Wednesday, July 26, 2023

കൺഫെഷണൽ – 22

ഈ നോവൽ തുടക്കം  മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡബ്ലിനിലെ സോവിയറ്റ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആയ ദിമിത്രി ലുബോവ് യഥാർത്ഥത്തിൽ ഒരു KGB ചാരൻ തന്നെയായിരുന്നു. പരിമിതമായ വാക്കുകളിലുള്ള ചെർണിയുടെ സന്ദേശം ലഭിച്ച ഉടൻ തന്നെ ഓഫീസിന് പുറത്തിറങ്ങി അയാൾ സിറ്റി സെന്ററിലുള്ള സിനിമാ തീയേറ്ററിലേക്ക് പോയി. താരതമ്യേന ഇരുട്ട് ഉണ്ടെന്നത് മാത്രമായിരുന്നില്ല, ഉച്ചയ്ക്കുള്ള പ്രദർശനത്തിന് അധികമാരും വരാറില്ലാത്തതിനാൽ അത്യാവശ്യം സ്വകാര്യതയും ലഭിക്കും എന്നതായിരുന്നു കാരണം. ഏറ്റവും പിറകിലെ നിരയിൽ പോയി ഇരുന്ന് അയാൾ ചെർണിയ്ക്കായി വെയ്റ്റ് ചെയ്തു. ഏതാണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചെർണി എത്തി.

 

“അത്രയ്ക്ക് അർജന്റാണോ പോൾ?” ലുബോവ് ആരാഞ്ഞു. “നേരത്തെ പറഞ്ഞുറപ്പിച്ച ദിവസങ്ങളിലല്ലാതെ അങ്ങനെയൊന്നും നാം സന്ധിക്കുന്ന പതിവില്ലല്ലോ

 

“അതെ, വളരെ അർജന്റാണ്” ചെർണി പറഞ്ഞു. “കുഖോളിനെ അവർ തിരിച്ചറിഞ്ഞിരിക്കുന്നു എത്രയും പെട്ടെന്ന് മസ്‌ലോവ്സ്കിയെ വിവരം അറിയിക്കേണ്ടതുണ്ട് ഒരു പക്ഷേ, നമ്മളെ അദ്ദേഹം തിരിച്ചു വിളിച്ചേക്കാം

 

“അങ്ങിനെയോ?” ലുബോവ് പരിഭ്രാന്തനായി. “ഓഫീസിൽ എത്തിയ ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിവരമറിയിക്കാം എന്തൊക്കെയാണുണ്ടായതെന്ന് വിശദമായി പറയൂ

 

                                              ***

 

ഡെവ്‌ലിൻ തന്റെ കോട്ടേജിലെ സ്റ്റഡീറൂമിൽ, വിദ്യാർത്ഥികളിലൊരാൾ സമർപ്പിച്ച ടി.എസ് എലിയറ്റിനെക്കുറിച്ചുള്ള പ്രബന്ധം പരിശോധിച്ചു കൊണ്ടിരിക്കവെയാണ് ഫോൺ റിങ്ങ് ചെയ്തത്. ഫെർഗൂസൺ ആയിരുന്നുവത്.

 

“എല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ് നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആരിൽ നിന്നോ വിവരങ്ങൾ ചോരുന്നുണ്ട് ഈ ലോകത്ത് ഏറ്റവുമധികം വിശ്വസിക്കാവുന്നവരാണ് IRA പ്രവർത്തകർ എന്നൊക്കെ പറയുന്നത് വെറുതെയാണ്” ഫെർഗൂസൺ പറഞ്ഞു.

 

“പരസ്പരം ചെളിവാരിയെറിഞ്ഞതു കൊണ്ട് നാം എവിടെയുമെത്തില്ല” ഡെവ്‌ലിൻ പറഞ്ഞു. “താങ്കൾക്കിപ്പോൾ എന്താണ് വേണ്ടത്?”

 

“താന്യാ വൊറോണിനോവ” ഫെർഗൂസൺ പറഞ്ഞു. “ഹാരി അവളെക്കുറിച്ച് പറഞ്ഞിരുന്നില്ലേ നിങ്ങളോട്?”

 

“ഡ്രമോറിലെ അന്നത്തെ ആ കൊച്ചു പെൺകുട്ടി മസ്‌ലോവ്സ്കി ദത്തെടുത്ത കുട്ടി അവൾക്കെന്ത് പറ്റി?”

 

“കുറച്ചു ദിവസത്തെ പിയാനോ കൺസെർട്ടുമായി അവൾ ഇപ്പോൾ പാരീസിലുണ്ട് ഒരു KGB ജനറലിന്റെ ദത്തുപുത്രി എന്ന നിലയിൽ അളവറ്റ സ്വാതന്ത്ര്യമാണ് അവൾക്കുള്ളത് അതുകൊണ്ടു തന്നെ അവളുടെ ജീവനും അങ്ങേയറ്റം റിസ്കിലാണെന്ന് പറയേണ്ടി വരും നിങ്ങൾ അവിടെ ചെന്ന് അവളെ കാണണം വൈകിട്ട് ഡബ്ലിനിൽ നിന്നും പാരീസിലേക്ക് ഒരു ഡയറക്റ്റ് ഫ്ലൈറ്റ് ഉണ്ട് എയർ ഫ്രാൻസിന്റെ വെറും രണ്ടര മണിക്കൂർ മാത്രം

 

“അവിടെ ചെന്നിട്ട് ഞാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്? അയർലണ്ടിൽ രാഷ്ട്രീയ അഭയത്തിനായി നിർബന്ധിക്കാനോ?”

 

“അതിപ്പോൾ പറയാനാവില്ല കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ ചിലപ്പോൾ അവൾ ആഗ്രഹം പ്രകടിപ്പിച്ചേക്കാം എന്തായാലും അവളെ പോയി കാണൂ ലിയാം അതിൽ പ്രത്യേകിച്ചൊരു ദോഷവും വരാനില്ല

 

“ഓൾറൈറ്റ്” ഡെവ്‌ലിൻ പറഞ്ഞു. “ഇടയ്ക്കൊക്കെ അല്പം ഫ്രഞ്ച് വായു ശ്വസിക്കുന്നത് നല്ലതാണ്

 

“എന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുമെന്ന് എനിക്കറിയാമായിരുന്നു” ഫെർഗൂസൺ പറഞ്ഞു. “ഡബ്ലിൻ എയർപോർട്ടിലെ എയർ ഫ്രാൻസ് ഡെസ്കിൽ റിപ്പോർട്ട് ചെയ്യൂ നിങ്ങൾക്കുള്ള ടിക്കറ്റ് ഞാൻ റിസർവ്വ് ചെയ്തിട്ടുണ്ട് പാരീസിൽ ചാൾസ് ഡിഗോൾ എയർപോർട്ടിൽ ഞങ്ങളുടെ ഒരാൾ നിങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും ഹണ്ടർ എന്നാണ് പേര് ബാക്കി കാര്യങ്ങളെല്ലാം അയാൾ നോക്കിക്കോളും

 

“അക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല” ഡെവ്‌ലിൻ ഫോൺ കട്ട് ചെയ്തു.

 

തന്റെ ബാഗ് പായ്ക്ക് ചെയ്യുമ്പോൾ അളവറ്റ ആഹ്ലാദത്തിലായിരുന്നു ഡെവ്‌ലിൻ. ഹാങ്കറിൽ നിന്നും ട്രെഞ്ച്കോട്ട് എടുക്കവെയാണ് ഫോൺ വീണ്ടും റിങ്ങ് ചെയ്തത്. മാർട്ടിൻ മക്ഗിനസ് ആയിരുന്നുവത്. “നല്ല വാർത്തയല്ലല്ലോ ലിയാം വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?”

 

എല്ലാം കേട്ടു കഴിഞ്ഞതും മക്ഗിനസ് പൊട്ടിത്തെറിച്ചു. “എന്ന് വച്ചാൽ ആ ബാസ്റ്റർഡ് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന്?”

 

“അങ്ങനെയാണ് മനസ്സിലാവുന്നത് പക്ഷേ, ലെവിൻ ഇങ്ങോട്ട് വരുന്ന കാര്യം അയാൾ എങ്ങനെ അറിഞ്ഞു? അയാളെ തിരിച്ചറിയാൻ കഴിയുന്ന ഏക വ്യക്തിയായിരുന്നു ലെവിൻ

 

“നിങ്ങളത് എന്നോട് ചോദിക്കാൻ കാരണം?”

 

“കാരണം, നിങ്ങളുടെ പക്ഷത്ത് നിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് ഫെർഗൂസൺ സംശയിക്കുന്നു” ഡെവ്‌ലിൻ പറഞ്ഞു.

 

“അയാളോട് പോകാൻ പറ

 

“ആ പറഞ്ഞതിനോടെനിക്ക് യോജിപ്പില്ല മാർട്ടിൻ പിന്നെ, ഞാൻ അല്പം തിരക്കിലാണ് വൈകിട്ടത്തെ പാരീസ് ഫ്ലൈറ്റ് പിടിക്കണം

 

“പാരീസ്? അങ്ങോട്ടെന്തിനാണ് പോകുന്നത്?”

 

“താന്യാ വൊറോണിനോവ എന്നൊരു യുവതിയെ കാണാൻ ഒരു പക്ഷേ, അവൾക്ക് കുഖോളിനെ തിരിച്ചറിയാനായേക്കും അവിടെയെത്തിയിട്ട് വിവരമറിയിക്കാം ഞാൻ

 

അദ്ദേഹം റിസീവർ താഴെ വച്ചു. പുറപ്പെടാനായി ബാഗ് എടുത്തതും ഫ്രഞ്ച് വിൻഡോയിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. വാതിൽ തുറന്ന് ഹാരി ക്യുസെയ്ൻ പ്രവേശിച്ചു.

 

“സോറി, ഹാരീ ഞാൻ എയർപോർട്ടിലേക്ക് പോകുകയാണ് ഇനിയും വൈകിയാൽ ഫ്ലൈറ്റ് മിസ്സാകും” ഡെവ്‌ലിൻ പറഞ്ഞു.

 

“ങ്ഹെ! എങ്ങോട്ടാണ് പെട്ടെന്നുള്ള ഈ യാത്ര?” ക്യുസെയ്ൻ ആരാഞ്ഞു.

 

“പാരീസ്” പുഞ്ചിരിയോടെ ഡെവ്‌ലിൻ ഫ്രണ്ട് ഡോർ തുറന്നു. “ഷാമ്പെയ്ൻ, തരുണീമണികൾ,  വൈവിദ്ധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ വൈദികവൃത്തി തെരഞ്ഞെടുക്കുവാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ ഹാരീ ഇപ്പോൾ?”

 

വാതിൽ വലിച്ചടച്ച് ഡെവ്‌ലിൻ പുറത്തിറങ്ങി. കാറിന്റെ എഞ്ചിൻ സ്റ്റാർട്ടായി അകന്നു പോകുന്ന ശബ്ദം കേട്ടതും ഫ്രഞ്ച് വിൻഡോ വഴി പുറത്തിറങ്ങിയ ക്യുസെയ്ൻ ഹോസ്പിറ്റലിന്റെ പിൻഭാഗത്തുള്ള തന്റെ കോട്ടേജിലേക്ക് ഓടി. മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ അയാൾ വാട്ടർ ടാങ്കിന്റെ പിന്നിൽ കോൾ ടാപ്പിങ്ങ് ഉപകരണം സൂക്ഷിച്ചിരിക്കുന്ന രഹസ്യ മുറിയിലെത്തി. ആ ഉപകരണത്തിലെ ടേപ്പ് തിടുക്കത്തിൽ റീവൈൻഡ് ചെയ്ത് താൻ എത്തുന്ന സമയം വരെ ഡെവ്‌ലിൻ നടത്തിയ വിവിധ സംഭാഷണങ്ങൾ ശ്രദ്ധയോടെ കേട്ടു. ഒടുവിൽ, മക്ഗിനസുമായി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ആ സംഭാഷണവും.

 

പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. സ്വയം ശപിച്ചുകൊണ്ട് അയാൾ താഴേക്ക് ചെന്നു. പിന്നെ ഫോൺ എടുത്ത് പോൾ ചെർണിയുടെ നമ്പർ ഡയൽ ചെയ്തു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. വൈകിയ വേളയിൽ ദ്രുതഗതിയിൽ നീക്കങ്ങൾ

    ReplyDelete
    Replies
    1. അതെ... ഡെവ്‌ലിൻ എയർപോർട്ടിൽ എത്തിക്കഴിഞ്ഞു...

      Delete
  2. അങ്ങനെ നായകൻ നായികയെ കണ്ടുമുട്ടാൻ പോകുന്നു!

    ReplyDelete
    Replies
    1. അതെ... എല്ലാവരും കാത്തിരിക്കുന്ന ആ സമയം‌ ആഗതമാവുന്നു...

      Delete
  3. ശ്ശേടാ.. എന്തൊക്കെ തന്ത്രങ്ങൾ 😇

    ReplyDelete
    Replies
    1. അതെ... പക്ഷേ, ഡെവ്‌ലിന് ഇപ്പോഴും ഇതൊന്നും അറിവില്ല എന്നതാണ്‌ ആശങ്കയ്ക്ക് ഇട നൽകുന്നത്...

      Delete
  4. ഹമ്.. ഇത്തിരി ഭാഗ്യം കൂടി വേണം എല്ലാ കളികളും ജയിക്കാൻ

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം നമുക്ക്...

      Delete