളിൽത്തന്നെയാണ്. “നിങ്ങൾ ശരിക്കും ഒരു വൈദികനാണോ…?” അയാൾ ചോദിച്ചു.
“ഓ, യെസ്…” ക്യുസെയ്ൻ പറഞ്ഞു. “അത്ര നല്ലവനൊന്നുമല്ല… പക്ഷേ, ഞാനൊരു യാഥാർത്ഥ്യമാണ്…”
മർഫി സാവധാനം തിരിഞ്ഞു. റെയിൻകോട്ടിനുള്ളിൽ നിന്നും അയാളുടെ കൈ മുകളിലേക്ക് ഉയർന്നുവെങ്കിലും വൈകിപ്പോയിരുന്നു. ഫാദർ ക്യുസെയ്ന്റെ കൈയിലെ വാൾട്ടർ പതിഞ്ഞ സ്വരത്തിൽ രണ്ടു തവണ ചുമച്ചു. ചുമലിലേറ്റ ആദ്യ വെടിയുണ്ടയിൽ ഒന്ന് വട്ടം തിരിഞ്ഞ മർഫി രണ്ടാമത്തെ വെടിയുണ്ടയുടെ ആഘാതത്തിൽ മുന്നോട്ടാഞ്ഞ് തലകീഴായി തറയിലെ വിടവിലൂടെ താഴെ വെള്ളത്തിലേക്ക് വീണു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
മർഫിയ്ക്ക് അറിയില്ലല്ലോ, "ഫാദർ" അത്ര നല്ലവൻ ഒന്നും അല്ലെന്ന്
ReplyDeleteഅതെ... അങ്ങനെ പാവം മർഫിയും കഥാവശേഷനായി...
Deleteആ കത്തനാരെ എനിക്ക് തുടക്കം മുതലേ സംശയമുണ്ടായിരുന്നു..
ReplyDeleteകള്ള ബഡുവ.. നിന്റെ നാളുകൾ എണ്ണപ്പെട്ടു!
പക്ഷേ, നമ്മുടെ ഡെവ്‌ലിന് അയാളെ ഇനിയും മനസ്സിലായിട്ടില്ല...
Deleteവിവരങ്ങൾ എങ്ങനെ ലീക്കാവുന്നു എന്ന് മനസ്സിലായില്ലേ ഇപ്പോൾ...?
ശ്ശേടാ... എവിടെയും അപകടം ആണല്ലോ.
ReplyDeleteആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം...
Deleteഇത്രേം കാലത്തിനിടെ ഒരാളെ നേരത്തേ സംശയിച്ചത് ശരിയായി വന്നു.
ReplyDeleteങ്ഹെ...! അരുൺ വായിക്കുന്നുണ്ടായിരുന്നോ ഇത്...? സന്തോഷമായി...
Deleteഫാദർ ഹാരി ക്യുസെയ്ൻ... ഡാ ഡാ കള്ളപ്പാതിരി .. നിന്നെ നുമ്മ പിടിച്ചോളാം കേട്ടോ
ReplyDeleteനമുക്കവനെ പൂട്ടണം...
Delete