Thursday, June 15, 2023

കൺഫെഷണൽ – 16

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വളരെ ശാന്തമായിരുന്നു ആ ആതുരാലയം. സാധാരണ കാണപ്പെടുന്ന ആശുപത്രികളിൽ നിന്നും വിഭിന്നമായ രീതിയിലായിരുന്നു അതിന്റെ നിർമ്മിതി. വാർഡിലെ ഓരോ അന്തേവാസിയ്ക്കും അവരുടെ താല്പര്യമനുസരിച്ച് സ്വകാര്യതയോ മറ്റുള്ളവരുമായി ഇടപഴകലോ സാദ്ധ്യമാകും വിധമാണ് ബെഡ്ഡുകളുടെ സജ്ജീകരണം. ഷെയ്ഡഡ് ലാമ്പിന്റെ മങ്ങിയ വെട്ടത്തിൽ നൈറ്റ് ഡ്യൂട്ടിയിലുള്ള സിസ്റ്റർ അവരുടെ ഡെസ്കിന് മുന്നിൽ ഇരിക്കുന്നുണ്ട്. ഇരുട്ടിൽ നിന്നും പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഫാദർ ഹാരി ക്യുസെയ്നെ തൊട്ടുമുന്നിൽ എത്തിയപ്പോഴായിരുന്നു അവർ കണ്ടത്.

 

“മാലണിന് എങ്ങനെയുണ്ട്?”

 

“മാറ്റമൊന്നുമില്ല ഫാദർ വേദന കുറവുണ്ട് അത്യാവശ്യ മരുന്നുകൾ മാത്രമേ കൊടുക്കുന്നുള്ളൂ

 

“അദ്ദേഹത്തിന് ബോധമുണ്ടല്ലോ അല്ലേ..?”

 

“ഉണ്ട് ഫാദർ

 

“ശരി, ഞാൻ പോയി നോക്കട്ടെ

 

ഡാനി മാലണിന്റെ ബെഡ് ബുക്ക് ഷെൽഫുകളും കബോർഡുകളും കൊണ്ട് മറ്റുള്ളവരുടേതിൽ നിന്നും മറച്ചിരുന്നു. ചില്ലുജാലകത്തിലൂടെ പുറമെയുള്ള കാഴ്ച്ചകൾ കാണാനാവും വിധമാണ് കട്ടിൽ ഇട്ടിരിക്കുന്നത്. നക്ഷത്രങ്ങൾ നിറഞ്ഞ വാനം ബെഡ്ഡിൽ നിന്നും ദൃശ്യമാണ്. സമീപത്ത് മുനിഞ്ഞു കത്തുന്ന നൈറ്റ് ലാമ്പിന്റെ വെട്ടത്തിൽ അയാളുടെ മുഖം വ്യക്തമായി കാണാനാവുന്നുണ്ട്. ഏറിയാൽ നാല്പത് വയസ്സ് പ്രായം. പക്ഷേ, മുടിയെല്ലാം നരച്ചിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ശരീരം. അർബുദബാധ കൊണ്ടുള്ള കടുത്ത വേദനയാൽ ആ മുഖം ഇടയ്ക്ക് വലിഞ്ഞു മുറുകുന്നുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളിലാണ് അയാൾ.

 

ക്യുസെയ്ൻ അരികിൽ എത്തിയതും മാലൺ കണ്ണുകൾ തുറന്നു. ഏതാനും മാത്ര അദ്ദേഹത്തെ തുറിച്ചുനോക്കിയ ആ കണ്ണുകൾ ആളെ തിരിച്ചറിഞ്ഞതും തിളങ്ങി. “ഫാദർ, ഇന്ന് ഇനി താങ്കൾ വരില്ല എന്ന് കരുതി

 

“വരുമെന്ന് ഞാൻ വാക്കു തന്നിരുന്നതല്ലേ? ഡെവ്‌ലിനോടൊപ്പം ഒരു ഡ്രിങ്ക് അതാണ് വൈകിയത്

 

“ജീസസ്സ്..! ഒറ്റ ഡ്രിങ്കിൽ അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ അടുത്തു നിന്നും രക്ഷപെടാനായത് അത്ഭുതം തന്നെ ഫാദർലിയാം ഡെവ്‌ലിൻ അയർലണ്ടിന് വേണ്ടി അദ്ദേഹത്തെ പോലെ ജീവിതം ഉഴിഞ്ഞു വച്ച മറ്റൊരാൾ ഇല്ല തന്നെ

 

“അപ്പോൾ നിങ്ങളോ?” ക്യുസെയ്ൻ അയാൾക്കരികിൽ ഇരുന്നു. “നിങ്ങളെക്കാൾ കരുത്തനായ ഒരു പോരാളിയെ പ്രസ്ഥാനം ഇതുവരെ കണ്ടിട്ടില്ല, ഡാനീ

 

“പക്ഷേ, എത്ര പേരെയാണ് ഞാൻ വകവരുത്തിയത്, ഫാദർ എന്തിന് വേണ്ടി?” മാലൺ ചോദിച്ചു. “ഡാനിയൽ ഒ’ കോനെൽ ഒരിക്കൽ തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി, അയർലണ്ടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു മനുഷ്യജീവൻ പോലും നഷ്ടമാവരുത് എന്ന് അന്ന് ചെറുപ്പമായിരുന്ന ഞാൻ അതിനെ ചോദ്യം ചെയ്തു ഇന്ന്, മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ ഞാൻ മനസ്സിലാക്കുന്നു, അദ്ദേഹം എന്താണ് അർത്ഥമാക്കിയിരുന്നതെന്ന്” വേദന കൊണ്ട് ഒന്ന് ഞരങ്ങിയിട്ട് അദ്ദേഹം ക്യുസെയ്ന് നേർക്ക് തിരിഞ്ഞു. “അല്പനേരം കൂടി സംസാരിക്കാൻ സമയമുണ്ടാവുമോ ഫാദർ? എനിക്കല്പം ആശ്വാസമാവും അത്

 

“കുറച്ചു നേരം മാത്രം നിങ്ങൾക്ക് ഉറക്കമാണ് വേണ്ടത്” ക്യുസെയ്ൻ പുഞ്ചിരിച്ചു. “വൈദികൻ നല്ലൊരു കേൾവിക്കാരൻ കൂടിയാണ് ഡാനീ

 

മാലൺ സന്തോഷത്തോടെ പുഞ്ചിരിച്ചു. “റൈറ്റ് അപ്പോൾ നമ്മൾ എവിടെയാണ് പറഞ്ഞു നിർത്തിയത്? ഓ, ഓർക്കുന്നു 1972 ൽ ഇംഗ്ലീഷ് മിഡ്‌ലാന്റിലും ലണ്ടനിലും നടത്തുവാൻ ഉദ്ദേശിച്ചിരുന്ന ബോംബിങ്ങ് ക്യാമ്പെയ്നെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഞാൻ

 

“രേഖകളിൽ നിങ്ങളുടെ കോഡ്നെയിം ഫോക്സ് എന്നായിരുന്നുവെന്ന് പറഞ്ഞല്ലോ” ക്യുസെയ്ൻ പറഞ്ഞു. “ഇംഗ്ലണ്ടിനും അയർലണ്ടിനും ഇടയിൽ നിരവധി തവണ നിങ്ങൾ യാത്ര ചെയ്തു നിങ്ങളുടെ സുഹൃത്തുക്കൾ എല്ലാം പിടിയിലായിട്ടും നിങ്ങൾ മാത്രം രക്ഷപെട്ടുഎങ്ങനെയായിരുന്നു ഡാനീ അത്?”

 

“വളരെ ലളിതം, ഫാദർ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഇൻഫോർമർമാരാണ് രണ്ടാമത്തേത് IRA യുടെ കഴിവുകേട് ജനങ്ങളെല്ലാം വലിയ പ്രത്യയശാസ്ത്രവും വിപ്ലവവും പറയുമെങ്കിലും സാമാന്യബോധം എന്നത് തീരെയില്ല അതുകൊണ്ടാണ് ഞാൻ പ്രൊഫഷണൽസിന്റെ സഹായം തേടിയത്

 

“പ്രൊഫഷണൽസ്?”

 

“താങ്കളുടെ ഭാഷയിൽ ക്രിമിനൽസ് എന്ന് പറയും ഉദാഹരണത്തിന് എഴുപതുകളിൽ സ്കോട്ട്ലണ്ട് യാർഡിലെ സ്പെഷ്യൽ ബ്രാഞ്ചിന്റെ ലിസ്റ്റിൽ ഇടം പിടിക്കാത്ത ഒരു വീട് പോലും ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നില്ല ഞങ്ങൾക്ക് ഒളിച്ചു താമസിക്കുവാനായി അങ്ങനെയാണ് ഒട്ടുമിക്കവരും പിടിക്കപ്പെട്ടത്

 

“അപ്പോൾ നിങ്ങളോ?”

 

“പിടികൊടുക്കാതെ നടക്കുന്ന ക്രിമിനലുകൾക്കും സ്ഥിതി മോശമാവുമ്പോൾ പിൻവലിയുന്നവർക്കും ഒളിച്ചു താമസിക്കാൻ പറ്റിയ ഇടങ്ങൾ അപ്പോഴും ഉണ്ടായിരുന്നു ഫാദർ ചെലവ് അല്പം കൂടുതലായിരുന്നുവെന്ന് മാത്രം പക്ഷേ, സുരക്ഷിതമായിരുന്നു അത്തരമൊന്നാണ് ഞാൻ ഉപയോഗിച്ചത് സ്കോട്ട്ലണ്ടിൽ ഗ്ലാസ്ഗോയുടെ തെക്കൻ പ്രദേശമായ ഗാലോവേയിൽ ഒരെണ്ണമുണ്ടായിരുന്നു മൺഗോ സഹോദരന്മാർ എന്നറിയപ്പെടുന്ന ഗുണ്ടകൾ ആയിരുന്നു അതിന്റെ നടത്തിപ്പുകാർ നാട്ടിൻപുറത്തെ ഒരു ഒളിത്താവളം എന്ന് പറയാം

 

പെട്ടെന്ന്, കടുത്ത വേദനയാൽ അയാൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “ഞാൻ സിസ്റ്ററെ വിളിച്ചുകൊണ്ടുവരാം” പരിഭ്രാന്തനായ ക്യുസെയ്ൻ പറഞ്ഞു.

 

മാലൺ അദ്ദേഹത്തിന്റെ ളോഹയിൽ പിടിച്ചു. “വേണ്ട അതിന്റെ ആവശ്യമില്ല വേദനാസംഹാരികൾ കഴിച്ചു മടുത്തു സിസ്റ്റർമാർ വളരെ നല്ലവർ തന്നെ പക്ഷേ, എനിക്ക് വയ്യ ഇനിയും മരുന്ന് കഴിക്കാൻ നമുക്ക് സംസാരിച്ചുകൊണ്ടേയിരിക്കാം ഫാദർ

 

“ഓൾറൈറ്റ്” ഹാരി ക്യുസെയ്ൻ പറഞ്ഞു. പിറകോട്ട് ചാരി കണ്ണുകളടച്ച മാലൺ ഒരു നിമിഷം കഴിഞ്ഞ് മിഴികൾ തുറന്നു. “ഞാൻ പറഞ്ഞു വന്നത്, ആ മൺഗോ സഹോദരന്മാർ, അതായത് ഹെക്ടറും ആൻഗസും കറ തീർന്ന തെമ്മാടികൾ ആയിരുന്നു

 

                                                       ***

 

ഡെവ്‌ലിൻ അക്ഷമനായി മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. “ഞാൻ പറഞ്ഞ കാര്യങ്ങൾ താങ്കൾ വിശ്വസിക്കുന്നുണ്ടോ?” ഫോക്സ് ആരാഞ്ഞു.

 

“ഇറ്റ് മെയ്ക്‌സ് സെൻസ് സംഭവിച്ചതെല്ലാം വച്ചു നോക്കുമ്പോൾ കാര്യമില്ലാതെയില്ല” ഡെവ്‌ലിൻ പറഞ്ഞു. “അതുകൊണ്ട് തത്വത്തിൽ ഇത് ഞാൻ അംഗീകരിക്കുന്നു എന്ന് തന്നെ കരുതിക്കോളൂ

 

“അപ്പോൾ ഈ വിഷയത്തിൽ നമ്മൾ എന്താണിനി ചെയ്യാൻ പോകുന്നത്?”

 

നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്നോ?” ഡെവ്‌ലിൻ അദ്ദേഹത്തെ തുറിച്ചു നോക്കി. “മനുഷ്യന്റെ മര്യാദകേട് ഒരു കാര്യം നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കട്ടെ ഹാരീ കഴിഞ്ഞ തവണ ഫെർഗൂസണ് വേണ്ടി ഒരു ദൗത്യം ഞാൻ ഏറ്റെടുത്തു പക്ഷേ, ആ ബാസ്റ്റർഡ് എന്നെ കബളിപ്പിക്കുകയായിരുന്നു എന്നോട് പറഞ്ഞതത്രയും നുണകളായിരുന്നു എന്നെ ശരിക്കും ചൂഷണം ചെയ്യുകയായിരുന്നു അയാൾ

 

“അത് അന്നായിരുന്നു ഇതിപ്പോൾ സന്ദർഭം വേറെയല്ലേ?”

 

“നിങ്ങളുടെ ഈ മൊഴിമുത്തുകളുടെ അർത്ഥം എന്താണെന്നാണ് ഞാൻ മനസ്സിലാക്കേണ്ടത്?”

 

ഫ്രഞ്ച് ജാലകത്തിൽ ആരോ പതുക്കെ തട്ടുന്ന സ്വരം. ഡെവ്‌ലിൻ മേശവലിപ്പ് തുറന്ന് തന്റെ പഴയ മോഡൽ മോസർ പുറത്തെടുത്ത് കോക്ക് ചെയ്തു. SS സേനയുടെ കൈവശമുള്ള തരം സൈലൻസർ ഘടിപ്പിച്ച പിസ്റ്റൾ ആയിരുന്നു അത്. കരുതിയിരിക്കുവാൻ ഫോക്സിന് നേർക്ക് ആംഗ്യം കാണിച്ചിട്ട് അദ്ദേഹം കർട്ടൻ വകഞ്ഞു മാറ്റി. മാർട്ടിൻ മക്ഗിനസ് ആയിരുന്നു അത്. തൊട്ടരികിൽ മർഫിയും.

 

“ഡിയർ ഗോഡ്!” ഡെവ്‌ലിൻ മന്ത്രിച്ചു.

 

ഡെവ്‌ലിൻ തുറന്നു കൊടുത്ത വാതിലിലൂടെ പുഞ്ചിരിച്ചുകൊണ്ട് മക്ഗിനസ് ഉള്ളിലേക്ക് പ്രവേശിച്ചു. “ഗോഡ് ബ്ലെസ്സ് ഓൾ ഹിയർ!” തെല്ല് പരിഹാസത്തോടെ പറഞ്ഞിട്ട് അദ്ദേഹം മർഫിയുടെ നേർക്ക് തിരിഞ്ഞു. “മിഷേൽ, പുറത്ത് ശ്രദ്ധ വേണം” വാതിൽ അടച്ചിട്ട് അദ്ദേഹം നെരിപ്പോടിനരികിലേക്ക് നടന്നു. “രാത്രി ആവുമ്പോഴേക്കും നല്ല തണുപ്പായിത്തുടങ്ങി” കൈ നീട്ടി ചൂടു കാഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

“നിങ്ങൾക്കെന്താണ് വേണ്ടത്?” ഡെവ്‌ലിൻ ആരാഞ്ഞു.

 

“ക്യാപ്റ്റൻ ഫോക്സ് താങ്കളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചുവോ?”

 

“യെസ്

 

“ആന്റ് വാട്ട് ഡൂ യൂ തിങ്ക്?”

 

“ഐ ഡോണ്ട് തിങ്ക് അറ്റ് ഓൾ” ഡെവ്‌ലിൻ പറഞ്ഞു. “പ്രത്യേകിച്ചും നിങ്ങളൊക്കെ ഇതിൽ ഉൾപ്പെട്ട സ്ഥിതിയ്ക്ക്

 

“ഭീകരപ്രവർത്തനത്തിന്റെ ലക്ഷ്യം തന്നെ ഭീതി പരത്തുക എന്നതാണെന്നാണ് മൈക്ക് കോളിൻസ് പറയാറുള്ളത്” മക്ഗിനസ് പറഞ്ഞു. “എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാൻ പൊരുതുന്നത്, ലിയാം കൈയിൽ കിട്ടുന്നത് എന്തുവച്ചും നമ്മൾ ഇപ്പോഴും യുദ്ധത്തിലാണ്” അദ്ദേഹത്തിന് ദ്വേഷ്യം വരുന്നുണ്ടായിരുന്നു. “അതിൽ ഒരു പശ്ചാത്താപവും ഇല്ല എനിയ്ക്ക്

 

“ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ” ഫോക്സ് ഇടയിൽ കയറി. “കുഖോളിൻ എന്ന വ്യക്തി ഒരു യാഥാർത്ഥ്യമാണെന്ന കാര്യം നമുക്ക് അംഗീകരിച്ചേ പറ്റൂ അങ്ങനെ വരുമ്പോൾ ഞങ്ങളുടെ പക്ഷം, നിങ്ങളുടെ പക്ഷം എന്നൊക്കെയുള്ള വാദങ്ങൾക്ക് പ്രസക്തിയില്ല കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി പ്രശ്നങ്ങൾ നിലനിർത്തിക്കൊണ്ടു പോകുകയാണ് അയാൾ

 

മക്ഗിനസ് ഗ്ലാസിലേക്ക് വിസ്കി പകർന്നു. “അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട് 1972 ൽ ഡെറിയുടെ ഇൻ ചാർജ്ജ് ആയിരുന്നപ്പോൾ ഡെയ്തി ഓ കോനെൽ, സീമസ് ടോമി, ഐവർ ബെൽ എന്നിവരോടൊപ്പം സമാധാന ചർച്ചയ്ക്കായി വില്ലി വൈറ്റ്‌ലോയെ സന്ദർശിക്കാൻ ഞാൻ ലണ്ടനിലേക്ക് പോയിരുന്നു

 

“അപ്പോഴാണ് ലെനാഡൂൺ വെടിവയ്പ്പ് നടന്നതും സമാധാന ചർച്ചകൾ തകിടം മറിഞ്ഞതും” ഫോക്സ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “ആരുടെയെങ്കിലും പക്ഷം പിടിക്കുന്നു എന്നൊക്കെ  പറയുന്നതിൽ ഒരർത്ഥവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല അയർലണ്ട് പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കുഖോളിൻ എന്ന് വേണം കരുതാൻ അതിനൊരു അന്ത്യം കുറിക്കുവാനുള്ള വഴിയാണ് നാം തേടേണ്ടത്

 

“ധാർമ്മികത, അല്ലേ?” ഒരു ഗൂഢസ്മിതത്തോടെ ഡെവ്‌ലിൻ കൈ ഉയർത്തി.

 

“ഗുഡ് ദെൻ നമുക്ക് വിശദാംശങ്ങളിലേക്ക് കടക്കാം കെല്ലി അല്ലെങ്കിൽ കുഖോളിൻ അല്ലെങ്കിൽ വേറെ എന്ത് പേര് തന്നെ ആയിക്കോട്ടെ, അയാളെ നേരിൽ കണ്ടിട്ടുള്ള വ്യക്തിയാണ് ഈ ലെവിൻ എന്നു പറയുന്നയാൾ അറിയപ്പെടുന്ന എല്ലാ KGB ചാരന്മാരുടെയും ഫോട്ടോകൾ ഫെർഗൂസൺ ഇപ്പോൾ അയാളെ കാണിച്ചിട്ടുണ്ടാവും” ഫോക്സ് പറഞ്ഞു. “മാത്രമല്ല, ഒരു വിധം എല്ലാ IRA, UDA, UVF പ്രവർത്തകരുടെയും... ഇവിടെ ഡബ്ലിനിലെ സ്പെഷ്യൽ ബ്രാഞ്ചിന്റെ ലിസ്റ്റിലുള്ളവരുടെയും അടക്കം കാരണം ഞങ്ങൾ വിവരങ്ങൾ പരസ്പരം കൈമാറാറുള്ളതാണ്

 

“ആ ബാസ്റ്റർഡുകൾ അതു ചെയ്യുമെന്ന് എനിക്കുറപ്പാണ്” മക്ഗിനസ് പല്ല് ഞെരിച്ചു. “എങ്കിൽത്തന്നെയും നിങ്ങളുടെ ലണ്ടൻ പോലീസിനോ ഇവിടുത്തെ ഡബ്ലിൻ പോലീസിനോ പോലും അറിയാത്ത ഏതാനും പ്രവർത്തകർ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്

 

“എങ്ങനെയാണ് അക്കാര്യം നമ്മൾ കൈകാര്യം ചെയ്യാൻ പോകുന്നത്?” ഫോക്സ് ആരാഞ്ഞു.

 

“താങ്കൾ ലെവിനെ ഇങ്ങോട്ട് എത്തിക്കുക അയാളും ഡെവ്‌ലിനും കൂടി – മറ്റൊരാളും പാടില്ല - ഞങ്ങളുടെ കൈവശമുള്ള ഫോട്ടോകൾ കാണട്ടെ സമ്മതമാണോ?”

 

ഫോക്സ് ഡെവ്‌ലിനെ നോക്കി. അദ്ദേഹം തല കുലുക്കി.

 

“ഓകെ എങ്കിൽ ഇന്ന് രാത്രി തന്നെ ഞാൻ ബ്രിഗേഡിയർ ഫെർഗൂസണെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാം” ഫോക്സ് പറഞ്ഞു.

 

“ഫൈൻ” മക്ഗിനസ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “താങ്കളുടെ ഫോൺ ആരും ടാപ്പ് ചെയ്യുന്നില്ല എന്ന് ഉറപ്പല്ലേ? ആ സ്പെഷ്യൽ ബ്രാഞ്ച് ബാസ്റ്റർഡുകളെ എനിക്കത്ര വിശ്വാസം പോരാ

 

ഡെവ്‌ലിൻ മേശവലിപ്പ് തുറന്ന് കറുത്ത ഒരു മെറ്റൽ ബോക്സ് പുറത്തെടുത്ത് സ്വിച്ച് ഓൺ ചെയ്തു. അതിന്മേൽ ഒരു ചുവന്ന ലൈറ്റ് തെളിഞ്ഞു. ശേഷം, ടെലിഫോണിന്റെ സമീപത്ത് ചെന്ന് അതിന് മുകളിൽ ആ ബോക്സ് പിടിച്ചു. യാതൊരു പ്രതികരണം ഉണ്ടായില്ല.

 

“ഓ, ഇലക്ട്രോണിക്ക് യുഗത്തിലെ അത്ഭുതങ്ങൾ” ഡെവ്‌ലിൻ ആ ബോക്സ് മേശപ്പുറത്ത് വച്ചു.

 

“ഫൈൻ” മക്ഗിനസ് പറഞ്ഞു. “അപ്പോൾ, ഇതേക്കുറിച്ച് അറിയാവുന്ന വ്യക്തികൾ ഫെർഗൂസൺ, താങ്കൾ, ലിയാം, ചീഫ് ഓഫ് ദി സ്റ്റാഫ്, പിന്നെ ഞാൻ ഇത്രയും പേർ മാത്രം

 

“ഞാൻ സൂചിപ്പിച്ച ആ പ്രൊഫസർ പോൾ ചെർണിയുടെ കാര്യം…?” ഫോക്സ് ചോദിച്ചു.

 

മക്ഗിനസ് തല കുലുക്കി. “ദാറ്റ്സ് റൈറ്റ് അയാളുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു” മക്ഗിനസ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “താങ്കൾക്ക് അയാളെ പരിചയമുണ്ടോ?”

 

“യൂണിവേഴ്സിറ്റിയിലെ സൽക്കാര പാർട്ടികളിൽ കണ്ടിട്ടുണ്ട് അധികമൊന്നും സംസാരിച്ചിട്ടില്ല ഒരു ജെന്റിൽമാൻ വിഭാര്യനാണ് റഷ്യയിൽ നിന്നും ഇങ്ങോട്ട് കൂറു മാറുന്നതിന് മുമ്പ് തന്നെ ഭാര്യ മരിച്ചുപോയിരുന്നു അയാൾക്ക് ഇതിൽ പങ്കുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല” ഡെവ്‌ലിൻ പറഞ്ഞു.

 

“ആരെയും അങ്ങനെ വിശ്വസിക്കാൻ പറ്റില്ല” മക്ഗിനസ് പറഞ്ഞു. “കൂറുമാറാൻ അയാൾ തിരഞ്ഞെടുത്തത് അയർലണ്ട് ആയത് വെറും യാദൃച്ഛികം മാത്രമായിരുന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല നാം തേടുന്ന വ്യക്തിയെ അയാൾക്ക് പരിചയമുണ്ടാവാൻ എല്ലാ സാദ്ധ്യതകളുമുണ്ട് അയാളെ പിടിച്ചുകൊണ്ടുവന്ന് നന്നായിട്ടൊന്ന് പിഴിഞ്ഞാലോ നമുക്ക്?”

 

“അതാണ് വേണ്ടത് പക്ഷേ, അത് ചെയ്യുന്നില്ലല്ലോ” ഫോക്സ് പറഞ്ഞു.

 

“ഹീ ഈസ് റൈറ്റ്” ഡെവ്‌ലിൻ പറഞ്ഞു. “എന്തായാലും തുടക്കത്തിൽ മൃദുവായ സമീപനം മതി

 

“ഓൾറൈറ്റ്” മക്ഗിനസ് പറഞ്ഞു. “ഇരുപത്തിനാല് മണിക്കൂറും അയാളെ നിരീക്ഷിക്കാൻ ഞാൻ ഏർപ്പാടാക്കാം മിഷേൽ മർഫിയെ ആ ചുമതല ഏൽപ്പിക്കാം നമ്മളറിയാതെ ബാത്ത്റൂമിൽ പോകാൻ പോലും സാധിക്കില്ല പ്രൊഫസർ ചെർണിയ്ക്ക്

 

ഡെവ്‌ലിൻ ഫോക്സിനെ നോക്കി. “ഓകെയാണോ നിങ്ങൾക്ക്?”

 

“ഫൈൻ” ഫോക്സ് സമ്മതിച്ചു.

 

“ഗുഡ്” മക്ഗിനസ് തന്റെ റെയിൻകോട്ടിന്റെ ബട്ടൻസ് ഇട്ടു. “എന്നാൽ ഞാൻ ഇറങ്ങുകയാണ് താങ്കളുടെ കാര്യം നോക്കാൻ ബില്ലി വൈറ്റിനെ ഞാൻ വിട്ടുതരികയാണ്, ക്യാപ്റ്റൻ” അദ്ദേഹം ഫ്രഞ്ച് വിൻഡോ തുറന്നു. “ലിയാം, ഇനി മുതൽ താങ്കൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്” പുറത്തേക്കിറങ്ങി അദ്ദേഹം നടന്നകന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

10 comments:

  1. അങ്ങനെ "ഓപ്പറേഷൻ കുഖോളിൻ" ആരംഭിക്കുകയായി..

    ReplyDelete
    Replies
    1. അതെ... ഡബ്ലിനിലേക്ക് പോയി നോക്കുന്നോ...? നമ്മുടെ ചാരൻ മുരളിഭായിയെയും കൂട്ടിക്കോളൂ...

      Delete
    2. എന്നാ പിന്നെ ഒരുമിച്ചു അങ്ങ് പോയാലോ

      Delete
    3. എന്നാൽ പിന്നെ ഞാനും ഉണ്ട്...

      Delete
    4. നിങ്ങ പോയി വന്നോ..
      എനിക്കും വരണായിരുന്നു

      Delete
    5. നേരത്തിനും കാലത്തിനും എത്തിയില്ലെങ്കിൽ ഇങ്ങനെയിരിക്കും ഉണ്ടാപ്രീ...

      Delete
  2. കുഖൊളിൻ്റെ കൂടെ പോവുകയാണോ ടീം?

    ReplyDelete
    Replies
    1. കുഖോളിനെ പിടികൂടാനാണ് സുകന്യാജീ...

      Delete
  3. ഒറ്റയിരിപ്പിനു ഇതുവരെയുള്ള എല്ലാം വായിച്ചു തീർത്തു . വളരെ മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നു റെജിയേട്ടാ ..

    ReplyDelete
    Replies
    1. വളരെ സന്തോഷം സുനിൽ... വളരെ കാലങ്ങൾക്ക് ശേഷം ഈ വഴി വന്നതിൽ...

      Delete