Wednesday, March 13, 2024

കൺഫെഷണൽ – 55

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാരി ക്യുസെയ്നെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്ലാനുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ശനിയാഴ്ച്ച കാന്റർബെറിയിൽ വച്ച് നടക്കാൻ പോകുന്ന ആ അന്ത്യരംഗം വ്യക്തമാണ്. അതിനിനി മൂന്ന് പകലുകളും മൂന്ന് രാത്രികളും മാത്രം. അതുവരെ എവിടെയെങ്കിലും ഒരു ഒളിത്താവളം കണ്ടെത്തേണ്ടിയിരിക്കുന്നു. ചോദിക്കുന്ന പണം നൽകിയാൽ സഹായിക്കാൻ തയ്യാറുള്ള ഒട്ടേറെ അധോലോക കുറ്റവാളികളെക്കുറിച്ച് ഡാനി മാലൺ സൂചിപ്പിച്ചിരുന്നു. ലണ്ടനിലും ലീഡ്സിലും മാഞ്ചസ്റ്ററിലും എല്ലാം എന്നാൽ ഗാലോവേയിലെ മൺ‌ഗോ സഹോദരന്മാരും അവരുടെ ഫാമും ആണ് ക്യുസെയ്നെ ആകർഷിച്ചത്. വിദൂരമായ ഇടം. തന്നെ തേടിക്കൊണ്ടിരിക്കുന്നവരുടെ ചിന്തയിൽ പോലും എത്തില്ല സ്കോട്ട്‌ലണ്ടിലെ ആ പ്രദേശം. ഗ്ലാസ്ഗോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സിന്റെ ഷട്ടിൽ സർവീസ് പിടിച്ചാൽ ഒന്നേകാൽ മണിക്കൂർ കൊണ്ട് ലണ്ടനിൽ എത്താനും സാധിക്കും. 

 

സമയം എങ്ങനെ ചെലവഴിക്കും എന്നത് മാത്രമാണ് ഒരേയൊരു പ്രശ്നം. അവസാന നിമിഷം മാത്രമേ കാന്റർബെറിയിൽ എത്തേണ്ട ആവശ്യമുള്ളൂ. ഒരു തരത്തിലുള്ള തയ്യാറെടുപ്പും നടത്താനില്ല. ആ ചിന്ത മോട്ടോർവേയിലൂടെ കാർലൈലിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബസ്സിൽ ഇരിക്കുന്ന ക്യുസെയ്നെ രസിപ്പിച്ചു. കാന്റർബെറി കത്തീഡ്രലിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അയാൾ ചിന്തിച്ചു നോക്കി. എല്ലാ പ്രവേശകവാടങ്ങളിലും സെക്യൂരിറ്റി ഗാർഡുമാർ സകലയിടത്തും വിന്യസിച്ചിരിക്കുന്ന പോലീസുകാർ ജനക്കൂട്ടത്തിനിടയിൽ വേഷം മാറി നടക്കുന്ന SAS ഉദ്യോഗസ്ഥന്മാർ പക്ഷേ, എല്ലാം വെറുതെയാണ് ഇത് ചെസ്സ് കളി പോലെയാണ് താൻ കണ്ട ഏറ്റവും മോശം കളിക്കാരനായ ഡെവ്‌ലിനോട് പറയാറുള്ളത് പോലെ, ഇപ്പോഴത്തെ നീക്കമല്ല കണക്കിലെടുക്കേണ്ടത് ഏറ്റവും ഒടുവിലത്തെ നീക്കം സ്റ്റേജിലെ മാന്ത്രികനെപ്പോലെ നമ്മൾ വിചാരിക്കും വലതുകൈ കൊണ്ട് അയാൾ ചെയ്യുന്നതാണ് കാണുന്നതെന്ന് പക്ഷേ, യഥാർത്ഥത്തിൽ നമ്മൾ കാണാതെ ഇടതുകൈ കൊണ്ട് അയാൾ ചെയ്യുന്ന പ്രവൃത്തിയാണ് ജാലവിദ്യയായി നമ്മുടെ മുന്നിലെത്തുന്നത്.

 

നല്ലൊരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ക്യുസെയ്ൻ കണ്ടത് റോഡിന്റെ ഇടതുവശത്ത് ഉച്ച തിരിഞ്ഞുള്ള വെയിലിൽ വെട്ടിത്തിളങ്ങുന്ന കടലിന്റെ ദൃശ്യമാണ്. മുൻസീറ്റിൽ ഇരിക്കുന്ന വൃദ്ധയോട് അല്പം മുന്നോട്ടാഞ്ഞ് അയാൾ ചോദിച്ചു. “ഇത് ഏതാണ് സ്ഥലം?”

 

“ആനൻ കഴിഞ്ഞതേയുള്ളൂ” ഗ്ലാസ്ഗോ ചുവയുള്ള ഇംഗ്ലീഷിൽ അവർ പറഞ്ഞു. “അടുത്തത് ഡംഫ്രീസ് ആണ് താങ്കളൊരു കാത്തലിക്ക് ആണോ?”

 

“അതെ” തെല്ല് കരുതലോടെ ക്യുസെയ്ൻ പറഞ്ഞു. സ്കോട്ടിഷ് താഴ്വാരങ്ങളിലുള്ളവർ പൊതുവേ പ്രൊട്ടസ്റ്റന്റുകളാണെന്നത് ഒരു വസ്തുതയാണ്.

 

“അത് നന്നായി ഞാനുമൊരു കാത്തലിക്ക് ആണ് ഫാദർ ഗ്ലാസ്ഗോ ഐറിഷ് വംശജ” അദ്ദേഹത്തിന്റെ കൈപ്പടത്തിൽ അവർ ചുംബിച്ചു. “എന്നെ അനുഗ്രഹിച്ചാലും ഫാദർ താങ്കൾ എന്റെ രാജ്യക്കാരനാണല്ലോ

 

“അതെ, തീർച്ചയായും

 

അവർ ഒരു ശല്യമായി മാറിയേക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു ക്യുസെയെന്. എന്നാൽ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ തല തിരിച്ച് തന്റെ സീറ്റിൽ സ്വന്തം ലോകത്തേക്ക് ഒതുങ്ങിക്കൂടി. ഇരുണ്ടുകൂടിയ ആകാശത്ത് നിന്നും മഴ ആർത്തലച്ചെത്തിയത് പെട്ടെന്നായിരുന്നു. ചക്രവാളത്തിൽ മിന്നൽപ്പിണരുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മൺസൂൺ കാലത്തെ ഓർമ്മിപ്പിക്കുന്ന ശക്തിയാർജ്ജിച്ച മഴത്തുള്ളികൾ ബസ്സിന്റെ മേൽക്കൂരയിൽ ചരൽ കണക്കെ വന്നു പതിച്ചുകൊണ്ടിരുന്നു. ഡംഫ്രീസിൽ രണ്ട് യാത്രക്കാരെ ഇറക്കിയതിനു ശേഷം മഴ മൂലം വിജനമായ തെരുവുകളിലൂടെ നീങ്ങി ബസ്സ് വീണ്ടും നഗരത്തിന് വെളിയിലേക്ക് കടന്നു.

 

ഇനി അധിക ദൂരമില്ല. ഡൺഹില്ലിൽ തനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്താൻ ഏറിയാൽ ഇനി പതിനഞ്ച് മൈൽ മാത്രം. സർവീസ് റോഡിലൂടെ തിരിഞ്ഞ് ഏതാനും മൈൽ പോയാൽ ലാർവിക്ക് എന്ന കുഗ്രമാമായി. അവിടെ നിന്നും ഒന്നോ രണ്ടോ മൈൽ അകലെ കുന്നിൻമുകളിലാണ് മൺഗോ സഹോദരന്മാരുടെ താവളം.

 

കുറച്ചു നേരമായി റേഡിയോ സെറ്റിലൂടെ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവർ അത് നിർത്തിയിട്ട് ബസ്സിന്റെ ലൗഡ് സ്പീക്കർ സിസ്റ്റം ഓൺ ചെയ്തു. “അറ്റൻഷൻ ലേഡീസ് & ജെന്റിൽമെൻ ഒരു പ്രശ്നമുണ്ട് കനത്ത മഴ മൂലം ഡൺഹിൽ എത്തുന്നതിന് തൊട്ടുമുമ്പായി റോഡിൽ വെള്ളം കയറിയിരിക്കുന്നു കുറേ വാഹനങ്ങൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്

 

ക്യുസെയ്ന് മുന്നിലെ സീറ്റിൽ ഇരുന്ന ആ വൃദ്ധ വിളിച്ചു ചോദിച്ചു. “ഞങ്ങൾ യാത്രക്കാർ എന്തു ചെയ്യണമെന്നാണ് പറഞ്ഞു വരുന്നത്? ഒരു രാത്രി മുഴുവൻ ഈ ബസ്സിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടേണ്ടി വരുമെന്നോ?”

 

“ഏതാനും നിമിഷങ്ങൾക്കകം നാം കോർബ്രിഡ്ജിൽ എത്തും അത്ര അറിയപ്പെടുന്ന സ്ഥലമൊന്നുമല്ല റെയിൽവേ ലൈനിൽ അവിടെയൊരു മിൽക്ക് സ്റ്റോപ്പ് ഉണ്ട് ഗ്ലാസ്ഗോയിലേക്കുള്ള അടുത്ത ട്രെയിൻ അവിടെ നിർത്താനുള്ള ഏർപ്പാട് ചെയ്യുന്നുണ്ടവർ

 

“പക്ഷേ, റെയിൽവേയിൽ ബസ്സിന്റെ മൂന്നിരട്ടിയാണ് യാത്രാക്കൂലി” ആ വൃദ്ധ വിളിച്ചു പറഞ്ഞു.

 

“അതോർത്ത് വിഷമിക്കണ്ട ടിക്കറ്റ് ചാർജ്ജ് കമ്പനിയാണ് കൊടുക്കുന്നത്” ഡ്രൈവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ആ ട്രെയിനിന് ഡൺഹില്ലിൽ സ്റ്റോപ്പുണ്ടോ?” ക്യുസെയ്ൻ ആരാഞ്ഞു.

 

“എന്ന് തോന്നുന്നു പക്ഷേ, എനിക്കുറപ്പില്ല നമുക്ക് ചോദിച്ചു നോക്കാം” ഡ്രൈവർ പറഞ്ഞു.

 

എന്തൊക്കെയുണ്ടെങ്കിലും ഭാഗ്യം എന്നൊന്ന് വേണം ഡാനി മാലൺ മുമ്പൊരിക്കൽ തന്നോട് പറഞ്ഞ വാക്കുകളാണ്. നാം എന്തൊക്കെ പ്ലാൻ ചെയ്താലും അപ്രതീക്ഷിതമായ എന്തെങ്കിലുമൊന്ന് സകലതും തകിടം മറിയ്ക്കും അതേക്കുറിച്ചോർത്ത് വെറുതെ സമയം കളഞ്ഞിട്ട് കാര്യമല്ല്ല പകരം മറ്റൊരു മാർഗ്ഗം കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്

 

കറുത്ത അക്ഷരങ്ങളിൽ കോർബ്രിഡ്ജ് എന്നെഴുതിയ ഒരു വെളുത്ത ബോർഡ് റോഡിന്റെ ഇടതുവശത്ത് പ്രത്യക്ഷപ്പെട്ടു. ഒപ്പം ഏതാനും ചില കെട്ടിടങ്ങളും മഴയുടെ തിരശ്ശീലയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് കാണാറായി. ഒരു ജനറൽ സ്റ്റോർ, ഒരു ന്യൂസ്പേപ്പർ സ്റ്റാൾ, ഒരു പബ്ബ് എന്നിവയും പിന്നെ എതിർവശത്ത് ഒരു ചെറിയ റെയിൽവേ സ്റ്റേഷനും. ഡ്രൈവർ ബസ്സ് അതിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തി.

 

“നിങ്ങൾ ഇവിടെയിരിക്കൂ ഞാൻ പോയി അന്വേഷിച്ചിട്ട് വരാം” ഡ്രൈവർ റെയിൽവേ സ്റ്റേഷന്റെയുള്ളിലേക്ക് കയറിപ്പോയി.

 

മഴ കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുകയാണ്. ആ പബ്ബിന്റെയും ജനറൽ സ്റ്റോറിന്റെയും ഇടയിൽ മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന തൂണുകളുള്ള ഒഴിഞ്ഞയിടം കാണാനുണ്ട്. അവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചു കളഞ്ഞതാണെന്ന് തോന്നുന്നു. ചെറിയൊരു ആൾക്കൂട്ടം അവിടെ കൂടി നിൽക്കുന്നുണ്ട്. അവരെ നോക്കിക്കൊണ്ട് നിസ്സംഗതയോടെ ക്യുസെയ്ൻ സിഗരറ്റ് പായ്ക്കറ്റിനായി തന്റെ പോക്കറ്റ് തപ്പി. എന്നാൽ അത് കാലിയായിരുന്നു. ഒന്ന് സംശയിച്ചിട്ട് അയാൾ തന്റെ ബാഗുമെടുത്ത് പുറത്തിറങ്ങി ആ ന്യൂസ്പേപ്പർ സ്റ്റാളിനടുത്തേക്ക് ഓടി. അതിന്റെ കവാടത്തിൽ നിന്നിരുന്ന യുവതിയോട് ക്യുസെയ്ൻ ഏതാനും പായ്ക്കറ്റ് സിഗരറ്റും ആ പ്രദേശത്തിന്റെ ഒരു ഓർഡിനൻസ് സർവേ മാപ്പ് ഉണ്ടെങ്കിൽ അതും ആവശ്യപ്പെട്ടു. അവരുടെ കൈവശം അത് ഉണ്ടായിരുന്നു.

 

“എന്താണിവിടെയൊരു ആൾക്കൂട്ടം?” അയാൾ ആരാഞ്ഞു.

“ഇവിടെയുണ്ടായിരുന്ന ഒരു പഴയ ധാന്യപ്പുര പൊളിക്കുന്ന ജോലിയിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി അവർ മഴ തുടങ്ങുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു താഴെയുള്ള അറയിൽ എന്തോ അപകടം പിണഞ്ഞു അതിന്റെ മേൽത്തട്ട് ഇടിഞ്ഞ് വീഴുകയോ മറ്റോ ചെയ്തുവെന്ന് തോന്നുന്നു

 

അല്പം പുറത്തേക്ക് ഇറങ്ങി നിന്ന് അവർ ഇരുവരും ആ ആൾക്കൂട്ടത്തിന്റെ പ്രവൃത്തി വീക്ഷിച്ചു. അപ്പോഴാണ് ദൂരെ നിന്നും ഒരു പോലീസ് കാർ വന്ന് അവിടെ ബ്രേക്ക് ചെയ്തത്. സെർജന്റ് സ്ട്രൈപ്പ് ഉള്ള നേവി ബ്ലൂ യൂണിഫോം ധരിച്ച ആജാനുബാഹുവായ ഒരു പോലീസുകാരൻ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങി. ആൾക്കൂട്ടത്തെ തള്ളിമാറ്റി അയാൾ അപകടം നടന്നയിടത്തേക്ക് അപ്രത്യക്ഷനായി.

 

“പോലീസെത്തി” ആ യുവതി പറഞ്ഞു.

 

“അയാൾ ഇവിടെ അടുത്തുള്ളയാളല്ലേ?” ക്യുസെയ്ൻ ചോദിച്ചു.

 

“കോർബ്രിഡ്ജിൽ പോലീസ് സ്റ്റേഷൻ ഇല്ല ഡൺഹില്ലിൽ നിന്നാണ് അയാൾ വരുന്നത് സെർജന്റ് ബ്രോഡി ലാക്ലൻ ബ്രോഡി” അവളുടെ സ്വരത്തിൽ നീരസം കലർന്നിരുന്നു.

 

“അത്ര നല്ല അഭിപ്രായമല്ലെന്ന് തോന്നുന്നു അയാളെക്കുറിച്ച്?”

 

“നിസ്സാര കാര്യങ്ങൾക്ക് പോലും ആളുകളെ പിടികൂടി മർദ്ദിക്കുന്നവൻ മൂന്ന് പേർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടാൽ മതി, അയാളുടെ ഉരുക്കുമുഷ്ടി പതിയാൻ അയാളുടെ ശരീരം കണ്ടില്ലേ കരിങ്കല്ല് പോലെ എന്തായാലും താങ്കളൊരു കാത്തലിക്ക് ഒന്നുമല്ലല്ലോ?”

 

“അതെന്താ? ഞാനൊരു കാത്തലിക്ക് ആണല്ലോ

 

“ലാക്ലനെ സംബന്ധിച്ചിടത്തോളം കാത്തലിക്ക് എന്നാൽ അന്തിക്രിസ്തു ആണ് സംഗീതം ഒരു പാപമാണെന്ന് വിശ്വസിക്കുന്നവൻ മാത്രമല്ല ഒരു ഉപദേശിയുമാണ്

 

ഓറഞ്ച് നിറമുള്ള സേഫ്റ്റി ജാക്കറ്റും ഹെൽമറ്റും ധരിച്ച ഒരാൾ ആ ആൾക്കൂട്ടത്തിനുള്ളിൽ നിന്നും പുറത്ത് വന്നു. അയാളുടെ മുഖത്ത് ചെളി പുരണ്ടിരുന്നു. ചുമരിൽ ചാരി നിന്നുകൊണ്ട് അയാൾ പറഞ്ഞു. “ചെളിക്കുഴിയാണവിടെ

 

“അത്രയ്ക്കും മോശമാണോ?” യുവതി ചോദിച്ചു.

 

“എന്റെ സംഘത്തിലെ ഒരാൾ അവിടെ കുടുങ്ങിക്കിടക്കുകയാണ് ഒരു ചുമരിടിഞ്ഞു വീണു അയാളെ പുറത്തെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഞങ്ങൾപക്ഷേ, നിന്ന് ജോലി ചെയ്യാനുള്ള സ്ഥലമില്ല അവിടെ മാത്രവുമല്ല, വെള്ളം ഉയരുകയുമാണ്” ക്യുസെയ്നെ കണ്ടതും പുരികം ചുളിച്ച് അയാൾ ചോദിച്ചു. “കാത്തലിക്ക് ആണോ താങ്കൾ?”

 

“അതെ

 

അയാൾ ക്യുസെയ്ന്റെ കരം കവർന്നു. “എന്റെ പേര് ഹാർഡി ഫോർമാനാണ് അവിടെ കുടുങ്ങിക്കിടക്കുന്നത് എന്നെപ്പോലെ ഗ്ലാസ്ഗോയിൽ നിന്നുള്ളയാളാണ് പക്ഷേ, ഇറ്റാലിയൻ പൗരൻ ജിനോ ടിസിനി രക്ഷപെടാൻ സാദ്ധ്യതയില്ല എന്നാണ് അയാൾ കരുതിയിരിക്കുന്നത് പറ്റുമെങ്കിൽ ഒരു വൈദികനെ കൊണ്ടുവരാമോ എന്ന് അയാൾ യാചിച്ചു താങ്കൾക്കൊന്ന് വരാമോ ഫാദർ?”

 

“തീർച്ചയായും” ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞിട്ട് ക്യുസെയ്ൻ തന്റെ ബാഗ് ആ യുവതിയുടെ കൈയിൽ കൊടുത്തു. “ഈ ബാഗൊന്ന് സൂക്ഷിക്കുമോ?”

 

“തീർച്ചായായും ഫാദർ

 

അപകടം നടന്നയിടത്തേക്ക് നീങ്ങിയ ഹാർഡിയെ ആൾക്കൂട്ടത്തിനിടയിലൂടെ ക്യുസെയ്ൻ അനുഗമിച്ചു. വളരെ ഇടുങ്ങിയ ഒരു വിടവിലൂടെയാണ് താഴത്തെ അറയിലിലേക്ക് ഇറങ്ങുവാനുള്ള പടവുകൾ ഉണ്ടായിരുന്നത്. അതിന് ചുറ്റും കൂടിയ ആൾക്കാരെ തടഞ്ഞു നിർത്തിക്കൊണ്ട് പോലീസ് സെർജന്റ് ബ്രോഡി നിൽക്കുന്നുണ്ട്. താഴേക്ക് ഇറങ്ങുന്ന ഹാർഡിയെ അനുഗമിച്ച ക്യുസെയ്ന്റെ കൈയിൽ അയാൾ കയറിപ്പിടിച്ചു. “നിങ്ങളെങ്ങോട്ടാണീ പോകുന്നത്?”

 

“അദ്ദേഹം വന്നോട്ടെ” താഴെ നിന്നും ഹാർഡി വിളിച്ചു പറഞ്ഞു. “അദ്ദേഹമൊരു വൈദികനാണ്

 

ബ്രോഡിയുടെ കണ്ണുകളിൽ ശത്രുതയുടെ തീക്കനലുകൾ തെളിഞ്ഞത് പെട്ടെന്നായിരുന്നു. ബെൽഫാസ്റ്റിലെ തെരുവുകളിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് ആ മുഖം കണ്ടപ്പോൾ ക്യുസെയ്ന് ഓർമ്മ വന്നത്.

 

“നിങ്ങളെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ” ബ്രോഡി പറഞ്ഞു.

 

“എന്റെ പേര് ഫാളൻ ഗ്ലാസ്ഗോയിലേക്കുള്ള ബസ്സിലെ യാത്രക്കാരനാണ്” ശാന്തസ്വരത്തിൽ ക്യുസെയ്ൻ പറഞ്ഞു.

 

തന്റെ കൈത്തണ്ടയിൽ മുറുകിയ ബ്രോഡിയുടെ കരം ബലമായി പിടിച്ചു മാറ്റി അയാളെ ഒരു വശത്തേക്ക് തള്ളി മാറ്റിയിട്ട് ക്യുസെയ്ൻ താഴേക്കിറങ്ങി. ആ കൈകളുടെ ശക്തി അറിഞ്ഞ ബ്രോഡി തെല്ല് അമ്പരക്കാതിരുന്നില്ല. മുട്ടറ്റം വെള്ളത്തിൽ ഇറങ്ങിയ ക്യുസെയ്ൻ തകർന്ന് വീണു കിടക്കുന്ന മേൽത്തട്ടിനടിയിലൂടെ കുനിഞ്ഞു കൊണ്ട് ഹാർഡിയുടെ പിന്നാലെ നീങ്ങി. അതൊരു ഇടനാഴി ആയിരുന്നുവെന്ന് തോന്നുന്നു. അവിടെ വീണു കിടക്കുന്ന പലകകളുടെയും ഇഷ്ടികകളുടെയും ദൃശ്യം അവിടെ ഘടിപ്പിച്ച എക്സ്റ്റൻഷൻ ലാമ്പിന്റെ പരിമിതമായ വെട്ടത്തിൽ കാണാമായിരുന്നു. അവിടെയുള്ള ഇടുങ്ങിയ കവാടത്തിന് സമീപം അവർ എത്തി. ശരീരമാസകലം ചെളി പുരണ്ട് നനഞ്ഞ് കുതിർന്ന രണ്ട് പേർ അതിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു. വല്ലാതെ ക്ഷീണിതരായിരുന്നു അവർ.

 

“വളരെ മോശമാണ് സ്ഥിതി” അതിലൊരുവൻ പറഞ്ഞു. “ഏതാനും നിമിഷങ്ങൾക്കകം അയാളുടെ തലയും വെള്ളത്തിനടിയിലാകും

 

അവരോടൊപ്പം ഹാർഡി ആ ഇടുങ്ങിയ കവാടത്തിനുള്ളിലേക്ക് കടന്നു. തൊട്ടു പിന്നാലെ ക്യുസെയ്നും. സാവധാനം മുന്നോട്ട് നീങ്ങവെ ജിനോ ടിസിനിയുടെ വെളുത്ത മുഖം ഇരുട്ടിൽ നിന്നും തെളിഞ്ഞു വന്നു. ചെറുതായൊന്ന് അടി തെറ്റിയ ക്യുസെയ്ൻ അരികിൽ കണ്ട പലകയിൽ കയറിപ്പിടിച്ചു. അതോടെ ആ പലകയോടൊപ്പം ഏതാനും ഇഷ്ടികകളും താഴേക്ക് അടർന്നു വീണു.

 

“സൂക്ഷിച്ച്!” ഹാർഡി പറഞ്ഞു. “എല്ലാം കൂടി ഒരു ചീട്ടുകൊട്ടാരം പോലെ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാം

 

പുറമെ നിന്നും ഒഴുകെയെത്തുന്ന വെള്ളത്തിന്റെ ശബ്ദം ഇടതടവില്ലാതെ കേൾക്കാം. ടിസിനി ദയനീയമായ ഒരു പുഞ്ചിരി മുഖത്ത് വരുത്തി. “എന്റെ കുമ്പസാരം കേൾക്കാൻ അരികിൽ വരാമോ ഫാദർ? ഒരു വർഷമെടുത്തേക്കും അത് തീരാൻ

 

“തൽക്കാലം അത്രയും സമയമൊന്നുമില്ല നമ്മുടെ പക്കൽ നിങ്ങളെ പുറത്ത് എത്തിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ” ക്യുസെയ്ൻ പറഞ്ഞു.

 

പെട്ടെന്നാണ് കുറെയധികം വെള്ളം ഒരുമിച്ചൊഴുകിയെത്തിയത്. ടിസിനിയുടെ മുഖത്ത് കൂടി അത് കുത്തിയൊലിച്ച് കടന്നു പോയി. പരിഭ്രാന്തനായ അയാളുടെ അരികിലേക്ക് ചെന്ന ക്യുസെയ്ൻ വെള്ളത്തിന്റെ ഒഴുക്കിനെ തടയും വിധം നിലയുറപ്പിച്ചിട്ട് അയാളുടെ തല വെള്ളത്തിന് മുകളിൽ വരും പോലെ താങ്ങിപ്പിടിച്ചു.

 

ഹാർഡി വെള്ളത്തിനടിയിൽ മൊത്തത്തിൽ ഒന്ന് പരതി. “ഇവിടെ അടിഭാഗം ഇളകിയിട്ടുണ്ട്” അയാൾ പറഞ്ഞു. “അതുകൊണ്ട് വെള്ളം താഴേയ്ക്ക് പോകുന്നുണ്ട് ഒരു ബീമിനടിയിൽ കാൽ കുടുങ്ങിയതാണ് പ്രശ്നം ആ ബീമിന്റെ അറ്റം ചുമരിനുള്ളിലാണ് എന്തെങ്കിലും ബലപ്രയോഗം നാം നടത്തിയാൽ എല്ലാം കൂടി ഇടിഞ്ഞു വീഴും

 

“ബലപ്രയോഗം നടത്തിയില്ലെങ്കിലോ? ഏതാനും നിമിഷങ്ങൾക്കകം ഇയാൾ മുങ്ങി മരിക്കും” ക്യുസെയ്ൻ പറഞ്ഞു. 

 

“പക്ഷേ, ഇടിഞ്ഞു വീഴുകയാണെങ്കിൽ താങ്കളുടെ ജീവനും അപകടത്തിലാവും ഫാദർ

 

“എന്റെ മാത്രമല്ല, നിങ്ങളുടെയും” ക്യുസെയ്ൻ പറഞ്ഞു. “സോ, ഗെറ്റ് ഓൺ വിത്ത് ഇറ്റ്

 

“ഫാദർ!” ടിസിനി നിലവിളിച്ചു. “ദൈവത്തെയോർത്ത്, എനിയ്ക്ക് പാപമോചനം തരൂ

 

ഉറച്ചതും വ്യക്തവുമായ സ്വരത്തിൽ ക്യുസെയ്ൻ ചൊല്ലുവാനാരംഭിച്ചു. “മേ അവർ ലോർഡ് ജീസസ് ക്രൈസ്റ്റ് അബ്സോ‌ൾവ് യൂ ആന്റ് ഐ, ബൈ ഹിസ് അതോറിറ്റി, അബ്സോ‌ൾവ് യൂ ഫ്രം യുവർ സിൻസ് ഇൻ ദ് നെയിം ഓഫ് ദ് ഫാദർ ആന്റ് ദ് സൺ ആന്റ് ഓഫ് ദ് ഹോളി സ്പിരിറ്റ്”അയാൾ ഹാർഡിയുടെ നേർക്ക് നോക്കി. “ഇനി ഒന്ന് ശ്രമിച്ചു നോക്കൂ

 

ആ ഫോർമാൻ ദീർഘമായി ഒന്ന് ശ്വാസമെടുത്തിട്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി. എന്നിട്ട് സകല ശക്തിയുമെടുത്ത് ആ ബീമിന്റെ അറ്റം പിടിച്ചുയർത്തി. തന്റെ ചുമലിൽ നിന്നും കൈകൾ പറിഞ്ഞു പോരുമോ എന്ന് പോലും അയാൾക്ക് തോന്നി. അടുത്ത നിമിഷം ആ ബീമുമായി അയാൾ വെള്ളത്തിന് മുകളിലെത്തി. ഒരു അലർച്ചയോടെ ടിസിനി വെള്ളത്തിനടിയിൽ നിന്നും ക്യുസെയ്ന്റെ കൈകളിലേക്ക് പൊന്തി വന്നു. അപ്പോഴേക്കും ചുമർ ഇടിയാനുള്ള ലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു. ഒട്ടും സമയം കളയാതെ ഹാർഡി അയാളെ ആ ഇടുങ്ങിയ കവാടത്തിനരികിലേക്ക് വലിച്ചുകൊണ്ടുപോയി. ക്യുസെയ്ൻ പിന്നിൽ നിന്ന് തള്ളിക്കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവർക്ക് ചുറ്റും ചുമർ ഇടിഞ്ഞു വീഴുവാൻ തുടങ്ങിയത്. ഒരു കൈയാൽ തന്റെ തലയ്ക്കും ചുമലിനും കവചം തീർത്തുകൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. അപ്പോഴേക്കും അവർ മുകളിലേക്കുള്ള പടവുകളിൽ എത്തി. മുകളിൽ നിന്നും ഏതാനും കൈകൾ സഹായത്തിനായി അവർക്ക് നേരെ നീണ്ടു വന്നു. അപ്രതീക്ഷിതമായാണ് അടർന്നു വീണ ഒരു ഇഷ്ടിക ക്യുസെയ്ന്റെ തലയിൽ പതിച്ചത്. പടികൾ ചവിട്ടി മുകളിലേക്ക് കയറുവാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ അയാൾ മുട്ടുകുത്തി വീണുപോയി. പിന്നൊന്നും കാണാനുണ്ടായിരുന്നില്ല. അന്ധകാരം മാത്രം...

 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


11 comments:

  1. ഒന്ന് പോ വിനുഎട്ടാ പറ്റിക്കാതെ ! കെല്ലികുട്ടന് ഒന്നും കാര്യമായി പറ്റില്ല. ബാഗ് അവിടെ കൊടുത്തത് മണ്ടത്തരം അല്ലേ.. ബ്രോഡി ആൾ അത്ര വെടിപ്പല്ല

    ReplyDelete
    Replies
    1. ചെറിയൊരു ബോധക്ഷയം... അത്രമാത്രം... അല്ലെങ്കിൽ പിന്നെ കഥ എങ്ങനെ മുന്നോട്ട് പോകും...?

      Delete
    2. ബാഗ് കൊടുത്തത് മണ്ടത്തരം എന്നതിൽ ഒരു സംശയവും വേണ്ട... അതും ബ്രോഡിയെപ്പോലെ ഒരുത്തൻ അവിടെയുള്ള നേരത്ത്...

      Delete
  2. ശ്ശേ... വല്യ വല്യ സംഗതികളിൽ നിന്നൊക്കെ ഊരി പോന്നിട്ട് ഒരു ഇഷ്ടിക പണി തരുമോ 😇

    ReplyDelete
    Replies
    1. നീർക്കോലി കടിച്ചാലും മതിയല്ലോ‌ അത്താഴം മുടങ്ങാൻ...

      Delete
  3. ജിനോയെ രക്ഷിക്കാൻ പോയത് കെല്ലിക്ക് പാരയാവുന്ന ലക്ഷണമാണല്ലോ..

    ReplyDelete
    Replies
    1. പണിയാവുമോന്ന് ചോദിച്ചാൽ പണിയാവും...

      BTW, മാഞ്ചസ്റ്ററിലും‌ അധോലോകം ഉണ്ടെന്നാണല്ലോ ഡാനി മാലൺ പറഞ്ഞത്...

      Delete
  4. ഇത്രയും ശ്രദ്ധിച്ചിട്ടും..അതാണ് വരാനുള്ളത് വഴിയിൽ തങ്ങില്ല

    ReplyDelete
  5. ഞാൻ അന്ന് കമൻ്റ് ഇടാൻ മറന്നു പോയി

    ReplyDelete
    Replies
    1. നന്ദി പറയാൻ വാക്കുകളില്ല... :)

      Delete