ലണ്ടനിലുള്ള ഫെർഗൂസണ്
ഫോൺ ചെയ്യാനുള്ള ആവേശം തടഞ്ഞു നിർത്താനായില്ല ട്രെന്റിന്. ഡയറക്ടറേറ്റ് ജനറൽ അദ്ദേഹത്തിന്റെ
ഫോൺ കവൻഡിഷ് സ്ക്വയറിലേക്ക് കണക്റ്റ് ചെയ്തു. ഫോക്സും ഡെവ്‌ലിനും പുറത്തു പോയിരുന്നതിനാൽ
ഫെർഗൂസൺ തന്നെയാണ് ഫോൺ എടുത്തത്.
“ചീഫ് ഇൻസ്പെക്ടർ ട്രെന്റ്
ഹിയർ സർ… സ്പെഷ്യൽ ബ്രാഞ്ച്, ഗ്ലാസ്ഗോ… താങ്കൾ തേടുന്ന ആ മനുഷ്യൻ ക്യുസെയ്ൻ ഞങ്ങളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ്
മനസ്സിലാവുന്നത്…”
“ദൈവമേ….! ശരിയ്ക്കും…?” ഫെർഗൂസണ് അത്ഭുതം അടക്കാനായില്ല. “എന്താണയാളുടെ
അവസ്ഥ…?”
“വെൽ, ഞാനയാളെ നേരിട്ട്
കണ്ടില്ല സർ… ഇവിടെ നിന്നും ഏതാനും മൈൽ തെക്ക് ഒരു ഗ്രാമത്തിൽ
നിന്നാണ് പിടികൂടിയിരിക്കുന്നത്… ഗ്ലാസ്ഗോ ട്രെയിനിൽ ഒരു മണിക്കൂറിനുള്ളിൽ ഇവിടെ
എത്തും… ഞാൻ നേരിട്ട് പോയി പിക്ക് ചെയ്യുന്നതായിരിക്കും…”
“അയാൾ ജീവനോടെയുണ്ടല്ലോ
എന്നോർക്കുമ്പോഴാണ് വിഷമം…” ഫെർഗൂസൺ പറഞ്ഞു. “സാരമില്ല, നാം വിചാരിക്കുന്നത്
പോലെ എല്ലാം നടക്കില്ലല്ലോ… ചീഫ് ഇൻസ്പെക്ടർ, നാളെ രാവിലെ ലഭ്യമായ ആദ്യ ഫ്ലൈറ്റിൽത്തന്നെ
അയാളെ ഇവിടെ എത്തിക്കണം… ബ്രിങ്ങ് ഹിം യുവേഴ്സെൽഫ്… അത്യന്തം പ്രധാനപ്പെട്ട വിഷയമാണ്… ഒരു വീഴ്ച്ചയും
സംഭവിക്കാൻ പാടില്ല…”
“തീർച്ചയായും സർ…” ട്രെന്റ് പറഞ്ഞു.
റിസീവർ ക്രാഡിലിൽ വച്ചിട്ട്
ഫെർഗൂസൺ അതിന് സമീപമുള്ള ചുവന്ന ഫോൺ എടുക്കാനായാഞ്ഞു. എന്നാൽ ഒരു നിമിഷം, പെട്ടെന്നുണ്ടായ
ഒരു ഉൾപ്രേരണയിൽ ആ ശ്രമം അദ്ദേഹം ഉപേക്ഷിച്ചു. ആ മത്സ്യം ശരിയ്ക്കും വലയ്ക്കുള്ളിൽ
ആയി എന്ന് ഉറപ്പു വരുത്തിയിട്ടു മതി ഹോം സെക്രട്ടറിയെ വിളിക്കുന്നത്…
***
ഒരു സിഗരറ്റിന് തീ കൊളുത്തി
ബ്രോഡി മെയിൽവാനിന്റെ മൂലയിലെ സ്റ്റൂളിൽ പിറകോട്ട് ചാഞ്ഞിരുന്നുകൊണ്ട് ക്യുസെയ്നെ
വീക്ഷിച്ചു. തന്റെ ഡെസ്കിന്മേലുള്ള ലിസ്റ്റ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഗാർഡ്.
എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ പേന താഴെ വച്ചു. “ഞാൻ റൗണ്ടിന് പോയിട്ട്
വരാം… സീ യൂ ലേറ്റർ…”
ഡോർ തുറന്ന് അയാൾ മുന്നിലെ
ബോഗിയിലേക്ക് കയറി അപ്രത്യക്ഷനായി. ബ്രോഡി തന്റെ സ്റ്റൂൾ ക്യുസെയ്ന്റെ അരികിലേക്ക്
വലിച്ചിട്ടു. “എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല ളോഹ ധരിച്ച മനുഷ്യരെ… മനസ്സിലാവുമെന്ന് തോന്നുന്നുമില്ല…” അയാൾ
ഒന്നു കൂടി മുന്നോട്ടാഞ്ഞു. “പറയൂ, നിങ്ങൾ വൈദികർ… ആ ഒരു
കാര്യത്തിന് എന്തു ചെയ്യും…?”
“ഏത് കാര്യത്തിന്…?” ക്യുസെയ്ൻ ആരാഞ്ഞു.
“ഓ, അറിയാത്തത് പോലെ… ഗായക സംഘത്തിലെ ബാലന്മാരെയായിരിക്കും അതിന് ഉപയോഗിക്കുന്നത്…” ആ ആജാനുബാഹുവിന്റെ നെറ്റിത്തടത്തിൽ വിയർപ്പുകണങ്ങൾ കാണാമായിരുന്നു.
“വലിയ മീശ വച്ച് നടന്നിട്ടൊന്നും
കാര്യമില്ല…” ക്യുസെയ്ൻ പറഞ്ഞു. “അല്പം മര്യാദയും വായിൽ തോന്നുന്ന
മണ്ടത്തരങ്ങൾ വിളിച്ചു പറയാതിരിക്കാനുള്ള വിവേകവും കൂടി വേണം…”
ബ്രോഡി രോഷം കൊണ്ട് തിളച്ചു.
“ബാസ്റ്റർഡ്… നിനക്ക് ഞാൻ കാണിച്ചു തരാം…”
അയാൾ മുന്നോട്ട് കുനിഞ്ഞ്
എരിയുന്ന സിഗരറ്റിന്റെ അറ്റം ക്യുസെയ്ന്റെ കൈത്തണ്ടയുടെ പിന്നിൽ കുത്തി. അലറിക്കൊണ്ട്
ക്യുസെയ്ൻ പിറകോട്ട് മറിഞ്ഞ് മെയിൽ ബാഗുകളുടെ മുകളിലേക്ക് വീണു.
പൊട്ടിച്ചിരിച്ചു കൊണ്ട്
ബ്രോഡി എഴുന്നേറ്റു. “നിനക്ക് അതിഷ്ടപ്പെടുമെന്നാണ് ഞാൻ കരുതിയത്…” ക്യുസെയ്ന്റെ മുന്നിൽ ചെന്നു നിന്ന് സിഗരറ്റ് കൊണ്ട് വീണ്ടും കൈയിൽ
കുത്തുവാനായി അയാൾ കുനിഞ്ഞു. അപ്രതീക്ഷിതമായാണ് ക്യുസെയ്ൻ കാലുയർത്തി അയാളുടെ കാലുകൾക്കിടയിൽ
മർമ്മസ്ഥാനത്ത് ഒരു ചവിട്ട് കൊടുത്തത്. അസഹ്യമായ വേദനയാൽ ആ ഭാഗം പൊത്തിപ്പിടിച്ചു കൊണ്ട്
അയാൾ പിറകോട്ട് മാറി. ചാടിയെഴുന്നേറ്റ ക്യുസെയ്ൻ അയാളുടെ വലതു കാൽമുട്ടിന്റെ ചിരട്ട
നോക്കി ആഞ്ഞ് ചവിട്ടി. മുന്നോട്ട് വീഴാൻ തുടങ്ങിയ അയാളുടെ മുഖത്തേക്ക് ക്യുസെയ്ൻ തന്റെ
കാൽമുട്ട് ഉയർത്തി.
വേദനയാൽ പുളഞ്ഞ് ഞരങ്ങിക്കൊണ്ട്
ആ പോലീസ് സെർജന്റ് മലർന്ന് വീണു. ക്യുസെയ്ൻ അയാളുടെ പോക്കറ്റുകൾ പരതി താക്കോൽ കണ്ടെടുത്ത്
തന്റെ കൈവിലങ്ങ് അഴിച്ചു. ശേഷം തന്റെ ബാഗ് എടുത്ത് എല്ലാ സാധനങ്ങളും അതിലുണ്ടെന്ന്
ഉറപ്പു വരുത്തി. എന്നിട്ട് സ്റ്റെച്ച്കിൻ റിവോൾവർ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. മെയിൽവാനിന്റെ
സ്ലൈഡിങ്ങ് ഡോർ പിറകോട്ട് വലിച്ചതും മഴത്തുള്ളികൾ ഉള്ളിലേക്കടിച്ചു കയറി.
ഒരു നിമിഷം കഴിഞ്ഞു കാണും.
മെയിൽവാനിന്റെ ഡോർ തുറന്ന് ഉള്ളിലേക്കെത്തിയ ഗാർഡ് ഒരു മിന്നായം പോലെ കണ്ടത് റെയിൽവേ
ട്രാക്കിന്റെ സൈഡിലുള്ള കുറ്റിക്കാട്ടിലേക്ക് പതിച്ച് താഴ്‌വാരത്തിലേക്ക് ഉരുണ്ടു പോകുന്ന ക്യുസെയ്നെയാണ്. പിന്നൊന്നും കാണാനുണ്ടായിരുന്നില്ല.
മൂടൽ മഞ്ഞും മഴയും മാത്രം.
***
ട്രെയിൻ ഗ്ലാസ്ഗോ സെൻട്രലിലേക്ക്
കിതച്ചുകൊണ്ട് പ്രവേശിക്കവെ ചീഫ് ഇൻസ്പെക്ടർ ട്രെന്റും യൂണിഫോമണിഞ്ഞ അര ഡസൻ കോൺസ്റ്റബിൾമാരും
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മെയിൽവാനിന്റെ സ്ലൈഡിങ്ങ്
ഡോർ തുറന്ന് ഗാർഡ് മുഖം കാണിച്ചു.
“ഇവിടെ…”
ഉള്ളിലേക്കെത്തി നോക്കിയ
ട്രെന്റ് ഒരു നിമിഷം ശങ്കിച്ചു നിന്നു. ചോര പുരണ്ട് വീങ്ങിയ മുഖവുമായി ഗാർഡിന്റെ സ്റ്റൂളിൽ
ഇരിക്കുന്ന സെർജന്റ് ലാക്ലൻ ബ്രോഡിയെ മാത്രമേ ഉള്ളിൽ കാണാനുണ്ടായിരുന്നുള്ളൂ. ട്രെന്റിന്റെ
ഹൃദയം തകർന്നു പോയി. “എന്താണുണ്ടായത്, പറയൂ…” തളർന്ന സ്വരത്തിൽ അദ്ദേഹം ചോദിച്ചു. തന്നാലാവുന്ന
വിധം ബ്രോഡി കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ട്രെന്റ് ചോദിച്ചു.
“അയാളെ കൈവിലങ്ങ് അണിയിച്ചിരുന്നുവെന്നല്ലേ നിങ്ങൾ പറഞ്ഞത്…? എന്നിട്ടും അയാൾ നിങ്ങളെ ആക്രമിച്ച് കടന്നു കളഞ്ഞു…?”
“വിചാരിച്ചത് പോലെയല്ലായിരുന്നു
സർ അയാൾ…” ബ്രോഡി ന്യായീകരിക്കാൻ ശ്രമിച്ചു.
“യൂ സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്
മാൻ…” ട്രെന്റ് രോഷാകുലനായി. “അന്വേഷണമൊന്ന് കഴിഞ്ഞോട്ടെ… പബ്ലിക്ക് ടോയ്‌ലറ്റിന്റെയെങ്കിലും ഇൻ ചാർജ്ജായി ട്രാൻസ്ഫർ ലഭിച്ചാൽ
അത് ഭാഗ്യമെന്ന് കൂട്ടിക്കോളൂ…”
നിരാശയോടെ, ഫെർഗൂസണ് ഫോൺ
ചെയ്യുവാനായി അദ്ദേഹം തിരിഞ്ഞു നടന്നു.
***
ഡൺഹില്ലിന് വടക്ക് ഭാഗത്തുള്ള
കുന്നിൻമുകളിലെ ഒരു വലിയ പാറക്കെട്ടിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു ഹാരി ക്യുസെയ്ൻ.
മോയ്റ ഗ്രിഗോറിന്റെ കടയിൽ നിന്നും വാങ്ങിയ ഓർഡ്‌നൻസ് മാപ്പ് എടുത്ത് അയാൾ നിവർത്തി.
ലാർവിക്ക് പ്രദേശം ആ ഭൂപടത്തിൽ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അതിന്
സമീപം തന്നെയായിരുന്നു മൺഗോ സഹോദരന്മാരുടെ ഫാം. ഏതാണ്ട് പതിനഞ്ച് മൈൽ ദൂരം. അതിൽ അധികദൂരവും
കുന്നിൻപ്രദേശത്തു കൂടിയാണ് താണ്ടേണ്ടത്. എങ്കിലും അയാൾ ആഹ്ലാദവാനായിരുന്നു. ഭൂപടം
മടക്കി ബാഗിനുള്ളിൽ വച്ചിട്ട് അയാൾ വീണ്ടും നടക്കുവാനാരംഭിച്ചു.
തന്നെ ആവരണം ചെയ്തിരിക്കുന്ന
മൂടൽമഞ്ഞും കനത്ത മൂടൽമഞ്ഞും ഒരു പ്രത്യേക സുരക്ഷിതത്വ ബോധം നൽകി അയാൾക്ക്. പുറംലോകത്തു
നിന്നും ഒറ്റപ്പെട്ട്, അളവറ്റ സ്വാതന്ത്ര്യം. ബിർച്ച് മരങ്ങൾക്കിടയിലൂടെ മുന്നോട്ട്
നീങ്ങവെ തഴച്ച് വളർന്ന് നിൽക്കുന്ന പൊന്തക്കാടുകളിലെ ജലകണങ്ങളാൽ ട്രൗസേഴ്സിന്റെ കാലുകൾ
നനഞ്ഞു കുതിർന്നു. ഇടയ്ക്കൊക്കെ തന്റെ സാമീപ്യത്താൽ അലോസരം കൊണ്ട കാട്ടുകോഴികൾ ആ പൊന്തക്കാട്ടിൽ
നിന്നും പറന്നുയരുന്നത് കാണാമായിരുന്നു. തന്റെ ളോഹയും റെയിൻകോട്ടും ഇതിനോടകം നനഞ്ഞു
കുതിർന്നിരിക്കുന്നു. ആൾത്താമസമില്ലാത്ത ഈ കുന്നിൻപ്രദേശത്ത് ഈ വേഷത്തിൽ സഞ്ചരിക്കുന്നതിലെ
അസ്വാഭാവികതയെയും അപകടത്തെയും കുറിച്ചുള്ള ചിന്ത അയാളെ തെല്ല് അലട്ടാതിരുന്നില്ല.
ട്രെയിനിൽ നിന്നും പുറത്തുചാടിയിട്ട്
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. നടന്ന് നടന്ന് എത്തിപ്പെട്ട കിഴുക്കാംതൂക്കായ
ഒരു പാറക്കെട്ടിന് മുകളിൽ നിന്നു കൊണ്ട് ക്യുസെയ്ൻ പരന്ന് കിടക്കുന്ന താഴ്‌വാരത്തേക്ക്
നോക്കി. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. എങ്കിലും ഏതാനും വാര അകലെ മനുഷ്യ നിർമ്മിതമായ
ഒരു പാത തുടങ്ങുന്നത് വ്യക്തമായി കാണാമായിരുന്നു. അത് തന്നെ ധാരാളമായിരുന്നു അയാൾക്ക്.
വർദ്ധിത വീര്യത്തോടെ ക്യുസെയ്ൻ ആ പാത ലക്ഷ്യമാക്കി കുന്നിറങ്ങുവാൻ തുടങ്ങി.
***
സ്കോട്ടിഷ് സമതലത്തിന്റെ
വലിയൊരു ഓർഡ്‌നൻസ് സർവ്വേ മാപ്പ് സസൂക്ഷ്മം പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഫെർഗൂസൺ.
“മോർകാംബിൽ നിന്നുമാണ് അയാൾ ബസ്സിൽ കയറിയിരിക്കുന്നത്… അക്കാര്യത്തിൽ സ്ഥിരീകരണമായി…” അദ്ദേഹം
പറഞ്ഞു.
“ഗ്ലാസ്ഗോയിലേക്ക് പോകാനുള്ള
ഏറ്റവും എളുപ്പമാർഗ്ഗം…” ഫോക്സ് പറഞ്ഞു.
“നോ…” ഫെഗൂസൺ പറഞ്ഞു. “ഡൺഹിൽ എന്ന സ്ഥലത്തേക്കാണ് അയാൾ ടിക്കറ്റ് എടുത്തിരുന്നത്… അവിടെ ചെന്നിട്ട് എന്തായിരുന്നിരിക്കും അയാളുടെ ഉദ്ദേശ്യം…?”
“ആ പ്രദേശം പരിചയമുണ്ടോ
താങ്കൾക്ക്…?” ഡെവ്‌ലിൻ ചോദിച്ചു.
“എതാണ്ട് ഇരുപത് വർഷം
മുമ്പ് അവിടെയുള്ള ഏതോ ഒരു എസ്റ്റേറ്റിൽ ഏതാനും ദിവസം ഷൂട്ടിങ്ങ് പരിശീലനത്തിന് പോയിട്ടുണ്ട്… രസകരമായ സ്ഥലമാണ്… ഗാലോവേ കുന്നുകൾ… മാനം മുട്ടെ ഉയർന്നു നിൽക്കുന്ന വനങ്ങൾ… റിഡ്ജ്ബാക്ക് ഇനത്തിൽപ്പെട്ട നായകൾ, ധാരാളം ചെറുതടാകങ്ങൾ എന്നിങ്ങനെ…”
“ഗാലോവേ എന്നല്ലേ പറഞ്ഞത്…?” ഡെവ്‌ലിൻ മാപ്പിലേക്ക് സൂക്ഷിച്ചു നോക്കി. “അപ്പോൾ ഗാലോവേ എന്ന്
പറയുന്ന സ്ഥലം ഇവിടെയാണല്ലേ…?”
“അതെ… സോ വാട്ട്…?” ഫെർഗൂസൺ നെറ്റി ചുളിച്ചു.
“എനിക്ക് തോന്നുന്നത്
അയാൾ പോയിരിക്കുന്നത് അങ്ങോട്ടാണെന്നാണ്…” ഡെവ്‌ലിൻ പറഞ്ഞു. “അങ്ങോട്ട് പോകാൻ തന്നെയായിരുന്നിരിക്കണം
തുടക്കം മുതലേ അയാളുടെ പ്ലാൻ…”
“അങ്ങനെയൊരു നിഗമനത്തിൽ
എത്താൻ കാരണം…?”
ഡാനി മാലണെക്കുറിച്ചുള്ള
കഥകളെല്ലാം ഡെവ്‌ലിൻ അദ്ദേഹത്തോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും ഫെർഗൂസൺ പറഞ്ഞു.
“നിങ്ങളുടെ കണക്കുകൂട്ടലുകൾ തികച്ചും ശരിയാണെന്ന് തോന്നുന്നു…”
ഡെവ്‌ലിൻ തല കുലുക്കി.
“നാട്ടിൻപുറങ്ങളിൽ സുരക്ഷിതമായി തങ്ങുവാൻ അധോലോകം ഉപയോഗിക്കുന്ന നിരവധി താവളങ്ങളെക്കുറിച്ച്
ഡാനി പറഞ്ഞിരുന്നു… ഗാലോവേ പ്രദേശത്താണ് അയാളെങ്കിൽ തീർച്ചയായും അയാൾക്ക്
മൺഗോ സഹോദരന്മാരുടെ അധോലോക സാമ്രാജ്യവുമായി ബന്ധമുണ്ടായിരിക്കണം…”
“നമ്മളിപ്പോൾ എന്തു ചെയ്യണം
സർ…?” ഫോക്സ് ചോദിച്ചു. “ഗ്ലാസ്ഗോയിലെ സ്പെഷ്യൽ ബ്രാഞ്ചിനോട്
ഈ മൺഗോ സഹോദരന്മാരുടെ താവളത്തിൽ ഒരു റെയ്ഡ് നടത്തുവാൻ ആവശ്യപ്പെട്ടാലോ…?”
“നോ… ഹെൽ വിത്ത് ദാറ്റ്…” ഫെർഗൂസൺ പറഞ്ഞു. “ലോക്കൽ പോലീസിന്റെ കാര്യക്ഷമത
എന്താണെന്ന് ഇപ്പോൾ നാം കണ്ടതേയുള്ളൂ… അവരുടെ കൈയിൽ കിട്ടിയിട്ടും പിടിപ്പുകേട് കൊണ്ട്
അയാൾ വഴുതിപ്പോയില്ലേ…” ജാലകത്തിനടുത്ത് ചെന്ന് അദ്ദേഹം പുറത്തെ ഇരുട്ടിലേക്ക്
തുറിച്ചു നോക്കി. “ഇത്രയും വൈകിയ ഈ രാത്രിയിൽ പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ല… അയാളുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരിക്കില്ല… ആ മലമ്പ്രദേശത്ത് കാൽനടയായിത്തന്നെ സഞ്ചരിക്കുകയായിരിക്കും ഇപ്പോഴും
അയാൾ…”
“മിക്കവാറും അതിന് തന്നെയാണ്
സാദ്ധ്യത…” ഡെവ്‌ലിൻ പറഞ്ഞു.
“സോ… യൂ ആന്റ് ഹാരി ഫ്ലൈ അപ് റ്റു ഗ്ലാസ്ഗോ റ്റുമോറോ… എന്നിട്ട് ഈ മൺഗോ സഹോദരന്മാരുടെ താവളത്തിൽ ചെന്ന് നേരിട്ട് അന്വേഷിക്കുക… നിങ്ങൾക്ക് പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ടുള്ള ഓർഡർ ഞാൻ ഇപ്പോൾത്തന്നെ
തയ്യാറാക്കുന്നുണ്ട്… നിങ്ങൾക്കാവശ്യമുള്ള എന്ത് സഹായവും സ്പെഷ്യൽ ബ്രാഞ്ച്
ചെയ്തു തരുന്നതായിരിക്കും…”
അദ്ദേഹം പുറത്തേക്ക് പോയി.
ഡെവ്‌ലിന് ഒരു സിഗരറ്റ് നൽകിയിട്ട് ഫോക്സ് ചോദിച്ചു. “എന്താണ് നിങ്ങളുടെ മനസ്സിൽ…?”
“അവരുടെ പിടിയിലായിരുന്നു
അയാൾ, ഹാരീ… അതും കൈവിലങ്ങോടു കൂടി…” ഡെവ്‌ലിൻ പറഞ്ഞു. “എന്നിട്ടും അയാൾ രക്ഷപെട്ടു… അക്കാര്യത്തെക്കുറിച്ചാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്… ഇനി ആ ലൈറ്റർ ഒന്ന് തരൂ…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അത്രേ ഉള്ളൂ...കെല്ലിയെ പിടിക്കുന്നതോക്കെ അവിടെ നിൽക്കട്ടെ ... പുതിയ നായിക എവിടെ ?? ആദ്യം അത് പറ.. ആ മിൽക് സ്റ്റോറിൽ ഉള്ള ലേഡി ആണെന്ന ആദ്യം വിചാരിച്ചു . ഇതിപ്പോ ഒളിത്താവളം ആകാറായല്ലോ . ഇനി അധോലോകത്തിൽ എങ്ങാനും ....?
ReplyDeleteഉടൻ തന്നെ എത്തും ഉണ്ടാപ്രീ... അടുത്ത ലക്കത്തിൽത്തന്നെ... ക്ഷമ വേണം ക്ഷമ... 😄
Deleteഇനി ഏതേലും അധോലോക റാണി ആണോ കക്ഷി?
Deleteറാണിയൊന്നും അല്ലെങ്കിലും അധോലോകവുമായി ബന്ധമുള്ളവൾ തന്നെ...
Deleteഅപ്പോഴേ ഞാൻ പറഞ്ഞില്ലേ.. കെല്ലിയെ പിടിക്കാൻ പറ്റില്ലെന്ന്.
ReplyDeleteഅതെയതെ... ഞാനോർക്കുന്നു... കെല്ലിയുടെ ഈ രക്ഷപെടലും പണ്ട് സ്റ്റോം വാണിങ്ങിൽ പോൾ ഗെറിക്കിന്റെ രക്ഷപെടലും ഒരേ പോലെ തോന്നുന്നില്ലേ...? പോലീസുകാരൻ കാർവറെ മുട്ടുകാലിന് താങ്ങിയിട്ട് ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടത്...? അതും ഇതേ റൂട്ടിൽ വച്ചായിരുന്നു... ഗ്ലാസ്ഗോയിലേക്കുള്ള യാത്രയിൽ...
Deleteവലിയ ഷോ കാണിക്കാൻ പോയി ബ്രോഡി വെട്ടിലായി. ഹീറോ തന്നെ ക്യുസെയ്ൻ
ReplyDeleteഅങ്ങനെ വില്ലൻ സുകന്യാജിയുടെയും ഹീറോ ആയി മാറി...
Deleteബ്രോഡിക്ക് കിട്ടേണ്ടത് കിട്ടി.. അല്ല, ചോദിച്ച് മേടിച്ചു!
ReplyDeleteപിന്നല്ല... അച്ചന്മാരോടാ അവന്റെ കളി... :)
Deleteഅല്ല, ജിമ്മാ, ഈ ഗ്ലാസ്ഗോയിലൊക്കെ ഒന്ന് പോകണ്ടേ...? അതിനപ്പുറം മലേയ്ഗിലും പിന്നെ ഹെബ്രിഡ്സിലുള്ള ഫാഡാ ദ്വീപിലുമൊക്കെ...?
പിന്നേ, തീർച്ചയായും പോകണം.. കാത്തിരിക്കുന്ന യാത്ര..
Deleteഅദ്ദാണ് ജിമ്മൻ...
Deleteനമ്മുടെ പോലീസ് വെറുതെയല്ല പ്രതിയെ അയയ്ക്കുമ്പോൾ രണ്ടാൾ കൂടെ വേണം എന്ന് നിർബന്ധം പറയുന്നത്.
ReplyDeleteങ്ഹെ...! അരുൺ ഇത് വായിക്കുന്നുണ്ടായിരുന്നോ...? എന്നിട്ടാണോ ഇത്രയും നാൾ ഒരു കമന്റ് പോലും ഇടാതിരുന്നത്...?
Deleteശരിയാണ്... രണ്ട് പേർ കൂടെയുണ്ടായിരിക്കണം എന്ന് പറയുന്നത് ഇതിനാണ്...