ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
മെയിൻ ഹൈവേയിൽ നിന്നും ബില്ലി വൈറ്റ് വീതി കുറഞ്ഞ പാതയിലേക്ക് കാർ തിരിച്ചു. ഇരുഭാഗത്തും ഫിർ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ റോഡ് കിൽറിയയിലേക്ക് ഉള്ളതായിരുന്നു. “ഇനി അധികദൂരമില്ല…” അയാൾ ഇടതുവശത്തേക്ക് തല തിരിച്ച്, പിൻസീറ്റിലിരിക്കുന്ന ലെവിനോട് പറഞ്ഞു. അപ്പോഴാണ് പിൻഭാഗത്തെ വിൻഡോയിലൂടെ അയാൾ അത് കണ്ടത്. ഒരു മോട്ടോർസൈക്കിൾ ഹൈവേയിൽ നിന്നും തിരിഞ്ഞ് തങ്ങളുടെ പിന്നാലെ വരുന്നു.
ബില്ലി വൈറ്റ് കാറിന്റെ വേഗത കുറച്ചു. “എന്തു പറ്റി…?” ലെവിൻ ചോദിച്ചു.
“ഒരു ഗോർഡി…” ബില്ലി പറഞ്ഞു. “നിങ്ങളുടെ നാട്ടിൽ പോലീസ് എന്ന് പറയും… വേഗപരിധിയിൽ നിന്നും ഒരു മൈൽ കൂടിയാൽ പോലും അവർ പിഴ ചുമത്തും… പന്നികൾ…”
അവർക്കൊപ്പമെത്തിയ ആ പോലീസുകാരൻ കൈ ഉയർത്തി വാഹനം നിർത്തുവാൻ ആജ്ഞാപിച്ചു. കറുത്ത കണ്ണടയും ക്രാഷ് ഹെൽമറ്റും ധരിച്ച അയാളുടെ മുഖം ഒട്ടും തന്നെ കാണുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ദ്വേഷ്യത്തോടെ ബില്ലി വൈറ്റ് കാർ സൈഡിലേക്ക് ഒതുക്കി നിർത്തി. “ഇയാൾക്കിപ്പോൾ എന്താണ് വേണ്ടത്…? വേഗതയാണെങ്കിൽ മുപ്പത് മൈലിന് മുകളിൽ ഒരിഞ്ച് പോലും പോയിട്ടില്ലല്ലോ…” അയാൾ നീരസം പ്രകടിപ്പിച്ചു.
വർഷങ്ങളായി നടക്കുന്ന കലാപങ്ങൾക്കിടയിലും ഇപ്പോഴും ജീവനോടെയിരിക്കുന്നത് തന്റെ മുൻകരുതൽ ഒന്നുകൊണ്ടു മാത്രമാണ്. റെയിൻകോട്ടിന്റെ ഇടതുപോക്കറ്റിൽ വിശ്രമിക്കുന്ന റിവോൾവറിൽ കൈ വച്ചു കൊണ്ട് അയാൾ കാറിന് പുറത്തിറങ്ങി. ആ പോലീസുകാരൻ മോട്ടോർസൈക്കിൾ സ്റ്റാൻഡിൽ വച്ചു. അയാളുടെ റെയിൻകോട്ട് നനഞ്ഞു കുതിർന്നിരുന്നു. കൈയിലെ ഗ്ലൗസ് ഊരിമാറ്റിക്കൊണ്ട് അയാൾ തിരിഞ്ഞു.
“രാവിലെ തന്നെ എന്താണ് നിങ്ങൾക്ക് വേണ്ടത്, ഓഫീസർ…?” അല്പം ഗൗരവത്തോടെ ബില്ലി ചോദിച്ചു.
ആ പോലീസുകാരന്റെ വലതുപോക്കറ്റിൽ നിന്നും പുറത്തെടുത്ത കൈയിൽ കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ച ഒരു വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. പക്ഷേ, കലാപകലുഷിതമായ തന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തിൽ മാത്രമാണ് ബില്ലി വൈറ്റ് അത് ശ്രദ്ധിച്ചത്. തിടുക്കത്തിൽ പോക്കറ്റിൽ നിന്നും റിവോൾവർ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും വൈകിപ്പോയിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അയാളുടെ ഹൃദയത്തിൽ ബുള്ളറ്റ് തുളഞ്ഞു കയറി. പിറകോട്ട് മറിഞ്ഞ് കാറിൽ ചെന്നിടിച്ച് മുന്നോട്ട് കുനിഞ്ഞ് അയാൾ റോഡിൽ കമഴ്ന്നു വീണു.
ഇതെല്ലാം കണ്ട് കാറിന്റെ പിൻസീറ്റിൽ മരവിച്ച് ഇരിക്കുകയായിരുന്നുവെങ്കിലും ലെവിന് അശേഷം ഭയം തോന്നിയില്ല. ഒരുപക്ഷേ, തന്റെ ജീവിതത്തിൽ അനിവാര്യമായതെല്ലാം സംഭവിച്ചേ തീരൂ എന്നതായിരിക്കാം നിയോഗം എന്ന ചിന്തയോടെ നിസ്സംഗനായി അയാൾ ഇരുന്നു. ഡോർ തുറന്ന് ആ പോലീസുകാരൻ ഉള്ളിലേക്ക് നോക്കി. ഒരു നിമിഷം കഴിഞ്ഞ് അയാൾ തന്റെ കണ്ണട നെറ്റിയിലേക്ക് ഉയർത്തി.
അമ്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും ലെവിൻ അയാളെ തുറിച്ചു നോക്കി. “ദൈവമേ…!” റഷ്യൻ ഭാഷയിൽ ലെവിൻ മന്ത്രിച്ചു. “നിങ്ങളോ…?”
“അതെ…” റഷ്യൻ ഭാഷയിൽത്തന്നെ കുഖോളിൻ പ്രതിവചിച്ചു. “ഞാൻ തന്നെ…” അയാളുടെ കൈയിലെ പിസ്റ്റൾ ചെറുതായൊന്ന് ചുമച്ചു. വെടിയുണ്ട ആ വൃദ്ധന്റെ തലയിൽ തുളഞ്ഞു കയറി.
പിസ്റ്റൾ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് കുഖോളിൻ തിരിഞ്ഞ് ബൈക്കിനരികിൽ ചെന്ന് സ്റ്റാർട്ട് ചെയ്ത് സ്റ്റാൻഡിൽ നിന്നും ഇറക്കി ഓടിച്ചു പോയി. ഏതാണ്ട് അഞ്ചു മിനിറ്റ് കഴിഞ്ഞു കാണില്ല, എന്നും രാവിലെ ഗ്രാമത്തിൽ ബ്രെഡ് സപ്ലൈ ചെയ്യാറുള്ള വാൻ ആ അരുംകൊല നടന്ന സ്ഥലത്ത് എത്തി ബ്രേക്ക് ചെയ്തു. ഡ്രൈവറും അയാളുടെ സഹായിയും പുറത്തിറങ്ങി അങ്കലാപ്പോടെ ആ കാറിനരികിലേക്ക് വന്നു. റോഡിൽ കമഴ്ന്ന് കിടക്കുന്ന ബില്ലി വൈറ്റിനെ ആ ഡ്രൈവർ കുനിഞ്ഞ് നോക്കി. അപ്പോഴാണ് കാറിനുള്ളിൽ നിന്നും ഒരു ഞരക്കം കേട്ട് അയാൾ ഉള്ളിലേക്ക് ശ്രദ്ധിച്ചത്.
“മൈ ഗോഡ്…!” അയാൾ നിലവിളിച്ചു. “ഇതിനകത്തുമുണ്ട് ഒരാൾ… ജീവനുണ്ട്… നിങ്ങൾ വാനുമായി പെട്ടെന്ന് ഗ്രാമത്തിൽ ചെന്ന് ആ ഹോസ്പിറ്റലിലെ ആംബുലൻസ് വിളിച്ചു കൊണ്ടുവരൂ…”
***
ഡെവ്‌ലിൻ താഴെ ഹാളിൽ എത്തുമ്പോൾ ഏതാനും പേർ ചേർന്ന് ഒരു ട്രോളിയിൽ വിക്ടർ ലെവിനെ കാഷ്വാലിറ്റിയിലേക്ക് തള്ളിക്കൊണ്ടു വരുന്നുണ്ടായിരുന്നു.
“സിസ്റ്റർ ആൻ മേരി മൂന്നാം വാർഡിലുണ്ട്… അവർ ഉടൻ എത്തും…” ഡ്യൂട്ടിയിലുള്ള ചെറുപ്പക്കാരിയായ സിസ്റ്ററിനോട് അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരിൽ ഒരുവൻ പറയുന്നത് അദ്ദേഹം കേട്ടു. നിസ്സഹായനായി അവിടെ നിൽക്കുന്ന വാൻ ഡ്രൈവറുടെ കോട്ടിന്റെ കൈയിൽ രക്തം പുരണ്ടിരുന്നു. അയാളുടെ ശരീരമാസകലം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾക്ക് നൽകി. “പറയൂ, എന്താണ് സംഭവിച്ചത്…?”
“ദൈവത്തിനേ അറിയൂ… ഏതാനും മൈൽ അകലെ ഒരു കാർ കിടക്കുന്നത് കണ്ടു… ഒരാൾ അതിനരികിൽ മരിച്ചു കിടക്കുന്നു… വെടിയേറ്റ് ഇയാൾ പിൻസീറ്റിലും… അവർ ആ മൃതദേഹം ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ട്…”
ദുസ്സൂചന മനസ്സിലാക്കിയ ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. ട്രോളിയിൽ മൃതദേഹവുമായി ഒരു ആംബുലൻസ് ജീവനക്കാരൻ തിടുക്കത്തിൽ വരുന്നുണ്ടായിരുന്നു. ബില്ലി വൈറ്റിന്റെ മുഖം ഒറ്റനോട്ടത്തിൽത്തന്നെ ഡെവ്‌ലിൻ തിരിച്ചറിഞ്ഞു. കാഷ്വാലിറ്റിയിൽ നിന്നും ഓടിയെത്തിയ ചെറുപ്പക്കാരിയായ സിസ്റ്റർ ട്രോളിയുടെ അരികിലേക്ക് ഓടിച്ചെന്നു. ആ തക്കം നോക്കി പെട്ടെന്ന് തന്നെ ഉള്ളിലേക്ക് കയറിയ ഡെവ്‌ലിൻ ലെവിന്റെ അരികിലേക്ക് ചെന്നു. ട്രോളിയിൽ കിടന്ന് പതിഞ്ഞ സ്വരത്തിൽ ഞരങ്ങുന്ന അയാളുടെ തലയിലെ മുറിവിൽ രക്തം കട്ട പിടിച്ചു തുടങ്ങിയിട്ടുണ്ട്.
ഡെവ്‌ലിൻ അയാളുടെ നേർക്ക് കുനിഞ്ഞു. “പ്രൊഫസർ ലെവിൻ, ഞാൻ പറയുന്നത് കേൾക്കാമോ താങ്കൾക്ക്…?” ലെവിൻ കണ്ണുകൾ തുറന്നു. “ഞാൻ ലിയാം ഡെവ്‌ലിനാണ്… എന്താണ് സംഭവിച്ചത്…?”
സംസാരിക്കാൻ ശ്രമിച്ച ലെവിൻ കൈ നീട്ടി ഡെവ്‌ലിന്റെ ജാക്കറ്റിൽ പിടിച്ചു. “ഞാനയാളെ തിരിച്ചറിഞ്ഞു… അയാൾ ഇവിടെത്തന്നെയുണ്ട്…”
ലെവിന്റെ കണ്ണിലെ കൃഷ്ണമണികൾ മുകളിലേക്ക് മറിഞ്ഞു. തൊണ്ടയിൽ ശബ്ദം കുറുകി. ഡെവ്‌ലിന്റെ ജാക്കറ്റിൽ പിടിച്ചിരുന്ന കൈ ഊർന്ന് വീണു. അപ്പോഴേക്കും ഓടിയെത്തിയ സിസ്റ്റർ ആൻ മേരി, ഡെവ്‌ലിനെ തള്ളി മാറ്റി ലെവിന്റെ കൈ എടുത്ത് പൾസിന് വേണ്ടി പരതി. ഏതാനും മാത്ര കഴിഞ്ഞ് അവർ പിറകോട്ട് മാറി. “നിങ്ങൾക്ക് ഇയാളെ പരിചയമുണ്ടോ…?”
“ഇല്ല…” ഡെവ്‌ലിൻ പറഞ്ഞത് ഒരു കണക്കിൽ വാസ്തവം തന്നെയായിരുന്നു.
“അഥവാ പരിചയമുണ്ടെങ്കിലും കാര്യമൊന്നും ഇല്ല…” അവർ പറഞ്ഞു. “ഇയാൾ മരിച്ചിരിക്കുന്നു… തലയിൽ വെടിയേറ്റിട്ട് ഇത്രയും സമയം ജീവനോടെയിരുന്നത് തന്നെ അത്ഭുതം…”
അവർ അദ്ദേഹത്തിനരികിലൂടെ ബില്ലിയുടെ മൃതശരീരം കിടത്തിയിരിക്കുന്ന തൊട്ടപ്പുറത്തെ മുറിയിലേക്ക് നടന്നു. ലെവിനെ നോക്കിക്കൊണ്ട് നിൽക്കവെ, കഴിഞ്ഞ രാത്രിയിൽ ഫോക്സ് ഈ വൃദ്ധനെക്കുറിച്ച് പറഞ്ഞത് ഓർക്കുകയായിരുന്നു ഡെവ്‌ലിൻ. വർഷങ്ങളോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ഇയാൾക്ക് റഷ്യയിൽ നിന്നും രക്ഷപെടാനായത്. എന്നിട്ടിപ്പോൾ അന്ത്യം ഇങ്ങനെയും. വല്ലാത്ത ദ്വേഷ്യം തോന്നി അദ്ദേഹത്തിന്. ഈ ജീവിതം എന്ന് പറയുന്നത് എന്താണ് ഇങ്ങനെ ആയിപ്പോയത്…?
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഈ ജീവിതം എന്ന് പറയുന്നത് എന്താണ് ഇങ്ങനെ ആയിപ്പോയത്…?
ReplyDeleteസത്യം, ശ്യാം... ദുഃഖസത്യം...
Deleteഓഹ്! പാവം ലെവിൻ.. ശാന്തമായ ഒരു മരണം പോലും അദ്ദേഹത്തിന് വിധിച്ചിട്ടില്ല..
ReplyDeleteഅതെ... കഷ്ടപ്പെട്ട് റഷ്യയിൽ നിന്നും പലായനം ചെയ്ത് ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടി, ഒടുവിൽ അയർലണ്ടിൽ വച്ച് ഈ വിധം അന്ത്യം...
Deleteപാവം.ജീവിതം എന്ന് പറയുന്നത് എന്താണ് ഇങ്ങനെ ആയിപ്പോയത്…?
ReplyDelete😞
ജീവിതം എന്നാൽ ഇങ്ങനെയൊക്കെയാണ് ശ്രീക്കുട്ടാ...
Deleteതന്റെ ജീവിതത്തിൽ അനിവാര്യമായതെല്ലാം സംഭവിച്ചേ തീരൂ എന്നതായിരിക്കാം നിയോഗം..വല്ലാത്ത അവസ്ഥ
ReplyDeleteമരണം സുനിശ്ചിതമായ അവസ്ഥ... വല്ലാത്തൊരവസ്ഥ...
Deleteകഷ്ടം .. എന്തിനാണാവോ നാമെല്ലാം ഇങ്ങനെ ഓടുന്നത്
ReplyDeleteഅന്തമില്ലാത്ത ഓട്ടം...
Delete