Saturday, July 20, 2024

കൺഫെഷണൽ – 75


ആറു മണിയായിരിക്കുന്നു. പെയ്യാൻ വിങ്ങി നിൽക്കുന്ന വാനം. ആകെപ്പാടെ ഒരു നരച്ച പ്രഭാതം. ഹൈഗേറ്റിലെ സെന്റ് ജോസഫ് കാത്തലിക്ക് സെമിത്തേരിയുടെ കവാടത്തിലൂടെ സൂസൻ കാൾഡർ തന്റെ കാർ ഉള്ളിലേക്കെടുത്തു. വളരെ ശോചനീയമായിരുന്നു ആ സെമിത്തേരിയുടെ അവസ്ഥ. ഗോഥിക് ശൈലിയിലുള്ള ധാരാളം സ്മാരകശിലകൾ ആ സെമിത്തേരിയുടെ പൂർവ്വകാല പ്രതാപം വെളിവാക്കുന്നുവെങ്കിലും അനാസ്ഥയുടെ പ്രതീകമെന്നോണം കാടുപിടിച്ച് പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ.

 

യൂണിഫോമിൽ ആയിരുന്നില്ല അവൾ. നീലനിറത്തിലുള്ള കോട്ടും ലെതർ ബൂട്ട്സും കടുംനിറത്തിലുള്ള ഒരു സ്കാർഫുമാണ് അവളുടെ വേഷം. സൂപ്രണ്ടിന്റെ ലോഡ്ജിന് സമീപം കാർ നിർത്തിയ അവൾ കണ്ടത് ഒരു ടാക്സിയുടെ സമീപം നിൽക്കുന്ന ഡെവ്‌ലിനെയാണ്. പതിവ് വേഷമായ ബർബെറി ട്രെഞ്ച്കോട്ടും കറുത്ത ഫെൽറ്റ് ഹാറ്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. വെടിയേറ്റ വലതുകൈയിൽ സ്ലിങ്ങ് ഇട്ടിരിക്കുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയ അവളുടെ അടുത്തേക്ക് അദ്ദേഹം നടന്നെത്തി.

 

“സോറി, ട്രാഫിക്കിൽ പെട്ട് അല്പം വൈകി” അവൾ പറഞ്ഞു. “ചടങ്ങുകൾ ആരംഭിച്ചുവോ?”

 

“യെസ്” അദ്ദേഹം പുഞ്ചിരിച്ചു. “ഒരു പക്ഷേ, ഹാരി ഇതിനെ അഭിനന്ദിച്ചേനെ ഒരു രണ്ടാംകിട ചലച്ചിത്രത്തിലെന്ന പോലെ ഇപ്പോഴിതാ മഴയും കൂടി ആയപ്പോൾ എല്ലാം ഒത്തു” പൊടുന്നനെ കോരിച്ചൊരിയാൻ തുടങ്ങിയ മഴയെ നോക്കി അദ്ദേഹം പറഞ്ഞു.

 

ടാക്സി ഡ്രൈവറോട് വെയ്റ്റ് ചെയ്യുവാൻ പറഞ്ഞിട്ട് സ്മാരകശിലകൾക്കിടയിലെ പാതയിലൂടെ അവളെയും കൂട്ടി അദ്ദേഹം മുന്നോട്ട് നടന്നു. “അത്ര നല്ല സെമിത്തേരി എന്ന് പറയാനാവില്ല” അവൾ അഭിപ്രായപ്പെട്ടു.

 

“പബ്ലിസിറ്റി കൊടുക്കാതെ ദൂരെയെവിടെയെങ്കിലും അടക്കുവാനാണ് അവർ തീരുമാനിച്ചത്” ഇടതുകൈ കൊണ്ട് ഒരു സിഗരറ്റെടുത്ത് അദ്ദേഹം തീ കൊളുത്തി. “ഫെർഗൂസനും ആഭ്യന്തര വകുപ്പിലെ ഉന്നതരും നിങ്ങൾക്ക് ഒരു ഗാലൻട്രി അവാർഡ് നൽകുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു

 

“മെഡൽ ആയിരിക്കും?” അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട അനിഷ്ടം തികച്ചും യഥാർത്ഥമായിരുന്നു. “അത് അവർ തന്നെ കൈയിൽ വച്ചോട്ടെ പോപ്പിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ അതിനർത്ഥം അയാളെ കൊല്ലുവാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നുവെന്നല്ല

 

“എന്തായാലും അവാർഡൊന്നും നൽകേണ്ടതില്ല എന്നതാണ് അവരുടെ അന്തിമ തീരുമാനം. പൊതുസമൂഹത്തിൽ ഈ സംഭവം ഒരു ചർച്ചാവിഷയമാകും എന്നത് തന്നെ കാരണം. പലയിടത്തും വിശദീകരണങ്ങൾ നൽകേണ്ടി വരും. തൃപ്തികരമായ ഒരു വിശദീകരണം അവരുടെ പക്കൽ ഇല്ല താനും കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും KGB യുടെ മേൽ ആരോപിക്കപ്പെടുകയും ചെയ്യുമായിരുന്നു

 

ഹാരി ക്യുസെയ്ന് വേണ്ടി തയ്യാറാക്കിയ കുഴിയുടെ അല്പമകലെ ഒരു മരത്തിന് ചുവട്ടിൽ അവർ നടത്തം നിർത്തി. രണ്ട് കുഴിവെട്ടികളും ഒരു വൈദികനും കറുത്ത കോട്ട് ധരിച്ച ഒരു സ്ത്രീയും പിന്നെ ഒരു പെൺകുട്ടിയും ആ കുഴിയുടെ സമീപം നിൽക്കുന്നുണ്ടായിരുന്നു.

 

“താന്യാ വൊറോണിനോവയാണോ അത്?” സൂസൻ ചോദിച്ചു.

 

“അതെ ഒപ്പമുള്ള ആ പെൺകുട്ടിയാണ് മൊറാഗ് ഫിൻലേ” ഡെവ്‌ലിൻ പറഞ്ഞു. “ഹാരി ക്യുസെയ്ന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകൾ അയാളുടെ അന്ത്യവിശ്രമത്തിന് സാക്ഷ്യം വഹിക്കുവാൻ അവർ മൂവരും ഒത്തുചേർന്നിരിക്കുന്നു ഒന്നാമത്തെയാൾ താന്യ അന്നത്തെ ആ കൊച്ചുപെൺകുട്ടിയെ ശരിയ്ക്ക് മനസ്സിലാക്കുന്നതിൽ അയാൾ പരാജയപ്പെട്ടു രണ്ടാമത്, തന്റെ ദുരവസ്ഥയിലും അയാൾ രക്ഷപെടുത്തിക്കൊണ്ടുവന്ന  പെൺകുട്ടി മൊറാഗ് ഫിൻലേ പരസ്പര വൈരുദ്ധ്യമായി എനിക്ക് തോന്നുന്നു ഹാരി എന്ന വിമോചകൻ

 

“മൂന്നാമതായി ഞാനും” അവൾ പറഞ്ഞു. “അയാളുടെ ജീവനെടുത്തവൾ ഒരിക്കൽപ്പോലും അയാളെ കണ്ടിട്ടില്ലാത്തവൾ

 

“ഒരിക്കൽ മാത്രം” ഡെവ്‌ലിൻ പറഞ്ഞു. “അതു തന്നെ ധാരാളമായിരുന്നു വിചിത്രം അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ മൂവരും സ്ത്രീകളായിരുന്നു അവർ തന്നെയാണ് ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അയാളുടെ മരണത്തിന് കാരണമായി മാറിയതും

 

കുഴിയിലും ശവപ്പെട്ടിയുടെ മുകളിലും പരിശുദ്ധജലം തളിച്ചതിന് ശേഷം ആ വൈദികൻ കുന്തിരിക്കം പുകച്ചു. ഉച്ചത്തിൽ കരയുവാൻ തുടങ്ങിയ മൊറാഗിനെ താന്യാ വൊറോണിനോവ തന്നോട് ചേർത്തു പിടിച്ചു. ആ വൈദികന്റെ കണ്ഠത്തിൽ നിന്നും പ്രാർത്ഥനാഗാനം ഉയർന്നു. ലോർഡ് ജീസസ് ക്രൈസ്റ്റ്, സേവിയർ ഓഫ് ദി വേൾഡ്, വീ കമെൻഡ് യുവർ സെർവന്റ് റ്റു യൂ ആൻഡ് പ്രേ ഫോർ ഹിം

 

“പാവം ഹാരി” ഡെവ്‌ലിൻ മന്ത്രിച്ചു. “അവസാന നാടകത്തിന്റെ തിരശീല വീഴുന്നു എന്നിട്ടും അയാൾക്കൊരു നിറഞ്ഞ സദസ്സ് ലഭിച്ചില്ല

 

അദ്ദേഹം അവളുടെ കരം തന്റെ കൈയിലെടുത്തു. ഒരു വട്ടം കൂടി അങ്ങോട്ട് നോക്കിയിട്ട് കോരിച്ചൊരിയുന്ന മഴയത്ത് ഇരുവരും തിരിഞ്ഞു നടന്നു.

 

(അവസാനിച്ചു)


അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ചാരപ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഉദ്വേഗജനകമായ മറ്റൊരു ജാക്ക് ഹിഗ്ഗിൻസ് നോവൽ അടുത്തയാഴ്ച്ച മുതൽ ആരംഭിക്കുകയാണ്... കോൾഡ് ഹാർബർ

 

കഴിഞ്ഞ എട്ട് നോവലുകളിലും എന്നോടൊപ്പം സഞ്ചരിച്ച് പ്രോത്സാഹനം ചൊരിഞ്ഞ എല്ലാ പ്രിയവായനക്കാരുടെയും പിന്തുണ ഇനിയങ്ങോട്ടും പ്രതീക്ഷിക്കുന്നു


Wednesday, July 17, 2024

കൺഫെഷണൽ – 74

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അമിത വേഗതയിൽ എത്തിയ കാർ വീശിയെടുത്ത് സൂസൻ കാൾഡർ സ്റ്റോക്‌ലി ഹാളിന്റെ പടിക്കെട്ടുകൾക്ക് മുന്നിൽ ചവിട്ടി നിർത്തി. ചാടിയിറങ്ങിയ ഡെവ്‌ലിന് പിന്നാലെ അവളും പുറത്തിറങ്ങി. മുന്നോട്ട് വന്ന പൊലീസ് സർജന്റിനെ അദ്ദേഹം തന്റെ സെക്യൂരിറ്റി പാസ് കാണിച്ചു.

 

“അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നോ? സംശയാസ്പദമായ ആരെങ്കിലും ഉള്ളിലേക്ക് പോയോ?” ഡെവ്‌ലിൻ അയാളോട് ചോദിച്ചു.

 

“ഇല്ല സർ പോപ്പ് എത്തുന്നതിന് മുമ്പ് തന്നെ സന്ദർശകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു അല്പം മുമ്പ് രണ്ട് കന്യാസ്ത്രീകളും ഒരു വൈദികനും ഉള്ളിലേക്ക് പോയിട്ടുണ്ട്

 

ഡെവ്‌ലിൻ പടിക്കെട്ടുകൾ ഓടിക്കയറി സെക്യൂരിറ്റി ഗാർഡുകളുടെ സമീപത്തു കൂടി ഉള്ളിലെത്തി. തൊട്ടു പിറകെ സൂസനും. ഒരു നിമിഷം അവിടെ നിന്ന് അദ്ദേഹം ചുറ്റുമൊന്ന് വീക്ഷിച്ചു. വലതുഭാഗത്തുള്ള സ്വീകരണമുറിയുടെ വാതിൽക്കൽ രണ്ട് കന്യാസ്ത്രീകൾ നിൽക്കുന്നുണ്ട്. ഒരു വൈദികനും കൂടിയുണ്ടെന്നാണല്ലോ ആ സെർജന്റ് പറഞ്ഞത്

 

അദ്ദേഹം ആ കന്യാസ്ത്രീകളുടെ അടുത്തേക്ക് ചെന്നു. “ഹലോ സിസ്റ്റേഴ്സ്, നിങ്ങൾ ഇപ്പോൾ എത്തിയതേയുള്ളോ?”

 

അവർക്കപ്പുറം സ്വീകരണമുറിയിൽ അതിഥികൾ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. വെയ്റ്റർമാർ അവർക്കിടയിലൂടെ തലങ്ങും വിലങ്ങും നീങ്ങിക്കൊണ്ടിരിക്കുന്നു.

 

“അതെ” സിസ്റ്റർ അഗത പറഞ്ഞു.

 

“നിങ്ങളോടൊപ്പം ഒരു വൈദികനും ഉണ്ടായിരുന്നോ?”

 

“ഓ, യെസ് ഡബ്ലിനിൽ നിന്നുള്ള ഒരു ഫാദർ നല്ലൊരു മനുഷ്യൻ

 

ഡെവ്‌ലിന്റെ ഉള്ളൊന്ന് കത്തി. “വേർ ഈസ് ഹീ?”

 

“പോപ്പിനുള്ള ഒരു സന്ദേശം തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു കാന്റർബറിയിൽ നിന്നുള്ള സന്ദേശം പരിശുദ്ധ പിതാവ് ചാപ്പലിനുള്ളിലാണെന്ന് ഞാൻ പറഞ്ഞു അവിടെ വാതിൽക്കൽ നിൽക്കുന്ന മോൺസിഞ്ഞോറിന്റെ അടുത്ത് ചോദിക്കാനായി അങ്ങോട്ട് പോയി” സിസ്റ്റർ അഗത അദ്ദേഹത്തെയും കൊണ്ട് ഹാളിലൂടെ അങ്ങോട്ട് നീങ്ങി. “ഓഹ്, അദ്ദേഹത്തെ അവിടെ കാണാനില്ലല്ലോ

 

നീട്ടിപ്പിടിച്ച വാൾട്ടറുമായി ഓടിച്ചെന്ന ഡെവ്‌ലിൻ ആ വാതിൽ തള്ളിത്തുറന്നു. അവിടെ നിലത്ത് കിടന്നിരുന്ന മോൺസിഞ്ഞോറിന്റെ ദേഹത്ത് തട്ടി അദ്ദേഹം മുന്നോട്ട് വീഴാൻ പോയി. തന്റെ തൊട്ടു പിന്നിൽ സൂസൻ കാൾഡർ ഉള്ള കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ആ നിമിഷമാണ് ഞെട്ടിക്കുന്ന ആ കാഴ്ച്ച അദ്ദേഹം കണ്ടത്. ടണലിന്റെ മറുഭാഗത്തെ പടികൾ കയറി ഓക്ക് വാതിലിന്റെ ഹാൻഡിലിൽ പിടിക്കാനായി തുനിയുന്ന കറുത്ത ളോഹ ധരിച്ച ഒരു വൈദികൻ!

 

“ഹാരീ!” ഡെവ്‌ലിൻ ഉച്ചത്തിൽ വിളിച്ചു.

 

പൊടുന്നനെ തിരിഞ്ഞ ക്യുസെയ്ൻ ഒരു മാത്ര പോലും സംശയിച്ച് നിൽക്കാതെ വെടിയുതിർത്തു. ഡെവ്‌ലിന്റെ വലതുകൈമുട്ടിന് മുകൾഭാഗത്തായിട്ടാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. പിറകോട്ട് തെറിച്ച് ചുമരിൽ ഇടിച്ച് വീണ അദ്ദേഹത്തിന്റെ കൈയിൽ നിന്നും വാൾട്ടർ താഴെ വീണു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയ സൂസൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു.

 

വലതുകൈയിൽ നീട്ടിപ്പിടിച്ച സ്റ്റെച്ച്കിനുമായി ക്യുസെയ്ൻ അവിടെത്തന്നെ നിന്നു. പക്ഷേ, വീണ്ടും വെടിയുതിർക്കാൻ അയാൾ തുനിഞ്ഞില്ല. പകരം, വന്യമായ ഒരു പുഞ്ചിരി ആ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

 

“സ്റ്റേ ഔട്ട് ഓഫ് ഇറ്റ്, ലിയാം” അയാൾ വിളിച്ചു പറഞ്ഞു. “ഇതെന്റെ അവസാന നാടകമാണ്!” ക്യുസെയ്ൻ തിരിഞ്ഞ് ചാപ്പലിന്റെ വാതിൽ തുറന്നു.

 

ഞെട്ടലിൽ നിന്നും മോചിതനായിരുന്നില്ല ഡെവ്‌ലിൻ. ഇടതു കൈ കൊണ്ട് വാൾട്ടർ എടുക്കാനായി ശ്രമിച്ചെങ്കിലും എഴുന്നേൽക്കാൻ ശ്രമിക്കവെ അത് കൈയിൽ നിന്ന് താഴെ വീണു. അദ്ദേഹം ആ യുവതിയുടെ നേർക്ക് തലയുയർത്തി.

 

“ടേക്ക് ഇറ്റ്! സ്റ്റോപ്പ് ഹിം! ഇറ്റ്സ് അപ് റ്റു യൂ നൗ!” ഡെവ്‌ലിൻ അലറി.

 

ട്രെയിനിങ്ങ് സമയത്ത് ഒന്നോ രണ്ടോ മണിക്കൂർ അടിസ്ഥാന പരിശീലനം ലഭിച്ചതൊഴിച്ചാൽ തോക്കുകളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു അവൾക്ക്. ഒരു നിശ്ചിത റേഞ്ചിൽ റിവോൾവർ കൊണ്ട് ഏതാനും റൗണ്ട് ഫയറിങ്ങ് മാത്രമായിരുന്നു അവൾ ചെയ്തിട്ടുള്ളത്. രണ്ടാമതൊന്ന് ആലോചിക്കാതെ നിലത്ത് നിന്നും വാൾട്ടർ കൈയിലെടുത്ത അവൾ ആ ടണലിലൂടെ ചാപ്പലിന്റെ വാതിൽ ലക്ഷ്യമാക്കി കുതിച്ചു. നിലത്തു നിന്നും എഴുന്നേറ്റ ഡെവ്‌ലിനും അവളെ അനുഗമിച്ചു.

 

                                                          ***

 

നൂറ്റാണ്ടുകളുടെ പ്രാർത്ഥനയിലൂടെ പരിപാവനമാക്കപ്പെട്ട ആ പരിശുദ്ധ ദീപം മാത്രമായിരുന്നു ചാപ്പലിനുള്ളിൽ വെട്ടം പകരുവാൻ ഉണ്ടായിരുന്നത്. ആ വെട്ടത്തിൽ നിന്നും ഉത്ഭവിച്ച നിഴലുകൾ അവിടെങ്ങും നിറഞ്ഞു നിന്നു. തൂവെള്ള നിറത്തിലുള്ള ളോഹ ധരിച്ച പരിശുദ്ധ പിതാവ് പോപ്പ് ജോൺ പോൾ രണ്ടാമൻ ലാളിത്യമാർന്ന ആ അൾത്താരയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുകയാണ്. സൈലൻസർ ഘടിപ്പിച്ച സ്റ്റെച്ച്കിനിൽ നിന്നും നിറയൊഴിഞ്ഞതിന്റെ പതിഞ്ഞ ശബ്ദം വാതിലിന് വെളിയിൽ നിന്നും ഉയർന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എങ്കിലും ആരുടെയോ ഉച്ചത്തിലുള്ള നിലവിളി അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുക തന്നെ ചെയ്തു. ചാടിയെഴുന്നേറ്റ് തിരിഞ്ഞ അദ്ദേഹം കണ്ടത് വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന ഹാരി ക്യുസെയ്നെയാണ്.

 

വിയർപ്പ് പൊടിയുന്ന മുഖത്തോടെ, കൈയിൽ സ്റ്റെച്ച്കിനുമായി കറുത്ത ളോഹ ധരിച്ച അയാൾ തന്റെ മുന്നിൽ നിൽക്കുന്ന പരിശുദ്ധ പിതാവിനെയും നോക്കിക്കൊണ്ട് നിന്നു.

 

“നിങ്ങളല്ലേ ഫാദർ ഹാരി ക്യുസെയ്ൻ?” ശാന്തസ്വരത്തിൽ ജോൺ പോൾ മാർപ്പാപ്പ ചോദിച്ചു.

 

“താങ്കൾക്ക് തെറ്റു പറ്റിയിരിക്കുന്നു ഞാൻ മിഖായേൽ കെല്ലി” ക്യുസെയ്ൻ വന്യമായി പൊട്ടിച്ചിരിച്ചു. “ഏത് വേഷവും ചേരുന്നവൻ

 

“അല്ല, നിങ്ങൾ തന്നെയാണ് ഫാദർ ഹാരി ക്യുസെയ്ൻ” കർക്കശ സ്വരത്തിൽ പോപ്പ് പറഞ്ഞു. “ഇന്നലെകളിലും വൈദികൻ, ഇന്നും വൈദികൻ, ഇനിയും വൈദികൻ തന്നെയായിരിക്കുകയും ചെയ്യും ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല

 

“നോ!” ക്യുസെയ്ൻ അലറി. “ഞാനത് നിരസിക്കുന്നു!”

 

അയാളുടെ കൈയിലെ സ്റ്റെച്ച്കിൻ പോപ്പിന് നേർക്ക് ഉയർന്നു. അതേ നിമിഷമാണ് തുറന്നു കിടന്ന വാതിലിലൂടെ ഇരുകൈകളാൽ കൂട്ടിപ്പിടിച്ച വാൾട്ടറുമായി സൂസൻ കാൾഡർ കുതിച്ചെത്തി നിലത്ത് മുട്ടുകുത്തി നിരങ്ങി നിന്നത്. അവളുടെ പിസ്റ്റളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി രണ്ടു തവണ വെടിയുതിർന്നു. ക്യുസെയ്ന്റെ പിന്നിലേറ്റ ആ വെടിയുണ്ടകൾ അയാളുടെ നട്ടെല്ല് തകർത്തുകളഞ്ഞു. വേദനയാൽ അലറിവിളിച്ചു കൊണ്ട് അയാൾ മുട്ടുകുത്തി മുന്നോട്ട് വീണു. ഒരു നിമിഷം അങ്ങനെ തന്നെ നിന്ന ക്യുസെയ്ൻ പതുക്കെ പിറകോട്ട് മലർന്നു വീണു. അപ്പോഴും അയാൾ സ്റ്റെച്ച്കിനിൽ നിന്നും പിടി വിട്ടിരുന്നില്ല.

 

അപ്പോഴും മുട്ടിന്മേൽ നിൽക്കുകയായിരുന്ന സൂസൻ പിസ്റ്റൾ താഴ്ത്തി. ക്യുസെയ്ന്റെ കൈയിൽ നിന്നും സൗമ്യമായി സ്റ്റെച്ച്കിൻ പിടിച്ചു വാങ്ങുന്ന പോപ്പിനെ അവൾ നോക്കി നിന്നു.

 

പോപ്പ് ഇംഗ്ലീഷിൽ ക്യുസെയ്നോട് പറയുന്നത് അവൾ കേട്ടു. “നിങ്ങൾക്ക് പശ്ചാത്തപിക്കാനുള്ള സമയമായിരിക്കുന്നു ഞാൻ പറയുന്നത് പോലെ പറയൂ : ഓ മൈ ഗോഡ്, ഹൂ ആർട് ഇൻഫിനിറ്റ്‌ലി ഗുഡ് ഇൻ ദൈസെൽഫ്

 

“ഓ മൈ ഗോഡ്.” അത്ര മാത്രമേ ക്യുസെയ്ന് ഉച്ചരിക്കാനായുള്ളൂ. അയാൾ മരണത്തിന് കീഴടങ്ങി.

 

അയാളുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയ പോപ്പ് കൈകൾ കോർത്തു പിടിച്ച് പ്രാർത്ഥിക്കുവാനാരംഭിച്ചു.

 

സൂസന് പിന്നാലെ അവിടെയെത്തിയ ഡെവ്‌ലിൻ ചുമരിൽ ചാരി നിലത്തിരുന്നു. കൈയിലെ മുറിവ് പൊത്തിപ്പിടിച്ചിരുന്ന അദ്ദേഹത്തിന്റെ വിരലുകളിൽ രക്തം പുരണ്ടിരുന്നു. പിസ്റ്റൾ താഴെയിട്ടിട്ട് ഡെവ്‌ലിന്റെ അരികിലെത്തിയ അവൾ അല്പം ചൂടിന് വേണ്ടിയെന്ന പോലെ അദ്ദേഹത്തോട് ചേർന്നിരുന്നു.

 

“എപ്പോഴും ഇങ്ങനെയാണോ അനുഭവപ്പെടുക? ഡെർട്ടി ആൻഡ് എഷെയിംഡ്?” സ്വയം വെറുപ്പ് തോന്നിയത് പോലെ അവൾ ചോദിച്ചു.

 

“ജോയ്ൻ ദി ക്ലബ്, ഗേൾ ഡിയർ” അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Sunday, July 14, 2024

കൺഫെഷണൽ – 73

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ക്യുസെയ്ൻ കാറിനരികിൽ നിന്നും തിരികെ വന്നപ്പോൾ മെയിൻ റോഡ് വിജനമായിരുന്നു. റോഡ് ക്രോസ് ചെയ്ത് മരങ്ങളുടെ മറവ് പറ്റി സ്റ്റോക്‌ലി ഹാളിന്റെ കോമ്പൗണ്ട് വാളിന് അരിക് ചേർന്ന് അയാൾ നീങ്ങി. പഴക്കം ചെന്ന ഒരു ഇടുങ്ങിയ ഇരുമ്പ് ഗേറ്റിന് സമീപമെത്തിയ ക്യുസെയ്ൻ അത് തുറക്കാൻ പറ്റുമോയെന്ന് ശ്രമിച്ചു നോക്കവെയാണ് മതിലിനപ്പുറത്തു നിന്നും ആരോ രണ്ടുപേർ സംസാരിക്കുന്ന സ്വരം കേട്ടത്. ഒരു മരത്തിന്റെ മറവിലേക്ക് മാറി നിന്ന് അയാൾ ശ്രദ്ധിച്ചു. ആ ഗേറ്റിന്റെ ഇരുമ്പഴികൾക്കുള്ളിലൂടെ ഇരുവശത്തും റോഡോഡെൻഡ്രൺ ചെടികൾ അതിരിടുന്ന ഒരു നടപ്പാത അയാൾക്ക് കാണാനായി. ഒരു നിമിഷം കഴിഞ്ഞതും രണ്ട് കന്യാസ്ത്രീകൾ ആ വഴി നടന്നു വന്നു.

 

അവർ അല്പം മുന്നോട്ട് പോകുന്നത് വരെ കാത്തു നിന്നിട്ട് അയാൾ തിരിഞ്ഞു നടന്നു. തറനിരപ്പ് ഏതാണ്ട് മതിലിനോട് ഒപ്പം ഉയർന്ന് നിൽക്കുന്ന ഭാഗത്തെ മരച്ചുവട്ടിൽ എത്തിയതും അയാൾ നിന്നു. മതിലിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന മരച്ചില്ലയിൽ എത്തിപ്പിടിക്കാൻ ക്യുസെയ്ൻ ഒരു ശ്രമം നടത്തി. തന്റെ ഭുജത്തിൽ വെടിയേറ്റില്ലായിരുന്നുവെങ്കിൽ എത്ര എളുപ്പം ഈ മതിൽ ചാടിക്കടക്കാനാവുമായിരുന്നു. അസഹനീയമായ വേദനയെ അവഗണിച്ച് അയാൾ ളോഹയുടെ അടിഭാഗം ഉയർത്തി കുത്തി മരച്ചില്ലയിൽ പിടിച്ച് തൂങ്ങി മതിലിന് മുകളിൽ കയറി. ഒരു നിമിഷം അവിടെ ഇരുന്നിട്ട് അയാൾ അപ്പുറത്തെ കോമ്പൗണ്ടിലേക്ക് പതുക്കെ ചാടി.

 

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ട അയാൾ അല്പനേരം മുട്ടുകുത്തി അവിടെത്തന്നെയിരുന്നു. പിന്നെ സാവധാനം എഴുന്നേറ്റ് ഒരു കൈകൊണ്ട് തന്റെ തലമുടി പിറകോട്ട് ഒതുക്കി. അല്പം മുന്നിലായി ആ കന്യാസ്ത്രീകളുടെ സംസാരം കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. തിടുക്കത്തിൽ അങ്ങോട്ട് നടന്ന ക്യുസെയ്ൻ കല്ലുകൊണ്ടുണ്ടാക്കിയ ഒരു പഴയ ജലധാരയുടെ സമീപത്തെ വളവ് തിരിഞ്ഞതും അവർക്കൊപ്പമെത്തി. കാലടിശബ്ദം കേട്ട അവർ പെട്ടെന്ന് തിരിഞ്ഞു നോക്കി. അവരിൽ ഒരാൾ വൃദ്ധയും മറ്റേയാൾ ചെറുപ്പക്കാരിയുമായിരുന്നു.

 

“ഗുഡ് മോണിങ്ങ് സിസ്റ്റേഴ്സ്” അയാൾ പ്രസന്നതയോടെ പറഞ്ഞു. “മനോഹരമായിരിക്കുന്നു ഈ സ്ഥലം, അല്ലേ? ഒന്ന് ചുറ്റിനടന്ന് കാണാതിരിക്കാനായില്ല എനിക്ക്

 

“ഞങ്ങൾക്കും, ഫാദർ” വയസ്സായ കന്യാസ്ത്രീ പറഞ്ഞു.

 

ഒരുമിച്ച് മുന്നോട്ട് നടന്ന അവർ ചെടികൾക്കിടയിൽ നിന്നും വിശാലമായ ഒരു മൈതാനത്തിലേക്ക് കടന്നു. ഏതാനും വാര വലതുഭാഗത്തായി പാർക്ക് ചെയ്തിരിക്കുന്ന ഹെലികോപ്ടറിനരികിൽ അതിന്റെ ക്രൂ വിശ്രമിക്കുന്നു. ആ രമ്യഹർമ്മ്യത്തിന് മുന്നിൽ ഏതാനും ലിമോസിനുകളും രണ്ട് പൊലീസ് കാറുകളും കിടക്കുന്നുണ്ട്. ഒരു അൾസേഷ്യൻ നായയുമായി ആ മൈതാനം താണ്ടിവന്ന രണ്ട് പൊലീസുകാർ ക്യുസെയ്ന്റെയും കന്യാസ്ത്രീകളുടെയും അരികിലൂടെ ഒന്നും ഉരിയാടാതെ കടന്നു പോയി.

 

“താങ്കൾ കാന്റർബറിയിൽ നിന്നുമാണോ വരുന്നത്, ഫാദർ?” വൃദ്ധയായ കന്യാസ്ത്രീ ചോദിച്ചു.

 

“അല്ല സിസ്റ്റർ …………?” അയാൾ ചോദ്യരൂപേണ അവരെ നോക്കി.

 

“ഞാൻ അഗത ഇത് സിസ്റ്റർ ആൻ

 

“ഞാൻ ഡബ്ലിനിലെ സെക്രട്ടേറിയറ്റിൽ നിന്നുമാണ് പരിശുദ്ധ പിതാവിനെ സന്ധിക്കുവാനുള്ള ക്ഷണം ലഭിക്കുക എന്നത് തന്നെ ഒരു അനുഗ്രഹമാണ് അദ്ദേഹത്തിന്റെ ഐറിഷ് ട്രിപ്പിന്റെ സമയത്ത് എനിക്ക് കാണുവാൻ സാധിച്ചിരുന്നില്ല

 

                                                ***

 

മെയിൻ റോഡിൽ നിന്നും സ്റ്റോക്‌ലി ഹാളിന്റെ പ്രധാന കവാടത്തിന് മുന്നിലേക്ക് തിരിഞ്ഞ് സൂസൻ കാൾഡർ കാർ നിർത്തി. മുന്നോട്ട് വന്ന രണ്ട് പൊലീസുകാരെ ഡെവ്‌ലിൻ തന്റെ സെക്യൂരിറ്റി പാസ് കാണിച്ചു. “കഴിഞ്ഞ പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ ആരെങ്കിലും ഇതിലേ ഉള്ളിലേക്ക് പോയിരുന്നോ?” അദ്ദേഹം ചോദിച്ചു.

 

“ഇല്ല സർ” പൊലീസ് ഓഫീസർമാരിൽ ഒരുവൻ പറഞ്ഞു. “പക്ഷേ, ഹെലികോപ്ടർ ലാൻഡ് ചെയ്യുന്നതിന് മുമ്പ് അതിഥികളുടെ കുത്തൊഴുക്കായിരുന്നു

 

“വണ്ടിയെടുക്കൂ, പെട്ടെന്ന്!” ഡെവ്‌ലിൻ പറഞ്ഞു.

 

“സാമാന്യം നല്ല സ്പീഡിൽത്തന്നെ സൂസൻ കാർ മുന്നോട്ടെടുത്തു. “എന്താണ് താങ്കളുടെ മനസ്സിൽ, സർ?”

 

“അയാൾ ഇവിടെത്തന്നെയുണ്ട്!” ഡെവ്‌ലിൻ പറഞ്ഞു. “വേണമെങ്കിൽ എന്റെ ജീവൻ പണയം വയ്ക്കാം അക്കാര്യത്തിൽ

 

                                               ***

 

“പരിശുദ്ധ പിതാവിനെ താങ്കൾ സന്ധിച്ചിരുന്നോ ഫാദർ?” സിസ്റ്റർ ആൻ ചോദിച്ചു.

 

“ഇല്ല അദ്ദേഹത്തിനുള്ള ഒരു സന്ദേശവുമായി കാന്റർബറിയിൽ നിന്ന് ഇപ്പോൾ എത്തിയതേയുള്ളൂ ഞാൻ

 

ചരൽ വിരിച്ച അങ്കണത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കരികിൽ നിൽക്കുന്ന പൊലീസുകാരുടെ സമീപത്തു കൂടി അവർ സ്റ്റോക്‌ലി ഹാളിന്റെ പടവുകൾ കയറി. യൂണിഫോം ധരിച്ച രണ്ട് സെക്യൂരിറ്റി ഗാർഡുകൾ കാവൽ നിൽക്കുന്ന വലിയ ഓക്ക് വാതിലിനുള്ളിലൂടെ മൂവരും ഉള്ളിൽ പ്രവേശിച്ചു. വളരെ വിശാലമായ ആ ഹാളിന്റെ നടുവിലുള്ള സ്റ്റെയർകെയ്സ് ഒന്നാം നിലയുടെ ലാന്റിങ്ങിലേക്ക് എത്തുന്നു. അതിന്റെ വലതുഭാഗത്ത് തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തെ വലിയ സ്വീകരണമുറി ദൃശ്യമാണ്. അതിനുള്ളിൽ തിങ്ങി നിറഞ്ഞിരിക്കുന്ന സന്ദർശകരിൽ ഭൂരിഭാഗവും സഭയുടെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നവരാണ്.

 

ക്യുസെയ്നും ആ രണ്ടു കന്യാസ്ത്രീകളും കൂടി അങ്ങോട്ട് നടന്നു. “പ്രസിദ്ധമായ സ്റ്റോക്‌ലി ചാപ്പൽ എവിടെയാണ്? ഞാൻ ഇതുവരെ കണ്ടിട്ടില്ല” അയാൾ പറഞ്ഞു.

 

“ഓ, വളരെ മനോഹരമാണത്” സിസ്റ്റർ അഗത പറഞ്ഞു. “എത്രയോ വർഷങ്ങളായി ആരാധന നടക്കുന്നയിടം താഴെ ഹാളിൽ നിന്നാണ് അങ്ങോട്ടുള്ള ടണലിന്റെ പ്രവേശന കവാടം അതാ അവിടെ ആ മോൺസിഞ്ഞോർ നിൽക്കുന്നത് കണ്ടോ…?” (മോൺസിഞ്ഞോർ* - റോമൻ കത്തോലിക്കാ ദേവാലയത്തിലെ മുതിർന്ന പുരോഹിതനെ ബഹുമാനപൂർവ്വം വിളിക്കുന്ന പദം)

 

സ്വീകരണമുറിയുടെ വാതിൽക്കൽ എത്തിയതും ക്യുസെയ്ൻ പറഞ്ഞു. “എനിക്ക് ചാപ്പലിലേക്ക് ഒന്ന് പോകണംഇവിടുത്തെ സ്വീകരണ ചടങ്ങിലേക്ക് എത്തുന്നതിന് മുമ്പ്, ഞാൻ കൊണ്ടുവന്ന സന്ദേശം പരിശുദ്ധ പിതാവിന് കൊടുക്കാൻ സാധിച്ചേക്കും

 

“എങ്കിൽ ഞങ്ങളിവിടെ കാത്തു നിൽക്കാം ഫാദർ” സിസ്റ്റർ അഗത പറഞ്ഞു. “താങ്കൾ വന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം സ്വീകരണമുറിയിലേക്ക്

 

“തീർച്ചയായും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചെത്താം

 

സ്റ്റെയർകെയ്സ് ഇറങ്ങിയ ക്യുസെയ്ൻ ഹാളിന്റെ മൂലയിൽ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള പ്രൗഢഗംഭീരമായ വസ്ത്രം ധരിച്ച ആ മോൺസിഞ്ഞോർ നിൽക്കുന്നയിടത്തേക്ക് നടന്നു. നരച്ച മുടിയുള്ള ആ വൃദ്ധപുരോഹിതന്റെ സംസാരത്തിൽ ഇറ്റാലിയൻ ചുവയുണ്ടായിരുന്നു.

 

“ആരെയാണ് അന്വേഷിക്കുന്നത് ഫാദർ?”

 

“പരിശുദ്ധ പിതാവിനെ” ക്യുസെയ്ൻ പറഞ്ഞു.

 

“സാദ്ധ്യമല്ല അദ്ദേഹം പ്രാർത്ഥനയിലാണ്

 

ഒരു കൈയാൽ ആ വൃദ്ധന്റെ മുഖം പൊത്തിപ്പിടിച്ച ക്യുസെയ്ൻ മറുകൈ കൊണ്ട് ആ വാതിൽ തുറന്ന് അയാളെ ഉള്ളിലേക്ക് തള്ളി, റൂമിനുള്ളിൽ കയറി കാൽ കൊണ്ട് വാതിൽ ചേർത്തടച്ചു.

 

“അയാം ട്രൂലി സോറി, ഫാദർ” ആ വൃദ്ധപുരോഹിതന്റെ കഴുത്തിൽ കനത്ത ഒരു പ്രഹരം നൽകിയിട്ട് ക്യുസെയ്ൻ അയാളെ പതുക്കെ തറയിലേക്ക് കിടത്തി.

 

നീണ്ടു കിടക്കുന്ന ഇടുങ്ങിയ ടണലിൽ അരണ്ട വെട്ടം ഉണ്ടായിരുന്നു. മറുഭാഗത്തെ പടികൾക്ക് മുകളിൽ സ്റ്റോക്‌ലി ചാപ്പലിനകത്തേക്ക് കടക്കാനുള്ള ഓക്ക് വാതിൽ. ഭുജത്തിലെ വേദന അസഹനീയമായിരിക്കുന്നു. പക്ഷേ, അതേക്കുറിച്ച് ചിന്തിക്കാൻ ഇപ്പോൾ സമയമില്ല. ശ്വാസമെടുക്കുമ്പോഴും വേദന അരിച്ചുകയറുന്നു. ബുദ്ധിമുട്ടി ഒരു ദീർഘശ്വാസമെടുത്ത ശേഷം പോക്കറ്റിൽ നിന്നും പുറത്തെടുത്ത സ്റ്റെച്ച്കിൻ പിസ്റ്റൾ നീട്ടിപ്പിടിച്ച് അയാൾ മുന്നോട്ട് നീങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, July 9, 2024

കൺഫെഷണൽ – 72

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കാന്റർബറിയിലെ ഹോട്ടലിൽ സൂസൻ കാൾഡറുമൊത്ത് പ്രാതൽ കഴിച്ചുകൊണ്ടിരിക്കവെയാണ് ഒരു ഫോൺ കോൾ ഉണ്ടെന്ന് പറഞ്ഞ് ഡെവ്‌ലിനെ അവർ വിളിച്ചത്. ഫോൺ അറ്റൻഡ് ചെയ്തിട്ട് പെട്ടെന്ന് തന്നെ അദ്ദേഹം തിരികെയെത്തി.

 

“ഫെർഗൂസൺ ആയിരുന്നു ക്യുസെയ്ൻ തലപൊക്കിയിരിക്കുന്നു അല്ലെങ്കിൽ വേണ്ട, അയാളുടെ ഒപ്പമുണ്ടായിരുന്ന ആ പെൺകുട്ടി വെളിച്ചത്ത് വന്നിരിക്കുന്നു എന്ന് പറയാം മെയ്ഡ്സ്റ്റൺ എന്ന് പറയുന്ന സ്ഥലം അറിയാമോ നിങ്ങൾക്ക്?”

 

“യെസ് സർ ഇവിടെ നിന്നും പതിനാറോ പതിനേഴോ മൈൽ ഉണ്ട് ഏറിയാൽ ഇരുപത്

 

“എന്നാൽ നമുക്ക് അങ്ങോട്ട് പോകാം” ഡെവ്‌ലിൻ പറഞ്ഞു. “വളരെ കുറച്ച് സമയം മാത്രമേ നമുക്കുള്ളൂ

 

                                                           ***

 

ലണ്ടനിലുള്ള വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ നിന്നും അതിരാവിലെ തന്നെ പോപ്പ് പുറപ്പെട്ടു. ലണ്ടനിലെ ഡിഗ്ബി സ്റ്റുവർട്ട് ട്രെയിനിങ്ങ് കോളേജിൽ വച്ച് കാത്തലിക്ക്, ആംഗ്ലിക്കൻ വിഭാഗങ്ങളിൽപ്പെടുന്ന കന്യാസ്ത്രീകൾ, പുരോഹിതർ തുടങ്ങിയ നാലായിരത്തിൽ അധികം വരുന്ന വിശ്വാസികളെ സന്ദർശിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. മതിൽക്കെട്ടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിയുന്ന അവരിൽ ഭൂരിഭാഗവും പുറംലോകം കാണുന്നത് വർഷങ്ങൾക്ക് ശേഷമായിരുന്നു. പരിശുദ്ധപിതാവിന്റെ സന്നിധിയിൽ വച്ച് തങ്ങളുടെ പ്രതിജ്ഞ പുതുക്കുമ്പോൾ ഒട്ടുമിക്കവരും അങ്ങേയറ്റം വികാരാധീനരായി കാണപ്പെട്ടു. ആ ചടങ്ങുകൾക്ക് ശേഷം ബ്രിട്ടീഷ് കാലിഡോണിയൻ എയർവേയ്സ് ഏർപ്പെടുത്തിയ ഒരു ഹെലികോപ്ടറിൽ അദ്ദേഹം കാന്റർബറിയിലേക്ക് തിരിച്ചു.

 

                                                           ***

 

പതിനെട്ടാം നൂറ്റാണ്ടിൽ ട്യൂഡോർ ശൈലിയിൽ നിർമ്മിതമായ ഒരു രമ്യഹർമ്യമായിരുന്നു സ്റ്റോക്‌ലി ഹാൾ. ആ കുടുംബം സാമ്പത്തികമായി ക്ഷയിക്കുന്നതിന് മുമ്പ് പിന്നീട് എപ്പോഴോ വിക്ടോറിയൻ ശൈലിയിൽ കൂട്ടിച്ചേർത്തതാണ് ഇപ്പോൾ അതിനു ചുറ്റും കാണുന്ന ചുവന്ന കട്ടകളാൽ കെട്ടിപ്പൊക്കിയ ഉയരമുള്ള മതിൽ. വലിയ ഇരുമ്പ് കവാടത്തിനോട് ചേർന്നുള്ള സത്രം പിന്നീട് നിർമ്മിച്ചതാണെങ്കിലും പ്രധാന കെട്ടിടത്തിന്റെ നിർമ്മിതിയോട് സാമ്യത പുലർത്തുവാൻ അതിന്റെ ശില്പികൾ പരമാവധി ശ്രമിച്ചിട്ടുള്ളതായി കാണാം. മെയിൻ റോഡിലൂടെ കാറോടിച്ച് വരികയായിരുന്ന ക്യുസെയ്ൻ സ്റ്റോക്‌ലി ഹാളിന് മുന്നിലെത്തുമ്പോൾ രണ്ട് പൊലീസ് കാറുകൾ അതിന്റെ കവാടത്തിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മിനിറ്റുകളായി അയാളുടെ പിന്നിൽ വന്നുകൊണ്ടിരുന്ന ഒരു പൊലീസ് മോട്ടോർസൈക്കിൾ ആ ഗെയ്റ്റിനരികിലേക്ക് തിരിഞ്ഞു.

 

ക്യുസെയ്ൻ മുന്നോട്ട് തന്നെ പോയി. ഇടതുഭാഗത്തുള്ള മതിലിന് അതിരിടുന്ന മരങ്ങൾ. സ്റ്റോക്‌ലി ഹാളിന്റെ കവാടം ദൃഷ്ടിയിൽ നിന്നും മറഞ്ഞതും അയാൾ പാതയുടെ വലതുഭാഗം മൊത്തത്തിൽ ഒന്ന് നിരീക്ഷിച്ചു. ഏതാനും വാര അകലെയായി ഒരു ഗേറ്റും അതിനപ്പുറം വനത്തിലേക്ക് നീണ്ടുപോകുന്ന ഒരു പാതയും അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. പെട്ടെന്ന് തന്നെ വാഹനം അങ്ങോട്ട് തിരിച്ച്, പുറത്തിറങ്ങി ഗേറ്റ് തുറന്ന് കാർ അല്പദൂരം മുന്നോട്ട് കൊണ്ടുപോയി. ശേഷം അവിടെ നിർത്തി തിരികെ നടന്നു വന്ന് ഗേറ്റ് അടച്ചിട്ട് വീണ്ടും കാറിനരികിലേക്ക് ചെന്നു.

 

ഭുജത്തിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ട്. തന്റെ റെയിൻകോട്ടും ജാക്കറ്റും ഷർട്ടും അയാൾ അഴിച്ചുമാറ്റി. വെടിയുണ്ടയേറ്റ ഭാഗം അഴുകിത്തുടങ്ങിയെന്ന് തോന്നുന്നു, വല്ലാത്ത ദുർഗന്ധം വമിക്കുന്നുണ്ട്. നിസ്സഹായത നിറഞ്ഞ പുഞ്ചിരിയോടെ അയാൾ മന്ത്രിച്ചു. “ഹാരീ, നിന്റെ സമയം അടുത്തിരിക്കുന്നു

 

ബാഗിനുള്ളിൽ നിന്നും തന്റെ കറുത്ത ബനിയനും ക്ലെറിക്കൽ കോളറും എടുത്ത് അയാൾ അണിഞ്ഞു. ഒടുവിൽ ളോഹയും. കിൽറിയയിൽ വച്ച് ആ ളോഹ ചുരുട്ടി ബാഗിന്റെ അടിത്തട്ടിൽ വച്ചിട്ട് ഏതാണ്ട് ആയിരം വർഷങ്ങളെങ്കിലും ആയത് പോലെ അയാൾക്ക് തോന്നി. സ്റ്റെച്ച്കിൻ പിസ്റ്റളിനുള്ളിൽ പുതിയൊരു ക്ലിപ്പ് ലോഡ് ചെയ്ത് പോക്കറ്റിൽ തിരുകി. വേറൊരു പോക്കറ്റിൽ സ്പെയർ ക്ലിപ്പും നിക്ഷേപിച്ചിട്ട് ക്യുസെയ്ൻ കാറിനുള്ളിൽ കയറിയപ്പോഴേക്കും മഴ ചാറുവാൻ തുടങ്ങി. മോർഫിൻ ആംപ്യൂൾ മുഴുവനും തീർന്നിരിക്കുന്നു. ഈ കൊടിയ വേദനയാണ് തന്നെ ജാഗരൂകനായി നിർത്തുവാൻ ഇനി സഹായിക്കുക. കണ്ണുകളടച്ച് അയാൾ വേദന കടിച്ചമർത്താൻ ശ്രമിച്ചു.

 

                                                       ***

 

നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന മൊറാഗിനെ ചേർത്തുപിടിച്ചുകൊണ്ട് കാരവനുള്ളിലെ മേശയ്ക്ക് പിന്നിൽ ഇരിക്കുകയാണ് ബ്രാനാ സ്മിത്ത്.

 

“അയാൾ എന്താണ് പറഞ്ഞതെന്ന് കൃത്യമായി പറയൂ” ഡെവ്‌ലിൻ അവരോട് ആവശ്യപ്പെട്ടു.

 

“മുത്തശ്ശീ…………….” അവരെ പിന്തിരിപ്പിക്കുവാനെന്നോണം മൊറാഗ് വിളിച്ചു.

 

“മിണ്ടാതിരിക്കൂ കുട്ടീ” അവളുടെ തലയിൽ ചെറുതായി ഒന്ന് തട്ടിയിട്ട് ആ വൃദ്ധ ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “പോപ്പിനെ വധിക്കുക എന്നതാണ് അയാളുടെ ഉദ്ദേശ്യം എന്ന് പറഞ്ഞു. അതിനുള്ള പിസ്റ്റളും അയാൾ എനിക്ക് കാണിച്ചു തന്നു എന്നിട്ട് ലണ്ടനിലേക്ക് വിളിച്ചു പറയാനായി ഒരു ടെലിഫോൺ നമ്പറും തന്നു ഫെർഗൂസൺ എന്നൊരാളുടെ

 

“എന്ത് പറയണമെന്നാണ് നിങ്ങളോട് അയാൾ ആവശ്യപ്പെട്ടത്?”

 

“അയാൾ കാന്റർബറി കത്തീഡ്രലിൽ ഉണ്ടായിരിക്കുമെന്ന്

 

“അത്ര മാത്രം?”

 

“അത്രയും പോരേ?”

 

ഡെവ്‌ലിൻ വാതിൽക്കൽ നിലയുറപ്പിച്ചിരുന്ന സൂസൻ കാൾഡറിന് നേരെ തിരിഞ്ഞു. “റൈറ്റ്, നമുക്ക് തിരിച്ചു പോകാം

 

അവൾ വാതിൽ തുറന്നു. “മൊറാഗിന്റെ കാര്യം എങ്ങനെയാണ്?” ബ്രാനാ സ്മിത്ത് ചോദിച്ചു.

 

“അത് തീരുമാനിക്കേണ്ടത് ഫെർഗൂസനാണ്” ഡെവ്‌ലിൻ ചുമൽ വെട്ടിച്ചു. “നോക്കട്ടെ, എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുകയെന്ന്

 

അദ്ദേഹം പുറത്തേക്ക് ഇറങ്ങവെ അവർ വിളിച്ചു. “മിസ്റ്റർ ഡെവ്‌ലിൻ…?” അദ്ദേഹം തിരിഞ്ഞു. “അയാൾ മരണത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്

 

“മരണത്തിലേക്കോ?”

 

“അതെ അയാൾക്ക് വെടിയേറ്റിട്ടുണ്ട് ആ മുറിവ് അഴുകിത്തുടങ്ങിയിരിക്കുന്നു

 

ആകാംക്ഷയോടെ ചുറ്റും കൂടിയ ജനക്കൂട്ടത്തെ അവഗണിച്ച് പുറത്തേക്ക് ചെന്ന അദ്ദേഹം സൂസൻ കാൾഡറിന് സമീപം പാസഞ്ചർ സീറ്റിൽ കയറിയിരുന്നു. അവൾ വാഹനം മുന്നോട്ടെടുത്തു. ഡെവ്‌ലിൻ കാറിനുള്ളിലെ റേഡിയോയിലൂടെ കാന്റർബറി പൊലീസിനെ വിളിച്ച് ഫെർഗൂസനെ കണക്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടു.

 

“പുതിയതായി ഒന്നും തന്നെയില്ല” അദ്ദേഹം ബ്രിഗേഡിയറോട് പറഞ്ഞു. “താങ്കൾക്കുള്ള അയാളുടെ സന്ദേശം വളരെ വ്യക്തമായിരുന്നു കാന്റർബറിയിൽ ഉണ്ടാകുമത്രെ അയാൾ

 

“ബാസ്റ്റർഡ്!” ഫെർഗൂസൺ പറഞ്ഞു.

 

“വേറൊന്ന് കൂടി അയാൾ മരിച്ചുകൊണ്ടിരിക്കുകയാണ് മൺഗോ സഹോദരന്മാരുടെ ഫാമിൽ വച്ച് വെടിയേറ്റതിന്റെ മുറിവ് ഇൻഫെക്ഷനായിരിക്കുന്നുവത്രെ

 

“നിങ്ങളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട?”

 

“അതെ

 

ഫെർഗൂസൺ ഒരു ദീർഘശ്വാസമെടുത്തു. “ഓൾറൈറ്റ്, ഗെറ്റ് ബാക്ക് ഹിയർ ഫാസ്റ്റ് പോപ്പ് ഏതു നിമിഷവും ഇവിടെയെത്താം

 

                                                    ***

 

ട്യൂഡോർ ശൈലിയിലുള്ള നിർമ്മിതിയുടെ ഒരു ഉത്തമ ഉദാഹരണമായിരുന്നു സ്റ്റോക്‌ലി ഹാൾ. ഹെൻട്രി എട്ടാമന്റെ നവോത്ഥാന നടപടികൾക്ക് ശേഷവും കാത്തലിക്ക് ആചാരങ്ങളും വിശ്വാസവും തെല്ലും കോട്ടം തട്ടാതെ പാലിച്ചു വന്ന വിരലിലെണ്ണാവുന്ന ഇംഗ്ലീഷ് കുലീനരിൽ ഒന്നായിരുന്നു സ്റ്റോക്‌ലി കുടുംബം. വനത്തിനുള്ളിലെ ഫാമിലി ചാപ്പൽ ആയിരുന്നു സ്റ്റോക്‌ലി കുടുംബത്തിന് സമൂഹത്തിൽ സമുന്നത സ്ഥാനം നൽകിയിരുന്നത്. പ്രധാന കെട്ടിടത്തിൽ നിന്നും അങ്ങോട്ട് എത്തുവാൻ വനത്തിനടിയിലൂടെ ഒരു ടണലും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനമായ കാത്തലിക്ക് ദേവാലയമായി ചരിത്രകാരന്മാർ അതിനെ കണക്കാക്കിപ്പോന്നു. അവിടം സന്ദർശിച്ച് പ്രാർത്ഥിക്കണമെന്ന് പോപ്പ് ആഗ്രഹം പ്രകടിപ്പിച്ചത് തികച്ചും സ്വാഭാവികം മാത്രമായിരുന്നു.

 

അതേക്കുറിച്ചെല്ലാം ആലോചിച്ചുകൊണ്ട് കാറിന്റെ പാസഞ്ചർ സീറ്റിൽ ഹാരി ക്യുസെയ്ൻ പിറകോട്ട് ചാരിക്കിടന്നു. ഭുജത്തിലെ വേദന വിടാതെ തന്നെ ഒപ്പമുണ്ട്. മുഖം ഐസ് പോലെ തണുത്തിരിക്കുന്നുവെങ്കിലും നെറ്റിത്തടത്തിൽ നിന്നും വിയർപ്പുതുള്ളികൾ ഇറ്റുവീഴുന്നു. ബാഗിനുള്ളിൽ നിന്നും ഒരു വിധം കണ്ടെടുത്ത പായ്ക്കറ്റ് തുറന്ന് ഒരു സിഗരറ്റിന് തീ കൊളുത്താൻ ശ്രമിക്കവെ അല്പം ദൂരെയായി മുകളിൽ നിന്നും എഞ്ചിന്റെ ഇരമ്പൽ കേൾക്കാറായി. കാറിൽ നിന്നും പുറത്തിറങ്ങിയ അയാൾ ചെവിയോർത്തുകൊണ്ട് കാത്തു നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും നീലയും വെള്ളയും വർണ്ണങ്ങൾ ഇടകലർന്ന ഡിസൈനിലുള്ള ഒരു ഹെലികോപ്ടർ തലയ്ക്ക് മുകളിലൂടെ കടന്നു പോയി.

 

                                                      ***

 

“താങ്കൾ അസ്വസ്ഥനാണെന്ന് തോന്നുന്നല്ലോ സർ” സൂസൻ കാൾഡർ പറഞ്ഞു.

 

“ഇന്നലെ എന്റെ ദിവസമായിരുന്നു പക്ഷേ, ഇന്ന് ഒട്ടും സന്തുഷ്ടനല്ല ഞാൻ ക്യുസെയ്ന്റെ നീക്കങ്ങൾ കാണുമ്പോൾ ആകെപ്പാടെ ഒരു ചിന്താക്കുഴപ്പം” ഡെവ്‌ലിൻ പറഞ്ഞു.

 

“അത് ഇന്നലെ ഇന്ന് വേറൊരു ദിനം എന്താണ് താങ്കളെ അലട്ടുന്നന്നത്?”

 

“ഇരുപത് വർഷത്തിലേറെയായി എന്റെ നല്ലൊരു സുഹൃത്താണ് ഹാരി ക്യുസെയ്ൻ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കനായ ചെസ്സ് കളിക്കാരൻ

 

“എന്തായിരുന്നു അക്കാര്യത്തിൽ അയാളുടെ ഏറ്റവും വലിയ പ്രത്യേകത?”

 

“എപ്പോഴും മൂന്ന് നീക്കങ്ങൾ മുന്നിലായിരിക്കും അയാൾ എന്നത് തന്നെ വലതുകൈ കൊണ്ടുള്ള നീക്കങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ മുഴുവനും അയാൾ തിരിച്ചുവിടും എന്നാൽ നമ്മളുടെ ശ്രദ്ധയിൽ പെടാത്ത ഇടതുകൈ കൊണ്ടുള്ള നീക്കം കൊണ്ടായിരിക്കും അയാൾ വിജയിക്കുന്നത് ഇപ്പോഴത്തെ സാഹചര്യം വച്ച് നോക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?” ഡെവ്‌ലിൻ ചോദിച്ചു.

 

“കാന്റർബറിയിലേക്ക് പോകാനുള്ള യാതൊരു ഉദ്ദേശ്യവും അയാൾക്കില്ല എന്നത് തന്നെ അവിടെയാണ് എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നത് അയാളെ പിടികൂടാനായി ഏവരും കാത്തിരിക്കുന്നതും അവിടെത്തന്നെയാണ്

 

“അപ്പോൾ, അയാൾ പോപ്പിനെ വധിക്കുവാൻ പോകുന്നത് വേറെ എവിടെയോ വച്ചാണ് പക്ഷേ, എങ്ങനെ? പോപ്പിന്റെ പ്രോഗ്രാം ഷെഡ്യൂൾ എവിടെ?”

 

“പിൻസീറ്റിലുണ്ട് സർ

 

ഡെവ്‌ലിൻ പിറകോട്ട് എത്തിവലിഞ്ഞ് ആ പ്രോഗ്രാം ചാർട്ട് എടുത്ത് ഉച്ചത്തിൽ വായിച്ചു. “ലണ്ടനിലെ ഡിഗ്ബി സ്റ്റുവർട്ട് കോളേജിലെ പരിപാടി കഴിഞ്ഞ് ഹെലികോപ്ടറിൽ കാന്റർബറിയിലേക്ക്” അദ്ദേഹം നെറ്റി ചുളിച്ചു. “ഒരു നിമിഷം അതിനിടയിൽ ഒരു കാത്തലിക്ക് ചാപ്പൽ സന്ദർശിക്കുന്നതിന് സ്റ്റോക്‌ലി ഹാൾ എന്നൊരു സ്ഥലത്ത് അദ്ദേഹം ഇറങ്ങുന്നുണ്ട്

 

“അതു വഴിയായിരുന്നു നാം മെയ്ഡ്സ്റ്റണിലേക്ക് വന്നത് ” അവൾ പറഞ്ഞു. “ഇവിടെ നിന്ന് മൂന്ന് മൈൽ കാണും പക്ഷേ, അതൊരു അൺഷെഡ്യൂൾഡ് വിസിറ്റ് ആണ് ഒരു പത്രത്തിലും അക്കാര്യം കൊടുത്തിട്ടില്ല ബാക്കി എല്ലാ വിവരങ്ങളും ഉണ്ട് താനും പിന്നെങ്ങനെ ക്യുസെയ്ൻ അതേക്കുറിച്ച് അറിയും?”

 

“ഡബ്ലിനിലെ കാത്തലിക് സെക്രട്ടേറിയറ്റിൽ അയാൾ ഒരു പ്രസ് ഓഫീസ് നടത്തിയിരുന്നു” ഡെവ്‌ലിൻ തന്റെ തുടയിൽ ആഞ്ഞിടിച്ചു. “ദാറ്റ്സ് ഇറ്റ് അതാവാനേ തരമുള്ളൂ ചവിട്ടി വിട്ടോളൂ അങ്ങോട്ട് എവിടെയും നിർത്തണ്ട, ഒരു കാരണവശാലും

 

“അപ്പോൾ ഫെർഗൂസന്റെ കാര്യം?”

 

അദ്ദേഹം മൈക്ക് എടുത്തു. “അദ്ദേഹത്തെ കിട്ടുമോയെന്ന് നോക്കട്ടെ പക്ഷേ, വളരെ വൈകിപ്പോയിരിക്കുന്നു അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നത് സംശയമാണ് ഏതാനും മിനിറ്റുകൾക്കുള്ളിൽ നാം അവിടെയെത്തും ഇനി എല്ലാം നമ്മുടെ കൈയിലാണ്

 

ഡെവ്‌ലിൻ തന്റെ പോക്കറ്റിൽ നിന്നും വാൾട്ടർ പുറത്തെടുത്ത് കോക്ക് ചെയ്ത് അതിന്റെ സേഫ്റ്റി ക്യാച്ച് ഓൺ ചെയ്തു. സൂസന്റെ കാൽ ആക്സിലേറ്ററിൽ അമർന്നതും വെടിയുണ്ട കണക്കെ കാർ മുന്നോട്ട് കുതിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, July 2, 2024

കൺഫെഷണൽ – 71

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


എല്ലാവിധ സൗകര്യങ്ങളുമുള്ള സാമാന്യം വലിയ ഒരു കാരവൻ ആയിരുന്നു അത്. രണ്ട് ബങ്കുകളുള്ള ഒരു ബെഡ്‌റൂം വേറെ തന്നെ സജ്ജീകരിച്ചിരിക്കുന്നു. വാതിൽ തുറന്ന് ക്യുസെയ്ൻ ഉള്ളിലേക്ക് എത്തിനോക്കി. മൊറാഗ് ഉറക്കത്തിലാണ്.

 

അയാൾ വാതിൽ പതുക്കെ ചാരി തിരിയവെ അവൾ വിളിച്ചു. “ഹാരീ

 

“യെസ്?” ക്യുസെയ്ൻ ഉള്ളിലേക്ക് കയറി. “എന്താണ്?”

 

“മുത്തശ്ശി ഇപ്പോഴും സ്റ്റാളിൽ ഇരിക്കുകയാണോ?”

 

“അതെ

 

അയാൾ അവളുടെ ബങ്കിന്റെ അറ്റത്ത് ഇരുന്നു. കൈയിലെ വേദന ഉള്ളിലേക്ക് വ്യാപിച്ചിരിക്കുന്നു. ശ്വാസമെടുക്കുമ്പോൾ പോലും വേദനിക്കുന്നുണ്ട്. അതത്ര നല്ല ലക്ഷണമല്ല എന്ന് അയാൾക്ക് അറിയാമായിരുന്നു. അയാളുടെ മുഖത്ത് സ്പർശിക്കുവാനായി അവൾ കൈ ഉയർത്തി. ക്യുസെയ്ൻ അല്പം പിന്നോട്ട് ഒഴിഞ്ഞു മാറി.

 

“അന്ന് മുത്തശ്ശന്റെ കാരവനിലെ ആദ്യദിനം ഓർമ്മയുണ്ടോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. “ഞാൻ നിങ്ങളെ വഴിതെറ്റിക്കുമെന്ന ഭയമാണോ എന്ന് ചോദിച്ചത് ഓർക്കുന്നുണ്ടോ?”

 

“കൃത്യമായി പറഞ്ഞാൽ, നിന്റെ ചോദ്യം ഇങ്ങനെയായിരുന്നു” അയാൾ പറഞ്ഞു. “ ‘അതെന്താ ഫാദർ, എന്റെ മുന്നിൽ ഇങ്ങനെയിരുന്നാൽ ആത്മനിയന്ത്രണം കൈവിട്ടു പോകുമോയെന്ന ഭയമാണോ?’  എന്ന്

 

അല്പനേരത്തേക്ക് അവൾ നിശ്ശബ്ദയായി. “അപ്പോൾ നിങ്ങളൊരു വൈദികനാണല്ലേ? ഒരു യഥാർത്ഥ വൈദികൻ? എനിക്കത് നേരത്തെ തന്നെ അറിയാമായിരുന്നു

 

“ഉറങ്ങാൻ നോക്ക് കുട്ടീ” അയാൾ പറഞ്ഞു.

 

അവൾ അയാളുടെ കൈയിൽ എത്തിപ്പിടിച്ചു. “എന്നോട് പറയാതെ പോകില്ലല്ലോ നിങ്ങൾ?” അവളുടെ സ്വരത്തിൽ കലർന്നിരുന്ന ഭീതി തികച്ചും യഥാർത്ഥമായിരുന്നു.

 

“ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” അയാൾ എഴുന്നേറ്റ് വാതിൽ തുറന്നു. “പറഞ്ഞത് പോലെ, അല്പം ഉറങ്ങാൻ നോക്കൂ നമുക്ക് രാവിലെ കാണാം

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ പുറത്തിറങ്ങി. മെയ്ഡ്സ്റ്റൺ മൈതാനത്തിലെ ആ പ്രദർശന നഗരി താരതമ്യേന ചെറുതായിരുന്നുവെന്ന് പറയാം. എങ്കിലും വിവിധയിനം ഗെയിമുകൾ, മദ്യഷോപ്പുകൾ, സ്റ്റാളുകൾ തുടങ്ങിയവയെല്ലാമുണ്ട്. രാത്രി ഏറെയായെങ്കിലും എങ്ങും ഉല്ലാസത്തിന്റെയും സംഗീതത്തിന്റെയും അലയൊലികൾ കേൾക്കാം. ആ കാരവന്റെ ഒരറ്റത്ത് അതിനെ വലിച്ചു കൊണ്ടുപോകുന്ന ലാൻഡ് റോവർ നിൽക്കുന്നുണ്ട്. മറുഭാഗത്തുള്ള ചുവന്ന ടെന്റിന് മുകളിലെ പ്രകാശമാനമായ ബോർഡിൽ Gypsy Rose എന്നെഴുതിയിരിക്കുന്നു. അതിനുള്ളിൽ നിന്നും ചിരിച്ചുല്ലസിച്ചുകൊണ്ട് ഇറങ്ങി വന്ന യുവമിഥുനങ്ങളെ നോക്കി ഒരു നിമിഷം സംശയിച്ച് നിന്നിട്ട് ക്യുസെയ്ൻ ഉള്ളിലേക്ക് കയറിച്ചെന്നു.

 

ചുരുങ്ങിയത് എഴുപത് വയസ്സ് എങ്കിലും തോന്നിക്കും ബ്രാനാ സ്മിത്തിന്. ബ്രൗൺ നിറം പൂശിയ മുഖം. കടും നിറമുള്ള സ്കാർഫ് കൊണ്ട് മുടി പിറകോട്ട് കെട്ടിയിരിക്കുന്നു. ചുമലിൽ ഒരു ഷാൾ അണിഞ്ഞിട്ടുണ്ട്. കഴുത്തിൽ സ്വർണ്ണനാണയങ്ങൾ കൊണ്ടുള്ള ഒരു നെക്‌ലേസ്. അവരുടെ മുന്നിലെ മേശപ്പുറത്ത് ഒരു സ്ഫടിക ഗോളം വിശ്രമിക്കുന്നു.

 

“ശരിയ്ക്കും ഒരു ജിപ്സിയുടെ വേഷം തന്നെ” ക്യുസെയ്ൻ പറഞ്ഞു.

 

“അതെ, അത് തന്നെയാണ് അതിന്റെ ഉദ്ദേശ്യവും ഒരു ജിപ്സിയെ ജിപ്സിയുടെ വേഷത്തിൽത്തന്നെ കാണുവാനാണ് ജനത്തിന് ഇഷ്ടം ഒരു കാര്യം ചെയ്യൂ, പുറത്ത് ആ ‘Closed’ ബോർഡ് തൂക്കിയിട്ട് വരൂ എനിക്ക് ഒരു സിഗരറ്റ് പുകച്ചേ തീരൂ

 

അവർ പറഞ്ഞത് പോലെ ചെയ്തിട്ട് തിരികെ വന്ന ക്യുസെയ്ൻ അവർക്ക് അഭിമുഖമായി ഇരുന്നിട്ട് ഒരു സിഗരറ്റ് അവർക്ക് നേരെ നീട്ടി. “മൊറാഗ് ഉറങ്ങുകയാണോ?” അവർ ചോദിച്ചു.

 

“അതെ” തന്റെ വേദന നിയന്ത്രിക്കുവാനായി അയാൾ ഒരു ദീർഘശ്വാസമെടുത്തു. “ഒരിക്കലും നിങ്ങൾ അവളെ തിരികെ ആ ക്യാമ്പിലേക്ക് പോകാൻ അനുവദിക്കരുത് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?”

 

“അതോർത്ത് വിഷമിക്കേണ്ട” അവരുടെ സ്വരം തികച്ചും ശാന്തമായിരുന്നു. “ദൃഢമായ ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഞങ്ങൾ ജിപ്സികൾ കണക്കുകൾ ഒരിക്കലും ബാക്കി വയ്ക്കാറുമില്ല മറേ ചെയ്ത തെറ്റിനുള്ള ശിക്ഷ അവന് ലഭിച്ചിരിക്കും എന്നതിന് ഞാൻ വാക്കു തരുന്നു അക്കാര്യത്തിൽ നിങ്ങൾക്കെന്നെ വിശ്വസിക്കാം

 

ക്യുസെയ്ൻ തല കുലുക്കി. “ഇന്നത്തെ പത്രത്തിൽ അവളുടെ ചിത്രവും വാർത്തയും കണ്ടപ്പോൾ നിങ്ങൾ വിഷമിച്ചിട്ടുണ്ടാവും എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ പൊലീസുമായി ബന്ധപ്പെടാഞ്ഞത്?”

 

“പൊലീസ്? നിങ്ങളെന്താ തമാശ പറയുകയാണോ?” അവർ ചുമൽ വെട്ടിച്ചു. “എന്തു തന്നെയായാലും അവൾ എന്റെയടുത്ത് എത്തുമെന്നും അവൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും എനിക്കറിയാമായിരുന്നു

 

“നിങ്ങൾക്കറിയാമായിരുന്നുവെന്നോ?” ക്യുസെയ്ൻ അത്ഭുതപ്പെട്ടു.

 

അവർ മേശമേൽ ഇരിക്കുന്ന സ്ഫടികഗോളത്തിന് മുകളിൽ പതുക്കെ കൈ വച്ചു. “ഇതെല്ലാം വെറും വിഘ്നങ്ങൾ മാത്രമാണ് സുഹൃത്തേ എന്റെ അമ്മയ്ക്കും മുത്തശ്ശിയ്ക്കും ഉണ്ടായിരുന്ന ആ പ്രത്യേക സിദ്ധി എനിക്കും ലഭിച്ചിട്ടുണ്ട്

 

അയാൾ തല കുലുക്കി. “മൊറാഗ് എന്നോട് പറഞ്ഞിരുന്നു ടററ്റ് കാർഡുകൾ നോക്കി എന്റെ ഭാവി അവൾ പറഞ്ഞെങ്കിലും തന്റെ കഴിവിൽ അവൾക്ക് ഉറപ്പുണ്ടായിരുന്നില്ല

 

“അവൾക്കും ആ സിദ്ധി ലഭിച്ചിട്ടുണ്ട്” ആ വൃദ്ധ പറഞ്ഞു. “പൂർണ്ണമായും രൂപപ്പെട്ടിട്ടില്ല എന്ന് മാത്രം” അവർ ഒരു കെട്ട് ചീട്ട് അയാളുടെ മുന്നിലേക്ക് നീക്കി വച്ചു. “അതൊന്ന് പകുത്തിട്ട് നിങ്ങളുടെ ഇടതു കൈ കൊണ്ട് എനിക്ക് തിരിച്ചു തരൂ

 

അവർ ആവശ്യപ്പെട്ടതു പോലെ ചെയ്തിട്ട് ക്യുസെയ്ൻ ആ ചീട്ടുകൾ തിരികെ നൽകി. “ഞാൻ നേരത്തെ പറഞ്ഞ ആ സിദ്ധിയില്ലെങ്കിൽ ഈ ചീട്ടുകൾക്ക് യാതൊരു അർത്ഥവുമില്ല മനസ്സിലാവുന്നുണ്ടോ?”

 

“ഉണ്ട്” തികഞ്ഞ ലാഘവത്തോടെ അയാൾ പറഞ്ഞു.

 

“മൂന്ന് ചീട്ടുകൾ അവ പറയും സകല കാര്യങ്ങളും” ക്യുസെയ്ൻ പകുത്ത് നൽകിയ കെട്ടിൽ നിന്നും അവർ ആദ്യത്തെ ചീട്ട് മലർത്തിയിട്ടു. അതൊരു ഗോപുരത്തിന്റെ ചിത്രമായിരുന്നു. “വിധിയുടെ നിയോഗത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്” അവർ പറഞ്ഞു. “മറ്റുള്ളവരാണ് ഇത്രയും കാലം ഇയാളുടെ ജീവിതം നിയന്ത്രിച്ചിട്ടുള്ളത്

 

“മൊറാഗും ഇതേ ചീട്ട് തന്നെ എടുത്തിരുന്നുഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാണ് അവളും പറഞ്ഞത്” ക്യുസെയ്ൻ പറഞ്ഞു.

 

അവർ രണ്ടാമത്തെ ചീട്ടെടുത്ത് മലർത്തി വച്ചു. ഒരു യുവാവിനെ വലതു കണങ്കാലിൽ കയറിട്ട് തല കീഴായി കെട്ടിത്തൂക്കിയിരിക്കുന്ന ചിത്രമായിരുന്നു അത്.

 

“ഇതാണ് ഹാങ്ങ്ഡ് മാൻ ഇയാൾ കിണഞ്ഞു മത്സരിക്കുന്നത് ഇയാളുടെ നിഴലിനോട് തന്നെയാണ് വാസ്തവത്തിൽ രണ്ട് വ്യക്തിത്വങ്ങളാണ് ഇയാൾ പലപ്പോഴും ഇയാൾ മറ്റൊരാളായി മാറുന്നു യുവത്വത്തിന്റെ പൂർണ്ണതയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല

 

“വൈകിപ്പോയിരിക്കുന്നു വളരെ വളരെ വൈകിപ്പോയിരിക്കുന്നു” ക്യുസെയ്ൻ പറഞ്ഞു.

 

മൂന്നാമത്തെ ചീട്ട് മരണദേവന്റേതായിരുന്നു. തന്റെ അരിവാൾ കൊണ്ട് മനുഷ്യശരീരങ്ങൾ കൊയ്തെടുക്കുന്ന ചിത്രം.

 

“പക്ഷേ, ആരുടെ?” ക്യുസെയ്ൻ ഉറക്കെത്തന്നെ ചിരിച്ചുപോയി. “മരണമണ് ഞാൻ ഉദ്ദേശിച്ചത് എന്റെയോ അതോ ഇനി മറ്റാരുടെയെങ്കിലുമോ?”

 

“ഈ ചിത്രത്തിന് കാണുന്നതിനെക്കാൾ അർത്ഥതലങ്ങളുണ്ട് ഒരു വിമോചകനായിട്ടാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത് ഇയാളുടെ മരണത്തിലൂടെ ഒരു പുനർജ്ജന്മത്തിന് വഴി തുറക്കുക കൂടി ചെയ്യുന്നു

 

“അതെ പക്ഷേ, ആരുടെ?” മുന്നോട്ട് ചാഞ്ഞിരുന്ന് ക്യുസെയ്ൻ ചോദിച്ചു. ആ സ്ഫടിക ഗോളത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശകിരണങ്ങൾ വളരെ തീക്ഷ്ണമായി തോന്നി.

 

വിയർപ്പ് കൊണ്ട് നനഞ്ഞിരിക്കുന്ന അയാളുടെ നെറ്റിത്തടത്തിൽ അവർ സ്പർശിച്ചു. “നിങ്ങൾക്ക് തീരെ സുഖമില്ലല്ലോ

 

“അത് ശരിയായിക്കൊള്ളും നന്നായി ഒന്നുറങ്ങിയാൽ മതി” അയാൾ എഴുന്നേറ്റു. “കുറച്ചുനേരം ഞാനൊന്ന് ഉറങ്ങാൻ പോകുകയാണ് മൊറാഗ് ഉണരുന്നതിന് മുമ്പ് എനിക്കിവിടെ നിന്ന് പോകണം ഞാൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാവുന്നുണ്ടോ?”

 

“തീർച്ചയായും” അവർ തല കുലുക്കി. “എനിക്ക് മനസ്സിലാവുന്നുണ്ട്

 

ക്യുസെയ്ൻ പുറത്തിറങ്ങി. മനോഹരമായ രാത്രി. ആളുകൾ അധികവും വീടുകളിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. സ്റ്റാളുകളും മദ്യഷോപ്പുകളും ഒക്കെ അടച്ചുകൊണ്ടിരിക്കുകയാണ്. നെറ്റിത്തടം ചുട്ടുപൊള്ളുന്നത് പോലെ. കാരവനുള്ളിലേക്ക് കയറി സീലിങ്ങിലേക്ക് കണ്ണും നട്ട് അയാൾ ബെഞ്ചിന്മേൽ മലർന്ന് കിടന്നു. രാവിലെ വരെ കാത്തിരിക്കാതെ ഇപ്പോൾത്തന്നെ മോർഫിൻ എടുക്കുന്നതാണ് നല്ലത്. എഴുന്നേറ്റിരുന്ന് ബാഗിനുള്ളിൽ പരതി അയാൾ മോർഫിൻ ആംപ്യൂൾ കണ്ടെടുത്തു. ഇഞ്ചക്ഷൻ എടുത്ത് നിമിഷങ്ങൾക്കകം തന്നെ വേദന കുറഞ്ഞു തുടങ്ങി. അല്പസമയം കഴിഞ്ഞതും ക്യുസെയ്ൻ നിദ്രയിലാണ്ടു.

 

                                                  ***

 

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഹാരി ക്യുസെയ്ൻ പെട്ടെന്ന് തന്നെ സുബോധം വീണ്ടെടുത്തു. പ്രഭാതമായിരിക്കുന്നു. ജാലകത്തിനുള്ളിലൂടെ സൂര്യകിരണങ്ങൾ ഉള്ളിലേക്ക് എത്തി നോക്കുന്നുണ്ട്. മേശയുടെ മുന്നിലിരിക്കുന്ന ആ വൃദ്ധ ഒരു സിഗരറ്റ് പുകച്ചുകൊണ്ട് അയാളെത്തന്നെ നോക്കിയിരിക്കുകയാണ്. എഴുന്നേറ്റിരിക്കവെ വേദന വീണ്ടും തന്നെ കാർന്നു തിന്നുന്നതായി അയാൾക്ക് മനസ്സിലായി. ഒരു നിമിഷം, തന്റെ ശ്വാസം നിലച്ചു പോകുകയാണോ എന്ന് പോലും അയാൾ സംശയിച്ചു.

 

അവർ അയാളുടെ അടുത്തേക്ക് ഒരു കപ്പ് നീക്കി വച്ചു. “ചൂടുചായ കുടിച്ചു നോക്കൂ

 

താൻ കുടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ചായയാണതെന്ന് അയാൾക്ക് തോന്നി. പുഞ്ചിരിച്ചുകൊണ്ട് അവരുടെ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുക്കവെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. “സമയമെത്രയായി?”

 

“ഏഴു മണി

 

“മൊറാഗ് ഇപ്പോഴും ഉറക്കത്തിലാണോ?”

 

“അതെ

 

“ഗുഡ് എന്നാൽ പിന്നെ ഞാൻ ഇറങ്ങാൻ നോക്കട്ടെ

 

“പക്ഷേ, ഫാദർ ഹാരി ക്യുസെയ്ൻ, നിങ്ങൾ അവശനാണല്ലോ തീർത്തും അവശൻ” ഗൗരവത്തോടെ അവർ പറഞ്ഞു.

 

സൗമ്യഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. “ഭാവി പ്രവചിക്കാനുള്ള വരം നിങ്ങൾക്കാണുള്ളത് അതുകൊണ്ട് തന്നെ നിങ്ങൾക്ക് എല്ലാം അറിയാമെന്നാണ് എന്റെ വിശ്വാസം” അയാൾ ഒരു ദീർഘശ്വാസമെടുത്തു. “ഞാൻ പോകുന്നതിന് മുമ്പ് കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കണം പ്രത്യേകിച്ചും ഈ വിഷയത്തിൽ മൊറാഗിന്റെ പങ്ക് നിങ്ങളുടെ കൈയിൽ പെൻസിലുണ്ടോ?”

 

“ഉണ്ട്

 

“ഗുഡ് ഈ നമ്പർ എഴുതിയെടുത്തോളൂ” ക്യുസെയ്ൻ പറഞ്ഞു കൊടുത്ത നമ്പർ അവർ കുറിച്ചു വച്ചു. “ഫെർഗൂസൺ എന്നൊരാളുടെ നമ്പറാണിത് ബ്രിഗേഡിയർ ഫെർഗൂസൺ

 

“അദ്ദേഹം പൊലീസിലാണോ?”

 

“വേണമെങ്കിൽ അങ്ങനെയും പറയാം എന്നെ പിടികൂടാൻ വേണ്ടി എന്തും ചെയ്യും അദ്ദേഹം അഥവാ അവിടെയില്ലെങ്കിൽത്തന്നെ എങ്ങനെയെങ്കിലും അവർ അദ്ദേഹവുമായി ബന്ധപ്പെട്ടുകൊള്ളും മിക്കവാറും കാന്റർബറിയിലായിരിക്കാനാണ് സാദ്ധ്യത

 

“അതെന്താണ് അവിടെ?”

 

“കാരണം, ഞാൻ പോകുന്നത് കാന്റർബറിയിലേക്കാണ് എന്നത് തന്നെ പോപ്പിനെ വധിക്കാൻ” അയാൾ പോക്കറ്റിൽ നിന്നും സ്റ്റെച്ച്കിൻ പിസ്റ്റൾ പുറത്തെടുത്തു. “ഇതാ, ഇതുകൊണ്ട്

 

അവർ ഒന്ന് ചെറുതായി തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടിയത് പോലെ തോന്നി. അയാൾ പറഞ്ഞത് കാര്യമായിട്ട് തന്നെയാണെന്ന് അവർക്കുറപ്പുണ്ടായിരുന്നു. അതയാൾക്ക് മനസ്സിലാവുകയും ചെയ്തു. “പക്ഷേ, എന്തിന്?” അവർ മന്ത്രിച്ചു. “നല്ലൊരു മനുഷ്യനല്ലേ അദ്ദേഹം?”

 

“നല്ല മനുഷ്യൻ നമ്മളെല്ലാവരും അങ്ങനെ തന്നെയല്ലേ? അല്ലെങ്കിൽ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ എപ്പോഴെങ്കിലും അങ്ങനെ ആയിരുന്നില്ലേ?” ക്യുസെയ്ൻ ചോദിച്ചു. “എന്തായാലും ഞാൻ പോയിക്കഴിഞ്ഞയുടൻ നിങ്ങൾ ഫെർഗൂസന് ഫോൺ ചെയ്യണം ഞാൻ കാന്റർബറി കത്തീഡ്രലിലേക്കാണ് പോയിരിക്കുന്നതെന്ന് പറയുക ഇതുകൂടി പറയണം, മൊറാഗിനെ ഞാൻ ഭീഷണിപ്പെടുത്തി സഹായം തേടുകയായിരുന്നുവെന്ന് ജീവഭയം കൊണ്ടാണ് അവൾ കൂടെ വന്നതെന്നും” അയാൾ ചിരിച്ചു. “ഇത്രയും മതിയാവും അവർക്ക് മൊറാഗിനെ ഈ കേസിൽ നിന്ന് ഒഴിവാക്കുവാൻ

 

ബാഗെടുത്ത് അയാൾ വാതിൽക്കലേക്ക് നീങ്ങി. “മരണത്തിലേക്കാണ് നിങ്ങൾ പോകുന്നത് അതറിയാമോ നിങ്ങൾക്ക്?” അവർ ചോദിച്ചു.

 

“തീർച്ചയായും” ക്യുസെയ്ൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ആ ടററ്റ് കാർഡിൽ കണ്ട മരണം സൂചിപ്പിക്കുന്നത് പുനർജന്മത്തെയാണെന്ന് നിങ്ങൾ പറഞ്ഞു എന്റെ മരണത്തിലൂടെ അതിനുള്ള അവസരം സംജാതമാകുകയാണ് നിങ്ങളുടെ പേരക്കുട്ടി ഇപ്പോൾ സുരക്ഷിതയാണ് അതാണ് ഏറ്റവും പ്രധാനം” അയാൾ തന്റെ ബാഗ് തുറന്ന് അമ്പത് പൗണ്ട് നോട്ടുകളുടെ ഒരു കെട്ട് എടുത്ത് മേശപ്പുറത്ത് വച്ചു. “ഇത് അവൾക്കുള്ളതാണ് എനിക്കിനി ഇതിന്റെ ആവശ്യമില്ല

 

അയാൾ പുറത്തേക്ക് ഇറങ്ങി. വാതിൽ ശക്തിയോടെ അടഞ്ഞു. പുറത്ത് ഒരു കാറിന്റെ എഞ്ചിൻ സ്റ്റാർട്ടാകുന്നതിന്റെയും ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് വാഹനം മുന്നോട്ട് പോകുന്നതിന്റെയും ശബ്ദം ശ്രവിച്ചുകൊണ്ട് അവർ ഇരുന്നു. ഹാരി ക്യുസെയ്നെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കുറേയേറെ നേരം അവർ അങ്ങനെ തന്നെ ഇരുന്നു. ഇതുവരെ കണ്ടിട്ടുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്തനായിരുന്നു അയാൾ. വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോയി അയാളെ. അയാളുടെ കണ്ണുകളിൽ പതിയിരിക്കുന്ന മരണം ആദ്യമേ തന്നെ അവർ ശ്രദ്ധിച്ചിരുന്നുവെങ്കിലും അയാളോടൊപ്പമെത്തിയ മൊറാഗിന്റെ സുരക്ഷിത്വം കൂടി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു.

 

മൊറാഗ് ഉറങ്ങിക്കൊണ്ടിരിക്കുന്ന അടുത്ത മുറിയിൽ നിന്നും ചെറിയൊരു അനക്കം കേട്ടു. അവൾ തിരിഞ്ഞു കിടന്നതോ മറ്റോ ആവാം. ആ വൃദ്ധ വാച്ചിലേക്ക് നോക്കി. എട്ടര ആയിരിക്കുന്നു. ഒടുവിൽ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവിടെ നിന്നും എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. മൈതാനത്തിനപ്പുറത്തെ പബ്ലിക്ക് ടെലിഫോൺ ബൂത്തിലെത്തിയ അവർ ഫെർഗൂസന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...