Wednesday, November 29, 2023

കൺഫെഷണൽ – 40

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വളരെ പ്രധാനപ്പെട്ട സംഭവങ്ങൾക്കാണ് അന്നു രാവിലെ മോസ്കോ സാക്ഷ്യം വഹിച്ചത്. സോവിയറ്റ് യൂണിയനെയും ലോക രാഷ്ട്രീയത്തെത്തന്നെയും ബാധിക്കുന്ന ചില തീരുമാനങ്ങൾ. 1967 മുതൽ KGB യുടെ തലവനായിരുന്ന യൂറി ആന്ദ്രപ്പോവ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജെർജിൻസ്കി സ്ക്വയറിലെ KGB ഓഫീസിൽത്തന്നെയായിരുന്നു അന്നും അദ്ദേഹം ചെലവഴിച്ചത്. അന്ന് ഉച്ചതിരിഞ്ഞാണ് അദ്ദേഹം ജനറൽ മസ്‌ലോവ്സ്കിയെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചത്. വരാനിരിക്കുന്ന വിപത്തിനെ മുന്നിൽക്കണ്ടുകൊണ്ട് ജനറൽ മസ്‌ലോവ്സ്കി അദ്ദേഹത്തിന്റെ മുന്നിൽ നിന്നു. കാരണം, ആന്ദ്രപ്പോവിനെ മാത്രമായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിൽ അയാൾ ഭയന്നിരുന്നത്. ഫയലിൽ തിരക്കിട്ട് എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയാണ് യൂറി ആന്ദ്രപ്പോവ്. മസ്‌ലോവ്സ്കിയെ ഗൗനിക്കാതെ തന്റെ ജോലി തുടർന്ന അദ്ദേഹം ഏതാനും നിമിഷങ്ങൾക്ക് ശേഷം, തലയുയർത്താതെ തന്നെ സംസാരം ആരംഭിച്ചു.

 

“കുഖോളിൻ വിഷയത്തിൽ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിന് സംഭവിച്ച വീഴ്ച്ചകളെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല

 

“കോമ്രേഡ്” തന്റെ ഭാഗം പ്രതിരോധിക്കാൻ മസ്‌‌ലോവ്സ്കി തുനിഞ്ഞില്ല.

 

“അയാളോടൊപ്പം ചെർണിയെയും വകവരുത്തുന്നതിനുള്ള ഓർഡർ നിങ്ങൾ കൊടുത്തുവോ?”

 

“കൊടുത്തു, കോമ്രേഡ്

 

“അത് എത്രയും പെട്ടെന്നായാൽ അത്രയും നല്ലത്” കണ്ണട ഊരി മാറ്റി നെറ്റിത്തടത്തിലൂടെ ഒന്ന് വിരലോടിച്ചിട്ട് അദ്ദേഹം തുടർന്നു. “പിന്നെ, നിങ്ങളുടെ ആ വളർത്തുമകളുടെ കാര്യം നിങ്ങളുടെ ആൾക്കാരുടെ കഴിവുകേട് കൊണ്ട് അവൾ സുരക്ഷിതമായി ലണ്ടനിൽ എത്തിച്ചേർന്നിരിക്കുന്നു

 

“അതെ, കോമ്രേഡ്

 

“അവിടെ നിന്നും അവളെ ഡബ്ലിനിലേക്ക് അയയ്ക്കാനാണ് ബ്രിഗേഡിയർ ഫെർഗൂസന്റെ തീരുമാനമെന്നറിയുന്നു IRA യുടെ പക്കലുള്ള ചിത്രങ്ങളിൽ നിന്നും അവളെ ഉപയോഗിച്ച് കുഖോളിനെ തിരിച്ചറിയാനുള്ള വഴിയാണോ അദ്ദേഹം തേടുന്നത്…?

 

“അങ്ങനെയാണ് തോന്നുന്നത്” ക്ഷീണിത സ്വരത്തിൽ മസ്‌ലോവ്സ്കി പറഞ്ഞു.

 

“പ്രൊവിഷണൽ IRA എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഫാസിസ്റ്റ് സംഘടനയാണ് കാത്തലിക്ക് ചർച്ചുമായുള്ള ബന്ധവും കൂടി ആയപ്പോൾ പിന്നെ പറയാനുമില്ല അവരുമായി സഹകരിക്കുക വഴി രാജ്യദ്രോഹിയായി മാറിയിരിക്കുകയാണ് താന്യാ വൊറോണിനോവ സ്വന്തം രാജ്യത്തിനും പാർട്ടിയ്ക്കും വർഗ്ഗത്തിനും എതിരെ പ്രവർത്തിച്ചവൾ ഡബ്ലിൻ എംബസിയിലെ ലുബോവിന് ഇപ്പോൾത്തന്നെ ഒരു അടിയന്തര സന്ദേശം അയയ്ക്കുക ചെർണിയ്ക്കും കുഖോളിനുമൊപ്പം അവളെയും വകവരുത്തിയേക്കുക എന്ന്

 

കണ്ണടയെടുത്ത് മുഖത്ത് വച്ച് അദ്ദേഹം വീണ്ടും എഴുതുവാനാരംഭിച്ചു. വിറയ്ക്കുന്ന സ്വരത്തിൽ മസ്‌ലോവ്സ്കി പറഞ്ഞു. “പ്ലീസ് കോമ്രേഡ്, ഒരു പക്ഷേ അവൾ……………

 

ആന്ദ്രപ്പോവ് അത്ഭുതത്തോടെ തലയുയർത്തി. “എന്റെ ഓർഡർ കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ നിങ്ങൾക്ക്, കോമ്രേഡ് ജനറൽ?”

 

യൂറി ആന്ദ്രപ്പോവിന്റെ കണ്ണുകളിലെ തീക്ഷ്ണത കണ്ട മസ്‌ലോവ്സ്കി തളർച്ചയോടെ തലയാട്ടി. “ഇല്ല കോമ്രേഡ്, തീർച്ചയായും ഇല്ല” തിരിഞ്ഞ് പുറത്തേയ്ക്ക് നടക്കവെ അയാളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

                                                            ***

 

താന്യാ വൊറോണിനോവ തങ്ങളുടെ വലയിൽ നിന്നും രക്ഷപെട്ടു എന്ന സന്ദേശം പാരീസിൽ നിന്നും ഡബ്ലിനിലെ സോവിയറ്റ് എംബസിയിലുള്ള ലുബോവിന് ലഭിച്ചു കഴിഞ്ഞിരുന്നു. ആ വാർത്ത വിശ്വസിക്കാനാവാതെ റേഡിയോ റൂമിൽ ഇരിക്കവെയാണ് രണ്ടാമത്തെ സന്ദേശം എത്തുന്നത്. മോസ്കോയിൽ നിന്നും മസ്‌ലോവ്സ്കിയുടേതായിരുന്നു അത്. ഓപ്പറേറ്റർ അത് റെക്കോർഡ് ചെയ്തിട്ട് ടേപ്പ് എടുത്ത് റീഡിങ്ങ് മെഷീനിൽ ഇട്ടു. ലുബോവ് തന്റെ പേഴ്സണൽ കീ എന്റർ ചെയ്തു. ആ സന്ദേശം വായിച്ചു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ദേഹമാസകലം വിറയൽ അനുഭവപ്പെട്ടു. തന്റെ ഓഫീസിൽ ചെന്ന് വാതിൽ അടച്ചിട്ട് അദ്ദേഹം കബോർഡിൽ നിന്നും സ്കോച്ചിന്റെ ബോട്ട്‌ൽ എടുത്ത് ഒന്നിനു പിറകെ ഒന്നായി രണ്ട് കവിൾ അകത്താക്കി. പിന്നെ എന്തോ ആലോചിച്ചുറപ്പിച്ചതു പോലെ ഫോൺ എടുത്ത് ചെർണിയ്ക്ക് ഡയൽ ചെയ്തു.

 

“കോസ്റ്റെലോ ഹിയർ” ഇതുപോലുള്ള അടിയന്തര സന്ദർഭങ്ങളിൽ ലുബോവ് ഉപയോഗിക്കുന്ന കോഡ് നെയിം ആയിരുന്നുവത്. “ആർ യൂ ബിസി?”

 

“അല്ല” ചെർണി പറഞ്ഞു.

 

“അത്യാവശ്യമായി നമുക്ക് ഒന്ന് കാണേണ്ടതുണ്ട്

 

“പതിവ് സ്ഥലത്തു തന്നെയാണോ?”

 

“അതെ ആദ്യം നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് വെരി ഇമ്പോർട്ടന്റ് അതിന് ശേഷം നമ്മുടെ പൊതുസുഹൃത്തിനെയും ഒന്ന് കാണണം ഇന്ന് വൈകിട്ട് ഡൺ സ്ട്രീറ്റിൽ വച്ച് അതിനുള്ള ഏർപ്പാടുകൾ ചെയ്യാമോ?”

 

“അസാധാരണമായിരിക്കുന്നല്ലോ

 

“ഞാൻ പറഞ്ഞില്ലേ, വളരെ ഗൗരവമുള്ള വിഷയമാണ് വൈകുന്നേരത്തെ മീറ്റിങ്ങ് കൺഫേം ചെയ്തിട്ട് എന്നെ തിരികെ വിളിക്കൂ

 

ചെർണി ശരിയ്ക്കും വിരണ്ടു പോയിരുന്നു. സിറ്റി ക്വേയിലുള്ള ഉപയോഗശൂന്യമായ ഒരു വെയർഹൗസിന്റെ കോഡ് നെയിം ആയിരുന്നു ഡൺ സ്ട്രീറ്റ് എന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു കമ്പനിയുടെ പേരിൽ അയാൾ വാടകയ്ക്കെടുത്തതായിരുന്നു ആ കെട്ടിടം. പക്ഷേ, വിഷയം അതല്ല. താനും ഹാരി ക്യുസെയ്നും ലുബോവും ഒരുമിച്ച് ആ സ്ഥലത്ത് വച്ച് ഇതുവരെ ഒത്തുകൂടിയിട്ടില്ല. അയാൾ ക്യുസെയ്ന്റെ കോട്ടേജിലേക്ക് ഫോൺ ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. അതിനാൽ ഡബ്ലിനിലെ കാത്തലിക്ക് സെക്രട്ടേറിയറ്റിന്റെ ഓഫീസിലേക്ക് ഡയൽ ചെയ്തു. ക്യുസെയ്ൻ ആയിരുന്നു ഫോൺ എടുത്തത്.

 

“താങ്ക് ഗോഡ്” ചെർണി പറഞ്ഞു. “ഞാൻ കോട്ടേജിലേക്ക് വിളിച്ചിരുന്നു

 

“ഞാൻ ഓഫീസിൽ എത്തിയതേയുള്ളൂ” ക്യുസെയ്ൻ പറഞ്ഞു. “എന്തെങ്കിലും പ്രശ്നമുണ്ടോ?”

 

“എനിക്കുറപ്പില്ല പക്ഷേ, എന്തോ അസ്വാഭാവികത തോന്നുന്നു  മറയില്ലാതെ സംസാരിക്കാമോ ഈ ഫോണിൽ?”

 

“ഈ ലൈനിൽ നിങ്ങൾ സംസാരിക്കാറുണ്ടല്ലോ

 

“നമ്മുടെ സുഹൃത്ത് കോസ്റ്റെലോ വിളിച്ചിരുന്നു ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് എന്നെ കാണണമത്രെ

 

“പതിവ് സ്ഥലത്തു തന്നെയാണോ?”

 

“അതെ അത് മാത്രമല്ല, ഇന്ന് രാത്രി ഡൺ സ്ട്രീറ്റിൽ നാം മൂവരും ചേർന്നൊരു മീറ്റിങ്ങ് അറേഞ്ച് ചെയ്യുവാനും പറഞ്ഞു

 

“അത് അസാധാരണമായിരിക്കുന്നല്ലോ

 

“അതെ എന്തോ കുഴപ്പം മണക്കുന്നു

 

“ചിലപ്പോൾ നമ്മളെ അയർലണ്ടിൽ നിന്നും പിൻ‌വലിക്കുവാനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടാകാം അദ്ദേഹത്തിന്” ക്യുസെയ്ൻ പറഞ്ഞു. “ആ പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ അദ്ദേഹം?”

 

“ഇല്ല എന്തേ ചോദിക്കാൻ?”

 

“അല്ല, അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാനുള്ളൊരു ആഗ്രഹം അത്ര മാത്രം വൈകിട്ട് ആറരയ്ക്ക് ഡൺ സ്ട്രീറ്റിൽ കാണാമെന്ന് അദ്ദേഹത്തോട് പറഞ്ഞേക്കൂ വിഷമിക്കണ്ട പോൾ ഈ വിഷയം ഞാൻ കൈകാര്യം ചെയ്തോളാം

 

ക്യുസെയ്ൻ ഫോൺ കട്ട് ചെയ്തു. ചെർണി ഉടൻ തന്നെ ലുബോവിനെ വിളിച്ചു. “വൈകിട്ട് ആറര സമയം ഓകെയാണോ?”

 

“ഫൈൻ” ലുബോവ് പറഞ്ഞു.

 

“പാരീസിലുള്ള ആ പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ എന്ന് ക്യുസെയ്ൻ ചോദിച്ചു

 

“ഇല്ല, ഒരു വിവരവുമില്ല” ലുബോവ് ഒരു നുണ പറഞ്ഞു. “ശരി, അപ്പോൾ മൂന്നരയ്ക്ക് കാണാം” ഫോൺ കട്ട് ചെയ്തിട്ട് അദ്ദേഹം ഗ്ലാസിൽ ഒരു ഡ്രിങ്ക് പകർന്നു. പിന്നെ മേശവലിപ്പിനുള്ളിൽ നിന്നും ഒരു കെയ്സ് പുറത്തെടുത്ത് തുറന്നു. ഒരു സ്റ്റെച്ച്കിൻ ഓട്ടോമാറ്റിക്ക് പിസ്റ്റളും സൈലൻസറുമായിരുന്നു അതിനുള്ളിൽ. സാവധാനം, വളരെ ജാഗ്രതയോടെ അദ്ദേഹം അവ കൂട്ടിയോജിപ്പിക്കുവാൻ തുടങ്ങി.

 

                                                        ***

 

കാത്തലിക്ക് സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ, ജാലകത്തിനരികിൽ നിന്ന് ഹാരി ക്യുസെയ്ൻ താഴെ തെരുവിലേക്ക് നോക്കി. കോട്ടേജിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഡെവ്‌ലിനും ഫെർഗൂസണും തമ്മിലുള്ള ഫോൺ സംഭാഷണം താൻ കേട്ടതാണ്. ഇന്ന് വൈകിട്ട് താന്യാ വൊറോണിനോവ ഡബ്ലിനിൽ ലാന്റ് ചെയ്യുമെന്നാണ് ഫെർഗൂസൺ പറഞ്ഞത്. മോസ്കോയിൽ നിന്നോ പാാരീസിൽ നിന്നോ ആ വിവരം തീർച്ചയായും ലുബോവ് അറിഞ്ഞിട്ടുണ്ടാവും. പിന്നെന്തു കൊണ്ട് അദ്ദേഹം അത് മറച്ചു വയ്ക്കുന്നു?

 

ഇന്ന് വൈകിട്ട് ഡൺ സ്ട്രീറ്റിൽ വച്ച് സന്ധിക്കണമെന്ന് പറഞ്ഞതിൽത്തന്നെ എന്തോ അസ്വാഭാവികതയുണ്ട്. മാത്രമല്ല, തന്നെ കാണുന്നതിന് മുമ്പ് എന്തിനാണ് അദ്ദേഹം ചെർണിയുമായി പതിവ് ഇടമായ സിനിമാ തീയേറ്ററിലെ പിൻനിരയിൽ സന്ധിക്കുന്നത്? എന്തായിരിക്കും അതിന് പിന്നിലുള്ള ഉദ്ദേശ്യം? ഒന്നും അങ്ങോട്ട് ചേരുന്നില്ല എന്തൊക്കെയോ ഗൂഢോദ്ദേശ്യം ഉള്ളത് പോലെ ഇത്രയും കാലത്തെ തന്റെ ജീവിതാനുഭവത്തിൽ നിന്നും മനസ്സിലാകുന്നത് അതാണ് എന്തായാലും തങ്ങളെ ഇരുവരെയും സന്ധിക്കണമെന്ന് ലുബോവ് പറഞ്ഞത് വെറുമൊരു സംഭാഷണത്തിന് വേണ്ടിയല്ല എന്നതുറപ്പാണ്.

 

(തുടരും)

8 comments:

  1. അതെ, എന്തൊക്കെയോ ഗൂഡോദ്ദേശങ്ങൾ!!!

    ReplyDelete
    Replies
    1. അതെ... ഹാരി ക്യുസെയ്ൻ അഥവാ കുഖോളിൻ എന്ന കെല്ലി അപകടം മണക്കുന്നു...

      Delete
  2. ലുബോവിൻ്റെ കാര്യം പോക്കായി..മിക്കവാറും ചേർണിയും തീരും

    ReplyDelete
    Replies
    1. ഉണ്ടാപ്രിയേ... സത്യം പറ... ഇങ്ങള് പുസ്തകം വാങ്ങിയോ...?

      Delete
  3. അത് ഉറപ്പല്ലേ..ഗൂഢോദ്ദേശ്യം

    ReplyDelete
  4. എന്നാപ്പിന്നെ സിനിമ തിയേറ്ററിന്റെ പിന്സീറ്റിൽ കാണാം, വെടിയും പുകയും!!

    ReplyDelete
    Replies
    1. അപ്പോൾ പിന്നെ ആറരയ്ക്ക് എങ്ങനെ മൂന്നു പേരും കൂടി മീറ്റ് ചെയ്യും...?

      Delete