ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അവർ ഇരുവരും ട്യൂലറീസ് ഗാർഡൻസിൽ ചെന്ന് ഒരു ബെഞ്ചിൽ ഇരുന്നു. ഡെവ്‌ലിൻ തന്റെ പഴയ സിൽവർ കെയ്സ് തുറന്ന് ഒരു സിഗരറ്റ് എടുത്ത് അവൾക്ക് നീട്ടി. “നീ സിഗരറ്റ് വലിക്കുമോ…?”
“ഇല്ല…”
“ഗുഡ് ഫോർ യൂ… എല്ലാവരും കൂടി നിന്റെ ജീവിതം മുരടിപ്പിച്ചുവോ എന്നൊരു സംശയം… നിന്റെ മുന്നിൽ ഇനിയും വർഷങ്ങൾ ഏറെയുണ്ട് കുട്ടീ…”
പണ്ടൊരിക്കൽ, കുറേയേറെ വർഷങ്ങൾക്ക് മുമ്പ്, ഇതേ വാക്കുകൾ താൻ ഉപയോഗിച്ചത് അദ്ദേഹത്തിനോർമ്മ വന്നു. ഇവളോട് ഏറെക്കുറെ സാമ്യമുള്ള മറ്റൊരു പെൺകുട്ടിയോട്. ഏത് അളവുകോലുകൾ വച്ചു നോക്കിയാലും അത്രയൊന്നും സൗന്ദര്യമില്ലാത്ത ഒരു പെൺകുട്ടി. എങ്കിലും വീണ്ടുമൊരു വട്ടം നോക്കുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ആകർഷകത്വം എന്നും അവളിലുണ്ടായിരുന്നു. കാലമേറെ കടന്നുപോയിട്ടും, മായ്ക്കാൻ ശ്രമിച്ചിട്ടും മായാതെ, മോളി പ്രിയോറിനെക്കുറിച്ചുള്ള ഓർമ്മകൾ ഒരു നൊമ്പരമായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു.
“വിചിത്ര മനുഷ്യൻ തന്നെ…” അവൾ പറഞ്ഞു. “ഒരു സീക്രറ്റ് ഏജന്റാണല്ലേ നിങ്ങൾ…? പക്ഷേ, കണ്ടാൽ പറയില്ല…”
ഡെവ്‌ലിൻ ഉറക്കെ ചിരിച്ചു. മറുവശത്ത് ഹെൻട്രി മൂർ സ്റ്റാളിന് സമീപത്തെ ബെഞ്ചിൽ പത്രം വായിച്ചുകൊണ്ടിരുന്ന ടോണി ഹണ്ടർ അത് കേട്ട് തലയുയർത്തി അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി.
“ഗോഡ് സേവ് ദി ഡേ…” ഡെവ്‌ലിൻ തന്റെ വാലറ്റ് തുറന്ന് ഒരു പഴകിയ വിസിറ്റിങ്ങ് കാർഡ് എടുത്ത് അവൾക്ക് നീട്ടി. “എന്റെ കാർഡ്… ഔദ്യോഗിക സന്ദർശനവേളകളിൽ മാത്രമേ ഞാനിത് പുറത്തെടുക്കാറുള്ളൂ…”
അവൾ അത് ഉറക്കെ വായിച്ചു. “പ്രൊഫസർ ലിയാം ഡെവ്‌ലിൻ, ട്രിനിറ്റി കോളേജ്, ഡബ്ലിൻ.” അവൾ തലയുയർത്തി. “പ്രൊഫസർ ഓഫ് വാട്ട്…?”
“ഇംഗ്ലീഷ് ലിറ്ററേച്ചർ… ഓസ്കാർ വൈൽഡ്, ഷാ, ഓ’കസീ, ബ്രെൻഡൻ ബെഹാൻ, ജെയിംസ് ജോയ്സ്, യേറ്റ്സ് തുടങ്ങിയവരെയൊക്കെ പോലെ… കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്സും ഒക്കെയുണ്ട്… പക്ഷേ, എല്ലാവരും ഐറിഷുകാർ… ശരി, ഇനി ആ കാർഡ് തിരിച്ചു തരുമോ…? എന്റെ കൈയിൽ വേറെയില്ല…” അദ്ദേഹം അത് വാങ്ങി വാലറ്റിനുള്ളിൽ വച്ചു.
“പക്ഷേ, ഇതെങ്ങനെ സാദ്ധ്യമാകും…? പുരാതനവും പ്രസിദ്ധവുമായ ഒരു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർക്ക് എങ്ങനെ ഇതുപോലുള്ള ജോലിയിൽ ഏർപ്പെടുവാൻ കഴിയും…?” അവൾ ചോദിച്ചു.
“നീ ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന് കേട്ടിട്ടുണ്ടോ…?”
“തീർച്ചയായും…”
“എന്റെ പതിനാറാം വയസ്സിലാണ് ആ സംഘടനയിൽ ഞാൻ അംഗമാകുന്നത്… പക്ഷേ, കഴിഞ്ഞ കുറേ കാലമായി അത്ര ആക്ടീവല്ല എന്ന് പറയാം… പ്രൊവിഷണൽ IRA യുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെയും അനുയായികളുടെയും പ്രവൃത്തികളോട് ആശയപരമായി കടുത്ത വിയോജിപ്പുള്ളതുകൊണ്ട്…”
“അതെന്തുകൊണ്ടാണെന്ന് ഞാൻ പറയാം…” അവൾ പുഞ്ചിരിച്ചു. “നിങ്ങൾ റൊമാന്റിക്ക് ആയൊരു ഹൃദയത്തിനുടമയായതുകൊണ്ട്… ശരിയല്ലേ പ്രൊഫസർ ഡെവ്‌ലിൻ…?”
“ആണോ…?”
“അങ്ങനെയുള്ളവർക്കേ വിചിത്രമാണെങ്കിലും ഇത്ര മനോഹരമായി ഈ കറുത്ത കമ്പിളിത്തൊപ്പി ധരിക്കുവാൻ കഴിയൂ… പിന്നെ, മറ്റൊന്നു കൂടി… റെസ്റ്ററന്റുകളിൽ ബോംബ് വച്ച് സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നതിനോട് നിങ്ങൾക്ക് യോജിക്കാനാവുന്നില്ല… അതേ സമയം, രണ്ടാമതൊന്ന് ചിന്തിക്കാതെ ഒരാളെ വെടിവച്ച് കൊലപ്പെടുത്താനും നിങ്ങൾക്ക് മടിയില്ല… എന്തായാലും അപകടകാരിയായ ഒരു മനുഷ്യനുമായാണ് ഇനി ഞാൻ ഇടപഴകേണ്ടി വരിക എന്നുറപ്പായി…”
ഡെവ്‌ലിന് അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. “അങ്ങനെയാണോ നീ കരുതുന്നത്…?”
“അതെ, പ്രൊഫസർ ഡെവ്‌ലിൻ… നിങ്ങളെ ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്… ഒരു യഥാർത്ഥ വിപ്ലവകാരി… പരാജയപ്പെട്ട കാമുകൻ… പക്ഷേ തന്റെ ശ്രമം അവസാനിപ്പിക്കാൻ ഇനിയും തയ്യാറല്ല…”
“മനസ്സിലായില്ല…”
“നിങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന ഗെയിം, പ്രൊഫസർ… ഭ്രാന്തമായ, അപകടകരമായ, മനോഹരമായ ആ ഗെയിം… അത് മാത്രമാണ് നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്… ലെക്ച്ചർ ഹാളിലെ ആ മുരടിച്ച ജീവിതം നിങ്ങളൊരു പക്ഷേ ഇഷ്ടപ്പെടുന്നുണ്ടാവാം… അല്ലെങ്കിൽ ഇഷ്ടമാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടാവാം… പക്ഷേ, അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധം ഉയർന്നയുടൻ തോക്കുമായി ചാടിയിറങ്ങാൻ…………………..”
“എനിക്കൊന്ന് ശ്വാസമെടുക്കാനുള്ള സമയം തരുമോ നീ…?” ഡെവ്‌ലിൻ ചോദിച്ചു.
“ഏറ്റവും ദയനീയം എന്താണെന്ന് വച്ചാൽ…” അദ്ദേഹത്തിന്റെ ചോദ്യം കാര്യമാക്കാതെ അവൾ തുടർന്നു. “ഇവ രണ്ടും നിങ്ങൾ ഇഷ്ടപ്പെടുന്നു… പോരാട്ടത്തിന്റെ ലഹരി ആസ്വദിക്കുമ്പോഴും നിഷ്കളങ്കരായ സാധാരണ മനുഷ്യർക്ക് ജീവഹാനി സംഭവിക്കാതെ ഒരു ക്ലീൻ റെവലൂഷൻ നടന്നു കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു…”
തന്റെ വാഗ്ധോരണിയ്ക്ക് വിരാമമിട്ട് അവൾ സ്വയം നിയന്ത്രിച്ചത് പോലെ ഇരുന്നു.
“എന്നെക്കുറിച്ച് ഇനി എന്തെങ്കിലും പറയാൻ വിട്ടുപോയതായി തോന്നുന്നുണ്ടോ…?” ഡെവ്‌ലിൻ ചോദിച്ചു.
തെല്ല് ചമ്മലോടെ അവൾ പുഞ്ചിരിച്ചു. “ചിലപ്പോൾ ഞാൻ ഇങ്ങനെയാണ്… കീ കൊടുത്തു വച്ചിരിക്കുന്ന ക്ലോക്ക് സ്പ്രിങ്ങ് പോലെ… അത് മുഴുവൻ അഴിഞ്ഞു തീർന്നിട്ടേ നിൽക്കൂ…”
“സമ്മർദ്ദമെല്ലാം മാറി നോർമൽ ആകുന്നതോടെ നീ ഫ്രോയ്ഡ് പറഞ്ഞ ചെപ്പിനുള്ളിലേക്ക് ഒതുങ്ങിക്കൂടുന്നു… ആ വയസ്സൻ മസ്‌ലോവ്സ്കി നിനക്ക് നൽകിയ ആഡംബര ജീവിതത്തിന്റെ പരിണിത ഫലം…”
അവളുടെ മുഖം വലിഞ്ഞു മുറുകി. “അദ്ദേഹത്തെ പരിഹസിക്കുന്നത് എനിക്കിഷ്ടമല്ല… എന്നും എന്നോട് വളരെ നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ… ഒരു പിതാവിന്റെ സ്നേഹം ഞാൻ അറിയുന്നത് അദ്ദേഹത്തിൽ നിന്നാണ്…”
“ആയിരിക്കാം…” ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, എല്ലായ്പ്പോഴും അങ്ങനെ ആയിരുന്നിരിക്കണമെന്നില്ലല്ലോ…”
രോഷത്തോടെ അവൾ അദ്ദേഹത്തെ തുറിച്ചു നോക്കി. “ഓൾറൈറ്റ്, പ്രൊഫസർ ഡെവ്‌ലിൻ… കുറേ നേരമായി നാം അങ്ങുമിങ്ങും തൊടാതെ സംസാരിക്കുന്നു… എന്തിനാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്ന് പറയുവാൻ സമയമായിരിക്കുന്നു…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
👍
ReplyDeleteസന്തോഷം...
Deleteമസ്‌ലോവിസ്കിയുടെ തനിനിറം താന്യയെ ബോധ്യപ്പെടുത്താൻ ഡെവ്‌ലിൻ ഇത്തിരി പാടുപെടുമെന്ന് തോന്നുന്നു..
ReplyDelete(ബൈ ദുബായ്, ഈയിടെ ഒരു ഇംഗ്ലീഷുകാരൻ എന്നോട് പറഞ്ഞു, ലിയാം അല്ല 'ലിയം' എന്നാണ് ഉച്ചരിക്കേണ്ടതെന്ന്.. അയർലൻഡിലെ ലിയം, ഇംഗ്ലണ്ടിലെ വില്യം..)
നമ്മുടെ മനസ്സിൽ പതിഞ്ഞുപോയത് ലിയാം എന്നാണല്ലോ ജിമ്മാ... ഇനിയിപ്പോൾ എന്തു ചെയ്യും...? മാറ്റണോ...?
Deleteഎന്നാപ്പിന്നെ നമുക്ക് ലിയാം തന്നെ മതി ☺️
Delete(പക്ഷേ, ഞങ്ങൾക്കിവിടെ (UK )മാറ്റാതെ രക്ഷയില്ലല്ലോ 🤭)
മാറ്റിക്കോ മാറ്റിക്കോ... ലിയം ജിമ്മൻ എന്ന് മാറ്റിക്കോ... 😊
Deleteഅതെ. ഇത്തിരി പാട് പെടും
ReplyDeleteഎളുപ്പമല്ല... നോക്കാം എന്താവുമെന്ന്...
Deleteദൗത്യം വെളിപ്പെടുത്താൻ സമയമായി
ReplyDeleteഅതെ സുകന്യാജീ...
Deleteഒരു യഥാർത്ഥ വിപ്ലവകാരി… പരാജയപ്പെട്ട കാമുകൻ
ReplyDeleteശെരിക്കും അങ്ങനെ തന്നെ ആണല്ലോ അല്ലെ
പാവം ഡെവ്‌ലിൻ... പാവം മോളി പ്രിയോർ... മറക്കാൻ പറ്റുമോ നമുക്കതെല്ലാം...
Delete