അദ്ധ്യായം – 12
സാവധാനം കണ്ണ് തുറന്നപ്പോൾ
ക്യുസെയ്ൻ കണ്ടത് തനിയ്ക്കരികിൽ ഇരിക്കുന്ന ന്യൂസ്പേപ്പർ സ്റ്റാളിലെ ആ യുവതിയെയാണ്.
നെരിപ്പോടിനരികിൽ നിവർത്തിയിട്ട കമ്പളത്തിൽ കിടക്കുന്ന തന്റെ മുഖം തുടച്ചുകൊണ്ടിരിക്കുകയാണവൾ.
“സാരമില്ല…” അവൾ പറഞ്ഞു. “പെട്ടെന്ന് ശരിയാവും… എന്നെ
ഓർമ്മയുണ്ടോ…? ഞാൻ മോയ്റ മക്ഗ്രിഗോർ… എന്റെ ഷോപ്പിലാണ് താങ്കൾ ഇപ്പോൾ…”
“ആ ഇറ്റാലിയനും അയാളുടെ
സഹപ്രവർത്തകൻ ഹാർഡിയും എവിടെ…?”
“അവർ മുകളിലത്തെ നിലയിലുണ്ട്… ഡോക്ടറെ വിളിക്കാൻ ആളെ വിട്ടിട്ടുണ്ട്…”
തെല്ല് ചിന്താക്കുഴപ്പത്തിലായിരുന്നു
ക്യുസെയ്ൻ അപ്പോഴും. കഴിഞ്ഞതെല്ലാം കൃത്യമായി ഓർത്തെടുക്കാൻ പറ്റുന്നില്ല… “എന്റെ ബാഗ്… അതെവിടെ…?” പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.
ആജാനുബാഹുവായ ആ പോലീസുകാരൻ
ബ്രോഡി അരികിലെത്തി. “ജീവൻ തിരിച്ചു കിട്ടിയല്ലേ…?” അയാളുടെ
സ്വരത്തിൽ വിദ്വേഷം കലർന്നിരുന്നത് പോലെ തോന്നി. ഒരു തൃപ്തിയില്ലായ്മ പോലെ. “കന്യാമറിയത്തിന്
കുറച്ച് മെഴുകുതിരികൾ കത്തിക്കേണ്ടി വരും അല്ലേ…?”
അയാൾ പുറത്തേക്കിറങ്ങി.
മോയ്റ മക്ഗ്രിഗോർ ക്യുസെയ്നെ നോക്കി പുഞ്ചിരിച്ചു. “അത് കാര്യമാക്കണ്ട… നിങ്ങൾ ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചില്ലേ… നിങ്ങളും ഹാർഡിയും കൂടി… ഞാൻ ഒരു കപ്പ് ചായ എടുത്തുകൊണ്ട് വരാം…”
കിച്ചണിലേക്ക് ചെന്ന അവൾ
കണ്ടത് മേശയ്ക്കരികിൽ നിൽക്കുന്ന ബ്രോഡിയെയാണ്. “ഹോട്ട് ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടെങ്കിൽ
നന്നായിരുന്നു…” അയാൾ പറഞ്ഞു.
ഒന്നും ഉരിയാടാതെ അവൾ
കബോഡിൽ നിന്നും ഒരു ബോട്ട്‌ൽ സ്കോച്ചും ഗ്ലാസും എടുത്ത് മേശപ്പുറത്ത് വച്ചു. ഇരിക്കാനായി
അവിടെ കണ്ട ഒരു കസേര അയാൾ മേശയ്ക്കരികിലേക്ക് വലിച്ചിട്ടു. ക്യുസെയ്ന്റെ ബാഗ് ആ കസേരയിൽ
വച്ചിരുന്നത് അയാൾ കണ്ടിരുന്നില്ല. നിലത്ത് വീണ ആ ബാഗിന്റെ സിപ്പർ തുറന്ന് കുറേ സാധനങ്ങൾ
പുറത്തേക്ക് തെറിച്ചു. വിശുദ്ധ അപ്പം സൂക്ഷിച്ചിരുന്ന പാത്രവും വയലറ്റ് നിറമുള്ള അങ്കിയും
ഏതാനും ഷർട്ടുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
“ഇത് അയാളുടെ ബാഗാണോ…?” ബ്രോഡി ചോദിച്ചു.
സ്റ്റൗവിൽ നിന്നും എടുത്ത
ചായപ്പാത്രവുമായി അവൾ തിരിഞ്ഞു. “അതെ… അത് അദ്ദേഹത്തിന്റെയാണ്…”
മുട്ടു കുത്തിയിരുന്ന്
ചിതറിക്കിടന്ന സാധനങ്ങൾ തിരികെ ബാഗിലേക്ക് വയ്ക്കവെ അയാൾ നെറ്റി ചുളിച്ചു. “ഇതെന്താണ്…?”
നിർഭാഗ്യവശാൽ ആ ബാഗിന്റെ
അടിഭാഗത്തെ രഹസ്യ അറയ്ക്ക് വീഴ്ച്ചയിൽ ഇളക്കം തട്ടിയിരുന്നു. ബ്രോഡി ആദ്യം കണ്ടത് ഒരു
ബ്രിട്ടീഷ് പാസ്പോർട്ടാണ്. അയാൾ അതിന്റെ പേജുകൾ മറിച്ചു നോക്കി. “തന്റെ പേര് ഫാളൻ എന്നാണല്ലോ
അയാൾ എന്നോട് പറഞ്ഞത്…”
“അതിന്…?” മോയ്റ ചോദിച്ചു.
“പിന്നെങ്ങനെയാണ് അയാളുടെ
പാസ്പോർട്ടിൽ ഫാദർ ഷോൺ ഡാലി എന്ന് പേര് വരുന്നത്…? അയാൾ
ബാഗിനുള്ളിലേക്ക് കൈ കടത്തി വിശദമായി പരതി. കൈയിൽ തടഞ്ഞ സ്റ്റെച്ച്കിൻ തോക്ക് പുറത്തേക്കെടുത്ത്
അയാൾ അത്ഭുതം കൂറി. “ദൈവമേ…!”
മോയ്റ മക്ഗ്രിഗോറിന് തെല്ല്
അസ്വസ്ഥയായത് പോലെ തോന്നി. “എന്താണിതിന്റെയൊക്കെ അർത്ഥം…?”
“അതു നമുക്ക് കണ്ടുപിടിക്കാം…”
ബ്രോഡി തിരികെ റൂമിലേക്ക്
ചെന്ന് ആ ബാഗ് ഒരു കസേരയിൽ വച്ചു. തറയിൽ കണ്ണടച്ച് കിടക്കുകയാണ് ഹാരി ക്യുസെയ്ൻ. അയാൾക്കരികിൽ
ചെന്ന് മുട്ടുകുത്തിയിരുന്ന ബ്രോഡി കൈവിലങ്ങെടുത്ത് പതുക്കെ ക്യുസെയ്ന്റെ ഇടതു കൈയിൽ
ബന്ധിച്ചു. കണ്ണു തുറന്ന ക്യുസെയ്ന്റെ വലതുകൈത്തണ്ടയിൽ വിലങ്ങിന്റെ മറുതല പെട്ടെന്ന്
ലോക്ക് ചെയ്തു. ശേഷം ആ വൈദികനെ വലിച്ചെഴുന്നേൽപ്പിച്ച് അടുത്തു കണ്ട കസേരയിലേക്ക് തള്ളിയിട്ടു.
“എന്താണിതെല്ലാം…?” ബാഗിന്റെ രഹസ്യ അറയിലെ സാധനങ്ങളെല്ലാം ബ്രോഡി പുറത്തെടുത്തിട്ടു.
“മൂന്ന് കൈത്തോക്കുകൾ, ഒന്നിലേറെ പാസ്പോർട്ടുകൾ, നോട്ടുകെട്ടുകൾ… വൈദികനാണത്രെ… എന്താണിതിന്റെയൊക്കെ അർത്ഥം…?”
“നിങ്ങളല്ലേ പോലീസുകാരൻ… ഞാനല്ലല്ലോ…” ക്യുസെയ്ൻ പറഞ്ഞു.
ബ്രോഡി അയാളുടെ തലയുടെ
ഒരു വശത്ത് ആഞ്ഞൊരടി കൊടുത്തു. “മനുഷ്യാ, സൂക്ഷിച്ച് സംസാരിക്കണം… നിങ്ങളെ മര്യാദ പഠിപ്പിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ…”
“അദ്ദേഹത്തെ ഉപദ്രവിക്കരുത്…” വാതിൽക്കൽ നിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മോയ്റ മക്ഗ്രിഗോർ
വിളിച്ചു പറഞ്ഞു.
പുച്ഛഭാവത്തിൽ ബ്രോഡി
ഒന്ന് പുഞ്ചിരിച്ചു. “ഈ പെണ്ണുങ്ങളുടെ ഒരു കാര്യം… അവിടെ
ഹീറോ വേഷം കെട്ടിയതിന്റെ ആരാധനയായിരിക്കും ഇയാളോട് അല്ലേ…?”
അയാൾ പുറത്തേക്ക് നടന്നു.
“യഥാർത്ഥത്തിൽ നിങ്ങൾ ആരാണ്…?” നിരാശ നിറഞ്ഞ സ്വരത്തിൽ അവൾ ക്യുസെയ്നോട് ചോദിച്ചു.
ക്യുസെയ്ൻ പുഞ്ചിരിച്ചു.
“തൽക്കാലം അതോർത്ത് തല പുകയ്ക്കണ്ട… ആ തടിയൻ തിരിച്ചു വരുന്നതിന് മുമ്പ് ഒരു സിഗരറ്റ്
തരാൻ പറ്റുമോ…?”
***
അഞ്ച് വർഷം മിലിട്ടറിയിൽ
സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ലാക്ലൻ ബ്രോഡി പോലീസ് ഡിപ്പാർട്ട്മെന്റിലേക്ക് വരുന്നത്.
പറയത്തക്ക അംഗീകാരങ്ങൾ ഒന്നും തന്നെയില്ലാത്ത ഇരുപത് വർഷങ്ങൾ. പരുക്കനും ക്രൂരനുമായ
ഒരു മനുഷ്യൻ. യൂണിഫോമിന്റെ ബലത്തിൽ അയാൾ കുറേക്കൂടി മുരടനായി മാറി എന്നു പറയുന്നതായിരിക്കും
ശരി. കത്തോലിക്കർക്കെതിരെ തന്റെ മതഭ്രാന്ത് പ്രകടിപ്പിക്കാനും അതയാൾ ഉപയോഗിച്ചു. സാധാരണഗതിയിൽ
ഡംഫ്രീസിലെ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് ഇത്തരം വിവരങ്ങൾ അറിയിക്കേണ്ടത്. എന്നാൽ ഈ വൈദികന്റെ
കാര്യത്തിൽ എന്തൊക്കെയോ ദൂരൂഹതകൾ ചുറ്റിപ്പറ്റി നിൽക്കുന്നതായി അയാളുടെ മനസ്സ് പറഞ്ഞു.
അതുകൊണ്ടു തന്നെ, ഗ്ലാസ്ഗോ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് അയാൾ ഫോൺ ചെയ്തത്.
***
ഹാരി ക്യുസെയ്നെക്കുറിച്ചുള്ള
പൂർണ്ണവിവരങ്ങളും ഫോട്ടോയും ഗ്ലാസ്ഗോ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയിട്ട് ഒരു മണിക്കൂർ
ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ലണ്ടനിലുള്ള ഗ്രൂപ്പ് ഫോറിൽ നിന്നും ലഭിച്ച ആ ഫയൽ പ്രിയോറിറ്റി
വൺ ആയി അടയാളപ്പെടുത്തി മാറ്റി വയ്ക്കവെയാണ് ബ്രോഡിയുടെ ഫോൺ കോൾ വരുന്നത്. ഉടൻ തന്നെ
ആ ഫോൺ കോൾ അവർ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തു. രണ്ടേ രണ്ട് മിനിറ്റിനുള്ളിൽ
ചീഫ് ഇൻസ്പെക്ടർ ട്രെന്റ് ലൈനിൽ എത്തി.
“എന്താണുണ്ടായതെന്ന് പറയൂ…” ട്രെന്റ് ബ്രോഡിയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും ട്രെന്റ് പറഞ്ഞു.
“എനിക്കറിയില്ല, നിങ്ങൾക്ക് എത്ര സമയം ലഭിക്കുമെന്ന്… ഒരു കാര്യം പറയാം, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്
നിങ്ങളുടെ മുന്നിൽ വന്നെത്തിയിരിക്കുന്നത്… ക്യുസെയ്ൻ എന്ന് പറയുന്ന ആ മനുഷ്യൻ… IRA യുടെ ഒരു വമ്പൻ സ്രാവാണ്… അയാൾ വന്ന
ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ട്രെയിനിലേക്ക് മാറ്റുകയാണെന്നാണോ പറഞ്ഞത്…?”
“അതെ സർ… റോഡിൽ വെള്ളം ഉയർന്നിരിക്കുകയാണ്… ഈ സ്റ്റേഷൻ
വെറുമൊരു മിൽക്ക് സ്റ്റോപ്പ് മാത്രമാണ്… എന്നിരുന്നാലും ഗ്ലാസ്ഗോ എക്സ്പ്രസ് ഇവിടെ നിർത്താനുള്ള
ഏർപ്പാട് ചെയ്യുകയാണവർ…”
“എപ്പോഴാണ് ട്രെയിൻ അവിടെയെത്തുന്നത്…?”
“ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ
സർ…”
“ഗെറ്റ് ഓൺ ഇറ്റ്, ബ്രോഡീ… അയാളെ നേരെ ഇങ്ങോട്ട് കൊണ്ടുവരൂ… വീ വിൽ
മീറ്റ് യൂ ഇൻ ഗ്ലാസ്ഗോ…”
ഫോൺ താഴെ വയ്ക്കുമ്പോൾ
അത്യന്തം ആവേശത്തിലായിരുന്നു ബ്രോഡി. അയാൾ സിറ്റിങ്ങ് റൂമിലേക്ക് ചെന്നു.
***
ഒരു കൈയാൽ ക്യുസെയ്ന്റെ
ചുമലിൽ പിടിച്ച് മറുകൈയിൽ അയാളുടെ ബാഗുമായി ലാക്ലൻ ബ്രോഡി പ്ലാറ്റ്ഫോമിലൂടെ നടന്നു.
കൈവിലങ്ങിനാൽ ഇരുകൈകളും ബന്ധിക്കപ്പെട്ട നിലയിൽ നീങ്ങുന്ന വൈദികനെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന
ജനം ഉദ്വേഗത്തോടെ വീക്ഷിച്ചു. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ഗാർഡ്സ് വാനിന് സമീപം
അവരെത്തി.
“എന്താണ് സംഭവം…?” തുറന്ന വാതിലിനരികെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ഗാർഡ് അവരെ
കണ്ടതും ചോദിച്ചു.
“ഗ്ലാസ്ഗോയിലേക്കുള്ള
സ്പെഷ്യൽ തടവുപുള്ളിയാണ്…” ബ്രോഡി ക്യുസെയ്നെ ഉള്ളിലേക്ക് പിടിച്ചു തള്ളി.
ഗാർഡ് വാനിന്റെ മൂലയിൽ ഏതാനും മെയിൽ ബാഗുകൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. അതിന് മുകളിലേക്ക്
അയാളെ തള്ളിയിട്ടു കൊണ്ട് ബ്രോഡി പറഞ്ഞു. “നല്ല കുട്ടിയായി അനങ്ങാതെ അവിടെ കിടന്നോണം…”
പുറത്ത് ബഹളം കേട്ട് തിരിഞ്ഞു
നോക്കിയ അവർ കണ്ടത് ഗാർഡ് വാനിന്റെ ഡോറിനരികിലേക്ക് ഓടിയെത്തിയ ഹാർഡിയെയാണ്. തൊട്ടു
പിന്നിൽ മോയ്റ മക്ഗ്രിഗോറും ഉണ്ടായിരുന്നു. “വിവരം അറിഞ്ഞതും ഞാൻ ഓടി വരികയായിരുന്നു…” ആ ഫോർമാൻ പറഞ്ഞു.
“നിങ്ങൾക്ക് ഇങ്ങോട്ട്
പ്രവേശനമില്ല…” ബ്രോഡി അയാളോട് പറഞ്ഞു.
ഹാർഡി അയാളെ അവഗണിച്ച്
ഉള്ളിലേക്ക് കയറി. “നോക്കൂ, എന്താണ് താങ്കളുടെ പ്രശ്നമെന്ന് എനിക്കറിയില്ല… എന്നെക്കൊണ്ട് എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം…” അയാൾ ക്യുസെയ്നോട് പറഞ്ഞു.
പ്ലാറ്റ്ഫോമിൽ നിന്നിരുന്ന
ഗാർഡ് വിസിൽ മുഴക്കി. “ആർക്കും ഒന്നും ചെയ്യാനാവില്ല…” ക്യുസെയ്ൻ പറഞ്ഞു. “ടിസിനിയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്…?”
“ഒരു കാലിൽ ഒടിവുണ്ടെന്ന്
തോന്നുന്നു…”
“എന്തായാലും ഭാഗ്യം അയാളോടൊപ്പമുണ്ടെന്ന്
പറഞ്ഞേക്കൂ…”
ചെറിയൊരു ഇളക്കത്തോടെ
ട്രെയിൻ മുന്നോട്ട് നീങ്ങി. “സഹായത്തിനായി ഞാൻ വിളിച്ചില്ലായിരുന്നെങ്കിൽ താങ്കൾക്ക്
ഈ ഗതി വരില്ലായിരുന്നു…” ഹാർഡി പറഞ്ഞു.
ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ
ഹാർഡി പ്ലാറ്റ്ഫോമിൽ നിൽക്കുന്ന മോയ്റയുടെ അരികിലേക്ക് ചെന്നു. ഗാർഡ് വണ്ടിയ്ക്കുള്ളിലേക്ക്
ചാടിക്കയറി. “എന്നെക്കുറിച്ചോർത്ത് വിഷമിക്കണ്ട…” ഹാർഡിയെ
നോക്കി ക്യുസെയ്ൻ വിളിച്ചു പറഞ്ഞു.
ഹാർഡിയും ആ യുവതിയും ക്യുസെയ്ന്റെ
കണ്മുന്നിൽ നിന്നും പിറകോട്ട് മറഞ്ഞു. വാനിന്റെ സ്ലൈഡിങ്ങ് ഡോർ ഗാർഡ് വലിച്ചടച്ചു.
വേഗതയാർജ്ജിച്ച ട്രെയിൻ മുന്നോട്ട് കുതിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഇതെത്ര തവണയാ പിടി കിട്ടുന്നത്... എന്നിട്ടോ
ReplyDeleteഇതും ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ. കെല്ലി...
Deleteതന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിക്കാൻ ബ്രോഡിക്ക് യോഗമുണ്ടാവുമോ..!?
ReplyDeleteസ്റ്റോം വാണിങ്ങിൽ പോലീസുകാരൻ കാർവർ, ഗെറിക്കിനെ ട്രെയിനിൽ കൊണ്ടുപോകുന്നതോർമ്മയുണ്ടോ...? ഇതുപോലെ മെയിൽ ബാഗുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു കമ്പാർട്ട്മെന്റിൽ...? റൂട്ടും ഇതു തന്നെ... ഗ്ലാസ്ഗോയിലേക്ക്... നമുക്ക് നോക്കാം അന്നവിടെ സംഭവിച്ചത് പോലെ എന്തെങ്കിലും ഇവിടെയും സംഭവിക്കുമോ എന്ന്...
Deleteപിന്നെ കെല്ലിയെ പോലീസ് പിടിച്ചാൽ കഥ എങ്ങിനെ മുൻപോട്ടു പോകും. അതൊന്നും ശെരിയാവില്ല.
ReplyDeleteശരിയാണ്... അപ്പോൾ ഇനി കെല്ലിയുടെ രക്ഷപെടൽ എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Deleteവമ്പൻ സ്രാവിനെ വലയിൽ ആക്കിയ സന്തോഷത്തിൽ ബ്രോഡി. സ്രാവ് വല പൊട്ടിക്കും
ReplyDeleteത്രസിപ്പിക്കുന്ന ആ രംഗങ്ങൾക്കായി കാത്തിരിക്കാം നമുക്ക്... അല്ല, സുകന്യാജിയും കെല്ലിയുടെ ആരാധകനായി മാറിയോ...?
Delete