ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഫോക്സിന്റെ ഫോൺ വരുമ്പോൾ ഫെർഗൂസൺ കിടക്കയിലായിരുന്നു. ഒരു കെട്ട് പേപ്പറുകളുമായി തലയിണയിൽ ചാരിയിരുന്നു കൊണ്ട്, അടുത്ത ദിവസം നടക്കാനിരിക്കുന്ന ഡിഫൻസ് കമ്മിറ്റി മീറ്റിങ്ങിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഫോക്സിന് പറയാനുള്ളതെല്ലാം വളരെ ശ്രദ്ധയോടെ അദ്ദേഹം കേട്ടു. “കേട്ടിടത്തോളം സോ ഫാർ സോ ഗുഡ്, ഹാരീ… ലെവിൻ ഇന്ന് ഇവിടെത്തന്നെയായിരുന്നു… ഡയറക്ടറേറ്റിലുള്ള ഫോട്ടോസ് എല്ലാം തന്നെ കാണിച്ചുവെങ്കിലും നാം തിരയുന്ന ആളെ കണ്ടെത്താനായില്ല അയാൾക്ക്…”
“കാലം കുറേയായില്ലേ സർ… കുഖോളിന് മാറ്റം വന്നിരിക്കാം… വയസ്സായതുകൊണ്ട് മാത്രമല്ല… ബാഹ്യരൂപം തന്നെ മാറിയിരിക്കാം… ഉദാഹരണത്തിന് നാം കാണിച്ച ഫോട്ടോയിൽ അയാൾക്ക് താടിയൊക്കെ ഉണ്ടെങ്കിലോ…?”
“നെഗറ്റിവ് ചിന്തയാണല്ലോ ഹാരീ… നാളെ രാവിലത്തെ ഫ്ലൈറ്റിൽ ലെവിനെ ഞാൻ ഡബ്ലിനിലേക്കയക്കുകയാണ്… പക്ഷേ, അയാളുടെ കാര്യങ്ങൾ ഡെവ്‌ലിൻ നോക്കേണ്ടി വരും… നിങ്ങളെ എനിക്കിവിടെ ആവശ്യമുണ്ട്…”
“പ്രത്യേകിച്ചെന്തെങ്കിലും സർ…?”
“ആ വത്തിക്കാൻ വിഷയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്… പോപ്പിന്റെ വരവ് മിക്കവാറും ഉണ്ടാവില്ല എന്ന് തന്നെയാണ് തോന്നുന്നത്… എങ്കിലും, അർജന്റീനയിലെയും ബ്രിട്ടനിലെയും കർദ്ദിനാൾമാരെ മീറ്റിങ്ങിനായി വിളിച്ചിട്ടുണ്ടദ്ദേഹം…”
“എന്ന് വച്ചാൽ, ഒരു സന്ദർശനത്തിന്റെ സാദ്ധ്യത ഇനിയും തള്ളിക്കളയാനാവില്ല എന്നാണോ…?”
“ചിലപ്പോൾ… പക്ഷേ, നമ്മളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയം മറ്റൊന്നാണ്… അർജന്റീനയുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണ്… യൂറോപ്യൻ ബ്ലാക്ക് മാർക്കറ്റിൽ നിന്നും ആ നശിച്ച എക്സോസെറ്റ് മിസ്സൈൽ സംഘടിപ്പിക്കുവാൻ അർജന്റീന ശ്രമിക്കുന്നുണ്ടെന്ന് ഒരു വാർത്തയുണ്ട്… ഐ നീഡ് യൂ ഹാരീ… നാളെ ഫസ്റ്റ് ഫ്ലൈറ്റിൽത്തന്നെ പുറപ്പെട്ടോളൂ… ബൈ ദി വേ, മറ്റൊരു സംഭവവികാസം കൂടിയുണ്ട്… താന്യാ വൊറോണിനോവയെ ഓർമ്മയുണ്ടോ…?”
“തീർച്ചയായും സർ…”
“ഏതാനും സംഗീത പരിപാടികളുമായി അവൾ പാരീസിലുണ്ട്… ഈ അവസരത്തിൽത്തന്നെ അവൾ അവിടെയെത്തിയത് അത്ഭുതം എന്നേ പറയേണ്ടൂ…”
“ഇതിനെയാണോ കാലപ്പൊരുത്തം എന്ന് യങ്ങ് പറയുന്നത് സർ…?”
“യങ്ങ്…? എന്തൊക്കെയാണ് ഹാരീ, നിങ്ങൾ പറയുന്നത്…?”
“കാൾ യങ്ങ്, സർ… പ്രശസ്ത മനഃശാസ്ത്രജ്ഞൻ… ചില സമയത്ത് ചില സംഭവങ്ങൾ ഒത്തുവരുന്നതിനെയാണ് അദ്ദേഹം കാലപ്പൊരുത്തം എന്ന് വിശേഷിപ്പിച്ചത്… അതിന് പിന്നിൽ ചില ഉദ്ദേശ്യങ്ങളൊക്കെ അന്തർലീനമായിരിക്കുമത്രെ…”
“ഹാരീ, നിങ്ങൾ അയർലണ്ടിൽ ആണെന്നത്, മണ്ടത്തരം വിളിച്ചു പറയാനുള്ള ഒരു കാരണമല്ല കേട്ടോ…” തെല്ല് ദ്വേഷ്യത്തോടെ ഫെർഗൂസൺ പറഞ്ഞു.
ഫോൺ വച്ചിട്ട് അല്പനേരം ആലോചിച്ചുകൊണ്ട് അദ്ദേഹം ഇരുന്നു. പിന്നെ എഴുന്നേറ്റ് തന്റെ മേൽവസ്ത്രം എടുത്തണിഞ്ഞ് പുറത്തിറങ്ങി. ഗെസ്റ്റ് റൂമിന്റെ വാതിലിൽ മുട്ടിയിട്ട് അദ്ദേഹം ഉള്ളിലേക്ക് പ്രവേശിച്ചു. ഫെർഗൂസൺ കൊടുത്ത പൈജാമ ധരിച്ച ലെവിൻ ഒരു പുസ്തകം വായിച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഫെർഗൂസൺ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു. “എണ്ണമറ്റ ഫോട്ടോകൾ പരിശോധിച്ച് ക്ഷീണിച്ചിട്ടുണ്ടാവുമല്ലേ…?”
ലെവിൻ പുഞ്ചിരിച്ചു. “ബ്രിഗേഡിയർ, എന്റെ പ്രായമാകുമ്പോൾ താങ്കൾക്കത് മനസ്സിലാവും… ഉറക്കം വഴിമാറും… പഴയ ഓർമ്മകൾ കൂട്ടമായി ഓടിയെത്തും… എന്തൊക്കെയാണിതെന്ന് താങ്കൾ അത്ഭുതപ്പെടും…”
“മനുഷ്യരെല്ലാം അങ്ങനെ തന്നെയല്ലേ സുഹൃത്തേ…?” ഫെർഗൂസൺ അയാളെ ആശ്വസിപ്പിച്ചു. “എനി വേ, നാളത്തെ മോണിങ്ങ് ഫ്ലൈറ്റിൽ ഡബ്ലിനിലേക്ക് പോകുന്നതിനെക്കുറിച്ച് എന്തു പറയുന്നു…?”
“ക്യാപ്റ്റൻ ഫോക്സിനെ കാണാനോ…?”
“അല്ല… അദ്ദേഹം നാളെ തിരിച്ചെത്തുകയാണ്… എന്റെയൊരു സുഹൃത്തുണ്ട്… ലിയാം ഡെവ്‌ലിൻ… ട്രിനിറ്റി കോളേജിലെ പ്രൊഫസറാണ്… അദ്ദേഹം നിങ്ങളെ സ്വീകരിക്കും… ഏതാനും ഫോട്ടോകൾ കൂടി കാണിക്കും… ഞങ്ങളുടെ IRA സുഹൃത്തുക്കളുടെ കൈവശമാണവയുള്ളത്… സ്പഷ്ടമായ ചില കാരണങ്ങളാൽ അവർ ആ ഫോട്ടോസ് ഞങ്ങളുമായി പങ്കു വച്ചിരുന്നില്ല…”
ആ വൃദ്ധൻ തല കുലുക്കി. “പറയൂ ബ്രിഗേഡിയർ… എല്ലാ യുദ്ധങ്ങൾക്കും വിരാമമിടാനെന്ന് പറഞ്ഞു തുടങ്ങിയ ആ യുദ്ധം തൊള്ളായിരത്തി നാല്പത്തിയഞ്ചിൽ അവസാനിച്ചില്ലായിരുന്നോ…? അതോ എനിക്ക് തെറ്റു പറ്റിയതാണോ…?”
“നിങ്ങൾ ഒറ്റയ്ക്കല്ല സുഹൃത്തേ…” ഫെർഗൂസൺ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. “കുറച്ചെങ്കിലും ഉറങ്ങാൻ നോക്കൂ… ഹീത്രുവിൽ നിന്നും മോണിങ്ങ് ഫ്ലൈറ്റ് പിടിക്കണമെങ്കിൽ ആറു മണിക്കെങ്കിലും എഴുന്നേൽക്കണം… ബ്രേക്ക്ഫാസ്റ്റ് കൊണ്ടു തരുവാൻ ഞാൻ കിമ്മിനെ ഏർപ്പാടാക്കാം…”
വാതിലടച്ച് അദ്ദേഹം നടന്നകന്നു. വിഷാദം നിഴലിക്കുന്ന മുഖവുമായി അല്പനേരം കൂടി ലെവിൻ അവിടെത്തന്നെയിരുന്നു. പിന്നെ ഒരു നെടുവീർപ്പിട്ട്, പുസ്തകം അടച്ചു വച്ച്, ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങുവാൻ കിടന്നു.
***
കിൽറിയാ കോട്ടേജിൽ, റിസീവർ ക്രാഡിലിൽ വച്ചിട്ട് ഫോക്സ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്… ലെവിൻ രാവിലത്തെ ഫ്ലൈറ്റിൽത്തന്നെ ഇവിടെയെത്തും… നിർഭാഗ്യവശാൽ എന്റെ ഫ്ലൈറ്റ് അതിന് തൊട്ടു മുമ്പ് പുറപ്പെടും… അറൈവൽ ലോഞ്ചിലെ ഇൻഫർമേഷൻ ഡെസ്കിൽ അയാൾ റിപ്പോർട്ട് ചെയ്യും… അവിടെ നിന്ന് താങ്കൾക്ക് അയാളെ പിക്ക് ചെയ്യാം…”
“അതിന്റെ ആവശ്യമില്ല…” ഡെവ്‌ലിൻ പറഞ്ഞു. “ബില്ലി വൈറ്റ് അല്ലേ നിങ്ങളെ എയർപോർട്ടിൽ കൊണ്ടുവിടാൻ വരുന്നത്… നിങ്ങളെ ഡ്രോപ്പ് ചെയ്തതിന് ശേഷം ലെവിനെയും പിക്ക് ചെയ്ത് അയാൾ നേരെ ഇങ്ങോട്ട് വരട്ടെ… അതായിരിക്കും നല്ലത്… രാവിലെ തന്നെ മക്ഗിനസിനെ കോണ്ടാക്റ്റ് ചെയ്ത് അയാളെ എങ്ങോട്ട് കൊണ്ടുചെല്ലണമെന്ന് ഞാൻ അന്വേഷിച്ച് വയ്ക്കാം…”
“ഫൈൻ...” ഫോക്സ് പറഞ്ഞു. “എന്നാൽ ശരി, ഞാൻ ഇറങ്ങുന്നു…”
“അങ്ങനെയാവട്ടെ മകനേ…”
കോട്ട് എടുത്തു കൊടുത്തിട്ട് ഡെവ്‌ലിൻ അദ്ദേഹത്തെ പുറത്ത് ബില്ലി വൈറ്റിന്റെ കാറിനടുത്തേക്ക് കൂട്ടുക്കൊണ്ടുപോയി.
“തിരികെ വെസ്റ്റ്ബേണിലേക്ക്, ബില്ലീ…” ഫോക്സ് പറഞ്ഞു.
ഡ്രൈവറുടെ ഭാഗത്തെ വിൻഡോയിലേക്ക് ഡെവ്‌ലിൻ കുനിഞ്ഞു. “രാത്രി ഹോട്ടലിൽത്തന്നെ തങ്ങുക… എന്നിട്ട്, രാവിലെ ക്യാപ്റ്റൻ എന്താണ് ആവശ്യപ്പെടുന്നതെന്ന് വച്ചാൽ അതുപോലെ ചെയ്യുക… എന്തെങ്കിലും വീഴ്ച്ച വന്നെന്ന് ഞാൻ അറിഞ്ഞാൽ, ഐ വിൽ ഹാവ് യുവർ ബാൾസ്… ബാക്കിയുള്ളത് മാർട്ടിൻ മക്ഗിനസും ശരിയാക്കിക്കോളും…”
ബില്ലി വൈറ്റ് സൗഹൃദഭാവത്തിൽ പുഞ്ചിരിച്ചു. “തീർച്ചയായും മിസ്റ്റർ ഡെവ്‌ലിൻ… പിന്നെ ഒരു കാര്യം… തോക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ താങ്കളെപ്പോലെ തന്നെ മിടുക്കനാണ് ഞാനും എന്നാണ് ആൾക്കാർ പറയുന്നത്…”
“സമയം കളയാതെ പോകാൻ നോക്ക് മനുഷ്യാ…”
കാർ മുന്നോട്ട് നീങ്ങി. അല്പനേരം അത് നോക്കി നിന്നിട്ട് ഡെവ്‌ലിൻ തിരിഞ്ഞ് വീടിനകത്തേക്ക് കയറി. മുറ്റത്തിനരികിലെ ചെടികൾ ചെറുതായൊന്നിളകി. ആരുടെയോ പാദപതനത്തിന്റെ പതിഞ്ഞ ശബ്ദം അകന്നകന്ന് പോയത് ഡെവ്‌ലിന് കേൾക്കാൻ കഴിയുമായിരുന്നില്ല.
***
രഹസ്യവിവരങ്ങൾ ചോർത്തുവാനായി KGB കുഖോളിന് നൽകിയിരുന്ന ഉപകരണം ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ചയിനമായിരുന്നു. ജാപ്പനീസ് നിർമ്മിതമായ ആ ഉപകരണം നാലു വർഷം മുമ്പാണ് മോസ്കോയിൽ എത്തിയത്. കിൽറിയാ കോട്ടേജിലേക്ക് ഫോക്കസ് ചെയ്തു വച്ചിരിക്കുന്ന അതിന്റെ മൈക്രോഫോണിന് ആ വീടിനുള്ളിൽ ഉച്ചരിക്കുന്ന ഓരോ വാക്കും വാരകൾക്കകലെ നിന്നു പോലും പിടിച്ചെടുക്കുവാനുള്ള കഴിവുണ്ടായിരുന്നു. അതിന്റെ അൾട്രാ ഫ്രീക്വൻസി സെക്കൻഡറി മൈക്കിന് പതിഞ്ഞ സ്വരത്തിലുള്ള ടെലിഫോൺ സംഭാഷണം പോലും പിടിച്ചെടുക്കുവാൻ സാധിക്കും. റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന മറ്റൊരു ഉപകരണവുമായി അവ രണ്ടും ബന്ധിപ്പിച്ചിരിക്കുന്നു.
കുഖോളിൻ താമസിക്കുന്ന വീടിന്റെ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന മച്ചിൽ മേൽക്കൂരയുടെ അടിയിലായിട്ടായിരുന്നു ഇവയെല്ലാം കൂടി ഒളിപ്പിച്ചിരുന്നത്. പലരുമായുള്ള ഡെവ്‌ലിന്റെ സംഭാഷണങ്ങൾ കുറെയേറെ നാളുകളായി ഈ വിധം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കുഖോളിൻ. പ്രത്യേകിച്ച് പ്രാധാന്യമുള്ള ഒന്നും തന്നെ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഒരു സിഗരറ്റും വലിച്ചുകൊണ്ട് മച്ചിന് മുകളിലിരുന്ന് അയാൾ ടേപ്പിലെ ബ്ലാങ്ക് ആയിട്ടുള്ളതും അപ്രധാനമായവുമായ ഇടങ്ങൾ ഫാസ്റ്റ് ഫോർവേഡ് ചെയ്തു. ഫെർഗൂസണുമായുള്ള ടെലിഫോൺ സംഭാഷണം എത്തിയതും അയാൾ ടേപ്പ് നോർമ്മൽ മോഡിലാക്കി വളരെ ശ്രദ്ധയോടെ അത് ശ്രവിച്ചു.
അതേക്കുറിച്ച് ചിന്തിച്ചുകൊണ്ട് അല്പനേരം ഇരുന്നിട്ട് അയാൾ ടേപ്പ് റീസെറ്റ് ചെയ്തു. ശേഷം താഴെയിറങ്ങി പുറത്തേക്ക് നടന്നു. തെരുവിന്റെ അറ്റത്തെ പബ്ബിൽ എത്തി ടെലിഫോൺ ബൂത്തിൽ കയറിയ അയാൾ ഒരു ഡബ്ലിൻ നമ്പർ ഡയൽ ചെയ്തു. ഒരു നിമിഷം പോലും വൈകാതെ മറുതലയ്ക്കൽ റിസീവർ എടുക്കപ്പെട്ടു. പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്ന മൊസാർട്ടിന്റെ സംഗീതത്തിനൊപ്പം ആരുടെയൊക്കെയോ സംസാരവും പൊട്ടിച്ചിരിയും കേൾക്കാനാവുന്നുണ്ട്.
“ചെർണി ഹിയർ…”
“ഇത് ഞാനാണ്… നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് തോന്നുന്നു…?” കുഖോളിൻ ചോദിച്ചു.
ചെർണി ചെറുതായൊന്ന് ചിരിച്ചു. “സഹപ്രവർത്തകരുടെ വക ഒരു ഡിന്നർ പാർട്ടി…”
“എനിക്ക് നിങ്ങളെ ഒന്ന് കാണണമായിരുന്നു…”
“ഓൾറൈറ്റ്…” ചെർണി പറഞ്ഞു. “നാളെ ഉച്ചകഴിഞ്ഞ് പതിവ് നേരത്ത് പതിവ് സ്ഥലത്ത്…”
റിസീവർ ക്രാഡിലിൽ വച്ചിട്ട് പുറത്തിറങ്ങി തിരിച്ചു നടക്കവെ കുഖോളിന്റെ ചുണ്ടിൽ പഴയൊരു ഈണം ചൂളം കുത്തുന്നുണ്ടായിരുന്നു. ജീവിതത്തിലെ സകല നിരാശയും ദുഃഖവും പേറുന്ന പഴയൊരു നാടൻപാട്ടിന്റെ ഈണം.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആദ്യത്തെ കമൻ്റ് എൻ്റെവക
ReplyDeleteമിടുക്കൻ... പൊളിച്ചു... 😊
Delete"ജീവിതത്തിലെ സകല നിരാശയും ദുഃഖവും പേറുന്ന പഴയൊരു നാടൻപാട്ടിന്റെ ഈണം". എന്തോ അറം പറ്റിയ പോലെ..
ReplyDeleteസ്വന്തം കഴിവുകൾ നല്ലതിനായി ഉപയോഗിക്കാത്ത കുഖോളിൻ... ഉള്ളിൽ എവിടെയോ കുറ്റബോധം തോന്നുന്നുണ്ടായിരിക്കാം...
Deleteകുഖോളിനെ തിരിച്ചറിയുന്നത് സാക്ഷാൽ താന്യ തന്നെ..!
ReplyDeleteഅങ്ങനെയായിരിക്കുമോ ഇനി...?
Delete“തീർച്ചയായും മിസ്റ്റർ ഡെവ്‌ലിൻ… പിന്നെ ഒരു കാര്യം… തോക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ താങ്കളെപ്പോലെ തന്നെ മിടുക്കനാണ് ഞാനും എന്നാണ് ആൾക്കാർ പറയുന്നത്…”
ReplyDeleteമാന്യമായ ഭീഷണി ആണല്ലോ...
താനും ഒട്ടും മോശമല്ല എന്ന്...
Deleteആരുടെയോ പാദപതനത്തിന്റെ പതിഞ്ഞ ശബ്ദം
ReplyDeleteഎനിക്കറിയാല്ലോ ഇപ്പോൾ .. അതാരാണെന്നത് ...
അമ്പട മിടുക്കാ...
Delete