Wednesday, April 10, 2024

കൺഫെഷണൽ – 59

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


താഴ്‌ന്ന പ്രദേശത്ത്, തീർത്തും ദയനീയമായ അവസ്ഥയിലായിരുന്നു അവരുടെ വാസസ്ഥലം. തുന്നിക്കൂട്ടിയ ക്യാൻവാസ് മേൽക്കൂരയുള്ള പഴക്കമേറിയ മൂന്ന് വാഗണുകളിലായിരുന്നു അവർ താമസിച്ചിരുന്നത്. അപ്പോൾ അവിടെ കാണാനുണ്ടായിരുന്ന ഏക മോട്ടോർ വാഹനം കാക്കിപ്പച്ച പെയിന്റടിച്ച, രണ്ടാം ലോകമഹായുദ്ധകാലത്തെ വിന്റേജ് മോഡൽ ജീപ്പ് മാത്രമായിരുന്നു. എവിടെ നോക്കിയാലും ദാരിദ്ര്യത്തിന്റെ ബാക്കിപത്രം മാത്രം. തുറസ്സായ സ്ഥലത്ത് കൂട്ടിയിരിക്കുന്ന അടുപ്പിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്ന മൂന്ന് സ്ത്രീകളുടെയും വസ്ത്രങ്ങൾ പലയിടത്തും പിഞ്ഞിക്കീറിയിട്ടുണ്ട്. അരുവിയുടെ സമീപത്തായി മേഞ്ഞു നടക്കുന്ന അര ഡസനോളം കുതിരകൾക്കിടയിലൂടെ നഗ്നപാദരായി ഓടിക്കളിക്കുന്ന കൊച്ചുകുട്ടികൾ.

 

സ്വപ്നങ്ങളേതുമില്ലാത്ത സുഖകരമായ ഗാഢനിദ്രയിലായിരുന്ന ക്യുസെയ്ൻ കണ്ണ് തുറന്നപ്പോൾ കണ്ടത് എതിർവശത്തെ ബങ്കിൽ തന്നെയും നോക്കിക്കൊണ്ടിരിക്കുന്ന മൊറാഗ് എന്ന ആ പെൺകുട്ടിയെയാണ്.

 

“ഹലോ” ക്യുസെയ്ൻ പുഞ്ചിരിച്ചു.

 

“ഇതേതായാലും രസകരമായിരിക്കുന്നു” അവൾ പറഞ്ഞു. “ഒരു നിമിഷം കൊണ്ട് നിങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീണു പിന്നെ പെട്ടെന്നൊരു നിമിഷത്തിൽ ഉറക്കമുണർന്ന് കണ്ണും മിഴിച്ച് തികച്ചും ഊർജ്ജസ്വലനായിരിക്കുന്നു എങ്ങനെ പഠിച്ചെടുത്തു ഈ വിദ്യ?”

 

“ജീവിതം പഠിപ്പിച്ചതാണ്” അയാൾ വാച്ചിലേക്ക് നോക്കി. “ആറര ആയിട്ടേയുള്ളല്ലോ

 

“ഇവിടെ ഞങ്ങൾ നേരത്തേ എഴുന്നേൽക്കും” അവൾ വാഗണിന്റെ പുറത്തേക്ക് ചൂണ്ടിക്കാണിച്ചു. പുറത്ത് നിന്ന് ആൾപ്പെരുമാറ്റത്തിന്റെ ശബ്ദവും മൊരിഞ്ഞ പന്നിയിറച്ചിയുടെ ഗന്ധവും വരുന്നുണ്ടായിരുന്നു.

 

“ഞാൻ നിങ്ങളുടെ വസ്ത്രങ്ങളെല്ലാം കഴുകിയുണക്കിയിട്ടുണ്ട്” അവൾ പറഞ്ഞു. “ഞാൻ അല്പം ചായ എടുക്കട്ടെ?”

 

അവളുടെ ഓരോ പ്രവൃത്തിയിലും വല്ലാത്തൊരു തിടുക്കവും ആകാംക്ഷയും ഉള്ളത് പോലെ തോന്നി. തന്നെ പ്രീതിപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് പോലെ. അത് അയാളുടെ മനസ്സിൽ തട്ടുകയും ചെയ്തു. അയാൾ മുന്നോട്ടാഞ്ഞ് കൈയെത്തി അവളുടെ ടാം ഓ’ഷാന്റർ തൊപ്പി ഒരു ചെവിയുടെ വശത്തേക്ക് കുറച്ചുകൂടി ഇറക്കി വച്ചു കൊടുത്തു. “ഇപ്പോഴാണ് കാണാൻ ഒന്നുകൂടി ഭംഗി

 

“എന്റെ അമ്മ തയ്ച്ചു തന്നതാണിത്” തൊപ്പി തലയിൽ നിന്നും എടുത്ത് ദുഃഖത്തോടെ അവൾ അതിലേക്ക് നോക്കി.

 

“നന്നായിട്ടുണ്ട് അവർ ഇവിടെത്തന്നെയുണ്ടോ?”

 

“ഇല്ല” ടാം ഓ’ഷാന്റർ തിരികെ തലയിൽ വച്ചിട്ട് അവൾ പറഞ്ഞു. “മക് ടാവിഷ് എന്നൊരു മനുഷ്യന്റെയൊപ്പം കഴിഞ്ഞ വർഷം ഓടിപ്പോയി പിന്നീട് ഇരുവരും ആസ്ട്രേലിയയിലേക്ക് കടന്നു

 

“അപ്പോൾ നിന്റെ അച്ഛനോ?”

 

“ഞാൻ ഒരു കൈക്കുഞ്ഞായിരുന്ന സമയത്ത് തന്നെ ഞങ്ങളെ ഉപേക്ഷിച്ച് പോയി” അവൾ ചുമൽ വെട്ടിച്ചു. “പക്ഷേ, എനിക്കതിൽ വിഷമമൊന്നുമില്ല

 

“ആ കൊച്ചു പയ്യൻ ഡോണൾ നിന്റെ സഹോദരനാണോ അവൻ?”

 

“അല്ല അവന്റെ പിതാവ് എന്റെ കസിനാണ് മറേ ഇന്നലെ നിങ്ങൾ അയാളെ കണ്ടിരുന്നു ഓർമ്മയില്ലേ?”

 

“ആഹ്, ഓർമ്മയുണ്ട് നിനക്കയാളെ വെറുപ്പാണല്ലേ?”

 

അവളുടെ ദേഹം ദ്വേഷ്യം കൊണ്ട് വിറച്ചു. “ഒട്ടും ശരിയല്ല അയാൾ

 

തലേദിവസം നടന്ന സംഭവത്തിന്റെ ഓർമ്മയിൽ ക്യുസെയ്ന്റെയുള്ളിലും രോഷം തിളച്ചു കയറുന്നുണ്ടായിരുന്നു. എങ്കിലും അത് നിയന്ത്രിച്ചിട്ട് പറഞ്ഞു. “നീ നേരത്തെ പറഞ്ഞ ആ ചായ കിട്ടുമോ? പിന്നെ, എന്റെ ഡ്രെസ്സ് കിട്ടിയാൽ വസ്ത്രം ധരിക്കുകയും ചെയ്യാമായിരുന്നു

 

ഒരു പതിനാറ് വയസ്സുകാരിയുടെ മറുപടി ആയിരുന്നില്ല അവളുടെ വായിൽ നിന്നും വന്നത്. അത് അയാളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. “അതെന്താ ഫാദർ, എന്റെ മുന്നിൽ ഇങ്ങനെയിരുന്നാൽ ആത്മനിയന്ത്രണം കൈവിട്ടു പോകുമോയെന്ന ഭയമാണോ?” അവൾ കണ്ണിറുക്കിക്കൊണ്ട് ചിരിച്ചു. “ഞാൻ പോയി ചായ എടുത്തുകൊണ്ടുവരാം” ചാടിത്തുള്ളി അവൾ പുറത്തേക്ക് പോയി.

 

അയാളുടെ സ്യൂട്ട് നന്നായി കഴുകി ഉണക്കിയിട്ടുണ്ടായിരുന്നു. ക്ലെറിക്കൽ കോളറും വെസ്റ്റും ഒഴിവാക്കി ബാക്കി വസ്ത്രങ്ങൾ പെട്ടെന്ന് തന്നെ അയാൾ അണിഞ്ഞു. അതിന് പകരം കനം കുറഞ്ഞ ഒരു പോളോ നെക്ക് സ്വെറ്റർ ആണ് ധരിച്ചത്. എന്നിട്ട് റെയിൻകോട്ട് എടുത്തണിഞ്ഞ് ക്യുസെയ്ൻ പുറത്തിറങ്ങി. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

 

ചുണ്ടിൽ എരിയുന്ന പൈപ്പുമായി ഒരു വാഗണിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു മറേ ഫിൻലേ. മകൻ ഡോണൾ അയാളുടെ കാൽചുവട്ടിൽ ഇരിക്കുന്നുണ്ട്.

 

“ഗുഡ് മോണിങ്ങ്” ക്യുസെയ്ൻ അഭിവാദ്യം ചെയ്തു. എന്നാൽ നീരസത്തോട് അയാളെ ഒന്ന് നോക്കുക മാത്രമാണ് മറേ ചെയ്തത്.

 

അടുപ്പിനരികിൽ നിന്നും ഒരു ഇനാമൽ കപ്പിൽ ക്യുസെയ്നുള്ള ചായയുമായി മൊറാഗ് എത്തി. “എനിക്ക് ചായയില്ലേ?” മറേ അവളോട് ചോദിച്ചു.

 

അവൾ ആ ചോദ്യം കേട്ടതായി നടിച്ചില്ല. “നിന്റെ മുത്തശ്ശൻ എവിടെ?” ക്യുസെയ്ൻ ചോദിച്ചു.

 

“തടാകത്തിൽ മീൻ പിടിക്കാൻ പോയിരിക്കുകയാണ് ഞാൻ കാണിച്ചു തരാം ചായയുമെടുത്ത് വന്നോളൂ

 

തലയിൽ വച്ചിരിക്കുന്ന ടാം ഓ’ഷാന്റർ അവൾക്ക് വല്ലാത്തൊരു ആകർഷണം നൽകുന്നതായി തോന്നി. പിഞ്ഞിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിലും അതിന്റെ ചമ്മലൊന്നും ഉണ്ടായിരുന്നില്ല അവൾക്ക്. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഈ ലോകത്തോട് മല്ലിട്ടു കൊണ്ട് നടക്കുന്ന പ്രകൃതം. മറേയെപ്പോലുള്ള ദുഷ്ടന്മാരുടെ ഇടയിൽ വരും വർഷങ്ങളിൽ എങ്ങനെ ഇവൾ ജീവിക്കും എന്നോർത്തപ്പോൾ ക്യുസെയ്ന് വിഷമം തോന്നാതിരുന്നില്ല.

 

അല്പം ഉയർന്ന പ്രദേശത്തിനപ്പുറമുള്ള ആ തടാകത്തിനരികിൽ അവരെത്തി. തടാകതീരം വരെ പൂത്തു നിൽക്കുന്ന കുറ്റിച്ചെടികൾ. മുട്ടിന് മേൽ വെള്ളത്തിൽ ചൂണ്ടക്കോലുമായി ഹാമിഷ് ഫിൻലേ നിൽക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നെത്തിയ ഇളംകാറ്റ് വെള്ളത്തിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചു. ഏതാനും മത്സ്യങ്ങൾ അവിടവിടെയായി പ്രത്യക്ഷപ്പെട്ടത് അയാൾ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് അല്പമകലെ ഒരു വലിയ മത്സ്യം ഉയർന്ന് പൊങ്ങി ചാടി വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷമായി.

 

ക്യുസെയ്നെ നോക്കി ആ വൃദ്ധൻ പുഞ്ചിരിച്ചു. “നോക്കണേ അപ്രതീക്ഷിതമായാണ് നല്ല കാര്യങ്ങൾ പലതും സംഭവിക്കുന്നത് പക്ഷേ, നമുക്ക് പ്രയോജനപ്പെടുത്താൻ പറ്റാത്ത സമയത്തായിരിക്കുമെന്ന് മാത്രം ശ്രദ്ധിച്ചിട്ടുണ്ടോ അത്?”

 

“പലപ്പോഴും

 

ചൂണ്ടക്കോൽ അയാൾ മൊറാഗിനെ ഏല്പിച്ചു. “ആ ബാസ്കറ്റിൽ മൂന്ന് വലിയ മീനുകളുണ്ട് കൊണ്ടുപോയി പ്രാതൽ തയ്യാറാക്കാൻ നോക്കൂ

 

അവൾ ക്യാമ്പിലേക്ക് തിരിച്ചു പോയി. ക്യുസെയ്ൻ ആ വൃദ്ധന് ഒരു സിഗരറ്റ് നൽകി. “അവളൊരു മിടുക്കിക്കുട്ടി തന്നെ

 

“തീർച്ചയായും

 

ക്യുസെയ്ൻ അയാളുടെ സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തു. “നിങ്ങളുടെ ഈ ജീവിതം ഏറെ വിചിത്രമായിത്തോന്നുന്നു എനിയ്ക്ക് പക്ഷേ, നിങ്ങൾ ജിപ്സികൾ അല്ല താനുംശരിയല്ലേ..?”

 

“തെരുവിന്റെ സന്തതികൾ എന്ന് പറയാം ആളുകൾ ഞങ്ങളെ പല പേരുകളും വിളിയ്ക്കും പലപ്പോഴും ഞങ്ങളോടുള്ള പെരുമാറ്റം ദാക്ഷിണ്യരഹിതമായിരിക്കും കളോഡൻ ഗ്രാമത്തിൽ പണ്ട് പ്രശസ്തമായിരുന്ന ഒരു ഗോത്രത്തിന്റെ അവസാന കണ്ണികളാണ് ഞങ്ങൾ ഇതുപോലെ തെരുവിൽ കഴിയുന്ന വേറെയും സംഘങ്ങളുണ്ട് അവരിൽ പലരുമായും ഞങ്ങൾക്ക് ഇപ്പോഴും ബന്ധമുണ്ട് മൊറാഗിന്റെ അമ്മ ഒരു ഇംഗ്ലീഷ് ജിപ്സി ആയിരുന്നു

 

“സ്ഥിരമായൊരു വാസസ്ഥലം ഇല്ലേ നിങ്ങൾക്ക്?” ക്യുസെയ്ൻ ചോദിച്ചു.

 

“ഇല്ല ഒരിടത്തും സ്ഥിരമായി തങ്ങുവാൻ ആരും ഞങ്ങളെ അനുവദിക്കില്ല വൈറ്റ്ചാപ്പൽ ഗ്രാമത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ ഉണ്ട് മിക്കവാറും നാളെ അയാളിവിടെയെത്തും മൂന്ന് ദിവസമാണ് ഇവിടെ തങ്ങാൻ ഞങ്ങൾക്ക് അനുമതി തന്നിട്ടുള്ളത് വേറെയെങ്ങോട്ടെങ്കിലും പോകേണ്ടി വരും ഇനി ആട്ടെ, നിങ്ങൾ എന്തു ചെയ്യും?”

 

“പ്രാതൽ കഴിഞ്ഞയുടൻ ഞാൻ എന്റെ യാത്ര തുടരുകയാണ്

 

ആ വൃദ്ധൻ തല കുലുക്കി. “ഇന്നലെ നിങ്ങൾ ധരിച്ചിരുന്ന ആ ക്ലെറിക്കൽ കോളറിനെക്കുറിച്ച് ഞാൻ ചോദിക്കുന്നില്ല അത് നിങ്ങളുടെ സ്വകാര്യ വിഷയം എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായം ഇനി ആവശ്യമുണ്ടോ?”

 

“ഇല്ല എന്നെ സഹായിച്ച് കുടുക്കിൽ പെടാതിരിക്കുന്നതായിരിക്കും നല്ലത്” ക്യുസെയ്ൻ പറഞ്ഞു.

 

“അങ്ങനെയാണല്ലേ? എനിക്ക് തോന്നിയിരുന്നു” ഫിൻലേ ഒരു ദീർഘശ്വാസമെടുത്തു. ആ നിമിഷം അകലെയെവിടെയോ മൊറാഗിന്റെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



6 comments:

  1. മൊറാഗിന്റെ നിലവിളി!

    മറേയ്ക്ക് കിട്ടാനുള്ളത് ഏറ്റുവാങ്ങാനുള്ള സമയം ആയെന്ന് തോന്നുന്നു..

    ReplyDelete
    Replies
    1. ആയി‌ ആയി... കെല്ലി ആരാണെന്ന് അറിയാൻ പോകുന്നു അവൻ...

      Delete
  2. ഇയാളെ പറ്റി പറഞ്ഞപ്പഴേ തോന്നി, ഒരു കൈതരിപ്പ് മാറ്റാൻ പറ്റിയ ഉരുപ്പടി ആണെന്ന്.

    ReplyDelete
    Replies
    1. ഈഗിൾ ഹാസ് ലാന്റഡിലെ ആർതറിനെപ്പോലെ...

      Delete
  3. തെരുവിൻ്റെ സന്തതികൾ ആയിട്ടുപോലും സഹായിക്കാനുള്ള മനഃസ്ഥിതി

    ReplyDelete