Wednesday, October 11, 2023

കൺഫെഷണൽ – 33

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തനിയ്ക്ക് സംഭവിക്കുന്ന തിരിച്ചടികൾ ഓരോന്നും തന്റെയുള്ളിലെ കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് സഹായകരമായിട്ടാണ് നിക്കോളായ് ബെലോവിന് തോന്നിയിട്ടുള്ളത്. പറ്റിപ്പോയ പാളിച്ചകളെയോർത്ത് വിഷമിച്ച് സമയം കളയുന്ന ആളായിരുന്നില്ല അയാൾ. എംബസിയിലെ  ഓഫീസിൽ തന്റെ ഇരിപ്പിടത്തിൽ വന്നിരുന്ന് അയാൾ നടാഷാ റൂബനോവയെ ചോദ്യം ചെയ്യുവാനാരംഭിച്ചു. ഷെപ്പിലോവും ടർക്കിനും വാതിൽക്കൽത്തന്നെയുണ്ട്.

 

“ഞാൻ വീണ്ടും ചോദിക്കുകയാണ് കോമ്രേഡ് അവൾ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിരുന്നോ...? തീർച്ചയായും അവളുടെ ഉദ്ദേശ്യം എന്താണെന്ന് നിങ്ങൾക്കറിയാതിരിക്കില്ല” ബെലോവ് പറഞ്ഞു.

 

തീവ്രദുഃഖത്താൽ ധാരയായി ഒഴുകുന്ന കണ്ണീർ തികച്ചും യഥാർത്ഥമായിരുന്നു. അതുകൊണ്ടു തന്നെ അനായാസമായി നുണ പറയുവാൻ അവർക്കായി. “അവളുടെ തിരോധാനത്തിൽ താങ്കളെപ്പോലെ തന്നെ ഞാനും അതീവ ദുഃഖിതയാണ് കോമ്രേഡ് കേണൽ

 

ഒരു  നെടുവീർപ്പിട്ട് അയാൾ ടർക്കിന് നേരെ കണ്ണുകാണിച്ചു. നടാഷയുടെ പിന്നിലേക്ക് ചെന്ന അയാൾ അവരെ പിടിച്ച് കസേരയിലിരുത്തി. എന്നിട്ട് തന്റെ വലതുകൈയിലെ ഗ്ലൗസ് ഊരി മാറ്റി അവരുടെ കഴുത്തിൽ പിടിമുറുക്കി. കഴുത്തിലെ ഞരമ്പിൽ ഒരു പ്രത്യേകതരത്തിൽ അയാൾ അമർത്തിയതും അസഹനീയമായ വേദന കൊണ്ട് അവർ പിടഞ്ഞു.

 

“ഞാൻ വീണ്ടും ചോദിക്കുകയാണ്” ശാന്തസ്വരത്തിൽ ബെലോവ് പറഞ്ഞു. “ദയവ് ചെയ്ത് വിവേകത്തോടെ മറുപടി പറയൂ ഇത്തരം മൂന്നാം മുറകൾ പ്രയോഗിക്കുന്നത് എനിക്കിഷ്ടമേയല്ല

 

വേദനയും അപമാനഭാരവും മൂലം രോഷം കൊണ്ട നടാഷ തന്റെ ജീവിതത്തിലെ ഏറ്റവും ധീരമായ പ്രതികരണമാണ് നടത്തിയത്. “ദയവ് ചെയ്ത്, കോമ്രേഡ് ഞാൻ ആണയിടുന്നു എന്നോടവൾ ഒന്നും തന്നെ പറഞ്ഞില്ല ഒന്നും തന്നെ

 

ടർക്കിന്റെ വിരലുകൾ കഴുത്തിലെ ഞരമ്പിൽ വീണ്ടും അമർന്നതും അവർ വേദനയാൽ അലറിക്കരഞ്ഞു. ബെലോവ് തന്റെ കൈ ഉയർത്തി. “മതി ഇവർ പറയുന്നത് സത്യമാണെന്ന് തോന്നുന്നു അല്ലെങ്കിൽത്തന്നെ നുണ പറഞ്ഞിട്ട് എന്ത് നേടാനാണ് ഇവർക്ക്?”

 

കസേരയിൽ ചുരുണ്ടുകൂടി ഇരുന്നുകൊണ്ട് നടാഷ വിതുമ്പി.

 

“ഇനി എന്താണ് കോമ്രേഡ്?” ടർക്കിൻ ചോദിച്ചു.

 

“എയർപോർട്ടുകളിലെല്ലാം കർശന നിരീക്ഷണം വേണം അവൾ ഫ്ലൈറ്റ് പിടിക്കാനുള്ള സമയം എന്തായാലും ആയിട്ടില്ല

 

“കലൈസ്, ബൂലോൺ എന്നീ തുറമുഖങ്ങളോ?”

 

“നമ്മുടെ ആൾക്കാർ റോഡ് മാർഗ്ഗം അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് രണ്ടിടത്തു നിന്നായാലും നാളെ രാവിലെ മാത്രമേ ഇനി ഫെറി സർവീസുള്ളൂ അവ പുറപ്പെടുന്നതിന് മുമ്പ് തന്നെ അവരവിടെ എത്തിയിരിക്കും

 

വളരെ കുറച്ചു മാത്രം സംസാരിക്കാറുള്ള ഷെപ്പിലോവ് വായ് തുറന്നു. “ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം കോമ്രേഡ്അവൾ ബ്രിട്ടീഷ് എംബസിയിൽ അഭയം തേടിയിരിക്കാനുള്ള സാദ്ധ്യത താങ്കൾ പരിഗണിച്ചിരുന്നുവോ?”

 

“തീർച്ചയായും” ബെലോവ് പറഞ്ഞു. “കഴിഞ്ഞ വർഷം ജൂൺ മുതൽ തന്നെ എംബസിയുടെ കവാടവും പരിസരവും രാത്രിസമയത്ത് നമ്മുടെ കർശന നിരീക്ഷണത്തിലാണ് അതിൽ കാര്യമുണ്ടെന്ന് കൂട്ടിക്കോളൂ ഇതുവരെ അവൾ അവിടെ എത്തിയിട്ടില്ല അഥവാ എത്തുകയാണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ” അയാൾ ചുമൽ വെട്ടിച്ചു.

 

വാതിൽ തുറന്ന് ഇറാനാ വ്രോൺസ്കി ധൃതിയിൽ പ്രവേശിച്ചു. “ഡബ്ലിനിൽ നിന്നും ലുബോവ് ഡയറക്റ്റ് ലൈനിലുണ്ട് കോമ്രേഡ് ടോപ് അർജന്റ് എന്നാണ് പറഞ്ഞത് ലൈൻ നമ്പർ വണ്ണിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ട്

 

ബെലോവ് റിസീവർ എടുത്ത് എല്ലാം ശ്രദ്ധയോടെ കേട്ടു. റിസീവർ തിരികെ വയ്ക്കുമ്പോൾ അയാൾ മന്ദഹസിക്കുകയായിരുന്നു. “ഇതുവരെ കുഴപ്പമൊന്നുമില്ല അവൾ റെനിസിലേക്കുള്ള നൈറ്റ് ട്രെയിനിൽ കയറിയിരിക്കുന്നു നമുക്ക് ആ മാപ്പ് ഒന്ന് നോക്കാം” അയാൾ നടാഷയെ ഒന്ന് നോക്കി. “ഇറാനാ, ഇവരെ പുറത്തേക്ക് കൊണ്ടുപോകൂ

 

“പക്ഷേ, എന്തിനാണവൾ റെനിസിലേക്ക് പോകുന്നത്?” ടർക്കിൻ ചോദിച്ചു.

 

ബെലോവ് ചുമരിലെ മാപ്പിൽ റെനിസ് എവിടെയാണെന്ന് കണ്ടെത്തി. “സെന്റ് മാലോയിലേക്കുള്ള കണക്ഷൻ ട്രെയിനിനു വേണ്ടി അവിടെ നിന്നും ചാനൽ ഐലണ്ട്സിലെ ജെഴ്സിയിലേക്കുള്ള ഹൈഡ്രോഫോയിൽ പിടിക്കാൻ

 

“എന്ന് വച്ചാൽ ബ്രിട്ടീഷ് മണ്ണിലേക്ക്?”

 

“അതെ ടർക്കിൻ ചെറിയൊരു ദ്വീപാണെങ്കിലും ലോകത്തിലെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക കേന്ദ്രമാണ് ജെഴ്സി നല്ലൊരു എയർപോർട്ടുണ്ട് അവർക്ക്  ലണ്ടനിലേക്കും ലോകത്തിന്റെ നാനാഭാഗത്തേക്കും നിരവധി ഡെയ്‌ലി ഫ്ലൈറ്റുകളും

 

“അതുശരി” ടർക്കിൻ പറഞ്ഞു. “എങ്കിൽ നമുക്കിപ്പോൾത്തന്നെ സെന്റ് മാലോയിലേക്ക് പുറപ്പെടാം. അവൾക്ക് മുന്നേ അവിടെ എത്തണം

 

“ഒരു മിനിറ്റ് നമുക്ക് ആ മിഷേലിൻ ഗൈഡിൽ കൂടി ഒന്ന് നോക്കാം” മേശവലിപ്പ് തുറന്ന് ബെലോവ് ഒരു ചുവന്ന ഗൈഡ് എടുത്ത് മേശപ്പുറത്ത് നിവർത്തി.

 

“ഇതാണ് നാം പറയുന്ന സെന്റ് മാലോ പാരീസിൽ നിന്നും മുന്നൂറ്റി എഴുപത്തിരണ്ട് മൈൽ ദൂരം ബ്രിറ്റനിയുടെ പ്രാന്തപ്രദേശമാണ് ഇപ്പോൾ കാറിൽ പുറപ്പെട്ടാൽ പോലും സമയത്തിന് അവിടെ എത്തുവാൻ സാധിക്കില്ല ബ്യൂറോ ഫൈവുമായി ബന്ധപ്പെടൂ ടർക്കിൻ നമുക്ക് ഉപയോഗപ്പെടുത്താൻ പറ്റിയ ആരെങ്കിലും സെന്റ് മാലോയിൽ ഉണ്ടോ എന്നന്വേഷിക്കൂ ഷെപ്പിലോവ്, നിങ്ങളൊരു കാര്യം ചെയ്യൂ ജെഴ്സിയെക്കുറിച്ചുള്ള സകല ഇൻഫർമേഷനും എനിക്ക് വേണമെന്ന് ഇറാനയോട് പറയൂ എയർപോർട്ട്, ഹാർബർ, ഫ്ലൈറ്റുകളുടെയും ബോട്ടുകളുടെയും ഷെഡ്യൂൾസ് അങ്ങനെയങ്ങനെ പെട്ടെന്ന് തന്നെ വേണമെന്ന് പറയൂ

 

                                                 ***

 

കവൻഡിഷ് സ്ക്വയറിലെ വസതിയിൽ തന്റെ ഡെസ്കിന് മുന്നിലിരുന്ന് ഒരു കെട്ട് പേപ്പറുകൾ പരിശോധിക്കുകയാണ് ഫെർഗൂസൺ. സിറ്റിങ്ങ് റൂമിലെ നെരിപ്പോടിൽ തീ കൂട്ടിയിട്ട് കിം എഴുന്നേറ്റു.

 

“കോഫി എടുക്കട്ടെ സാഹിബ്?” ആ ഗൂർഖ ചോദിച്ചു.

 

“കോഫിയോ? വേണ്ടേ വേണ്ട ചായ കൊണ്ടുവരൂ കിം നല്ല ചൂടു ചായ കൂടെ എന്തെങ്കിലും സാൻഡ്‌വിച്ചും ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ്

 

കിം പുറത്തു കടന്നതും സ്റ്റഡീറൂമിൽ നിന്നും ഹാരി ഫോക്സ് തിടുക്കത്തിൽ പ്രവേശിച്ചു. “സർ, ഇതാണ് ഏറ്റവും പുതിയ ഇൻഫർമേഷൻ റെനിസിൽ അവൾക്ക് ഏതാണ്ട് രണ്ടു മണിക്കൂർ സ്റ്റോപ്പ് ഓവർ ഉണ്ട് അവിടെ നിന്നും സെന്റ് മാലോയിലേക്ക് എഴുപത് മൈൽ രാവിലെ ഏഴരയ്ക്ക് അവിടെ എത്തിച്ചേരും

 

“ഹൈഡ്രോഫോയിൽ എപ്പോഴാണ്?”

 

“എട്ട് പതിനഞ്ചിന് പുറപ്പെടും ഏതാണ്ട് ഒന്നേ കാൽ മണിക്കൂർ യാത്രയുണ്ട് ടൈം ചെയ്ഞ്ച് ഉള്ളതുകൊണ്ട് ബ്രിട്ടീഷ് സമയം എട്ട് മുപ്പതിന് ജെഴ്സിയിൽ എത്തിച്ചേരും പത്തു പത്തിന് ജെഴ്സിയിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് ഒരു ഫ്ലൈറ്റുണ്ട് എന്ന് വച്ചാൽ അവൾക്ക് ആ ഫ്ലൈറ്റ് പിടിക്കാൻ ധാരാളം സമയമുണ്ടെന്നർത്ഥം വളരെ ചെറിയൊരു ദ്വീപാണ് സർ അത് ഹാർബറിൽ നിന്നും എയർപോർട്ടിലേക്ക് വെറും പതിനഞ്ച് മിനിറ്റ് മതിയാകും ക്യാബ് പിടിക്കുകയാണെങ്കിൽ

 

“നോ, ഹാരീ അവളെ അവിടെ ഒറ്റയ്ക്ക് വിടുന്നത് സുരക്ഷിതമല്ല ആരുടെയെങ്കിലും സഹായം കൂടിയേ തീരൂഹാർബറിൽ അവളെ സ്വീകരിക്കാൻ ആരെങ്കിലും വേണം നിങ്ങൾ അങ്ങോട്ട് പോകേണ്ടി വരും രാവിലെ ഒരു ബ്രേക്ക്ഫാസ്റ്റ് പ്ലെയിൻ കാണണമല്ലോ

 

“നിർഭാഗ്യവശാൽ ഒമ്പത് ഇരുപതിനേ അത് അവിടെയെത്തൂ

 

“നാശം!” ഫെർഗൂസൺ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ആഞ്ഞിടിച്ചു. അപ്പോഴാണ് ഒരു ട്രേയിൽ ആവി പറക്കുന്ന ചായയും പുതിയതായി ഉണ്ടാക്കിയ സാൻഡ്‌വിച്ചുമായി കിം മുറിയിലെത്തിയത്. ഗ്രിൽ ചെയ്ത പന്നിയിറച്ചിയുടെ കൊതിപ്പിക്കുന്ന ഗന്ധം അവിടെങ്ങും പരന്നു.

 

“വേറൊരു സാദ്ധ്യത കാണുന്നുണ്ട് സർ

 

“എന്താണത്?”

 

“എന്റെ കസിൻ, അലക്സ്, സർ അലക്സാണ്ടർ മാർട്ടിൻ ശരിക്കും പറഞ്ഞാൽ എന്റെ സെക്കൻഡ് കസിനാണ് ജെഴ്സിയിലാണ് അയാൾ താമസിക്കുന്നത് ഫൈനാൻസ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് എന്തോ ജോലിയാണ് അവിടുത്തുകാരി പെൺകുട്ടിയെ വിവാഹം ചെയ്ത് സ്ഥിരതാമസമാണവിടെ

 

“മാർട്ടിൻ?” ഫെർഗൂസൺ പുരികം ചുളിച്ചു. “ആ പേര് നല്ല പരിചയമുണ്ടല്ലോ

 

“ശരിയാണ് സർ ഇതിന് മുമ്പ് നമ്മൾ അയാളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് അയാൾ ഇവിടെ ഒരു ബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്ത് പലയിടത്തേക്കും അയച്ചിട്ടുണ്ട് ജനീവ, സൂറിച്ച്, ബെർലിൻ, റോം എന്നിങ്ങനെ

 

“എന്നിട്ട് നമ്മുടെ ആക്ടീവ് ലിസ്റ്റിൽ ഇല്ലേ അയാൾ?”

 

“ഇല്ല സർ പ്രധാനമായും ഒരു കൊറിയർ ആയിട്ടാണ് നാം അയാളെ ഉപയോഗിച്ചത് മൂന്ന് വർഷം മുമ്പ് ഒരിക്കൽ ഈസ്റ്റ് ബെർലിനിൽ വച്ച് നമ്മുടെ പദ്ധതി ഏതാണ്ട് പരാജയപ്പെട്ട വേളയിൽ അതിസമർത്ഥമായി ആ സന്ദർഭം കൈകാര്യം ചെയ്തവനാണ് അയാൾ

 

“ശരിയാണ്, ഇപ്പോൾ ഓർമ്മ വരുന്നു” ഫെർഗൂസൺ പറഞ്ഞു. “നമ്മുടെ കോൺടാക്റ്റിലുള്ള ഒരു സ്ത്രീയുടെ പക്കൽ നിന്നും ഏതാനും രേഖകൾ പിക്ക് ചെയ്യാൻ പോയതായിരുന്നു എന്നാൽ അവരുടെ ചാരപ്രവർത്തനം കണ്ടുപിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതും അവരെ തന്റെ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് അയാൾ ചാർലി ചെക്ക് പോയിന്റ് വഴി ഈസ്റ്റ് ജർമ്മനിയ്ക്ക് വെളിയിൽ എത്തിച്ചു

 

“അതാണ് അലക്സ്, സർ വെൽഷ് ഗാർഡ്സിൽ ഷോർട്ട് സർവീസിൽ ഇരിക്കെ മൂന്നുവട്ടം അയർലണ്ടിൽ പോയിട്ടുണ്ട് നല്ലൊരു സംഗീതജ്ഞൻ കൂടിയാണയാൾ തരക്കേടില്ലാതെ പിയാനോയും വായിക്കും ഒരു ടിപ്പിക്കൽ വെൽഷ് എന്ന് പറയാം

 

“ഗെറ്റ് ഹിം നൗ, ഹാരീ!” ഫെർഗൂസൺ പറഞ്ഞു. മാർട്ടിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിച്ച അദ്ദേഹം സന്തോഷവാനായി. ട്രേയിൽ നിന്നും ഒരു ബേക്കൺ സാൻഡ്‌വിച്ച് എടുത്തിട്ട് അദ്ദേഹം പറഞ്ഞു. “ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


13 comments:

  1. സെന്റ് മാലോയിൽ രണ്ടു സൈഡിൽ നിന്നും ആൾക്കാർ എത്തട്ടെ ..
    അലെക്സിനോട് മുട്ടൻ ഉള്ളവർ വാടാ ( ഈ എക്സ്ട്രാ ആൾക്കാരെ തീർത്തും ദയവില്ലാതെ കൊന്നു കളയുമോ ആവോ )
    കാലത്തെ തന്നെ താന്യ രക്ഷപ്പെടുമോ എന്ന ആകാംഷയെക്കാളും എന്നെ വിഷമിപ്പിക്കുന്നത് മറ്റൊന്നാണ് ..
    ഗ്രിൽ ചെയ്തെടുത്ത പന്നി ഇറച്ചി വെച്ചുള്ള സാൻഡ്‌വിച്ച് ..
    ഇനി അതൊരെണ്ണം സംഘടിപ്പിച്ചു തരാതെ വിനുവേട്ടനെ നുമ്മ വിടില്ല.
    എന്റെ ദൈവമേ ഞാനാണെങ്കിൽ ഇത് വരെ ബ്രേക്‌ഫാസ്റ് കഴിച്ചിട്ടും ഇല്ല..
    പോയി ക്യാന്റീനിൽ വല്ല കരിഞ്ഞ ദോശയും കിട്ടുമോ എന്ന് നോക്കട്ടെ

    ReplyDelete
    Replies
    1. സെന്റ് മാലോയിൽ രണ്ട് സൈഡിൽ നിന്നുമുള്ളവർ എത്തില്ല... ജെഴ്സി ഹാർബറിൽ എത്തുന്ന താന്യയെ സ്വീകരിക്കാനാണ്‌ അലക്സിനെ ഏർപ്പാടാക്കുന്നത്... സെന്റ് മാലോയിൽ വച്ച് KGB സംഘം താന്യയെ പിടികൂടിയാൽ പണി പാളും...

      പിന്നെ, ആ പറഞ്ഞ സാൻഡ്‌വിച്ച് കിട്ടുമെങ്കിൽ എനിക്കും കൂടി വേണംട്ടോ ഒരെണ്ണം... ജിമ്മനെ ഏല്പിച്ചാലോ നമുക്ക്...?

      Delete
    2. രണ്ടാം വട്ടം വായനയിൽ അത് എനിക്ക് മനസ്സിലായി..
      അലക്സ് കുട്ടൻ ജേഴ്‌സിയിൽ വെയിറ്റ് ചെയ്യും എന്ന്..
      വിശപ്പിന്റെ വിളി കാരണം ആദ്യം അത് ശ്രദ്ധിച്ചില്ലായിരുന്നു.
      ജിമ്മനെ ഏൽപ്പിക്കുന്നത് അത്ര ബുദ്ധി ആണോ..
      അണ്ണൻ രണ്ടെണ്ണം സ്പോട്ടിൽ കഴിച്ചിട്ട് റെസിപ്പി മാത്രം പറഞ്ഞു തരും

      Delete
    3. ലണ്ടനിൽ നിന്നുള്ള പോർക്ക് ഗ്രിൽ സാൻഡ്‌വിച്ച് ആകുമ്പോൾ ആ സെയിം ടേസ്റ്റ് തന്നെ കിട്ടുമല്ലോ എന്നോർത്താ... ജിമ്മൻ ഇന്ന് തന്നെ പോയി അത് പരീക്ഷിക്കും എന്നതുറപ്പാ... ദുഷ്ടൻ...

      Delete
    4. സാൻഡ്‌വിച്ചിന്റെ കാര്യം ഞാനേറ്റു.. വായിക്കാൻ ഇത്തിരി ലേറ്റായി, അല്ലെങ്കിൽ ഇന്നുതന്നെ പരീക്ഷിച്ചേനെ.. (ഉണ്ടാപ്രിച്ചേട്ടനുള്ളത് പ്രത്യേകം പാർസൽ ചെയ്ത് എടുക്കുന്നതാണ്..)

      Delete
    5. എന്നിട്ട് പരീക്ഷിച്ചോ...?

      Delete
    6. നമ്മക്ക് പാർസൽ ഒന്നും കിട്ടില്ലേലും വേണ്ട ..
      നിങ്ങ അതൊന്നു കഴിച്ചു എന്ന് കേട്ടാൽ മതി.

      അപ്പൊ പറഞ്ഞ പോലെ എല്ലാരും സന്തോഷം ആയിട്ടിരി..

      Delete
  2. അലക്സ് ആള് കൊള്ളാം ന്ന് തോന്നുന്നല്ലോ

    ReplyDelete
    Replies
    1. അലക്സ് ആള് പുലിയാ... അധികം‌ വൈകാതെ നമുക്കയാളെ സന്ധിയ്ക്കാം...

      Delete
  3. പാവം നടാഷ..

    അലക്സ് ഇനി അയാളുടെ കാലം

    ReplyDelete
    Replies
    1. എന്താവുമെന്ന് കാത്തിരുന്നു കാണാം സുകന്യാജീ...

      Delete
  4. അലക്സേട്ടനെ വിളിക്കൂ, താന്യയെ രക്ഷിക്കൂ!!

    എന്നാലും ഈ KGB-ക്കാരെ സമ്മതിക്കണം.. അന്തകാലത്തും എത്ര കൃത്യമായിട്ടാണ് ലവന്മാർ കാര്യങ്ങൾ ഗണിച്ചെടുക്കുന്നത്!

    ReplyDelete
    Replies
    1. ഗണിക്കുന്നതല്ലല്ലോ... ഡെവ്‌ലിന്റെ ഫോൺ ചോർത്തിയെടുക്കുന്ന വിവരങ്ങളല്ലേ...

      Delete