അദ്ധ്യായം – 13
രണ്ട് കുന്നുകൾക്കിടയിലൂടെയുള്ള
ആ ചുരം ദേശീയ വനംവകുപ്പിന്റെ ഭാഗമായിരുന്നു. റോഡിൽ നിന്നും അവർ പൈൻ മരങ്ങൾക്കിടയിലൂടെയുള്ള
കാട്ടുപാതയിലേക്ക് ഇറങ്ങി. കനത്ത മഴയാൽ നിറഞ്ഞൊഴുകുന്ന അരുവിയുടെ ഓരത്തു കൂടി ആ ജീപ്പ്
മല കയറുവാൻ തുടങ്ങി. ഒടുവിൽ അവർ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്തു കടന്ന് കുന്നിൻ
മുകളിലെ നിരപ്പായ പ്രതലത്തിലെത്തി.
ക്യുസെയ്ൻ അവളുടെ ചുമലിൽ
തട്ടി. “ഇവിടെയൊന്ന് നിർത്തൂ…” എഞ്ചിന്റെ ഇരമ്പൽ കാരണം ഉച്ചത്തിൽ അയാൾ വിളിച്ചു
പറഞ്ഞു.
അവൾ ജീപ്പ് നിർത്തി എഞ്ചിൻ
ഓഫ് ചെയ്തു. ഇരുവശത്തും നീണ്ടുകിടക്കുന്ന മലനിരകൾ മഞ്ഞിലും മഴയിലും ദൂരെ കാഴ്ച്ചയിൽ
നിന്ന് മറയുന്നു. ഓർഡ്‌നൻസ് മാപ്പ് പുറത്തെടുത്ത് അയാൾ ജീപ്പിൽ നിന്നും ഇറങ്ങി ഏതാനും
അടി മുന്നോട്ട് നടന്നു. വളരെ കൃത്യതയുള്ള ഭൂപടമായിരുന്നുവത്. യാതൊരു ബുദ്ധിമുട്ടും
കൂടാതെ അയാൾ ലാർവിക്ക് ഗ്രാമം കണ്ടുപിടിച്ചു. ആ ഗ്രാമത്തിൽ നിന്നും ഏതാനും മൈൽ അകലെ
ഗ്ലെൻഡു എന്ന സ്ഥലത്താണ് മൺഗോ സഹോദരന്മാരുടെ ഫാം എന്നാണ് ഡാനി മാലൺ പറഞ്ഞിരുന്നത്.
ബ്ലാക്ക് ഗ്ലെൻ എന്ന് ഗെയ്ലിക് ഭാഷയിൽ ഭൂപടത്തിൽ പറയുന്ന ആ പ്രദേശത്ത് ഒരേയൊരു ഫാം
മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുതന്നെ ആയിരിക്കണം മൺഗോ ഫാം. അല്പനേരം കൂടി ആ ഭൂപടത്തിലേക്കും
പിന്നെ ദൂരെ താഴ്‌വാരത്തിലേക്കും നോക്കി വിലയിരുത്തിയതിന് ശേഷം അയാൾ ജീപ്പിനരികിലേക്ക്
തിരിച്ചു വന്നു.
വായിച്ചുകൊണ്ടിരുന്ന ന്യൂസ്പേപ്പറിൽ
നിന്നും മൊറാഗ് തലയുയർത്തി. “നിങ്ങളെക്കുറിച്ചും IRA യെക്കുറിച്ചും ഇതിൽ പറയുന്നതെല്ലാം
സത്യമാണോ…?”
പുറത്തെ മഴയത്ത് നിന്നും
ക്യുസെയ്ൻ ജീപ്പിനുള്ളിലേക്ക് കയറി. “നിനക്കെന്ത് തോന്നുന്നു…?”
“ഇതിൽ പറയുന്നത്, വൈദിക
വേഷത്തിലാണ് പലപ്പോഴും നിങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത് എന്നാണ്… എന്ന് വച്ചാൽ നിങ്ങളൊരു വൈദികനല്ലെന്നാണോ…?”
ക്യുസെയ്ൻ പുഞ്ചിരിച്ചു.
“പത്രക്കാർ പറയുന്നതല്ലേ… അത് ശരിയായിരിക്കണമല്ലോ… എന്താ, എന്നെപ്പോലെ ഒരുവന്റെ കൂടെ ഇറങ്ങിത്തിരിച്ചത് മണ്ടത്തരമായെന്ന്
തോന്നുന്നുണ്ടോ നിനക്കിപ്പോൾ…?”
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.
“യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഡോണളിന്റെ ജീവൻ നിങ്ങൾ രക്ഷിച്ചു… പിന്നെ എന്നെ സഹായിച്ചു… മറേയുടെ കൈകളിൽ നിന്നും എന്നെ രക്ഷപെടുത്തിക്കൊണ്ട്…” പത്രം മടക്കി ജീപ്പിന്റെ പിൻസീറ്റിലേക്കിട്ട് തിരിയുമ്പോൾ അവളുടെ
മുഖത്ത് ആശ്ചര്യമായിരുന്നു. “പത്രത്തിൽ കാണുന്ന ആ നിങ്ങളും പിന്നെ എന്റെ മുന്നിൽ ഇരിക്കുന്ന
ഈ നിങ്ങളും… രണ്ടും വെവ്വേറെ വ്യക്തികളെപ്പോലെ തോന്നുന്നു…”
“നമ്മളിൽ ഭൂരിഭാഗം പേർക്കും
ചുരുങ്ങിയത് മൂന്ന് വ്യക്തിത്വങ്ങളെങ്കിലും ഉണ്ടാവും…” ക്യുസെയ്ൻ പറഞ്ഞു. “ഒന്ന്, എന്റെ വീക്ഷണത്തിലുള്ള ഞാൻ… രണ്ട്, നിന്റെ വീക്ഷണത്തിലുള്ള ഞാൻ…”
“പിന്നെ മൂന്നാമതായി യഥാർത്ഥത്തിലുള്ള
നിങ്ങളും…” അവൾ ഇടയിൽ കയറി പറഞ്ഞു.
“സത്യം… എന്നാൽ ചിലർക്കാവട്ടെ, നിരന്തരമായി
മാറിക്കൊണ്ടിരുന്നാൽ മാത്രമേ അതിജീവനം സാദ്ധ്യമാകൂ… അവർ നിരവധി
വ്യക്തിത്വങ്ങളായി മാറുന്നു… പക്ഷേ, വിജയിക്കണമെങ്കിൽ ഓരോ വേഷത്തിനുള്ളിലും
കയറിക്കൂടി അതുമായി അവർ താദാത്മ്യം പ്രാപിക്കണമെന്ന് മാത്രം…”
“ഒരു നടനെപ്പോലെ…?” അവൾ ചോദിച്ചു.
“അതുതന്നെ… ഏതൊരു നല്ല നടനെയും പോലെ, ആ കഥാപാത്രത്തിൽ നൂറ് ശതമാനവും വിശ്വാസവുമുണ്ടായിരിക്കണം…”
അയാൾക്ക് നേരെ പാതി തിരിഞ്ഞ്
സീറ്റിൽ പിറകോട്ട് ചാരിക്കിടന്നു കൊണ്ട് അയാളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുകയായിരുന്നു
അവൾ. അയാൾ അത് ശ്രദ്ധിക്കുകയും ചെയ്തു. വളരെ ശോചനീയമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന,
ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്ത അവളുടെ അവസ്ഥയെക്കുറിച്ചോർക്കുകയായിരുന്നു അയാൾ.
അതീവ ബുദ്ധിമതി തന്നെ ഇവൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
“അതുശരി…” അവൾ പറഞ്ഞു. “എന്ന് വച്ചാൽ ഒരു വൈദികനായി നിങ്ങൾ വേഷം കെട്ടുമ്പോൾ
ശരിയ്ക്കും നിങ്ങളൊരു വൈദികനായി മാറുകയാണെന്ന്…”
അവളുടെ ഋജുവായ സംസാരരീതി
അയാളെ തെല്ല് അലോസരപ്പെടുത്തി. “ഉം, ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ…” അല്പനേരത്തെ മൗനത്തിന് ശേഷം അയാൾ പതിഞ്ഞ സ്വരത്തിൽ തുടർന്നു. “അവിടെ
നിന്നും എന്നെ രക്ഷിച്ചത് നീയാണ്… നീയല്ലാതെ മറ്റു വല്ലവരും ആയിരുന്നെങ്കിൽ എന്റെ
കൈകളിൽ വീണ്ടും വിലങ്ങ് വീണേനെ…”
“വീണ്ടുമോ…? എന്ന് വച്ചാൽ…?” അവൾ അത്ഭുതം കൊണ്ടു.
“ഇന്നലെയാണ് എന്നെ പോലീസ്
പിടികൂടിയത്… ഗ്ലാസ്ഗോയിലേക്ക് കൊണ്ടുപോകുന്ന വഴി ട്രെയിനിൽ
നിന്നും ചാടി ഞാൻ രക്ഷപെട്ടു… അവിടെ നിന്ന് മല കയറി വരുന്ന വഴിയാണ് നിന്നെ കണ്ടുമുട്ടുന്നത്…”
“ഡോണളിന്റെ ഭാഗ്യം…” അവൾ പറഞ്ഞു. “അതുപോലെ തന്നെ എന്റെയും…”
“മറേയുടെ കാര്യമാണോ നീ
പറഞ്ഞു വരുന്നത്…? കുറേ കാലമായോ അവന്റെ ശല്യം തുടങ്ങിയിട്ട്…?”
“എനിക്ക് ഏതാണ്ട് പതിമൂന്ന്
വയസ്സ് ആയത് മുതൽ…” ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു. “എന്റെ അമ്മ
കൂടെയുണ്ടായിരുന്നപ്പോൾ അത്ര ശല്യമില്ലായിരുന്നു… അവരുടെ
ഒരു കണ്ണ് എപ്പോഴും അയാളുടെ മേൽ ഉണ്ടായിരുന്നു… പക്ഷേ,
അവർ പോയതിന് ശേഷം…………..” അവൾ ചുമൽ വെട്ടിച്ചു. “അതിന് ശേഷം അയാളുടെ ശല്യം
തുടങ്ങി… ഈ അടുത്ത കാലത്തായി തീരെ സഹിക്കാൻ പറ്റാതായി… ഇവിടം വിട്ട് പോകുന്നതിനെക്കുറിച്ച് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്…”
“ഇവിടെ നിന്നും ഓടിപ്പോകാനോ…? എങ്ങോട്ട്…?”
“എന്റെ മുത്തശ്ശിയുടെ
അടുത്തേക്ക്… എന്റെ അമ്മയുടെ അമ്മ… അവർ ഒരു ഒറിജിനൽ ജിപ്സിയാണ്… പേര് ബ്രാനാ… ബ്രാനാ
സ്മിത്ത്… പക്ഷേ, അവർ സ്വയം വിളിക്കുന്നത് ജിപ്സി റോസ് എന്നാണ്…”
“ഇതുപോലൊരു പേര് മുമ്പ്
ഞാൻ കേട്ടിട്ടുള്ളത് പോലെ…” ക്യുസെയ്ൻ പുഞ്ചിരിച്ചു.
“അവർക്കൊരു പ്രത്യേക സിദ്ധിയുണ്ട്…” തികഞ്ഞ ഗൗരവത്തോടെ അവൾ പറഞ്ഞു. “അതീന്ദ്രിയ ജ്ഞാനം… ഹസ്തരേഖ നോക്കി ഭാവി പ്രവചിക്കും… പിന്നെ
ക്രിസ്റ്റൽ, ടററ്റ് കാർഡ് എന്നിവ ഉപയോഗിച്ചും… ലണ്ടനിലെ
വാപ്പിങ്ങിൽ നദീതീരത്താണ് അവരുടെ വീട്… മേളകളോ സഞ്ചരിച്ചുകൊണ്ടുള്ള പ്രദർശനങ്ങളോ ഒന്നും
ഇല്ലാത്ത സമയത്ത് അവർ ആ വീട്ടിലാണ് താമസിക്കുന്നത്…”
“അപ്പോൾ അവരുടെ അടുത്തേക്ക്
പോകണമെന്നാണോ നിന്റെ ആഗ്രഹം…?”
“മുത്തശ്ശി എപ്പോഴും പറയുമായിരുന്നു,
ഞാൻ വലുതായിക്കഴിഞ്ഞാൽ അങ്ങോട്ട് ചെല്ലണമെന്ന്…” അവൾ ഒന്ന്
ഇളകി ഇരുന്നു. “നിങ്ങളുടെ കാര്യം എങ്ങനെയാണ്…? ലണ്ടനിലേക്ക് പോകാനുള്ള പ്ലാനുണ്ടോ…?”
“ചിലപ്പോൾ…” പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു.
“എങ്കിൽ നമുക്ക് ഒരുമിച്ച്
പോകാം…” തികച്ചും സ്വാഭാവികതയോടെയായിരുന്നു അവളുടെ പ്രതികരണം.
“ഇല്ല…” മുഖത്തടിച്ചത് പോലെ അയാൾ പറഞ്ഞു. “അതിന് സാധിക്കുമെന്ന് തോന്നുന്നില്ല… കാരണം, അത് നിന്നെ കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടിക്കുകയേയുള്ളൂ… “മാത്രവുമല്ല, എന്റെ യാത്രയിൽ അമിത ബാഗേജ് കൊണ്ടുപോകാൻ ബുദ്ധിമുട്ടുമുണ്ട്… ഓടേണ്ടി വരുമ്പോൾ ഇടംവലം നോക്കാതെ ഓടേണ്ടി വരും എനിക്ക്… സ്വന്തം കാര്യമല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാൻ പോലും സമയം ഉണ്ടാവില്ല…”
ആ പറഞ്ഞത് അവളെ വേദനപ്പിച്ചുവെന്ന്
ആ കണ്ണുകളിൽ നിന്നും അയാൾ മനസ്സിലാക്കി. എങ്കിലും അതവൾ മുഖത്ത് കാണിച്ചില്ല. ജീപ്പിൽ
നിന്നും പുറത്തിറങ്ങി ആ കാട്ടുപാതയുടെ ഓരത്ത് ഇരുകൈകളും പോക്കറ്റിൽ തിരുകിക്കൊണ്ട്
അവൾ നിന്നു. “എനിക്ക് മനസ്സിലാവുന്നു… നിങ്ങൾ ജീപ്പുമായി പൊയ്ക്കോളൂ… ഞാൻ തിരികെ നടന്ന് പൊയ്ക്കോളാം…”
ആ ക്യാമ്പിലെ അവസ്ഥ ഒരു
നിമിഷം അയാളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു പോയി. വർഷങ്ങളായി അവൾ അവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന
ദുരിതം... ഏത് നിമിഷവും അവളെ കാത്തിരിക്കുന്ന കൊടുംപീഡനം… ഇല്ല, അത് സംഭവിക്കാൻ പാടില്ല…
“നിനക്കെന്താ ഭ്രാന്തുണ്ടോ…?” ക്യുസെയ്ൻ ചോദിച്ചു. “നീ വണ്ടിയിൽ കയറൂ…”
“എന്തിന്…?”
“ഞാൻ ഈ മാപ്പ് നോക്കിക്കൊണ്ടിരിക്കുമ്പോൾ
പിന്നെ ജീപ്പ് ആരോടിക്കും…? ഈ കുന്നിറങ്ങി ആ കാണുന്ന മലയും കടന്ന് അപ്പുറത്ത്
ലാർവിക്ക് ഗ്രാമത്തിന് വെളിയിൽ ഗ്ലെൻഡു എന്നൊരു ഫാം ഉണ്ട്…”
ഡ്രൈവിങ്ങ് സീറ്റിൽ ചാടിക്കയറിയിരുന്ന്
അവൾ പുഞ്ചിരിച്ചു. “നിങ്ങൾക്കവിടെ പരിചയക്കാരുണ്ടോ…?”
“എന്ന് പറയാൻ പറ്റില്ല…” തന്റെ ബാഗ് എത്തിയെടുത്ത് തുറന്ന് ക്യുസെയ്ൻ അതിനടിയിലെ രഹസ്യ അറയുടെ
സിബ്ബ് വലിച്ചു തുറന്നു. അതിനുള്ളിൽ നിന്നും ഒരു കെട്ട് കറൻസി നോട്ട് പുറത്തെടുത്തിട്ട്
അയാൾ പറഞ്ഞു. “ഈ സാധനം അവിടെയുള്ളവർക്ക് ഇഷ്ടപ്പെടാതിരിക്കില്ല… നോട്ടുകെട്ടുകൾ കണ്ടാൽ ആരാണ് വേണ്ടെന്ന് പറയുക…” കുറേക്കൂടി നോട്ടുകൾ വലിച്ചെടുത്തിട്ട് അയാൾ അവളുടെ റീഫർകോട്ടിന്റെ
നെഞ്ചിലെ പോക്കറ്റിൽ തിരുകി. “നിന്റെ മുത്തശ്ശിയുടെ അടുത്ത് എത്തുന്നത് വരെയുള്ള ചെലവിന്
ഇത് ഉപകരിക്കും…”
അവളുടെ മുഖം ആശ്ചര്യം
കൊണ്ട് വിടർന്നു. “ഇല്ല… എനിക്കിത് വാങ്ങാനാവില്ല…”
“ഇത് വാങ്ങുന്നതിൽ ഒരു
തെറ്റുമില്ല… നീ വണ്ടി എടുക്ക്…”
ജീപ്പ് സ്റ്റാർട്ട് ചെയ്ത്
ലോ ഗിയറിൽ ശ്രദ്ധാപൂർവ്വം അവൾ കുന്നിറങ്ങുവാൻ തുടങ്ങി. “നിങ്ങൾ പറഞ്ഞ ആ ഫാമിൽ എത്തിയിട്ട്
പിന്നെന്ത് സംഭവിക്കും…? എന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്…”
“അതവിടെ ചെന്നതിന് ശേഷം
നോക്കാം… ലണ്ടനിലേക്കുള്ള ട്രെയിൻ പിടിക്കുന്നതായിരിക്കും
ഉചിതം… നീ ഒറ്റയ്ക്ക്… നിന്നെക്കൊണ്ടതിന്
കഴിയും… അവർക്ക് എന്നെയാണ് വേണ്ടത്… എന്നോടൊപ്പം വരുന്നത് നിന്നെ അപകടത്തിലാക്കുകയേ ഉള്ളൂ…”
അവൾ അതിന് മറുപടിയൊന്നും
പറഞ്ഞില്ല. ക്യുസെയ്ൻ തന്റെ കൈയിലെ ഭൂപടത്തിൽ വീണ്ടും മുഴുകി. അല്പസമയം കഴിഞ്ഞ് അവൾ
മൗനം ഭഞ്ജിച്ചു. “ഞാനും മറേയും തമ്മിലുള്ള പ്രശ്നം… അത് നിങ്ങളുടെ
മനഃസമാധാനം കെടുത്തുന്നുണ്ടോ…? അയാളുടെ ദുഷ്ടതയുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്…”
“ദുഷ്ടത…?” ക്യുസെയ്ൻ ചെറുതായൊന്ന് പുഞ്ചിരിച്ചു. “മൈ ഡിയർ ഗേൾ, ദുഷ്ടത എന്നാൽ
ശരിയ്ക്കും എന്താണന്ന് നിനക്കറിയില്ല… മറേയുടെ മുന്നിൽ മൃഗങ്ങൾ തോറ്റു പോകുമെങ്കിലും
ശരിയ്ക്കുള്ള ദുഷ്ടത ഇതിലും എത്രയോ ക്രൂരമാണ്… അധികം
പേരും അവരുടെ ആയുഷ്ക്കാലത്ത് അനുഭവിച്ചു തീർക്കുന്നതിനേക്കാൾ ദുഷ്ടത ഒരാഴ്ച്ചത്തെ കുമ്പസാരത്തിലൂടെ
ഒരു വൈദികന് കേൾക്കാൻ കഴിയും…”
മുഖം തിരിച്ച് ഒരു നിമിഷം
അവൾ അയാളെ നോക്കി. “നിങ്ങൾ ഒരു വൈദികനായി അഭിനയിക്കുകയാണെന്നല്ലേ പറഞ്ഞത്…?”
“അങ്ങനെ പറഞ്ഞോ ഞാൻ…?” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് പിറകോട്ട് ചാരിയിരുന്ന് അയാൾ കണ്ണുകളടച്ചു.
(തുടരും)
കെല്ലി നിൻ്റെ ദുഷ്ടത്തരം വെച്ച് നോക്കുമ്പോ മറെയൊക്കെ എന്ത്
ReplyDeleteകെല്ലിയെ ഇത്തിരി ഇഷ്ടമായി വരികയായിരുന്നു... നശിപ്പിച്ച്...
Delete“നമ്മളിൽ ഭൂരിഭാഗം പേർക്കും ചുരുങ്ങിയത് മൂന്ന് വ്യക്തിത്വങ്ങളെങ്കിലും ഉണ്ടാവും…”
ReplyDeleteആഹാ!
കൊള്ളാം ല്ലേ... ? 🤪
Deleteനമ്മളിൽ ഭൂരിഭാഗം പേർക്കും ചുരുങ്ങിയത് മൂന്ന് വ്യക്തിത്വങ്ങളെങ്കിലും ഉണ്ടാവും…” ക്യുസെയ്ൻ പറഞ്ഞു. “ഒന്ന്, എന്റെ വീക്ഷണത്തിലുള്ള ഞാൻ… രണ്ട്, നിന്റെ വീക്ഷണത്തിലുള്ള ഞാൻ…”
ReplyDelete“പിന്നെ മൂന്നാമതായി യഥാർത്ഥത്തിലുള്ള നിങ്ങളും…” അവൾ ഇടയിൽ കയറി പറഞ്ഞു.
ഉം... ഇതിലേതാണ് ശരിക്കുള്ള ശ്രീക്കുട്ടൻ...? 😛
Deleteഒന്ന്, എന്റെ വീക്ഷണത്തിലുള്ള ഞാൻ… രണ്ട്, നിന്റെ വീക്ഷണത്തിലുള്ള ഞാൻ…” “പിന്നെ മൂന്നാമതായി യഥാർത്ഥത്തിലുള്ള നിങ്ങളും
ReplyDeleteSunil P Ilayidam ഡയലോഗ് ഓർമ വന്നു
അത് കലക്കി...
Delete