Thursday, June 1, 2023

കൺഫെഷണൽ – 14

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ബാറിൽ ചെന്ന ഫോക്സ്, ഒരു അഞ്ചു പൗണ്ടിന്റെ നോട്ട് കൊടുത്ത് 50 പെൻസിന്റെ നാണയങ്ങൾ ആയി മാറ്റി വാങ്ങി. ഒരു ന്യൂസ്പേപ്പർ വായിച്ചുകൊണ്ട് ബില്ലി വൈറ്റ് അപ്പോഴും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തെ ബിയർ ഗ്ലാസ് നിറഞ്ഞു തന്നെയിരിക്കുന്നു.

 

“നിങ്ങൾക്ക് ഒരു ഡ്രിങ്ക് ഓർഡർ ചെയ്യട്ടെ, മിസ്റ്റർ വൈറ്റ്?” ഫോക്സ് ചോദിച്ചു.

 

“പിന്നെന്താ, ക്യാപ്റ്റൻ” പുഞ്ചിരിച്ചു കൊണ്ട് ഒറ്റയടിക്ക് അയാൾ ഗ്ലാസ് കാലിയാക്കി. “ഇതിന് പിറകെ ഒരു ബുഷ്മിൽ ആയാൽ വളരെ നല്ലത്

 

ഫോക്സ് അയാൾക്ക് വേണ്ടി ഒരു ബുഷ്മിൽ ഓർഡർ ചെയ്തു. “ചിലപ്പോൾ എനിക്ക് ഒന്ന് പുറത്തു പോകേണ്ടി വരും കിൽറിയാ എന്നൊരു ഗ്രാമത്തിലേക്ക് സ്ഥലം അറിയാമോ നിങ്ങൾക്ക്?”

 

“നോ പ്രോബ്ലം” വൈറ്റ് പറഞ്ഞു. “നന്നായിട്ടറിയാം ആ സ്ഥലം എനിക്ക്

 

ഫോക്സ് തിരികെ ഫോൺ ബൂത്തിലേക്ക് ചെന്ന് ഉള്ളിൽ കയറി വാതിൽ ചാരി. പിന്നെ, അവിടെ ഇരുന്ന് അല്പനേരം ചിന്തിച്ചതിന് ശേഷം ഫെർഗൂസൺ നൽകിയ നമ്പർ ഡയൽ ചെയ്തു. മറുഭാഗത്ത് നിന്നും എത്തിയ സ്വരം തിരിച്ചറിയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല അദ്ദേഹത്തിന്. താൻ പരിചയപ്പെട്ടവരിൽ വച്ച് ഏറ്റവും സവിശേഷ വ്യക്തിത്വം അദ്ദേഹത്തിന്റെ സ്വരം  

 

“ഡെവ്‌ലിൻ ഹിയർ

 

“ലിയാം? ദിസ് ഈസ് ഹാരി ഫോക്സ്

 

“മദർ ഓഫ് ഗോഡ്…!” ലിയാം ഡെവ്‌ലിൻ മന്ത്രിച്ചു. “എവിടെയാണ് നിങ്ങളിപ്പോൾ?”

 

“ഡബ്ലിൻ വെസ്റ്റ്ബേൺ ഹോട്ടലിൽ എനിക്ക് താങ്കളെ വന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്

 

“ഈ സമയത്തോ?”

 

“താങ്കൾക്ക് ബുദ്ധിമുട്ടാവുമെങ്കിൽ ക്ഷമിക്കണം

 

ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ ഒരു ചെസ്സ് കളിയിൽ തോറ്റുകൊണ്ടിരിക്കുകയാണ് മകനേ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തൊരു കാര്യമാണത് അതുകൊണ്ട് ഈ നിമിഷം നിങ്ങൾ ഇവിടെയെത്തുകയാണെങ്കിൽ അക്കാര്യം പറഞ്ഞ് എനിക്കതിൽ നിന്നും ഊരിപ്പോരാൻ പറ്റും ആട്ടെ, ഇതൊരു ബിസിനസ് കോൾ ആയി കണക്കാക്കണോ ഞാൻ?”

 

“യെസ് ഞാൻ ഇപ്പോൾത്തന്നെ ഫെർഗൂസണെ വിളിച്ചു പറയാൻ പോകുകയാണ്, താങ്കൾ ഇവിടെയുണ്ടെന്ന് അദ്ദേഹത്തിന് താങ്കളോട് സംസാരിക്കണമത്രെ

 

“ഓ, ആ വയസ്സൻ ഇപ്പോഴും സർവീസിൽ ഉണ്ടോ? ആട്ടെ, എവിടെയാണ് വരേണ്ടതെന്ന് നിങ്ങൾക്ക് അറിയാമോ?”

 

“യെസ്

 

“എങ്കിൽ ഒരു മണിക്കൂറിനുള്ളിൽ കാണാം നമുക്ക് കിൽറിയാ കോട്ടേജ്, കിൽറിയാ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല കോൺവന്റിനോട് തൊട്ടുചേർന്ന്

 

ഫെർഗൂസണെ ഒരിക്കൽക്കൂടി ഫോൺ ചെയ്ത് കാര്യങ്ങൾ ധരിപ്പിച്ച് പുറത്ത് വരുമ്പോൾ ബില്ലി വൈറ്റ് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. “നമ്മൾ ഇപ്പോൾ പുറത്തു പോകുന്നുണ്ടോ ക്യാപ്റ്റൻ?”

 

“യെസ്” ഫോക്സ് പറഞ്ഞു. “കിൽറിയാ കോട്ടേജ്, കിൽറിയാ കോൺവന്റിന് സമീപം ഞാൻ റൂമിൽ ചെന്ന് കോട്ട് എടുത്തിട്ടു വരാം

 

ഫോക്സ് ലിഫ്റ്റിനുള്ളിൽ കയറുന്നത് വരെ ബില്ലി വൈറ്റ് കാത്തു നിന്നു. പിന്നെ, ടെലിഫോൺ ബൂത്തിനുള്ളിൽ കയറി ഒരു നമ്പർ ഡയൽ ചെയ്തു. ഒരു നിമിഷം പോലും വൈകാതെ മറുഭാഗത്തുള്ളയാൾ റിസീവർ എടുത്തു. “ഞങ്ങൾ കിൽറിയയിലേക്ക് പോകുകയാണ് ഇന്ന് രാത്രി തന്നെ അദ്ദേഹം ഡെവ്‌ലിനെ സന്ധിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു” ബില്ലി വൈറ്റ് പറഞ്ഞു.

 

                                                      ***

 

മഴയിൽ കുതിർന്നു കിടക്കുന്ന തെരുവുകളിലൂടെ ഡ്രൈവ് ചെയ്യവെ വൈറ്റ് പറഞ്ഞു. “അറിഞ്ഞിരിക്കാൻ വേണ്ടി പറയുകയാണ് ക്യാപ്റ്റൻ താങ്കളുടെ ആ കൈ നഷ്ടപ്പെട്ട സമയത്ത് പ്രൊവിഷണൽ  IRA യുടെ നോർത്ത് ടൈറൻ ബ്രിഗേഡിൽ ഒരു ലെഫ്റ്റനന്റ് ആയിരുന്നു ഞാൻ

 

“വളരെ ചെറുപ്പമായിരിക്കണമല്ലോ അന്ന് നിങ്ങൾ

 

“ഞാൻ ജനിച്ചതേ വയസ്സനായിട്ടാണെന്ന് വേണമെങ്കിൽ പറയാം അതിന് നന്ദി പറയേണ്ടത് റോയൽ അൾസ്റ്റർ കോൺസ്റ്റാബുലറിയ്ക്കും B-സ്പെഷ്യൽസിനുമാണ് അത്രയ്ക്കും ക്രൂരമായിരുന്നു ഞങ്ങളോടുള്ള അവരുടെ പ്രവൃത്തികൾ” അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. “ലിയാം ഡെവ്‌ലിനെ നല്ല പരിചയമുണ്ട് അല്ലേ താങ്കൾക്ക്?”

 

“അതെന്താ അങ്ങനെ ചോദിച്ചത്?” തെല്ല് കരുതലോടെ അദ്ദേഹം ആരാഞ്ഞു.

 

“അദ്ദേഹത്തെ കാണാനല്ലേ നമ്മൾ പോകുന്നത്? അല്ലെങ്കിലും ലിയാം ഡെവ്‌ലിന്റെ മേൽവിലാസം അറിയാത്തതായി ആരുണ്ടിവിടെ…?

 

“ഒരു വീരനായകനാണ് അദ്ദേഹം നിങ്ങൾക്ക്, അല്ലേ?”

 

“വീരനായകൻ മാത്രമോ? ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം പക്ഷേ, കുറച്ചു കാലമായി പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല മാനവികതയുടെ പക്ഷം ചേർന്ന് നടക്കുന്ന ഒരു വ്യക്തിയാണിപ്പോൾ ബോംബിങ്ങും കലാപവും രക്തച്ചൊരിച്ചിലും ഒന്നും അദ്ദേഹത്തിന് അംഗീകരിക്കാനാവുന്നില്ല

 

“നിങ്ങൾക്കാവുമോ അതിനെയൊക്കെ അംഗീകരിക്കാൻ?”

 

“നമ്മൾ പരസ്പരം യുദ്ധത്തിലല്ലേ? യുദ്ധകാലത്ത് നിങ്ങൾ ഇംഗ്ലീഷുകാർ ജർമ്മനിയെ ബോംബിട്ട് തകർത്തിട്ടില്ലേ? അതുപോലെ ഞങ്ങളും ഇംഗ്ലണ്ടിൽ ആക്രമണം നടത്തുന്നു

 

ആലോചിച്ചാൽ ശരിയാണ് ഫോക്സ് മനസ്സിലോർത്തു. പക്ഷേ, എവിടെ ചെന്ന് അവസാനിക്കും ഇത്? ശവശരീരങ്ങളിൽ ചവിട്ടാതെ നടക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുമോ വരാൻ പോകുന്നത്? ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം നിഴലിച്ചു.

 

നഗരത്തിൽ നിന്നും പുറത്ത് കടന്ന് വാഹനം മുന്നോട്ട് നീങ്ങവെ വൈറ്റ് ചോദിച്ചു. “ഡെവ്‌ലിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട് അത് സത്യമാണോ എന്ന് അറിയാൻ വഴിയുണ്ടോ?”

 

“ചോദിക്കൂ

 

“ഞാൻ കേട്ടത് ഇങ്ങനെയാണ്തൊള്ളായിരത്തി മുപ്പതുകളിൽ ഫ്രാങ്കോയ്ക്ക് എതിരെ പൊരുതുവാനായി സ്പെയ്നിലേക്ക് പോയ അദ്ദേഹത്തെ അവർ പിടികൂടി ജയിലിലടച്ചുജർമ്മൻകാർ അവിടെ നിന്നും അദ്ദേഹത്തെ മോചിപ്പിച്ച് ബെർലിനിൽ കൊണ്ടുപോയി രണ്ടാം ലോകമഹായുദ്ധകാലത്ത് അവരുടെ ഏജന്റായി ഉപയോഗിച്ചു

 

“ശരിയാണ്

 

“അതിന് ശേഷം അവർ അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്കയച്ചു ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിമൂന്നിൽ വിൻസ്റ്റൺ ചർച്ചിലിനെ തട്ടിക്കൊണ്ടു പോകുവാനുള്ള ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ജർമ്മൻ പാരാട്രൂപ്പേഴ്സിനെ സഹായിക്കുവാൻ വേണ്ടി അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?”

 

“ഏതോ നോവലിലെ കഥ പോലെ തോന്നുന്നു എനിക്ക്” ഫോക്സ് പറഞ്ഞു.

 

ബില്ലി വൈറ്റ് നെടുവീർപ്പിട്ടു. “അത് സത്യമാണെന്നായിരുന്നു ഞാൻ കരുതിയത് അതും അതിനപ്പുറവും ചെയ്യാൻ കഴിവുള്ള മനുഷ്യനാണദ്ദേഹം” അയാളുടെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു. പിറകോട്ട് ചാഞ്ഞിരുന്ന് അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

 

                                                   ***

 

കാറിനുള്ളിലെ ഇരുട്ടിൽ പിന്നിലേക്ക് ചാരിക്കിടക്കവെ ഫോക്സിന്റെ ചിന്തകൾ പിറകോട്ട് പാഞ്ഞു. ലിയാം ഡെവ്‌ലിനെക്കുറിച്ച് ബില്ലി വൈറ്റ് പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ല തന്നെ പതിനാറാം വയസ്സിൽ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ ചേർന്ന മിടുക്കനായ വിദ്യാർത്ഥി പത്തൊമ്പതാം വയസ്സിൽ ഫസ്റ്റ് ക്ലാസോടെ ഓണേഴ്സ് ബിരുദം വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ, കവി തൊള്ളായിരത്തി മുപ്പതുകളിൽ IRA യുടെ ഏറ്റവും അപകടകാരിയായ ഗൺമാൻ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു നിത്യവിദ്യാർത്ഥി ആണെന്നും പറയാം

 

ബില്ലി വൈറ്റ് പറഞ്ഞത് മുഴുവനും ഏതാണ്ട് വാസ്തവം തന്നെയാണ്. ഫാസിസ്റ്റുകൾക്കെതിരെ പൊരുതുവാൻ വേണ്ടി അദ്ദേഹം സ്പെയിനിലേക്ക് പോയിട്ടുണ്ട്. പിന്നീട് ജർമ്മനിയുടെ അബ്ഫെറിന് വേണ്ടി അയർലണ്ടിൽ കുറേക്കാലം പ്രവർത്തിച്ചു. പിന്നെ, ആ ചർച്ചിൽ വിഷയം പലയിടത്തുമായി പലപ്പോഴും കേട്ടിട്ടുണ്ട് അതേക്കുറിച്ച് പക്ഷേ, അതിന്റെ സത്യാവസ്ഥ? അതറിയണമെങ്കിൽ, ആ ക്ലാസിഫൈഡ് ഫയലുകൾ പുറത്തു വരണമെങ്കിൽ, ഇനിയും വർഷങ്ങൾ കഴിയണം

 

യുദ്ധാനന്തരം അമേരിക്കയിലേക്ക് പോയ ഡെവ്‌ലിൻ ബോസ്റ്റണിലെ ഓൾ സോൾസ് കാത്തലിക് സെമിനാരിയിൽ പ്രൊഫസറായി ജോലി നോക്കി. തൊള്ളായിരത്തി അമ്പതുകളിൽ വിജയം കാണാതെ പോയ പല IRA ക്യാമ്പെയ്നുകളിലും ഡെവ്‌ലിൻ ഉൾപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉടലെടുക്കുന്ന 1969 ൽ ആണ് അദ്ദേഹം അൾസ്റ്ററിലേക്ക് മടങ്ങുന്നത്. പ്രൊവിഷണൽ IRA യുടെ സ്ഥാപകനേതാക്കളിൽ ഒരുവൻ. പക്ഷേ, യുക്തിക്ക് നിരക്കാത്ത ബോംബിങ്ങ് ക്യാമ്പെയ്നുകളിൽ മനം മടുത്ത അദ്ദേഹം പ്രസ്ഥാനത്തിനുള്ള പിന്തുണയിൽ നിന്നും ബോധപൂർവ്വം പിറകോട്ട് മാറി. 1976 മുതൽ ട്രിനിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഫാക്കൽറ്റി ആയി ജോലി നോക്കുകയാണ് അദ്ദേഹം.

 

1979 ന് ശേഷം ഫോക്സ് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരു മുൻ IRA പ്രവർത്തകനും പിന്നീട് അന്താരാഷ്ട്ര ഭീകരനുമായി മാറിയ ഫ്രാങ്ക് ബാരിയെ പിടികൂടുവാൻ വേണ്ടി ഫെർഗൂസൺ അന്ന് അദ്ദേഹത്തെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് വേണം പറയാൻ. ആ ദൗത്യവുമായി സഹകരിക്കുവാൻ പല കാരണങ്ങളുമുണ്ടായിരുന്നു ഡെവ്‌ലിന് അന്ന്. ഫെർഗൂസൺ പറഞ്ഞ നുണകൾ വിശ്വസിച്ചു പോയതായിരുന്നു അദ്ദേഹത്തിന് പറ്റിയ തെറ്റ്. വീണ്ടും ഫെർഗൂസണ് വേണ്ടി പ്രവർത്തിക്കണമെന്ന് പറയുമ്പോൾ എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിക്കുക?

 

ഗ്രാമത്തിലെ ഒരു നീണ്ട തെരുവിലേക്ക് അവർ പ്രവേശിച്ചു. ഫോക്സ് അല്പം മുന്നോട്ട് നിവർന്നിരുന്നു. “നമ്മൾ കിൽറിയയിൽ എത്തിയിരിക്കുന്നു ആ കാണുന്നതാണ് കോൺവന്റ് തൊട്ടപ്പുറത്ത് കാണുന്നത് ഡെവ്‌ലിന്റെ കോട്ടേജും” വൈറ്റ് പറഞ്ഞു.

 

മതിലിന് സമീപത്തെ ചരൽപ്പാതയിൽ കാർ നിർത്തിയിട്ട് അയാൾ എഞ്ചിൻ ഓഫ് ചെയ്തു. “ഞാൻ ഇവിടെ വെയ്റ്റ് ചെയ്തോളാം ക്യാപ്റ്റൻ

 

കാറിൽ നിന്നും പുറത്തിറങ്ങിയ ഫോക്സ് ഇരുവശത്തും റോസാച്ചെടികൾ പൂത്തു നിൽക്കുന്ന കല്ലു പാകിയ വഴിയിലൂടെ പോർച്ചിലേക്ക് നടന്നു. നല്ലയിനം തടി കൊണ്ട് വിക്ടോറിയൻ ശൈലിയിൽ പണി തീർത്ത ഒരു കോട്ടേജ്. വലിച്ചിട്ടിരിക്കുന്ന ജാലകത്തിരശ്ശീലക്കപ്പുറം വൈദ്യുതവിളക്കിന്റെ വെട്ടം കണാനുണ്ട്. അദ്ദേഹം കോളിങ്ങ് ബെല്ലിൽ വിരലമർത്തി. ഉള്ളിൽ ആരുടെയോ സംസാരം പിന്നെ വാതിലിനടുത്തേക്ക് നടന്നടുക്കുന്ന കാലടിശബ്ദം അടുത്ത നിമിഷം വാതിൽ തുറക്കപ്പെട്ടു. തന്റെ നേർക്ക് നോക്കിക്കൊണ്ട് ലിയാം ഡെവ്‌ലിൻ തൊട്ടു മുന്നിൽ

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

10 comments:

  1. അങ്ങനെ നമ്മൾ സാക്ഷാൽ ലിയാം ഡെവ്ലിന്റെ അടുക്കൽ എത്തിയിരിക്കുന്നു!

    എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം?

    ReplyDelete
    Replies
    1. അതൊരു ചോദ്യം തന്നെ... കാത്തിരിക്കാം‌ നമുക്ക് അടുത്ത ലക്കം വരെ...

      Delete
  2. സാക്ഷാൽ ഡെവ്‌ലിൻ എത്തി ഇനിയാണ് കളികൾ

    ReplyDelete
  3. ഫോക്സിൻ്റെ പുറകോട്ടു പാഞ്ഞ ചിന്തയിലൂടെ ലിയാം ഡെവ്ലിൻ്റെ മഹത്വം അറിയാം

    ReplyDelete
    Replies
    1. സത്യം... പക്ഷേ, ഈഗിൾ ഹാസ് ലാന്റഡിലൂടെ നാം അറിഞ്ഞ കാര്യങ്ങളൊന്നും ഫോക്സിന് അറിവില്ലെന്ന് തോന്നുന്നു...

      Delete
  4. ഡെവ് ലിൻ സമ്മതിക്കുമോ. എന്തായാലും അടുത്തത് വായിക്കട്ടെ

    ReplyDelete
    Replies
    1. പെട്ടെന്ന് ചെല്ലൂ സുചിത്രാജീ...

      Delete
  5. രോമാഞ്ചം ..
    യുദ്ധത്തിന് ശേഷം ഡെവ്‌ലിന്റെ ജീവിതം എന്തായിരുന്നുവെന്നും അറിയാൻ പറ്റി

    ReplyDelete