Wednesday, October 4, 2023

കൺഫെഷണൽ – 32

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 8

 

ഡെവ്‌ലിൻ ടെലിവിഷനിൽ ഒരു ലേറ്റ് നൈറ്റ് മൂവി കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. അത്ഭുതകരമാം വിധം ക്ലിയർ ആയിരുന്നു ആ ലൈൻ. ഏതോ ലോക്കൽ കോൾ ആണെന്നാണ് ആദ്യം കരുതിയത്.

 

“പ്രൊഫസർ ഡെവ്‌ലിൻ?”

 

“യെസ്

 

“ഇത് താന്യയാണ് താന്യാ വൊറോണിനോവ

 

“എവിടെയാണ് നീയിപ്പോൾ?” ഡെവ്‌ലിൻ ചോദിച്ചു.

 

“ഗാർദുനോർഡ് പാരീസ് വളരെ കുറച്ച് സമയമേയുള്ളൂ റെനിസിലേക്കുള്ള നൈറ്റ് ട്രെയിൻ പിടിക്കാൻ പോകുകയാണ് ഞാൻ

 

“റെനിസിലേക്കോ?” ഡെവ്‌ലിൻ അത്ഭുതം കൂറി. “അവിടെ ചെന്നിട്ട് എന്തു ചെയ്യാനാണ്?”

 

“റെനിസിൽ നിന്നും സെന്റ് മാലോയിലേക്ക് കണക്ഷൻ ട്രെയിനുണ്ട് പ്രഭാതമാകുമ്പോഴേക്കും അവിടെയെത്തും അവിടെ നിന്നും ജെഴ്സിയിലേക്ക് ഒരു ഹൈഡ്രോഫോയിൽ ഉണ്ട് ജെഴ്സിയിലെത്തിക്കഴിഞ്ഞാൽ പിന്നെ ഇംഗ്ലണ്ടിൽ എത്തിയത് പോലെയാണല്ലോ ഭയപ്പെടാനില്ല അവിടെ നിന്ന് ലണ്ടനിലേക്കുള്ള ഫ്ലൈറ്റ് പിടിച്ചോളാം ഒരു നിമിഷനേരത്തേക്ക് അവരുടെ കണ്ണ് വെട്ടിച്ചാണ് ഞാൻ പുറത്ത് ചാടിയത് ഇതിനോടകം അവർ അന്വേഷണം തുടങ്ങിക്കാണും അതുകൊണ്ടു തന്നെ, നിങ്ങളുടെ ആൾക്കാർ പറഞ്ഞിരിക്കുന്ന മറ്റു റൂട്ടുകൾ അവർ ബ്ലോക്ക് ചെയ്തിട്ടുണ്ടാവുമെന്നതിൽ സംശയമില്ല

 

“ഇപ്പോൾ ഈ മനംമാറ്റത്തിന് കാരണം?”

 

“നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നുവെന്നും അവരെ വെറുക്കുന്നുവെന്നും ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്ന് വച്ചാൽ എന്റെ രാജ്യത്തെ വെറുക്കുന്നുവെന്നല്ല അവിടെയുള്ള ചിലരെ മാത്രം കൂടുതൽ പറയാൻ ഇപ്പോൾ നേരമില്ല ട്രെയിനിനുള്ള സമയമായി

 

“ഇപ്പോൾത്തന്നെ ഞാൻ വിവരം ലണ്ടനിൽ അറിയിക്കാം” ഡെവ്‌‌ലിൻ പറഞ്ഞു. “റെനിസിൽ ചെന്നിട്ട് എന്നെ വിളിക്കൂ ഗുഡ് ലക്ക്

 

ലൈൻ ഡിസ്കണക്റ്റ് ആയി. അത്ഭുതം നിറഞ്ഞ ഒരു ചെറുപുഞ്ചിരിയോടെ റിസീവറും പിടിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നിന്നു. “എന്തു തോന്നുന്നു?” ഡെവ്‌ലിൻ സ്വയം ചോദിച്ചു. “എന്തുകൊണ്ടും നല്ലൊരു പെൺകുട്ടി തന്നെ യാതൊരു സംശയവുമില്ല അക്കാര്യത്തിൽ

 

അദ്ദേഹം ലണ്ടനിലെ കവൻഡിഷ് സ്ക്വയറിലേക്ക് ഡയൽ ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ ഫോൺ എടുക്കപ്പെട്ടു. “ഫെർഗൂസൺ ഹിയർ” അദ്ദേഹത്തിന്റെ സ്വരത്തിൽ നീരസം പോലെ തോന്നി.

 

“കട്ടിലിൽ ചാരിക്കിടന്ന് ആ പഴയ ബൊഗാർട്ട് മൂവി വല്ലതും കണ്ടുകൊണ്ടിരിക്കുകയാണോ നിങ്ങൾ?”  ഡെവ്‌ലിൻ ചോദിച്ചു.

 

“ഡിയർ ഗോഡ്! നിങ്ങൾ എപ്പോഴാണ് അതീന്ദ്രിയജ്ഞാനം പഠിച്ചു തുടങ്ങിയത്?”

 

“വെൽ, ആ ടെലിവിഷൻ ഓഫ് ചെയ്ത് കട്ടിലിൽ നിന്ന് താഴെയിറങ്ങ് മനുഷ്യാ കളി കാര്യമായിരിക്കുന്നു

 

ഫെർഗൂസന്റെ സ്വരം പെട്ടെന്ന് മാറി. “എന്താണ് നിങ്ങളീ പറയുന്നത്?”

 

“ആ താന്യാ വൊറോണിനോവ അവിടെ നിന്ന് പുറത്തുചാടിയിരിക്കുന്നു ഗാർദുനോർഡിൽ നിന്നും അവൾ ഇപ്പോൾ എന്നെ വിളിച്ചിരുന്നു റെനിസിലേക്കുള്ള രാത്രിവണ്ടിയ്ക്ക് കയറുകയാണവൾ അവിടെ നിന്നും സെന്റ് മാലോയിലേക്ക് മാറിക്കയറും എന്നിട്ട് രാവിലെയുള്ള ഹൈഡ്രോഫോയിലിൽ ജെഴ്സിയിലേക്ക് മറ്റു മാർഗ്ഗങ്ങളെല്ലാം ബ്ലോക്ക് ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നാണ് അവൾ പറയുന്നത്

 

“സ്മാർട്ട് ഗേൾ” ഫെർഗൂസൺ പറഞ്ഞു. “അവളെ പിടികൂടാനുള്ള സകല വിദ്യകളും അവർ പയറ്റും എന്നതിൽ സംശയമില്ല

 

“റെനിസിൽ എത്തിയാലുടൻ അവൾ എന്നെ വിളിക്കും എന്റെ ഊഹം ശരിയാണെങ്കിൽ പുലർച്ചെ മൂന്നര അല്ലെങ്കിൽ നാലു മണിയ്ക്ക്

 

“ഫോണിനരികിൽ തന്നെയിരിക്കൂ ഞാൻ തിരിച്ചു വിളിക്കാം” ഫെർഗൂസൺ പറഞ്ഞു.

 

ഹാരി ഫോക്സ് തന്റെ ഫ്ലാറ്റിൽ, ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള പതിവ് സ്നാനത്തിനായി ബാത്ത്റൂമിൽ കയറാൻ തുടങ്ങവെയാണ് ഫോൺ റിങ്ങ് ചെയ്തത്. ശപിച്ചുകൊണ്ട് അദ്ദേഹം ഫോൺ എടുത്തു. വിശ്രമമില്ലാത്ത ഒരു ദിനമായിരുന്നു അന്നത്തേത്. എങ്ങനെയും ഒന്ന് ഉറങ്ങിയാൽ മതി എന്ന അവസ്ഥ.

 

“ഹാരീ?”

 

“യെസ് സർ…?” ഫെർഗൂസന്റെ സ്വരം കേട്ടതും അദ്ദേഹം ജാഗരൂകനായി.

 

“ഗെറ്റ് യുവേഴ്സെൽഫ് ഓവർ ഹിയർ വീ ഹാവ് ഗോട്ട് വർക്ക് റ്റു ഡൂ

 

                                       ***

 

ഫാദർ ഹാരി ക്യുസെയ്ൻ തന്റെ കോട്ടേജിലെ സ്റ്റഡിറൂമിൽ ഞായറാഴ്ച്ചത്തെ മതപ്രഭാഷണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കവെയാണ് ടെറസിന് മുകളിലെ ഉപകരണവുമായി ഘടിപ്പിച്ചിട്ടുള്ള സെൻസർ ഡിവൈസ് ശബ്ദിച്ചത്. ധൃതിയിൽ മുകളിൽ എത്തിയപ്പോഴേക്കും ഡെവ്‌ലിൻ ഫോൺ വച്ചു കഴിഞ്ഞിരുന്നു. റെക്കോർഡ് ചെയ്തിട്ടുള്ള ടേപ്പ് റീവൈൻഡ് ചെയ്തതിന് ശേഷം അയാൾ പ്ലേ ബട്ടൺ അമർത്തി ആ സംഭാഷണം മുഴുവനും ശ്രദ്ധയോടെ കേട്ടു. എല്ലാം കേട്ടുകഴിഞ്ഞതും അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അല്പനേരം അയാളവിടെ ഇരുന്നുപോയി. ഒട്ടും നല്ല ലക്ഷണമല്ല.

 

താഴെ സ്റ്റഡിറൂമിൽ എത്തി അയാൾ ഫോൺ എടുത്ത് ചെർണിയ്ക്ക് ഡയൽ ചെയ്തു. പ്രൊഫസർ റിസീവർ എടുത്തതും ക്യുസെയ്ൻ പറഞ്ഞു. “ഇറ്റ്സ് മീ ആർ യൂ എലോൺ?”

 

“യെസ് ഞാൻ കിടക്കാൻ പോകുകയായിരുന്നു എവിടെ നിന്നാണ് നിങ്ങളിപ്പോൾ വിളിക്കുന്നത്?”

 

“എന്റെ കോട്ടേജിൽ നിന്നും നമ്മൾ അല്പം ഗൗരവമായൊരു പ്രശ്നത്തിലാണ് ശ്രദ്ധിച്ച് കേൾക്കണം

 

എല്ലാം കേട്ടു കഴിഞ്ഞതും ചെർണി പറഞ്ഞു. “സംഗതി വഷളാവുകയാണല്ലോ ഞാനെന്താണ് ചെയ്യേണ്ടത്?”

 

“ഇപ്പോൾത്തന്നെ ലുബോവിനെ വിളിക്കൂ എന്നിട്ട് പാരീസിലെ റഷ്യൻ എംബസിയിലുള്ള ബെലോവുമായി ഉടൻ ബന്ധപ്പെടുവാൻ പറയൂ അവർക്ക് ചിലപ്പോൾ അവളുടെ യാത്ര തടയുവാൻ കഴിഞ്ഞേക്കും

 

“അഥവാ കഴിഞ്ഞില്ലെങ്കിൽ?”

 

“എങ്കിൽ അവൾ ഇവിടെ എത്തിയതിന് ശേഷം എനിക്ക് തന്നെ കൈകാര്യം ചെയ്യേണ്ടി വരും എന്തായാലും ഞാൻ വിവരങ്ങൾ അറിയിക്കാം ഫോണിനരികിൽത്തന്നെ ഉണ്ടായിരിക്കണം

 

ഗ്ലാസിലേക്ക് വിസ്കി പകർന്നിട്ട് അയാൾ അല്പനേരം നെരിപ്പോടിനരികിൽ നിന്നു. വിചിത്രമെന്ന് പറയട്ടെ, വർഷങ്ങൾക്ക് മുമ്പ് മഴയത്ത് വിതുമ്പിക്കൊണ്ട് നിൽക്കുന്ന ആ മെലിഞ്ഞ കൊച്ചുപെൺകുട്ടിയായിരുന്നു അയാളുടെ മനസ്സിലപ്പോൾ.

 

തന്റെ കൈയിലെ ഗ്ലാസ് ഉയർത്തി അയാൾ മന്ത്രിച്ചു. “ഇത് നിനക്കു വേണ്ടിയാണ്, താന്യാ വൊറോണിനോവാ ഇനി നമുക്ക് നോക്കാം, സ്വന്തം നിലനില്പിനായി ആ ബാസ്റ്റർഡുകളെ നെട്ടോട്ടമോടിക്കാൻ നിന്നെക്കൊണ്ടാവുമോ എന്ന്

 

                                              ***

 

പാടില്ലാത്തെതെന്തോ സംഭവിച്ചു എന്ന് അഞ്ച് മിനിറ്റിനകം തന്നെ ടർക്കിന് മനസ്സിലായിരുന്നു. ഡ്രെസ്സിങ്ങ് റൂമിലേക്ക് കയറി നോക്കിയ അയാൾ കണ്ടത് ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരിക്കുന്ന ടോയ്‌ലറ്റ് ഡോറാണ്. വാതിലിൽ മുട്ടി നോക്കിയെങ്കിലും നിശ്ശബ്ദതയായിരുന്നു മറുപടി. പിന്നൊന്നും ആലോചിച്ചില്ല. അയാൾ വാതിൽ ചവിട്ടിത്തുറന്നു. ആരുമുണ്ടായിരുന്നില്ല അവിടെ. തുറന്നു കിടക്കുന്ന ജാലകം അയാളുടെ സകല സംശയങ്ങൾക്കും ഉത്തരം നൽകി. അതിനുള്ളിലൂടെ മുറ്റത്തേക്ക് ചാടിയിറങ്ങിയ അയാൾ ഗേറ്റ് കടന്ന് റിയൂ ഡി മഡ്രിഡ് തെരുവിലെത്തി. അവളുടെ യാതൊരു അടയാളവും അവിടെയുണ്ടായിരുന്നില്ല. കോമ്പൗണ്ട് വാൾ ചുറ്റിവന്ന് ഓഡിറ്റോറിയത്തിന്റെ മുന്നിലെ ഗേറ്റിലൂടെ ഉള്ളിലേക്ക് നടക്കുമ്പോൾ അയാളുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായിരിക്കുന്നു ഇനി ശിക്ഷാ നടപടികൾ എല്ലാം ആ നശിച്ച സ്ത്രീ കാരണം

 

നിറഞ്ഞ മറ്റൊരു ഷാമ്പെയ്ൻ ഗ്ലാസുമേന്തി സാംസ്കാരിക വകുപ്പ് മന്ത്രിയുമായി ഗഹനമായ എന്തോ സംഭാഷണത്തിലായിരുന്നു ബെലോവ്. ടർക്കിൻ അദ്ദേഹത്തിന്റെ ചുമലിൽ പതുക്കെ തട്ടി. “തടസ്സപ്പെടുത്തുന്നതിൽ ഖേദിക്കുന്നു, കേണൽ അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടായിരുന്നു” അദ്ദേഹത്തെയും കൂട്ടി ആ ഓഡിറ്റോറിയത്തിന്റെ മൂലയിൽ ചെന്നിട്ട് ദൗർഭാഗ്യകരമായ ആ വാർത്ത അയാൾ അറിയിച്ചു.

 

 (തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. എത്ര സമയം കിട്ടും ന്ന് നോക്കാം...

    ReplyDelete
    Replies
    1. എപ്പോൾ വേണമെ‌ങ്കിലും പിടിക്കപ്പെടാം...

      Delete
  2. എല്ലാവർക്കും ഉറക്കമില്ലാത്ത ശുഭരാത്രി!

    ReplyDelete
    Replies
    1. കറക്റ്റ്... എല്ലാവരും ഉണർന്നു കഴിഞ്ഞു...

      Delete
  3. അയ്യോ പണി പാളുമോ..എങ്ങനെ എങ്കിലും ഡവലിൻ്റെ അടുത്ത്. എത്തിയാൽ പിന്നെ താന്യയെ ഉപദ്രവിക്കാൻ കെല്ലിക്ക് ആവുമോ? പണ്ടേ ഒരു വാത്സല്യം ഉണ്ട് അവളോട്...

    ReplyDelete
    Replies
    1. ബെലോവ് പണി തുടങ്ങിക്കഴിഞ്ഞു... വിചാരിക്കുന്നത്ര എളുപ്പമല്ല താന്യയ്ക്ക് പുറത്ത് കടക്കുക എന്നത്...

      Delete
  4. താന്യ എന്ന "കൊച്ചു പെൺകുട്ടിയെയും" കാത്ത്

    ReplyDelete
    Replies
    1. എല്ലാവരും ശ്വാസം പിടിച്ച് ഇരുന്നോളൂ... ത്രില്ലിങ്ങാണ് ഇനിയുള്ള ലക്കങ്ങൾ...

      Delete