പാറക്കൂട്ടങ്ങൾക്കിടയിലൂടെ
പൊട്ടിച്ചിരിച്ചുകൊണ്ട് ഒഴുകുന്ന ഒരു അരുവിയുടെ ഓരം പറ്റി ബിർച്ച് മരങ്ങൾക്കിടയിലൂടെ
ക്യുസെയ്ൻ കുന്നിറങ്ങുവാൻ തുടങ്ങി. താഴോട്ടാണ് നടക്കുന്നതെങ്കിലും അയാൾക്ക് ക്ഷീണം
അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
അതുവരെ ഒപ്പമുണ്ടായിരുന്ന
ആ കുഞ്ഞരുവി ഒരു പാറക്കെട്ടിന്റെ തുമ്പിൽ വച്ച് അപ്രത്യക്ഷമായി. ഇതിന് മുമ്പും പലയിടത്തും
സംഭവിച്ചത് പോലെ താഴെ ആഴമുള്ള ഒരു കുളത്തിലേക്ക് പതിച്ച് അവിടെ നിന്നും വീണ്ടും യാത്ര
തുടരുകയാണ് ആ അരുവി. സൂര്യാസ്തമയം താൻ പ്രതീക്ഷിച്ചതിലും നേരത്തെയാണെന്ന് തോന്നുന്നു.
ഇരുട്ട് വീഴും മുമ്പ് ലക്ഷ്യത്തിലെത്തുവാനായി ബിർച്ച് മരങ്ങൾക്കിടയിലൂടെ തിടുക്കത്തിൽ
നടന്ന അയാൾ കാൽ തെന്നി താഴേക്ക് ഊർന്ന് ഒരു മൺകൂനയിൽ ചെന്നു വീണു. അപ്പോഴും തന്റെ ബാഗ്
കൈവിട്ടിരുന്നില്ല ക്യുസെയ്ൻ.
ആരുടെയോ പതിഞ്ഞ സ്വരം
കേട്ട് മുട്ടുകുത്തിയെഴുന്നേറ്റ ക്യുസെയ്ൻ കണ്ടത് ആ കുളത്തിന്റെ കരയിൽ ഭീതിനിറഞ്ഞ മുഖവുമായി
തന്നെയും നോക്കി ഇരിക്കുന്ന രണ്ട് കുട്ടികളെയാണ്. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും.
രണ്ടാമതൊന്ന് കൂടി നോക്കിയപ്പോഴാണ് ആ പെൺകുട്ടിയ്ക്ക് ചുരുങ്ങിയത് ഒരു പതിനാറ് വയസെങ്കിലും
പ്രായം മതിക്കുമെന്ന് അയാൾക്ക് മനസ്സിലായത്. റബ്ബർ ബൂട്ട്സും ജീൻസും അവൾക്ക് യോജിക്കാത്ത
അത്ര വലിയ ഒരു പഴഞ്ചൻ റീഫർകോട്ടുമാണ് വേഷം. കൂർത്ത മുഖവും വിടർന്ന ഇരുണ്ട കണ്ണുകളും കറുത്ത
മുടിയും ഉള്ള അവൾ ഒരു ടാം ഓ’ഷാന്റർ തൊപ്പി ധരിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയ്ക്ക്
ഏറിയാൽ പത്ത് വയസ്സ് പ്രായമേ വരൂ. പിഞ്ഞിത്തുടങ്ങിയ ഷർട്ടും നീളം വെട്ടിക്കുറച്ച ട്രൗസേഴ്സും
കാലപ്പഴക്കാത്താൽ തേഞ്ഞ് തീരാറായ ക്യാൻവാസ് ഷൂവുമാണ് ധരിച്ചിരിക്കുന്നത്. കുളത്തിൽ
ഇട്ടിരുന്ന ചൂണ്ട വലിച്ചെടുക്കുന്നതിനുള്ള തിരക്കിലായിരുന്നു അവൻ. ചൂണ്ടയുടെ അറ്റത്ത്
ഒരു സാൽമൺ മത്സ്യം പിടയ്ക്കുന്നുണ്ടായിരുന്നു.
ക്യുസെയ്ൻ പുഞ്ചിരിച്ചു.
“ഞാൻ എവിടെ നിന്നാണ് വരുന്നതെന്നറിയുമോ നിങ്ങൾക്ക്…?”
“മൊറാഗ്, ഓടിയ്ക്കോ…!” കൂടെയുള്ള പെൺകുട്ടിയോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് അവൻ തന്റെ
കൈയിലെ ചൂണ്ടക്കോൽ കൊണ്ട് അയാളെ കുത്തുവാൻ ഓങ്ങി. അതിന്റെയറ്റത്തുള്ള നൂലിൽ ആ സാൽമൺ
അപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
ആ നിമിഷമാണ് കാൽക്കീഴിലെ
മണ്ണിടിഞ്ഞ് അവൻ ആ കുളത്തിലേക്ക് പതിച്ചത്. വെള്ളത്തിൽ നിന്നും പൊങ്ങി വന്ന അവന്റെ
കൈയിൽ അപ്പോഴും ആ ചൂണ്ടക്കോൽ ഉണ്ടായിരുന്നു. കുന്നിൻമുകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന്
പെട്ടെന്ന് ഒഴുകിയെത്തിയ ജലപ്രവാഹം അവനെയും കൊണ്ട് മുന്നോട്ടൊഴുകി.
“ഡോണൾ…!” നിലവിളിച്ചു കൊണ്ട് ആ പെൺകുട്ടി അവൻ വീണ ഭാഗത്തേയ്ക്കോടി.
കൃത്യസമയത്തായിരുന്നു
ക്യുസെയ്ൻ അവളുടെ ചുമലിൽ പിടിച്ച് പിറകോട്ട് വലിച്ച് മാറ്റിയത്. തൊട്ടടുത്ത നിമിഷം
അവൾ നിന്നിരുന്നതിന് സമീപത്തെ മണ്ണിടിഞ്ഞ് കുളത്തിലേക്ക് വീണു. “മണ്ടത്തരം കാണിക്കല്ലേ… അവനെപ്പോലെ നീയും ഇപ്പോൾ കുളത്തിൽ വീണേനെ…”
അയാളുടെ പിടിയിൽ നിന്നും
രക്ഷപെടാനായി അവൾ കുതറി. തന്റെ ബാഗ് താഴെയിട്ട് അവളെ തള്ളിമാറ്റി ക്യുസെയ്ൻ കുളത്തിന്റെ
കരയിലൂടെ അവനെ രക്ഷിക്കാനായി ഓടി. കുളത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളം കനാൽ
പോലെയുള്ള ഇടുങ്ങിയ പാറയിടുക്കുകൾക്കിടയിലൂടെ കടന്ന് വീണ്ടും താഴോട്ട് പതിക്കുകയാണ്. അങ്ങോട്ടാണ് ആ കുട്ടി ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്നത്.
ക്യുസെയ്ന്റെ തൊട്ടു പിന്നിൽ
ആ പെൺകുട്ടിയും ഉണ്ടായിരുന്നു. തന്റെ റെയിൻകോട്ട് ഊരിയെറിഞ്ഞിട്ട് അയാൾ ആ പാറയിടുക്കിനരികിലേക്ക്
ഓടി. അവിടെ നിന്നും താഴേക്ക് പതിക്കുന്നതിന് മുമ്പ് അവനെ വലിച്ചെടുക്കുക എന്നതായിരുന്നു
അയാളുടെ ഉദ്ദേശ്യം. അവന്റെ കൈയിൽ അപ്പോഴുമുണ്ടായിരുന്ന ആ ചൂണ്ടക്കോലിന്റെ അറ്റത്ത്
എത്തിപ്പിടിക്കുന്നതിൽ ക്യുസെയ്ൻ വിജയിച്ചെങ്കിലും അനിവാര്യമായത് സംഭവിക്കുക തന്നെ
ചെയ്തു.
ശക്തമായ ഒഴുക്കിനൊപ്പം
നീങ്ങിക്കൊണ്ടിരുന്ന ആ കുട്ടിയോടൊപ്പം അയാളും തല കുത്തി താഴെയുള്ള കുളത്തിലേക്ക് പതിച്ചു.
വെള്ളത്തിൽ നിന്നും പൊങ്ങി വന്ന ക്യുസെയ്ൻ കണ്ടത് ഒരു വാര അകലെ ഒഴുകിപ്പോകുന്ന കുട്ടിയെയാണ്.
ഒരു നിമിഷം പോലും വൈകാതെ അയാൾ മുന്നോട്ട് കുതിച്ച് അവന്റെ ഷർട്ടിൽ കയറിപ്പിടിച്ചു.
അടുത്ത നിമിഷം ജലപ്രവാഹം അവർ ഇരുവരെയും കുളത്തിലെ ഒരു ചരൽത്തിട്ടയിൽ എത്തിച്ചു. കുളത്തിന്റെ
കരയിൽക്കൂടി ആ പെൺകുട്ടി അവർ നിന്ന ഭാഗത്ത് ഓടിയെത്തി. വെള്ളത്തിൽ വീണ ചെന്നായയെപ്പോലെ
ശരീരം ഒന്ന് കുടഞ്ഞിട്ട് അവൻ കരയിൽ കയറി അവളുടെ അടുത്തേക്ക് ചെന്നു.
അപ്പോഴാണ് തന്റെ കറുത്ത
ഹാറ്റ് വെള്ളത്തിലൂടെ ഒഴുകി വരുന്നത് ക്യുസെയ്ൻ കണ്ടത്. അത് കൈയെത്തിയെടുത്ത് പരിശോധിച്ചിട്ട്
അയാൾ പൊട്ടിച്ചിരിച്ചു. “ഇനി ഇതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല…” അയാളത് വെള്ളത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞു.
തിരിഞ്ഞ് കരയിൽ കയറാൻ
വേണ്ടി നോക്കിയപ്പോഴാണ് ക്യുസെയ്ൻ ഞെട്ടിപ്പോയത്. ചുരുങ്ങിയത്, ഏതാണ്ട് എഴുപത് വയസെങ്കിലും
തോന്നിക്കുന്ന ഒരു വൃദ്ധന്റെ നീട്ടിപ്പിടിച്ച ഷോട്ട്‌ഗണ്ണിന്റെ മുന്നിലേക്കാണ് താൻ
കയറിച്ചെല്ലാൻ തുനിയുന്നത്. ബിർച്ച് മരങ്ങൾക്കിടയിൽ നിൽക്കുന്ന അയാളുടെ ഇരുവശത്തുമായി
മൊറാഗ് എന്ന ആ പെൺകുട്ടിയും ഡോണൾ എന്ന ആ കൊച്ചുപയ്യനും നിൽക്കുന്നുണ്ട്. ചെളി പുരണ്ട
കോട്ടും ആ പെൺകുട്ടിയുടേത് പോലത്തെ ഒരു തൊപ്പിയുമാണ് അയാളുടെ വേഷം. താടിരോമങ്ങൾ ഷേവ്
ചെയ്തിട്ട് നാളേറെയായിട്ടുണ്ടെന്നത് വ്യക്തം.
“ആരാണിയാൾ മുത്തശ്ശാ…?” ആ പെൺകുട്ടി ചോദിച്ചു. “എന്തായാലും ജലവകുപ്പ് ഉദ്യോഗസ്ഥനല്ല…”
“അയാളുടെ കുപ്പായത്തിന്റെ
കോളർ ശ്രദ്ധിച്ചില്ലേ… അതിനുള്ള ഒരു സാദ്ധ്യതയുമില്ല…” സ്കോട്ടിഷ് മലനിരകളിൽ വസിക്കുന്ന ജനതയുടെ സംസാര രീതിയിലായിരുന്നു
ആ വൃദ്ധന്റെ വാക്കുകൾ. “നിങ്ങൾ ഒരു വൈദികനാണോ…?”
“എന്റെ പേര് ഫാളൻ…” ക്യുസെയ്ൻ പറഞ്ഞു. “ഫാദർ മൈക്കൽ ഫാളൻ…” ഓർഡ്‌നൻസ് മാപ്പ് പരിശോധിച്ചുകൊണ്ടിരുന്ന വേളയിൽ ശ്രദ്ധയിൽപ്പെട്ട
ഒരു സ്ഥലനാമം അയാളുടെ ഓർമ്മയിലെത്തി. “വൈറ്റ്ചാപ്പലിലേക്കാണ് എനിക്ക് പോകേണ്ടത്… പക്ഷേ, ബസ്സ് മിസ്സായി… എന്നാൽ പിന്നെ എളുപ്പവഴിയ്ക്ക് ഈ കുന്നു കയറി നടന്നു
പോകാമെന്ന് വിചാരിച്ചു…”
അയാളുടെ റെയിൻകോട്ട് എടുക്കുവാനായി
പോയിരുന്ന പെൺകുട്ടി തിരികെ അതുമായി തിരികെ വന്നു. ആ വൃദ്ധൻ അവളുടെ കൈയിൽ നിന്നും അത്
വാങ്ങി. “ഡോണൾ, നീ പോയി ഇദ്ദേഹത്തിന്റെ ആ ബാഗ് എടുത്തുകൊണ്ടു വരൂ…”
അപ്പോൾ, തുടക്കം മുതലേ
ഇയാൾ എല്ലാം കാണുന്നുണ്ടായിരുന്നുവെന്ന് വേണം അനുമാനിക്കാൻ. ആ കൊച്ചുപയ്യൻ ബാഗ് എടുക്കുവാനായി
ഓടിപ്പോയി. തന്റെ കൈയിലെ റെയിൻകോട്ടിന്റെ ഭാരക്കൂടുതൽ ശ്രദ്ധിച്ച വൃദ്ധൻ അതിന്റെ പോക്കറ്റിനുള്ളിൽ
പരിശോധിച്ചു. അതിനുള്ളിൽ നിന്നും പുറത്തെടുത്ത സ്റ്റെച്ച്കിൻ പിസ്റ്റൾ കാണിച്ചുകൊണ്ട്
അയാൾ പറഞ്ഞു. “മൊറാഗ്, നീയിതു കണ്ടോ…? ജലവകുപ്പ് ഉദ്യോഗസ്ഥനല്ല… അത് തീർച്ച… പക്ഷേ, ഒരു വൈദികനാണ് ഇയാളെന്ന് നീ വിശ്വസിക്കുന്നുണ്ടോ…? തീർത്തും വിചിത്രം തന്നെ…”
“പക്ഷേ, ഇയാൾ നമ്മുടെ
ഡോണളിനെ രക്ഷിച്ചില്ലേ മുത്തശ്ശാ…?” പെൺകുട്ടി മുത്തശ്ശന്റെ കൈത്തണ്ടയിൽ പിടിച്ചു.
പതുക്കെ പുഞ്ചിരിച്ചുകൊണ്ട്
ആ വൃദ്ധൻ അവളെ നോക്കി. “അത് ശരി തന്നെ… എന്നാൽപ്പിന്നെ നീ നമ്മുടെ ക്യാമ്പിലേക്ക് ചെല്ല്… നമുക്കൊരു അതിഥിയുണ്ടെന്ന് പറയൂ… അടുപ്പത്ത്
വെള്ളവും വച്ചോളൂ…”
ആ പിസ്റ്റൾ തിരികെ നിക്ഷേപിച്ചിട്ട്
അയാൾ റെയിൻകോട്ട് ക്യുസെയ്ന് കൊടുത്തു. ആ പെൺകുട്ടി തിരിഞ്ഞ് മരക്കൂട്ടങ്ങൾക്കിടയിലൂടെ
ഓടിപ്പോയി. അപ്പോഴേക്കും ക്യുസെയ്ന്റെ ബാഗുമായി ആ കൊച്ചുപയ്യൻ തിരികെയെത്തിയിരുന്നു.
“എന്റെ പേര് ഹാമിഷ് ഫിൻലേ… നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു…” ആ ആൺകുട്ടിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് വൃദ്ധൻ പറഞ്ഞു.
“ഞങ്ങൾക്കുള്ളതിന്റയെല്ലാം ഒരു പങ്ക് നിങ്ങൾക്കും കൂടിയുള്ളതാണ്… ആർക്കും അതിന് എതിര് പറയാനാവില്ല…”
വനത്തിലൂടെ കുറച്ച് ദൂരം
നടന്ന് അവർ ഒരു കൃഷിത്തോട്ടത്തിനരികിലെത്തി. “വല്ലാത്തൊരു ഗ്രാമം തന്നെ ഇത്…” ക്യുസെയ്ൻ പറഞ്ഞു.
തന്റെ ഷോട്ട്ഗൺ കക്ഷത്തിനടിയിൽ
വച്ചിട്ട് ആ വൃദ്ധൻ ഒരു പഴയ കവറിനുള്ളിൽ നിന്നും പുകയിലയെടുത്ത് പൈപ്പിനുള്ളിൽ നിറച്ചു.
“ഏയ്, ആ കാണുന്നതാണ് ഗാലോവേ… എത്രകാലം വേണമെങ്കിലും പുറംലോകം അറിയാതെ ഒളിച്ചു താമസിക്കാൻ കഴിയും
ഇവിടെ… മനസ്സിലായോ…?”
“ഓ, മനസ്സിലായി…” ക്യുസെയ്ൻ പറഞ്ഞു. “എപ്പോഴെങ്കിലും ആവശ്യം വരും… ആർക്കായാലും…”
പെട്ടെന്നാണ് അല്പം അകലെ
നിന്നും ആ പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ
ഫിൻലേ തന്റെ ഷോട്ട്ഗണ്ണുമായി മുന്നോട്ട് കുതിച്ചു. സാമാന്യത്തിലധികം ഉയരവും ഒത്ത ശരീരവുമുള്ള
ഒരുവന്റെ കൈയിൽ കിടന്ന് പിടയുന്ന ആ പെൺകുട്ടിയെയാണ് അവർ കണ്ടത്. ഫിൻലേയുടെ പോലെ തന്നെ
അയാളുടെ കൈയിലും ഒരു ഷോട്ട്ഗൺ ഉണ്ടായിരുന്നു. തുന്നിക്കൂട്ടിയ ഒരു പഴയ കോട്ട് ധരിച്ച
അയാളുടെ പരുക്കൻ മുഖം ക്ഷൗരം ചെയ്യാത്തതിനാൽ വികൃതമായിരുന്നു. മഞ്ഞ നിറമുള്ള വൃത്തിഹീനമായ
തലമുടി തൊപ്പിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് നീണ്ട് കിടക്കുന്നു. ഭയന്ന് വിറച്ച്
നിൽക്കുന്ന ആ പെൺകുട്ടിയുടെ വെപ്രാളം ആസ്വദിക്കുകയായിരുന്നു അയാൾ. തന്റെയുള്ളിൽ രോഷം
തിളച്ചു വരുന്നത് ക്യുസെയ്ൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ ഫിൻലേ
ശബ്ദമുയർത്തി.
“അവളെ വിടൂ, മറേ…!”
നീരസം പ്രകടിപ്പിച്ച ആ
മനുഷ്യൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചിട്ട് ഒരു കൃത്രിമച്ചിരിയോടെ അടുത്ത നിമിഷം
തള്ളിമാറ്റി. “ഞാനൊരു തമാശ കാണിച്ചതല്ലേ…” അയാളുടെ പിടിയിൽ നിന്നും മോചിതയായ അവൾ ഓടിപ്പോയി.
“ആരാണിയാൾ…?” അയാൾ വൃദ്ധനോട് ചോദിച്ചു.
“മരിച്ചുപോയ എന്റെ
സഹോദരന്റെ മകനാണ് നീയെന്ന കാര്യം മറക്കരുത് മറേ… എന്നെ അനുസരിക്കേണ്ട ഉത്തരവാദിത്തം നിനക്കുണ്ട്… നിന്റെ സ്വഭാവം ശരിയല്ല എന്ന് പല തവണ ഞാൻ പറഞ്ഞിട്ടില്ലേ…?”
മറേയുടെ കണ്ണുകളിൽ രോഷം
തിളയ്ക്കുന്നത് കാണാമായിരുന്നു. അയാളുടെ കൈയിലെ ഷോട്ട്ഗൺ അല്പമൊന്ന് ഉയർന്നത് പോലെ
തോന്നി. ക്യുസെയ്ൻ തന്റെ പോക്കറ്റിലേക്ക് കൈയിട്ട് സ്റ്റെച്ച്കിൻ പിസ്റ്റളിൽ സ്പർശിച്ചു.
എന്നാൽ തികഞ്ഞ ശാന്തതയോടെ ഫിൻലേ തന്റെ പൈപ്പിന് തീ കൊളുത്തിയിട്ട് പുച്ഛത്തോടെ മറേയെ
നോക്കി. എന്തോ പിറുപിറുത്തുകൊണ്ട് അയാൾ തിരിഞ്ഞ് നടന്നു പോയി.
“എന്റെ സ്വന്തം അനന്തരവനാണ്,
എന്തു ചെയ്യാം…” ഫിൻലേ ദുഃഖത്തോടെ തലയാട്ടി. “ഒരു പഴഞ്ചൊല്ലുണ്ട്… നമുക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കാനാവും… എന്നാൽ ബന്ധുക്കളെ തെരഞ്ഞെടുക്കാനാവില്ല… അത് നമ്മുടെ അനുവാദമില്ലാതെ തന്നെ സംഭവിക്കുന്നതാണ്…”
“സത്യം…” വീണ്ടും നടന്നു തുടങ്ങവെ ക്യുസെയ്ൻ പറഞ്ഞു.
“ഏയ്, ആ പിസ്റ്റളിന്റെ
കാഞ്ചിയിൽ നിന്നും കൈയെടുത്തോളൂ ഫാദർ… ഇനി അതിന്റെ ആവശ്യമില്ല… ഫാദറല്ല, നിങ്ങളിനി ആരായാലും ശരി…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
16 വയസ്സുള്ള പെൺകുട്ടി! (16 വയസിന് യുകെ-യിൽ വളരെ പ്രധാന്യമുണ്ട് 🤭)
ReplyDeleteചൂണ്ടയിട്ടാൽ സാൽമൺ കിട്ടുന്ന കുളം.. ആഹാ, ആ വഴിയൊന്ന് പോകണമല്ലോ 😄
ഏതായാലും കെല്ലിക്ക് പറ്റിയ സ്ഥലം തന്നെ..
തീർച്ചയായും തീർച്ചയായും... ഇതാണ് നമ്മുടെ അടുത്ത നായിക...
Deleteപുതിയ നായികയെവിടെ നായികയെവിടെ എന്ന് ചോദിച്ചുകൊണ്ടിരുന്ന ഒരുത്തനേം കാണാനില്ല ഇപ്പോൾ...🙄
ഈ ഇത്തിരി പൊടിക്കൊച്ച് ആണോ vinuettaa നിങ്ങളുടെ പുതിയ നായിക ?? കെല്ലിക്ക് മകളെ പോലെ സംരക്ഷിക്കാൻ ഒരാളായി അത്ര തന്നെ...
Deleteഅങ്ങനെ നമ്മുടെ ഹീറോ യാത്ര തുടരുന്നു.. മറെ വല്യ താമസം ഇല്ലാതെ വാങ്ങിച്ചു കൂട്ടും
ഓ, ഒന്ന് പോ ഉണ്ടാപ്രീ... നോർഫോക്കിൽ വച്ച് ഡെവ്‌ലിൻ നമ്മുടെ മോളി പ്രിയോറിനെ കണ്ടുമുട്ടുമ്പോൾ എത്രയായിരുന്നു അവളുടെ പ്രായം...? വെറും പതിനേഴ് വയസ്സ്... എന്നിട്ടാണ്... ജിമ്മൻ പറഞ്ഞത് കേട്ടില്ലേ, 16 വയസ്സ് എന്നൊക്കെ പറഞ്ഞാൽ UK യിൽ വളരെ പ്രാധാന്യമുണ്ടെന്ന്...?
Delete"നമുക്ക് സുഹൃത്തുക്കളെ തെരഞ്ഞെടുക്കാനാവും… എന്നാൽ ബന്ധുക്കളെ തെരഞ്ഞെടുക്കാനാവില്ല… അത് നമ്മുടെ അനുവാദമില്ലാതെ തന്നെ സംഭവിക്കുന്നതാണ്…”
ReplyDeleteസത്യം!
പരമസത്യം...
Deleteരക്ഷപ്പെടുത്താൻ നമ്മുടെ ഹീറോ ഉണ്ടല്ലോ ഇവിടെയും
ReplyDeleteവില്ലൻ ഇപ്പോൾ ഹീറോ ആയി അല്ലേ സുകന്യാജീ... ങ്ഹും...
Deleteശെടാ ബാല പീഡനം... ഇനി ഇതും കൂടിയേ കെല്ലി ചെയ്യാൻ ബാക്കിയുള്ളൂ
ReplyDeleteശ്ശേ... കെല്ലി അത്രയ്ക്കങ്ങ് ചീപ്പാവുമോ...?
Delete