Saturday, August 12, 2023

കൺഫെഷണൽ – 24

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ആ സമയം ജെർജിൻസ്കി സ്ക്വയറിലെ KGB ഹെഡ്ക്വാർട്ടേഴ്സിലുള്ള തന്റെ ഓഫീസിൽ കുഖോളിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ലെഫ്റ്റനന്റ് ജനറൽ ഇവാൻ മസ്‌ലോവ്സ്കി. ഡബ്ലിൻ എംബസിയിലെ ലുബോവ് മുഖേന അയച്ച ചെർണിയുടെ സന്ദേശം ഏതാനും മണിക്കൂറുകൾ മുമ്പ് മാത്രമാണ് മോസ്കോയിൽ എത്തിയത്. എന്തുകൊണ്ടോ, അദ്ദേഹത്തിന്റെ ചിന്തകൾ വർഷങ്ങൾ പിറകിലേക്ക് പാഞ്ഞു. ഉക്രെയിനിലെ ഡ്രമോറിൽ കോരിച്ചൊരിയുന്ന മഴയത്ത് കൈയിൽ തോക്കുമായി നിൽക്കുന്ന കെല്ലി നിർദ്ദേശങ്ങൾ ഒരിക്കലും അനുസരിക്കാത്ത മനുഷ്യൻ

 

വാതിൽ തുറന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ക്യാപ്റ്റൻ ഇഗോർ കുർബ്സ്കി ഒരു കപ്പ് കോഫിയുമായി ഉള്ളിലേക്ക് പ്രവേശിച്ചു. കോഫിയെടുത്ത് സാവധാനം നുകരവെ അദ്ദേഹം ചോദിച്ചു. “ഇഗോർ, നിങ്ങൾക്കെന്ത് തോന്നുന്നു?”

 

“കോമ്രേഡ് ജനറൽ, എന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി നാം ഏല്പിച്ച ജോലികൾ വളരെ ഭംഗിയായിത്തന്നെ കുഖോളിൻ നിർവ്വഹിച്ചിട്ടുണ്ട് പക്ഷേ, ഇപ്പോൾ………

 

“നിങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് മനസ്സിലായി” മസ്‌ലോവ്സ്കി പറഞ്ഞു. “എന്നാൽ ഇപ്പോൾ അങ്ങനെയൊരാൾ ഉണ്ടെന്ന കാര്യം ബ്രിട്ടീഷ് ഇന്റലിജൻസ് മനസ്സിലാക്കിയിരിക്കുന്നു അയാൾ പിടിക്കപ്പെടാൻ ഇനി ഏറെ സമയമൊന്നും വേണ്ട

 

“അതുപോലെ തന്നെ, ചെർണിയും ഏതു നിമിഷവും പിടിക്കപ്പെടാം

 

കതകിൽ ആരോ മുട്ടുന്ന ശബ്ദം. കൈയിൽ ഒരു സിഗ്നൽ മെസേജുമായി ഒരു ഓർഡർലി പ്രവേശിച്ചു. അത് വാങ്ങിയിട്ട് കുർബ്സ്കി അയാളെ പറഞ്ഞയച്ചു. “ഇത് താങ്കൾക്കുള്ളതാണ് സർ ഡബ്ലിനിൽ നിന്നും ലുബോവിന്റെ സന്ദേശമാണ്

 

“വായിക്കൂ” മസ്‌ലോവ്സ്കി ആജ്ഞാപിച്ചു.

 

ആ സന്ദേശത്തിന്റെ ചുരുക്കം ഇതായിരുന്നു. താന്യാ വൊറോണിനോവയെ സന്ധിക്കുന്നതിനായി ഡെവ്‌ലിൻ പാരീസിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. തന്റെ വളർത്തുമകളുടെ പേർ കേട്ടതും ചാടിയെഴുന്നേറ്റ മസ്‌ലോവ്സ്കി കുർബ്സ്കിയുടെ കൈയിൽ നിന്നും ആ സന്ദേശം തട്ടിയെടുത്തു. തന്റെ വളർത്തുമകളോടുള്ള അദ്ദേഹത്തിന്റെ അളവറ്റ സ്നേഹം അത്ര രഹസ്യമൊന്നും ആയിരുന്നില്ല. പ്രത്യേകിച്ചും ഭാര്യയുടെ മരണശേഷം. പൊതുവേ ക്രൂരനും മനുഷ്യത്വമില്ലാത്തവനുമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും താന്യാ വൊറോണിനോവയോടുള്ള അദ്ദേഹത്തിന്റെ പിതൃസ്നേഹം തികച്ചും യഥാർത്ഥമായിരുന്നു.

 

“ശരി” അദ്ദേഹം കുർബ്സ്കിയോട് പറഞ്ഞു. “പാരീസ് എംബസിയിൽ നമ്മുടെ ഏറ്റവും വിശ്വസ്തൻ ആരാണ് ബെലോവ് അല്ലേ?”

 

“അതെ കോമ്രേഡ്

 

“ഇപ്പോൾത്തന്നെ ഒരു മെസേജ് അയയ്ക്കൂ താന്യയുടെ കൺസെർട്ട് ടൂർ ക്യാൻസൽ ചെയ്തിരിക്കുന്നു തർക്കങ്ങളൊന്നും വേണ്ട മോസ്കോയിൽ തിരിച്ചെത്തുന്നത് വരെ അവളുടെ സമ്പൂർണ്ണ സുരക്ഷയും ഏർപ്പാടാക്കണം

 

“കുഖോളിന്റെ കാര്യമോ?”

 

“അയാളെ ഏല്പിച്ച കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്തല്ലോ ഇനിയിപ്പോൾ.”

 

“അയാളെ തിരികെ കൊണ്ടുവരുന്നോ?”

 

“ഇല്ല അതിനുള്ള സമയമില്ല പെട്ടെന്നുള്ള ഒരു നീക്കമാണ് ഇപ്പോൾ വേണ്ടത് ഉടൻ തന്നെ ഡബ്ലിനിലേക്ക് ലുബോവിന് ഒരു സന്ദേശമയയ്ക്കൂ കുഖോളിനെ ഇല്ലാതാക്കേണ്ടിയിരിക്കുന്നു അതുപോലെ തന്നെ ചെർണിയെയുംഎത്രയും പെട്ടെന്ന്

 

“ഒരു കാര്യം ഞാൻ പറയാനാഗ്രഹിക്കുന്നു ലുബോവിന് ആ കൃത്യം നിർവ്വഹിക്കാനുള്ള കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല” കുർബ്സ്കി പറഞ്ഞു.

 

“എല്ലാവർക്കും നൽകുന്ന ട്രെയിനിങ്ങ് അയാൾക്കും ലഭിച്ചിട്ടുണ്ട് ശരിയല്ലേ? മറ്റൊന്ന്, അവർ ഇരുവരും ഇങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാൻ സാദ്ധ്യതയില്ലാത്ത നിലയ്ക്ക് ലുബോവിന് കാര്യങ്ങൾ എളുപ്പമായിരിക്കും

 

                                                      ***

 

പാരീസിലെ സോവിയറ്റ് എംബസിയിൽ ഇന്റലിജൻസ് സെക്ഷനിലുള്ള കോഡിങ്ങ് മെഷീൻ മുരളുവാൻ തുടങ്ങി. ഓരോ ലൈനും സ്ക്രീനിൽ ഓടിത്തീരുന്നതു വരെ അതിന്റെ ഓപ്പറേറ്റർ കാത്തു നിന്നു. ശേഷം, റെക്കോർഡ് ചെയ്യപ്പെട്ട മാഗ്നറ്റിക്ക് ടേപ്പ് പുറത്തെടുത്ത് അവൾ നൈറ്റ് സൂപ്പർവൈസറുടെ അടുത്തേക്ക് ചെന്നു.

 

“ഇത് സ്ക്രീനിൽ മാത്രം കാണാൻ സാധിക്കുന്ന ഒരു മെസേജാണ്മോസ്കോ KGB യിൽ നിന്നും കേണൽ ബെലോവിനുള്ളത്

 

“അദ്ദേഹം ഇപ്പോൾ നഗരത്തിന് വെളിയിലാണ്” സൂപ്പർവൈസർ പറഞ്ഞു. “ലിയോൺസിലേക്ക് പോയിരിക്കുകയാണെന്ന് തോന്നുന്നു നാളെ ഉച്ച കഴിഞ്ഞേ തിരിച്ചെത്തൂ അതുവരെ നമുക്കൊന്നും തന്നെ ചെയ്യാനാവില്ല അത് ഡീകോഡ് ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ പേഴ്സണൽ കീ തന്നെ വേണം

 

ആ ടേപ്പ് ലോഗ് ചെയ്ത് തന്റെ ഡാറ്റാ ഡ്രോയറിൽ നിക്ഷേപിച്ചിട്ട് അവൾ തന്റെ ജോലിയിൽ മുഴുകി.

 

                                                             ***

 

ഡബ്ലിനിലെ ആബേ തീയേറ്ററിൽ സായാഹ്നം ആഘോഷിക്കുകയായിരുന്നു ദിമിത്രി ലുബോവ്. ബ്രെൻഡൻ ബെഹാന്റെ ‘ദി ഹോസ്റ്റേജ്’ എന്ന നാടകം ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ. അതു കഴിഞ്ഞ് ക്വേയിലുള്ള പേരുകേട്ട ഒരു ഫിഷ് റെസ്റ്റോറന്റിൽ നിന്നും അത്താഴവും കഴിച്ച് എംബസിയിൽ തിരികെയെത്തുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. അപ്പോഴാണ് മോസ്കോയിൽ നിന്നുള്ള ഒരു സന്ദേശം തന്റെ മേശപ്പുറത്ത് കിടക്കുന്നത് കണ്ടത്.

 

മൂന്ന് തവണ വായിച്ചിട്ടും അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ചെർണിയെ മാത്രമല്ല, ഹാരി ക്യുസെയ്നെയും വകവരുത്തുക എന്നതായിരുന്നു അയാളിൽ അർപ്പിതമായ ചുമതല. അതും ഇരുപത്തിനാല് മണിക്കൂറിനകം. വിയർപ്പ് പൊടിയുവാൻ തുടങ്ങിയ അയാളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി KGB യുടെ ഭാഗമായ അയാളെ സംബന്ധിച്ചിടത്തോളം അത്തരം ഒരു നിർദ്ദേശത്തിൽ അത്ഭുതമൊന്നും തോന്നിയില്ല. പക്ഷേ, ഒരു കാര്യം വാസ്തവമായിരുന്നു. കഠിനമായ ട്രെയിനിങ്ങിന് ശേഷമാണ് എത്തിയിരിക്കുന്നതെങ്കിലും ഇതുവരെ ഒരാളെപ്പോലും ലുബോവ് കൊലപ്പെടുത്തിയിട്ടില്ല എന്നത്.

 

                                                          ***

 

റിറ്റ്സ് ഹോട്ടലിലെ തന്റെ സ്വീറ്റിന്റെ ബാത്ത്റൂമിൽ നിന്നും  താന്യാ വൊറോണിനോവ പുറത്ത് വന്നു. വെയ്റ്റർ കൊണ്ടുവന്ന ബ്രേക്ക്ഫസ്റ്റ് ട്രേയിൽ അവൾ ആവശ്യപ്പെട്ട  പ്രകാരം ചായയും ടോസ്റ്റും ഹണിയും ഉണ്ടായിരുന്നു. കാക്കി ഗ്രീൻ ജമ്പ് സ്യൂട്ടും ബ്രൗൺ നിറമുള്ള ലെതർ ബൂട്ട്സും ധരിച്ച അവളെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു മിലിട്ടറി ഉദ്യോഗസ്ഥയുടെ രൂപം തോന്നിച്ചു. ശരാശരി ഉയരം മാത്രമുള്ള, അല്പം നിറം കുറഞ്ഞ, തീക്ഷ്ണ മുഖഭാവത്തോടു കൂടിയ ഒരു യുവതി ആയിരുന്നു താന്യ. നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന കറുത്ത തലമുടി ഇടയ്ക്കിടെ കണ്ണിന് മുകളിൽ നിന്നും വശത്തേക്ക് വകഞ്ഞു മാറ്റുന്നുണ്ടായിരുന്നു അവൾ. അതിൽ തെല്ല് അസ്വസ്ഥത പ്രകടിപ്പിച്ച അവൾ കണ്ണാടിയിൽ നോക്കി മുടി ഒന്നാകെ കൂട്ടിപ്പിടിച്ച് ഒരു ബൺ പോലെ കഴുത്തിന് പിറകിൽ ചുറ്റിക്കെട്ടി. ശേഷം, കസേരയിൽ വന്നിരുന്ന് ബ്രേക്ക്ഫസ്റ്റ് കഴിക്കുവാൻ ആരംഭിച്ചു.

 

കതകിൽ മുട്ടിയിട്ട് അവളുടെ ടൂർ സെക്രട്ടറി നടാഷാ റൂബിനോവ ഉള്ളിലേക്ക് പ്രവേശിച്ചു. നാൽപ്പതുകളുടെ മദ്ധ്യത്തിൽ എത്തി നിൽക്കുന്ന നരച്ച മുടിയുള്ള പ്രസന്നവതിയായ ഒരു വനിത. “എങ്ങനെയുണ്ട് ഇന്നത്തെ പ്രഭാതം?” അവർ ചോദിച്ചു.

 

“സുഖകരം നന്നായി ഉറങ്ങി

 

“നല്ലത് ഇന്ന് ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്കേ ചെല്ലേണ്ടതുള്ളൂ കൺസർവേറ്റൊയറിൽ റിഹേഴ്സലിനായി ചിലപ്പോൾ രാത്രിവരെ നീളാൻ സാദ്ധ്യതയുണ്ട്

 

“അത് പ്രശ്നമില്ല” താന്യ പറഞ്ഞു.

 

“രാവിലെ പുറത്തെവിടെയെങ്കിലും പോകുന്നുണ്ടോ?”

 

“യെസ് കുറച്ച് സമയം ലൂവായിൽ ചെലവഴിച്ചാൽ കൊള്ളാമെന്നുണ്ട്ഇത്തവണ ഒട്ടും ഒഴിവില്ലാതിരുന്നതിനാൽ ഇതുവരെ പോകാൻ പറ്റിയില്ലഒരു പക്ഷേ, ഇനിയൊരു അവസരം ലഭിച്ചില്ലെങ്കിലോ 

 

 “ഞാൻ കൂടെ വരേണ്ടതുണ്ടോ?”

 

“നോ, താങ്ക്സ് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ഒരു മണിയാകുമ്പോഴേക്കും തിരിച്ചെത്തും ലഞ്ചിന് കാണാം നമുക്ക്

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

8 comments:

  1. ബെലോവ് പാരീസിലെ ഓഫീസിൽ തിരികെ എത്തുന്നത് വരെയുള്ള നിർണായക നിമിഷങ്ങൾ!

    ലുബോവിന്റെ കാര്യമാണ് കഷ്ടം.. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥ..

    ReplyDelete
  2. പാവം ലുബോവ്, ധർമസങ്കടത്തിൽ

    ReplyDelete
    Replies
    1. എന്തു ചെയ്യാം... ദുർബല ഹൃദയനായിപ്പോയി...

      Delete
  3. "പക്ഷേ, ഒരു കാര്യം വാസ്തവമായിരുന്നു. കഠിനമായ ട്രെയിനിങ്ങിന് ശേഷമാണ് എത്തിയിരിക്കുന്നതെങ്കിലും ഇതുവരെ ഒരാളെപ്പോലും ലുബോവ് കൊലപ്പെടുത്തിയിട്ടില്ല എന്നത്."

    ആദ്യത്തെ കൊലപാതകത്തിന് മുൻപ് കുഖോളിനും ഇങ്ങനായിരുന്നുരിയ്ക്കും... സാരല്യ, ശീലായിക്കോളും 😇

    ReplyDelete
    Replies
    1. അത് കലക്കി... എന്തായാലും കാത്തിരിക്കാം നമുക്ക്...

      Delete
  4. ഇതാ ഞാൻ കെജിബി യിൽ ചേരാത്തത് ...എപ്പോ തട്ടി കളയും എന്ന് പറയാൻ പറ്റില്ല
    നുമ്മ ഇപ്പോഴും കെല്ലി ഫാൻ ആണ് കെട്ടോ

    ReplyDelete
    Replies
    1. ഇപ്പോഴും കെല്ലിയുടെ ഫാനോ...? ദുഷ്ടാ...

      Delete