ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഒരു കൺട്രോൾ ടവറും രണ്ട് ഹാങ്കറുകളും ആർച്ച് രൂപത്തിലുള്ള മൂന്ന് താൽക്കാലിക മെറ്റൽ ഷെഡ്ഡുകളുമുള്ള ചെറിയൊരു എയർഫീൽഡ് ആയിരുന്നു ക്രോക്സ്. ഒരു എയറോക്ലബ്ബിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയ ആ എയർഫീൽഡാണ് തന്റെ എയർടാക്സി സർവീസ് ഓപ്പറേറ്റ് ചെയ്യുവാനായി പിയർ ലെബെൽ ഉപയോഗിച്ചിരുന്നത്. ചോദിക്കുന്ന പ്രതിഫലം നൽകുവാൻ തയ്യാറുള്ള ആർക്കും മറുചോദ്യം കൂടാതെ തന്റെ സേവനം നൽകുന്ന ഒരു മിതഭാഷിയായിരുന്നു പിയർ ലെബെൽ. ബെലോവിന് വേണ്ടി നിരവധി തവണ പറന്നിട്ടുള്ളതിനാൽ അയാൾക്ക് ടർക്കിനെയും ഷെപ്പിലോവിനെയും നല്ല പരിചയമുണ്ടായിരുന്നു. അവരെല്ലാം റഷ്യക്കാരാണെന്ന വസ്തുത അയാൾക്ക് അറിയില്ലായിരുന്നു. നിയമവിരുദ്ധമായ എന്തൊക്കെയോ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്ന് മനസ്സിലായെങ്കിലും മയക്കുമരുന്നുമായി ബന്ധമില്ലാത്തതിനാലും പറഞ്ഞ വാടക തരുന്നതിനാലും അയാൾക്കതൊരു പ്രശ്നമേ ആയിരുന്നില്ല. ഇരുവരെയും കാത്ത് എയർഫീൽഡിൽ നിൽക്കുകയായിരുന്ന അയാൾ അവർ എത്തിയതും മെയിൻ ഹാങ്കറിന്റെ വാതിൽ തുറന്നു. അവർ തങ്ങളുടെ കാർ അതിനുള്ളിലേക്ക് കയറ്റി നിർത്തി.
“ഏതാണ് വിമാനം…?” ടർക്കിൻ ചോദിച്ചു.
“ചീഫ്‌റ്റീന… സെസ്‌നയെക്കാൾ വേഗതയുണ്ടാകും… മാത്രവുമല്ല, സെന്റ് മാലോ എത്തുന്നത് വരെയും ഹെഡ്‌വിൻഡ് ഉണ്ടാകുമെന്നതുകൊണ്ട് എന്തുകൊണ്ടും ചീഫ്‌റ്റീന തന്നെയാണ് നല്ലത്…”
“എപ്പോഴാണ് നാം പുറപ്പെടുന്നത്…?”
“നിങ്ങൾ റെഡിയാണെങ്കിൽ എപ്പോൾ വേണമെങ്കിലും പോകാം…”
“പക്ഷേ, ജെഴ്സി എയർപോർട്ട് ഏഴുമണിയ്ക്ക് മുമ്പ് തുറക്കില്ലെന്നാണല്ലോ ഞാൻ കേട്ടത്…”
“അത് പറഞ്ഞവർക്ക് അതേക്കുറിച്ച് വ്യക്തമായി അറിവില്ലെന്നതാണ് വസ്തുത… എയർടാക്സികൾക്കായി ജെഴ്സി എയർപോർട്ട് ഓപ്പണാവുന്നത് ഏഴരയ്ക്കാണ്… എന്നിരുന്നാലും പേപ്പർ പ്ലെയിനിന് വേണ്ടി രാവിലെ അഞ്ചരയ്ക്ക് തന്നെ എയർപോർട്ട് തുറക്കും…”
“പേപ്പർ പ്ലെയിൻ…?”
“ഇംഗ്ലണ്ടിൽ നിന്ന് ന്യൂസ്പേപ്പറുകളും തപാൽ ഉരുപ്പടികളുമൊക്കെയായി വരുന്ന വിമാനം… ഏർലി ലാൻഡിങ്ങിനുള്ള അഭ്യർത്ഥനയോട് പൊതുവേ അനുഭാവപൂർവ്വമായ നിലപാടാണ് അവർ സ്വീകരിക്കാറുള്ളത്… പ്രത്യേകിച്ചും അവർക്ക് നമ്മെ അറിയാമെങ്കിൽ… വളരെ അത്യാവശ്യമായ കാര്യത്തിനാണ് ഈ യാത്ര എന്നല്ലേ പറഞ്ഞത്…?”
“അതെ, തീർച്ചയായും…” ടർക്കിൻ പറഞ്ഞു.
“ഗുഡ്… എങ്കിൽ നമുക്ക് ഓഫീസിലേക്ക് പോകാം… വാടകയുടെ കാര്യങ്ങൾ തീരുമാനിക്കണ്ടേ…”
അത്രയൊന്നും ഉറപ്പില്ലാത്ത കോണിപ്പടികൾ കയറി അവർ ആ ഓഫീസ് റൂമിലെത്തി. ചെറുതും വൃത്തിയില്ലാത്തതുമായ ആ ഓഫീസിലെ മേശപ്പുറത്ത് അലങ്കോലമായി കിടക്കുന്ന പേപ്പറുകൾ. എല്ലാത്തിനും കൂടി വെളിച്ചം പകരാൻ മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരേയൊരു ബൾബ്. ടർക്കിൻ പോക്കറ്റിൽ നിന്നും ഒരു എൻവലപ്പ് എടുത്ത് ലെബെലിന് കൈമാറി. “എണ്ണി നോക്കൂ…”
“അതുപിന്നെ പറയാനുണ്ടോ…” ആ ഫ്രഞ്ചുകാരൻ പറഞ്ഞു. അപ്പോഴാണ് മേശപ്പുറത്തെ ഫോൺ ശബ്ദിച്ചത്. റിസീവർ എടുത്ത് മറുപടി പറഞ്ഞ അയാൾ അത് ടർക്കിന് നേരെ നീട്ടി. “നിങ്ങൾക്കുള്ളതാണ്…”
ബെലോവ് ആയിരുന്നുവത്. “റെനിസിൽ നിന്നും അവൾ ഡെവ്‌ലിനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്… പുതിയൊരു പ്രശ്നം ഉടലെടുത്തിരിക്കുന്നു… ഹൈഡ്രോഫോയിലിൽ ജെഴ്സിയിലെത്തുന്ന അവളെ സ്വീകരിക്കുവാൻ അലക്സാണ്ടർ മാർട്ടിൻ എന്നൊരാൾ എത്തുമത്രെ…”
“അയാളൊരു പ്രൊഫഷണൽ ആണോ…?” ടർക്കിൻ ചോദിച്ചു.
“അതെക്കുറിച്ച് ഒരു വിവരവുമില്ല… ജെഴ്സി പോലൊരു സ്ഥലത്ത് അവരുടെ ഏജന്റുമാർ ഉണ്ടാകുമെന്ന് ആരും ചിന്തിക്കുക പോലും ചെയ്യില്ല… എന്നിട്ടും……….. ”
“സാരമില്ല…” ടർക്കിൻ പറഞ്ഞു. “ഞങ്ങൾ കൈകാര്യം ചെയ്തോളാം…”
“ഗുഡ് ലക്ക്…”
ലൈൻ ഡിസ്കണക്റ്റ് ആയതും ടർക്കിൻ ലെബെലിന് നേർക്ക് തിരിഞ്ഞു. “ശരി, സുഹൃത്തേ… ഞങ്ങൾ റെഡിയാണ്… ഇനിയെല്ലാം നിങ്ങളുടെ സൗകര്യം പോലെ…”
***
അവർ ജെഴ്സി എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ ആറു മണി ആയതേ ഉണ്ടായിരുന്നുള്ളൂ. അരുണകിരണങ്ങൾ കിഴക്കൻ ചക്രവാളത്തിൽ ചിത്രമെഴുതിത്തുടങ്ങിയിരിക്കുന്നു. സൂര്യൻ ഉദിച്ചുയർന്നതോടെ ചക്രവാളമെങ്ങും ഓറഞ്ച് നിറമായി മാറി. ഡ്യൂട്ടിയിലുള്ള കസ്റ്റംസ് & ഇമിഗ്രേഷൻ ഓഫീസർ പ്രസന്നതയോടെയും ബഹുമാനത്തോടെയും ആയിരുന്നു അവരോട് പെരുമാറിയത്. അങ്ങനെയല്ലാതിരിക്കാൻ തരമില്ലല്ലോ. അവർ ഇരുവരുടെയും പേപ്പറുകളെല്ലാം കൃത്യമായിരുന്നു എന്നത് തന്നെ കാരണം. വർഷം തോറും ആയിരക്കണക്കിന് ഫ്രഞ്ച് സന്ദർശകർ വന്നു പോകുന്ന ഇടമാണ് ജെഴ്സി. അത്രയും പേരെ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് ഇമിഗ്രേഷൻ ഓഫീസർമാർ.
“സ്റ്റോപ്പ് ഓവർ ഉണ്ടോ…? അയാൾ ലെബെലിനോട് ആരാഞ്ഞു.
“ഇല്ല… നേരെ പാരീസിലേക്ക് തിരിച്ചു പറക്കുകയാണ്…” ലെബെൽ പറഞ്ഞു.
“ആന്റ് യൂ, ജെന്റിൽമെൻ…?”
“മൂന്നോ നാലോ ദിവസം… ബിസിനസ് ആന്റ് പ്ലെഷർ…” ടർക്കിൻ പറഞ്ഞു.
“നോട്ടീസ് വായിച്ചുവല്ലോ അല്ലേ…? ഡിക്ലയർ ചെയ്യാൻ എന്തെങ്കിലും ഉണ്ടോ…?”
“ഒന്നും തന്നെയില്ല…” ടർക്കിൻ തന്റെ ബാഗ് അയാൾക്ക് നേരെ നീട്ടി.
ആ ഓഫീസർ തല കുലുക്കി. “ഓൾറൈറ്റ് ജെന്റിൽമെൻ… ഹാവ് എ നൈസ് ഡേ…”
ലെബെലിന് ഹസ്തദാനം നൽകിയിട്ട് അവർ ഇരുവരും വിജനമായ അറൈവൽ ഹാളിലേക്ക് നടന്നു. പുറത്ത് ഒന്നോ രണ്ടോ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിലും ടാക്സി സ്റ്റാന്റിൽ കാറുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ചുമരിലെ ടെലിഫോൺ ഉപയോഗിക്കാനായി ടർക്കിൻ നീങ്ങവെ അയാളുടെ ചുമലിൽ തട്ടിയിട്ട് ഷെപ്പിലോവ് എയർപോർട്ടിന്റെ കവാടത്തിന് നേരെ കൈ ചൂണ്ടി. ഒരു ടാക്സി ആ കവാടം കടന്ന് അങ്ങോട്ട് വരുന്നുണ്ടായിരുന്നു. ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ വന്നു നിന്ന ആ കാറിൽ നിന്നും രണ്ട് എയർഹോസ്റ്റസുമാർ ഇറങ്ങി ഉള്ളിലേക്ക് പോയി. മുന്നോട്ടെടുത്ത കാർ അവിടെ കാത്തു നിൽക്കുകയായിരുന്ന അവർക്കരികിൽ വന്നു നിന്നു.
“ജെന്റിൽമെൻ, ഇത്ര നേരത്തെയോ…? ഡ്രൈവർ ചോദിച്ചു.
“അതെ… ഞങ്ങൾ പാരീസിൽ നിന്നാണ്…” ടർക്കിൻ പറഞ്ഞു. “പ്രൈവറ്റ് ഫ്ലൈറ്റിലാണ് എത്തിയത്…”
“അതുശരി… എങ്ങോട്ടാണ് പോകേണ്ടത്…?”
ഇറാനാ വ്രോൺസ്കി നൽകിയിരുന്ന ജെഴ്സി ഗൈഡ്ബുക്കിലെ സെന്റ് ഹെലിയർ ടൗണിന്റെ മാപ്പ് പരിശോധിക്കുകയായിരുന്നു ടർക്കിൻ വിമാനയാത്രയിൽ അധികനേരവും. അതുകൊണ്ടു തന്നെ പെട്ടെന്നൊരു ഉത്തരം പറയാൻ അയാൾക്ക് ചിന്തിക്കേണ്ടി വന്നില്ല. “വെയ്‌ബ്രിഡ്ജ്… അവിടെയല്ലേ ഹാർബർ സ്ഥിതി ചെയ്യുന്നത്…?”
ടാക്സി മുന്നോട്ട് നീങ്ങി. “അപ്പോൾ നിങ്ങൾക്ക് ഹോട്ടൽ ആവശ്യമില്ലേ…?” ഡ്രൈവർ ചോദിച്ചു.
“ഇല്ല… അല്പം കഴിഞ്ഞ് ചില സുഹൃത്തുക്കളെ കാണാനുണ്ട്… താമസ സൗകര്യമെല്ലാം അവരാണ് ഏർപ്പാടാക്കുന്നത്… തൽക്കാലം ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും കഴിക്കാമെന്ന് വിചാരിച്ചു…”
“എന്നാൽ പിന്നെ അതു തന്നെ നല്ലത്… വെയ്‌ബ്രിഡ്ജിന് സമീപം ഒരു കഫേയുണ്ട്… അതിരാവിലെ തന്നെ തുറക്കും… ഞാൻ കാണിച്ചു തരാം…”
പുലർകാലമായതു കൊണ്ട് റോഡിൽ ഒട്ടും തന്നെ തിരക്കുണ്ടായിരുന്നില്ല. വിക്ടോറിയ അവന്യൂവിലൂടെ ബെൽ റോയലിലേക്കുള്ള ആ യാത്ര പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ എടുത്തുള്ളൂ. സെന്റ് ഓബിൻസ് ഉൾക്കടലിൽ നിന്നും സൂര്യൻ ഉദിച്ചുവരുന്ന ദൃശ്യം നയനമനോഹരമായിരുന്നു. വേലിയേറ്റ സമയമായതിനാൽ ബീച്ചിലെ പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന എലിസബത്ത് കൊട്ടാരം വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. ആ കാഴ്ച്ചകളെല്ലാം കണ്ട് അവർ ആ കൊച്ചുപട്ടണം ലക്ഷ്യമാക്കി നീങ്ങി. മാനം മുട്ടെ ഉയർന്നു നിൽക്കുന്ന ക്രെയിനുകളും ഹാർബറിന് ചുറ്റുമുള്ള പുലിമുട്ടുകളും ക്രമേണ കാണാറായി.
ഹാർബറിന് മുന്നിലുള്ള പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപം കാർ നിർത്തിയിട്ട് ഡ്രൈവർ പറഞ്ഞു. “ജെന്റിൽമെൻ, ഇതാണ് നിങ്ങൾ പറഞ്ഞ വെയ്ബ്രിഡ്ജ്… അതാ അവിടെയാണ് ടൂറിസ്റ്റ് ഓഫീസ്… കുറച്ചു കഴിഞ്ഞേ തുറക്കൂ… എന്തെങ്കിലും ഇൻഫർമേഷൻ വേണമെന്നുണ്ടെങ്കിൽ അവിടെ നിന്നും ലഭിക്കും… കുറച്ചു കൂടി മുന്നോട്ട് പോയാൽ കാണുന്ന കോർണറിന് സമീപമാണ് കഫേ… അപ്പോൾ ശരി, ഒരു മൂന്ന് പൗണ്ട് തന്നേക്കൂ…”
ടർക്കിൻ തന്റെ പേഴ്സ് തുറന്ന്, ഇറാനാ വ്രോൺസ്കി നൽകിയ ബ്രിട്ടീഷ് കറൻസികൾക്കിടയിൽ നിന്നും ഒരു അഞ്ച് പൗണ്ടിന്റെ നോട്ട് വലിച്ചെടുത്ത് അയാൾക്ക് നൽകി. “ഇത് വച്ചോളൂ… നിങ്ങളെ കണ്ടത് എന്തായാലും വളരെ ഉപകാരമായി… ആട്ടെ, മറീന എവിടെയാണ്…?”
ഡ്രൈവർ വിരൽ ചൂണ്ടി. “ഹാർബറിന്റെ അങ്ങേയറ്റത്താണ്… നടക്കാനുള്ള ദൂരമേയുള്ളൂ…”
ഉൾക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന പുലിമുട്ടിന് നേർക്ക് ദൃഷ്ടി പായിച്ചിട്ട് ടർക്കിൻ ചോദിച്ചു. “മറീനയിലല്ലേ ബോട്ടുകൾ വരുന്നത്…?”
“അതെ… ആൽബർട്ട് ക്വേയിലാണ് എത്തുക… കാറുകൾക്കുള്ള ഫെറി റാമ്പ് അവിടെ കാണാം… അതിന് തൊട്ടപ്പുറത്താണ് ഹൈഡ്രോഫോയിൽ ബെർത്ത് …”
“ഗുഡ്… മെനി താങ്ക്സ്…” ടർക്കിൻ പറഞ്ഞു.
അവർ പുറത്തിറങ്ങിയതും അയാൾ കാർ ഓടിച്ചു പോയി. ഏതാനും വാര ദൂരെ ഒരു പബ്ലിക്ക് ടോയ്‌ലറ്റ് ഉണ്ടായിരുന്നു. ഒരക്ഷരം പോലും ഉരിയാടാതെ അതിനുള്ളിലേക്ക് കയറിയ ടർക്കിനെ ഷെപ്പിലോവ് അനുഗമിച്ചു. തന്റെ ബാഗ് തുറന്ന് വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നതിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ ഒളിപ്പിച്ചു വച്ചിരുന്ന രണ്ട് കൈത്തോക്കുകൾ ടർക്കിൻ പുറത്തെടുത്തു. ഒന്ന് തന്റെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് മറ്റേത് അയാൾ ഷെപ്പിലോവിന് നൽകി. സൈലൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക്ക് തോക്കുകളായിരുന്നു അവ.
ബാഗ് അടച്ചുകൊണ്ട് ടർക്കിൻ പറഞ്ഞു. “ഇതുവരെ എല്ലാം വളരെ ഭംഗിയായി നടന്നു… ഇനി നമുക്ക് ആ മറീനയിൽ പോയി ഒന്നു ചുറ്റിനടന്ന് കാണാം…”
***
യാട്ടുകൾ, മോട്ടോർ ക്രൂയ്സറുകൾ, സ്പീഡ്ബോട്ടുകൾ തുടങ്ങി പല തരത്തിലും വലിപ്പത്തിലുമുള്ള നൂറു കണക്കിന് ബോട്ടുകൾ അവിടെ നങ്കൂരമിട്ട് കിടക്കുന്നുണ്ടായിരുന്നു. ബോട്ട് വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനം എളുപ്പംതന്നെ അവർ കണ്ടുപിടിച്ചുവെങ്കിലും അപ്പോൾ അത് തുറന്നിട്ടില്ലായിരുന്നു.
“നമ്മൾ വളരെ നേരത്തെയല്ലേ… തുറക്കാൻ ഇനിയും സമയമുണ്ട്…” ടർക്കിൻ പറഞ്ഞു. “വരൂ, നമുക്ക് ചുറ്റിനടന്ന് എല്ലാം ഒന്ന് കണ്ടിട്ടു വരാം…”
ഇരുവശവും ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്ന കടൽപ്പാലത്തിലൂടെ അവർ അല്പദൂരം മുന്നോട്ട് നടന്നു. പിന്നെ തിരിച്ചുവന്ന് അടുത്ത പാലത്തിലേക്ക് കയറി. ടർക്കിനെ സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ഭാഗ്യം തുണച്ചിരുന്നുവെന്ന് വേണം പറയാൻ. ദൈവനിശ്ചയത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നവനായിരുന്നു അയാൾ. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ മുന്നേറ്റത്തിന് വിരാമമിടുന്ന നിർഭാഗ്യകരമായ ഒരു സംഭവമായിരുന്നു താന്യാ വൊറോണിനോവയുടെ കാര്യത്തിൽ സംഭവിച്ച വീഴ്ച്ച. എങ്കിലും എങ്ങനെയും അത് തിരിച്ചുപിടിക്കാൻ തനിയ്ക്ക് കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു അയാൾ. ഇപ്പോഴിതാ അതിനുള്ള അവസരമൊരുക്കിക്കൊണ്ട് വിധി തന്റെ തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
കടൽപ്പാലത്തിന്റെ അറ്റത്തായി ഒരു മോട്ടോർ ക്രൂയ്സർ നങ്കൂരമിട്ടിരിക്കുന്നു. കണ്ണഞ്ചിക്കുന്ന വെള്ള നിറവും വാട്ടർമാർക്കിന് മുകളിലായി നീല നിറത്തിൽ ബാൻഡുമുള്ള അതിന്റെ പിൻഭാഗത്ത് L’Alouette എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു. ഗ്രാൻവിലായിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബോട്ടാണ്. സെന്റ് മാലോയിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരു തുറമുഖ നഗരമാണ് ഗ്രാൻവിലാ എന്ന് ടർക്കിൻ മനസ്സിലോർത്തു. അപ്പോഴാണ് ഫ്രഞ്ച് ഭാഷ സംസാരിച്ചുകൊണ്ട് ഒരു സ്ത്രീയും പുരുഷനും കൂടി ആ ബോട്ടിന്റെയുള്ളിൽ നിന്നും ഡെക്കിലേക്ക് വന്നത്. താടി വച്ച് ഉയരം കൂടിയ അയാൾ കടും നിറത്തിലുള്ള ഒരു റീഫർകോട്ടാണ് ധരിച്ചിരിക്കുന്നത്. സമാനമായ ഒരു കോട്ടും ജീൻസും ധരിച്ചിരിക്കുന്ന ആ വനിത തലയിൽ ഒരു സ്കാർഫ് ചുറ്റിയിട്ടുണ്ട്.
ബോട്ടിൽ നിന്നും താഴെയിറങ്ങുവാൻ ആ സ്ത്രീയെ സഹായിക്കുന്ന അയാളുടെ സംസാരം ടർക്കിൻ ശ്രദ്ധിച്ചു. “നമുക്ക് ബസ് സ്റ്റേഷൻ വരെ നടന്നു പോകാം… അവിടെ നിന്നും എയർപോർട്ടിലേക്ക് ടാക്സി ലഭിക്കും… ഗ്വെൺസിയിലേക്കുള്ള ഫ്ലൈറ്റ് പുറപ്പെടുന്നത് എട്ടു മണിക്കാണ്…”
“നമ്മുടെ റിട്ടേൺ ഫ്ലൈറ്റ് എപ്പോഴാണ്…?” അവൾ ആരാഞ്ഞു.
“വൈകിട്ട് നാലു മണിയ്ക്ക്… വേഗം വരൂ, ബ്രേക്ക്ഫാസ്റ്റ് നമുക്ക് എയർപോർട്ടിൽ നിന്നും കഴിക്കാം…”
അവർ നടന്നകന്നു. “ഗ്വെൺസി എന്ന് പറയുന്നത് എവിടെയാണ്…?” ഷെപ്പിലോവ് ചോദിച്ചു.
“തൊട്ടടുത്ത ദ്വീപ്…” ടർക്കിൻ പറഞ്ഞു. “ഗൈഡ്ബുക്കിൽ നിന്നും വായിച്ചറിഞ്ഞതാണ്… ദിവസത്തിൽ നിരവധി തവണ ദ്വീപുകൾക്കിടയിൽ ഫ്ലൈറ്റ് സർവീസുണ്ട്… പതിനഞ്ച് മിനിറ്റ് യാത്രയേയുള്ളൂ… ഒരു ദിവസത്തെ ഔട്ടിങ്ങിന് ടൂറിസ്റ്റുകൾ തെരഞ്ഞെടുക്കുന്ന സ്ഥലമാണ്…”
“ഞാനിപ്പോൾ ചിന്തിക്കുന്ന കാര്യം തന്നെയാണോ നിങ്ങളുടെ മനസ്സിലും…? ഷെപ്പിലോവ് ചോദിച്ചു.
“നല്ലൊരു ബോട്ടാണ്…” ടർക്കിൻ പറഞ്ഞു. “ആ പോയ രണ്ടുപേരും വൈകിട്ട് തിരിച്ചെത്തുന്നതിന് മുമ്പ് ഈ ബോട്ടുമായി നമുക്ക് സെന്റ് മാലോയിൽ എത്താൻ കഴിയും…” പോക്കറ്റിൽ നിന്നും ഫ്രഞ്ച് സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം അയാൾ കൂട്ടുകാരന് കൊടുത്തു. “അവർ ഇവിടുന്ന് പുറത്ത് കടന്നതിന് ശേഷം നമുക്ക് ബോട്ടിനുള്ളിൽ കയറി പരിശോധിക്കാം…”
മറ്റ് കടൽപ്പാലങ്ങളിലൂടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങിയതിന് ശേഷം തിരിച്ചെത്തി അവർ ആ ബോട്ടിൽ കയറി. താഴേക്ക് പോകുന്നതിനുള്ള ഇടനാഴിയുടെ വാതിൽ പൂട്ടിയിരിക്കുകയാണ്. ഷെപ്പിലോവ് പോക്കറ്റിൽ നിന്നും സ്പ്രിങ്ങ് നൈഫ് എടുത്ത് അതിന്റെ ബ്ലേഡ് കൊണ്ട് ആ ലോക്ക് വിദഗ്ദ്ധമായി തുറന്നു. ഭംഗിയായി സജ്ജീകരിച്ച രണ്ട് ക്യാബിനുകൾ. കൂടാതെ ഒരു സലൂണും കിച്ചണും ഉണ്ട്. തിരികെ വന്ന് അവർ ഡെക്കിൽ കയറി. വീൽഹൗസിന്റെ ഡോർ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല.
“ഇഗ്നീഷൻ കീ ഇല്ലല്ലോ…” ഷെപ്പിലോവ് പറഞ്ഞു.
“അത് സാരമില്ല… നിങ്ങളുടെ ആ കത്തി ഇങ്ങു തരൂ…” കൺട്രോൾ പാനലിന്റെ പിറകിലേക്ക് കടന്ന ടർക്കിൻ അവിടെയുള്ള അസംഖ്യം വയറുകൾ പരിശോധിച്ചു. സ്റ്റാർട്ടറിലേക്കുള്ള കണക്ഷൻ കണ്ടുപിടിക്കാൻ ഏതാനും നിമിഷങ്ങളേ അയാൾക്ക് വേണ്ടി വന്നുള്ളൂ. ആ വയറുകൾ കൂട്ടി യോജിപ്പിച്ചതിന് ശേഷം അയാൾ സ്റ്റാർട്ടർ ബട്ടൺ അമർത്തി. അടുത്ത നിമിഷം എഞ്ചിൻ ഓണായി. പിന്നെ അയാൾ പരിശോധിച്ചത് ഫ്യൂവൽ ഗേജാണ്. “ടാങ്കിൽ മുക്കാൽ ഭാഗം ഇന്ധനമുണ്ട്…” അയാൾ സ്റ്റാർട്ടർ വയറുകൾ വേർപെടുത്തി. “കണ്ടില്ലേ ഇവാൻ, ഇന്ന് നമ്മുടെ ദിവസമാണ്…” അയാൾ ഷെപ്പിലോവിനോട് പറഞ്ഞു.
ബോട്ടിൽ നിന്നും പുറത്തിറങ്ങി അവർ ഹാർബറിന്റെ മറുഭാഗത്തേക്ക് നടന്നു. ആൽബർട്ട് ക്വേയിൽ ചെന്ന് നിന്ന് അവർ തൊട്ടു താഴെയുള്ള ഹൈഡ്രോഫോയിൽ ബെർത്തിലേക്ക് നോക്കി.
“എക്സലന്റ്…” ടർക്കിൻ തന്റെ വാച്ചിലേക്ക് നോക്കി. “ഇനി നമുക്ക് ചെയ്യാനുള്ളത് ഹൈഡ്രോഫോയിൽ വരുന്നതു വരെ കാത്തിരിക്കുക എന്നതാണ്… അതിന് മുമ്പ് നമുക്ക് ആ കഫേ കണ്ടുപിടിച്ച് ബ്രേക്ഫാസ്റ്റ് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം…”
(തുടരും)
ഇനി നമുക്ക് ചെയ്യാനുള്ളത് ഹൈഡ്രോഫോയിൽ വരുന്നതു വരെ കാത്തിരിക്കുക എന്നതാണ്...
ReplyDeleteഒരാഴ്ച്ച കാത്തിരിക്കേണ്ടി വരുമല്ലോ... 😛
Deleteനമുക്കും വല്ലതും കഴിച്ചിട്ട് കാത്തിരിയ്ക്കാം
ReplyDeleteഎന്നാൽ പിന്നെ ശ്യാമിന്റെ തൊട്ടിപ്പുറത്തുള്ള ആ കസേരയിൽ ഇരുന്നോട്ടോ... 😛
Deleteശ്യാമോ...? അതാരാ ..
Deleteരണ്ടാവർത്തി വായിച്ചിട്ടും അങ്ങനെ ഒരാളെ കണ്ടതായി ഓർക്കുന്നില്ല ..
കർത്താവേ ..വിനുവേട്ടൻ നമ്മളെ ടെസ്റ്റ് ചെയ്യുന്നതാണോ ആവോ
ഓ.. അങ്ങനെ..
Deleteശ്യാം മോഹൻ ..
നുമ്മ മൊത്തം ജേഴ്‌സിയിൽ എത്തി .. അപ്പൊ ഞാൻ വിചാരിച്ചു ...
അതെ... ശ്യാം മോഹൻ... എന്റെ നാട്ടുകാരൻ തന്നെയാണ്... സ്റ്റോം വാണിങ്ങ് മുതലുള്ള ഒരു ആരാധകൻ എന്ന് കൂട്ടിക്കോളൂ...
Deleteഉവ്വ
Deleteപഴയ കമന്റ്സ് കണ്ടിട്ടും ഉണ്ട്
പെട്ടന്ന് നമ്മുടെ കഥയിലെ ആരാണ്ടും ആണെന്നോർത്തു പോയി..
ലവന്മാരോടൊപ്പം ശ്രീയും ജേഴ്‌സിയിൽ വല്ലോം കഴിക്കാൻ ഇരിക്കുവാണെന്നു വിചാരിച്ചു പോയി ..
"ഷെപ്പിലോവ് പോക്കറ്റിൽ നിന്നും സ്പ്രിങ്ങ് നൈഫ് എടുത്ത് അതിന്റെ ബ്ലേഡ് കൊണ്ട് ആ ലോക്ക് വിദഗ്ദ്ധമായി തുറന്നു"
ReplyDelete"ടർക്കിൻ അവിടെയുള്ള അസംഖ്യം വയറുകൾ പരിശോധിച്ചു. സ്റ്റാർട്ടറിലേക്കുള്ള കണക്ഷൻ കണ്ടുപിടിക്കാൻ ഏതാനും നിമിഷങ്ങളേ അയാൾക്ക് വേണ്ടി വന്നുള്ളൂ"
എല്ലാരും experts ആണ് അവനവൻ്റെ മേഖലയിൽ
KGB ചാരന്മാർ എന്നു പറഞ്ഞാൽ സകല തരികിടയും അറിഞ്ഞിരുന്നാലല്ലേ പറ്റൂ...
Delete"കണ്ടില്ലേ ഇവാൻ, ഇന്ന് നമ്മുടെ ദിവസമാണ്…"
ReplyDeleteഎന്താവുമോ എന്തോ.. കാത്തിരിക്കാം.
അവന്മാരങ്ങനെ താന്യയ്ക്ക് മുമ്പേ ജെഴ്സിയിലെത്തി... ഇരുവരെയും കാണുമ്പോൾ താന്യയ്ക്കുണ്ടാവുന്ന ഭീതി ഒന്നാലോചിച്ച് നോക്കൂ... പാവം...
Deleteങ്ങേ ... ഇത്ര ഈസി ആയി ബോട്ടും കിട്ടിയോ..?
ReplyDeleteതാന്യ കൊച്ചിനെ ലവന്മാർ പിടിച്ചോണ്ട് പോകുമോ..?
അലക്സ് ഏട്ടൻ പുലിക്കുട്ടി ആയാൽ മതിയാർന്നു.
ആ നോക്കാം .
വിനുവേട്ടാ ..
ഇപ്പോൾ ബാക്കി വായിക്കാൻ ഒരു കൊതി തോന്നുന്നു .
അത് കൊണ്ട് ചോദിക്കുവാ
"ആഴ്ചയിൽ രണ്ടെണ്ണം വീതം പോസ്റ്റാൻ പറ്റുമോ ?.. ഇല്ലാല്ലേ .. സാരമില്ല "
ലവന്മാരുടെ സമയം എന്ന് പറഞ്ഞാൽ മതിയല്ലോ... അല്ലെങ്കിൽ ആ ഫ്രഞ്ച് മിഥുനങ്ങൾ ഇപ്പോൾ അവിടെ ബോട്ട് കൊണ്ടുവന്നിട്ടിട്ട് ടൂറിന് പോകുമോ...
Deleteഎന്തായാലും അലക്സ് ചേട്ടനിലാണ് ഇനിയൊരു പ്രതീക്ഷ...
ഒരാഴ്ച്ച ഒരു പോസ്റ്റ് ഇടാനുള്ള പാട് തന്നെ എനിക്ക് മാത്രമേ അറിയൂ കൂട്ടാരാ... അപ്പോഴാ രണ്ട്... 🙆🏻♂️
DeleteAI ടൂൾസ് ഒക്കെ ഉള്ള കാലം അല്ലെ..
Deleteവിനുവേട്ടന്റെ മേൽനോട്ടം മാത്രം മതിയാവും
Technical ഗൈഡൻസ് ശ്രീ തരൂല്ലേ .
😳
Delete