ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
മനോഹരമായ തെളിഞ്ഞ പ്രഭാതം. റിറ്റ്സ് ഹോട്ടലിന്റെ പ്രധാന കവാടത്തിലെ പടവുകൾ ഇറങ്ങി താന്യാ വൊറോണിനോവ റോഡിലെത്തി. ചോലമരങ്ങൾ അതിരിടുന്ന ആ പാതയുടെ അങ്ങേയറ്റത്ത് നിർത്തിയിട്ടിരിക്കുന്ന പ്യൂഷോ കാറിൽ അവൾക്കായി കാത്തിരിക്കുകയാണ് ഡെവ്‌ലിനും ഹണ്ടറും.
“അവൾ നടക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു…” ഹണ്ടർ പറഞ്ഞു.
ഡെവ്‌ലിൻ തല കുലുക്കി. “കുറച്ച് സമയം അവളെ പിന്തുടരാം നമുക്ക്… എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്…”
താന്യയുടെ ഇടതു ചുമലിൽ ഒരു ക്യാൻവാസ് ബാഗ് തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. വ്യായാമം എന്ന നിലയിൽ സാമാന്യം വേഗതയിൽ നടക്കുന്ന അവൾ ശരിക്കും ആസ്വദിക്കുകയായിരുന്നു ആ പ്രഭാതസവാരി. റഷ്മണിനോവിന്റെ ഫോർത്ത് പിയാനോ കൺസെർട്ടോ ആയിരുന്നു കഴിഞ്ഞ രാത്രിയിൽ അവൾ അവതരിപ്പിച്ചത്. ഏറെ ഇഷ്ടപ്പെട്ടതും പരിചിതവുമായ ഒന്നായിരുന്നു അത് എന്നതിനാൽ വലിയൊരു കൺസെർട്ട് തുടങ്ങുന്നതിന് മുമ്പ് മിക്കവരും അഭിമുഖീകരിക്കാറുള്ളത് പോലുള്ള ഉത്ക്കണ്ഠയോ പരിഭ്രമമോ ഒന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല.
തന്റെ മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു അവൾ. ചെക്കോവ്സ്കിയിലെയും ലീഡ്സിലെയും പരിപാടികളുടെ ഉജ്ജ്വലവിജയത്തിന് ശേഷം ലോകം അറിയുന്ന ഒരു സംഗീതജ്ഞയായി മാറിക്കഴിഞ്ഞിരുന്നു താന്യ. മറ്റൊന്നിനും തന്നെ സമയമില്ലാത്ത അവസ്ഥ. ഒരു ദുർബ്ബല നിമിഷത്തിൽ ഒരിക്കൽ ഒരു സ്നേഹബന്ധത്തിൽ അകപ്പെട്ടുപോയിരുന്നു അവൾ. എയർബോൺ ബ്രിഗേഡിലെ മിലിട്ടറി ഡോക്ടറായ ഒരു ചെറുപ്പക്കാരനുമായുള്ള ആ ബന്ധം അവളുടെ ജീവിതത്തിൽ സംഭവിച്ച വീണ്ടുവിചാരമില്ലാത്ത തീരുമാനമായിരുന്നുവെന്ന് വേണം പറയാൻ. കഴിഞ്ഞ വർഷമായിരുന്നു അഫ്ഗാനിസ്ഥാനിൽ വച്ചുള്ള യുദ്ധത്തിൽ അയാൾ കൊല്ലപ്പെട്ടത്.
ഹൃദയഭേദകമായിരുന്നുവെങ്കിലും ആ സംഭവത്തിൽ അവൾ തകർന്നു പോയൊന്നുമില്ല. ഗംഭീരമായ പ്രകടനങ്ങളിൽ ഒന്നായിരുന്നു ആ ദുരന്തവാർത്ത അവളെത്തേടിയെത്തിയ രാത്രിയിൽ കാഴ്ച്ച വച്ചതെന്ന് വേണം പറയാൻ. പക്ഷേ, അതിന് ശേഷം പുരുഷന്മാരിൽ നിന്നും അകലം പാലിക്കുവാൻ അവൾ മനഃപൂർവ്വം ശ്രദ്ധിച്ചു. ആ സംഭവം അവളിൽ ഏല്പിച്ച ആഘാതം അത്ര ചെറുതൊന്നുമായിരുന്നില്ല എന്നത് തന്നെ കാരണം. അളവറ്റ പേരും പ്രശസ്തിയും സെലിബ്രിറ്റി പരിവേഷവും ജനറൽ മസ്‌ലോവ്സ്കിയുടെ ശക്തമായ പരിരക്ഷണവും ഒക്കെയുണ്ടായിട്ടും ഉള്ളിന്റെയുള്ളിൽ അവൾ പണ്ടത്തെ ആ ചെറിയ കുട്ടി തന്നെയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത്, അതിക്രൂരമായി തന്നിൽ നിന്നും ചീന്തിയെറിയപ്പെട്ട പിതാവിന്റെ മൃതദേഹത്തിനരികിൽ മുട്ടുകുത്തി നിന്ന് വിതുമ്പുന്ന ആ ഏഴു വയസ്സുകാരി…
***
ഷാ എലീസി താണ്ടി അവൾ പ്ലേസ് ഡു ലാ കോൺകോഡിൽ എത്തിച്ചേർന്നു.
“ജീസസ്, ഇവൾക്ക് വ്യായാമം ഇത്രയ്ക്കും ഇഷ്ടമോ…” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.
ആൾത്തിരക്കില്ലാത്ത ജറാദെ ട്വീലറിയിലേക്ക് അവൾ തിരിയുന്നത് കണ്ട് ഹണ്ടർ തല കുലുക്കി. “എനിക്ക് തോന്നുന്നത്, അവൾ പോകുന്നത് ലൂവായിലേക്കാണെന്നാണ്… ഒരു കാര്യം ചെയ്യൂ… താങ്കൾ ഇവിടെ ഇറങ്ങി കാൽനടയായി അവളെ പിന്തുടരുക… കാർ എവിടെയെങ്കിലും സൗകര്യപ്രദമായ ഇടത്ത് പാർക്ക് ചെയ്തിട്ട് ഞാൻ പ്രധാന കവാടത്തിന് മുന്നിൽ കാത്തു നിൽക്കാം…”
ട്വീലറീ ഗാർഡൻസിൽ ഒരു ഹെൻട്രി മൂർ എക്സിബിഷൻ സ്റ്റാൾ ഉണ്ടായിരുന്നു. അതിനുള്ളിൽ കയറി മൊത്തത്തിൽ ഒന്ന് വീക്ഷിച്ചുകൊണ്ട് അല്പനേരം അവൾ നിന്നു. അത്ര ആകർഷകമായി ഒന്നും തന്നെ കാണാത്തതിനാലായിരിക്കാം, അവിടെ നിന്നും ഇറങ്ങി അവൾ പ്രസിദ്ധമായ പലൈ ഡു ലൂവായിലേക്ക് നടന്നു.
ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കുന്ന പ്രകൃതമായിരുന്നു താന്യാ വൊറോണിനോവയുടേത്. ഗാലറികൾ കയറിയിറങ്ങി പ്രസിദ്ധരുടെ വർക്കുകളിൽ മാത്രം താല്പര്യം പ്രകടിപ്പിച്ച് നീങ്ങുന്ന അവളെ ഒരു നിശ്ചിത ദൂരം പാലിച്ച് ഡെവ്‌ലിൻ പിന്തുടർന്നു. പ്രധാന കവാടത്തിലുള്ള വിക്ടറി ഓഫ് സമോത്രേസിൽ നിന്നും വീനസ് ഡു മിലോയിലേക്ക് അവൾ നീങ്ങി. ഒന്നാം നിലയിലെ റെംബ്രാണ്ട് ഗാലറിയിൽ അല്പനേരം തങ്ങിയ അവൾ ഒരു പക്ഷേ ലോകത്തിലെ ഏറ്റവും പ്രസിദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ആ ചിത്രത്തിന്റെ മുന്നിൽ എത്തിയതും നിന്നു. ലിയോണാഡോ ഡാവിഞ്ചിയുടെ മോണാലിസയുടെ മുന്നിൽ.
ഡെവ്‌ലിൻ അവളുടെ അരികിലേക്ക് ചെന്നു. “ആ മുഖത്തുള്ളത് മന്ദഹാസമാണോ…? എന്ത് തോന്നുന്നു…?” ഇംഗ്ലീഷിലാണ് അദ്ദേഹം ചോദിച്ചത്.
“എന്താണ് താങ്കൾ ഉദ്ദേശിച്ചത്…?” അവളുടെ മറുചോദ്യവും ഇംഗ്ലീഷിൽത്തന്നെയായിരുന്നു.
“ഓ, അതോ, ഇവിടെ ലൂവായിൽ ഉള്ള വളരെ പഴയ ഒരു അന്ധവിശ്വാസമാണ്… ചില പ്രഭാതങ്ങളിൽ മോണാലിസ പുഞ്ചിരിക്കാറില്ലത്രെ…”
അവൾ അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “വിവരക്കേട്…”
“അതുപോലെ തന്നെ, നിന്റെ മുഖത്തും പുഞ്ചിരി ഇല്ല കേട്ടോ…” ഡെവ്‌ലിൻ പറഞ്ഞു. “ദൈവമേ, പറഞ്ഞ് പറഞ്ഞ് ഞാനിത് മൊത്തം നശിപ്പിക്കുമെന്നാണ് തോന്നുന്നത്…” അദ്ദേഹം കൂട്ടിച്ചേർത്തു.
“ദിസ് ഈസ് ടോട്ടൽ നോൺസെൻസ്…” ഇത്തവണ അവളും ചിരിച്ചു പോയി.
“ഗൗരവത്തിലിരിക്കുമ്പോൾ നിന്റെ വായുടെ ഇരുവശവും വലിഞ്ഞ് മുറുകിയത് പോലെ തോന്നും… ഒട്ടും ഭംഗിയില്ല അത് കാണാൻ…” അദ്ദേഹം പറഞ്ഞു.
“എന്റെ രൂപത്തെക്കുറിച്ചാണോ…? ഞാനത് കാര്യമാക്കുന്നതേയില്ല…”
ട്രെഞ്ച് കോട്ടിന്റെ പോക്കറ്റുകളിൽ കൈകൾ പൂഴ്ത്തി നിൽക്കുന്ന ഡെവ്‌ലിന്റെ രൂപം അവൾ ശരിയ്ക്കും ശ്രദ്ധിച്ചത് അപ്പോഴായിരുന്നു. ഒരു ചെവിയുടെ മുകളിലേക്ക് ചരിച്ചു വച്ചിരിക്കുന്ന കറുത്ത കമ്പിളിത്തൊപ്പി. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീലനിറമാർന്ന കണ്ണുകൾ… തെല്ല് ഗർവ്വും ഹാസ്യവും നിഴലിക്കുന്ന ആ മുഖത്ത് തന്നോട് തന്നെയുള്ള പരിഹാസഭാവമാണ് മുന്നിട്ട് നിൽക്കുന്നതെന്ന് തോന്നും. തന്നെക്കാൾ രണ്ടിരട്ടി പ്രായം മതിക്കുമെങ്കിലും ആ ഒരു ഭാവം അവളെ വല്ലാതെ ആകർഷിച്ചു. അതിൽ നിന്ന് മോചിതയാവാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും ഒരു ദീർഘശ്വാസമെടുത്ത് തന്റെ സ്ഥായിയായ നിസ്സംഗഭാവം അവൾ വീണ്ടെടുത്തു.
“എക്സ്ക്യൂസ് മീ…” അവൾ നടന്നകന്നു.
ഒരു നിശ്ചിതദൂരത്തിൽ ഡെവ്‌ലിൻ വീണ്ടും അവളെ പിന്തുടർന്നു. പാവം പെൺകുട്ടി… ഭയന്നത് പോലെ തോന്നുന്നു… അത് എന്തിനെന്ന് കണ്ടുപിടിക്കണം…
ഗ്രാന്റ് ഗാലറിയിലെത്തിയ അവൾ എൽ ഗ്രേക്കോയുടെ ‘ക്രൈസ്റ്റ് ഓൺ ദി ക്രോസ്’ എന്ന പെയ്ന്റിങ്ങിന് മുന്നിൽ നിന്നു. കുരിശിൽ കിടക്കുന്ന യേശുദേവന്റെ ആ മെലിഞ്ഞ രൂപത്തെ നോക്കി നിൽക്കവെ തന്റെയരികിലെത്തിയ ഡെവ്‌ലിനെ അവൾ കണ്ടതായി നടിച്ചില്ല.
“ഈ ചിത്രം എന്താണ് പറയുന്നത്…?” സൗമ്യഭാവത്തിൽ അദ്ദേഹം ചോദിച്ചു. “ആ മുഖത്ത് സ്നേഹം കാണാനുണ്ടോ…?”
“ഇല്ല…” അവൾ പറഞ്ഞു. “മരണത്തോടുള്ള രോഷം പോലെ തോന്നുന്നു… അല്ല, നിങ്ങളെന്തിനാണെന്നെ പിന്തുടരുന്നത്…?”
“ഞാനോ…?”
“അതെ… ട്വീലറി ഗാർഡൻ മുതൽ ഞാൻ ശ്രദ്ധിക്കുന്നു…”
“റിയലി…? എങ്കിൽ അക്കാര്യത്തിൽ വളരെ മോശമാണ് ഞാനെന്ന് പറയേണ്ടി വരും…”
“അത് അത്ര ശരിയല്ല… നിങ്ങളെ കണ്ടാൽ ആരും രണ്ടാമതൊന്ന് നോക്കിപ്പോകും…” അവൾ പറഞ്ഞു.
എന്തുകൊണ്ടോ പെട്ടെന്നവൾക്ക് പൊട്ടിക്കരയണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സ്വരത്തിലെ അവിശ്വസനീയമായ ആ ഊഷ്മളതയ്ക്ക് താൻ അടിമയായത് പോലെ… അവളുടെ കരങ്ങൾ കൈയിലെടുത്ത് ഡെവ്‌ലിൻ പറഞ്ഞു. “വിഷമിക്കണ്ട കുട്ടീ… ഇനിയും സമയമുണ്ട്… അത് പോട്ടെ, എൽ ഗ്രേക്കോയുടെ ആ ചിത്രം എന്താണ് പറയുന്നതെന്ന് പറഞ്ഞില്ല…”
“നോക്കൂ, ഞാനൊരു ക്രിസ്ത്യൻ വിശ്വാസിയായിട്ടല്ല വളർന്നത്…” അവൾ പറഞ്ഞു. “അതുകൊണ്ടു തന്നെ, ആ കുരിശിൽ കിടക്കുന്നത് ഒരു രക്ഷകനായി എനിക്ക് തോന്നുന്നതേയില്ല… എങ്കിലും, ചിലരുടെ ദുഷ്‌പ്രവൃത്തിയാൽ വേദനയനുഭവിക്കുന്ന മഹാനായ ഒരു മനുഷ്യൻ എന്ന് പറയാം… നിങ്ങളുടെ അഭിപ്രായം എന്താണ്…?”
“നിന്റെ ഇംഗ്ലീഷ് ഉച്ചാരണം എനിക്കിഷ്ടമായി…” ഡെവ്‌ലിൻ പറഞ്ഞു. “എന്റെ ബാല്യകാലത്ത് കണ്ട ചില സിനിമകളിലെ ഗാർബോയുടെ സംഭാഷണം ഓർമ്മ വന്നു… പക്ഷേ, അത് ഇപ്പോഴൊന്നുമല്ല… നീ ജനിക്കുന്നതിന് ഒരു നൂറ്റാണ്ടെങ്കിലും മുമ്പ്…”
“ഗാർബോയെ എനിക്കറിയാത്തതൊന്നുമല്ല…” അവൾ പറഞ്ഞു. “എന്തായാലും മുഖസ്തുതി എനിക്കിഷ്ടപ്പെട്ടു… ആ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നിയതെന്ന് പറഞ്ഞില്ല…?”
“ഇന്നത്തെ ദിവസം വച്ച് നോക്കിയാൽ ഗഹനമായ ഒരു ചോദ്യം തന്നെ…” ഡെവ്‌ലിൻ പറഞ്ഞു. “ഇന്ന് രാവിലെ ഏഴു മണിക്ക് റോമിലെ സെന്റ് പീറ്റേഴ്സ് ബാസലിക്കയിൽ ഒരു പ്രത്യേക കുർബാന നടക്കുകയുണ്ടായി… പോപ്പിനൊപ്പം ബ്രിട്ടനിലെയും അർജന്റീനയിലെയും കർദ്ദിനാൾമാരും ഉണ്ടായിരുന്നു…”
“എന്നിട്ട് എന്തെങ്കിലും നടക്കുമോ…?”
“അതുകൊണ്ടൊന്നും അർജന്റീനയിലേക്ക് പോകുന്ന ബ്രിട്ടീഷ് നേവിയെയോ അവരെ ആക്രമിക്കാൻ ഒരുമ്പെടുന്ന അർജന്റൈൻ യുദ്ധവിമാനങ്ങളെയോ പിന്തിരിപ്പിക്കാനായിട്ടില്ല…”
“എന്നു വച്ചാൽ…?”
“എന്ന് വച്ചാൽ നമ്മുടെയൊക്കെ ചെലവിൽ ദൈവം തമാശ കളിക്കുകയാണെന്ന്…”
താന്യ നെറ്റി ചുളിച്ചു. “നിങ്ങളുടെ ഉച്ചാരണം എന്നെ കുഴപ്പിക്കുന്നു… യൂ ആർ നോട്ട് ഇംഗ്ലീഷ്, ഐ തിങ്ക്…?”
“ഐറിഷ്, മൈ ലവ്…”
“പക്ഷേ, എന്റെയറിവിൽ ഐറിഷുകാർ അങ്ങേയറ്റത്തെ ദൈവവിശ്വാസികളാണല്ലോ…”
“അതൊരു വസ്തുതയാണ്… മരിച്ചുപോയ എന്റെ അമ്മായിയുടെ കാൽമുട്ടുകളിൽ സ്ഥിരമായി പ്രാർത്ഥിക്കുന്നതിന്റെ തഴമ്പുണ്ടായിരുന്നു… ആഴ്ച്ചയിൽ മൂന്ന് തവണ അവരെന്നെ കുർബാനയ്ക്കായി കൊണ്ടുപോകുമായിരുന്നു… ഡ്രമോറിലെ എന്റെ കുട്ടിക്കാലത്ത്…”
താന്യാ വൊറോണിനോവ ഷോക്കേറ്റത് പോലെ നിന്നു. “എവിടെ വച്ച് എന്നാണ് പറഞ്ഞത്…?”
“ഡ്രമോർ… അൾസ്റ്ററിലെ ആ ചെറിയ മാർക്കറ്റ് ടൗൺ… അവിടെ തിരുനാമത്തിൽ ഉള്ള ആ ദേവാലയം… എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്, എന്റെ അമ്മാവനും സുഹൃത്തുക്കളും കുർബാന കഴിഞ്ഞ് പുറത്തിറങ്ങി നേരെ മർഫിയുടെ സെലക്റ്റ് ബാറിലേക്ക് പോകുന്നത്…”
പൊടുന്നനെ തിരിഞ്ഞ അവളുടെ മുഖം വിളറി വെളുത്തിരുന്നു. “ആരാണ് നിങ്ങൾ…?”
“വെൽ, ഒരു കാര്യം ഞാൻ ഉറപ്പു തരാം ഡിയർ…” അദ്ദേഹം അവളുടെ കറുത്ത മുടിയിഴകളിൽ അരുമയായി തഴുകി. “ആ ഡാർക്ക് ഹീറോ കുഖോളിൻ അല്ല ഞാൻ…”
അവളുടെ കണ്ണുകൾ വികസിച്ചു. അദ്ദേഹത്തിന്റെ കോട്ടിൽ പിടിമുറുക്കവെ ആ കണ്ണുകളിൽ രോഷം തിളയ്ക്കുന്നത് കാണാമായിരുന്നു. “പറയൂ, നിങ്ങൾ ആരാണ്…?”
“വിക്ടർ ലെവിൻ എന്ന് കേട്ടിട്ടുണ്ടോ…?”
“വിക്ടർ…?” അവൾ അമ്പരന്നത് പോലെ തോന്നി. “പക്ഷേ, വിക്ടർ ഇപ്പോൾ ജീവനോടെയില്ലല്ലോ… ഒന്നോ രണ്ടോ മാസം മുമ്പ് അറേബ്യയിൽ എവിടെയോ വച്ച് മരണമടഞ്ഞു… അങ്ങനെയാണ് എന്റെ പിതാവ് പറഞ്ഞത്…”
“ജനറൽ മസ്‌ലോവ്സ്കിയല്ലേ…? അദ്ദേഹം അങ്ങനെയേ പറയൂ… അദ്ദേഹത്തിന് അങ്ങനെയേ പറയാനാവൂ… വാസ്തവത്തിൽ വിക്ടർ അവിടെ നിന്ന് രക്ഷപെടുകയാണുണ്ടായത്… ഒരു കൂറുമാറ്റത്തിലൂടെ… അവിടെ നിന്നും ലണ്ടനിലും പിന്നീട് ഡബ്ലിനിലും എത്തിച്ചേർന്നു…”
“അദ്ദേഹം സുഖമായിരിക്കുന്നുവോ…?”
“കൊല്ലപ്പെട്ടു…” മുഖത്തടിച്ചത് പോലെ ഡെവ്‌ലിൻ പറഞ്ഞു. “മിഖായേൽ കെല്ലി അഥവാ കുഖോളിൻ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും പേരുകളിൽ അറിയപ്പെടുന്ന ആ ഡാർക്ക് ബ്ലഡി ഹീറോ അദ്ദേഹത്തെ കൊലപ്പെടുത്തി… ഇരുപത്തിമൂന്ന് വർഷം മുമ്പ് ഉക്രെയിനിൽ വച്ച് നിന്റെ പിതാവിനെ വെടിവച്ചു കൊന്ന അതേ മനുഷ്യൻ…”
അവൾ ഡെവ്‌ലിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീണു. അദ്ദേഹം അവളെ തന്നോട് ചേർത്തു പിടിച്ചു. “പരിഭ്രമിക്കണ്ട… ഞാൻ പിടിച്ചിട്ടുണ്ട്… പതുക്കെ നടന്നോളൂ… ഇവിടെ നിന്നും പുറത്ത് കടക്കാം… അല്പം ശുദ്ധവായുവാണ് നിനക്ക് ഇപ്പോൾ ആവശ്യം…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
താന്യ - ഡെവ്‌ലിൻ കൂടിക്കാഴ്‌ച മനോഹരമായി..
ReplyDeleteഡെവ്‌ലിനല്ലേ ആള്... ഇത്തരം കാര്യങ്ങളിൽ പുള്ളിയെ കഴിഞ്ഞേയുള്ളൂ... പണ്ട് മോളി പ്രിയോർ വീണതും ഇതുപോലെ തന്നെ ആയിരുന്നില്ലേ... 😜
Deleteഹൊ... ഇത് കണ്ടിട്ടെങ്കിലും നമ്മുടെ ഉണ്ടാപ്രി ഒന്ന് വന്നിരുന്നെങ്കിൽ...
പൊന്നെ മുത്തേ .. നുമ്മ എപ്പോഴേ വന്നു
Deleteസന്തോഷായി ഉണ്ടാപ്രീ...
Deleteമനോഹരമായ ഒരു അദ്ദ്ധ്യായം തന്നെ 👏
ReplyDeleteവളരെ സന്തോഷം ശ്രീക്കുട്ടാ...
Deleteഡെവ്ലിൻ ഹീറോ ആണല്ലോ..
ReplyDeleteനമ്മുടെ സ്വന്തം ഡെവ്‌ലിൻ....
Deleteമർഫിയുടെ സെലക്റ്റ് ബാറിലേക്ക്...
ReplyDeleteആ
എങ്ങനെ അവൾ ഞെട്ടാതിരിക്കും...
Delete