Wednesday, June 28, 2023

കൺഫെഷണൽ – 18

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



പലവിധ ചിന്തകളുമായി രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിച്ചിരുന്നില്ല ഹാരി ഫോക്സിന്. അതിനാൽത്തന്നെ അതിരാവിലെ ബില്ലി വൈറ്റിനൊപ്പം കാറിൽ എയർപോർട്ടിലേക്കുള്ള യാത്രയിൽ വല്ലാതെ അസ്വസ്ഥനായിരുന്നു അദ്ദേഹം. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന സംഗീതത്തിനൊപ്പം സ്റ്റിയറിങ്ങ് വീലിൽ താളം പിടിച്ചു കൊണ്ടിരുന്ന ആ ഐറിഷുകാരനാകട്ടെ ആഹ്ലാദവാനുമായിരുന്നു.

 

“താങ്കൾ തിരിച്ചു വരുന്നുണ്ടോ ക്യാപ്റ്റൻ?”

 

“എനിക്കറിയില്ല ഒരു പക്ഷേ, വന്നേക്കാം

 

“വെൽ, ഈ രാജ്യത്തോട് അത്ര വലിയ സ്നേഹമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല്ല താങ്കൾക്ക്” ഫോക്സിന്റെ ഗ്ലൗസ് ധരിച്ച കൈയിലേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. “പ്രത്യേകിച്ചും, ആ കൈ നഷ്ടപ്പെട്ടതിന് ശേഷം

 

“അതെയോ?” ഫോക്സ് ചോദിച്ചു.

 

ബില്ലി ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങൾ ബ്രിട്ടീഷുകാർക്ക് ഒരു കുഴപ്പമുണ്ട് അയർലണ്ട് ഒരു വിദേശരാജ്യമാണെന്ന വസ്തുത അംഗീകരിക്കാൻ നിങ്ങൾ ഒരുക്കമല്ല ഞങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നു എന്ന ഒറ്റ കാരണത്താൽ

 

“എന്നാൽ നിങ്ങൾക്കറിയാത്ത ഒരു കാര്യം ഞാൻ പറയാം എന്റെ മാതാവിന്റെ പേര് ഫിറ്റ്സ്ജെറാൾഡ് എന്നായിരുന്നു ഈ രാജ്യത്തിലെ മെയോ പ്രവിശ്യ ആയിരുന്നു സ്വദേശം” ഫോക്സ് പറഞ്ഞു. “ഗെയ്ലിക് ലീഗിന് വേണ്ടി വർക്ക് ചെയ്തിരുന്ന അവർ ഡി വലേറോയുടെ ഒരു സുഹൃത്ത് കൂടി ആയിരുന്നു ഐറിഷ് ഭാഷ ഭംഗിയായി സംസാരിക്കുമായിരുന്നു എന്റെ അമ്മ കുട്ടിക്കാലത്ത് ഐറിഷ് പഠിക്കാൻ എന്നെ നിർബ്ബന്ധിക്കുമായിരുന്നു അന്നാണ് മനസ്സിലായത് അത്ര എളുപ്പമല്ല അതെന്ന് നിങ്ങൾ ഐറിഷ് സംസാരിക്കുമോ, ബില്ലീ?”

 

“മൈ ഗോഡ്, ഇല്ല ക്യാപ്റ്റൻ” തെല്ല് ചമ്മലോടെ വൈറ്റ് പറഞ്ഞു.

 

“എങ്കിൽ പിന്നെ ഐറിഷ് മനസ്സിലാവാത്തവർ എന്ന് പറഞ്ഞ് നിങ്ങൾ ഇംഗ്ലീഷുകാരെ പരിഹസിക്കുന്നത് നിർത്തുവാൻ അഭ്യർത്ഥിക്കുന്നു 

 

പുറത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിരക്കിൽ അയാൾ നീരസം പ്രകടിപ്പിച്ചു. പെട്ടെന്ന് ഒരു പോലീസ് മോട്ടോർ സൈക്കിൾ അവരുടെ കാറിന്റെ ഇടതുവശത്ത് എത്തി സമാന്തരമായി നീങ്ങുന്നത് വൈറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ക്രാഷ് ഹെൽമറ്റും കറുത്ത കണ്ണടയും റെയിൻകോട്ടും ധരിച്ച നിഗൂഢത തോന്നിക്കുന്ന ഒരു മനുഷ്യൻ. കാറിൽ ഇരിക്കുന്ന ഫോക്സിനെ തല തിരിച്ച് ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് അയാൾ വേഗത കുറച്ച് പിൻവലിഞ്ഞു. ബില്ലി വൈറ്റ് മെയിൻ റോഡിൽ നിന്നും എയർപോർട്ട് റോഡിലേക്ക് തിരിഞ്ഞു.

 

പാർക്കിങ്ങ് ഏരിയയിൽ കാർ നിർത്തിയിട്ട് ഫോക്സിനെയും കൂട്ടി ബില്ലി വൈറ്റ് ഡിപ്പാർച്ചർ കവാടത്തിന് നേർക്ക് നടന്നു. ഉള്ളിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫ്ലൈറ്റിന്റെ ചെക്ക് ഇൻ കോൾ മൈക്കിലൂടെ മുഴങ്ങുന്നുണ്ടായിരുന്നു. ഹോട്ടലിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ അവരെ അനുഗമിച്ചിരുന്ന കുഖോളിൻ ആ സമയം പ്രവേശന കവാടത്തിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ചെക്ക് ഇൻ ചെയ്യാനായി പോകുന്ന ഫോക്സിനെ അവിടെ നിന്നുകൊണ്ട് അയാൾ വീക്ഷിച്ചു.

 

ഫോക്സും ബില്ലിയും ഡിപ്പാർച്ചർ ഗേറ്റിനടുത്തേക്ക് നടന്നു. “ബ്രിട്ടീഷ് എയർവേയ്സ് ഫ്ലൈറ്റ് ലാൻഡ് ചെയ്യുവാൻ ഇനിയും ഒരു മണിക്കൂർ ഉണ്ട്” ഫോക്സ് പറഞ്ഞു.

 

“നല്ലൊരു ബ്രേക്ക്ഫാസ്റ്റിനുള്ള സമയമുണ്ട്” ബില്ലി ചിരിച്ചു. “എന്തായാലും താങ്കളോടൊപ്പം കുറേ മണിക്കൂറുകൾ ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം, ക്യാപ്റ്റൻ

 

“നമുക്ക് വീണ്ടും കാണാം ബില്ലീ

 

ഫോക്സ് തന്റെ സ്വാധീനമുള്ള കൈ നീട്ടി. അത്ര താല്പര്യത്തോടെയല്ലെങ്കിലും ബില്ലി വൈറ്റ് ഹസ്തദാനം സ്വീകരിച്ചു. “ബെൽഫാസ്റ്റിലൊക്കെ പോകുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ ക്യാപ്റ്റൻ അപകടമോ ആക്രമണമോ ഒക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ

 

ഡിപ്പാർച്ചർ ഗേറ്റ് കടന്ന് ഫോക്സ് ഉള്ളിലേക്ക് പോയി. ബില്ലി വൈറ്റ് തിരികെ ചെക്ക് ഇൻ ഏരിയയിൽ വന്ന് ഒന്നാം നിലയിലെ കഫേയിലേക്കുള്ള പടികൾ കയറി. അത് കണ്ട കുഖോളിൻ പ്രവേശന കവാടത്തിനരികിൽ നിന്നും പുറത്തു വന്ന് റോഡ് മുറിച്ചു കടന്ന് പാർക്കിങ്ങ് ഏരിയയിൽ പോയി കാത്തു നിന്നു.

 

ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയ കുഖോളിൻ അടുത്തുള്ള അറൈവൽ സ്ക്രീനിന് മുന്നിൽ നിലയുറപ്പിച്ചു. ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം അപ്പോൾ ലാൻഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സെൻട്രൽ ഇൻഫർമേഷൻ ഡെസ്കിന് മുന്നിലെത്തി അവിടുത്തെ സ്റ്റാഫിനോട് സംസാരിക്കുന്ന ബില്ലി വൈറ്റിനെ അയാൾ കണ്ടു. അല്പസമയം കഴിഞ്ഞ് എയർപോർട്ട് ലോഞ്ചിലെ ലൗഡ് സ്പീക്കർ സിസ്റ്റത്തിലൂടെ ഒരു അനൗൺസ്മെന്റ് മുഴങ്ങി.

 

“മിസ്റ്റർ വിക്ടർ ലെവിൻ, എ പാസഞ്ചർ ഓൺ ദി ലണ്ടൻ ഷട്ട്‌ൽ, പ്ലീസ് റിപ്പോർട്ട് റ്റു ദി ഇൻഫർമേഷൻ ഡെസ്ക്

 

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ആ റഷ്യക്കാരന്റെ തടിച്ചു കുറുകിയ രൂപം ആൾക്കൂട്ടത്തിനിടയിൽ നിന്നും പുറത്തു വന്നു. ബ്രൗൺ നിറമുള്ള ഒരു വലിയ റെയിൻകോട്ടും കറുത്ത ഹാറ്റും ധരിച്ച അയാളുടെ കൈയിൽ ചെറിയ ഒരു സ്യൂട്ട്കെയ്സ് ഉണ്ടായിരുന്നു. ഇതു തന്നെയാണ് തന്റെ ഇര എന്ന് ഒറ്റ നോട്ടത്തിൽത്തന്നെ കുഖോളിന് മനസ്സിലായി. ഇൻഫർമേഷൻ ഡെസ്കിന് മുന്നിലെത്തി റിപ്പോർട്ട് ചെയ്ത ലെവിന് അവിടുത്തെ സ്റ്റാഫിൽ ഒരുവൻ  ബില്ലി വൈറ്റിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. പരസ്പരം ഹസ്തദാനം നൽകി, സംഭാഷണം ആരംഭിച്ച ഇരുവരെയും അല്പനേരം കൂടി വീക്ഷിച്ചതിന് ശേഷം കുഖോളിൻ തിരിഞ്ഞു നടന്നു.

 

                                           ***

 

“അപ്പോൾ ഇതാണല്ലേ അയർലണ്ട്?” എയർപോർട്ടിൽ നിന്നും പട്ടണത്തിലേക്കുള്ള യാത്രയിൽ ലെവിൻ ആരാഞ്ഞു.

 

“താങ്കളുടെ ആദ്യ സന്ദർശനമാണോ?” ബില്ലി വൈറ്റ് ചോദിച്ചു.

 

“ഓ, യെസ് ഞാൻ ഒരു റഷ്യക്കാരനാണ് അധികം വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല

 

“റഷ്യ?” ബില്ലി പറഞ്ഞു. “ജീസസ്സ് റഷ്യയിൽ നിന്നും ഏറെ വിഭിന്നമായി തോന്നും താങ്കൾക്ക് ഇവിടെ

 

“ഇതാണോ ഡബ്ലിൻ സിറ്റി?” പട്ടണത്തിലെ വാഹനത്തിരക്കിലേക്ക് പ്രവേശിക്കവെ ലെവിൻ ചോദിച്ചു.

 

“യെസ് പക്ഷേ, നമ്മൾ പോകുന്നത് കിൽറിയാ എന്ന ഗ്രാമത്തിലേക്കാണ് പട്ടണത്തിന്റെ മറുവശത്താണത്

 

“പ്രബലമായ ചരിത്രം ഉറങ്ങുന്ന നഗരം” ലെവിൻ അഭിപ്രായപ്പെട്ടു.

 

“ആ പറഞ്ഞത് അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം” വൈറ്റ് പറഞ്ഞു. “പോകുന്ന വഴി താങ്കൾക്ക് ഞാൻ പാർനെൽ സ്ക്വയർ കാണിച്ചു തരാം പ്രൊട്ടസ്റ്റന്റ് ആയിരുന്നുവെങ്കിലും ഏറ്റവും വലിയ ദേശസ്നേഹിയായിരുന്നു അദ്ദേഹം പിന്നെ ഒ’ കോനെൽ സ്ട്രീറ്റും ജനറൽ പോസ്റ്റ് ഓഫീസും അവിടെ വച്ചാണ് 1916 ൽ ഐറിഷ് യുവാക്കൾ ബ്രിട്ടീഷ് ആർമിക്കെതിരെ പോരാടിയത്

 

“ഗുഡ് അതെനിക്കിഷ്ടപ്പെട്ടു” പുറത്തെ കാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ട് ലെവിൻ പിറകോട്ട് ചാരിയിരുന്നു.

 

                                                 ***

 

കിൽറിയാ ഗ്രാമത്തിൽ, ലിയാം ഡെവ്‌ലിൻ തന്റെ കോട്ടേജിന്റെ പിൻഭാഗത്തെ പുൽത്തകിടി താണ്ടി ഗേറ്റിനരികിൽ എത്തിയപ്പോഴാണ് മഴ ശക്തി പ്രാപിച്ചത്. ഗേറ്റ് കടന്ന് അദ്ദേഹം ആ ആതുരാലയത്തിന്റെ കവാടം ലക്ഷ്യമാക്കി ഓടി. സിസ്റ്റർ ആൻ മേരി ഹാളിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. വെള്ള കോട്ട് ധരിച്ച രണ്ട് ഇന്റേണുകളുമുണ്ട് അവർക്കൊപ്പം. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമുള്ള വിദ്യാർത്ഥികളാണവർ.

 

മെലിഞ്ഞ് ഉയരം കുറഞ്ഞ പ്രകൃതമായിരുന്നു എഴുപത് വയസ്സുള്ള സിസ്റ്റർ ആൻ മേരിയ്ക്ക്. തികച്ചും ആരോഗ്യവതിയായി കാണപ്പെട്ട അവർ വൈദികവേഷത്തിന് മുകളിൽ ഒരു വെള്ള മേലങ്കി കൂടി ധരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്നും മെഡിസിനിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അവർ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ ഒരു ഫെലോ കൂടിയാണ്. എന്തുകൊണ്ടും എടുത്തു പറയത്തക്ക ഒരു വനിത. ആദ്യകാലത്ത് അവരും ഡെവ്‌ലിനും വിരുദ്ധ ചേരിയിൽ ആയിരുന്നുവെന്ന് വേണം പറയാൻ. കാരണം, ഒരു ഫ്രഞ്ച് വംശജയായിരുന്നു അവർ. പക്ഷേ, അതൊക്കെ വളരെ പണ്ട് എങ്കിലും അക്കാര്യം ഇടയ്ക്കിടെ അവരെ ഓർമ്മിപ്പിക്കുന്നതിൽ ഡെവ്‌ലിൻ രസം കണ്ടെത്തിയിരുന്നു.

 

“എന്തു സഹായമാണ് ഞങ്ങൾ ചെയ്യേണ്ടത് പ്രൊഫസർ?” അവർ ആരാഞ്ഞു.

 

“ചെകുത്താനെ മുന്നിൽ കണ്ടതു പോലെയാണല്ലോ സിസ്റ്റർ, നിങ്ങളുടെ ചോദ്യം” ഡെവ്‌ലിൻ പറഞ്ഞു.

 

“വളരെ കൃത്യമായ നിരീക്ഷണം

 

“ഡാനി മാലൺ - അദ്ദേഹത്തിന് എങ്ങനെയുണ്ട്?” മുകളിലേക്കുള്ള പടികൾ കയറവെ ഡെവ്‌ലിൻ ചോദിച്ചു.

 

“ഇനി അധികനാളുകളില്ല” ശാന്തസ്വരത്തിൽ അവർ പറഞ്ഞു. “എങ്കിലും, സമാധാനത്തോടെയായിരിക്കും അദ്ദേഹത്തിന്റെ മരണം എന്ന് കരുതുന്നു മരുന്നുകളോട് നന്നായി പ്രതികരിക്കുന്ന രോഗികളിൽ ഒരാളാണ് അദ്ദേഹം എന്നു വച്ചാൽ വല്ലപ്പോഴും മാത്രമേ വേദന അലട്ടുന്നുള്ളൂ

 

അവർ മുകളിലത്തെ നിലയിൽ ഓപ്പൺ വാർഡിന് മുന്നിൽ എത്തി. “എപ്പോഴായിരിക്കും?” ഡെവ്‌ലിൻ ചോദിച്ചു.

 

“ഒരു പക്ഷേ, ഇന്ന് വൈകിട്ട്, നാളെ – അല്ലെങ്കിൽ അടുത്തയാഴ്ച്ച” അവർ ചുമൽ വെട്ടിച്ചു. “ഹീ ഈസ് എ ഫൈറ്റർ അത് പറയാതിരിക്കാനാവില്ല

 

“അത് സത്യം” ഡെവ്‌ലിൻ പറഞ്ഞു. “വ്യക്തമായ ഒരു ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു വ്യക്തിയാണ് ഡാനി

 

“എല്ലാ രാത്രിയിലും ഫാദർ ക്യുസെയ്ൻ വരാറുണ്ട്” അവർ പറഞ്ഞു. “ഏറെനേരം അദ്ദേഹം ഫാദറിനോട് സംസാരിക്കുന്നത് കാണാം തന്റെ ഭൂതകാലത്തെക്കുറിച്ച് IRA യ്ക്ക് വേണ്ടി നടത്തിയ കലാപങ്ങളും കൊലപാതകങ്ങളും ഒക്കെ ജീവിതാന്ത്യത്തോട് അടുക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ മനസ്സിനെ മഥിക്കുന്നുണ്ടെന്ന് തോന്നുന്നു

 

“കുറച്ചു നേരം ഞാൻ അദ്ദേഹത്തിനടുത്ത് ഇരിക്കുന്നതിൽ വിരോധമുണ്ടോ?”

 

“അര മണിക്കൂർ മാത്രം” കർശന സ്വരത്തിൽ പറഞ്ഞിട്ട് സിസ്റ്റർ ആൻ മേരി തന്റെ സഹായികളോടൊപ്പം നടന്നകന്നു.

 

ഉറക്കത്തിലെന്ന പോലെ കണ്ണുകളടച്ച് കിടക്കുകയായിരുന്നു മാലൺ. മെലിഞ്ഞ മുഖത്തെ ചർമ്മം വലിഞ്ഞ് മുറുകി മഞ്ഞ നിറമായി കാണപ്പെട്ടു. ബെഡ്ഷീറ്റിന്റെ ഒരറ്റത്ത് പിടി മുറുക്കിയിരിക്കുന്ന വിരലുകൾ.

 

ഡെവ്‌ലിൻ കട്ടിലിനരികിൽ ഇരുന്നു. “ഉറക്കമാണോ ഡാനീ?”

 

“ആഹ്, ഫാദർ എത്തിയോ?” ക്ഷീണിതമായ കണ്ണുകൾ തുറന്ന് അയാൾ സൂക്ഷിച്ചു നോക്കി. “ഓ, ലിയാം നിങ്ങളായിരുന്നോ?”

 

“അതെ, ഞാൻ തന്നെ

 

“ഫാദർ ക്യുസെയ്ൻ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു

 

“അത് ഇന്നലെ രാത്രിയായിരുന്നു ഡാനീ അതിന് ശേഷം നിങ്ങൾ ഉറക്കത്തിലായിരുന്നു നിങ്ങൾക്കറിയാമല്ലോ, പകൽസമയം അദ്ദേഹത്തിന് ഡബ്ലിനിലെ സെക്രട്ടേറിയറ്റിൽ ജോലിയുള്ള കാര്യം

 

മാലൺ നാക്ക് കൊണ്ട് തന്റെ ചുണ്ടുകൾ നനച്ചു. “ദൈവമേ, ഒരു ചായ കിട്ടിയിരുന്നെങ്കിൽ

 

“ചായ കിട്ടുമോ എന്ന് നോക്കിയിട്ട് വരാം ഞാൻ” ഡെവ്‌ലിൻ എഴുന്നേറ്റു.

 

അപ്പോഴാണ് താഴത്തെ നിലയിൽ നിന്നും ഒരു ബഹളം കേട്ടത്. പരിഭ്രാന്തിയോടെ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുകയും തിരക്കു കൂട്ടുകയും ചെയ്യുന്ന ശബ്ദം. അതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഡെവ്‌ലിൻ സ്റ്റെയർകെയ്സിന് നേർക്ക് കുതിച്ചു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

9 comments:

  1. എന്തായിരിക്കും ആ ബഹളം?
    ലെവിന്റെ കാര്യം കുഴപ്പത്തിലാവുമോ??

    ReplyDelete
    Replies
    1. എന്താണ് ആ ബഹളം ന്ന് നോക്കീട്ട് വരുമ്പോഴേയ്ക്കും ഞാനും ഒരു ചായ കിട്ടുമോ ന്ന് നോക്കിയിട്ട് വരാം

      Delete
    2. @ ജിമ്മൻ: അത് സസ്പെൻസ്...
      @ ശ്രീക്കുട്ടൻ: ജിമ്മനും കൂടി ഒരു ചായ... ഓടിക്കിതച്ചെത്തിയതല്ലേ...

      Delete
  2. കാര്യങ്ങൾ ചൂടുപിടിച്ചുതുടങ്ങി

    ReplyDelete
    Replies
    1. അതെ... ഇനി ത്രില്ലി‌ങ്ങ് ആയിരിക്കും കാര്യങ്ങൾ...

      Delete
  3. ഡെവ്ലിനേ പോലെ ആകാംക്ഷയിൽ നമ്മളും

    ReplyDelete
    Replies
    1. എല്ലാവരുടെയും ആകാംക്ഷയ്ക്ക് അടുത്തയാഴ്ച്ച അറുതി...

      Delete
  4. അയ്യോ.. പണി പാളി അല്ലെ

    ReplyDelete