ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അദ്ധ്യായം – 6
വൈകുന്നേരത്തെ കുർബാനയ്ക്കായി ദേവാലയത്തിലെ പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ ഒരുങ്ങവെ ഹാരി ക്യുസെയ്ൻ കണ്ണാടിയിൽ തന്റെ രൂപം മൊത്തത്തിലൊന്ന് വീക്ഷിച്ചു. നാടകം തുടങ്ങുന്നതിന് മുമ്പ് മെയ്ക്കപ്പിനായി ഒരു അഭിനേതാവ് തയ്യാറെടുക്കുന്നത് പോലെ. ആരാണ് താൻ…? അയാൾ ആലോചിച്ചു. ശരിയ്ക്കും ആരാണ് താൻ…? കുഖോളിൻ എന്ന ക്രൂരനായ കൊലയാളിയോ അതോ ഹാരി ക്യുസെയ്ൻ എന്ന വൈദികനോ…? മിഖായേൽ കെല്ലി എന്ന നാമം ഇതിനിടയിൽ എവിടെയും രംഗപ്രവേശം ചെയ്തതേയില്ല. ആ പേര് പാതി മറന്ന ഏതോ സ്വപ്നത്തിലെന്ന പോലെ വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു.
കഴിഞ്ഞ ഇരുപത് വർഷമായി ബഹുമുഖ വ്യക്തിത്വത്തിന്റെ മുഖംമൂടിയും ധരിച്ച് ജീവിക്കുകയാണയാൾ. എങ്കിലും ആ വേഷങ്ങൾ ഒന്നും തന്നെ അയാളുടെ ശരീരത്തിൽ ആവേശിച്ചിരുന്നില്ല. ഒരു തിരക്കഥയിലെന്ന പോലെ, തന്നെ ഏല്പിച്ച വേഷങ്ങൾ ഭംഗിയായി ആടിത്തിമർക്കുകയായിരുന്നു അയാൾ. നാടകം അവസാനിക്കുന്നതോടെ ആ വേഷം അഴിച്ചു വയ്ക്കുന്നു.
അങ്കി എടുത്ത് കഴുത്തിൽ ചുറ്റിയിട്ട് അയാൾ കണ്ണാടിയിലെ തന്റെ പ്രതിരൂപത്തെ നോക്കി മന്ത്രിച്ചു. “ദൈവസന്നിധിയിൽ ഞാൻ ദൈവത്തിന്റെ ശുശ്രൂഷകൻ…” ശേഷം, തിരിഞ്ഞ് പുറത്തേക്കിറങ്ങി.
പിന്നീട്, ഓർഗനിൽ നിന്നും ഒഴുകുന്ന ഈണത്തിന്റെ പശ്ചാത്തലത്തിൽ അൾത്തരയിലെ മുനിഞ്ഞു കത്തുന്ന മെഴുകുതിരി വെട്ടത്തിൽ നിന്നുകൊണ്ട് ഉച്ചത്തിൽ ചൊല്ലുന്ന അയാളുടെ സ്വരം തികച്ചും ഭക്തിസാന്ദ്രമായിരുന്നു. “സർവ്വശക്തനായ ദൈവത്തോടും എന്റെ സഹോദരീ സഹോദരന്മാരോടും ഞാൻ ഏറ്റുപറയുന്നു, ഞാൻ ചെയ്ത പാപങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി…”
തനിയ്ക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുവാൻ കന്യാമറിയത്തോട് നെഞ്ചിലടിച്ച് അപേക്ഷിക്കവെ അയാളുടെ മിഴികളിൽ നിന്നും ചുടുകണ്ണീർ ഉതിരുന്നുണ്ടായിരുന്നു.
***
ചാൾസ് ഡിഗോൾ എയർപോർട്ടിൽ, ഇമിഗ്രേഷൻ & കസ്റ്റംസ് കഴിഞ്ഞ് യാത്രികർ പുറത്തിറങ്ങുന്ന കവാടത്തിന് സമീപം ടോണി ഹണ്ടർ കാത്തു നിന്നു. ചുമൽ അല്പം മുന്നോട്ടാഞ്ഞ്, സാമാന്യം ഉയരമുള്ള, മുപ്പതുകളുടെ മദ്ധ്യത്തിൽ എത്തിയ ഒരാളായിരുന്നു ഹണ്ടർ. ബ്രൗൺ നിറമുള്ള നീണ്ട മുടി. തവിട്ടു നിറമുള്ള ഒരു ലിനൻ സ്യൂട്ട് ധരിച്ച അയാളുടെ ചുണ്ടിൽ ഒരു ജിറ്റാൻ സിഗരറ്റ് എരിയുന്നുണ്ട്. കൈയിലുള്ള ‘പാരീസ് സ്വാ’ ദിനപത്രം വായിച്ചുകൊണ്ടാണ് നിൽക്കുന്നതെങ്കിലും ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ ആ കവാടത്തിന് നേർക്ക് പായുന്നുണ്ട്. അല്പസമയം കഴിഞ്ഞതും ഡെവ്‌ലിൻ പ്രത്യക്ഷപ്പെട്ടു. കറുത്ത ഒരു ബർബെറി ട്രെഞ്ച്‌കോട്ടും അല്പം പഴക്കമുള്ള ഒരു കറുത്ത കമ്പിളിത്തൊപ്പിയും ധരിച്ച അദ്ദേഹത്തിന്റെ കൈയിൽ ഒരു ബാഗ് ഉണ്ടായിരുന്നു.
ഫെർഗൂസന്റെ സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന ഡെവ്‌ലിന്റെ ഫോട്ടോയും വിവരണവും മനസ്സിലുണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞ ഹണ്ടർ അടുത്തേക്ക് ചെന്നു. “പ്രൊഫസർ ഡെവ്‌ലിൻ…? ഞാൻ ടോണി ഹണ്ടർ… താങ്കൾക്കുള്ള കാർ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്…” അവർ പുറത്തേക്കുള്ള കവാടത്തിന് നേർക്ക് നടന്നു. “വാസ് ഇറ്റ് എ ഗുഡ് ഫ്ലൈറ്റ്…?”
“അങ്ങനെയൊന്നില്ല…” ഡെവ്‌ലിൻ പറഞ്ഞു. “വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിന്റെ ശത്രുക്കൾക്ക് വേണ്ടി ഒരു ഡോർണിയർ ബോംബർ വിമാനത്തിൽ ജർമ്മനിയിൽ നിന്നും അയർലണ്ടിലേക്ക് പറന്നിട്ടുണ്ട് ഞാൻ… അന്ന് ആറായിരം അടി ഉയരത്തിൽ നിന്നാണ് പാരച്യൂട്ടിൽ ചാടിയത്… ആ ഓർമ്മയിൽ നിന്ന് ഇന്നും മോചിതനായിട്ടില്ല ഞാൻ…”
പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിരുന്ന തന്റെ പ്യൂഷോ കാർ മുന്നോട്ടെടുക്കവെ ഹണ്ടർ പറഞ്ഞു. “രാത്രിയിൽ എന്റെയൊപ്പം തങ്ങാം താങ്കൾക്ക്… ഫോഷ് അവന്യുവിൽ എനിക്കൊരു അപ്പാർട്ട്മെന്റ് ഉണ്ട്…”
“അവിടെയാണ് താമസമെങ്കിൽ നല്ല നിലയിലാണല്ലോ മകനേ ജീവിതം… ഇതിനും മാത്രമുള്ള പ്രതിഫലം ഫെർഗൂസൺ നിങ്ങൾക്ക് തരുന്നുണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു…”
“താങ്കൾക്ക് പാരീസ് നല്ല പരിചയമുണ്ടെന്ന് തോന്നുന്നു…?”
“എന്ന് പറയാം…”
“ഈ പറഞ്ഞ അപ്പാർട്ട്മെന്റ് എന്റെ സ്വന്തമാണ്… അല്ലാതെ, ഡിപ്പാർട്ട്മെന്റിന്റെയല്ല… കഴിഞ്ഞ വർഷമാണ് എന്റെ പിതാവ് മരണമടഞ്ഞത്… തരക്കേടില്ലാത്ത സമ്പത്താണ് അദ്ദേഹത്തിന്റേതായി എനിക്ക് വന്നു ചേർന്നത്…” ഹണ്ടർ പറഞ്ഞു.
“ആ പെൺകുട്ടിയുടെ കാര്യം എങ്ങനെയാണ്…? സോവിയറ്റ് എംബസിയിലാണോ അവൾ തങ്ങുന്നത്…?”
“ഗുഡ് ഗോഡ്, നോ… റിറ്റ്സ് ഹോട്ടലിലാണ് അവർ അവൾക്ക് താമസം ഏർപ്പാടാക്കിയിരിക്കുന്നത്… ഒരു താരമല്ലേ അവൾ … നല്ല കഴിവുള്ളവളാണ്… മിനിഞ്ഞാന്ന് രാത്രിയിൽ അവളുടെ ഒരു മൊസാർട്ട് കൺസെർട്ട് ഞാൻ കേട്ടിരുന്നു… ഏതാണെന്ന് മറന്നു പോയി… പക്ഷേ, ഗംഭീരം എന്നേ പറയേണ്ടൂ…”
“അവൾക്ക് എപ്പോൾ വേണമെങ്കിലും വരാനും പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഞാൻ കേട്ടത്…?”
“ഓ, യെസ്… തീർച്ചയായും… അവളുടെ വളർത്തച്ഛൻ ജനറൽ മസ്‌ലോവ്സ്കിയാണ് അക്കാര്യമെല്ലാം ഏർപ്പാടാക്കുന്നത്… ഇന്ന് രാവിലെ അവൾ പോയ ഇടങ്ങളിലെല്ലാം ഞാനും അനുഗമിച്ചിരുന്നു… ലക്സംബർഗ് ഗാർഡൻസ്, പിന്നെ സെയ്‌ൻ നദിയിലൂടെയുള്ള ബോട്ട് യാത്രയിൽ ഉച്ചഭക്ഷണം… നാളെ അവൾക്ക് ഉച്ച തിരിഞ്ഞ് ഒരു റിഹേഴ്സൽ പരിപാടി മാത്രമേയുള്ളൂ എന്റെയറിവിൽ…”
“എന്ന് വച്ചാൽ നാളെ രാവിലെ തന്നെ നമുക്കവളെ കാണാൻ പറ്റുമെന്ന്…?”
“എന്നാണ് എന്റെയും കണക്കുകൂട്ടൽ…” അപ്പോഴേക്കും അവർ പാരീസ് നഗരഹൃദയത്തിൽ എത്തിക്കഴിഞ്ഞിരുന്നു. ഗാർഡുനോഡ് റെയിൽവേ സ്റ്റേഷന് സമീപത്തു കൂടി കടന്നു പോകവെ ഹണ്ടർ തുടർന്നു. “നാളെ അതിരാവിലെയുള്ള ലണ്ടൻ ഫ്ലൈറ്റിൽ ചില അത്യാവശ്യ രേഖകളുമായി ഒരാൾ എത്തുന്നുണ്ട്… ഫെർഗൂസൺ ഏർപ്പാടാക്കിയ കൃത്രിമ പാസ്പോർട്ടും മറ്റു രേഖകളുമാണ്…”
ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “അദ്ദേഹമെന്താണ് വിചാരിച്ചു വച്ചിരിക്കുന്നത്…? ഞാൻ ചെന്ന് പറഞ്ഞാലുടൻ അവൾ വരുമെന്നോ…?” അദ്ദേഹം തലയാട്ടി. “മണ്ടത്തരം…”
“അവളുടെ മുന്നിൽ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്…” ഹണ്ടർ പറഞ്ഞു.
“അതെയതെ…” ഡെവ്‌ലിൻ പറഞ്ഞു. “അതിലുമെളുപ്പം അവളുടെ ചായ ഗ്ലാസിൽ എന്തെങ്കിലും കലർത്തി മയക്കുന്നതായിരിക്കും…”
ഇത്തവണ പൊട്ടിച്ചിരിച്ചത് ഹണ്ടർ ആയിരുന്നു. “യൂ നോ പ്രൊഫസർ, എനിക്ക് നിങ്ങളെ ഏറെ ഇഷ്ടമായി… സത്യം പറഞ്ഞാൽ, താങ്കളെ കണ്ടപ്പോൾ ഒട്ടും അടുപ്പം തോന്നിയിരുന്നില്ല…”
“അതെന്താ അങ്ങനെ…?” തെല്ല് അത്ഭുതത്തോടെ ഡെവ്‌ലിൻ ചോദിച്ചു.
“ഞാനൊരു റൈഫിൾ ബ്രിഗേഡ് ക്യാപ്റ്റനായിരുന്നു… ബെൽഫാസ്റ്റ്, ഡെറി, സൗത്ത് അർമാഗ് എന്നിവിടങ്ങളിൽ…”
“ആഹ്, ഇപ്പോൾ മനസ്സിലായി നിങ്ങൾ എന്താണുദ്ദേശിച്ചതെന്ന്…”
“ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടിനും എഴുപത്തിയെട്ടിനും ഇടയിൽ നാലു തവണ അവിടെ പ്രവർത്തിച്ചിട്ടുണ്ട്…”
“അത് കുറച്ച് അധികമായിപ്പോയി…” ഡെവ്‌ലിൻ പറഞ്ഞു.
“അതെ… എന്റെയഭിപ്രായത്തിൽ അൾസ്റ്ററിന്റെ ഭരണം ആ ഇന്ത്യക്കാരെ ഏല്പിക്കുന്നതായിരിക്കും നല്ലത്…”
“ഞാനിന്ന് കേട്ട ഏറ്റവും വലിയ തമാശ…” ചിരിച്ചു കൊണ്ട് ലിയാം ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. ശേഷം സീറ്റ് പിറകോട്ട് ചായ്ച്ച് ചാരിക്കിടന്ന് തന്റെ കമ്പിളിത്തൊപ്പി കണ്ണുകൾക്ക് മുകളിലേക്ക് ഇറക്കി വച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
കുഖോളിന് പാരീസിലെത്തുമോ അതോ കാത്തിരിക്കുമോ
ReplyDeleteപാരീസിലേക്കൊന്നും പോവില്ല... കാത്തിരിക്കും...
Deleteഅതെന്താ ഹണ്ടർ നു ആദ്യം കണ്ടപ്പോ ഡെവ് ലിനെ പിടിയ്ക്കാഞ്ഞത് ആവോ
ReplyDeleteഅതെന്താന്ന് ചോദിച്ചാൽ... ഞാനൊരു സത്യം പറയട്ടെ...? എനിക്കറിയില്ല... 🤪
Delete"അതിലുമെളുപ്പം അവളുടെ ചായ ഗ്ലാസിൽ എന്തെങ്കിലും കലർത്തി മയക്കുന്നതായിരിക്കും." 😁. ഡെവ്ലിൻ്റെ തമാശ ആസ്വദിച്ച് ഹണ്ടർ
ReplyDeleteആ തമാശയോടെ ഹണ്ടർ ഡെവ്‌ലിന്റെ ഫാനായി... 💪🏻
Deleteഇന്ത്യക്കാരുടെ ഭരണമൊക്കെ അന്നും കോമഡി ആയിരുന്നല്ലേ 😄
ReplyDeleteഞാനും അത് ആലോചിക്കാതിരുന്നില്ല...
Deleteഅൾസ്റ്ററിന്റെ ഭരണം ആ ഇന്ത്യക്കാരെ ഏല്പിക്കുന്നതായിരിക്കും നല്ലത്…”
ReplyDeleteജിമ്മാ കൂയ്
ജിമ്മൻ... അൾസ്റ്ററിലെ പ്രധാനമന്ത്രി... :P
Delete